Connect with us

CRIME

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

Published

on

ആലുവയിൽ അമ്മയുടെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിൽ തുടരുകയായിരുന്നു മൂന്ന് വയസ്സുകാരൻ മരണത്തിന് കീഴടങ്ങി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിറുത്തിയിരുന്നത്.

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ദിവസം ഡോക്ടർമാർ നടത്തിയ മൂന്ന് മണിക്കൂർ നീണ്ട അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാൻ സാധിച്ചെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയായിരുന്നു.

കുഞ്ഞിന്റെ ചികിത്സാ ചെലവുകളും സുരക്ഷിതത്വവും സാമൂഹിക നീതി വകുപ്പ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. കുഞ്ഞിന്റെ ചികിത്സയെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ സംഘത്തെയും കഴിഞ്ഞ ദിവസം അയച്ചിരുന്നു.

അതീവ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ നിലയിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മൂന്ന് വയസുള്ള മകനെ ബുധനാഴ്ചയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏണിപ്പടിയിൽ നിന്നും വീണതാണെന്നാണ് കുഞ്ഞിന്റെ പിതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്.

എന്നാൽ കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നെന്ന് പൊലീസിനോട് മാതാവ് കുറ്റസമ്മതം നടത്തി. തുടർന്ന് കുഞ്ഞിന്റെ അമ്മയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

error: Content is protected !!