Connect with us

SAUDI ARABIA

മലയാളി വലയിലായത് അപ്രതീക്ഷിതമായി

Published

on

സൗദിയിലെ ബുറൈദയിൽ ബിനാമിയായി ബിസിനസ് നടത്തിയ കേസിൽ ബുറൈദ ക്രിമിനൽ കോടതി ശിക്ഷിച്ച മലയാളിയായ ഷബീറലി മൊയ്‌ദീൻ കുട്ടി അധികൃതരുടെ വലയിൽ കുടുങ്ങിയത് തികച്ചും ആകസ്മികമായി. ഷബീർ അലി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടതാണ് അനധികൃത ബിസിനസ് പുറത്തു വരുന്നതിലേക്ക് നയിച്ചത്.

ബിസിനസ് ആവശ്യത്തിനായി അൽബദായിഇൽ നിന്ന് റിയാദിലേക്ക് പോകുന്നതിനിടെ കാർ അപകടത്തിൽ പെട്ടതാണ് ഷബീർ അലിക്ക് വിനയായത്. അപകടത്തെ തുടർന്ന് സുരക്ഷാ വകുപ്പുകൾ കാറിൽ നിന്നും അഞ്ചു ലക്ഷത്തിലേറെ റിയാൽ കണ്ടെത്തി.

ഈ പണത്തിന് നിയമാനുസൃത ഉറവിടം തെളിയിക്കാൻ സാധിക്കാത്തതിന്റെ തുടർന്ന് പണം കസ്റ്റഡിയിൽ എടുത്തതിന് ശേഷം അധികൃതർ ഇയാളുടെ സ്ഥാപനത്തിൽ പരിശോധന നടത്തുകയായിരുന്നു. അൽബദായിഇൽ കംപ്യൂട്ടർ, മൊബൈൽ ഫോൺ, ക്യാമറ, സ്‌പെയർ പാർട്‌സ് എന്നിവയുടെ ഇറക്കുമതി, വ്യാപാര, റിപ്പയർ മേഖലയിലാണ് ഷബീർ അലി ബിസിനസ് നടത്തിയിരുന്നത്.

അധികൃതരുടെ പരിശോധനയിൽ ഷബീർ അലി സ്വദേശിയുടെ പേരിൽ ലൈസൻസുകളും രേഖകളും കരസ്ഥമാക്കി സ്വന്തമായാണ് ബിസിനസ് നടത്തുന്നത് എന്നതിന് ആവശ്യമായ പ്രാഥമിക തെളിവുകൾ ലഭിച്ചു. തുടർന്ന് സൗദി പൗരനെയും ഷബീർ അലിയെയും വിശദമായി ചോദ്യം ചെയ്തതിനെ തുടർന്ന് സൗദി പൗരൻ ബിസിനസ് നടത്തുന്നില്ല എന്നും ഷബീർ അലിയാണ് സ്വദേശിയുടെ ലൈസൻസിൽ സ്വന്തമായി കാര്യങ്ങൾ നടത്തുന്നത് എന്നും ബോധ്യപ്പെട്ടു. അതിന് ശേഷം ഇവരെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഇവർക്കെതിരായ നീതിന്യായ വകുപ്പുകൾക്ക് കൈമാറുകയുമായിരുന്നു.

കുറ്റക്കാരെന്ന് ബോധ്യപ്പെട്ടതോടെ പിഴ ചുമത്തിയ കോടതി സ്ഥാപനം അടപ്പിക്കാനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ശബീർ അലിയെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ തൊഴിൽ വിസയിൽ ഷബീർ അലി വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തും.

കൃത്രിമം നടത്തിയ നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കിയ ശേഷമായിരിക്കും നാടുകടത്തൽ. ഇയാളുടെ പേരുവിവരങ്ങളും നിയമ ലംഘനവും ശിക്ഷയും നിയമ ലംഘകന്റെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും കോടതി വിധിച്ചു.

സൗദി അറേബ്യയില്‍ നിയമപരമായി ബിസിനസ് നടത്താനുള്ള അവകാശമുള്ളത് സ്വദേശി പൗരന്മാർക്ക് മാത്രമാണ്. നിലവിലുള്ള നിയമമനുസരിച്ച് വിദേശികള്‍ക്കു സൗദിയില്‍ കച്ചവട സഥാപനം നടത്താൻ അനുമതിയില്ല. 

എന്നാല്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ബിസിനസ്സുകള്‍ രാജ്യത്ത് തുടങ്ങാനുള്ള അനുവാദം നല്‍കാറുണ്ട്. വിദേശികള്‍ക്ക് രാജ്യത്തെ സമ്പദ് മേഖലയില്‍ നിക്ഷേപിക്കാനായി സൗദി വിദേശ നിക്ഷേപ നിയമം സൗദി ഭരണകൂടം നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ പ്രീമിയം ഇഖാമകൾ ഉള്ളവർക്ക് സാധാരണ പ്രവാസികളേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ട്. എന്നാൽ സൗദി അറേബ്യയിൽ ഉള്ള വിദേശികളിൽ എൺപത് ശതമാനം പേരും ഏഷ്യൻ, രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികളാണ്. അവർക്ക് ഇതെല്ലാം ചിന്തിക്കാവുന്നതിൽ അപ്പുറമാണ്.

