CINEMA
സഹോദര വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്തുണയുമായി സലിം കുമാർ.

തിരുവനന്തപുരം: വിവാദമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരന്റെ സംരക്ഷണ പ്രശ്നത്തിൽ ചുള്ളിക്കാടിന് പിന്തുണയുമായി നടൻ സലിം കുമാർ. അദ്ദേഹം സഹോദരനെ ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും സലിം കുമാർ പറഞ്ഞു.
ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സഹോദരൻ പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയുടെ ഇന്നത്തെ ദുരിതാവസ്ഥ അദ്ദേഹം തന്നെ സ്വയം ഉണ്ടാക്കിയതാണ്. ഏറ്റെടുക്കില്ലെന്ന് ബാലചന്ദ്രൻ തീരുമാനിച്ചതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ ഏറെക്കുറെ ശരിയുമാണ്.
പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ പ്രധാന പങ്ക് ഈ സഹോദരനുണ്ട്. അമ്മായിടെ മരണശേഷം ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ചന്ദ്രൻ കുട്ടിയാണ്. അന്ന് അമ്മയുടെ മൃതദേഹത്തിൽ ബാലചന്ദ്രൻ തൊട്ടാൽ കൈകാര്യം ചെയ്യാനായി ആളുകളെ പോലും അയാൾ തയ്യാറാക്കി നിർത്തിയിരുന്നു. ബാലചന്ദ്രൻ ബുദ്ധമതത്തിൽ ചേർന്നു എന്ന കാരണം പറഞ്ഞായിരുന്നു അമ്മയുടെ മൃതദേഹത്തിൽ സ്പർശിക്കാൻ പോലും അനുവാദം നൽകാതിരുന്നത്.
കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ ചന്ദ്രൻ കുട്ടിക്ക് ലഭിച്ച 35 സെന്‍റ് സ്ഥലവും പണവും അയാൾ മദ്യപിച്ച് നശിപ്പിക്കുകയായിരുന്നു. ധനികരായിരുന്ന ബാലചന്ദ്രന്റെ കുടുംബത്തിൽ ചന്ദ്രൻ കുട്ടിയൊക്കെ മൂന്ന് നേരം ഏറ്റവും നല്ല ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായാണ് ജീവിച്ചിരുന്നത്.
പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ചന്ദ്രൻകുട്ടി. മദ്യപാനവും വഴിവിട്ട ജീവിതവുമാണ് ഇയാളെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. തനിക്ക് ഇതെല്ലാം അറിയാവുന്നത് കൊണ്ട് ചന്ദ്രൻകുട്ടിയെ ഏറ്റെടുക്കണമെന്ന് ചുള്ളിക്കാടിനെ നിർബന്ധിക്കാനാവില്ലെന്നും സലിം കുമാർ പറഞ്ഞു.
ദാരിദ്ര്യവും ഗുരുതരമായ കാൻസർ രോഗവും മൂലം ഭക്ഷണം കഴിക്കാനില്ലാതെ അവശ നിലയിൽ കടത്തിണ്ണയിൽ വിസർജ്ജ്യങ്ങളിൽ നിന്നാണ് പോലീസും സാമൂഹിക പ്രവർത്തകരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രൻ ചുള്ളിക്കാട്ടിനെ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ പറവൂര്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതിമന്ദിരത്തിലാണ് ജയചന്ദ്രന്‍ ഇപ്പോഴുള്ളത്.
ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. നടന്‍ സലീം കുമാര്‍ വഴി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചുവെന്നും എന്നാൽ സഹോദരനെ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചതെന്നും സന്ദീപിന്റെ കുറിപ്പില്‍ പറയുന്നു.
എന്നാൽ കുടുംബാംഗങ്ങളുമായി വര്‍ഷങ്ങളായി ബന്ധമില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് മറുപടി നൽകി. സഹോദരന്‍ ഈ അവസ്ഥയിൽ തെരുവിൽ എത്തിയത് ഇന്നലെ മാത്രമാണ് താന്‍ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു.
കുടുംബാംഗങ്ങളുമായി അടുത്ത മാനസിക ബന്ധമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കിലും വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഗതിമന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്നും ചുള്ളിക്കാട് വ്യക്തമാക്കിയിരുന്നു. തനിക്കതിന് തന്റേതായ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെളിച്ചം അഗതി മന്ദിരത്തിലെ പരിചരണവും ഭക്ഷണവും മൂലം ജയചന്ദ്രന്റെ ആരോഗ്യനിലയിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കമുള്ള ബന്ധുക്കള്‍ ജയചന്ദ്രനെ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ അഗതി മന്ദിരം തന്നെ ഇദ്ദേഹത്തെ സംരക്ഷിക്കുമെന്ന് അറിയിച്ചു.
CINEMA
സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.
രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.
കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.
CINEMA
പൗരത്വ നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്.

സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. മുംബൈയിലെ കൊളാബയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.
‘നമ്മുടെ മൗനം നമ്മെ രക്ഷിക്കില്ല. സര്‍ക്കാറിനെയും രക്ഷിക്കില്ല. ഷാഹീന്‍ബാഗിലും ലഖ്‌നൗവിലുമുള്ള സ്ത്രീകള്‍ ഉൾപ്പെടെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ നേതാക്കളോട് ആവശ്യപ്പെടുകയാണ്. അവർ നമ്മളെ കേള്‍ക്കുന്നതു വരെ നമ്മൾ നിർത്തരുത്. നാം കൂടുതൽ സംസാരിക്കണമെന്നും’ ഭട്ട് പറഞ്ഞു.
ഒരർത്ഥത്തിൽ ഇവിടെ ഭരിക്കുന്നവർ നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ശബ്ദമുയര്‍ത്തേണ്ട സമയം എന്ന് പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് സന്ദേശം നൽകുകയാണ്.
സ്വന്തം വീട്ടില്‍ തന്നെ വിഭജനം ഉണ്ടാക്കുന്നതു കൊണ്ട് ഞാന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അവർ തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് സംവിധായിക കൂടിയായ പൂജ ഭട്ട്. നടി ആലിയ ഭട്ട് പൂജ ഭട്ടിന്റെ അർദ്ധ സഹോദരിയാണ്.
CINEMA
കൊച്ചിയില്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നടിമാർക്ക് സന്ദീപ് വാര്യരുടെ ഭീഷണി.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണമെന്നും ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.
നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ നിങ്ങൾക്ക് വേണ്ടി ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് കുറിക്കുന്നു. ആ സമയത്ത് രാഷ്ട്രീയ പ്രതികാരം എന്ന് പറഞ്ഞു കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാർച്ചിൽ നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരും ഷൈൻ നിഗം, കമൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജ്ജയന്റെ “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ഇന്ത്യ” എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .