LATEST
പ്രവാസികളുടെ തിരിച്ചു വരവ് താൽക്കാലികമായ തിരിച്ചടി മാത്രമാണെന്ന് ജോയ് മാത്യു

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പ്രവാസി മലയാളികളുടെ തിരിച്ചു വരവ് താൽക്കാലികമായ തിരിച്ചടി മാത്രമാണെന്ന് മുൻ പ്രവാസിയും പ്രവാസ ലോകത്ത് മാധ്യമ പ്രവർത്തകനും ഇപ്പോൾ ചലച്ചിത്ര താരവുമായ ജോയ് മാത്യു.
ഇത്രയും കുറഞ്ഞ വേതനത്തിന് ഇത്രയും നിപുണനായ തൊഴിലാളികളെ ഗൾഫിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും കിട്ടാത്ത കാലത്തോളം മലയാളിക്ക് എന്നും പ്രവാസ ജീവിതത്തിൽ ആവശ്യക്കാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
നിപുണനായ തൊഴിലാളികളില്ലാതെ ഗൾഫ് രാജ്യങ്ങൾ ആയാലും മുന്നോട്ട് പോകാൻ സാധിക്കില്ല. അവിടുത്തെ ഏതു മേഖല എടുത്താലും അതിൽ ഏറ്റവും പ്രധാനമായ ഘടകം ഈ തൊഴിലാളികൾ തന്നെയാണ്.
ഒരു പ്രവാസിയായി ശീലിച്ച ഒരാൾക്ക് ഒരിക്കലും ഇനി കേരളത്തിൽ സ്ഥിരമായി തുടരാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അയാൾ ഇപ്പോൾ തന്നെ വായ്പകൾ ഉൾപ്പെടെയുള്ള ഒരുപാട് ബാധ്യതകൾ ഉണ്ടാവും. ഇനിയും ബാധ്യതകൾ ഉണ്ടാവും. അപ്പോൾ സ്വാഭാവികമായി അയാൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുക തന്നെ ചെയ്യും.
പ്രവാസികൾക്ക് കേരളം ഒരു ഇടത്താവളം മാത്രമാണ്. അവർക്ക് സ്ഥിരമായി നിൽക്കാൻ സാധിക്കില്ല. രണ്ടു മൂന്ന് മാസത്തിനിടയിൽ പതിമൂന്ന് തവണയെങ്കിലും വിസിറ്റ് വിസയിൽ ഗൾഫിലേക്ക് പോയി വന്ന കാസർകോട് സ്വദേശികളൊക്കെ ഇവിടെയുണ്ട്.
തിരിച്ചു വരവിന്റെ ആശങ്ക വളരെ ശക്തമാണ്. തിരിച്ചു വരുന്ന പ്രവാസിക്ക് സ്റ്റാറ്റസ്കോ നിലനിർത്താൻ പ്രയാസമാണ്. ചുരുങ്ങിയത് ഒരു ഇരുചക്ര വാഹനം പോലുമില്ലാതെ യാത്രക്കായി ബസ് കാത്ത് നിൽക്കാൻ പ്രവാസിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല. ഇനി നാട്ടിൽ വന്ന് ഒരു പുതിയ സംരംഭം തുടങ്ങുന്നത് പ്രയാസമായിരിക്കും.
സർക്കാർ എന്തൊക്കെ പറഞ്ഞാലും സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ പരിഗണന അല്ല മറിച്ച് അവഗണന ആയിരിക്കും ഉണ്ടാവാൻ പോകുന്നത്. കാരണം പരിഹാസം മലയാളിയുടെ മുഖമുദ്രയാണ്. സംരംഭകരായത് മൂലം മുൻ പ്രവാസികളായ രണ്ടു പേർ ആത്മഹത്യ ചെയ്യേണ്ടി വന്ന സ്ഥലമാണിത്.
ഇനി ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ ചെയ്യേണ്ടത് കേരളത്തിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാൻ കേരളീയർ പഠിക്കണം എന്നതാണ്. കണ്ണൂർ ഖാദി, കേരള സോപ്സ് പോലുള്ള തദ്ദേശീയ സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഉപോയന്നാണ് വാങ്ങി ഉപയോഗിച്ച് ശീലിക്കുക. എങ്കിൽ പ്രവാസികൾ സംരംഭങ്ങൾ തുടങ്ങിയാൽ വിജയിക്കാൻ സാധിക്കും.
പ്രവാസികളോട് ഇഷ്ടവും സ്നേഹവുമുണ്ട്. എന്നാൽ ആലിംഗനം ചെയ്യാൻ വയ്യ എന്ന മാനസികാവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. അവർ തരുന്ന പാരിതോഷികങ്ങൾ കൈനീട്ടി വാങ്ങിയ നമുക്ക് ഇപ്പോൾ അവർ തിരിച്ചു വരുമ്പോൾ അവരെ സ്വീകരിക്കാനുള്ള മനസ്സുണ്ടാവണം.
