LATEST
നമ്മൾ അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടു കഥകളാണ്

(2013 കാലഘട്ടത്തിൽ സൗദിയിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള ഒരു വീട്ടു വേലക്കാരി വെളിപ്പെടുത്തിയ അനുഭവങ്ങളാണ് ഈ കഥക്ക് ആധാരം. സ്വകാര്യത നിലനിർത്താൻ അവരുടെ യഥാർത്ഥ പേരും സ്ഥലവും മറ്റു വിവരങ്ങളും മാറ്റിയിട്ടുണ്ട്)
“സുബൈദാത്താ, നിങ്ങള് ഇന്ന് നന്നായിട്ടൊന്ന് ആലോചിക്ക്. ഒന്നുകിൽ സൗദിയിൽ പോയി നന്നാവ്. അല്ലെങ്കി ഈ കുട്ടികളേം ഉമ്മാനേം പട്ടിണിക്കിട്ട് കൊല്ല്. ഞാൻ നാളെ വരാം. അപ്പോ അവസാന തീരുമാനം പറഞ്ഞാൽ മതി”
ബഷീർ പറഞ്ഞതൊക്കെ അപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണ് സുബൈദ. എന്തെങ്കിലും ഒരു തീരുമാനം ഉടനെ എടുക്കണം. അമ്പതിനായിരം രൂപ കൊടുത്താൽ ബഷീർ സൗദിയിലേക്ക് വിസ തരും. പക്ഷെ ആ പണം എവിടുന്നുണ്ടാക്കും. ഈ വീട്ടിലാണെങ്കിൽ ഇന്ന് രാത്രി ചോറ് വെക്കാൻ പോലും ഒരുമണി അരിയില്ല. കുട്ടികൾ ചോറ് ചോദിക്കുമ്പോ താനെന്ത് പറയും.
ഈ മാസം ഭക്ഷണത്തിനുള്ള വക എടുത്തു വെച്ചിരുന്നു. അതാണ് ഇന്ന് ഉമ്മാനെ ഡോക്ടറെ കാണിക്കാൻ കൊണ്ടു പോയപ്പോൾ ചിലവായത്. ഇനി ഒരു ചില്ലിക്കാശ് ഈ പുരയിലില്ല. എന്തായാലും ഇന്ന് മുഹമ്മദിക്കാടെ കടയിൽ നിന്നും സാധനങ്ങൾ കടം വാങ്ങാം. അടുത്താഴ്ച ഹാജിയാരുടെ വീട്ടീന്ന് ശമ്പളം കിട്ടുമ്പോൾ തിരിച്ചു കൊടുക്കാമല്ലോ. കുട്ടികൾ വിശന്ന് കരയുന്നത് കാണാൻ വയ്യ. പിഞ്ചു മക്കളാണ്. ഒന്നും പറഞ്ഞാൽ മനസ്സിലാക്കാനുള്ള ബുദ്ധി ആയിട്ടില്ല.
സുബൈദ സഞ്ചിയുമായി മുഹമ്മദിന്റെ കടയിലേക്ക് നടന്നു. സാധനങ്ങൾ വാങ്ങിയതിന് ശേഷമാണ് പണത്തിന്റെ കാര്യം സുബൈദ പറഞ്ഞത്. “മുഹമ്മദ്ക്കാ പൈസ അടുത്ത ആഴ്ച തരാട്ടോ. അടുത്താഴ്ച ഹാജിയാർടെ വീട്ടീന്ന് പൈസ കിട്ടും”
“സുബൈദാ, ഒന്നും വിചാരിക്കരുത്. എന്റെവീട്ടിലും കുട്ടികളുണ്ട്. അവരും വയറ് നിറക്കുന്നത് ഇവിടുന്ന് എന്തെങ്കിലും വിറ്റു കിട്ടുന്ന പൈസ കൊണ്ടാണ്. എല്ലാർക്കും കടം കൊടുത്താ എന്റെ കുട്ടികൾടെ വയറ് നിറയൂലാ. ഒന്നും വിചാരിക്കരുത്. പൈസ കിട്ടുമ്പോ സാധനങ്ങൾ കൊണ്ട് പോവാം” മുഹമ്മദ് സാധനങ്ങൾ സുബൈദയുടെ കയ്യിൽ നിന്നും വാങ്ങി തിരികെ കടയിലേക്ക് തന്നെ വെച്ചു.
നിന്ന നിൽപ്പിൽ ഭൂമിയുടെ അടിയിലേക്ക് ഇറങ്ങി പോകുന്നത് പോലെ തോന്നി സുബൈദാക്ക്. ഇത് പോലൊരു അപമാനം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഭാഗ്യത്തിന് കടയിൽ ബഷീർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാണക്കേട് കൊണ്ട് കണ്ണ് നിറഞ്ഞു തികട്ടി വന്ന തേങ്ങൽ പുറത്ത് കാണിക്കാതെ ബഷീറിന്റെ മുഖത്തേക്ക് പോലും നോക്കാതെ സുബൈദ കടയിൽ നിന്നും ഇറങ്ങി നടന്നു.
ഹസ്സനിക്ക ജീവിച്ചിരുന്ന സമയത്ത് എല്ലാ സാധനങ്ങളും വാങ്ങിയിരുന്നത് അവിടെ നിന്നാണ്. ഒരു ദിവസം പോലും കടം പറഞ്ഞിട്ടില്ല. ഇപ്പോൾ ഹസ്സനിക്ക മരിച്ചപ്പോ തനിക്ക് കടം വീട്ടാൻ കഴിയില്ല എന്ന് തോന്നിയത് കൊണ്ടാവാം അങ്ങിനെ പറഞ്ഞത്. ഇനിയിപ്പോ എന്ത് ചെയ്യും. ഒരു മണി അരിയില്ലാതെ എങ്ങിനെ വീട്ടിലേക്ക് പോകും.
