Connect with us

LATEST

ഇതിനപ്പുറം ഒരു പ്രവാസിക്ക് എന്താണ് ലഭിക്കാനുള്ളത്?

Published

on

 

ഫൈനൽ എക്സിറ്റിനെ കുറിച്ച് അവസാന തീരുമാനം എടുക്കാൻ സുലൈമാന് സ്പോൺസർ അഹമ്മദ് നൽകിയിരിക്കുന്നത് രണ്ടു ദിവസമായിരുന്നു. ഇന്ന് അവസാന തീരുമാനം പറയണം.

ഏറെ ആലോചിച്ച ശേഷമാണ് നാട്ടിലേക്ക് ഫൈനൽ എക്സിറ്റിൽ പോകാൻ സുലൈമാൻ അനുവാദം ചോദിച്ചത്. ശേഷിക്കുന്ന കാലം ഭാര്യയുടെയും മക്കളുടെയും കൂടെ കഴിയണം. സ്വന്തം മക്കളെ ഓമനിക്കാൻ കഴിഞ്ഞിട്ടില്ല. പേരകുട്ടികളുടെ കൂടെയെങ്കിലും പടച്ചവൻ തിരിച്ചു വിളിക്കുന്നത് വരെ ജീവിക്കണം.

നാട്ടിൽ പോയി സ്വസ്ഥമായി ജീവിക്കണം എന്ന കാര്യത്തിൽ ഇനി കൂടുതലൊന്നും ആലോചിക്കാനില്ല. വന്ന നാൾ മുതൽക്കേയുള്ള ആഗ്രഹമാണത്. അതിന് വേണ്ടിയാണ് രാവും പകലുമില്ലാതെ അധ്വാനിച്ചത്. ആവശ്യത്തിന് സമ്പാദിക്കുകയും ചെയ്തു. അതിനെ കുറിച്ചൊരു വീണ്ടു വിചാരം ഇപ്പോൾ ഇല്ല.

ആലോചിക്കേണ്ടത് സ്പോൺസറായ അഹമ്മദിനെ വിട്ടു പോകുന്നതിനെ കുറിച്ച് മാത്രമാണ്. അത് മാത്രമാണ് ഏറ്റവും വിഷമം ഉണ്ടാക്കുന്ന കാര്യം. കുഞ്ഞായിരുന്നപ്പോൾ സ്വന്തം മകനെ പോലെ കൂടെ നടന്നതാണ്. സുലൈമാൻ എപ്പോഴും അഹമ്മദിന്റെ കൂടെ ഉണ്ടാവണം എന്ന് മാത്രമാണ് അഹമ്മദിന്റെ പിതാവായ ആദ്യത്തെ സ്പോൺസർ മരണ സമയങ്ങളിൽ തന്നോട് പറഞ്ഞത്. അത് കടുകിട തെറ്റാതെ പാലിച്ചിട്ടുമുണ്ട്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒന്നും ആഗ്രഹിക്കാതെ കൂടെ നിന്നിട്ടുണ്ട്.

 

അത് കൊണ്ട് തന്നെയാണ് പിതൃസവിശേഷമായ സ്നേഹം എന്നോട് മകനായ ഇപ്പോഴത്തെ സ്പോൺസർ അഹമ്മദിന് ഉള്ളത്. തനിക്കും അഹമ്മദ് മകനെ പോലെ തന്നെയാണ്. സുലൈമാൻ എന്ന് മാത്രമേ തന്നെ ഇതുവരെ വിളിച്ചിട്ടുള്ളൂ. ഒരു വാക്ക് പോലും മോശമായി സംസാരിച്ചിട്ടില്ല. ചില സന്ദർഭങ്ങളിൽ എന്നിൽ മരിച്ചു പോയ പിതാവിനെ തന്നിൽ കാണുന്നുണ്ടോ എന്ന് പോലും സുലൈമാന് തോന്നി പോയിട്ടുണ്ട്.