രാജ്യത്തിന് വേണ്ടി തന്നെയാണ് അവർ പ്രവാസികളായത്. ഇവിടെ പട്ടിണിയും പരിവട്ടവും ആയപ്പോൾ ജീവിക്കാൻ വേണ്ടി നാട് വിട്ടു പോയ ആളുകളാണവർ. അല്ലാതെ പ്രവാസം അവരുടെ ജനിതക ഘടനയിൽ ഉണ്ടായത് കൊണ്ടാണ് എന്നൊന്നും പറയാൻ സാധിക്കില്ല.
കേരളത്തെ നില നിർത്തുന്നത് മൂന്ന് ഘടകങ്ങളാണ്. മദ്യം, ലോട്ടറി, പ്രവാസികൾ. മദ്യവും ലോട്ടറിയും ഇപ്പോഴില്ല. മൂന്നാമത്തെ ഘടകമായ പ്രവാസികൾ ഇവിടെ എത്തുമ്പോഴും അവരെ സ്നേഹത്തോടെ സ്വീകരിക്കുകയും അവരെ രോഗം മാറി ആത്മ വിശ്വസത്തോടെ തിരിച്ചയക്കുകയും വേണമെന്ന് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
LATEST
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

നെടുമ്പാശ്ശേരി വിമാന താവളത്തിൽ യാത്രക്കാർ പറ്റിക്കപ്പെടുന്നതായി പരാതി. യാത്രക്കാരുടെ ലഗേജുകൾ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു കൊടുക്കാൻ കരാറെടുത്തിട്ടുള്ള കമ്പനികളുടെ ജീവനക്കാരാണ് കോവിഡിന്റെ പേരിൽ യാത്രക്കാരെ ഭയപ്പെടുത്തി പറ്റിക്കുന്നത്.
യാത്രക്കായി വരുന്നവരോട് ലഗേജുകൾ അനുവദിക്കണമെങ്കിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിയണമെന്നാണ് ഇവർ പറയുന്നത്. അല്ലാത്ത പക്ഷം വിമാനത്താവളത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ചിലപ്പോൾ ചെന്നിറങ്ങുന്ന വിമാനത്താവളത്തിലും ലഗ്ഗേജ് വിട്ടുതരില്ലെന്നനാണ് ഇവർ പറയുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിബന്ധനകൾ മാറി വരുന്നത് പെട്ടെന്നാകയാൽ യാത്രക്കാർ യാത്രക്ക് തടസ്സം വരുമെന്ന ഭയത്താൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ ഇവിടങ്ങളിൽ നിന്നും ലഗേജുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിയുന്നു. മുന്നൂറ് രൂപയാണ് ഇത്തരത്തിൽ റാപ്പിംഗിനായി ഒരു യാത്രക്കാരനിൽ നിന്നും ഈടാക്കുന്നത്.
എന്നാൽ യാത്രക്കാരുടെ പരാതി മൂലം ടെർമിനൽ മാനേജർ ഇത് സംബന്ധിച്ച് ഒരു ബോർഡ് സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. അതിൽ റാപ്പിംഗ് നിർബന്ധമല്ലെന്നും താൽപ്പര്യം ഉള്ളവർ മാത്രം റാപ്പിംഗ് നടത്തിയാൽ മതിയെന്നും എഴുതിയിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ ടെർമിനൽ മാനേജരുമായി ബന്ധപ്പെടാനും അതിൽ സൂചിപ്പിച്ചിരിക്കുന്നു.
റാപ്പിംഗ് ചെയ്തതിന് ശേഷം ഈ ബോർഡ് കാണുന്ന ചിലർ ഈ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. പക്ഷെ ഭൂരിഭാഗം പേരും തർക്കിക്കാതെ പോകുകയാണ് ചെയ്യുന്നത്.
കോവിഡ് കാലമായതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ സംഭവിച്ച വൻകുറവ് മൂലം റാപ്പിംഗ് കരാർ എടുത്ത സ്ഥാപനത്തിന് വന്ന നഷ്ടം നികത്താനാണ് ഈ തെറ്റിദ്ധരിപ്പിക്കൽ. വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ ഒത്താശ കൂടി ഈ തട്ടിപ്പിനുള്ളതായി യാത്രക്കാർ പറയുന്നു.
LATEST
പുതിയ കോവിഡ് വൈറസ് കൂടുതൽ അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന.

ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് അപകടകാരിയാണെന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.