അതിനാൽ വിദേശികള്‍ രഹസ്യമായി സ്വദേശികളുടെ പേരില്‍ സൗദി അറേബ്യയിൽ വിവിധ സ്ഥാപനങ്ങള്‍ നടത്തുകയാണ് ചെയ്യുന്നത്. ഉടമസ്ഥാവകാശവും ലൈസൻസും മറ്റും സ്വദേശിയുടെ പേരിലായിരിക്കും. എന്നാൽ ബിസിനസ് നടത്തുന്നത് വിദേശിയായിരിക്കും. സ്വദേശിക്ക് പ്രതിമാസം ഒരു നിശ്ചിത സംഖ്യ നിശ്ചയിച്ചോ അല്ലെങ്കില്‍ ലാഭത്തിന്‍റെ ശതമാനത്തിന്റെ അനുപാതതിലോ ആയിരിക്കും വിദേശികള്‍ ബിസിനസ്സുകള്‍ നടത്തുന്നത്. വിദേശികളില്‍ പലരും സ്വദേശി പൗരന്‍മാരെ മറയാക്കി നടത്തുന്ന ഇത്തരം ബിസിനസ്സുകള്‍ സൗദിയിൽ നിയമ വിരുദ്ധമാണ്.

സാധാരണയായി കണ്‍സ്ട്രക്ഷന്‍, കോണ്ട്രാക്റ്റിംഗ്, ഉപഭോഗ വസ്തുക്കളുടെ വില്‍പ്പന തുടങ്ങിയ മേഖലകളിലാണ് ഭൂരിഭാഗം ബിനാമി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. എന്നാൽ സൂക്ഷമമായി അർത്ഥത്തിൽ ഇത് ബക്കാല, ബൂഫിയ എന്നീ രംഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. 

2014 ൽ അന്നത്തെ സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ കാലത്താണ് ആദ്യമായി ബിനാമി ബിസിനസ്സുകൾ നിയന്ത്രണത്തിലാക്കാനുള്ള ശ്രമം തുടങ്ങിയത് ബിനാമി ബിസിനസ് തടയുന്നതിന് ആവശ്യമായ നടപടികളും നിബന്ധനകളും നടപ്പിലാക്കുന്നതിനു ആവശ്യമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അബ്ദുള്ള രാജാവ് വാണിജ്യ – വ്യവസായ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചു.

ബിനാമി ബിസിനസ്സുകള്‍ക്ക്‌ സാധ്യതയില്ലാത്ത വിധം കമ്മേഴ്സ്യല്‍ രജിസ്ട്രേഷന്‍ നിയമത്തില്‍ മാറ്റം വരുത്തുക, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്ന നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുക, സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ പുതുക്കുന്നതിനു മുന്‍പായി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള സ്വദേശി വല്‍ക്കരണ സര്‍ട്ടിഫിക്കറ്റും ആവശ്യപ്പെടുക തുടങ്ങിയ പല നിയന്ത്രണങ്ങളുടെയും തുടക്കം അവിടെ നിന്നായിരുന്നു.

ബിനാമി ബിസിനസ്സുകള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി വാണിജ്യ വ്യവസായ മന്ത്രാലയങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥന്മാരെ നിയമിക്കാനും ആവശ്യമായ തസ്തികകളും തുകയും സംബന്ധിച്ച വിവരങ്ങള്‍ സമർപ്പിക്കാനും അബ്ദുല്ല രാജാവ് വാണിജ്യ വ്യവസായ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

ബിനാമി ബിസിനസ്സുകള്‍ക്ക്‌ തടയിടുന്നതിനായി വരുമാനവുമായി തുല്യതയില്ലാത്ത വിധം ഇടപാടുകള്‍ നടത്തുന്ന വിദേശ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടുകള്‍ നിരീക്ഷിക്കാന്‍ സൗദി അറേബ്യന്‍ മോണിട്ടറിംഗ് ഏജന്‍സി (സാമ) ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശമ്പളത്തേക്കാള്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന വിദേശികളുടെ വിവരങ്ങള്‍ ബാങ്കുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തെ അറിയിക്കണമെന്നും നിബന്ധന വരുത്തി. ബിനാമി ബിസിനസുകാരുടെ സുവർണ്ണ കാലത്തിന് മങ്ങൽ സംഭവിച്ചു തുടങ്ങിയത് ആ കാലം മുതലായിരുന്നു.