വഞ്ചനയാണെന്ന് ഉറപ്പുള്ളത് കൊണ്ട് പല ബിസിനസ് ഡീലുകളിൽ നിന്നും പാർട്ണർഷിപ്പുകളിൽ നിന്നും സുലൈമാൻ അഹമ്മദിനെ തടഞ്ഞിട്ടുണ്ട്. ആ സമയങ്ങളിൽ അഹമ്മദിന് സുലൈമാനെ തള്ളിപ്പറയാമായിരുന്നു. ഒരു അജ്നബി സ്പോൺസറായ തന്നെ എന്തിന് തടയണം എന്ന് ചിന്തിക്കാമായിരുന്നു. പക്ഷെ മറ്റുള്ളവരുടെ ആ ഡീലുകൾ പിന്നീട് ദുരന്തമായി അവസാനിക്കുന്നത് നേരിൽ കണ്ടപ്പോഴാണ് അഹമ്മദിന് എന്തിനാണ് സുലൈമാൻ അന്നത് തടഞ്ഞിരുന്നത് എന്ന് മനസ്സിലായത്.

പക്ഷെ ആ കാലമൊക്കെ കഴിഞ്ഞിരിക്കുന്നു. പിതാവായ സ്പോൺസർ മരിക്കുമ്പോൾ ഉണ്ടായിരുന്ന ചോരത്തിളപ്പുള്ള സൗദി യുവാവല്ല അഹമ്മദ് ഇപ്പോൾ. പക്വതയാർന്ന ബിസിനസുകാരനായി മാറിയിരിക്കുന്നു. പണം കുന്നുകൂടുമ്പോൾ മറ്റെല്ലാം മറക്കുന്ന ഭൂരിഭാഗം സാധാരണ സ്വദേശി യുവാക്കളെ പോലെയല്ല അഹമ്മദ്. ഓരോ റിയാലും എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം.

അത് കൊണ്ട് തന്നെയാണ് ഇനി നാട്ടിൽ പോകാമെന്ന തീരുമാനം താൻ എടുത്തത്. പക്ഷെ എങ്ങിനെ അഹമ്മദിന്റെ മുന്നിൽ അവതരിപ്പിക്കും എന്നതായിരുന്നു ഏറ്റവും വലിയ പരീക്ഷ. ദിവസങ്ങളോളം ധൈര്യമെടുത്തിട്ടാണ് ഒരു ദിവസം അഹമ്മദിനോട് താൻ അതിനായി അനുവാദം ചോദിച്ചത്.

കേട്ടപ്പോൾ താൻ അഹമ്മദ് കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല. താൻ കുറേക്കാലം കൂടി കൂടെയുണ്ടാകുമെന്ന് അഹമ്മദ് കരുതിയിരുന്നു. അത് കൊണ്ട് ഈ സമയത്ത് ഈ ഒരു വിഷയം പ്രതീക്ഷിച്ചിരുന്നില്ല. അൽപ്പ സമയത്തിന് ശേഷം പോകണമെന്നോ പോകേണ്ട എന്നോ പറഞ്ഞില്ല. ജനലിനടുത്തേക്ക് പോയി കുറച്ചു നേരം പുറത്തേക്ക് നോക്കി നിന്നു. അതിനു ശേഷം തന്റെ അടുക്കലേക്ക് വന്നു. സുലൈമാൻ ഒന്നുകൂടി ആലോചിക്ക്. രണ്ടു ദിവസം കഴിഞ്ഞു മറുപടി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ ശേഷം അന്നത്തെ അപ്പോയിന്റ്മെന്റുകളെല്ലാം കാൻസൽ ചെയ്ത് മാതാവിനെ കാണാൻ വീട്ടിലേക്ക് പോയി.

തിരക്കുള്ള ആ ദിവസം എല്ലാം ഒഴിവാക്കി മാതാവിന്റെ അടുത്തേക്ക് പോയത് ആശയ കുഴപ്പിൽ ആയത് കൊണ്ടാണ് എന്ന് വ്യക്തം. ആദ്യമേ അഹമ്മദ് അങ്ങിനെയാണ്. ആശയ കുഴപ്പം ഉണ്ടാകുമ്പോൾ വ്യക്തിപരമായ കാര്യങ്ങൾ ഉമ്മയോടും ബിസിനസ് കാര്യങ്ങൾ എന്നോടുമാണ് പറഞ്ഞിരുന്നത്.