“സുബൈദാത്താ, അവടെ നിക്ക്”. ബഷീറാണ്. ഹസ്സനിക്കാടെ ചങ്ങാതിയാണ്. റിയൽ എസ്റ്റേറ്റാണ് ജോലി. പക്ഷേ പണം കിട്ടുന്ന മറ്റെന്തു പണിയും ചെയ്യും. വിസ കച്ചവടം ഉൾപ്പെടെ സകല ഉഡായിപ്പും കയ്യിലുണ്ട്.
“എന്താ സുബൈദാത്താ, നിങ്ങക്ക് ഹാജിയാർടെ വീട്ടിൽ ജോലിയില്ലേ. അവിടുന്ന് ഒന്നും കിട്ടണില്ലേ”
“ഉണ്ട് ബഷീറേ. ശമ്പളം മുൻപ് തന്നെ തന്നു. ഈ മാസത്തെ സാധനങ്ങൾ വാങ്ങാനുള്ള പൈസയു മാറ്റി വെച്ചിരുന്നു. പക്ഷെ ഇന്ന് ഉമ്മാക്ക് വയ്യാണ്ടായപ്പോ ആശുപത്രിയിലേക്ക് കൊണ്ട് പോയി മരുന്നുകളും വാങ്ങിയപ്പോ പൈസയൊക്കെ കഴിഞ്ഞു. അതാ കടം പറയാന്ന് വിചാരിച്ചേ”
“സുബൈദാത്താ, നിങ്ങളിങ്ങനെ എത്ര കാലാന്ന് വിചാരിച്ചാ ഇങ്ങനെ മുന്നോട്ട് പോവാ. കുട്ടികളൊക്കെ കാലായി വരണങ്കി ഇനീം കൊല്ലങ്ങളെടുക്കും. നിങ്ങക്ക് ഈ ഹാജിയാർടെ അവിടുന്ന് കിട്ടുന്നതോണ്ട് എന്നും കഴിയാൻ പറ്റോ. വേറെന്തെങ്കിലും മാർഗ്ഗങ്ങളൊക്കെ ആലോചിക്കേണ്ടേ”
“പത്താം ക്ലാസ് പാസാവാത്ത എനിക്ക് എന്ത് ജോലിയാ കിട്ടാ ബഷീറേ, ആകെ അറിയാവുന്നത് അടിക്കാനും തുടക്കാനും ഭക്ഷണം വെക്കാനുമാണ്. അത് ചെയ്ത് ഹാജിയാർടെ അവിടന്ന് കുറച്ചു പൈസയൊക്കെ കിട്ടുന്നുമുണ്ട്. വേറെന്താ ഞാൻ ചെയ്യാ”
“സുബൈദാത്താ, ശ്രദ്ധിച്ച് കേൾക്കണം. ഹസാനിക്കാടെ ഭാര്യയായത് കൊണ്ട് മാത്രമല്ല ഞാനിത് പറയുന്നത്. നിങ്ങള് ആ കടേന്ന് കണ്ണും നിറച്ചോണ്ട് ഇറങ്ങി പോകുന്നത് കണ്ടിട്ടും കൂടിയാണ്. എനിക്കും പെങ്ങമ്മാരുണ്ട്”
“സൗദീലെ റിയാദില് എന്റെ ഒരു ചങ്ങായിണ്ട്. മൂപ്പർടെ കയ്യില് വിസണ്ട്. മൂപ്പർക്ക് എന്തെങ്കിലും കൊടുത്താ മൂപ്പര് വിസ തരും. നല്ല അറബികൾടെ വീട്ടില് ഇപ്പ ചെയ്യണ ജോലി തന്നെ ചെയ്താ മതീ. അവടെ പോയാ നിങ്ങടെ കഷ്ടപ്പാടെല്ലാം തീരും. നിങ്ങക്ക് ഒരു അമ്പതിനായിരം രൂപ തരാൻ പറ്റ്വേണെങ്കി ഞാൻ വിസ സംഘടിപ്പിച്ച് തരാം. മാസം ഒരു 75000 ഉർപ്യേങ്കിലും ഉണ്ടാക്കാനുള്ള വഴിയും ഞാൻ പറഞ്ഞു തരാം”
“സുബൈദാത്താ, നിങ്ങള് ഇന്ന് നന്നായിട്ടൊന്ന് ആലോചിക്ക്. ഒന്നുകിൽ സൗദിയിൽ പോയി നന്നാവ്. അല്ലെങ്കി ഈ കുട്ടികളേം ഉമ്മാനേം പട്ടിണിക്കിട്ട് കൊല്ല്. ഞാൻ നാളെ വരാം”
“തൽകാലം ഇപ്പൊ അരി വാങ്ങാനുള്ള പൈസ ഞാൻ തരാം. കുട്ടികളും ഉമ്മേം പട്ടിണി കിടക്കണ്ട”. പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപയെടുത്ത് നീട്ടി ബഷീർ പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഒരന്യ പുരുഷനിൽ നിന്നും പൈസ വാങ്ങുന്നത്. പക്ഷെ കുട്ടികളുടെ മുഖങ്ങൾ ആലോചിച്ചപ്പോ വാങ്ങാതിരിക്കാനും ആയില്ല.