ഇതോടെ ബിനാമി ബിസിനസ്സുകാര്‍ക്ക് എതിരെ തൊഴില്‍ മന്ത്രാലയം കര്‍ശന നടപടികള്‍ എടുത്തു തുടങ്ങി. ബിനാമി ബിസിനസുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകളും കോടതിയില്‍ എത്തിത്തുടങ്ങി.

ബിനാമി ബിസിനസ് കേസ് പ്രതികള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്ന വിദേശികള്‍ക്കും അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന സൗദികള്‍ക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. കുറ്റക്കാരായ സൗദി പൗരന്മാര്‍ക്ക് അതേ മേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

പിന്നീട് അധികാരത്തിൽ വന്ന സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കർശനമായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. തുടർന്ന് കോടതിയില്‍ ബിനാമി കേസുകള്‍ തെളിയിക്കുന്നതിനു വേണ്ടി പബ്ലിക്‌ പ്രോസിക്യൂഷൻ കര്‍ക്കശമായ നിലപാട് സ്വീകരിച്ചു. കര്‍ശനവും സമര്‍ത്ഥവുമായ നിലപാടുകള്‍ മൂലം പല ബിനാമി ബിസിനസുകാരും പിടിക്കപ്പെട്ടു.

ബാങ്കുകളും ബിനാമി ബിസിനസ്സുകള്‍ പുറത്തു കൊണ്ട് വരുന്നതില്‍ സാരമായ പങ്കു വഹിക്കുന്നുണ്ട്. അസാധാരണമായ തുകകളോ, ഇടപാടുകളോ ഒരു വിദേശിയുടെ അക്കൌണ്ടില്‍ ഉള്ളത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ബാങ്കുകള്‍ വേണ്ടപ്പെട്ടവരെ അറിയിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെയും മറ്റും ബാങ്ക് അക്കൌണ്ടുകള്‍ വിദേശികളുടെ പേരിലുണ്ടെങ്കില്‍ അത് വിലക്കണമെന്ന നിര്‍ദ്ദേശം മുന്‍പ് തന്നെ സാമ പുറപ്പെടുവിച്ചിരുന്നു. ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടെ ആവശ്യമായ രേഖകളെല്ലാം ശേഖരിച്ചതിന് ശേഷം അതിനെ അടിസ്ഥാനപ്പെടുത്തി പബ്ലിക്‌ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് മുന്നില്‍ ബിനാമി ബിസിനസ്സുകാര്‍ കുടുങ്ങുന്നു. സംശയകരമായ അനേകം സാമ്പത്തിക ഇടപാടുകളും, ഇഖാമ പ്രൊഫഷനിൽ കാണിച്ചിട്ടുള്ള പ്രൊഫഷനോട് യോജിച്ചു പോകാത്ത വരുമാനവും ബിനാമി ബിസിനസ്സുകാരെ കുടുക്കുന്നു.

SAUDI ARABIA

ഉയർന്ന യോഗ്യത കൊണ്ട് കാര്യമില്ല കമ്പനിയും സ്പോൺസറും നന്നാവണം

Published

on

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും വിസ ഏജന്റുമാരുടെ ചതിയിൽ പെട്ട് പലപ്പോഴും പ്രവാസികൾക്ക് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഏജന്റുമാരുടെ വാക്കുകൾ കേട്ട് തൊഴിൽ ദാതാവായ കമ്പനിയെ പറ്റിയോ സ്‌പോൺസറെ പറ്റിയോ ആവശ്യമായ അന്വേഷണം നടത്താതെയും വേതന വ്യവസ്ഥകൾ സംബന്ധിച്ച തൊഴിൽ കരാർ ഇല്ലാതെയും എത്തുന്നവർക്കാണ് ഇത്തരത്തിൽ ദുരിത ജീവിതം അനുഭവിക്കേണ്ടി വരുന്നത്.

ഇത്തരത്തിൽ ദുരിതം അനുഭവിക്കേണ്ടി വന്ന സിവിൽ എൻജിനീയറായ തമിഴ്‌നാട് ധർമപുരി സ്വദേശി പ്രതാപ് പെരുമാളിന്റെയും എൻജിനീയറായ കണ്ണൂര്‍ ചൂളിയാട് സ്വദേശി അബൂബക്കര്‍ സിദ്ദിക്കിന്റെയും മെക്കാനിക്കൽ എൻജിനീയറായ തിരുവനന്തപുരം സ്വദേശി സന്തോഷിന്റേയും അനുഭവങ്ങൾ ഏജന്റുമാരിൽ നിന്നും വിസകൾ വാങ്ങി തൊഴിൽ എടുക്കേണ്ടി വരുന്ന സ്ഥാപനത്തെ കുറിച്ചോ സ്‌പോൺസറെ കുറിച്ചോ യാതൊരു അന്വേഷണവും നടത്താതെ സൗദിയിലെത്തുന്ന പ്രവാസികൾക്ക് മികച്ച ഉദാഹരണങ്ങളാണ്.