രണ്ടു ദിവസത്തിന് ശേഷം അഹമ്മദിന്റെ കാബിനിലേക്ക് വീണ്ടും പോയി. ഫൈനൽ എക്സിറ്റിൽ പോകണമെന്ന് വളരെ ആഗ്രഹം ഉണ്ടെന്ന് ഒരിക്കൽ കൂടി പറഞ്ഞു. അഹമ്മദ് പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല. സെക്രട്ടറിയായ സുഡാനിയെ വിളിച്ചു. ഓഫീസ് ചുമതലകളും രേഖകളും താക്കോലുകളും പാസ്‌വേഡുകളും അയാൾക്ക് കൈമാറാൻ പറഞ്ഞു. സുലൈമാന്റെ എല്ലാ കണക്കുകളും സെറ്റിൽ ചെയ്യണമെന്ന് സെക്രട്ടറിയോടും പറഞ്ഞു. സുലൈമാൻ പറയുന്ന ദിവസം വിമാന ടിക്കറ്റ് എടുത്തു കൊടുക്കണമെന്നും ഒരു കുറവും വരുത്താതെ യാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കൊടുക്കണമെന്നും പറഞ്ഞു.

ഒരാഴ്ച കൊണ്ട് എല്ലാം കഴിഞ്ഞു. സുലൈമാൻ അടക്കാൻ ബാക്കിയുള്ള ലോൺ സ്ഥാപനം എഴുതി തള്ളി. സാലറിയും ലീവ് സാലറിയും ഏൻഡ് ഓഫ് സർവീസ് ബെനിഫിറ്റും അടക്കം അല്ലാ ആനുകൂല്യങ്ങളും തന്നു തീർത്തു. വിമാന ടിക്കറ്റും രേഖകളും കയ്യിൽ തന്നു. തന്റെ നാട്ടിലെ അക്കൗണ്ട് നമ്പർ സുഡാനി വാങ്ങി. പോകുന്നതിന് മുൻപ് ബോസിനെ വീട്ടിൽ പോയി കാണണമെന്നും പറഞ്ഞിട്ടുണ്ടെന്നും സുഡാനി സെക്രട്ടറി പറഞ്ഞു.

നാട്ടിലേക്ക് പോകുന്നതിന് തലേന്ന് അഹമ്മദിനെ വില്ലയിൽ പോയി കണ്ടു. പിതാവിന്റെ മരണ ശേഷം അഹമ്മദിന്റെ കണ്ണുകൾ നിറഞ്ഞത് ആദ്യമായി ഞാൻ കണ്ടു. “പോകേണ്ട എന്ന് പറയാൻ ആവില്ലല്ലോ, പോയി കുടുംബത്തോടൊപ്പം സുഖമായി ജീവിക്കണം. തനിക്കും കുടുംബത്തിനും വേണ്ടി ഇനിയും പ്രാർത്ഥിക്കണം. ഇത്ര മാത്രമേ പറയാനുള്ളൂ” എന്ന് പറഞ്ഞു യാത്രയാക്കി. അപ്പോൾ മറ്റൊന്നും പറഞ്ഞില്ലെങ്കിലും എയർപോർട്ടിലേക്ക് യാത്രയാക്കാൻ വന്ന സുഡാനിയാണ് പറഞ്ഞത്, അഹമ്മദിന്റെ നിർദ്ദേശ പ്രകാരം തന്റെ നാട്ടിലെ അക്കൗണ്ടിലേക്ക് വലിയൊരു തുക ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന്.

നാട്ടിലെത്തി രണ്ടു വർഷത്തോളം ഏറ്റവും സന്തോഷവാൻ സുലൈമാനായിരുന്നു. മക്കളും പേര മക്കളും വീട്ടിലുണ്ടാവും. താൻ തിരിച്ചെത്തിയതോടെ ഭാര്യയുടെ ചില്ലറ അസുഖങ്ങളെല്ലാം മാറി ആരോഗ്യവതിയായി. ബന്ധുക്കളും പരിചയക്കാരും കാണാൻ വരും. നാട്ടിലെ പല പരിപാടികൾക്കും മുഖാതിഥിയോ സമ്മദാതാവോ ആകും. എല്ലാവർക്കും സർവ്വ സമ്മതനായി ജീവിച്ച വർഷങ്ങൾ.

പിരിഞ്ഞു പോകുമ്പോൾ ഏൻഡ് ഓഫ് സർവീസ് ബെനിഫിറ്റായി ലഭിച്ച തുകയും അഹമ്മദ് നൽകിയ തുകയും മതി തനിക്കും ഭാര്യക്കും ഇനിയുള്ള കാലം ജീവിക്കാൻ. അതിനാൽ നാട്ടിലെത്തിയിട്ടും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെ കുറിച്ചോ എവിടെയെങ്കിലും നിക്ഷേപിക്കുന്നതിനെ കുറിച്ചോ ആലോചിച്ചില്ല.

