KUWAIT
സൗദി, യു.എ.ഇ, കുവൈറ്റ്: കൊറോണ കാലത്തെ ശമ്പളം ലഭിക്കാൻ.

സൗദി അറേബ്യ/യു.എ.ഇ/കുവൈറ്റ്: കൊറോണ വ്യാപനം തടയാനായി നാട്ടിൽ നിന്നും തിരിച്ചെത്തുന്ന വിദേശികൾക്ക് നിർബന്ധിത ഐസൊലേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് ജി സി സി രാജ്യങ്ങൾ. സർക്കാർ നിർദ്ദേശ പ്രകാരം നടപ്പാക്കുന്ന ഈ സ്വയം കരുതൽ ചില രാജ്യങ്ങളിൽ തൊഴിലാളിയും സ്പോൺസറും കമ്പനിയും തമ്മിലുള്ള അസ്വാരസ്യങ്ങളിലേക്ക് വഴി വെക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചില കമ്പനികളും സ്ഥാപനങ്ങളും ഈ ദിവസങ്ങളിലെ വേതനം തൊഴിലാളികൾക്ക് നൽകാൻ വിസമ്മതിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പലപ്പോഴും തൊഴിൽ നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും സർക്കാർ വിഭാഗങ്ങളിൽ നിന്നും ആവശ്യമായ നിർദ്ദേശങ്ങൾ ലഭിച്ചില്ല എന്ന കാരണം പറഞ്ഞുമാണ് വേതനം നിഷേധിക്കാൻ ഒരുങ്ങുന്നത്.
സൗദി അറേബ്യയിലും യു എ ഇ യിലും കുവൈറ്റിലും ഇത് സംബന്ധിച്ച പരാതികൾ ഉയർന്നു കഴിഞ്ഞു. തൊഴിലാളികളോട് ഈ ദിവസങ്ങളിൽ ശമ്പളം ലഭ്യമാവില്ല എന്ന മറുപടിയാണ് പല തൊഴിലുടമകളും നൽകുന്നത്.
യു.എ.ഇ
തൊഴിൽ നിയമം ജി സി സി യിലെ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. അതിനാൽ തന്നെ അത് കൊണ്ട് തന്നെ ഓരോ രാജ്യത്തേയും നിയമത്തെ വിലയിരുത്തി കൊണ്ട് മാത്രമാണ് ഇതിലെ നിയമ വശങ്ങളിൽ അഭിപ്രായം പറയാൻ സാധിക്കുക.
യു എ ഇ യെ സംബന്ധിച്ചിടത്തോളം ഗവർമെന്റ് വകുപ്പുകളോ മന്ത്രാലയമോ കോവിഡ് 19 മൂലം ക്വാറന്റൈനിൽ ആകുന്ന ദിവസങ്ങളിലെ വേതനം സംബന്ധിച്ച വ്യക്തമായ ഒരു നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. (സമീപ ദിവസങ്ങളിൽ ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല). അത് കൊണ്ട് തന്നെ രാജ്യത്തെ തൊഴിൽ നിയമ വകുപ്പുകൾ വ്യാഖ്യാനിച്ചു കൊണ്ട് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയാൻ സാധിക്കും.
അവധിക്ക് ശേഷമോ ബിസിനസ് ആവശ്യങ്ങൾക്ക് രാജ്യത്ത് നിന്നും പുറത്ത് പോയതിന് ശേഷമോ യു എ ഇ യിൽ തിരിച്ചെത്തുന്ന തൊഴിലാളിയോട് നിശ്ചിത ദിവസങ്ങളിൽ ഐസൊലേഷന് വേണ്ടി അവധിയിൽ കഴിയാൻ തൊഴിലുടമ നിർദ്ദേശിച്ചാൽ ആ നിർദ്ദേശിച്ച ദിവസങ്ങളിലെ വേതനം തൊഴിലാളിക്ക് നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇത് രാജ്യത്തെ ഫെഡറൽ നിയമത്തിലെ (Federal Law No. 8 of 1980) വകുപ്പ് 83 (2) പ്രകാരമുള്ള സിക്ക് ലീവ് ആയി കരുതപ്പെടുന്നതിനാലാണ് തൊഴിലുടമ വേതനം തൊഴിലാളിക്ക് നൽകേണ്ടി വരുന്നത്.
