CRIME
യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ട്രെയിനിൽ മറ്റു യാത്രക്കാരെ ശല്യപ്പെടുത്തിയതിനും പണപ്പിരിവ് നടത്തിയതിനും കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ പിടിയിലായി. യാത്രക്കാരുടെ പരാതിയെ തുടർന്ന് ന്യൂഡൽഹി സ്വദേശി പൂജയെ(24)യാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
യാത്രക്കാരോട് നിർബന്ധമായി പണം ആവശ്യപ്പെടുകയും പണം നൽക്കാത്തവരെ അസഭ്യ ചേഷ്ടകൾ കാണിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നു എന്ന് യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ആർ.പി എഫ് പൂജയെ ചോദ്യം ചെയ്തത്. തുടർന്ന് പൂജ ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്നും മനസ്സിലായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
തൃശൂരിനും എറണാകുളത്തിനുമിടയിൽ രാത്രികാല ട്രെയിനുകളിൽ നിരവധി ട്രാൻസ്ജെൻഡർമാർ യാത്രക്കാരെ ശല്യം ചെയ്യുന്നതായി കൂടുതൽ പരാതികൾ റെയിൽവേ പൊലീസിന് ലഭിച്ചിരുന്നു.
ടിക്കറ്റില്ലാതെയാണ് ഇവർ ട്രെയിനിൽ അലഞ്ഞു നടക്കുന്നത്. യാത്രക്കാരുടെ കയ്യിൽ നിന്നും, പ്രത്യേകിച്ച് കുടുംബമായി യാത്ര ചെയ്യുന്നവരുടെ അടുക്കൽ നിന്നും നിർബന്ധമായി പണം ആവശ്യപ്പെടും. നൽകാൻ വിസമ്മതിക്കുന്നവരെ അസഭ്യം പറയുകയും നഗ്നത കാണിക്കുകയും ചെയ്യും. നാണക്കേട് ഒഴിവാക്കാനായി പലരും പണം നൽകുകയും ചെയ്യും.
ഈയിടെയായി ഇവരുടെ എണ്ണം കൂടുകയും ശല്യം വർദ്ധിക്കുകയും ചെയ്തതിനെ തുടർന്നാണ് ആർ.പി.എഫ് കർശന നടപടിയെടുക്കുന്നത്. രണ്ടാഴ്ച മുൻപും നിർബന്ധിത പണപ്പിരിവ് നടത്തിയതിന് ഏഴ് ട്രാൻസ്ജൻഡർ വ്യക്തികളെ അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ പൂജയെ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
വിഡിയോ വൈറലായി. സൗദി യുവാക്കളെ പോലീസ് തിരയുന്നു.(വിഡിയോ)

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ രണ്ടു പെൺകുട്ടികളെ സംഘമായി ശല്യം ചെയ്ത സൗദി യുവാക്കളെ പോലീസ് തിരയുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ.
തുടർന്ന് ഈ വാർത്ത സൗദിയിലെ അറബ് ദിനപത്രമായ ആജിൽ വാൻ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
രണ്ടു പെൺകുട്ടികളുടെ വഴി തടയുന്ന രീതിയിൽ ഒരു കൂട്ടം സൗദി യുവാക്കൾ മോശമായി ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഘത്തിലെ ഒരു യുവാവ് അശ്ളീല വാക്കുകൾ പെൺകുട്ടിയോട് പറയുകയും ഇതിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.
ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ സൗദി സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യുവാക്കളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേർ ട്വീറ്റ് ചെയ്തു. അശ്ലീലം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ ശല്യം ചെയ്യുന്ന എത്രയും വേഗം യുവാവിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ‘ഉനൈസ ഹരാസർ’ എന്ന പേരിൽ ഹാഷ്ടാഗ് പ്രതിഷേധവും ട്വിറ്ററിൽ തുടങ്ങിയിട്ടുണ്ട്.
സൗദിയിലെ ‘ആന്റി ഹരാസ്മെന്റ്’ നിയം പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. രണ്ടു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ രണ്ടും കൂടിയോ കുറ്റവാളിക്ക് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം തടവോ, മൂന്നുലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.