KERALA
പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

ഫേസ്ബുക്കിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവരെ കരുതിയിരിക്കണമെന്ന് അഭിഭാഷകന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാണെന്നാണ് ഹൈക്കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറയുന്നത്.
ഒരുപക്ഷേ നിങ്ങളുടെ പണം ഉപയോഗിക്കപ്പെട്ടത് ഒരു തലമുറയെ തന്നെ സാമൂഹ്യ വിരുദ്ധരാക്കാൻ വേണ്ടിയായിരിക്കാമെന്ന് ശ്രീജിത്ത് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. വഞ്ചിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നും അതിനാൽ പണം നൽകുന്നതിന് മുൻപ് ആവശ്യമായ കരുതലുകൾ എടുക്കണമെന്നും അഭിഭാഷകൻ പറയുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണ്ണരൂപം:
നാട്ടുകാരുടെ കയ്യിലെ കാശ് കണ്ട് ഫെയിസ്ബുക്ക് ചാരിറ്റിക്കിറങ്ങുന്നവർക്ക് നാട്ടിലെ നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ ?
ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാണെന്ന് പറയാതെ വയ്യ !
തണൽ, നിഴൽ, സ്നേഹം, കരുണ, ദയ, വിഷമം, സങ്കടം, കൈത്താങ്ങ്, കൂട്, സ്വപ്നം, സൂര്യന്റെയും ചന്ദ്രന്റെയും പര്യായങ്ങൾ അങ്ങനെ തുടങ്ങി വിവിധ പേരുകളിൽ രൂപങ്ങളിൽ സോഷ്യൽ മീഡിയ വഴി ചാരിറ്റിയുടെ ഹോൾസെയിൽ കച്ചവടം നടത്തുന്ന ചാരിറ്റി കമ്പനികളിലേക്കും അവരുടെ അക്കൗണ്ടുകളിലേക്കും പണം അടച്ച് ആമസോൺ വഴി #പുണ്യം ലഭിക്കുമെന്ന് കരുതി കാത്തിരിക്കുന്നവർക്ക് പ്രത്യേകിച്ചു പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത…
ഒരുപക്ഷേ നിങ്ങളുടെ പണം ഉപയോഗിക്കപ്പെട്ടത് ഒരു തലമുറയെ തന്നെ സാമൂഹ്യ വിരുദ്ധരാക്കാൻ വേണ്ടിയായിരിക്കാം .
ഇനിയും പുണ്യം ലഭിക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടന്ന് ഫെയിസ്ബുക്ക് തുറന്നു ഏതെങ്കിലും ചാരിറ്റി കമ്പനി അധികൃതരുമായ് ബന്ധപ്പെട്ട് ഇന്ന് തന്നെ പണം അയച്ചു കൊടുക്കേണ്ടതാണ്. കാരണം ഇവിടെ കള്ളിനും കഞ്ചാവിനും, ആഡംബര സാധനങ്ങൾക്കും അനുദിനം വില കൂടിവരികയാണ്.. യുവാക്കൾക്കും യുവതിൾക്കുമാണെങ്കിൽ തൊഴിലില്ലായ്മയും കൂടി വരുന്നു.
ആഘോഷങ്ങളില്ലാതെ സത്യസന്ധമായി മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്നവർ സദയം ക്ഷമിക്കുമല്ലോ ….
പ്രവാസികളുടെ ചോര നീരാക്കിയ പണംകൊണ്ടുള്ള ചാരിറ്റികച്ചവടം പൊടിപൊടിക്കുന്നു എന്നത് ഒരു അപ്രിയ യാഥാർഥ്യമാണ്;
പ്രിയ പ്രവാസികളേ, വഞ്ചിക്കപ്പെടാനുള്ള ബാല്യം ഇനിയും നിങ്ങളിലുണ്ട് … കരുതിയിരിക്കുക….