എന്നാൽ ഇവിടെ ഒരു കാര്യം പ്രത്യേകമായി തൊഴിലാളികൾ ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിലാളി തൊഴിലുടമയുടെ നിർദ്ദേശമില്ലാതെ സ്വമേധയാ ക്വാറന്റൈനിലായാൽ അയാൾ സിക്ക് ലീവ് എന്ന തൊഴിൽ നിയമത്തിലെ ആനുകൂല്യം ലഭിച്ചെന്ന് വരില്ല.
പക്ഷെ അയാൾ കോവിഡ് 19 പരിശോധനയിൽ പോസിറ്റിവ് ആണെന്ന് കണ്ട് രോഗാതുരനായാൽ അയാൾ സിക്ക് ലീവിന് അർഹനായി മാറും.
ഇവിടെ തൊഴിലാളികൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ ഐസൊലേഷനിൽ പോകുന്നുണ്ടെങ്കിൽ തൊഴിലുടമയുടെ ഭാഗത്ത് നിന്നുള്ള ഒരു നിർദ്ദേശത്തിന്റെ തെളിവ് സൂക്ഷിക്കുന്നത് നല്ലതാണ്. രേഖാമൂലമായ അല്ലെങ്കിൽ ഇ മെയിലോ വാട്സാപ്പോ വഴിയുള്ള നിർദ്ദേശമോ മറ്റോ ഉണ്ടായാൽ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള തർക്കം ഉണ്ടാവുകയാണെങ്കിൽ നിങ്ങൾക്ക് ഇക്കാര്യം എളുപ്പത്തിൽ തെളിയിക്കാൻ സാധിക്കും.
സൗദി അറേബ്യ
സൗദി അറേബ്യയിൽ ഇക്കാര്യത്തിൽ മന്ത്രാലയത്തിന്റെ വ്യക്തമായ നിർദ്ദേശം വന്നു കഴിഞ്ഞിട്ടുണ്ട്. മാർച്ച് 13 വെള്ളിയാഴ്ച്ച മുതൽ രാജ്യത്തെത്തുന്ന സ്വദേശികളും വിദേശികളും മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതെ താമസ സ്ഥലത്ത് തന്നെ ഐസൊലേഷനിൽ കഴിയണമെന്ന് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാലയളവ് നിയമാനുസൃത അവധിയായി പരിഗണിക്കണമെന്നും ഈ കാലയളവിൽ മെഡിക്കൽ ലീവ് അനുവദിക്കണമെന്നും മന്ത്രാലയം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ട്. അതിനായി രാജ്യത്ത് പ്രവേശിച്ച് രണ്ടു ദിവസത്തിനുള്ളിൽ ‘സിഹ്വത്തി’ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ലീവ് ഉറപ്പാക്കാം.
എന്നാൽ സൗദി അറേബ്യയിൽ മറ്റൊരു നിയമ പ്രശ്‍നം ഉയർന്ന് വന്നിട്ടുള്ളത് നിലവിൽ രാജ്യത്തുള്ള തൊഴിലാളികൾക്ക് വേതനമില്ലാത്ത അവധി തൊഴിലുടമകൾ നിർബന്ധിച്ചു നൽകുന്നു എന്നതാണ്. ഇത് ഗവർമെന്റ് കൊറോണ വൈറസ് ബാധയുടെ പ്രത്യേക സാഹചര്യത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഐസൊലേഷൻ നിബന്ധനയുടെ പരിധിയിൽ വരുന്നില്ല. രാജ്യത്തുള്ള തൊഴിലാളികളുടെ അവധിക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് രാജ്യത്തെ തൊഴിൽ നിയമം അനുസരിച്ചാണ്.
