Connect with us

LATEST

പരിധിയില്ലാതെ പെരുമാറിയാൽ പ്രവാസിക്ക് അവസാനം ഗതി ഇങ്ങിനെ ആയിരിക്കും.

Published

on

ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളാകുമ്പോൾ മനുഷ്യൻ മൂല്യങ്ങൾ മറക്കുമെന്ന് പറയുന്നത് ശരിയാണ്. അല്ലങ്കിൽ ഇന്ന് വഹാബ് എന്ന ഈ പ്രവാസി യുവാവ് എന്ന് തിരിച്ചു വരാൻ സാധിക്കുമെന്ന് ഒരു ഉറപ്പുമില്ലാതെ സൗദി അറേബ്യയിൽ കഴിയേണ്ടി വരില്ലായിരുന്നു.

ഒരു ജീവിതമേയുളളൂ. അത് ഏറ്റവും മികച്ച രീതിയിൽ ജീവിക്കണം. ഇതായിരുന്നു ജീവിതത്തെ പറ്റിയുള്ള വഹാബിന്റെ കാഴ്ചപ്പാട്. അകാലത്തിൽ പൊലിഞ്ഞ ബാപ്പയുടെ ഒഴിവിൽ ആശ്രിത നിയമനം കിട്ടിയ വഹാബിന് ആ ജോലി കൊണ്ട് തന്നെ നല്ല രീതിയിൽ നാട്ടിൽ തന്നെ ജീവിക്കാമായിരുന്നു. പക്ഷെ കൂടുതൽ പണം സമ്പാദിക്കണമെന്ന ആഗ്രഹം വഹാബിനെ സൗദിയിൽ കൊണ്ടെത്തിച്ചു.

ആരാംകോയുടെ ഓയിൽ റിഫൈനിംഗ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിൽ ആയിരുന്നു നിയമനം. ആളുകളോട് വളരെ ആകർഷകമായി ഇടപഴകാനും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും ലെറ്ററുകളും മറ്റും ഡ്രാഫ്റ്റ് ചെയ്യാനും കഴിവുണ്ടായിരുന്നതിനായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വഹാബ് അവിടെ ജോലി ചെയ്യുന്ന സൗദികളുടെ പ്രിയങ്കരനായി മാറി.

പല സൗദികളും തങ്ങൾക്ക് ആവശ്യമായ ഡ്രാഫ്റ്റിങ് വർക്കുകൾ വഹാബിനെ ഏൽപ്പിക്കുമായിരുന്നു. എത്ര സമയം വൈകി ഇരുന്നിട്ടായാലും അത് തീർത്തു കൊടുത്തിട്ട് മാത്രമേ വഹാബ് താമസ സ്ഥലത്തേക്ക് പോകൂ. ഒരിക്കൽ പോലും വഹാബ് ഒരാളോടും മുഖം കറുപ്പിച്ച് സംസാരിക്കുന്നത് ആരും കണ്ടിട്ടില്ല. ചിരിക്കുന്ന മുഖമായിരുന്നു വഹാബിന്റെ ട്രേഡ്മാർക്ക്.

രണ്ടു വർഷം കഴിഞ്ഞപ്പോൾ കുടുംബത്തെയും സൗദിയിലേക്ക് കൊണ്ട് വന്നു. ഭാര്യക്ക് അവിടുത്തെ ഒരു ഇന്ത്യൻ സ്‌കൂളിൽ ടീച്ചറായി ജോലി വാങ്ങി കൊടുത്തു. മക്കളെ ആ സ്‌കൂളിൽ തന്നെ ചേർത്തു.

 

അതിനടുത്ത വർഷം പ്ലാന്റിലെ മെയിന്റനൻസ് മാനേജരുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആയി വഹാബിന് നിയമനം ലഭിച്ചു. ആജാനബാഹുവാണെങ്കിലും സ്വഭാവത്തിൽ വളരെ വളരെ സാധുവായ സൗദിയായിരുന്നു മാനേജർ. കൂടുതൽ ജോലി ചെയ്യാൻ മടിയായിരുന്നതിനാൽ സാങ്കേതികമല്ലാത്ത ജോലികൾ ഭൂരിഭാഗവും അയാൾ വഹാബിന് കൈമാറും.

പ്ലാന്റിലെ മെയിന്റനൻസ് വിഭാഗത്തിലെ ഒഴിവുകൾ ആദ്യം അറിയുന്ന അഡ്മിൻ ജീവനക്കാരൻ വഹാബായിരുന്നു. ജോലിക്കാരെ സപ്ലൈ ചെയ്യുന്ന വെണ്ടർമാർക്ക് ആർ എഫ് ക്യൂ അയക്കുന്നതും, അവരുടെ ക്വട്ടേഷൻ സ്വീകരിക്കുന്നതും മാനേജരുടെ നിർദ്ദേശ പ്രകാരം ടെസ്റ്റിനും ഇന്റർവ്യൂവിനും വിളിക്കുന്നതിനായി മെയിലുകൾ അയക്കുന്നതുമെല്ലാം വഹാബായിരുന്നു.

ഒരു വർഷത്തോളം ആ പോസ്റ്റിൽ തുടർന്നപ്പോൾ മാൻപവർ കോൺട്രാക്ടർമാരുമായും സബ് കോൺട്രാക്ടർമാരുമായും സപ്ലൈയർമാരുമാരും കൂടുതൽ ബന്ധപ്പെടേണ്ടി വന്നു. പലർക്കും അർഹമായ പല സഹായങ്ങളും തന്നെക്കൊണ്ട് ആവുന്ന വിധം വഹാബ് ചെയ്തു കൊടുത്തിരുന്നു.

ഒരിക്കൽ ഭാര്യയെ അത്യാവശ്യമായി നാട്ടിൽ വിടുന്നതിനായി ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിൽ നിന്ന് അവധി ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അത്യാവശ്യം ഉണ്ടായി. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാത്തതിനാൽ കളവായി സർട്ടിഫിക്കറ്റ് നൽകാൻ അടുത്തുള്ള ആശുപത്രികൾ തയ്യാറായില്ല. ആ സാഹചര്യത്തിൽ വഹാബിന്റെ പ്ലാന്റിലേക്ക് തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന മലയാളിയായ കോൺട്രാക്റ്റിംഗ് കമ്പനി മാനേജരോട് സഹായം ചോദിക്കേണ്ടി വന്നു. അയാളുടെ ഭാര്യ അവിടുത്തെ ഗവർമെന്റ് ആശുപത്രിയിൽ നഴ്‌സായതിനാൽ അവരിടപെട്ട് പെട്ടെന്ന് സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു.

അടുത്ത ആഴ്ച മലയാളി കോൺട്രാക്റ്റർ വഹാബിന്റെ വീട്ടിൽ എത്തി. അയാളുടെ കയ്യിൽ വഹാബിന് നൽകാനായി ഒരു പുതിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. വഹാബ് ആദ്യം അത് നിരസിച്ചെങ്കിലും തന്റെ കമ്പനിയുടെ സമ്മാനമായി സ്വീകരിക്കാൻ നിർബന്ധിച്ച് അയാൾ അതവിടെ വെച്ചിട്ടു പോയി.

