Connect with us

INDIA

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

Published

on

ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോക് ആപ്പ് പിൻവലിച്ചതിന് പിറകെ ഔദ്യോഗിക വിശദീകരണവുമായി ടിക് ടോക് എത്തി.

ടിക് ടോക് നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ള കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് തടസ്സമാകില്ലെന്നും ആപ്പ് തുടര്‍ന്നും ഉപയോഗിക്കാമെന്നും ടിക് ടോക് ഔദ്യോഗികമായി അറിയിച്ചു.

ടിക് ടോക് ഉപയോഗിക്കാൻ താത്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കാനായി പ്രവര്‍ത്തിക്കുമെന്നും കൂടുതൽ അപ്‌ഡേറ്റുകൾക്ക് വേണ്ടി കാത്തിരിക്കാനുമാണ് ടിക് ടോകിന്‍റെ ഔദ്യോഗിക സന്ദേശത്തിൽ പറയുന്നത്. സുപ്രീം കോടതി ഉത്തരവ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ഇന്ത്യയിൽ ടിക് ടോക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ കത്ത് ലഭിച്ചത് മൂലം ആപ്പിളും ഗൂഗിളും ടിക് ടോക് ആപ്പ് പിൻവലിച്ചുവെന്നേയുള്ളൂ. അത് നിലവിലുള്ള ഉപഭോക്താക്കളുടെ വ്യക്‌തിഗത ഉപയോഗത്തിന് തടസ്സമാവുന്നില്ല.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യാൻ മടിച്ചതിനു പിന്നാലെ ടിക് ടോക് ആപ്ലിക്കേഷൻ നിരോധിക്കാൻ സര്‍ക്കാർ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഗൂഗിളിന്‍റെ പ്ലേസ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് അപ്രത്യക്ഷമായി.

കോടതി വിധിയെ തുടർന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു. തുടർന്നായിരുന്നു ടിക് ടോക് ആപ്പ് ഇരു കമ്പനികളും പിൻവലിച്ചത്.

ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ്‌ ടെക്‌നോളജി ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.

കുട്ടികളിൽ അശ്ളീല വാസന വളർത്തുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചായിരുന്നു ഉത്തരവിട്ടത്.

ഈ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാറിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുള്‍ അന്‍സാരി എം.എല്‍.എയായിരുന്നു സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിഷയം അടിയന്തിരമായി മെൻഷൻ ചെയ്തത്. അഭിപ്രായ സ്വാതന്ത്യത്തിന്റെ ലംഘനമാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയെന്ന് സിംഗ്‌വി ബോധിപ്പിച്ചു.

എന്നാൽ അടിയന്തിരമായി കേസ് ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നുമുള്ള സിങ്‌വിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. മറ്റു കേസുകളെ പോലെ തന്നെ സമയ ക്രമം അനുസരിച്ചു മാത്രമേ ഈ കേസും പരിഗണിക്കാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. തുടർന്നാണ് 24ന് വാദം കേൾക്കുന്നതിനായി മാറ്റി വെച്ചത്.

error: Content is protected !!