ചില്ലറ കാശുകളുടെ ബക്കറ്റു പിരിവു ചാരിറ്റികളെല്ലാം പഴങ്കഥകളായി ഇപ്പോൾ ലക്ഷത്തിൽ കുറഞ സംഭാവന സ്വീകരിച്ച് ഒരു ചാരിറ്റി മുതലാളിയും കുഴലൂതില്ല, ഒരു രോഗത്തിനും 50 ലക്ഷത്തിൽ കുറഞ്ഞൊരു ചികിത്സയും ഇല്ല എന്നതാണ് അവസ്ഥ.. മൊബൈൽ ഫോണും ഫെയിസ്ബുക്ക് ലൈവുമായി രോഗികളുടെ അടുത്തേക്കും ആശുപത്രികളിലേക്കും ചാരിറ്റിക്കായി പോകുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിവെച്ച നിലമ്പൂരിലെ ഡോക്ടർ ഷാനവാസിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും, തുടർ പരാതികളും അന്വേഷണങ്ങളുമെല്ലാം എന്നോട് പറഞ്ഞുവെക്കുന്നതു കടിഞ്ഞാണില്ലാത്ത സാമൂഹ്യമാധ്യമങ്ങളുടെ കപട ചാരിറ്റിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രസ്‌തുത വിഷയത്തിലെ ഏക പരാതിക്കാരനാണ് ഞാൻ. മരണം സംബന്ധിച്ച കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റർ നിർദേശപ്രകാരം പോലീസും, ചാരിറ്റി തട്ടിപ്പുകൾ, ചാരിറ്റിയുടെ പേരിൽ അനധികൃത രക്തം കടത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗവും, ഇന്റലിജൻസും ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്.
ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളളയാനാവില്ല. ലൈവ് വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം..
സഹജീവികളുടെ വേദനയിലമനസ്സലിഞ് ഒരുകൈ സഹായം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന വസ്തുതകൾ ഇങ്ങനെ ..
നൽകാനുദ്ദേശിക്കുന്ന പണവും, സാധന സാമഗ്രികളും നേരിട്ടറിയാവുന്ന പൊതുപ്രവർത്തകർക്കോ, ജനപ്രധിനിതികൾ/സർക്കാർ ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടു മാത്രം കൈമാറുക.
ഫെയിസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭ്യർത്ഥനകൾ ക്രോസ്സ് ചെക്ക് ചെയ്യുക.
സർക്കാർ ദുരിദാശ്വാസ സംവിധാനങ്ങൾക്കോ, നേരിട്ടറിയാവുന്ന ആളുകൾക്കോ ഒഴികെ ആരുടേയും അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.
ആസാമിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ പ്രളയത്തിന്റെ ചിത്രങ്ങലും, ചികിത്സിച്ച് ഭേദമാക്കിയ രോഗികളുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടു നടത്തുന്ന ചാരിറ്റി /ഫണ്ട് ശേഖരണ പരിപാടികളിൽ വീഴാതിരിക്കുക. സഹായിക്കാൻ സൗമനസ്യമുള്ളവർ സർക്കാർ സംവിധാനങ്ങളെ സമീപിക്കുക/ ല്ലെങ്കിൽ വ്യക്തിപരമായി അറിയുന്ന സുഹൃത്തുക്കളിലൂടെ സഹായം കൈമാറുക.
പ്രളയത്തിന്റെയും, സോഷ്യൽ മീഡിയ ആക്റ്റിവിസത്തിന്റെയും സാഹചര്യത്തിൽ നിരവധി ആളുകൾ സാമൂഹ്യപ്രവർത്തകരും, ചാരിറ്റി പ്രവർത്തകരും ചമഞ് രംഗത്തെത്തിയിട്ടുണ്ട് ഇവരെ തിരിച്ചറിയുക.
സഹായങ്ങൾ അർഹിക്കുന്ന കയ്യിലെത്തിയില്ലെങ്കിൽ ചെയ്യുന്നത് നിരർത്ഥകവും, മാഫിയകളെ പ്രോത്സാഹിപ്പിക്കലുമാകും എന്നത് തിരിച്ചറിയുക.
ലൈവ് വീഡിയോയിലൂടെ മാത്രം വിവരിക്കപ്പെടുന്ന കഥകളും, ഡോക്ടറുടെ കുറിപ്പുകളും, ഫയലുകളും കണ്ടുകൊണ്ട് മാത്രം പണം അയക്കാതിരിക്കുക. പണം വയ്ക്കുന്നതിന് മുൻപ് പ്രദേശത്തെ ജനപ്രതിനിധികളോ, മറ്റ് പൊതു പ്രവർത്തകരോ ആയി സംഭവത്തെക്കുറിച്ച് അറിയുക. ഒപ്പം അവരുടെ ചികിത്സയ്ക്കവശ്യമായ തുക നിലവിൽ ലഭിച്ചിട്ടുണ്ടോ എന്നും, ചികിത്സ തുടരുന്നുണ്ടോ എന്നും അന്വേഷിക്കുക.
ഫെയ്സ്ബുക്കിലെ ദയനീയ ചിത്രങ്ങളടക്കമുള്ള, മനസ്സലിയിക്കുന്ന വ്യാജ പോസ്റ്റുകളിൽ വശംവദരായി പണം അയക്കാതിരിക്കുക.