ഒരു മാസം കഴിഞ്ഞപ്പോൾ വഹാബിന്റെ പ്ലാന്റിൽ ചെറിയ തകരാർ ഉണ്ടായതിനെ തുടർന്ന് ആ ഭാഗം ഷട്ട് ഡൗൺ ചെയ്തു. അതിലേക്ക് നൂറു കണക്കിന് തൊഴിലാളികളെ പെട്ടെന്ന് ആവശ്യമായി വന്നു. അതിനായി ആവശ്യമായ തൊഴിലാളികളുടെ സി.വികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് എല്ലാ കോൺട്രാക്റ്റർമാർക്കും മാനേജർക്ക് വേണ്ടി വഹാബ് മെയിലുകൾ അയച്ചു. അന്ന് വൈകീട്ടും ആ മലയാളി കോൺട്രാക്റ്റർ വഹാബിന്റെ വീട്ടിൽ വന്നു. തന്റെ കുറെ തൊഴിലാളികൾ സ്റ്റാൻഡ് ബൈ ഉണ്ടെന്നും അവരുടെ സിവികൾ അടുത്ത ദിവസം തന്നെ അയക്കാമെന്നും മാനേജരുടെ പക്കൽ ആദ്യം തന്നെ എത്തിക്കണമെന്നും കാര്യമായി പരിഗണിക്കണമെന്നും അഭ്യർത്ഥിച്ചു.

വഹാബിന് അയാളോട് അനിഷ്ടം തോന്നിയെങ്കിലും ഭാര്യക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു തന്നത് കൊണ്ടും സമ്മാനമായി മൊബൈൽ ഫോൺ സ്വീകരിച്ചു പോയത് കൊണ്ടും മുഖം കറുത്തൊന്നും പറയാതെ അയാളെ യാത്രയാക്കി. എങ്കിലും വഹാബിന് ചെയ്യാൻ പറ്റുന്നതൊക്കെ അയാൾക്ക് വേണ്ടി വഹാബ് ചെയ്തു കൊടുത്തു. വഹാബിന്റെ ഇടപെടൽ മൂലം അയാളുടെ അൻപതോളം തൊഴിലാളികൾക്ക് രണ്ടു മാസം നീളുന്ന ആ ഷട്ട് ഡൗണിൽ ജോലി കിട്ടി. കോൺട്രാക്ടർക്ക് നന്നായി ലാഭവും ഉണ്ടായി.

പ്ലാന്റിലെ ഷട്ട് ഡൗൺ അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മലയാളി കോൺട്രാക്ടർ വഹാബിന്റെ വീട്ടിലേക്ക് വീണ്ടും വന്നു. ഇത്തവണ അയാളുടെ കയ്യിൽ ഒരു ലാപ്ടോപ് ഉണ്ടായിരുന്നു. വഹാബിന്റെ ഇടപെടൽ മൂലം തന്റെ കമ്പനിക്ക് ലാഭം കാര്യമായി ഉണ്ടായതെന്നും അതിന്റെ ഒരു സന്തോഷമായാണ് ഈ സമ്മാനമെന്നും അയാൾ പറഞ്ഞു. വഹാബിന് ഇത്തവണ ആദ്യത്തെ പോലെ അനിഷ്ടമൊന്നും തോന്നിയില്ല. സമ്മാനം സ്വീകരിച്ച് കോൺട്രാക്ടറെ സന്തോഷത്തോടെ യാത്രയാക്കി.

അതിന് ശേഷം പിന്നീട് പല തവണ കോൺട്രാക്റ്റർ വഹാബിനെ സന്ദർശിച്ചു. വഹാബിന്റെ ഏത് ചെറിയ ആവശ്യങ്ങളും നടത്തി കൊടുത്തു. ഇടക്കിടക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. ഭാര്യയും കുട്ടികളും അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചു വരാറായപ്പോൾ വിമാന ടിക്കറ്റ് എടുത്തു കൊടുത്തത് അയാളായിരുന്നു. പ്രത്യുപകാരമായി തന്നെക്കൊണ്ട് ആവും വിധം സഹായങ്ങളും പ്ലാന്റിൽ വഹാബ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു.

അതിനിടെ ഭാര്യക്ക് കുടുംബ സ്വത്തിൽ നിന്നും അവകാശമായി ലഭിച്ച സ്ഥലത്ത് വഹാബ് വീട് പണി തുടങ്ങി. വീട് പണി തുടങ്ങിയതോടെ ഒരു ഘട്ടത്തിൽ വഹാബിന് കൂടുതൽ പണം ആവശ്യമായി വന്നു. മലയാളിയായ കോൺട്രാക്റ്റർ ആവശ്യമായ പണം കടം നൽകി സഹായിച്ചു. ആ പണം പറഞ്ഞ സമയത്ത് തിരിച്ചുനൽകാൻ വഹാബിന് കഴിഞ്ഞില്ല. അതിന് പരിഹാരമായി കോൺട്രാക്റ്റർ ഒരു പോംവഴി നിർദ്ദേശിച്ചു.

ഇനി മുതൽ പ്ലാന്റിൽ വരുന്ന താൽക്കാലിക ഒഴിവുകൾക്ക് വേണ്ടി പ്ലാന്റിൽ നിന്നും അയക്കുന്ന ആർ എഫ് ക്യൂവിന് മറുപടിയായി മറ്റു കോൺട്രാക്റ്റർമാർ അയക്കുന്ന ക്വട്ടേഷനുകളിലെ തുക വഹാബ് മലയാളി കോൺട്രാക്റ്ററെ അറിയിക്കണം. അതിനനുസരിച്ച് തുക താഴ്ത്തി മലയാളി കോൺട്രാക്റ്റർ ക്വട്ടേഷൻ സമർപ്പിക്കും.

വഹാബ് അത് പ്ലാന്റ് മാനേജരുടെ ശ്രദ്ധയിൽ പ്രത്യേകം സമർപ്പിക്കണം. ആവശ്യമായി വന്നാൽ അറിയാത്ത വിധത്തിൽ ശുപാർശ ചെയ്യണം. കോൺട്രാക്റ്ററുടെ കൂടുതൽ ആളുകളെ പ്ലാന്റിൽ ജോലിക്ക് കയറ്റാൻ സാധിക്കാവുന്നതെല്ലാം മെയിന്റനൻസ് മാനേജരെ സ്വാധീനിച്ച് വഹാബ് ചെയ്തു കൊടുക്കണം. പ്രതിഫലമായി വഹാബ് മൂലം ജോലിക്ക് കയറുന്ന ഓരോ തൊഴിലാളിക്കും വീതം നിശ്ചിത തുക വഹാബിന് നൽകും. ചെറിയ മനസ്സാക്ഷി കുത്ത് ഉണ്ടായിരുന്നെങ്കിലും പണം തിരിച്ചു കൊടുക്കാൻ പെട്ടെന്ന് മറ്റു മാർഗ്ഗങ്ങളൊന്നും വഹാബിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. വഹാബ് ആ ഡീൽ സമ്മതിച്ചു.

അന്ന് മുതൽ വഹാബ് മലയാളി കോൺട്രാക്റ്ററുടെ ജോലിക്കാരെ പ്ലാന്റിൽ വരുന്ന താൽക്കാലിക ഒഴിവുകളിലേക്ക് തിരുകി കയറ്റാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങി. ഒഴിവുകൾ ഏറ്റവും ആദ്യം തന്നെ അയാളെ അറിയിക്കും. മറ്റു കോൺട്രാക്റ്റർമാരുടെ ക്വട്ടേഷൻ തുക മലയാളി കോൺട്രാക്റ്റർക്ക് ചോർത്തി കൊടുക്കും. പലരും അവധിക്ക് പോകുമ്പോൾ നൽകുന്ന അവധി അപേക്ഷകൾ ലഭിക്കുമ്പോൾ തന്നെ ആ വിവരങ്ങൾ അയാളെ അറിയിക്കും.

അതനുസരിച്ച് യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തി അയാൾ മറ്റാരേക്കാളും മുൻപേ പ്ലാന്റിൽ എത്തിക്കും. നിർണ്ണായക സമയങ്ങളിൽ അവർക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തു കൊടുക്കും. മൂന്നോ നാലോ ദിവസത്തേക്കുള്ള എമർജൻസി ഷട്ട് ഡൗണുകൾ വരുമ്പോൾ ആദ്യം അയാളെ അറിയിച്ച് അയാളുടെ തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ പ്ലാന്റ് മാനേജരിൽ നിന്നും ലഭ്യമാക്കി കൊടുക്കും.

