Connect with us

KERALA

ഒരു പക്ഷെ അന്നങ്ങനെ തീരുമാനിച്ചില്ലെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നു.

Published

on

“ഇങ്ങിനെയൊരു ചിത്രത്തിന് വേണ്ടി ആയിരുന്നു ഇത്രയും കാലം ജീവിച്ചത്”. നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് വെച്ച് പി എച്ച് ഡി പഠനം പൂർത്തിയാക്കാനിറങ്ങിയ സച്ചു ആയിഷയുടെ നിശ്ചയദാർഢ്യം നിറയുന്ന കുറിപ്പ് വൈറലാവുന്നു.

കെട്ടുപ്രായം ആകുമ്പോഴേക്കും പെണ്മക്കളുടെ വിവാഹത്തിന് ആധി പിടിക്കുന്ന മാതാപിതാക്കളുടെ മാനസികാവസ്ഥകളെ സ്നേഹപൂർവ്വം മറി കടന്ന് പഠനം പൂർത്തിയാക്കി മാതാപിതാക്കളോടൊപ്പമുള്ള ചിത്രവും പങ്കു വെച്ചാണ് കുറിപ്പ്.

സച്ചു ആയിഷയുടെ കുറിപ്പ് വായിക്കാം:

ഇങ്ങനെയൊരു ഫോട്ടോ ജീവിതത്തിലാദ്യായിട്ടാണ്. ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നതെന്നു പറഞ്ഞാൽ പോലും അതിശയോക്തി ആവില്ല. കാരണം അത്രയേറെ ആഗ്രഹിച്ചും അനുഭവിച്ചും തന്നെയാണ് ഇവിടം വരെ എത്തിയത്. നിശ്ചയിച്ചുറപ്പിച്ച കല്യാണം വേണ്ടെന്നു വെച്ചു Phd ചെയ്യാനൊന്നും പറഞ്ഞു യൂണിവേഴ്സിറ്റി ക്യാമ്പസിലേക്ക് വണ്ടി കയറുമ്പോൾ സത്യം പറഞ്ഞാൽ ഓടി രക്ഷപ്പെടുകയായിരുന്നു.

പെണ്ണൊരുത്തി സ്വന്തം തീരുമാനത്തിന്റെ പുറത്ത് ഉറപ്പിച്ച കല്യാണം വേണ്ടാന്നു വെക്കുമ്പോൾ നാട്ടിലും കുടുംബത്തിലും വെറുക്കപ്പെട്ടവൾ ആവാൻ കൂടുതലൊന്നും വേണ്ടായിരുന്നു.അല്ലെങ്കിലും പ്ലസ് ടുവിനപ്പുറമുള്ള പഠനമൊക്കെ അത്യാഗ്രഹമാണ്. ‘പെൺകുട്ടികളെ പ്രായമായാൽ കെട്ടിച്ചയക്കണം, പഠിത്തമൊക്കെ പിന്നെയും ആവാലോ, അല്ലെങ്കിൽ തന്നെ ഓളെ പഠിപ്പിച്ചെന്താക്കാനാ, ഇത്തരം വിലങ്ങുകൾക്കുള്ളിൽ നിന്ന് പുറത്ത് കടക്കുക എളുപ്പമായിരുന്നില്ല.

റിസർച്ചിന്‌ ജോയിൻ ചെയ്തുവെന്നല്ലാതെ അത് പൂർത്തിയാക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പലഘട്ടങ്ങളിലും പഠനം നിർത്തുന്നതിന്റെ വക്കിലെത്തിയിട്ടുണ്ട്. പഠനം തുടരാൻ വേണ്ടി വീട്ടിൽ തന്നെ നിരാഹാരം കിടന്നിട്ടുണ്ട്.വീട്ടുകാരുടെ പൊളിറ്റിക്‌സും എന്റെ പൊളിറ്റിക്‌സും രണ്ടായതിനാൽ തന്നെ സംഘർഷങ്ങൾക്ക് കുറവുണ്ടായിരുന്നില്ല.

എന്റെ ഉമ്മ എന്നൊരാളില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. “എന്നാ അനക്ക് ഡോക്ടറേറ്റ് കിട്ടുന്നത് കാണാൻ വരേണ്ടത്?” എന്ന ഇടക്കിടെയുള്ള ചോദ്യത്തോളം എന്നെ പ്രചോദിപ്പിച്ച മറ്റൊന്നുമുണ്ടായിരുന്നില്ല. എന്നെ എല്ലാ കാര്യങ്ങളിലും സപ്പോർട്ട് ചെയ്യുന്നെന്ന് പറഞ്ഞു എന്നും കുറ്റപ്പടുത്തലുകൾ കേട്ടിരുന്നത് ഉമ്മയ്ക്കായിരുന്നു.