തമിഴ്നാട് ധർമപുരി സ്വദേശിയായ എൻജിനീയർ പ്രതാപ് പെരുമാൾ

2018 ലാണ് തമിഴ്‌നാട് ധർമപുരി സ്വദേശി പ്രതാപ് പെരുമാളിന് (24) സൗദിയിലെ തായിഫിൽ എത്തി ദുരിത ജീവിതം അനുഭവിക്കേണ്ടി വന്നത്. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ പെരുമാളിന് മരുഭൂമിയിൽ ആട് മേക്കുന്ന ജോലിയാണ് ലഭിച്ചത്. മരുഭൂമിയിൽ മതിയായ ഭക്ഷണമോ താമസ സൗകര്യമോ ലഭിക്കാതെ അങ്ങേയറ്റം ദുരിതമയമായ സാഹചര്യമാണ് പെരുമാളിന് ഉണ്ടായിരുന്നത്.

വിസ ലഭിക്കാനായി ഏജന്റിന് ഏകദേശം 2,25,000 രൂപ നൽകേണ്ടി വന്നു. ബിഷയിലാണ് പെരുമാൾ എത്തിയത്. എട്ട് മണിക്കൂർ ജോലി, 4,700 റിയാൽ ശമ്പളം, ആനുകൂല്യങ്ങൾ എന്നിങ്ങനെയായിരുന്നു വിസ ഏജന്റ് നൽകിയ വാഗ്ദാനം. എന്നാൽ സൗദിയിൽ എത്തിയപ്പോൾ മരുഭൂമിയിൽ ആട് മേക്കുന്ന ജോലിയാണ് ലഭിച്ചത്.

ഇന്ത്യക്കാരനായ യുവ എൻജിനീയറുടെ ദുരിത ജീവിതത്തിന്റെ വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോ കണ്ട തായിഫ് തമിഴ് സംഘം പെരുമാളിന്റെ കേസിൽ ഇടപെടുകയായിരുന്നു.

പെരുമാളിന്റെ ദുരവസ്ഥ തായിഫ് തമിഴ് സംഘം ചെയർമാൻ ഡോ.അഹമ്മദ് ബാഷ ജിദ്ദ കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് കോൺസുലേറ്റ് വിഷയത്തിൽ ഇടപെട്ടു. അന്നത്തെ കോൺസുലർ മൊയ്ദീൻ അക്തറിന്റെ സഹായത്തോടെ സ്‌പോൺസറുമായി ബന്ധപ്പെട്ട് പെരുമാളിനെ നാട്ടിൽ അയക്കാൻ ശ്രമങ്ങൾ ആരംഭിച്ചു.

എന്നാൽ പെരുമാളിനെ നാട്ടിലേക്ക് അയക്കാൻ ആദ്യഘട്ടത്തിൽ സ്പോൺസർ തയ്യാറായില്ല. തനിക്ക് ലഭിച്ച വിസയിൽ ഇന്ത്യയിൽ നിന്നും തൊഴിലാളിയെ സൗദിയിലേക്ക് കൊണ്ട് വന്ന റിക്രൂട്ട്മെന്റ് ചിലവ് ലഭിക്കാതെ പെരുമാളിന് ഫൈനൽ എക്സിറ്റ് നൽകില്ലെന്ന നിലപാടിൽ ആയിരുന്നു സ്പോൺസർ. പെരുമാളിനെ നാട്ടിലേക്ക് മടക്കി അയക്കുന്നതിന് നഷ്ടപരിഹാരമായി 4,000 റിയാലാണ് സ്പോൺസർ ആവശ്യപ്പെട്ടത്.

തുടർന്ന് കോൺസുലേറ്റ് ഈ വിഷയത്തിൽ ബുദ്ധിപരമായ നീക്കം നടത്തി. പെരുമാളിന് വിസ നൽകിയ ഇന്ത്യയിലെ സ്വകാര്യ ട്രാവൽസ് ഏജന്റിനോട് നഷ്ട പരിഹാര തുക നൽകിയില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. ആവശ്യമായ നിബന്ധനകൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും വ്യാജമായ വാഗ്ദാനങ്ങൾ നൽകി റിക്രൂട്ട്മെന്റ് നടത്തിയ ഏജന്റിനെതിരെ മനുഷ്യക്കടത്തിന് നടപടികൾ സ്വീകരിക്കുമെന്ന കോൺസുലേറ്റ് നിലപാടിനെ തുടർന്ന് ഏജന്റ് നഷ്ടപരിഹാര തുക നൽകാൻ തയ്യാറായി.