രണ്ടു വർഷങ്ങൾക്ക് ശേഷം ഇളയ മകനാണ് നാട്ടിൽ പുതിയതായി പണി തീർത്ത ഒരു ഷോപ്പിംഗ് കോംപ്ളക്സ് വാങ്ങുന്നത് സംബന്ധിച്ച ഒരു നിക്ഷേപ അവസരം മുന്നോട്ട് വെച്ചത്. പണി തീർന്നപ്പോഴേക്കും പൈസ തീർന്നതിനാൽ ഉത്ഘാടനം കഴിഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. പണിത ആൾ വളരെ വിഷമാവസ്ഥയിലാണ്. അയാളുടെ ബാധ്യത തീർക്കാനുള്ള പണം അഡ്വാൻസായി ഇപ്പോൾ കൊടുത്താൽ മാർക്കറ്റ് വിലയേക്കാളും കുറഞ്ഞ തുകക്ക് വിൽക്കാൻ അയാൾ തയ്യാറാണ്.

ബിൽഡിങ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ബാക്കി തുകക്ക് ലോണെടുക്കാം. ആകെ ഇരുപത്തഞ്ചോളം മുറികളുണ്ട്. വാടകയിനത്തിൽ തന്നെ നല്ലൊരു തുക കിട്ടുമെന്നും മകൻ പറഞ്ഞപ്പോൾ അതിനെ കുറിച്ച് ആലോചിക്കാമെന്ന് താൻ ഉറപ്പ് കൊടുത്തു.

സർവീസ് ആനുകൂല്യങ്ങളും അഹമ്മദ് നൽകിയ പണവും കൂട്ടിയാൽ തന്റെ കയ്യിലുള്ള പണം കൊണ്ട് ബിൽഡിങ്ങിനുള്ള അഡ്വാൻസ് കൊടുക്കാനുള്ള തുക ഉണ്ടാകും. ബാക്കി തുക ആരിൽ നിന്നെങ്കിലും കടം വാങ്ങി കൊടുക്കാം. ബിൽഡിങ്‌ രജിസ്റ്റർ ചെയ്‌താൽ ലോണെടുത്ത് ആ തുക തിരികെ നൽകുകയും ചെയ്യാം. വാടകയിനത്തിൽ കിട്ടുന്ന പണം കൊണ്ട് ലോൺ തവണകൾ തിരിച്ചടക്കുകയും ബാക്കി തുക കൊണ്ട് തനിക്കും ഭാര്യക്കും മക്കൾക്കും ശേഷിക്കുന്ന കാലം ജീവിക്കുകയും ചെയ്യാം എന്ന് കണക്കു കൂട്ടി തിരിച്ചും മറിച്ചും ആലോചിച്ചപ്പോഴും അത് നല്ലൊരു നിക്ഷേപ അവസരമായി സുലൈമാന് തോന്നി.

ബാങ്കിൽ നിക്ഷേപിച്ച പണമെടുത്ത് ചിലവുകൾ നടത്തുന്നതിനേക്കാളും നല്ലത് ഈ മാസ വരുമാനമാണെന്നും വസ്തുവിന് ഭാവിയിൽ വിലകൂടി വരും എന്നുള്ളത് കൊണ്ട് തന്റെ കാലശേഷം മക്കൾക്കും ആ ആസ്‌തി ഒരു മുതൽക്കൂട്ടായിരിക്കുമെന്നും സുലൈമാൻ കണക്കു കൂട്ടി. അതിലെ ഒരു മുറിയിൽ മകനും ബിസിനസ് തുടങ്ങും എന്നതിനാൽ ബിൽഡിങ് കാര്യങ്ങൾ നോക്കി നടത്താൻ അവൻ ഉണ്ടാകും എന്നതും സുലൈമാന് കൂടുതൽ സന്തോഷകരമായിരുന്നു.

മൂന്ന് മാസത്തിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാം എന്നാണ് മകനും കെട്ടിട ഉടമയും ഉറപ്പ് തന്നത്. അതനുസരിച്ച് ബാങ്കിലുള്ള പണം അഡ്വാൻസായി കൈമാറി താൽക്കാലിക കരാർ എഴുതി. കൂടുതൽ ഉറപ്പിനായി കെട്ടിട ഉടമയിൽ നിന്നും പ്രോമിസറി നോട്ടും ചെക്കുകളും വാങ്ങി വെച്ചു. നാട്ടിലെ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിവില്ലാത്തതിനാൽ മകനാണ് എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് ചെയ്തത്.