രാജ്യത്തെ തൊഴിൽ നിയമം അനുസരിച്ച് വേതനമില്ലാത്ത അവധി തൊഴിലാളിക്ക് അനുവദിക്കുന്നതിന് മുൻപായി തൊഴിലാളിയുടെ സമ്മതം തേടേണ്ടത് ആവശ്യമാണ്. തൊഴിലാളികളുടെ സമ്മതമില്ലാതെ തൊഴിലുടമകൾ വേതനമില്ലാത്ത അവധി തൊഴിലാളികൾക്ക് നൽകാൻ പാടില്ല. അത് തൊഴിൽ നിയമത്തിന്റെ വകുപ്പുകൾക്ക് വിരുദ്ധമാണ്.
രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യത്തിൽ തെഴിലാളികൾക്ക് അവരുടെ നിലവിലുള്ള ജോലി സ്വാഭാവികമായി ചെയ്യാനുള്ള സാഹചര്യം നിലവിലില്ലെങ്കിൽ മറ്റു തരത്തിലുള്ള സാഹചര്യങ്ങൾ തൊഴിലുടമക്ക് അന്വേഷിക്കാം. ഉദാഹരണമായി താമസ സ്ഥലത്തിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാം. ഇക്കാര്യത്തിൽ മന്ത്രാലയത്തിന്റെ നിബന്ധനകൾ മന്ത്രാലയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഒരു തൊഴിൽ നിയമ പ്രകാരമുള്ള ഒരു തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണ്. അത് പരസ്പര സമ്മത പ്രകാരം ഒപ്പു വെച്ചിട്ടുള്ളതുമാണ്. ആ കരാറിന് നിയമ പ്രാബല്യം ഉണ്ടായിരിക്കുന്ന സമയത്ത് ആ കരാറിന്റെ നിബന്ധനകളാണ് ഇരുകൂട്ടരും പാലിക്കേണ്ടത്. രാജ്യത്തുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങൾ ആ തൊഴിൽ കരാറിന്റെ സാധുതയെ വിപരീതമായി ബാധിക്കുന്നില്ല. അല്ലാത്ത പക്ഷം ഗവർമെന്റിന്റെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരിക്കണം.
അതിനാൽ രാജ്യത്തിനകത്തുള്ള തൊഴിലാളികളുടെ അവധി സംബന്ധമായ കാര്യങ്ങൾ തൊഴിൽ നിയമത്തിന്റെയും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാറിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. അതിൽ മാറ്റം വരുത്താൻ തൊഴിലാളിക്കോ തൊഴിലുടമക്കോ ഏകപക്ഷീയമായി സാധിക്കില്ല. അതിനാൽ രാജ്യത്തിനകത്തുള്ള തൊഴിലാളിക്ക് ശമ്പളമില്ലാത്ത അവധി അനുവദിക്കണമെങ്കിൽ അതിന് തൊഴിലാളിയുടെ സമ്മതം കൂടി ആവശ്യമാണ്.
കുവൈറ്റ്
കുവൈറ്റിലും സമാനമായ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളെ എതിരായി ബാധിക്കുന്നു എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.
പല ഷോപ്പുടമകളും അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വേതനം നൽകില്ല എന്ന നിലപാടെടുത്തിരിക്കുന്നു. പലരും ഇക്കാര്യം തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്. എന്നാൽ തൊഴിലാളികൾ ഇക്കാര്യത്തിൽ പൂർണ്ണമായും തൊഴിലുടമകളോട് യോജിക്കുന്നില്ലാത്തതിനാൽ പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. കൊറോണ രോഗ ബാധയുടെ ശമനത്തിന് ശേഷം ഇതൊരു നിയമ പ്രശ്നമായി ഉയർന്ന് വരാൻ സാധ്യത ഏറെയാണ്.