കർക്കശക്കാരനായിരുന്നെങ്കിലും മോൾക്ക് Phd കിട്ടുന്നത് അഭിമാനമായി കൊണ്ട് നടന്ന ബാപ്പയും എന്നും എന്റെ മുന്പിലുണ്ടായിരുന്നു. ദാരിദ്ര്യം കൊണ്ട് പഠിത്തം നിർത്തേണ്ടി വന്ന വാപ്പക്ക് മോളിലൂടെയെങ്കിലും അത് സാധിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരിക്കാം. അത് കൊണ്ട് തന്നെ എന്റെ തിസീസിന്റെ ആദ്യ പേജ് അവർക്കുള്ളതായിരുന്നു. നേരത്തേ കോഴിക്കോടിനപ്പുറത്തേക്കു എങ്ങോട്ടും വിടാതിരുന്ന എന്നെ റിസർച്ചിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളിലൊക്കെ പോവേണ്ടി വന്നപ്പോഴും ഒന്നും മിണ്ടാതിരുന്നത് മോൾക്ക് ഡോക്ടറേറ്റ് കിട്ടിക്കാണണമെന്നുള്ള അവരുടെ ആഗ്രഹം കൊണ്ടായിരുന്നു. ഇനി ഒരു കല്യാണത്തിനും എന്നെ നിര്ബന്ധിക്കാതിരുന്നതും നാട്ടുകാരുടെയും കുടുംബക്കാരുടെയും ചോദ്യങ്ങ്ങൾക്കു മുൻപിൽ മൗനം പാലിച്ചതുമെല്ലാം ആ ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്തായിരുന്നു.

ഞാൻ PhD ക്കാരിയാവുന്നതോടൊപ്പം തന്നെ അവരുടെ കാഴ്ചപ്പാടിൽ വന്ന മാറ്റങ്ങളാണ് ഇന്നെന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. “ഓളെ പഠിപ്പിച്ചത് തെറ്റായിപ്പോയെന്ന്” പറയുന്നവരോട് ഇന്ന് തിരിഞ്ഞു നിന്ന് “ഓളെ പഠിപ്പിച്ചതാണ് ശരി” എന്ന് അവർ പറയും. എന്റെ ശരികളെ അവര് അംഗീകരിച്ചു തുടങ്ങിയതും പരിഹസിച്ചവർക്കും അവഗണിച്ചവർക്കും ഒറ്റപ്പെടുത്തിയവർക്കുമിടയിലൂടെ തല ഉയർത്തി നടക്കാനായി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ നേട്ടം.

യൂണിവേഴ്സിറ്റി കാമ്പസിലെ റിസർച്ച് കാലം ഒട്ടനവധി സമരപരമ്പരകളുടേതു കൂടിയായിരുന്നു. രാപ്പകൽ സമരം, white Rose II, 156 ദിവസത്തെ നിരാഹാര സമരം തുടങ്ങി പല സമരങ്ങളുടെയും ഭാഗമാവാനും സാധിച്ചിട്ടുണ്ട്. നിരാഹാര സമരത്തെ തുടർന്നുണ്ടായ 5 മാസത്തെ സസ്‌പെൻഷൻ, വീട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ, ഹോസ്റ്റലിൽ നിൽക്കരുതെന്ന ഉത്തരവ്, എങ്ങോട്ട് പോവുമെന്നറിയാതെ വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ, സസ്‌പെൻഷൻ ഡിസ്മിസലായേക്കുമോയെന്ന ഭയപ്പെടുത്തലുകൾ… തികച്ചും പ്രതിസന്ധിയിലായിപ്പോയ സമയങ്ങൾ.

റിസർച്ച് കാലയളവിൽ യൂണിവേഴ്സിറ്റി ഹോസ്റ്റൽ തന്നെയായിരുന്നു എന്റെ വീട്. പല കാരണങ്ങളാലും വീട്ടിൽ പോവാൻ പറ്റാത്തതിനാൽ ഓണത്തിനും വിഷൂനും നോമ്പിനും അങ്ങനെ എല്ലാ അവധിക്കും വെക്കേഷനും എല്ലാവരും വീട്ടിൽ പോവുമ്പോഴും ഞാനിവിടെത്തന്നെയായിരുന്നു, നിപ്പ സമയത്ത് ഹോസ്റ്റൽ അടച്ചു പൂട്ടിയപ്പോഴും സ്പെഷ്യൽ പെർമിഷൻ വാങ്ങി ഒറ്റക്ക് ഇവിടെ നിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ മെസ്സിലെ ചേച്ചിമാരും ഹോസ്റ്റൽ മെട്രോന്മാരും ഏറെ പ്രിയപ്പെട്ടവരാണെന്നും.