കോൺസുലേറ്റ് സമ്മർദ്ദത്തെ തുടർന്ന് സ്‌പോൺസർ ആവശ്യപ്പെട്ട 4,000 റിയാലും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നൽകാൻ വിസ ഏജന്റ് തയാറായതിനെ തുടർന്ന് പെരുമാൾ സൗദിയിലെത്തി ഒന്നര മാസത്തിന് ശേഷം അബഹ വിമാനത്താവളം വഴി നാട്ടിലേക്ക് പോകുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദിഖ്

തന്നെ അന്യായമായി ഹുറൂബാക്കിയ കമ്പനിക്കെതിരെ ശക്തമായ നിയമ പോരാട്ടം നടത്തിയാണ് കണ്ണൂര്‍ ചൂളിയാട് സ്വദേശി അബൂബക്കര്‍ സിദ്ദിഖ് നാട്ടിലേക്ക് തിരിച്ചു പോയത്. 2011 ലാണ് അബൂബക്കർ റഹിമയില്‍ ഒരു കമ്പനിയില്‍ എഞ്ചിനീയര്‍ ആയി ജോലിക്കെത്തുന്നത്.

കമ്പനി കൃത്യമായ ശമ്പളം നല്‍കിയിരുന്നില്ല എന്നും കമ്പനി നല്‍കിയ വാഹനത്തിന് കേടുപാടുകള്‍ വരുത്തി എന്നാരോപിച്ച് ശമ്പളത്തില്‍ നിന്നും പതിവായി പിഴ ഈടാക്കിയിരുന്നതായും അബൂബക്കർ പരാതിപ്പെട്ടിരുന്നു.

എങ്കിലും കരാർ കാലാവധി കഴിയുന്നത് വരെ അബൂബക്കർ പിടിച്ചു നിന്നു. എന്നാൽ തൊഴിൽ കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും കമ്പനി നിയമ പരമായി എക്സിറ്റ് നൽകാതായപ്പോൾ അബൂബക്കർ പ്രതികരിച്ചു.

കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍ തന്നെ എക്സിറ്റില്‍ നാട്ടിലേക്ക്‌ അയക്കണമെന്ന് ആവശ്യപ്പെട്ട അബൂബക്കറിനോട് കമ്പനിയില്‍ നിന്ന് ആരെയും എക്സിറ്റ്‌ വിസയില്‍ നാട്ടില്‍ വിടുന്നില്ല എന്നും റീ-എന്ട്രീ വിസയില്‍ പോകണം എന്നുമായിരുന്നു കമ്പനി അധികൃതരുടെ നിലപാട്.

ഇതോടെ അബൂബക്കര്‍ സിദ്ദിക്ക് കമ്പനിക്കെതിരെ നിയമപരമായ പോരാട്ടം തുടങ്ങി. പ്രശ്ന പരിഹാരത്തിനായി ലേബര്‍ കോടതിയെ സമീപിച്ചു. ഇതോടെ കമ്പനി അധികൃതര്‍ സിദ്ദിക്കിനെ ഹുറൂബ് ആക്കി. തന്നെ അനധികൃതമായി ഹൂറൂബ്‌ ആക്കി എന്ന് കാണിച്ചു അബൂബക്കര്‍ സിദ്ദിക്ക് ഗവര്‍ണരേറ്റില്‍ പരാതി നല്‍കി.

പല സിറ്റിങ്ങുകളുമായി മാസങ്ങൾക്ക് ശേഷം മാസങ്ങള്‍ അബൂബക്കർ സിദ്ധിഖിന്റെ ഹുറൂബ് നിയമ വിരുദ്ധമാണ് എന്ന് കോടതി കണ്ടത്തി. തുടർന്ന് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി അബൂബക്കര്‍ സിദ്ദിക്കിനെ ഫൈനൽ എക്സിറ്റിൽ തിരിച്ചയക്കണം എന്ന ഉത്തരവ് കോടതിയിൽ നിന്നും ഉണ്ടായി.

കോടതി വിധിയെ തുടർന്ന് അബൂബക്കർ സിദ്ധിഖിന്റെ സർവീസ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായെങ്കിലും വെറുതെ വിടാൻ തയ്യാറാവാതെ ദ്രോഹം തുടർന്നു. കമ്പനി സ്വാധീനം ഉപയോഗിച്ച് “ഹൂറൂബ്‌ നീക്കിയിരിക്കുന്നു” എന്ന വാചകം വിധി പകര്‍പ്പില്‍ നിന്നും നീക്കി.

എന്നാല്‍ കമ്പനിയുടെ കള്ളക്കളികൾ മുൻകൂട്ടി കണ്ട അബൂബക്കർ സിദ്ധിഖ് വിധി വന്ന ഉടനെ യഥാര്‍ഥ വിധി പകര്‍പ്പ് കൈപറ്റിയിരുന്നു. ഈ പകർപ്പ് ഹാജരാക്കിയതോടെ ഡിപോര്‍ട്ടേഷന്‍ സെന്‍റര്‍ അധികാരികളുടെ മുന്നില്‍ കമ്പനിയുടെ കള്ളകഥ പൊളിഞ്ഞു. തുടര്‍ന്ന് കോടതി വിധി അടിസ്ഥാനമാക്കി ഡിപോര്‍ട്ടേഷന്‍ സെന്‍റര്‍ അധികൃതർ ഹൂറൂബ്‌ നീക്കം ചെയ്ത് അബൂബക്കര്‍ സിദ്ദിക്കിന് എക്സിറ്റ്‌ നല്‍കി നാട്ടിലയക്കുകയായിരുന്നു.