എന്നാൽ ഇക്കാര്യത്തിൽ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. കാരണം ഷോപ്പുകൾ അടച്ചിടുന്ന സാഹചര്യം ഉണ്ടായത് തൊഴിലാളികളുടെ വീഴ്ച കൊണ്ടല്ല. തൊഴിലാളികൾ ജോലി ചെയ്യാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം നൽകാതിരിക്കുന്നത് നിയമ പരമായും ധാർമികമായും ശരിയല്ല എന്നാണ് തൊഴിലാളികളുടെ നിലപാട്.
എന്നാൽ തൊഴിലുടമകളും കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് മാത്രമാണ് നോക്കിക്കാണുന്നത്. തങ്ങൾ ഷോപ്പുകൾ തുറക്കാൻ തയ്യാറാണെന്നും എന്നാൽ രോഗ വ്യാപനം തടയുന്നതിനായി ഷോപ്പുകൾ അടച്ചിടണമെന്ന അധികൃതരുടെ തീരുമാനം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ഷോപ്പുടമകളും പറയുന്നു.
എന്നാൽ വിഷയത്തിൽ നിയമം തൊഴിലാളികളുടെ കൂടെയാണ്. തൊഴിലാളികൾക്ക് ഈ ദിവസങ്ങളിലെ വേതനം ലഭിക്കാൻ നിയമപരമായി തന്നെ അർഹതയുണ്ടെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
നിയമത്തിലെ ആർട്ടിക്കിൾ 61 പ്രകാരം ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വേതനം നൽകണം. കാരണം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്നത് തൊഴിലാളികൾ തൊഴിലുടമയുടെ കിഴിൽ ഷോപ്പിൽ ജോലി ചെയ്യാൻ വിസമ്മതിച്ചത് പ്രകാരമല്ല. അവർ ജോലി ചെയ്യാൻ തയ്യാറാണ്.
തൊഴിലാളികളുടേതല്ലാത്ത കാരണം മൂലം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലുടമ തൊഴിലാളിക്ക് നിർബന്ധമായും വേതനം നൽകണമെന്ന് വകുപ്പ് 61 നെ ഉദ്ധരിച്ചു കൊണ്ട് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
KUWAIT
മലയാളികള്‍ വിശ്വസിച്ച ഈ മുന്‍ പ്രവാസിയുടെ കഥ വ്യാജം. സത്യം പുറത്തു വന്നപ്പോള്‍ മുങ്ങി.

കഴിഞ്ഞ ദിവസം പ്രവാസികളും അല്ലാത്തവരുമായ സാധാരണക്കാരില്‍ ഏറെ സന്തോഷം പകര്‍ന്ന ഒരു വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു പ്രാരാബ്ദം മൂലം അന്യ സംസ്ഥാനത്ത് സെക്യൂരിറ്റി ജോലി ചെയ്തു വന്നിരുന്ന മുന്‍ പ്രവാസിക്ക് ഒരു കോടി രൂപയുടെ കേരള ലോട്ടറി സമ്മാനം ലഭിച്ചുവെന്നയിരുന്നു വാര്‍ത്ത.