പണം കടം തരാൻ ആരും തയ്യാറാവാത്തതിനാൽ ബാങ്ക് ലോൺ ആദ്യമേ എടുത്ത് ബാക്കി തുക കെട്ടിട ഉടമക്ക് നൽകി രജിസ്‌ട്രേഷൻ നടത്താം എന്ന് കണക്കുകൂട്ടി. രണ്ടു മാസം കഴിഞ്ഞു രജിസ്‌ട്രേഷൻ നടത്താനുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് ചതി മനസ്സിലായത്. കെട്ടിടം പണിതിരുന്നത് പ്ലാൻ പ്രകാരം ആയിരുന്നില്ല. അതുകൊണ്ട് അനുമതിയും പെട്ടെന്ന് ലഭിക്കില്ല. എല്ലാം ശരിയാക്കാൻ കോടികളാണ് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചോദിക്കുന്നത്. അതിനുള്ള പണം കയ്യിലില്ല. കെട്ടിട അനുമതി ഇല്ലാത്തതിനാൽ സ്ഥലവില കണക്കാക്കി ലോൺ ലഭിക്കാൻ ബാങ്കുമായി ആലോചന നടത്തിയെങ്കിലും നിയമ നൂലാമാലകൾ മൂലം ബാങ്കും അതിന് തയ്യാറായില്ല.

നാട്ടിലെ മാമൂലുകളെ പറ്റി അറിയാത്തത് കൊണ്ടും മകന്റെ വാക്ക് വിശ്വസിച്ചത് കൊണ്ടും ബാങ്കിലുള്ള പണം ഏതാണ്ടെല്ലാം തന്നെ കെട്ടിട ഉടമക്ക് നൽകാനായി പിൻവലിച്ചിരുന്നു. മൂന്നോ നാലോ മാസത്തേക്ക് ചിലവ് കഴിഞ്ഞു പോകാനുള്ള തുക മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. നൽകിയ തുക തിരികെ തരാനോ പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങാനോ കെട്ടിട ഉടമ തയ്യാറായില്ല. എല്ലാം സുലൈമാൻ തന്നെ തീർക്കണം എന്ന നിലപാടിലായിരുന്നു അയാൾ. ഒരു പുരുഷായുസ്സ് മുഴുവൻ പ്രവാസ ജീവിതത്തിൽ നിന്നും സമ്പാദിച്ചതെല്ലാം തൽക്കാലത്തേക്കെങ്കിലും കൈവിട്ടു പോയി ജീവിതം വീണ്ടും ഇരുട്ടിലേക്കാണ് പോകുന്നതെന്ന് സുലൈമാന് മനസ്സിലായി.

മൂന്ന് മാസത്തോളം പലയിടങ്ങളിലേക്കും യാത്ര ചെയ്ത് വിവിധ മന്ത്രിമാർക്കും എംപി മാർക്കും എം എൽ എ മാർക്കും ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ പലതും കൊടുത്തെങ്കിലും ഫലമുണ്ടായില്ല. തിരുവനന്തപുരത്തേക്കും മറ്റുമുള്ള യാത്രക്കും ചിലവിനും പണം ചിലവായതിനാൽ കൈവശം ഉണ്ടായിരുന്ന പണവും തീർന്നു. ഷോപ്പിംഗ് കോംപ്ലക്സ് കാര്യങ്ങൾ ശരിയാക്കുന്നതിനും മറ്റുമായി ഉണ്ടായിരുന്ന ജോലി അവസാനിപ്പിച്ചതിനാൽ മകനും വരുമാനമില്ല.

പലരിൽ നിന്നും കടം വാങ്ങി നാല് മാസത്തോളം സുലൈമാന്റെ ജീവിതം മുന്നോട്ടു പോയി. തിരിച്ചു കിട്ടും എന്ന് ഉറപ്പില്ലാത്തതിനാൽ പലരും സുലൈമാന് പണം കടം കൊടുക്കാതെയായി. വീട്ടിൽ അരി പോലും ഇല്ലാത്ത അവസ്ഥയിൽ എണീറ്റു ചിലവ് നോക്കാൻ മക്കളോട് സഹായം ചോദിച്ചുവെങ്കിലും അവഗണന മാത്രമായിരുന്നു ലഭിച്ചത്. മൂത്ത മകൻ വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി ചെയ്തതിന് സുലൈമാനെ ശകാരിക്കാൻ തുടങ്ങി. പതിയെ പതിയെ ഇളയ മകനും സുലൈമാനോട് കയർത്ത് സംസാരിച്ചു തുടങ്ങി.