അപമാനിച്ചവരും പരിഹസിച്ചവരും ഏറെയുണ്ട്. കാണാൻ ഭംഗിയില്ലാത്തോണ്ട് എത്ര വേണമെങ്കിലും പഠിക്കാലോന്ന് പറഞ്ഞു പരിഹസിച്ചവർ, ആദ്യമായിട്ട് ഫോട്ടോ പബ്ലിഷ് ചെയ്ത വന്ന ട്യൂഷൻ ക്ലാസിലെ നോട്ടീസ് മോന്റെ അപ്പി തുടക്കാനെടുത്തെന്നു പറഞ്ഞവർ, അത് കേട്ട് കളിയാക്കി ചിരിച്ചവർ. അങ്ങനെ കുറേ. ഓടിപ്പോയി ആരും കാണാതെ പൊട്ടിക്കരഞ്ഞ ആ കൊച്ചുകുട്ടിയുടെ വാശിയാണ് ഇവിടം വരെ എത്തിച്ചത്, പരിഹസിച്ചവരെക്കൊണ്ടൊക്കെ തിരുത്തി പറയിപ്പിക്കും എന്ന വാശി.

അതുകൊണ്ടൊക്കെ തന്നെ ഈ റിസർച്ച് കാലഘട്ടം എനിക്ക് സമരപോരാട്ടങ്ങളുടെ കാലമാണ്, നിലനിൽപിന് വേണ്ടിയുള്ള സമരം. വീണിട്ടും വീണിട്ടും ലക്‌ഷ്യം കാണുന്നത് വരെയുള്ള സമരം.

എല്ലാവര്ക്കും നന്ദി അഭിനന്ദിച്ചവർക്കും അപമാനിച്ചവർക്കും പുച്ഛിച്ചവർക്കും, കരഞ്ഞു പറഞ്ഞിട്ടും സഹായിക്കാതെ മുഖം തിരിച്ചവർക്കും, എല്ലാവര്ക്കും. ഈ ദിവസം ഉടുക്കാനുള്ള സാരി വാങ്ങിച്ചു തന്ന ജൂലിക്കും സാനിയോക്കും ഉമ്മ

മാപ്പ്, അന്ന് നിശ്ചയിച്ചുറപ്പിച്ച ആളോട്, അവരുടെ ഉമ്മയോട്, ഞാൻ കാരണമുണ്ടായ എല്ലാ നാണക്കേടിനും മാപ്പ്.

ഒരുപക്ഷെ അന്നങ്ങനെ തീരുമാനിച്ചില്ലെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നു.

KERALA

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. 5 പേർ ചികിത്സയിൽ

Published

on

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംശയാസ്പദമായ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സ്ഥിരീകരിച്ചത്.

ഷി​ഗല്ല എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോ​ഗമാണ് ഷി​ഗല്ല. ഷി​ഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോ​ഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ ഷി​ഗല്ല രോ​ഗികൾക്കും ഈ രോ​ഗലക്ഷങ്ങൾ കാണണമെന്നില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

മലിന ജലത്തിന്റെ ഉപയോഗമാണ് ഈ രോഗം മൂലമുള്ള വയറിളക്കത്തിന് കാരണം. ശുചിത്വം പാലിച്ചാൽ രോഗബാധ ഒരു പരിധി വരെ തടയാൻ സാധിക്കും.

രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമാണ് രോഗം പ്രകടമാകുന്നത്. വയറിളക്കത്തോടൊപ്പം ഉണ്ടാകുന്ന നിർജലീകരണമാണ് രോഗം ഗുരുതരമാക്കുന്നത്. അതിനാൽ അപകടാവസ്ഥ ഒഴിവാക്കാനായി ശരീരത്തിൽ ജലാംശം നിലനിർത്തുക അത്യാവശ്യമാണ്.

ചെറിയ തോതിൽ ഷിഗല്ല രോ​ഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടണം.

Continue Reading

KERALA

കിഴക്കമ്പലത്ത് വോട്ടിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം.

Published

on

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. കിഴക്കമ്പലത്തെ സംഘടനയായ ട്വന്റി 20 യാണ് പാരിതോഷികം നൽകിയത്. പൊതുചടങ്ങിൽ വെച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ കിറ്റെക്സ് എംഡിയുമായ സാബുജേക്കബ് ദമ്പതികൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു.

വയനാട് സ്വദേശികളായ പ്രിന്റുവിനും ഭാര്യ ബ്രീജിത്തയ്‌ക്കുമാണ് ട്വന്റി 20 യുടെ സഹായം ലഭിച്ചത്.
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ പ്രിന്റുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് പ്രിന്റുവിനെ മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.