മൂന്ന് നാല് മാസങ്ങൾ കഴിഞ്ഞപ്പോൾ കോൺട്രാക്റ്ററിൽ നിന്ന് തന്റെ ശമ്പളത്തിന് തുല്യമായ തുക കമ്മീഷൻ വകയിൽ വഹാബിന് ലഭിച്ചു തുടങ്ങി. പണം വന്നു തുടങ്ങിയപ്പോൾ വഹാബും കൂടുതൽ സന്തോഷവാനായി. നാട്ടിൽ വീടുപണി തകൃതിയായി നടന്നു. പണത്തിന് പെട്ടെന്ന് അത്യാവശ്യങ്ങൾ വരുമ്പോൾ മലയാളി കോൺട്രാക്റ്റർ കടമായി കൊടുക്കും. ആ തുക പിന്നീട് അയാൾ നൽകുന്ന പ്രതിമാസ കമ്മീഷനിൽ നിന്നും കുറക്കും.

പണം കൂടുതൽ വന്നു തുടങ്ങിയപ്പോൾ വഹാബിന് പണത്തോടുള്ള ആർത്തി കൂടിത്തുടങ്ങി. കോൺട്രാക്റ്ററിൽ നിന്നും കിട്ടുന്നതൊന്നും തികയാതെയായി എന്ന് പരാതിപ്പെടാൻ തുടങ്ങി. ഇനി മുതൽ താൻ സഹായം ചെയ്ത് ജോലിക്ക് കയറ്റുന്ന തൊഴിലാളികളിൽ നിന്നും ഓരോ മണിക്കൂറിനും ഓരോ റിയാൽ വീതം കമ്മീഷനായി ലഭിക്കണമെന്ന് മലയാളി കോൺട്രാക്റ്ററോട് വഹാബ് ആവശ്യപ്പെട്ടു.

ഒരു നിബന്ധനയുടെ പുറത്ത് കോൺട്രാക്റ്റർ അത് സമ്മതിച്ചു. വഹാബിന് നൽകേണ്ട ഒരു റിയാൽ കൂടി തൊഴിലാളികളുടെ പ്രതിഫല തുകയിൽ കൂട്ടി ക്വട്ടേഷൻ സമർപ്പിക്കും. അത് വഹാബ് സ്വാധീനം ചെലുത്തി സമ്മതിപ്പിച്ചു കൊടുക്കണം. എങ്കിൽ ആ ഒരു റിയാൽ വഹാബിന് നൽകും. ആ വ്യവസ്ഥ വഹാബും സമ്മതിച്ചു.

പുതിയ ഡീലോടു കൂടി വഹാബിന് വരുമാനം മൂന്നിരട്ടിയായി. ഇതോടെ നാട്ടിലെ വീട് പണിയുടെ പ്ലാനിൽ കാര്യമായി വ്യത്യാസം വരുത്തി. സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. കൂടുതൽ വില കൂടിയ മെറ്റീരിയലുകൾ ഉപയോഗിച്ചു. അതിനനുസരിച്ച് ബഡ്ജറ്റിലും വ്യത്യാസം വന്നു.

ഒരു വർഷത്തോളം ആരുമറിയാതെ വഹാബിന്റെ ഡീൽ മുന്നോട്ട് പോയി. മലയാളി കോൺട്രാക്റ്ററുടെ തൊഴിലാളികളുടെ എണ്ണം കൂടി കൊണ്ടിരുന്നു. അതനുസരിച്ച് വഹാബിന്റെ വരുമാനവും കൂടിക്കൊണ്ടിരുന്നു. പക്ഷെ വീട് പണിയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വഹാബിന് കൂടുതൽ പണവും ആവശ്യമായി വന്നു.

ഈ സാഹചര്യത്തിലാണ് വഹാബ് കൂടുതൽ വരുമാനം സ്വന്തമായി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ആ സമയത്ത് ഫ്രീ വിസ തൊഴിലാളികൾ സൗദിയിലാകമാനം ധാരാളം ലഭ്യമായിരുന്നു. നല്ല കഴിവുള്ള തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് ലഭിക്കും. മലയാളി കോൺട്രാക്റ്ററും അത് തന്നെയാണ് ചെയ്യുന്നത്. അയാൾക് സ്വന്തം വിസയിലുള്ള തൊഴിലാളികൾ കുറവാണ്. അയാൾക്ക് ഇങ്ങിനെ ചെയ്യാമെങ്കിൽ തനിക്കും നേരിട്ട് ചെയ്യാൻ സാധിക്കില്ലേ എന്ന് വഹാബ്‌ ചിന്തിച്ചു.

അധികം സമയം കളയാതെ എത്രയും പെട്ടെന്ന് ബിനാമിയായി ഒരു മാൻപവർ സ്ഥാപനം തുടങ്ങാൻ വഹാബ് തീരുമാനിച്ചു. അതിനായി അനിയനെ നാട്ടിൽ നിന്നും കൊണ്ട് വന്നു. സിറ്റിയിൽ പുതിയ ഓഫീസ് തുടങ്ങി. തന്റെ സ്വന്തം സ്‌പോൺസറുടെ പേരിൽ തന്നെ ലൈസൻസും കമേഴ്‌സ്യൽ രജിസ്ട്രേഷനുമെല്ലാം എടുത്തു.

പ്ലാന്റിലെ ജോലിയിൽ തുടർന്ന് കൊണ്ട് എല്ലാ ബിസിനസ് കാര്യങ്ങളും വഹാബ് നിയന്ത്രിച്ചു. പ്ലാന്റിൽ ഒഴിവുകൾ വരുമ്പോൾ അനിയനെ അറിയിക്കും. അനിയൻ സബ് കോൺട്രാക്റ്റർമാരിൽ നിന്നോ നേരിട്ടോ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തും. വഹാബിന്റെ സ്ഥാപനത്തിന് അരാംകോ സപ്ലൈയർ അപ്രൂവൽ ഇല്ലാത്തതിനാൽ മലയാളി കോൺട്രാക്റ്ററുടെ സ്ഥാപനത്തിലൂടെ തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നൽകും. ഷട്ട് ഡൗൺ, ലീവ് വേക്കൻസി തുടങ്ങിയ താൽക്കാലിക ഒഴിവുകളിൽ സ്വന്തമായി തന്നെ എമർജൻസി അടിസ്ഥാനത്തിൽ തൊഴിലാളികളെ നൽകും.

സ്വന്തം ബിനാമി സ്ഥാപനം തുടങ്ങി തൊഴിലാളികളെ നേരിട്ട് നൽകാൻ തുടങ്ങിയതോടെ മറ്റുള്ള കോൺട്രാക്റ്റർമാർ വഹാബിന് എതിരായി തുടങ്ങി. അവർക്ക് ലഭിക്കേണ്ട ഒഴിവുകളിൽ മാനേജരെ സ്വാധീനിച്ച് വഹാബ് സ്വന്തം തൊഴിലാളികളെ കയറ്റുന്നതിനാൽ അവർ അസന്തുഷ്ടരായിരുന്നു. ഏറ്റവും അസന്തുഷ്ടൻ മലയാളി കോൺട്രാക്റ്റർ ആയിരുന്നു. വഹാബ് സ്വന്തം സ്ഥാപനം തുടങ്ങിയതോടെ അയാളുടെ ലഭിച്ചു കൊണ്ടിരുന്ന വരുമാനം കുറഞ്ഞെന്നു മാത്രമല്ല, ഭാവി അവസരങ്ങളും ഇല്ലാതായി തുടങ്ങി.