വ്യാജ കച്ചവട ചാരിറ്റി സംഘനങ്ങളെ നിയമസംവിധാനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
ഫോർവേർഡ് ചെയ്തുവരുന്ന വാട്സാപ്പ് നമ്പറുകളിലെ അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.
വാട്സാപ്പ് ചാരിറ്റിയുടെ ഗ്രൂപ്പ് അഡ്മിന്മാരുടെ സഹായ അഭ്യർത്ഥനകൾ കൃത്യമായി പരിശോധിക്കുക.
മലരാരണ്യങ്ങളിലും, ഏഴാംകടലുകൾക്കപ്പുറത്തും പ്രവാസികളായി ജീവിച്ചു മരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ചോര നീരാക്കിയ പണം നിരര്ഥകമാക്കി കളയാതിരിക്കുവാനും, അർഹിക്കുന്ന കൈകളിലെത്തിക്കുവാനും, ആ പുണ്യത്തെ അറിയുവാനും സാധിക്കണം. നിരുത്തരവാദിത്തപരമായി നിങ്ങളയക്കുന്ന ഓരോ തുട്ടും നാട്ടിൽ ചാരിറ്റി ബിസിനസ്സുകാരെയും, ധൂർത്തന്മാരായ ഉഡായിപ്പ് സാമൂഹ്യപ്രവർത്തകരെയും സൃഷ്ട്ടിക്കും.
അനധികൃതമായി ചാരിറ്റി സ്വീകരിക്കുന്നതും, അക്കൗണ്ട് നമ്പറുകൾ പ്രസിദ്ധപ്പെടുത്തി പണപ്പിരിവ് നടത്തുന്നതും ശിക്ഷാർഹമാണ്
സത്യസന്ധായ് മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവർ സദയം ക്ഷമിക്കുമല്ലോ ; നിങ്ങളുടെ പ്രവൃത്തികൾക്ക് അഭിവാദ്യങ്ങൾ.
കൂടുതലൊന്നും പറയുന്നില്ല, വർത്തമാനകാല വാർത്തകളുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്രയും പറഞ്ഞത്.
നമ്മുടെ നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന സോഷ്യൽമീഡിയ വഴിയുള്ള വികട ചാരിറ്റി കമ്പനികളുടെ സെൽഫി ചാരിറ്റി പ്രോജക്ടുകൾക്ക് നിയന്ത്രണം വന്നേ മതിയാകൂ. ഒരു പ്രവാസിയും ഒരു ഫോട്ടോ കണ്ടത് കൊണ്ടോ, വീഡിയോ കണ്ടതുകൊണ്ടോ ഒരു നാണയം പോലും ഇത്തരം കമ്പനികൾക്ക് അയച്ചു കൊടുക്കരുത്. നിങ്ങളുടെ അയൽ വീട്ടിലെ അല്ലെങ്കിൽ ലേബർ ക്യാമ്പുകളിലെ അർഹരായവരെ കണ്ടെത്തി അതവർക്ക് കൈമാറാൻ കഴിയണം അപ്പോഴേ അതിന്റെ മഹത്വം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
തലതിരിഞ്ഞ വികട ചാരിറ്റി കമ്പനികളുടെ കൊള്ളരുതായ്മയുടെ #അവസാനത്തെ #ഇരയാകട്ടെ നമ്മുടെ ഷാനവാസ് #ഡോക്ടർ എന്ന് പ്രത്യാശിക്കുന്നു. ആഗ്രഹിക്കുന്നു. ആ നിലയിലും ആ മരണം മഹത്വപൂർണ്ണമാകട്ടെ.
Nb: ചാരിറ്റി ഫാൻസുകരുടെ പൊങ്കാല പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്.
പ്രതിഫലേച്ഛയില്ലാതെ നന്മ ചെയ്യുന്നവരോട് സ്നേഹം, ചാരിറ്റി കച്ചവടക്കാരോട് പുച്ഛം !
അഡ്വ ശ്രീജിത്ത് പെരുമന.
KERALA
കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. 5 പേർ ചികിത്സയിൽ

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംശയാസ്പദമായ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സ്ഥിരീകരിച്ചത്.
ഷിഗല്ല എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ ഷിഗല്ല രോഗികൾക്കും ഈ രോഗലക്ഷങ്ങൾ കാണണമെന്നില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
മലിന ജലത്തിന്റെ ഉപയോഗമാണ് ഈ രോഗം മൂലമുള്ള വയറിളക്കത്തിന് കാരണം. ശുചിത്വം പാലിച്ചാൽ രോഗബാധ ഒരു പരിധി വരെ തടയാൻ സാധിക്കും.
രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമാണ് രോഗം പ്രകടമാകുന്നത്. വയറിളക്കത്തോടൊപ്പം ഉണ്ടാകുന്ന നിർജലീകരണമാണ് രോഗം ഗുരുതരമാക്കുന്നത്. അതിനാൽ അപകടാവസ്ഥ ഒഴിവാക്കാനായി ശരീരത്തിൽ ജലാംശം നിലനിർത്തുക അത്യാവശ്യമാണ്.
ചെറിയ തോതിൽ ഷിഗല്ല രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടണം.
KERALA
കിഴക്കമ്പലത്ത് വോട്ടിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം.

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. കിഴക്കമ്പലത്തെ സംഘടനയായ ട്വന്റി 20 യാണ് പാരിതോഷികം നൽകിയത്. പൊതുചടങ്ങിൽ വെച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ കിറ്റെക്സ് എംഡിയുമായ സാബുജേക്കബ് ദമ്പതികൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു.
വയനാട് സ്വദേശികളായ പ്രിന്റുവിനും ഭാര്യ ബ്രീജിത്തയ്ക്കുമാണ് ട്വന്റി 20 യുടെ സഹായം ലഭിച്ചത്.
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ പ്രിന്റുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് പ്രിന്റുവിനെ മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.
പ്രിന്റുവും ഭാര്യയും 14 വർഷമായി കിഴക്കമ്പലത്ത് വാടകക്ക് താമസിച്ചു വരികയാണ്. വാടകക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമിച്ചവരുടെ നിലപാട്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. പോലീസിന്റെ മുൻപിൽ വെച്ചാണ് പ്രിന്റുവിനും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത്.
മർദ്ദനമേറ്റിട്ടും പ്രിന്റു പിന്നീട് അതെ ബൂത്തിൽ തന്നെ വന്ന് പോലീസിന്റെ സഹായത്തോടെ വോട്ട് ചെയ്തു മടങ്ങിയിരുന്നു. ട്വന്റി 20 ക്ക് എതിരായി എൽ ഡി എഫും യു ഡി എഫും ഒന്നിച്ച് മത്സരിക്കുന്ന വാർഡാണിത്.
ഡൽഹിയിൽ നിന്നും ഒരാൾക്ക് വയനാട്ടിൽ വന്ന് മത്സരിക്കാമെന്നും വയനാട്ടിൽ നിന്നും കിഴക്കമ്പലത്ത് എത്തി പതിനാല് വർഷം താമസിച്ച ഒരാൾക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിനെ സബ് ജേക്കബ് പ്രസംഗത്തിൽ അപലപിച്ചു.
KERALA
ഈ ചർച്ച നൽകുന്നത് കുളിര്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 28 ആക്കണമെന്ന് ജസ്ല മാടശ്ശേരി.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ മോചനം നേടാതിരുന്നേനേ എന്നും ജസ്ല പറയുന്നു. വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്ല അഭിപ്രായപ്പെട്ടു.
ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് കുറിപ്പ്:
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ…
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ…
അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസന്‍സാണത്രേ..18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…
പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..
ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്..
പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല…
ചിലര്‍ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേള്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്…
ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്…
ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില്‍ പഠിക്കുമ്പോ മുതല്‍ പലരും അറ്റുപോവാന്‍ തുടങ്ങി..ചിലര്‍ നിശ്ചയം ..ചിലര്‍ നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്..പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍…
നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്…
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…
ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്റെ പ്രശ്നമാണെന്ന് പറയാനാവില്ല…
സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്നം കൂടിയാണ്…
പലരും നിസ്സഹായരാണ്…
പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക് ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്..ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും…
പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…
അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി…ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല..
ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല…
നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല…
പെണ്‍കുട്ടികള്‍ പഠിക്കട്ടെ…അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ…സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല..
വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.
എന്റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല…
ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം…
വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്…
പരസ്പരം തണലാവുക..എന്നതാണ്..
നീ നീയായിരിക്കുക…
വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..
താന്തോന്നിയെന്ന പേര്‍ നല്‍കിയ ധൈര്യമാണ്…സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്… നിങ്ങള്ക് നന്ദി
എന്റെ ശരികള്‍..ശരികേടായ് കണ്ടവര്‍ക്ക് നന്ദി