വീട്ടിലെ സന്തോഷം പോയ്മറഞ്ഞതോടെ ഭാര്യക്ക് അസുഖങ്ങൾ വീണ്ടും ഉണ്ടായി തുടങ്ങി. രോഗം കലശലായതോടെ ഭാര്യക്ക് മരുന്ന് വാങ്ങാൻ പോലും സുലൈമാന്റെ പക്കൽ പണം ഇല്ലാതായി. പണം തീർത്തും ഇല്ലാതായതോടെ സ്വന്തം ഭാര്യയും മക്കളുടെ ഭാര്യമാരും ഇടക്കിടെ സുലൈമാനോട് കുത്തുവാക്കുകളും ശകാരവും തുടങ്ങി. ഒടുവിൽ ഭക്ഷണം പോലും സുലൈമാന് സമയത്തിന് ലഭിക്കാതായി.

ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്രശ്നങ്ങൾ തീർക്കാൻ ഇളയ മകൻ മുൻകൈ എടുക്കാത്തതുമായി ബന്ധപ്പെട്ട് സുലൈമാനും അയാളുമായി വഴക്കായി. തന്റെ എല്ലാ സമ്പാദ്യങ്ങളും കൈവിട്ടു പോയ അരിശത്തിൽ സുലൈമാനും അന്ന് രൂക്ഷമായി മകനോട് പ്രതികരിച്ചു. വഴക്ക് രൂക്ഷമായപ്പോൾ സുലൈമാനോട് വീട് വിട്ടിറങ്ങാനും ഇനി വീട്ടിലേക്ക് കയറരുതെന്നും ഇളയ മകൻ പറഞ്ഞു. വീട് ഭാര്യയുടെ പേരിൽ ആയതിനാൽ ഭാര്യയുടെ പിന്തുണ ലഭിക്കുമെന്ന് സുലൈമാൻ പ്രതീക്ഷിച്ചെങ്കിലും ഭാര്യയും മകനോടൊപ്പം നിന്നു. ഒടുവിൽ സുലൈമാൻ വീട് വിട്ടിറങ്ങി.

വീട്ടിൽ നിന്നും ഇറങ്ങിയ സുലൈമാൻ രണ്ടു ദിവസം അകന്ന ബന്ധുവിന്റെ വീട്ടിൽ കഴിഞ്ഞു. അവർ മുഖേന ഏതെങ്കിലും ജോലിക്കായി സുലൈമാൻ ശ്രമിച്ചു. സുലൈമാന്റെ ദയനീയാവസ്ഥയിൽ അലിവ് തോന്നിയ ഒരു പരിചയക്കാരൻ തൽക്കാലത്തേക്ക് കുറച്ചകലെയുള്ള പ്രവാസിയുടെ ഉടമസ്ഥതയിലുള്ള മാളിൽ തൽക്കാലം സെക്യൂരിറ്റി ജോലി ശരിയാക്കി തരാമെന്ന് ഉറപ്പ് നൽകി. കൂടുതൽ നല്ല ജോലി അവസരം വരുമ്പോൾ അതിലേക്ക് മാറുകയും ചെയ്യാം. അതുവരെ അവിടെ രാത്രി സെക്യൂരിറ്റിയായി പോയാൽ അധികമാരും കാണാത്തതിനാൽ നാണക്കേട് ഉണ്ടാവില്ല എന്നതിനാലും അവിടെ തന്നെ താമസവും, ഭക്ഷണത്തിനുള്ള വകയും ലഭിക്കും എന്നതിനാലും സുലൈമാൻ ആ ജോലി സ്വീകരിച്ചു.

സുലൈമാൻ ജോലിയിൽ ചേർന്ന് ഒരു മാസം കഴിഞ്ഞപ്പോൾ ഒരു രാത്രി മാളിന്റെ ഗേറ്റുകൾ അടച്ചു കഴിഞ്ഞതിന് ശേഷം ഒരു വലിയ ആഡംബര കാർ ഗേറ്റിന് മുൻപിൽ വന്നു ഹോണടിച്ചു. സുലൈമാൻ ഗേറ്റ് തുറന്നു കൊടുത്തു. കാറിനകത്ത് ഇരുട്ടായതിനാൽ ഉള്ളിലുള്ളത് ആരാണെന്ന് സുലൈമാന് മനസ്സിലായില്ലെങ്കിലും കാറിനകത്ത് ഇരിക്കുന്നയാൾ തന്നെ സൂക്ഷിച്ചു നോക്കുന്നതായി സുലൈമാന് തോന്നി. കാർ മാളിനകത്തേക്ക് കയറിപ്പോയി. മാളിന്റെ ഉടമസ്ഥനായ പ്രവാസിയായിരുന്നു അത്.