ബഷീർ പോയ ശേഷം സുബൈദ ബഷീർ പറഞ്ഞ കാര്യങ്ങളൊക്കെ നല്ല വണ്ണം ആലോചിച്ചു. ഹാജിയാർടെ വീട്ടു പണി ചെയ്തു കിട്ടുന്ന പണം കൊണ്ട് കുട്ടികൾക്ക് വിശപ്പറിയാതെ കഴിയാം. പക്ഷെ ഇടക്ക് ഉമ്മാക്കും കുട്ടികൾക്കും എന്തെങ്കിലും അസുഖങ്ങൾ വന്നാൽ കാര്യങ്ങൾ ആകെ തകിടം മറിയും. തന്റെ കയ്യിൽ നിന്നും തിരിച്ചു കിട്ടാൻ സാധ്യത ഇല്ലാത്തത് കൊണ്ട് ഇപ്പോൾ ആരും അധികം പണം കടം തരില്ല.
ബഷീർ പറഞ്ഞ പോലെ സൗദിയിലേക്ക് പോകുന്നത് തന്നെയാണ് നല്ലത്. തനിക്ക് കുറച്ച് അദ്ധ്വാനിക്കേണ്ടി വന്നാലും കുട്ടികൾക്ക് നല്ലൊരു ജീവിതം കിട്ടും. ഉമ്മാനെ നല്ല രീതിയിൽ നോക്കുകയും ചെയ്യാം.
സുബൈദ പോകാൻ തന്നെ തീരുമാനിച്ചു.
ബഷീറിന് കൊടുക്കേണ്ട അമ്പതിനായിരം രൂപ ഹാജിയാർടെ കയ്യിൽ നിന്നും കടം വാങ്ങാം. താൻ ആദ്യമായി ചോദിക്കുന്നത് കൊണ്ട് തരാതിരിക്കില്ല. ഒരു മാസം കഴിഞ്ഞു ബഷീർ പറഞ്ഞ പോലെ സൗദിയിലെത്തി ശമ്പളം കിട്ടുമെങ്കിൽ ആ പണം തിരിച്ചു കൊടുക്കാമല്ലോ. കുട്ടികളെയും ഉമ്മനെയും തൽക്കാലം അനിയത്തിയുടെ വീട്ടിൽ നിർത്താം. അവർക്കും മാസം ചിലവിന് അയച്ചു കൊടുത്താൽ മതി. അത് അവൾക്കും ഒരു സന്തോഷമാകും.
പിറ്റേന്ന് ബഷീർ വന്നപ്പോൾ സുബൈദ തന്റെ തീരുമാനം പറഞ്ഞു. ഇതോടെ ബഷീർ സൗദി ജോലി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പറഞ്ഞു.
“റിയാദിലെ ഒരു മലയാളി ഏജന്റ് വഴിയാണ് എനിക്ക് സൗദിയിലേക്ക് വിസ കിട്ടുന്നത്. വിസക്ക് 50000 രൂപയാണ് അയാൾ പറഞ്ഞത്. വിസക്ക് കൊടുക്കുന്ന പണം ഒരു രണ്ടു മാസത്തിനുള്ളിൽ തന്നെ മുതലാവും”. തുടർന്ന് പണം സൗദിയിലെത്തി മാസം പതിനായിര കണക്കിന് രൂപ സമ്പാദിക്കാനുള്ള വഴികളും ബഷീർ പറഞ്ഞു കൊടുത്തു.
“സുബൈദത്താക്ക് രണ്ടു തരത്തിൽ അവിടെ ജോലി ചെയ്യാം. ഒന്നുകിൽ നേർവഴിയിലൂടെ ശരിയായ വിസയിൽ അറബിയുടെ വീട്ടിൽ ജോലിക്ക് കേറാം. അപ്പോൾ 800 മുതൽ 1000 റിയാൽ വരെ കിട്ടാം. ഒരു റിയാലിന് പതിമൂന്ന് രൂപയാണ് ഇപ്പോഴെത്ത കണക്ക്. അതായത് ഒരു പതിമൂന്നായിരം രൂപ വരെ.
“ഒക്കെ ഭാഗ്യം പോലെ ഇരിക്കും. ചെന്ന് കയറുന്ന സ്വദേശിയുടെ വീട്ടുകാർ നല്ലവർ ആണെങ്കിൽ മാന്യമായ പെരുമാറ്റം ഉണ്ടാകും. ശമ്പളവും സമയത്തിന് ലഭിക്കും. പക്ഷേ അതിന് ഗാരന്റിയൊന്നുമില്ല. ചിലപ്പോൾ എല്ലാം മറിച്ചാവാം. ഒക്കെ സുബൈദത്താടെ ഭാഗ്യം പോലിരിക്കും”.
“രണ്ടാമത്തെ വഴിയിലൂടെയാണെങ്കിൽ സുബൈദത്താക്ക് മാസം തോറും 4000 റിയാൽ വരെയോ അതിലധികമോ സമ്പാദിക്കാം. അതായത് ഒരു അമ്പതിനായിരത്തിൽ അധികം. ഒരു വീട്ടിൽ കുറച്ചു ദിവസം മാത്രം നിന്നാൽ മതി. ഓരോ വീടുകളിലും മാറിമാറി നിൽക്കാം. നാടന്‍ ഭക്ഷണം മുതൽ വസ്ത്രങ്ങളും, ഫോൺ കാര്‍ഡ് വരെ ഫ്രീയായി കിട്ടും. അടുക്കളയിൽ വീട്ടുകാരികളുടെ പീഡനമൊന്നും ഉണ്ടാവില്ല. നല്ല പരിചരണം ലഭിക്കും. കുറച്ച് റിസ്‌ക്കൊക്കെ എടുക്കണം. കുറച്ചൊക്കെ വിട്ടു വീഴ്ചയും ചെയ്യണം”
ഒരു വര്‍ഷം മുമ്പ് ഭര്‍ത്താവ് മണ്മറഞ്ഞത് മൂലം കുടുംബം പോറ്റാൻ വഴിയില്ലാതെ കുടുംബത്തിന്‍റെ സംരക്ഷണത്തിനായിട്ടാണ് സുബൈദ സൗദിയിൽ പോകാൻ തയ്യാറായത്. അതിനാൽ സ്വാഭാവികമായും സുബൈദ രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു.