സുഹൃത്തില്‍ നിന്നും കടം വാങ്ങിയ അഞ്ഞൂറ് രൂപ മുടക്കി ഇദേഹം എടുത്ത ഒരു ടിക്കറ്റിനാണ് കേരള ഭാഗ്യക്കുറിയുടെ സംഗമിത്ര ലോട്ടറിയുടെ അഞ്ചു പേര്‍ക്ക് ഒരു കോടി രൂപ വീതം നല്‍കുന്ന സമ്മാനം ലഭിച്ചതെന്നും സമ്മാനം ലഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മംഗളൂരുവിലെ തോക്കോട്ടുള്ള സ്മാര്‍ട്ട് പ്ലാനറ്റ് ബിഡിങ്ങില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് സ്വദേശി മൊയ്തീന്‍കുട്ടിയുടെ (65) വാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രസിദ്ധീരിച്ചത്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ലോട്ടറിയടിച്ചെന്ന വാര്‍ത്ത മൊയ്തീന്‍ കുട്ടി തന്നെ കെട്ടിച്ചമച്ചതെന്നാണ് അറിയുന്നത്. ലോട്ടറി സമ്മാനം ലഭിച്ചെന്ന പ്രതീതി പരത്തി പലരില്‍ നിന്നും പണം കടം വാങ്ങി ഇയാള്‍ മുങ്ങിയിരിക്കുകയണെന്നും മാധ്യമങ്ങള്‍ പുറത്തു വിട്ട പുതിയ വാര്‍ത്തകളില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മൊയ്തീന്‍കുട്ടിക്ക് ലോട്ടറി സമ്മാനം ലഭിച്ചെന്ന് വ്യക്തമാക്കി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്നെ സാരമായ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. 1988ല്‍ ദുബായിയില്‍ നിന്നും ലോട്ടറി എടുത്തപ്പോള്‍ ഇയാള്‍ക്ക് ഒരു കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചെന്നും ഇയാള്‍ പറഞ്ഞതായി വാര്‍ത്തകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്നത്തെ പത്തു കോടി രൂപ സമ്മാനം ലഭിച്ച ഇയാള്‍ എന്തിനാണ് ഇപ്പോള്‍ അന്യസംസ്ഥാനത്ത് സെക്യൂരിറ്റി ജോലിക്കാരനായി ജോലി ചെയ്യുന്നതെന്ന സാഹചര്യം വാര്‍ത്തയില്‍ വിശദീകരിച്ചിരുന്നില്ല.
സമ്മാനം കിട്ടിയതെന്ന് അവകാശപ്പെട്ടു കൊണ്ട് ഇയാള്‍ പ്രസ്തുത ടിക്കറ്റിന്‍റെ പകര്‍പ്പായിരുന്നു കാണിച്ചിരുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റ് അധികൃതര്‍ക്ക് സമര്‍പ്പിച്ചു എന്നാണ് കാരണം പറഞ്ഞിരുന്നത്. ഇയാള്‍ ജോലി ചെയ്യുന്നതിന് സമീപത്തുള്ള ഇന്റര്‍നെറ്റ് ഷോപ്പില്‍ നിന്നുമാണ് ടിക്കറ്റ് തിരുത്തി സമ്മാനം ലഭിച്ച ടിക്കറ്റിന്റെ നമ്പര്‍ ചേര്‍ത്തതായി പറയുന്നത്.
ലോട്ടറി സമ്മാനം ലഭിച്ച കഥ ഇയാള്‍ തന്നെ കെട്ടിച്ചമച്ചത് എന്നാണ് നിഗമനം. ഇയാള്‍ തന്നെയാണ് മാധ്യ പ്രവര്‍ത്തകരോട് സമ്മാനം ലഭിച്ച വാര്‍ത്ത അറിയിച്ചത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഈ ലേഖകള്‍ ഈ വാര്‍ത്ത ആവശ്യമായ അനേഷണം നടത്താതെ അവരവരുടെ സ്ഥാപനങ്ങള്‍ക്ക് കൈമാറുകയായിരുന്നു. പുതിയ വാര്‍ത്ത പുറത്തു വന്നത് മുതല്‍ മൊയ്തീന്‍കുട്ടിയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും വാര്‍ത്തകളില്‍ പറയുന്നു. എന്തിനാണ് ഇയാള്‍ ഇത്തരത്തില്‍ കള്ളക്കഥ മെനഞ്ഞതെന്ന് വ്യക്തമല്ല.
KUWAIT
ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

കുവൈറ്റ് സിറ്റി: രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വരെ വിള്ളലുണ്ടാക്കിയ പ്രമാദമായ കുവൈറ്റ് ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയുടെ കേസിൽ കുവൈറ്റ് ക്രിമിനൽ കോടതിയുടെ സുപ്രധാന വിധി. യുവതിയുടെ മരണത്തിന് കാരണക്കാരിയായ സ്വദേശി യുവതിക്ക് വധശിക്ഷ വിധിച്ച കോടതി യുവതിയുടെ ഭർത്താവിന് നാല് വർഷം തടവ് ശിക്ഷയും വിധിച്ചു.