അന്ന് അബൂബക്കർ സിദ്ധിഖിന് നിയമ പോരാട്ടം നടത്തുന്നതിനായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാജി മതിലകത്തിന്റെ പൂർണ്ണ പിന്തുണ ലഭിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ എൻജിനീയർ സന്തോഷ്

മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ തിരുവനന്തപുരം സ്വദേശി സന്തോഷ് ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് 2017 ജൂണിൽ നാടണഞ്ഞത്. മരുഭൂമിയിൽ നിന്നും രക്ഷപ്പെട്ട് കോടതിയിൽ എത്തി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ സ്പോൺസർക്ക് എതിരെ പരാതി നൽകിയതാണ് സന്തോഷിന് നാട്ടിൽ പോകാൻ തുണയായത്.

നാട്ടിലെ വിസ ഏജന്റാണ് സർവീസ് ചാർജ്ജായി മോശമല്ലാത്ത തുക വാങ്ങി സന്തോഷിന് മെക്കാനിക്കൽ എൻജിനീയർ വിസ നൽകിയത്. സൗദിയിലെ ഒരു വലിയ നിർമാണ കമ്പനിയിൽ 3,500 റിയാൽ ശമ്പളവും ആനുകൂല്യങ്ങളും നാട്ടിൽ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നു.

അൽഹസയിൽ ആയിരുന്നു സ്പോൺസർ. ദമാമിൽ വിമാനമിറങ്ങിയ സന്തോഷിനെ അൽഹസയിൽനിന്ന് വളരെ ദൂരത്തായി ഒരു മരുഭൂമിയിലെ മണൽക്വാറിയിലേക്കാണ് സ്‌പോൺസർ കൊണ്ടു പോയത്. അവിടെനിന്ന് മണൽ കൊണ്ട് പോകുന്ന ലോറി ഓടിക്കാൻ സ്പോൺസർ നിർബന്ധിച്ചു.

ഇകാമായോ ലൈസൻസോ ഇല്ലെങ്കിലും ഏജന്റിന് നൽകാൻ കടം വാങ്ങിയ തുകയുടെ ഭാരമോർത്ത് സന്തോഷ് ആ ജോലി ചെയ്തു. മാസങ്ങൾ കഴിഞിട്ടും സ്പോൺസർ ഇഖാമയോ ലൈസൻസോ എടുത്തു നൽകിയില്ല. ഇടയ്ക്കിടെ സന്തോഷ് പ്രതിഷേധിച്ചെങ്കിലും സ്‌പോൺസറുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ല.

എന്നാൽ കൃത്യമായി ശമ്പളം നൽകാതെ വന്നപ്പോൾ സന്തോഷിന്റെ ആത്മധെര്യം കുറഞ്ഞു. ആഹാരത്തിന് വഴി കാണാതെ പലപ്പോഴും ദുരിതം അനുഭവിക്കേണ്ടി വന്നു. അവധിയും അനുവദിച്ചിരുന്നില്ല. രോഗം ഉണ്ടാകുമ്പോൾ മതിയായ ചികിത്സ ലഭിക്കാതിരുന്നതും ജീവിതം ദുരിത മയമാക്കി.

എന്നാൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ എല്ലാം സഹിച്ചു മുന്നോട്ടു പോകുകയായിരുന്നു. ഈ അവസ്ഥയിൽ രണ്ടു വർഷത്തോളം ഈ നിലയിൽ ജോലി ചെയ്തു.

ഒടുവിൽ ഒമ്പത് മാസത്തെ ശമ്പളം കുടിശ്ശികയായപ്പോൾ ഇനി അവിടെ തുടരുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ സന്തോഷ് രക്ഷപ്പെടാൻ തീരുമാനിച്ചു. തുടർന്ന് ഒരു ദിവസം രാത്രി മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പലരോടും ചോദിച്ച് അൽഹസ ലേബർ കോടതിയിലെത്തി.

കോടതിയിൽ എത്തിയ സന്തോഷ് ആ ദിവസം രാത്രി കോടതി വളപ്പിലാണ് ഉറങ്ങിയത്. രാവിലെ കോടതി തുടങ്ങിയപ്പോൾ ലേബർ കോടതി ഉദ്യോഗസ്ഥനോട് എല്ലാ വിവരങ്ങളും പറഞ്ഞു. ആ ഉദ്യോഗസ്ഥൻ സന്തോഷിനോട് അൽഹസ മേഖലയിലെ ജീവകാരുണ്യ പ്രവർത്തകനായ അബ്ദുല്ലത്തീഫ് മൈനാഗപ്പള്ളിയെ ബന്ധപ്പെടാൻ ഉപദേശിച്ചു.