“രണ്ടാമത്തെ വഴിയുടെ പോകുകയാണെങ്കിൽ ടിക്കറ്റും സുബൈദത്താക്ക് ഫ്രീയായി കിട്ടും. അതിനുള്ള കാര്യങ്ങളും ഞാൻ ചെയ്തു തരാം”. ബഷീർ സുബൈദക്ക് മുന്നിൽ ദയയുടെ നിറകുടമായി മാറി.
“ട്രാവൽ ഏജൻസിയാണ് ടിക്കറ്റിനുള്ള പണം സൗജന്യമായി നൽകുക. സൗദിയിലേക്ക് പോകുന്നതിന് മുൻപായി ട്രാവൽ ഏജൻസിക്ക് വേണ്ടി അവർ പറയുന്നിടത്ത് ഒന്ന് പോയി വരേണ്ടി വരും. സിംഗപ്പൂരിലേക്കോ ദുബായിലേക്കോ ആണ് പോകേണ്ടി വരിക. അപ്പോൾ സൗദിയിലേക്ക് സൗജന്യ ടിക്കറ്റും തരും”.
“തിരിച്ചു വരുമ്പോൾ ട്രാവൽ ഏജൻസി പറയുന്ന സാധനങ്ങൾ കൊണ്ട് വരണം. താമസത്തിനും പോകുന്നതിനും വരുന്നതിനുമുള്ള പണം അവർ കൊടുത്തോളും. ഇത്താക്ക് വട്ടച്ചിലവിനുള്ള കാശും തരും”.
“എന്തെങ്കിലും കുഴപ്പണ്ടാവോ ബഷീറേ” അത് കേട്ടപ്പോൾ സുബൈദക്ക് ആധി കേറി.
“എന്ത് കുഴപ്പണ്ടാവാൻ. അങ്ങനെ കുഴപ്പള്ളത് എന്തെങ്കിലും ഉണ്ടെങ്കി ഞാൻ പറയോ, പ്രത്യേകിച്ചും സുബൈദാത്താട്. കഴിഞ്ഞ മാസം കൂടി ഒരാള് പോയിക്കണ്. ആയമ്മക്ക് നല്ല കാശും കിട്ടിത്തുടങ്ങി”
“പക്ഷേ, എന്തിനാ ബഷീറേ സൗദീല് പല വീടുകളിൽ മാറി ജോലിക്ക് നിക്കുന്നത്. ഒരു വീട്ടിൽ നിന്നാ പോരേ”
“എന്റെ സുബൈദാത്താ, ഒരു വീട്ടിൽ നിന്നാൽ കുറച്ചു കാശേ കിട്ടുള്ളൂ. പല വീട്ടിൽ നിന്നാലേ കാശ് കൂടുതൽ കിട്ടുള്ളൂ. വീട് പണി ആവില്ല. ഏതെങ്കിലും മലയാളികളുടെ വീടുകളിൽ പ്രസവ ശുശ്രൂഷക്കോ മറ്റോ നിൽക്കാം. അതാ ഏറ്റവും നല്ലത്. പണിയും കുറവ്, കാശും കൂടുതൽ. അങ്ങനെ നിന്നാ 3500 റിയാൽ വരെ ലഭിക്കും. നാൽപ്പത് ദിവസം നിന്നാ മതി. മറ്റെല്ലാ കാര്യങ്ങളും ഫ്രീയായിരിക്കും. ഒരു പൈസ ചിലവില്ല. ആരെങ്കിലും കുഞ്ഞിനെ കാണാൻ വന്നാൽ നല്ല ടിപ്പും കിട്ടും”
“എന്റെ കുട്ടികളെ കാണാൻ ഇടക്കൊക്കെ വന്നു പോവാൻ പറ്റോ ബഷീറേ”
“ദേ താത്താ, എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഇടക്കൊക്കെ വന്നു പോവാൻ നിങ്ങളാരാ സൗദീ ഷെയ്ക്കാ. നിങ്ങക്കിപ്പോ ആവശ്യം കുറച്ചു കാശല്ലേ. അവിടെ പോയി ആവശ്യത്തിന് സമ്പാദിച്ചു കഴിഞ്ഞതിനു ശേഷം എല്ലാം കഴിഞു നാട്ടില്‍ പോകണം എന്ന് തോന്നുമ്പോള്‍ എന്നെ വിളിക്ക്. അതിനുള്ള വഴിയും ഞാൻ ശരിയാക്കി തരാം”
ബഷീർ ഇതൊക്കെ പറഞ്ഞപ്പോ തരക്കേടില്ലെന്ന് സുബൈദക്കും തോന്നി. സുബൈദ പോകാൻ തയ്യാറായി. റിയാദിലെ മലയാളിയായ ഒരു കച്ചവടക്കാരനാണ് വിസ തരപ്പെടുത്തി തന്നത് എന്നാണ് ബഷീർ പറഞ്ഞത്. അയാൾക്കുള്ള പണം ബഷീർ തന്റെ കയ്യിൽ നിന്നും ആദ്യമേ വാങ്ങി. പിന്നീട് കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു.