2019 ഡിസംബർ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുവൈറ്റിൽ ഗാർഹിക തൊഴിലാളിയായിരുന്ന ജീൻലിൻ വില്ലാവന്റെ എന്ന യുവതിയാണ് സ്വദേശി യുവതിയുടെ പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടത്.
സ്വദേശി യുവതിയുടെ ഭർത്താവാണ് ജീൻലിനെ അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ഇയാൾക്ക് പീഡന വിവരം മറച്ചു വെച്ചതിനും പ്രതിയെ രക്ഷെപ്പടുത്താൻ ശ്രമിച്ചതിനുമാണ് നാല് വർഷം തടവ് ശിക്ഷ വിധിച്ചത്.
വിദഗ്‌ധ പരിശോധനയിൽ ജീൻലിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഗുരുതരമായ ആന്തരിക പരിക്കുകളും കണ്ടെത്തി. ഇതോടെ വീട്ടുടമസ്ഥരായ യുവതിയെയും ഭർത്താവിനെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സ്വദേശി യുവതിയുടെ ക്രൂരമായ പീഡനമേറ്റാണ് ജീൻലിൻ മരിച്ചതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായതോടെ ഫിലിപ്പൈൻസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതുമൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്ന അവസ്ഥയും ഉണ്ടായി.
ഫിലിപ്പൈൻസിലും ശക്തമായ പ്രതിഷേധം ഉയർന്നു. പ്രതിഷേധത്തിന് ഒടുവിൽ ജനുവരി മൂന്നോട് കൂടി ഫിലിപ്പൈൻസ് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തി വെക്കുകയും ചെയ്തിരുന്നു. പിന്നീട് നയതന്ത്ര തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പൈൻസ് പുനരാരംഭിച്ചത്.
വിധി പുറത്ത് വന്ന ശേഷം വിധിയെ അനുകൂലിച്ചു കൊണ്ട് ശക്തമായ പ്രസ്താവനയാണ് ഫിലിപ്പൈൻസ് എംബസ്സി നടത്തിയത്. ഒരു ഫിലിപ്പൈൻസ് സ്വദേശിയും എവിടെയും എപ്പോഴും ആരുടേയും അടിമകളല്ല എന്ന് ഈ വിധി അടിവരയിടുന്നു. തങ്ങളുടെ പൗരന്മാർ എവിടെയൊക്കെ നിസ്സഹായരായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടോ അവിടെയൊക്കെ താങ്ങായി തങ്ങളുണ്ടാകുമെന്നും എംബസ്സി വ്യക്തമാക്കി.
കൃത്യം നടന്ന ശേഷം ഒരു വർഷം പൂർത്തിയായ ദിവസമാണ് കോടതി വിധി ഉണ്ടായതെന്നതും ശ്രദ്ധേയമാണ്. കേസിൽ ഫിലിപ്പൈൻസ് എംബസിക്ക് വേണ്ടി ഹാജരായ അഭിഭാഷക ഷൈഖ ഫവാസിയ അൽ സബാഹക്കും കുവൈറ്റ് സർക്കാരിനും കുവൈറ്റ് നിയമ വ്യവസ്ഥക്കും ഫിലിപ്പൈൻ സ്ഥാനപതി മുഹമ്മദ് നൂറുദ്ദീൻ പെൻഡോസിനെ കൃതജ്ഞത രേഖപ്പെടുത്തി.