കുറച്ചു കഴിഞ്ഞപ്പോൾ സെക്യൂരിറ്റി സൂപ്പർവൈസറെത്തി സുലൈമാനെ മാളിന്റെ ഉടമസ്ഥൻ വിളിക്കുന്നുവെന്ന് പറഞ്ഞു ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഓഫീസിൽ എത്തിയപ്പോഴാണ് അയാളെ സുലൈമാന് മനസ്സിലായത്. സൗദിയിലെ ഓഫീസിൽ തന്റെ സ്പോൺസറായ അഹമ്മദിനെ ഇടക്കിടെ ബിസിനസ് ആവശ്യങ്ങൾക്കായി കാണാൻ വന്നിരുന്ന മലയാളി ബിസിനസുകാരനായിരുന്നു അത്.

അയാൾ സുലൈമാന്റെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കൂടുതൽ വിവരിക്കാതെ സുലൈമാൻ ഉണ്ടായ സംഭവങ്ങൾ ചുരുക്കി പറഞ്ഞു. മുഴുവൻ കേട്ട ശേഷം ഫോൺ നമ്പർ വാങ്ങി കൂടുതലൊന്നും പറയാതെ അയാൾ സുലൈമാനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.

ഏതാണ്ട് രണ്ടാഴ്ചകൾക്ക് ശേഷം സുലൈമാന്റെ ഫോണിലേക്ക് ഒരു സൗദി നമ്പറിൽ നിന്നും കാൾ വന്നു. അഹമ്മദിന്റെ സെക്രട്ടറിയായ സുഡാനിയുടെ കോളായിരുന്നു അത്. മാളിന്റെ ഉടമയായ പ്രവാസിയുടെ പക്കൽ നിന്നും വിവരങ്ങൾ അറിഞ്ഞ ശേഷം ആ വിവരങ്ങൾ ശരിയാണോ എന്നറിയാൻ അഹമ്മദ് നിർദേശിച്ച പ്രകാരമായിരുന്നു സുഡാനി വിളിച്ചത്. വിവരങ്ങൾ അറിഞ്ഞ ശേഷം അഹമ്മദ് വിദേശത്താണെന്നും വന്നാൽ ഉടനെ സുലൈമാനുമായി ബന്ധപ്പെടുമെന്നും പറഞ്ഞു ഫോൺ വെച്ചു.

ഒരാഴ്ചക്ക് ശേഷം അഹമ്മദ് സുലൈമാനെ ഫോണിൽ വിളിച്ചു. സുലൈമാൻ ഒരു മാളിൽ സെക്യൂരിറ്റിയായി ജോലി നോക്കുന്ന വിവരം വിശ്വസിക്കാൻ അഹമ്മദിന് സാധിച്ചിരുന്നില്ല. സെക്രട്ടറിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചപ്പോഴാണ് അക്കാര്യം വിശ്വസിക്കാൻ തന്നെ അഹമ്മദ് തയ്യാറായത്. ഇതിനായിരുന്നോ ധൃതി കൂട്ടി ഇവിടെ നിന്നും നാട്ടിലേക്ക് പോയതെന്നും അഹമ്മദ് തെല്ലൊരു ദേഷ്യത്തോടെ സുലൈമാനോട് ചോദിച്ചു. എല്ലാം ശരിയാവുമെന്ന് സുലൈമാനെ സമാധാനിപ്പിച്ച ശേഷം അഹമ്മദ് ഫോൺ വെച്ചു.

ഒരാഴ്ചക്ക് ശേഷം സൗദിയിലെ ഒരു പ്രവാസി സംഘടനയുടെ മുതിർന്ന നേതാവ് സുലൈമാനെ ഫോണിൽ വിളിച്ച് പ്രതിസന്ധിയിൽ ആയിരിക്കുന്ന കെട്ടിട വിൽപ്പനയുടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാക്കി. അഹമ്മദിന്റെ നിർദ്ദേശ പ്രകാരമാണ് താൻ വിളിക്കുന്നതെന്നും പ്രശ്നങ്ങൾ ഉടനെ തീർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അയാൾ പറഞ്ഞു. താൻ പറഞ്ഞയക്കുന്ന ആളുടെ പക്കൽ കെട്ടിടത്തിന്റെ രേഖകൾ നൽകാനും അയാൾ നിർദ്ദേശിച്ചു.