ബഷീറിനൊപ്പം സുബൈദ ട്രാവൽ ഏജൻസിയിൽ പോയി. അവർ സൗദി യാത്രക്ക് മുൻപ് സിംഗപ്പൂരിലേക്ക് പോകാനാണ് സുബൈദയോട് പറഞ്ഞത്. യാത്രക്ക് വേണ്ടി ബാഗ് ഉൾപ്പെടെയുള്ള എല്ലാം സജ്ജീകരണങ്ങളും അവർ ഒരുക്കിയിരുന്നു. യാത്രക്കുള്ള ദിവസം അവരുടെ ഓഫീസിൽ പോയപ്പോൾ വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും അടങ്ങിയ ബാഗ് തന്നു. ആ ബാഗ് ലഗേജിൽ ഇടാനായിരുന്നു സുബൈദയോട് അവർ നിർദ്ദേശിച്ചത്. കയ്യിൽ പിടിക്കാൻ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ ഹാൻഡ് ബാഗേജ്ഉം കൊടുത്തു.
സിംഗപ്പൂർ എയർപോർട്ടിൽ സ്വീകരിക്കാൻ അവരുടെ ആളുകൾ എത്തിയിരുന്നു. ബാഗ് അവരാണ് കൈകാര്യം ചെയ്തത്. മുറിയിൽ എത്തിയപ്പോൾ തിരിച്ചു തന്നു. ഇരുപത് ദിവസത്തോളം സിംഗപ്പൂരിൽ അവർ സജ്ജീകരിച്ച താമസ സ്ഥലത്ത് തങ്ങി. അതിനു ശേഷം തിരിച്ചു പോരുമ്പോഴും നിറയെ സാധനങ്ങൾ അടങ്ങിയ ബാഗ് തന്നു. തിരിച്ചു കേരളത്തിൽ എത്തിയപ്പോഴും സ്വീകരിക്കാൻ ബഷീറും അവരുടെ ആളുകളും എത്തിയിരുന്നു. ബാഗ് പിന്നീട് തിരിച്ചു തന്നു. കുറച്ച് പണവും കയിൽ തന്നു.
“ഇനി സുബൈദാത്ത വീട്ടിൽ പോയി കുറച്ചു ദിവസം വിശ്രമിക്ക്. ഒരു മാസത്തിനുള്ളിൽ സൗദി വിസ സ്റ്റാമ്പ് ചെയ്തു വരും. ടിക്കറ്റും അവർ ഫ്രീയായി തരും.എം കിട്ടിയാൽ അതുമായി ഞാൻ വീട്ടിലേക്ക് വരാം”.
അതിന് ശേഷം ഒരു മാസം കഴിഞ്ഞാണ് സൗദിയിലേക്ക് പോകാൻ വിസ സ്റ്റാമ്പ് ചെയ്ത് കിട്ടിയത്. വിസയും ടിക്കറ്റുമായി ബഷീർ വീട്ടിലേക്ക് വന്നു.
പോവേണ്ട ദിവസം ബഷീർ വന്ന് എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. യാത്രക്കിടയിൽ കുറച്ചു കാര്യങ്ങൾ കൂടി ബഷീർ പറഞ്ഞു തന്നു.
“സുബൈദാത്താ, എയർപോർട്ടിനകത്ത് ആര് ചോദിച്ചാലും ക്ളീനിങ് ജോലിക്കാൻ പോവുന്നതെന്നേ പറയാവൂ. ഇപ്പോ സൗദിയിൽ കുറച്ച് പ്രശ്നങ്ങളുണ്ട്. ഫിലിപ്പൈന്‍സിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും സൗദിയിലേക്ക് വീട്ടുവേലക്കാരികളുടെ റിക്രൂട്ടുമെന്റുകള്‍ ഇപ്പോ ഇല്ല. കൂടാതെ ഇന്ത്യയില്‍ നിന്ന് അവർക്കുള്ള റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ ഭയങ്കര കര്‍ശനമാണ്. അത് കൊണ്ട് എയർപോർട്ടിൽ നല്ല പരിശോധന ഉണ്ടാവും”
“നമ്മുടെ ആളുകൾ അവിടെ ഉണ്ട്. വേണ്ടതൊക്കെ അവർ പറഞ്ഞു തരും. ചിലപ്പോൾ ഒരു പ്രശ്നവും ഇല്ലാതെ തന്നെ പോകാൻ പറ്റും” ബഷീർ ധൈര്യം തന്നു.
എയർപോർട്ടിൽ ഒരു പ്രത്യേക രീതിയിലാണ് കടത്തി വിട്ടത്. പരിചയമുള്ള ഉദ്യോഗസ്ഥൻ എത്തുന്നതിനായി കുറെയേറെ സമയം കാത്തു നിൽക്കേണ്ടി വന്നു. ഉദ്യോഗസ്ഥരുമായി ഏജൻസിയുടെ ആളുകൾ ഇടയ്ക്കിടെ സംസാരിക്കുന്നുണ്ടായിരുന്നു. ‘ചവിട്ടി കയറ്റൽ’ എന്നോ മറ്റോ ബഷീറും മറ്റാളുകളും പറയുന്നുണ്ടായിരുന്നു.