തുടർന്ന് സന്തോഷ് അബ്ദുല്ലത്തീഫിനെ ബന്ധപ്പെട്ടു കാര്യങ്ങൾ വിശദീകരിച്ചു. അബ്ദുല്ലത്തീഫിന്റെ സഹായത്തോടെ സ്‌പോൺസർക്കെതിരെ പരാതി നൽകി. ലേബർ കോടതി സ്‌പോൺസറെ വിളിപ്പിച്ചുവെങ്കിലും ആദ്യ രണ്ടു സിറ്റിങ്ങിൽ സ്പോൺസർ ഹാജരായില്ല. മൂന്നാമത്തെ സിറ്റിംഗിലാണ് സ്‌പോൺസർ ഹാജരായത്.

സന്തോഷിന് ഇത്രയും മാസമായിട്ടും ശമ്പള കുടിശ്ശികവരുത്തിയതിനെ സംബന്ധിച്ചും ലൈസൻസ് ഇല്ലാത്തതിനെ സംബന്ധിച്ചും കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ല. ഒടുവിൽ ലേബർ കോടതി നിർദ്ദേശ പ്രകാരം സന്തോഷിന് ഫൈനൽ എക്‌സിറ്റും, ആറുമാസത്തെ കുടിശ്ശിക ശമ്പളവും നൽകുകയായിരുന്നു.

കോടതി നിർദ്ദേശ പ്രകാരം സ്പോൺസർ തന്നെ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകി സന്തോഷിനെ നാട്ടിലേക്കയക്കുകയായിരുന്നു.

Continue Reading

SAUDI ARABIA

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

Published

on

കഴിഞ്ഞ വർഷം മാർച്ചിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി അലി (50) ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. ലഭിച്ചിരുന്ന ശമ്പളത്തിനേക്കാൾ കൂടുതൽ പണം നാട്ടിലേക്കയച്ച കുറ്റത്തിന് അലി ജയിലിലായത്.

മക്കയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അലി ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു കോടതി വിധിച്ചത്. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി പതിനൊന്നു മാസം പിന്നിട്ടിട്ടും മോചനം ലഭിക്കാതെ വന്ന അലിക്ക് മലയാളികളായ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.

വരുമാനത്തിൽ കൂടുതൽ പണം സൗദിയിൽ നിന്നും പുറത്തേക്ക് അയക്കുന്ന കുറ്റത്തിന് പലരും പിടിയിലാവാറുണ്ട്. പലപ്പോഴും ഇത്തരം നിയമ വിരുദ്ധ ഉദ്ദേശമില്ലാത്ത പല പ്രവാസികളും ഈ നിയമത്തിന് കീഴിൽ കുരുങ്ങാറുണ്ട്. അവർ പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് അവർ അറിയുന്നില്ല.

പലപ്പോഴും അവർ പണം കുഴൽപ്പണമായി നാട്ടിലേക്ക് അയക്കുകയും അല്ലെങ്കിൽ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടിലൂടെ നാട്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കുകയും ചെയ്യാറുണ്ട്. ഇങ്ങിനെ ചെയ്യുമ്പോൾ ചിലപ്പോൾ സഹായിക്കുന്നവർക്ക് പണം ലഭിച്ചേക്കാം. പലപ്പോഴും ഒരു സഹായമെന്ന രീതിയിലായിരിക്കും ഇങ്ങിനെ ചെയ്യുക.

പക്ഷെ ഇത് കടുത്ത നിയമ ലംഘനമാണ് എന്നറിയുക. മണി ലോണ്ടറിംഗ് വിരുദ്ധ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് മൂന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. കൂടാതെ ഏഴു മില്യൺ റിയാൽ വരെ പിഴ ശിക്ഷയും ലഭിക്കും. അതായത് ഇന്നത്തെ വിനിമയ നിരക്ക് വെച്ച് കൂട്ടിയാൽ ഏകദേശം 14 കോടിയിലധികം രൂപ.

സൗദി അറേബ്യയിൽ കടുത്ത കുറ്റകൃത്യമായി കണക്കാക്കുന്ന ഒന്നാണ് കള്ളപ്പണം വെളുപ്പിക്കൽ അഥവാ മണി ലോണ്ടറിംഗ്. സൗദി അറേബ്യയിൽ വളർന്നു വന്നിരുന്ന തീവ്രവാദ സംഘങ്ങളുടെയും അവർക്ക് പണം നൽകുന്ന സ്വദേശികളെയും തളക്കാനാണ് രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള ഈ നിയമം കൊണ്ട് വന്നത്.

വിദേശികളാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ മേൽ പറഞ്ഞ ശിക്ഷ കൂടാതെ ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ നാട് കടത്തും. കൂടാതെ സൗദിയിലേക്ക് ഭാവിയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തും.