ഇതോടെ ഇവരെല്ലാവരും ഒന്നിച്ചു. വഹാബിനെതിരെ ഊമക്കത്തുകളും ഇമെയിലുകളും അധികൃതർക്ക് ലഭിച്ചു തുടങ്ങി. എന്നാൽ വഹാബിനെതിരെ നടപടി എടുക്കാനുള്ള വ്യക്തമായ തെളിവുകൾ അവർക്ക് ലഭിച്ചിരുന്നില്ല. ശത്രുക്കൾ കൂടുന്നതിന് അനുസരിച്ച് വഹാബ് കൂടുതൽ മുൻകരുതലുകൾ എടുത്തു കൊണ്ടിരുന്നു. ഡ്യൂട്ടി സമയത്ത് വഹാബ് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ല. സ്വന്തം പേരിൽ ഒരു ഇമെയിൽ പോലും ആർക്കും അയച്ചില്ല. ഒരു കോൺട്രാക്റ്ററുമായും നേരിട്ട് സംസാരിച്ചില്ല. തന്റെ സ്ഥാപനത്തിലെ ഒരു തൊഴിലാളിയുമായും നേരിട്ട് സംസാരിക്കുകയോ ഇടപഴകുകയോ ചെയ്തില്ല. എല്ലാം അനിയനെ മുന്നിൽ നിർത്തി കൊണ്ട് ചെയ്തു വന്നു.

എങ്കിലും വഹാബിനെതിരെ പ്ലാന്റിൽ അടക്കി പിടിച്ചുള്ള സംസാരം തുടങ്ങിയിരുന്നു. എങ്കിലും തന്നെ സംശയിക്കാനോ തനിക്കെതിരെ ഉയർത്താനോ ആവശ്യമായ ഒരു തെളിവും നൽകാതെ വഹാബ് ബുദ്ധിപരമായി മുന്നോട്ട് പോയി.

എങ്കിലും ഒരു ദിവസം അത് സംഭവിച്ചു. ഒരു നിമിഷത്തെ അശ്രദ്ധയെന്നോ എടുത്തു ചട്ടമെന്നോ അതിനെ പറയാം. അടുത്ത ദിവസം ഒരു പേയ്‌മെന്റ് തന്റെ സ്ഥാപനത്തിന് നൽകാനുള്ള സബ് കോൺട്രാക്റ്റർക്ക് ഒരു റിമൈൻഡർ അയക്കാൻ വഹാബ് മറന്നു പോയിരുന്നു. വീട് പണിക്കായി അടുത്ത ദിവസം പണം നാട്ടിലേക്ക് അയക്കേണ്ടത് അത്യാവശ്യമായിരുന്നതിനാൽ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതിന് ശേഷം ഇമെയിൽ അയക്കുമ്പോഴേക്കും ആ സ്ഥാപനത്തിന്റെ വർക്കിങ് ടൈം കഴിയും. അടുത്ത ദിവസം പേയ്‌മെന്റും ലഭിക്കില്ല.

മറ്റൊന്നും ആലോചിക്കാതെ വഹാബ് തന്റെ ഒഫീഷ്യൽ കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിന്നും ആ മെയിൽ അയച്ചു. അതിന് ശേഷം സിസ്റ്റത്തിൽ നിന്നും അത് ഡിലീറ്റ് ആക്കിക്കളയുകയും ചെയ്തു. ജീവിതത്തിൽ വഹാബ് ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം അതായിരുന്നു. അത് വഹാബിന്റെ ഭാവി നിർണ്ണയിക്കുകയും ചെയ്തു.

അന്ന് വൈകിട്ട് വഹാബിന്റെ വീട്ടിൽ പോലീസുകാരെത്തി വഹാബിനെ അറസ്റ്റ് ചെയ്തു. അവിടെ നിന്നും കാറിൽ കയറ്റി എവിടേക്കോ കൊണ്ട് പോയി. ഒരു ദിവസത്തേക്ക് വഹാബിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അടുത്ത ദിവസം വഹാബിനെയും കൂടി അധികൃതർ വഹാബിന്റെ വീട്ടിലെത്തി മൊബൈലും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. വഹാബിന്റെ ബിനാമി സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. സ്പോണ്സറെയും വഹാബിന്റെ അനിയനെയും കസ്റ്റഡിയിൽ എടുത്തു.

പോലീസ് കസ്റ്റഡിയിൽ എടുത്ത ദിവസമാണ് വഹാബിന് താൻ ചെയ്ത അബദ്ധത്തിന്റെ വ്യാപ്തി മനസ്സിലായത്. ഔട്ടിലൂക് സമാന പ്രത്യേക സോഫ്ട്‍വെയർ ഉപയോഗിക്കുന്നതിനാൽ പ്ലാന്റിലെ എല്ലാ ഇമെയിൽ സന്ദേശങ്ങളും അവിടുത്തെ സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. വഹാബിനെതിരെ ആരോപണങ്ങളുമായി നിരവധി ഊമക്കത്തുകളും അജ്ഞാത ഇ മെയിലുകളും ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ വഹാബ് പ്രത്യേക നിരീക്ഷണത്തിലും ആയിരുന്നു.

വഹാബ് ഒഫീഷ്യൽ കമ്പ്യൂട്ടറിൽ നിന്നും ആ മെയിൽ അയച്ചതോടെ അതിന്റെ ഒരു കോപ്പി അധികൃതർക്ക് ലഭിച്ചു. തുടർന്നാണ് അറസ്റ്റും റെയ്ഡും കസ്റ്റഡിയും എല്ലാം ഉണ്ടായത്. വഹാബിനും ഈ സുരക്ഷാ നിയന്ത്രണമെല്ലാം അറിയാമായിരുന്നുവെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയും എടുത്തു ചാട്ടവും മൂലം അയാൾ എല്ലാം മറന്നു പോയി.

വഹാബിനെ കോടതിയിൽ ഹാജരാക്കി. ജഡ്ജി അറബിയിൽ എന്തോ ചോദിച്ചെങ്കിലും വഹാബിന് മനസ്സിലായില്ല. വഹാബ് പരിഭാഷകനെ ആവശ്യപ്പെട്ടു. കോടതി പരിഭാഷകൻ ഏർപ്പാട് ചെയ്തു വീണ്ടും ചോദിച്ചപ്പോൾ വഹാബ് കുറ്റം നിഷേധിച്ചു. അന്വേഷണം തീരുന്നത് വരെ വഹാബിനെ ജയിലിലേക്ക് വിട്ടു.

ആ ഒരു ഇമെയിൽ വഹാബിന്റെ സൗദിയിലെ ഭാവി നിർണ്ണയിച്ചു കളഞ്ഞു. തൽക്കാലം വഹാബിനെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെങ്കിലും അന്വേഷണം നടക്കുകയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം കഴിഞ്ഞിട്ടില്ല. യാത്ര നിരോധനം ഉള്ളതിനാൽ കേസ് അവസാനിക്കുന്നത് വരെ വഹാബിന് സൗദിയുടെ പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. ജോലിയിൽ നിന്നും നീക്കിയതിനാൽ വരുമാനവുമില്ല. മറ്റൊരു ജോലിക്കും പോകാനാവാത്തതിനാൽ സുഹൃത്തുക്കളുടെ കരുണ കൊണ്ടാണ് കുറേക്കാലം കഴിഞ്ഞത്. പിന്നീട് അധികൃതർ അറിയാതെ അക്കൗണ്ടിംഗ് ജോലികളും മറ്റുമായി ജീവിതം തുടരുന്നു.