പുതിയ വൈറസിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള പഠനത്തിൽ നിന്നും മറിച്ചുള്ള തെളിവുകളില്ല. ജനങ്ങൾക്ക് ചെയ്യാനുള്ള ഏറ്റവും മികച്ച കാര്യം രോഗം പടരാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ്.
തങ്ങൾക്ക് ഓരോ ദിവസവും പുതിയ വൈറസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വകഭേദം സംഭവിച്ച പുതിയ വൈറസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലും പടരാൻ സാധ്യത കൂടുതൽ ഉണ്ടെന്നുമാണെന്നും ജനീവയിലെ ആസ്ഥാനത്ത് വെച്ചുള്ള ദിനേനയുള്ള യോഗത്തിൽ അധികൃതർ പറഞ്ഞു.
കൊറോണ വൈറസിന് സംഭവിച്ച ജനിതക മാറ്റം അതിന്റെ സ്വഭാവത്തിൽ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നതെന്ന് അറിയുന്നതിനായി ശാസ്ത്രജ്ഞന്മാരുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡ്റോസ് അഥേനം വ്യക്തമാക്കി.
വൈറസുകൾക്ക് ജനിതക മാറ്റം സംഭവിക്കുന്നത് പുതിയ കാര്യമല്ലെന്നും ഇത് പ്രതീക്ഷിക്കപ്പെട്ടതാണെന്നും
ട്രെഡ്റോസ് അഥേനം പറഞ്ഞു. വൈറസ് പടരുന്നത് എത്രയും പെട്ടെന്ന് തടയുക എന്നത് ഏറ്റവും പ്രധാനമാണ്.
ഈ വൈറസുകളെ കൂടുതൽ പടർന്ന് പിടിക്കുന്നതിനായി അനുവദിച്ചാൽ അതിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള അവസരങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. രോഗം പടരുന്നത് തടയാൻ എല്ലാ സാർക്കാരുകളും ജനങ്ങളൂം കൂട്ടായ പ്രവർത്തനം നടത്തണമെന്നും ട്രെഡ്റോസ് അഥേനം ആവശ്യപ്പെട്ടു.
LATEST
ചലഞ്ചുകളിൽ ആകൃഷ്ടരായി അനുഭവം പങ്കു വെക്കുന്നവർക്ക് കെണിയൊരുക്കുന്നവർ

സമൂഹ മാധ്യമങ്ങളിൽ സിംഗിൾ പാരന്റ് ചലഞ്ച്, ബെസ്റ്റ് കപ്പിൾ ചലഞ്ച്, ബെസ്റ്റ് മാം ചലഞ്ച് എന്നിങ്ങനെ ചലഞ്ചുകളുടെ തരംഗത്തിൽ ആകൃഷ്ടരായി സ്വന്തം അനുഭവങ്ങൾ പങ്കു വെക്കുന്നവർ ചതിക്കുഴികളിൽ പെടുന്നു. ഇത്തരക്കാരെ ലക്ഷ്യം വെച്ച് കെണിയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ സൈബർ ക്രിമിനൽ സംഘങ്ങൾ ഇന്റെനെറ്റിൽ പ്രവർത്തിച്ചു വരുന്നതായാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം.
ഇത്തരമൊരു ചലഞ്ചിൽ പങ്കെടുത്ത് കെണിയിൽ അകപ്പെട്ട ബിജു എന്ന പ്രവാസി മലയാളിയാണ് താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു മുന്നോട്ട് വന്നിട്ടുള്ളത്. ലംഗ്സ് കാൻസർ ബാധിതയായി ഭാര്യ മരിച്ചതിനെ തുടർന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളി എഴുതിയ കുറിപ്പ് . ഓൺലൈൻ മാധ്യമങ്ങൾ പലരുടെയും അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ തന്റെ സ്വകാര്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.
രണ്ടു തവണയാണ് തനിക്കുവേണ്ടി സൈബർ ക്രിമിനലുകളായ സ്ത്രീകൾ കെണിയൊരുക്കിയത്. എട്ടോളം പ്രൊഫൈലുകളിൽ നിന്നും കെണിയെന്ന വ്യാജേന ലക്ഷ്യം വെച്ചെങ്കിലും താൻ കരുതിയിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ബിജു പറയുന്നു. ആ കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോഴുള്ള അനുഭവങ്ങളിൽ നിന്നും ഇപ്പോൾ തോന്നുന്നതെന്നും ബിജു പറയുന്നു.
ആ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്നാണ് എനിക്ക് കോളുകൾ വന്നതെന്ന് ബിജു പറയുന്നു. അധികവും ഫേക്ക് ഐഡിയിൽ നിന്നാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. അതിൽ കുട്ടികളെ നോക്കാമെന്നു പറഞ്ഞ് സന്ദേശം അയച്ച ഒരു സ്ത്രീയുടെ ഫേക്ക് ഐഡിയിൽ നിന്നും വന്ന കെണിയിൽ ഞാൻ കുടുങ്ങി.
