CRIME
ഇയാളെ പിടികൂടി തക്ക ശിക്ഷ നൽകണമെന്ന് ആവശ്യം. വീഡിയോ.

സൗദി അറേബ്യയിലെ വാദി അൽ ദവാസീറിൽ യുവതിയെ പകൽ വെളിച്ചത്തിൽ അപമാനിച്ച സ്വദേശി പൗരനെ പോലീസ് തിരയുന്നു. ഇയാളെ കണ്ടെത്താനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ്.
ഇയാൾ സ്ത്രീയെ അപമാനിക്കുന്ന സി സി ടി വി ദൃശ്യവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. കുറ്റവാളിയെ ഉടനെ പിടികൂടാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.
ഒരാഴ്ച മുൻപാണ് സംഭവം നടക്കുന്നത്. ദവാസിറിലെ ഷോപ്പിംഗ് മാളിലെ ഒരു ഷോപ്പിൽ വെച്ചാണ് യുവതി പ്രതിയുടെ അപമാനത്തിന് ഇരയാവുന്നത്. വിഡിയോയിൽ മൂന്ന് തവണ അയാൾ യുവതിയെ ഉപദ്രവിക്കുന്നതായി കാണാം.
ഷോപ്പിംഗ് മാളിലെ ഷോപ്പിൽ പുറം തിരിഞ്ഞു നിൽക്കുന്ന യുവതിയുടെ പുറംഭാഗത്ത് തലോടി സ്വദേശി വേഷധാരിയായ യുവാവ് കടന്നു പോകുന്നതായി കാണുന്നു. യുവതി നിസ്സഹായയായി നിൽക്കുന്നതാണ് കാണുന്നത്. കുറച്ചു ചുവടുകൾ മുന്നോട്ടു വെച്ച ശേഷം യുവാവ് തിരിച്ചു യുവതിയുടെ അടുത്തേക്ക് വരുന്നു. ആ സമയത്ത് യുവതി അയാളെ അടിക്കുന്നതും സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പ്രകോപിതനായ യുവാവ് തുടർന്ന് കുറച്ചു ചുവടുകൾ നടന്നതിന് ശേഷം തിരികെ പോയി യുവതിയെ ബലമായി ആലിംഗനം ചെയ്യുകയും ചുംബിക്കുകയും പിന്നീട് ഓടി രക്ഷപ്പെടുകയും ചെയ്യുന്നു.
ഇത് സംബന്ധിച്ച പരാതി ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് സ്വമേധയാ മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്ന് യുവാവിനെ പിടികൂടാനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
വർഷങ്ങൾക്ക് മുൻപ് തന്നെ ‘ആന്റി ഹരാസ്മെന്റ് നിയമം’ നിലവിലുള്ള രാജ്യമാണ് സൗദി അറേബ്യ. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ കർശനമായ ശിക്ഷകൾ നൽകിയിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ പോലീസും സുരക്ഷാ വിഭാഗവും കടുത്ത അസംതൃപ്തിയിലാണ്.
ഈ സംഭവത്തിന് സി സി ടി വി ദൃശ്യങ്ങൾ ഉള്ളത് കൊണ്ട് പുറംലോകം അറിയുകയും അതെ സമയം ഇത്തരം നിരവധി സംഭവങ്ങൾ അറിയപ്പെടാതെ പോകുകയും ചെയ്യുന്നുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്. അത് കൊണ്ട് തന്നെ കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടി കടുത്ത ശിക്ഷ നൽകി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനുള്ള കർശന ശ്രമത്തിലാണ് പോലീസ്.
فيديو | كاميرا مراقبة توثق قيام شخص بالتحرش بامراة في احد أسواق وادي الدواسر ، ومطالبات بالقبض عليه.
عبر : @H83892884
:#متحرش_وادي_الدواسر pic.twitter.com/pVQeWYcl1J
— مجتمعنا (@KSASociety) February 1, 2020
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.