ഇന്ത്യയിലെ ഒരു നീതിന്യായ സംവിധാനത്തിനും ഒരു സമ്മർദ്ദങ്ങൾക്കും വിദൂരമായ സാധ്യത പോലുമില്ലാത്ത ഒരു വിഷയമായത് കൊണ്ട് ഇനി ജന്മ നാട്ടിലേക്ക് എന്ന് തിരിച്ചുവരാൻ സാധിക്കുമോ എന്നും ഉറപ്പില്ല. എല്ലാം സൗദിയിലെ രാജ ഭരണത്തിന്റെയും ജുഡീഷ്യറിയുടെയും ദയയെ ആശ്രയിച്ചിരിക്കുന്നു. എല്ലാം ഒരു നിമിഷത്തെ അശ്രദ്ധയുടെ വില.

LATEST

യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍

Published

on

റിയാദ്: യു.എ.ഇ യില്‍ നിന്നും കോവിഡ് നിബന്ധനകളോ നിയമങ്ങളോ പാലിക്കാതെ സൗദിയിലേക്ക് ഇന്ത്യക്കാര്‍ അടക്കമുള്ള യാത്രക്കാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. റോഡ്‌ മാര്‍ഗ്ഗമാണ് അനധികൃതമായി യാത്രക്കാരെ സൗദിയിലേക്ക് എത്തിക്കുന്നത്. രണ്ടോ മൂന്നോ ദിവസം യു.എ.ഇ യില്‍ താമസിച്ചവര്‍ പോലും ഇത്തരത്തില്‍ ദുബായില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം സൗദിയില്‍ എത്തിയിട്ടുണ്ട്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുക്കാത്ത വിദേശികള്‍ മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണു നിബന്ധന. എന്നാല്‍ ഈ നിബന്ധന മറി കടന്നു കൊണ്ടാണ് വിദേശികളെ സൗദിയിലേക്ക് അനധികൃതമായി എത്തിക്കുന്നത്.

ബസ് മാര്‍ഗ്ഗമാണ് ഇങ്ങിനെ വിദേശികള്‍ അനധികൃതമായി സൗദിയിലേക്ക് പ്രവേശിക്കുന്നത്. ബസ് സര്‍വീസ് നടത്തുന്നവരും ചില എജന്റുമാരും ചേര്‍ന്നാണ് അനധികൃതമായി യാത്രക്കാരെ ചവിട്ടി കയറ്റുന്നത്.

യു.എ.ഇ യില്‍ രണ്ടോ മൂന്നോ ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമോ എന്നും ഇത് നിയമപരമാണോ എന്നും ആരാഞ്ഞു കൊണ്ട് നിരവധി സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഞങ്ങളുടെ ദുബായിലുള്ള പ്രതിനിധി യാത്രക്കാരന്‍ എന്ന വ്യാജേന അവിടുത്തെ ഒരു ട്രാവല്‍ എജന്റുമായി ബന്ധപ്പെടുകയുണ്ടായി.

ഓരോ തവണയും ചുരുങ്ങിയ എണ്ണം യാത്രക്കാരെ ഇങ്ങിനെ ചവിട്ടി കയറ്റാമെന്നാണ് എജന്റ് വെളിപ്പെടുത്തിയത്. അതിനു ഓരോ യാത്രക്കാരനും ആറായിരം രൂപ മുതല്‍ എണ്ണായിരം രൂപ വേറെ അധികമായി നല്‍കേണ്ടി വരും. ദുബായ് വിസ എടുത്ത ശേഷം പത്തു ദിവസം കഴിഞ്ഞതിനു ശേഷം മാത്രം ദുബായിലേക്ക് പുറപ്പെട്ടാല്‍ മതി.

ദുബായില്‍ എത്തി രണ്ടോ മൂന്നോ ദിവസം മാത്രം താമസിച്ചാല്‍ മതിയാകും. അതിനുള്ളില്‍ ദമ്മാമില്‍ എത്തിക്കാമെന്നും എജന്റ് ഉറപ്പ് നല്‍കുന്നു. പിടിക്കപ്പെടില്ലെന്ന ഉറപ്പും എജന്റ് നല്‍കുന്നു. മുറിയില്‍ തന്നെ ഉണ്ടാകണമെന്നും ബസ്സില്‍ ഒഴിവ് ഉണ്ടാകുമ്പോള്‍ വിളിക്കുമെന്നും ഉടനെ തന്നെ യാത്രക്ക് സജ്ജരായി ഏത്തണമെന്നുമാണ് നിര്‍ദ്ദേശം.

താമസിക്കുന്ന സ്ഥലത്തെ ആളുകളോടോ സഹായാത്രികരോടോ യാത്രാ വിവരങ്ങളെ കുറിച്ച് യാതൊന്നും വെളിപ്പെടുത്തരുത് എന്നാണ് ഈ യാത്രക്കാര്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശം. യാത്രക്കുള്ള നിര്‍ദ്ദേശം ലഭിക്കുന്ന മാത്രയില്‍ തയ്യാറായി ബസ്സിലേക്ക് പ്രവേശിക്കണമെന്നും മറ്റുള്ള കാര്യങ്ങള്‍ എല്ലാം തന്നെ തങ്ങളുടെ ആളുകള്‍ നോക്കി കൊള്ളൂമെന്നുമാണ് ഇത്തരം യാത്രക്കാരോട് പറയുന്നത്.

ഇതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ അനധികൃതമായി സൗദിയില്‍ എത്തിയതായി വ്യക്തമായി. ഇങ്ങിനെ പ്രവേശിച്ചവരില്‍ കൂടുതല്‍ പേരും വടക്കേ ഇന്ത്യക്കാരാണ്. ബസ്സ്‌ മാര്‍ഗ്ഗമാണ് ഇവര്‍ എല്ലാവരും സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്.

സമീപ ദിവസങ്ങളില്‍ ഒരു തമിഴ്നാട്ടുകാരനും ഇങ്ങിനെ സൗദിയിലേക്ക് പ്രവേശിച്ചതായി നേരിട്ട് വ്യക്തമായി. ഇയാള്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഒരു വാക്സിന്‍ മാത്രമെടുത്ത ഇയാള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണും ആയിരുന്നില്ല.

മൂന്ന് വടക്കേ ഇന്ത്യക്കാര്‍ ഒക്ടോബര്‍ 28 ന് ദുബായില്‍ എത്തിയവരാണ്. രണ്ടു ദിവസം മാത്രം ദുബായില്‍ താമസിച്ച ശേഷം ഇവര്‍ കഴിഞ്ഞ ദിവസം സൗദിയിലേക്ക് പ്രവേശിക്കുകയും ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിലൂടെ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

സൗദി അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ ഓരോ യാത്രക്കാരുടെയും പാസ്പോര്‍ട്ട് വിശദമായി പരിശോധിക്കാത്തത് മുതലെടുത്താണ് യാത്രക്കാരെ ഇത്തരത്തില്‍ ചവിട്ടി കയറ്റുന്നത്. ബസ്സിലുള്ള എല്ലാ യാത്രക്കാരുടെയും രേഖകള്‍ ശേഖരിച്ച് ബസ് ജീവനക്കാര്‍ ചെക്ക് പോസ്റ്റില്‍ നല്‍കുകയാണ് ചെയ്യുന്നത്. അതിനിടയിലാണ് കൃത്രിമം നടക്കുന്നത്.

നേരിട്ട് പ്രവേശിക്കാന്‍ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ ഇല്ലാത്ത മറ്റൊരു രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളൂ. ഇങ്ങിനെ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ ദിവസവും ദുബായില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവരുടെ മറവിലാണ് അനധികൃതമായി ചവിട്ടി കയറ്റല്‍ നടക്കുന്നത്.