പ്രിന്റുവും ഭാര്യയും 14 വർഷമായി കിഴക്കമ്പലത്ത് വാടകക്ക് താമസിച്ചു വരികയാണ്. വാടകക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമിച്ചവരുടെ നിലപാട്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. പോലീസിന്റെ മുൻപിൽ വെച്ചാണ് പ്രിന്റുവിനും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത്.

മർദ്ദനമേറ്റിട്ടും പ്രിന്റു പിന്നീട് അതെ ബൂത്തിൽ തന്നെ വന്ന് പോലീസിന്റെ സഹായത്തോടെ വോട്ട് ചെയ്തു മടങ്ങിയിരുന്നു. ട്വന്റി 20 ക്ക് എതിരായി എൽ ഡി എഫും യു ഡി എഫും ഒന്നിച്ച് മത്സരിക്കുന്ന വാർഡാണിത്.

ഡൽഹിയിൽ നിന്നും ഒരാൾക്ക് വയനാട്ടിൽ വന്ന് മത്സരിക്കാമെന്നും വയനാട്ടിൽ നിന്നും കിഴക്കമ്പലത്ത് എത്തി പതിനാല് വർഷം താമസിച്ച ഒരാൾക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിനെ സബ് ജേക്കബ് പ്രസംഗത്തിൽ അപലപിച്ചു.

Continue Reading

KERALA

ഈ ചർച്ച നൽകുന്നത് കുളിര്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 28 ആക്കണമെന്ന് ജസ്‌ല മാടശ്ശേരി.

Published

on

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്‌ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്‌ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ മോചനം നേടാതിരുന്നേനേ എന്നും ജസ്‌ല പറയുന്നു. വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്‌ല അഭിപ്രായപ്പെട്ടു.

ജസ് മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ…

ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്‍റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ…

അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..

കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസന്‍സാണത്രേ..18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…

പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..

ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്..

പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല…

ചിലര്‍ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേള്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്…

ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്…

ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില് പഠിക്കുമ്പോ മുതല് പലരും അറ്റുപോവാന്‍ തുടങ്ങി..ചിലര് നിശ്ചയം ..ചിലര് നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്..പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍…

നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്…
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…

ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്‍റെ പ്രശ്നമാണെന്ന് പറയാനാവില്ല…
സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്‍റെ പ്രശ്നം കൂടിയാണ്…

പലരും നിസ്സഹായരാണ്…

പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്‍റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക്‌ ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്..ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും…

പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…

അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി…ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല..

ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല…

നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല…

പെണ്‍കുട്ടികള്‍ പഠിക്കട്ടെ…അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ…സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല..

വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.

എന്‍റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല…
ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം…

വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്…
പരസ്പരം തണലാവുക..എന്നതാണ്..

നീ നീയായിരിക്കുക…

വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്‍റെ അഭിപ്രായം..

താന്തോന്നിയെന്ന പേര് നല്‍കിയ ധൈര്യമാണ്…സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്… നിങ്ങള്‍ക്‌ നന്ദി

എന്‍റെ ശരികള്‍..ശരികേടായ് കണ്ടവര്‍ക്ക് നന്ദി

Continue Reading
SAUDI ARABIA2 months ago

സൗദി പ്രവാസികൾ അറിയുക. ഈ നിയമത്തിന്റെ എല്ലാ വശങ്ങളും

SAUDI ARABIA2 months ago

സൗദി-ഖത്തർ അതിർത്തികൾ തുറക്കുമ്പോൾ എന്തിന് പ്രവാസികൾക്ക് മനം നിറയണം?

SAUDI ARABIA2 months ago

നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

SAUDI ARABIA2 months ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA2 months ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

LATEST2 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

MIDDLE EAST2 months ago

പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

SAUDI ARABIA2 months ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA2 months ago

സൗദിയിൽ വിദേശ തൊഴിലാളിയുടെ ആശ്രിതർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു എന്ന് അധികൃതർ

SAUDI ARABIA2 months ago

തൊഴിലാളിയുടെ നഷ്ടപരിഹാരം നാല് ലക്ഷം റിയാൽ കുറച്ച് ജിദ്ദ ലേബർ കോടതി

KUWAIT2 months ago

ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

SAUDI ARABIA2 months ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA2 months ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും

SAUDI ARABIA2 months ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA2 months ago

സൗദിയിൽ 13 കാരനായ സ്വദേശി വിദ്യാർത്ഥിയുടെ വെടിയേറ്റ് വിദേശി അദ്ധ്യാപകൻ കൊല്ലപ്പെട്ടു.

Trending