കുഴപ്പമൊന്നും ഇല്ലാതെ തന്നെ ബോർഡിങ് പാസ് കിട്ടി. നേരിട്ടുള്ള ഫ്ലൈറ്റിൽ അല്ലാതെ ബഹറിനിലേക്കും അവിടെ നിന്ന് കണക്ഷൻ ഫ്ലൈറ്റ് വഴി സൗദിയിലേക്കും എത്തി. എയർപോർട്ടിൽ ഒരാൾ എത്തി ഒരു സ്വദേശിയുടെ വീട്ടിലേക്ക് സുബൈദയെ കൂട്ടിക്കൊണ്ടു പോയി. അവിടെ നാല് മാസത്തോളം നിന്നു. അതിനിടയിൽ ഇഖാമയും മറ്റും ശരിയായി.
ഇഖാമ ശരിയായാൽ അറിയിക്കണമെന്ന് ബഷീർ പറഞ്ഞിരുന്നു. അത് പ്രകാരം ബഷീറിന് മെസേജ് കൊടുത്തു. ബാഗിൽ എല്ലാം ശരിയാക്കി വെക്കണമെന്നും തന്റെ ആൾ അവിടെയെത്തി വിളിച്ചാൽ ആരും അറിയാതെ അയാളുടെ കൂടെ പോകണമെന്നും ബഷീർ പറഞ്ഞു. അയാളുടെ നമ്പറും തന്നു.
സാദിഖ് എന്നാണ് അയാളുടെ പേര്. രണ്ടു ദിവസ കഴിഞ്ഞപ്പോൾ അയാൾ വിളിച്ചു. സ്പോൺസറും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്ത് വിളിക്കണമെന്ന് സാദിഖ് പറഞ്ഞ പ്രകാരം സ്പോൺസർ പുറത്തേക്ക് പോയ സമയം സാദിഖിനെ ഫോണിൽ വിളിച്ചു. സ്‌പോൺസറുടെ ഭാര്യ വീടിന്റെ മുകളിലെ റൂമിലേക്ക് കിടക്കാനും മക്കൾ സ്‌കൂളിലേക്കും പോയതായിരുന്നു.
പതിനഞ്ചു മിനിട്ടിനുള്ളിൽ സാദിഖ് എത്തി. അയാളുടെ കൂടെ സുബൈദ വണ്ടിയിൽ കയറി. ഒരു മലയാളിയുടെ വീട്ടിലാണ് സാദിഖ് സുബൈദയെ കൊണ്ട് ചെന്നാക്കിയത്.
“സുബൈദാത്താ, ഇനി ഒരു നാൽപ്പത് ദിവസം ഇവിടെ നിൽക്കണം. വേങ്ങരക്കാരാണ്. അയാളുടെ ഭാര്യ പ്രസവിച്ചു കിടക്കുകയാണ്. ഭർത്താവ് ഓഫീസിൽ പോയാൽ ഭാര്യയും കുഞ്ഞും തനിച്ചാണ്. കുഞ്ഞിനെ നോക്കണം. 3500 റിയാൽ പറഞ്ഞിട്ടുണ്ട്. മര്യാദക്കാരാണ്. ശമ്പളം കൃത്യമായി തരും. മറ്റുള്ള എല്ലാ കാര്യങ്ങളും അവർ നോക്കിക്കോളും”. സാദിഖ് പറഞ്ഞു.
“പിന്നെ ഒരു കാര്യം. നിങ്ങളെ വീട്ടിൽ കാണാത്തത് കൊണ്ട് സ്പോൺസർ ചിലപ്പോൾ പോലീസിൽ പരാതി കൊടുത്തിട്ടുണ്ടാകും. രണ്ടാഴ്ച കഴിഞ്ഞാൽ ചിലപ്പോൾ ഹുറൂബാക്കാൻ സാധ്യതയുണ്ട്. ഒരു കാരണവശാലും വീടിന് പുറത്തേക്ക് ഇറങ്ങരുത്. അടുത്തുള്ള ബക്കാലയിലേക്ക് പോലും പോകരുത്. എന്തെങ്കിലുമാവശ്യം ഉണ്ടെങ്കിൽ വീട്ടുകാരോട് പറയണം. അല്ലെങ്കിൽ എന്നെ വിളിക്കണം”. സാദിഖ് സുബൈദക്ക് മുന്നറിയിപ്പ് കൊടുത്തു.
സുഖമായിരുന്നു അവിടുത്തെ ജോലിയും താമസവും. ഭക്ഷണമൊന്നും അധികം ഉണ്ടാക്കേണ്ട. പ്രസവിച്ചു കിടക്കുന്ന അവിടുത്തെ വീട്ടമ്മയെ കുഴമ്പോക്കെ തേച്ചു കുളിപ്പിച്ച് കൊടുക്കണം. കുട്ടിയെ കുളിപ്പിക്കണം. തുണികൾ മാറ്റണം. ആ തുണികൾ വാഷുഞങ് മെഷീനിൽ ഇട്ട് കഴുകണം. കരയുമ്പോൾ ഇടക്ക് എടുത്ത് കൊണ്ട് നടന്ന് കുട്ടിയുടെ കരച്ചിൽ മാറ്റണം. ആ ജോലി സുബൈദാക്ക് ഇഷ്ടപ്പെട്ടു.
പിന്നീട് പല മലയാളികളുടെയും വീടുകളിലായി പ്രസവ ശുശ്രൂഷ ജോലി നോക്കി. ആ ജോലി വീട്ടു ജോലിയെക്കാൾ സുഖമുള്ള ജോലിയാണ്. വീട്ടു ജോലിക്കാരിക്ക് ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി ശമ്പളം ലഭിക്കും. കൂടാതെ നല്ല ഭക്ഷണം, വസ്തങ്ങൾ, സന്ദർശകർ നൽകുന്ന ടിപ്പ് എന്നിവ ലഭിക്കും.