സന്ദേശം വന്ന ഉടനെ അവരുടെ പ്രൊഫൈൽ താൻ പരിശോധിച്ചു. അപ്പോൾ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. അതിനാൽ താൻ അവരുമായി പ്രതികരിച്ചു. ഞാൻ ഇപ്പോൾ കുവൈറ്റിലാണുള്ളത് നാട്ടില് വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഉടനെ തന്നെ എനിക്ക് അവരുടെ വിഡിയോ കോൾ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാൻ ഉടനെ ആ കോൾ അറ്റന്റ് ചെയ്തു. പക്ഷേ തന്നെ കെണിയിൽ കുടുക്കാനായിരുന്നു ആ വീഡിയോ കോൾ എന്ന് കോൾ എടുത്ത ശേഷമാണ് തനിക്ക് മനസ്സിലായത്.
താൻ കോൾ എടുത്തയുടനെ മറുവശത്തുള്ള അവർ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില് എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. ചതിയാണെന്ന് മനസ്സിലായതോടെ താൻ ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയും ചെയ്തു. പക്ഷെ വീണ്ടും അവർ തന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാൻ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോൾ റെക്കോർഡ് ചെയ്തുവെന്നും ബിജു പറയുന്നു.
എന്നാൽ ഞാൻ കോൾ റെക്കോർഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആദ്യം ചെയ്ത കോളിൽ എന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും ആ കോൾ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും അവർ തന്നെ ഭീഷണിപ്പെടുത്തി. മാത്രമല്ല തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതിൽ നിന്നും ഈ വിഡിയോകോൾ പലർക്കും പങ്കുവയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.
തുടർന്ന് തന്റെ മെസഞ്ചറിൽ നിന്നും താനാണെന്ന വ്യാജേന ഭാര്യയുടെ സുഹൃത്തുക്കൾക്കടക്കം പലർക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തിൽ അവർ സന്ദേശങ്ങൾ അയച്ചു. എന്നാൽ തന്നെ വ്യക്തമായി അറിയാവുന്നവരായതിനാൽ അവർ എന്നെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനാൽ തെറ്റിദ്ധാരണയിൽ നിന്ന് താൻ രക്ഷപ്പെട്ടു.
അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്ന് തുടർച്ചയായി എനിക്ക് വിഡിയോ കോൾ വന്നുകൊണ്ടിരുന്നു. മുൻകാല അനുഭവം ഉള്ളതിനാൽ താൻ ആ കോളുകൾ അറ്റൻഡ് ചെയ്തില്ല.
പിന്നീട് മറ്റൊരു യുവതിയുടെ പ്രൊഫൈലിൽ നിന്ന് വിവാഹാലോചനയുടെ രൂപത്തിലായിരുന്നു അടുത്ത കെണി. പക്ഷെ ആലോചന വന്ന പ്രൊഫൈലിൽ അവരുടെ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. വ്യാജ ഐഡി ആണെന്ന് സംശയം തോന്നിയതിനാൽ ഫോട്ടോ അയക്കാൻ അവരോടു ഞാൻ ആവശ്യപ്പെട്ട. എന്നാൽ ഫോട്ടോ അയക്കുന്നതിന് പകരം ഉടനെ ആ പ്രൊഫൈലിൽ നിന്ന് എനിക്ക് വിഡിയോ കോൾ വരികയാണ് ചെയ്തത്. ചതിയാണെന്ന് വ്യക്തമായതിനാൽ ആ കോൾ ഞാൻ എടുത്തില്ല. പ്രൊഫൈൽ ഫോട്ടോയുമായി റെക്കോർഡ് ചെയ്ത് സന്ദേശം അയക്കാൻ പറഞ്ഞതോടെ പിന്നെ ആ ഐഡിയിൽ നിന്നും കോൾ വന്നില്ല.
പലപ്പോഴും നമ്മളുമായി അടുത്ത് അറിയുന്നവരോ വ്യക്തമായി അറിയുന്നവരോ ആയിരിക്കും ഇതിന് പിന്നിൽ. അവർ ഇത്തരം വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കി ചതിക്കുഴികളിൽ പെടുത്തി ബ്ളാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിക്കും. തന്റെ ഒറ്റപ്പെട്ട അനുഭവമല്ലെന്നും ഒരുപാട് പേർ കെണിയിൽ വീണു പോയിട്ടുണ്ടാകുമെന്നും മാനഹാനി ഓർത്ത് പുറത്ത് പറയാതിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഇത്തരം ചതിയിൽ പെട്ട് പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ബിജു പറയുന്നു.