KUWAIT
സൗദിയിലും കുവൈറ്റിലും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

സൗത്ത് കൊറിയൻ കമ്പനി ബ്ലൂഹോളിന്റെ പബ്‌ജി ഗെയിമിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൾഫ് നാടുകളിൽ വിവാദമായി. പുതിയ പതിപ്പിലെ വിഗ്രഹ ആരാധനയാണ് വിവാദമായത്. സൗദിയിലും കുവൈറ്റിലും ഈ ഗെയിമിന്റെ പുതിയ പതിപ്പ് കളിക്കുന്നത് അറസ്റ്റിലേക്കും ജയിൽ ശിക്ഷയിലേക്കും വഴിവെക്കുമെന്ന മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
പുതിയ പതിപ്പ് കളിക്കുന്നതിനെതിരെ പണ്ഡിതൻമാരും പുരോഹിതരും രംഗത്തെത്തിയിട്ടുണ്ട്. ഗെയിമിലെ ചില ഭാഗങ്ങൾ ഇസ്ളാം മത വിശ്വാസത്തിന് എതിരായതിനാൽ ഈ പതിപ്പിലുള്ള ഗെയിം കളിക്കുന്നത് കുറ്റകരമാണെന്ന മുന്നേറിയിപ്പും നൽകി. കുട്ടികളെ വഴി തെറ്റിക്കുന്ന ഈ ഗെയിം പതിപ്പ് ഡൗൺലോഡ് ചെയ്യുകയോ കളിക്കുകയോ ചെയ്യുന്നതിൽ നിന്നും കുട്ടികളെ വിലക്കണമെന്ന നിർദ്ദേശവും ഇവർ നൽകിയിട്ടുണ്ട്.
പുതിയതായി പുറത്തു വിട്ട ‘മിസ്റ്റീരിയസ് ജംഗിൾ’ മോഡിലാണ് വിവാദം ഉടലെടുത്തത്. ഗെയിമിലെ കളിക്കാർക്ക് ആരോഗ്യദായകമായ ഹെൽത്ത് കിറ്റുകൾ, ഊർജ്ജദായക പാനീയങ്ങൾ, മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവ ലഭിക്കുന്നതിനായി വിഗ്രഹങ്ങളോട് പ്രാർത്ഥിക്കുന്ന ഭാഗങ്ങളാണ് വിവാദമായത്.
വിഗ്രഹങ്ങളുടെ മുന്നിലുള്ള ഇത്തരം പ്രാർത്ഥനകളും തല കുനിക്കലുകളും വിശ്വാസത്തിന് എതിരാണെന്നും അതിനാൽ ഈ ഗെയിമുകൾ കളിക്കുന്നത് മതപരമായി അനുവദനീയം അല്ലെന്നുമാണ് പണ്ഡിതർ പറയുന്നത്.
സൗദി അറേബ്യയിലും കുവൈറ്റിലും നിരവധി പണ്ഡിതന്മാർ ഈ ഗെയിമിലെ പുതിയ പതിപ്പിലെ മതവിരുദ്ധ മാറ്റങ്ങൾക്കെതിരെ ശബ്ദമുയർത്തി. സൗദിയിലെ ദഅവ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ. ആരിഫ് ബിൻ മാസ്യാദ് അൽ സുഹൈമി, കുവൈറ്റ് കോളേജ് ഓഫ് ബേസിക് എഡ്യൂക്കേഷനിലെ പ്രൊഫസർ ഡോ. റഷീദ് അൽ അലിമി, കുവൈറ്റ് യൂണിവേഴ്സിറ്റി ശരിയ കോളേജ് പ്രൊഫസർ ഡോ. ബസാം അൽ ശാത്തി തുടങ്ങിയ പ്രമുഖർ ഈ ഗെയിമിനെതിരെ വിമർശനവുമായി രംഗത്ത് വന്നു.
ഇതോടെ ഗെയിം ഡെവലപ്പർ കമ്പനി ടാൻസൻറ് ഖേദം രേഖപ്പെടുത്തിയിട്ടുണ്ട്. വിവാദമായ ഭാഗങ്ങൾ മാറ്റാമെന്നുള്ള ഉറപ്പും കമ്പനി നൽകിയിട്ടുണ്ട്.