അടുത്ത ദിവസം ആ പ്രവാസി നേതാവിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് സുലൈമാനെ കാണാനെത്തി. കെട്ടിടത്തിന്റെ രേഖകൾ പരിശോധിച്ച ശേഷം അയാൾ സുലൈമാനെയും കൂട്ടി കെട്ടിട ഉടമയുടെ അടുത്തെത്തി. അനുമതി കിട്ടാത്ത കെട്ടിടം വിൽപ്പന നടത്താൻ പണം കൈപ്പറ്റിയത് വഞ്ചനയാണെന്നും സുലൈമാന്റെ പണം ഉടനെ തിരികെക്കൊടുക്കണമെന്നും അല്ലാത്ത പക്ഷം അയാളുടെ മറ്റു വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. നേതാവിന്റെ ഇടപെടൽ മൂലം ഒരു മാസത്തിനകം തന്നെ അഡ്വാൻസായി വാങ്ങിയ തുക തിരികെ നൽകാമെന്ന് അയാൾ സമ്മതിക്കുകയും പറഞ്ഞ തിയ്യതിക്ക് തന്നെ പണം സുലൈമാന്റെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു.

പണം തിരികെ ലഭിച്ച സഹായത്തിന് നന്ദി പറയാനായി സൗദിയിലേക്ക് വിളിച്ച സുലൈമാനെ അഹമ്മദ് പിന്നെയും അത്ഭുതപ്പെടുത്തി കളഞ്ഞു. മാളിലെ സെക്യൂരിറ്റി ജോലി ഉപേക്ഷിക്കാനും ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങാനും അഹമ്മദ് സുലൈമാനോട് ആവശ്യപ്പെട്ടു. പ്രവാസി നേതാവ് മുഖേന താൻ വിഷയം സുലൈമാന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചുവെന്നും സുലൈമാനെ സംരക്ഷിക്കാൻ അവർ തയ്യാറാണെന്നും അഹമ്മദ് അറിയിച്ചു.

കെട്ടിട ഉടമയിൽ നിന്നും സുലൈമാന് തിരികെ ലഭിച്ച പണം ഒരു കരുതൽ എന്ന നിലയിൽ ബാങ്കിൽ സൂക്ഷിക്കാൻ അഹമ്മദ് ആവശ്യപ്പെട്ടു. ഈ മാസം മുതൽ സുലൈമാന്റെ അക്കൗണ്ടിലേക്ക് സൗദിയിൽ സുലൈമാന് ലഭിച്ചിരുന്ന അതേ ശമ്പളം എല്ലാ മാസവും ലഭിക്കുമെന്നും എല്ലാ വർഷവും തന്റെ തൊഴിലാളികൾക്ക് ലഭിക്കുന്ന ബോണസും സുലൈമാന് ലഭിച്ചു കൊണ്ടിരിക്കുമെന്നും അഹമ്മദ് പറഞ്ഞു. എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും തന്നെ അറിയിക്കാൻ മടിക്കരുതെന്നും തന്റെ പിതാവിനെ കാണുന്നത് പോലെ തന്നെയാണ് സുലൈമാനെയും കണക്കാക്കുന്നതെന്നും അഹമ്മദ് പറഞ്ഞു.

ഒന്നും പറയാനാവാതെ തരിച്ചു പോയ സുലൈമാന്റെ തേങ്ങലുകൾ ശബ്ദമായി ഉയർന്നപ്പോൾ ഇനിയും വിളിക്കാം എന്ന് ചെറു ചിരിയോടെ സലാം പറയുന്ന അഹമ്മദിന്റെ ശബ്ദം അളവറ്റ നന്ദിയോടെ ഒരിക്കൽ കൂടി സുലൈമാൻ കേട്ടു. സൗദിയിൽ ചിലവഴിച്ച തന്റെ പ്രവാസ ജീവിതം അർത്ഥപൂർണ്ണമാക്കിയ അഹമ്മദിന്റെ ശബ്ദം.

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

 1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
 2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
 3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
 4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
 5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
 6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
 2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
 3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
 4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
 5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

 1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
 2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
 3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
 4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
 5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
 6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

 1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
 2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
 3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
 4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
 5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
 6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

 1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
 2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
 3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
 4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
 5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
 6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!