നാൽപ്പത് ദിവസം കൊണ്ട് തന്നെ നല്ലൊരു തുക ഉണ്ടാക്കാം. അപ്പോഴേക്കും ഇതേ ജോലിക്ക് സാദിഖ് മറ്റൊരു വീട് കണ്ടു പിടിച്ചിട്ടുണ്ടാവും. അതിന് ശേഷം അവിടേക്ക് പോകും. അതിനിടയിൽ സ്പോൺസർ തന്നെ ഹുറൂബാക്കിയതായി സാദിഖ് പറഞ്ഞറിഞ്ഞു.
ഏതാണ്ട് രണ്ടു വർഷത്തോളം സൗദിയിൽ ഇങ്ങിനെ തുടർന്നു. ഏതാണ്ട് പതിമൂന്നോളം വീടുകളിൽ ജോലി ചെയ്തു. ജോലി ചെയ്തിരുന്ന വീടുകളിൽ നിന്നും പണം ലഭിക്കുമ്പോൾ അപ്പോൾ തന്നെ സാദിഖ് മുഖേന നാട്ടിലേക്ക് അയക്കും.
അപ്പോഴേക്കും സൗദിയിൽ അനധികൃത തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമായി കഴിഞ്ഞിരുന്നു. അത്യാവശ്യം പണം സമ്പാദിച്ചു കഴിഞ്ഞപ്പോൾ ഇനി നാട്ടിൽ പോകുന്നതാണ് നല്ലതെന്ന് തോന്നിത്തുടങ്ങി.
തുടർന്ന് സുബൈദ സാദിഖിനോട് നാട്ടിലേക്ക് മടങ്ങേണ്ട കാര്യം പറഞ്ഞു. കുറച്ചു നാൾ കൂടി അവിടെ നിന്ന് കുറച്ചു കൂടി പണമുണ്ടാക്കി തിരിച്ചു പോയാൽ പോരേ എന്നായിരുന്നു സാദിഖിന്റെ ചോദ്യം. ഹുറൂബായതിനാൽ തർഹീൽ വഴി തിരിച്ചു പോകേണ്ടി വരും. അങ്ങിനെ തിരിച്ചു പോയാൽ പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല.
പക്ഷെ സുബൈദാക്ക് കുട്ടികളെ കാണാനുള്ള കൊതി കലശലായിരുന്നു. രണ്ടു വർഷമായി അവരെ കണ്ടിട്ട്. ഇപ്പോൾ കയ്യിലുള്ള പണം ബാങ്കിലിടാം. ഇപ്പോൾ ചെയ്യുന്ന ജോലി തന്നെ നാട്ടിലും ചെയ്യാം. പ്രസവ ശുശ്രൂഷക്ക് നിൽക്കുന്നവർക്ക് ഇപ്പോൾ നാട്ടിലും നല്ല ഡിമാൻഡാണ്. നാട്ടിലേക്ക് മടങ്ങണമെന്ന് സുബൈദ വാശി പിടിച്ചപ്പോൾ സാദിഖ് അതിന് സമ്മതം മൂളി.
“സുബൈദാത്ത, അടുത്ത മാസം ഈ ജോലി അവസാനിപ്പിക്കാം. ഒരു സ്വദേശിയുടെ വീട്ടിൽ ഒരു മാസം നിൽക്കേണ്ടി വരും. ഇപ്പോഴത്തേ ശമ്പളമൊന്നും കിട്ടില്ല. പക്ഷെ ഒരു മാസം കഴിഞ്ഞാൽ നാട്ടിൽ പോകാനുള്ള വഴി ഞങ്ങൾ ഉണ്ടാക്കി തരാം”
അങ്ങിനെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം റിയാദിലെ സാധാരണക്കാരനായ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കായി നിന്നു. ഒരു മാസം കഴിഞ്ഞപ്പോൾ സാദിഖിനെ വിളിച്ചു.
സാദിഖ് ഒരു നമ്പർ തന്നിട്ട് പറഞ്ഞു. “ഞാൻ തന്ന നമ്പറിൽ വിളിക്കണം. റിയാദിലെ ഒരു സാമൂഹിക പ്രവർത്തകനാണ്. മലയാളികളുടെ ഇടയിലൊക്കെ അറിയപ്പെടുന്ന ആളാണ്. നമ്മുടെ സ്വന്തം ആളാണ്. നമ്മുടെ ഇതുപോലുള്ള കാര്യങ്ങളൊക്കെ ഇദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്. ഹുറൂബും ടിക്കറ്റിന്റെ പണത്തിന്റെ കാര്യവുമെല്ലാം ഇദ്ദേഹം നോക്കിക്കോളും. ഇദ്ദേഹം ഇടപെട്ടാൽ സുബൈദത്താക്ക് ഫ്രീയായി നാട്ടിൽ പോകാൻ സാധിക്കും”
“പക്ഷേ സുബൈദാത്ത അദ്ദേഹത്തോട് കണക്കും കാര്യങ്ങളും ഒന്നും ചോദിക്കരുത്. ടിക്കറ്റ് മാത്രമേ അദ്ദേഹം തരികയുള്ളൂ. അദ്ദേഹം ഇടപെട്ട് മറ്റെന്ത് ലഭിച്ചാലും അത് അദ്ദേഹത്തിനാണ്. നമ്മൾ തമ്മിലുള്ള ബന്ധത്ത കുറിച്ചും മറ്റും മറ്റുള്ളവരുടെ മുന്നിൽ വെച്ചും അല്ലാതെയും അദ്ദേഹത്തോട് നിങ്ങൾ പറയേണ്ട. അത് ഇഷ്ടപ്പെടില്ല” സാദിഖ് മുന്നറിയിപ്പ് നൽകി.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ സാദിഖ് തന്ന നമ്പറിൽ സുബൈദ സാമൂഹിക പ്രവർത്തകനെ വിളിച്ചു. ജോലിക്ക് നിൽക്കുന്ന വീട്ടിൽ നിന്നും മോശമായ പെരുമാറ്റമാണെന്നും തന്നെ രക്ഷിക്കണമെന്നും നാട്ടിലേക്ക് അയക്കണമെന്നും അപേക്ഷിച്ചു. വേണ്ടത് ചെയ്യാമെന്ന് അയാൾ ഉറപ്പ് നൽകി.