പിടിക്കപ്പെടില്ലെന്ന് ഏജന്റുമാര്‍ ഉറപ്പ് നല്കുന്നുണ്ടെങ്കിലും ഏതെങ്കിലും കാരണവശാല്‍ സൗദി ചെക്ക് പോസ്റ്റില്‍ ഉള്ള അധികൃതര്‍ ഓരോ പാസ്പോര്‍ട്ടും പ്രത്യേകം പരിശോധിച്ചാല്‍ ഇവര്‍ പിടിക്കപ്പെടും എന്നുള്ളത് ഉറപ്പാണ്. കാരണം ദുബായില്‍ വന്നിറങ്ങിയ തിയ്യതിയില്‍ നിന്നും  ഇവര്‍ എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു എന്ന് പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്തതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ദുബായ് ചെക്ക് പോസ്റ്റില്‍ നിന്നും എക്സിറ്റ് സ്റ്റാമ്പ് ചെയ്തതിനാല്‍ കൃത്രിമം പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് യു.എ.ഇ യിലേക്ക് മടങ്ങി പോകാനും സാധിക്കില്ല.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും മറ്റു അനുബന്ധ നിയമ ലംഘനങ്ങളുമാണ് ഇവരില്‍ ചുമത്തുക. ഇത്തരക്കാരെ ജയിലിലേക്ക് മാറ്റുകയും നിയമം അനുശാസിക്കുന്ന കനത്ത പിഴയും തടവും ചുമത്തുകയും ചെയ്യും. പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കാത്ത വിധം തര്‍ഹീല്‍ വഴി നിയമ ലംഘകരെ നാട് കടത്തുകയാണ് ചെയ്യുക.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DlSqnw7eVy9HWYdQHH8ljx

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ?

Published

on

റിയാദ്: സൗദിയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തില്‍ നാട്ടുകാരനായ സഹജീവിയുടെ ജീവനെടുക്കാന്‍ കൂട്ടു നിന്നുവെന്ന ആരോപണത്തില്‍ പിടിയിലായി വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു മലയാളികള്‍ ജീവന്‍ നഷ്ടമാകുന്നതിന്റെ ഒരു കടമ്പ മാത്രം പിന്നിലാണ്. കൊല്ലപ്പെട്ട മലയാളി യുവാവിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനാകൂ. എന്നാല്‍ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറല്ല എന്നാണു ഏറ്റവും ഒടുവിലായി നാട്ടില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിനെ കൊലപ്പടുത്തിയ കേസിൽ പ്രതികളായ തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് (നിസാമുദ്ദീൻ), കുറ്റ്യാടി സ്വദേശി കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മല്‍ എന്നിവരാണ് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ദമാം അപ്പീൽ കോടതിയും ശരി വെച്ചതോടെ വധശിക്ഷയിലെക്ക് നടന്നടുക്കുന്നത്. ഇവര്‍ക്ക് പുറമേ അസ്വദ്, ഹുസൈന്‍ അമ്മാര്‍, ഹുസൈന്‍ സലമി, അബുറയ്യാന്‍ എന്ന അലി എന്നീ 4 സൗദി പൗരന്മാർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഷമീറിന്റെ വധത്തില്‍ രണ്ടു മലയാളികള്‍ക്കും കൃത്യമായ പങ്കുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. മദ്യ വാറ്റുകാരെയും പലിശക്കാരെയും ചീട്ടുകളി സംഘത്തേയും കണ്ടത്തെി ആക്രമിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുന്ന സൗദി കവർച്ചാ സംഘത്തിനു ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയത് മലയാളികളായ പ്രതികളായിരുന്നുവെത്രേ.

അത്യന്തം ക്രൂരമായാണ് സ്വദേശികളായ ഷമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും കണ്ണുകള്‍ മറച്ച് തല കീഴായി കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മൂന്ന് ദിവസത്തോളം തുടര്‍ന്ന മര്‍ദ്ദനത്തിന് ഒടുവിലായാണ് ഷമീറിനു ജീവന്‍ നഷ്ടപ്പെട്ടത്. ഷമീറിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കിയതിന് പുറമേ ബന്ദിയാക്കി വിലപേശാനും പ്രതികളായ മലയാളികള്‍ കൂട്ടു നിന്നതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

അഞ്ച് വർഷം മുന്‍പ് ഒരു ചെറിയ പെരുന്നാൾ ദിനത്തിന്റെ തലേന്നാണ് ഷമീറിന്റെ മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം മുമ്പ് കാണാതായ ഷമീറിനെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം ജുബൈല്‍ വര്‍ക്ഷോപ്പ് ഏരിയയിലെ മണല്‍ വില്‍ക്കുന്ന ഭാഗത്ത് ബലദിയ വേസ്റ്റ് ബോക്സിനു സമീപം പുലര്‍ച്ചെ പുതപ്പിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഷമീറിന്റെ മരണത്തെ കുറിച്ച് വിവിധങ്ങളായ ഊഹാപോഹങ്ങള്‍ മലയാളി സമൂഹത്തില്‍ പ്രചരിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീര്‍ ഹവാല എജന്റ് ആയിരുന്നുവെന്നും, വ്യാജ മദ്യ വില്‍പ്പനക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.  പണം കവരാൻ വേണ്ടി പ്രതികൾ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും ഹവാല പണം ഷമീറിൽ നിന്ന് ലഭിക്കാത്തതിനാല്‍ തടവിലാക്കി വിലപേശുന്നതിനിടയില്‍ മര്‍ദ്ദനം മൂലം ഷമീര്‍ കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. ആളുമാറി കൊലപ്പെടുത്തിയെന്ന പ്രചരണം വ്യാപമാകുന്നതിനിടയിലായിരുന്നു മരണ കാരണവും പ്രതികളുടെ അറസ്റ്റ് വിവരവും പോലീസ് പുറത്ത് വിടുന്നത്.

ജുബൈലിലെ സാമൂഹിക പ്രവർത്തകനായ സൈഫുദ്ദീൻ പൊറ്റശ്ശേരി പ്രതിയായ നിസാമിന് ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിയമ സഹായം ലഭിക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്തപ്പോള്‍ തന്നെ പ്രതികള്‍ സഹായത്തിനും ദയക്കും അര്‍ഹരാണോ എന്ന ചോദ്യം സൗദിയിലെ പ്രവാസി സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. നിസാമിന്റെ കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യൻ എംബസി പ്രശ്നത്തില്‍ ഇടപെടാന്‍ സൈഫുദ്ദീന് അധികാര പത്രം നൽകിയത്.

പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഷമീറിന്റെ ഇതുവരെ തയ്യാറായിട്ടില്ല. രാജാവിനടക്കം ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് പ്രതിയായ നിസാമിന്റെ കുടുംബം. എന്നാല്‍ ഷമീറിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ ദയാ ഹരജിക്ക് ഫലമുണ്ടാകൂ. ഈ സന്ദര്‍ഭത്തില്‍ പ്രതികളെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി മുന്നിട്ടിറങ്ങാന്‍ ഒരു സംഘടന ആലോചിക്കുന്നതായാണ് വിവരം.

പ്രവാസി സമൂഹത്തില്‍ നിന്നും മറ്റും പണം പിരിച്ച് ഷമീറിന്റെ കുടുംബത്തിന് ദിയാ ധനമായി നല്‍കി മാപ്പ് സംഘടിപ്പിക്കാനാണ്  പദ്ധതി. ഉടനെ ഇതിനായി രംഗത്തിറങ്ങിയാല്‍ പ്രവാസി സമൂഹത്തില്‍ നിന്നും അസംതൃപ്തി ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി രോഷം കെട്ടടങ്ങുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. സമീറിന്റെ മകനും മകളും മൈനര്‍മാര്‍ ആയതിനാല്‍ അതിനാവശ്യമായ സമയം ലഭിക്കുകയും ചെയ്യും.

വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ സഹായിക്കാന്‍ തുനിഞ്ഞിറങ്ങുന്ന വിഷയത്തില്‍ സമ്മിശ്രമായ പ്രതികരണമാണ് സൗദിയിലെ മലയാളി പ്രവാസി മണ്ഡലങ്ങളില്‍ ഉയരുന്നത്. തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും പാശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. അതേ സമയം അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കാണ് സഹായങ്ങള്‍ എത്തിക്കേണ്ടതെന്നും മനപ്പൂര്‍വ്വം കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിന് വിട്ടു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നു.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്ന സംഘടനകള്‍ അതിനായി സ്വന്തമായി പണം കണ്ടെത്തണമെന്നും സൗദി അറേബ്യ പോലെ ഒരു രാജ്യത്ത് വന്ന് കടുത്ത ശിക്ഷ ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ കുറ്റകൃത്യങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരെ സഹായിക്കാന്‍ പ്രവാസികളില്‍ നിന്നും പണം പിരിച്ചെടുക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DlSqnw7eVy9HWYdQHH8ljx

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

Published

on

  1. എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്?

സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകാറുണ്ട്. സൗദിയിലെ സിറ്റികള്‍ കാണിക്കും. എന്നാല്‍ ഡിസ്ട്രിക്റ്റ് കോളത്തില്‍ ഒന്നും വരുന്നില്ല എന്ന പ്രശ്നമാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരെങ്കിലും നിലവില്‍ സൗദിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഇഖാമ നമ്പര്‍, പാസ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ കൈമാറി അവരോട് അവിടെ നിന്നും നിങ്ങളുടെ അപ്ളിക്കേഷന്‍ ലൊക്കേഷന്‍ സെറ്റ് ചെയ്തു തരാനായി ആവശ്യപ്പെടുക. അതിനു ശേഷം നിങ്ങള്‍ സ്വിഹതി അപ്ളിക്കേഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുമ്പോള്‍ ലൊക്കേഷന്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതായാണ് കാണപ്പെടുന്നത്.

  1. മൂന്ന് ദിവസം മുന്‍പ് എന്റെ അബ്ഷീര്‍ അക്കൗണ്ടിലേക്ക് “ടെസ്റ്റ്‌” എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ അക്കൌണ്ടില്‍ പ്രത്യേകമായി ഒന്നും കാണാന്‍ സാധിച്ചില്ല. എന്ത് ടെസ്റ്റിന്റെ കാര്യമാണ് ഉദ്ദേശിക്കുന്നത്?

അത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. താങ്കളുടെ മാത്രമല്ല, അനേകം പേരുടെ മൊബൈല്‍ ഫോണുകളിലേക്ക് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ടെസ്റ്റ് എന്ന ഒരു സന്ദേശം വന്നിരുന്നു. പക്ഷെ എല്ലാവര്‍ക്കും ഇത് ലഭിച്ചിട്ടുമില്ല. അബ്ഷീര്‍ പ്ലാറ്റ്ഫോം ഭാഗത്ത് നിന്നും ഉണ്ടായ ഒരു സാങ്കേതിക പ്രശ്നമോ, പുതിയ അപ്ഡേറ്റ് വരുത്താനുള്ള സാങ്കേതിക നടപടികളുടെ തുടക്കമോ ആകാം. ഈ വിഷയത്തെ കുറിച്ച് ആരാഞ്ഞവരോട് ഇക്കാര്യത്തില്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല എന്നും അവഗണിക്കാനുമാണ് അബ്ഷിര്‍ നല്‍കിയ മറുപടി.

  1. സ്വിഹതി അപ്ളിക്കേഷന്‍ പലരും ഒ.ടി.പി ഇല്ലാതെ ഓപണ്‍ ചെയ്യുന്നത് കാണുന്നുണ്ട്. അവരുടേത് സ്പെഷ്യല്‍ അക്കൌണ്ട് ആണോ? എല്ലാ ഫോണിലും ഇത് ചെയ്യാന്‍ സാധിക്കുമോ? ആണെങ്കില്‍ എങ്ങിനെയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത് എന്ന് പറഞ്ഞു തരാമോ?

സ്വിഹത്തി അപ്ളിക്കേഷനില്‍ എല്ലാവര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന ഒരു ഓപ്ഷന്‍ ആണിത്. എല്ലാ അപ്ളിക്കേഷനിലും അതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ സ്വിഹത്തി അപ്ളിക്കേഷന്‍ തുറന്ന് അതിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പ്രവേശിക്കുക. അതില്‍ ലാംഗ്വേജ് സെറ്റ് ചെയ്യുന്ന ഓപ്ഷന് താഴെയായി പ്രൈവസി എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അതില്‍ “Allow Sehhaty to use Fingerprint or Face ID” ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് എനേബിള്‍ ആക്കി വിരലടയാളം സെറ്റ് ചെയ്യാം.

സ്വിഹത്തി അപ്ളിക്കേഷനില്‍ ഒരിക്കല്‍ ഈ സൗകര്യം ആക്റ്റിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് മൊബൈല്‍ നമ്പരില്‍ ഒ.ടി.പി ലഭിക്കാതെ തന്നെ നിങ്ങള്‍ക്ക് സ്വിഹത്തി അക്കൌണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും എന്നതാണ് ഏറ്റവും പ്രയോജനകരമായ കാര്യം. ഏതെങ്കിലും കാരണവശാല്‍ സിം കാര്‍ഡ് നഷ്ടപ്പെടുകയോ പ്രയോജന രഹിതമാകുകയോ ചെയ്‌താലും വിരലടയാളം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്വിഹത്തി അക്കൌണ്ട് ഉപയോഗിക്കാന്‍ സാധിക്കും.

  1. കഴിഞ്ഞ ദിവസം ജിദ്ദയിലേക്ക് യാത്ര ചെയ്യാനായി എത്തിയ ഒരു പ്രവാസിയുടെ യാത്ര ആര്‍.ടി.പി.സി.ആറിലെ ക്യൂ ആര്‍ കോഡ് പ്രശ്നം മൂലം മുടങ്ങി എന്നുള്ള ഒരു വോയ്സ് മെസേജ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയാണോ? ഞാന്‍ അടുത്ത ദിവസം റിയാദിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. എങ്ങിനെയാണ് നമുക്ക് കിട്ടിയിട്ടുള്ള നമുക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഒറിജിനലാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുക?

പ്രസ്തുത വോയ്സ് മെസേജ് കേട്ടിട്ടില്ലാത്തതിനാല്‍ അതിനെ കുറിച്ച് പറയാനാവില്ല. എന്നാല്‍ നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ അതിന്റെ ആധികാരികത പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കും. അത് ഓരോരുത്തര്‍ക്കും സ്വയം പരിശോധിച്ച് ഉറപ്പു വരുത്താനും സാധിക്കുന്നതാണ്. ഇതിനായി ക്യൂ.ആര്‍ കോഡ് സ്കാനര്‍ ഉപയോഗിക്കാം. ഈ അപ്ളിക്കേഷന്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.

കൈവശം ഉള്ളത് പ്രിന്റഡ് സര്‍ട്ടിഫിക്കറ്റ് ആണെങ്കിലും പിഡിഎഫ് രൂപത്തിലുള്ളത് ആണെങ്കിലും ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്വയം സ്കാന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ കൈവശമുള്ള ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിലെ ക്യൂ ആര്‍ കോഡ് ഈ അപ്ളിക്കേഷന്‍ ഉപയോഗിച്ച് സ്കാന്‍ ചെയ്യുക. അപ്പോള്‍ ഒരു ലിങ്ക് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റിലെ മുഴുവന്‍ വിവരങ്ങളും പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്താന്‍ സാധിക്കും.