സാമൂഹിക പ്രവർത്തകൻ വിവരം എംബസിയിൽ അറിയിച്ചു. തന്റെ കാര്യത്തിൽ ഇടപെടാൻ എംബസിയിൽ നിന്നും അദ്ദേഹത്തിന് അധികാര പത്രം നൽകി. പിന്നീട് സാമൂഹിക പ്രവർത്തകൻ തനിക്ക് വേണ്ടി ആ സ്വദേശിയുമായി സംസാരിച്ചു. വേലക്കാരി പോലീസിൽ പരാതി നൽകുമെന്നും അനധികൃത വേലക്കാരിയെ ജോലിക്ക് വെച്ചതിന് ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് സാമൂഹിക പ്രവർത്തകൻ അയാളുമായി സംസാരിച്ചു. ഇത് കേട്ട് ഭയന്ന ആ സൗദി പൗരൻ ഒടുവിൽ തന്റെ മുൻ സ്പോൺസറുമായി ബന്ധപ്പെട്ട് തർഹീലിലൂടെ നാട്ടിലേക്ക് പോകാനുള്ള വഴിയൊരുക്കി തന്നു.
പിന്നീട് സാമൂഹിക പ്രവർത്തകൻ തന്റെ ഫോട്ടോ ആവശ്യപ്പെട്ടു. ചെറിയ ഭയം തോന്നിയ താൻ സാദിഖിനെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. “കൊടുത്തോളൂ സുബൈദാത്താ, കുഴപ്പമില്ല. പത്രത്തിൽ കൊടുക്കാനാണ്. പത്രങ്ങളിൽ വാർത്ത വന്നാൽ ഏതെങ്കിലും മലയാളി ബിസിനസുകാരോ സംഘടനകളോ നാട്ടില്‍ പോവാന്‍ ഫ്രീ ടിക്കറ്റ് നൽകും. സൗദിയിലെ മലയാളികൾക്ക് സഹജീവി സ്നേഹം കുറച്ചു കൂടുതലാണ്. ദുരിതത്തിൽ പെട്ടെന്ന് അറിഞ്ഞാൽ മഹാമനസ്കരായ പ്രവാസി മലയാളികൾ മറ്റു ഗിഫ്റ്റുകളും നൽകും”
സിദ്ധിഖ് പറഞ്ഞതോടെ താൻ ഒരു ഫോട്ടോ സാമൂഹിക പ്രവർത്തകന് കൊടുത്തു. അദ്ദേഹം തന്റെ വിവരങ്ങൾ എരിവും പുളിയും ചേർത്ത് ചിത്രങ്ങൾ സഹിതം ഒരു ലേഖകന് നൽകി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിസ റാക്കറ്റുകളുടെ ചതിയിൽ പെട്ട് വഞ്ചിതയായി സൗദിയിൽ മലയാളി യുവതി അനുഭവിച്ച പീഡനങ്ങളുടെയും ഒളിച്ചോട്ടത്തിന്റെയും കഥ പത്രത്തിൽ അച്ചടിച്ചു വന്നു.
പ്രശ്നത്തിൽ ഇടപെട്ട് തന്നെ തന്നെ രക്ഷപ്പെടുത്തി തർഹീലിലൂടെ നാട്ടിലേക്ക് അയക്കുന്ന സാമൂഹിക പ്രവർത്തകൻ നടത്തിയ ‘കഠിന ശ്രമങ്ങളുടെയും’ വിശദ വിവരങ്ങളും വാർത്തയിൽ ഉണ്ടായിരുന്നു. അതോടെ പ്രവാസി മലയാളികൾ പല വിധ സഹായങ്ങൾ നൽകി. ഒരാൾ സൗജന്യമായി ടിക്കറ്റും നൽകി.
തനിക്കായി ലഭിച്ച സഹായങ്ങളിൽ ടിക്കറ്റ് മാത്രമാണ് സാമൂഹിക പ്രവർത്തകൻ തനിക്ക് തന്നത്. ആ ടിക്കറ്റിൽ താൻ നാട്ടിൽ വന്നിറങ്ങി. നാട്ടിലിറങ്ങിയ ശേഷം സാമൂഹിക പ്രവർത്തകനെ പ്രത്യേകം വിളിച്ചു നന്ദി അറിയിക്കണമെന്ന് സാദിഖ് പറഞ്ഞിരുന്നു. അത് പ്രകാരം താൻ സാമൂഹിക പ്രവർത്തകനെ വിളിച്ചു നന്ദി അറിയിച്ചു. താൻ നാട്ടിലെത്തിയതും അടുത്ത ദിവസം വാർത്തയായതായി സാദിഖ് പറഞ്ഞതായി ബഷീറിൽ നിന്നും പിന്നീടറിഞ്ഞു.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.