  1. എന്റെ റൂമിലുള്ള പുതിയതായി വന്നയാളുടെ തവക്കല്‍ന ഇമ്മ്യൂണ്‍ അല്ല. മറ്റൊരാള്‍ മുഖേന പണം നല്‍കി തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി നല്‍കാമെന്ന് റൂമിലുള്ള മറ്റൊരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ?

ഇത് നിയമപരമായ വഴിയാകാന്‍ സാധ്യതയില്ല. രണ്ടു ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്താണ് തവക്കല്‍ന ഇമ്മ്യൂണ്‍ ആകുന്നത്. പണം നല്‍കി  തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാക്കി ഇമ്മ്യൂണ്‍ ആകുന്നത് ക്രിമിനല്‍ കുറ്റവുമാണ്. നിരവധി പേര്‍ ഇതിനകംതന്നെ ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഒരു പാകിസ്താന്‍ പൗരനും യെമനി പൗരനും ഈ കുറ്റത്തിന് പിടിയിലായിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് രണ്ടു തവണയായി 150 ഓളം പേര്‍ പിടിയിലായിട്ടുണ്ട്.

ഇമ്മ്യൂണ്‍ ആക്കി നല്‍കുന്നവര്‍ പിടിയിലായാല്‍ അവരില്‍ നിന്നും ഇമ്മ്യൂണ്‍ ആയവരിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തുന്ന രീതിയാണ് കാണാന്‍ സാധിക്കുന്നത്. അത് കൊണ്ട് താല്‍ക്കാലികമായി ഇമ്മ്യൂണ്‍ ആയാലും പിന്നീട് പിടിക്കപ്പെടാനുള്ള സാധ്യത തള്ളികളയാന്‍ സാധിക്കില്ല.

  1. സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പോകാനായി കഴിഞ്ഞ ദിവസം മുഖീമില്‍ അറൈവല്‍ രജിസ്ട്രേഷന്‍ ചെയ്തിരുന്നു. എന്റെ രജിസ്ട്രേഷന്‍ പ്രിന്റ്‌ ഔട്ടില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ കാണിക്കുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിന്റെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ വാക്സിനേഷന്‍ ചെയ്ത വിവരങ്ങള്‍ ഒന്നാമത്തെ ഡോസ്, രണ്ടാമത്തെ ഡോസ് എന്നിങ്ങനെ മുഴുവനും വിശദമായി കാണുന്നുണ്ട്. ഇത് എന്റെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ഉണ്ടായിട്ടുള്ള ഒരു പിശകാണോ? എങ്ങിനെയാണ് ഇത് തിരുത്താന്‍ സാധിക്കുക? ഇത് മൂലം യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടോ?

ഇത് ഒരു പിശക് ആകാന്‍ സാധ്യതയില്ല. ആദ്യമായി നിങ്ങളുടെ സുഹൃത്തിന്റെ യാത്ര വിവരങ്ങള്‍ പരിശോധിക്കുക. നിലവിലുള്ള വിസയില്‍ അവധിക്ക് വന്നു പോകുന്ന ഇഖാമയുള്ളവരുടെ അറൈവല്‍/മുഖീം രജിസ്ട്രേഷന്‍ ഫോമിലും പുതിയ വിസയില്‍ പോകുന്നവരുടെ ഫോമിലും സാരമായ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ സുഹൃത്ത് പുതിയ വിസയില്‍ പോകുന്ന ആളാണോ എന്ന് ഉറപ്പു വരുത്തുക.

ഇഖാമയുള്ളവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, ഇഖാമ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ് എന്നിവ മാത്രമേ കാണുകയുള്ളൂ. വാക്സിനേഷന്‍ ചെയ്ത മുഴുവന്‍ വിവരങ്ങള്‍ പ്രിന്റ്‌ ഔട്ടില്‍ സാധാരണയായി കാണാന്‍ സാധിക്കില്ല.

എന്നാല്‍ പുതിയ വിസയില്‍ പോകുന്നവരുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ പേര്, പാസ്പോര്‍ട്ട് നമ്പര്‍, ജനന തിയ്യതി, വിസ നമ്പര്‍, നാഷനാലിറ്റി, രജിസ്ട്രേഷന്‍ നമ്പര്‍, രജിസ്ട്രേഷന്‍ ഡേറ്റ്, വാക്സിന്‍ എടുത്ത രാജ്യം, എടുത്ത് വാക്സിന്റെ പേര് എത്ര ഡോസ് എടുത്തു, ആദ്യ ഡോസ് എടുത്ത തിയ്യതി, രണ്ടാമത്തെ ടോസ എടുത്ത തിയ്യതി എന്നെ വിവരങ്ങള്‍ വിശദമായി ഉള്‍പ്പെടുത്തിയിരിക്കും.

നിങ്ങളുടെ അറൈവല്‍ രജിസ്ട്രേഷന്‍ ഫോമില്‍ അത്തരം വിവരങ്ങള്‍ കാണുന്നില്ല എന്നതില്‍ ആശങ്ക വേണ്ട. അറൈവല്‍ രജിസ്ട്രേഷന്‍ ഫോമിന്റെ ഇടത് വശത്ത് കാണുന്ന ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്തു നോക്കിയാല്‍ അധികൃതര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങള്‍ക്കും വിവരങ്ങള്‍ ഉറപ്പ് വരുത്താന്‍ സാധിക്കും. ക്യൂ.ആര്‍ കോഡ് എങ്ങിനെയാണ് സ്കാന്‍ ചെയ്യാന്‍ സാധിക്കുക എന്നത് മുകളിലെ ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DlSqnw7eVy9HWYdQHH8ljx

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST1 month ago

യു.എ.ഇ യില്‍ 14 ദിവസം താമസിക്കേണ്ട, സൗദിയിലേക്ക് അനധികൃത ചവിട്ടി കയറ്റല്‍

LATEST1 month ago

നാട്ടുകാരന്റെ ജീവനെടുക്കാന്‍ കൂട്ടു നിന്ന ഈ സൗദി മലയാളികള്‍ ശരിക്കും മാപ്പ് അര്‍ഹിക്കുന്നുണ്ടോ?

LATEST1 month ago

സൗദി പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 6 ചോദ്യങ്ങള്‍. നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടത്.

LATEST1 month ago

രാജകാരുണ്യ കാലാവധി കഴിഞ്ഞാല്‍ സൗദി പ്രവാസികള്‍ക്ക് റീ എന്‍ട്രി പുതുക്കി കിട്ടാന്‍ എന്ത് ചെയ്യണം

LATEST1 month ago

മലയാളിക്ക് സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് ഒറ്റപ്പെട്ട സംഭവം. മറ്റു യാത്രക്കാര്‍ക്ക് ആശങ്ക വേണ്ട.

LATEST1 month ago

തവക്കല്‍ന, ഹെല്‍ത്ത് പാസ്പോര്‍ട്ട് മൂലം ബോര്‍ഡിംഗ് പാസ് ലഭിക്കാതെ സൗദിയിലേക്ക് ഒരു മലയാളിയുടെ കൂടി യാത്ര മുടങ്ങി

LATEST2 months ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ഏറ്റവും പുതിയ 17 ചോദ്യങ്ങള്‍. നാട്ടില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരുന്നവരും സൗദിയില്‍ ഉള്ളവരും അറിഞ്ഞിരിക്കേണ്ടത്

LATEST2 months ago

ജിദ്ദ പ്രവാസിയുടെ കൈ പിടിച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തക നര്‍ഗീസ് പുതിയ ജീവിതത്തിലേക്ക്

LATEST2 months ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 months ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 months ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST2 months ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 months ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 months ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 months ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

Trending

error: Content is protected !!