കുറ്റം ചെയ്യുന്നത് സ്വദേശികളാണെങ്കിലും ശിക്ഷക്ക് കുറവുണ്ടാകില്ല. മേൽ പറഞ്ഞ ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും. അതിന് ശേഷം രാജ്യത്ത് നിന്നും പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏർപ് എടുത്തും. എത്ര വർഷമാണോ ജയിലിൽ കിടന്നിട്ടുള്ളത്, അത്രയും വർഷത്തെ യാത്ര വിലക്കാണ് സ്വദേശികൾക്ക് ലഭിക്കുക. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തിലും ഇളവുകൾ ലഭിക്കാറുണ്ട്.

പലപ്പോഴും ഇത്തരത്തിൽ പണം അയക്കുന്നവർ തങ്ങൾ നിരീക്ഷണത്തിലാണ് എന്ന കാര്യം അറിയാറില്ല. നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും മലയാളികൾ എയർപോർട്ടിൽ വെച്ച് ഇക്കാര്യത്തിന് ഇമിഗ്രെഷൻ അധികൃതരുടെ പിടിയിലായിട്ടുണ്ട്.

മലപ്പുറം തിരൂർ സ്വദേശി സുധീർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശികളായ ശിഹാബ്​, അബ്​ദുറഹ്​മാൻ, കോഴിക്കോട്​ കാപ്പാട്​ സ്വദേശി മുജീബ്​ എന്നിവരാണ്​ റിയാദിലെ മലസ്​ ജയിലിൽ നിന്ന്​ മോചിതരായത്​ 2017 ഡിസംബറിലാണ്. അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട്​ നടത്തുകയും വിദേശത്തേക്ക്​ പണം അയക്കുകയും ചെയ്തുവെന്നതാണ് ഇവരിൽ ആരോപിച്ചിരുന്ന കുറ്റം.

ഇവരിൽ സുധീറിന്​ 32 മാസത്തിന്​ ശേഷമാണ്​ മോചനം ലഭിച്ചത്​. റിയാദിൽ നിന്ന്​ 500 കിലോമീറ്ററകലെ ബീശയിൽ പ്ലാസ്​റ്റിക്​ കടയിൽ ജീവനക്കാരനായിരുന്ന ഇയാൾ കുടുംബവുമായി നാട്ടിൽ അവധിക്ക് പോയി മടങ്ങുമ്പോൾ റിയാദ് വിമാനത്താവളത്തിൽ 2015 മേയ്​ മാസത്തിലാണ്​​ അറസ്​റ്റിലായത്​. അമിത അളവിൽ പണം അയച്ചുവെന്ന പേരിൽ നിരീക്ഷണത്തിലുള്ള ആളാണെന്ന് കണ്ടെത്തിയാണ് ഇമിഗ്രെഷൻ അധികൃതർ തടഞ്ഞു വെച്ചത്.

സുധീറിന്റെ പേരിൽ അൽരാജ്​ഹി ബാങ്കിലുള്ള അക്കൗണ്ടിലൂടെ 22 ലക്ഷം റിയാൽ വിദേശത്തേക്ക്​ അയച്ചു എന്നതായിരുന്നു ആരോപണം. സുഹൃത്തുക്കൾ പലരും തന്റെ അക്കൗണ്ടിലുള്ള എ.ടി.എം കാർഡ്​ ഉപയോഗിച്ച്​ പണമയച്ചിരുന്നു എന്നായിരുന്നു സുധീറിന്റെ ഭാഷ്യം. സുധീർ നാട്ടിൽ അവധിക്ക് പോയപ്പോഴും ഈ കാർഡ് സൗദിയിലുള്ള സുഹൃത്തുക്കളുടെ കൈവശമായിരുന്നു.

ഇവരെല്ലാം അയച്ച തുക പരിധിയിൽ അധികമായപ്പോൾ അക്കൗണ്ട് ഉടമയായ സൗദി മോണിറ്ററിങ്​ ഏജൻസിയുടെ ശ്രദ്ധയിൽ പെട്ട് നിരീക്ഷണത്തിൽ ആവുകയായിരുന്നു. കോടതി സുധീറിന് 20 മാസത്തെ തടവുശിക്ഷയാണ്​ വിധിച്ചത്​.

മോചിതരായ മറ്റ്​ മലയാളികളിൽ ശിഹാബും അബ്​ദുറഹ്​മാൻ സകാകയിലാണ്​ ജോലി ചെയ്​തിരുന്നത്​. മുജീബ്​ റിയാദിലും. ഇവർക്കെതിരെയും അമിതമായ തോതിൽ പണമയച്ച കേസാണുണ്ടായിരുന്നത്​.

ഒരു പ്രവാസിക്ക് അയാൾ രാജ്യത്തിന്റെ നിയമമനുസരിച്ച് സമ്പാദിച്ച പണം നിയമം അനുശാസിക്കുന്ന വഴികളിലൂടെ തന്നെ ചിലവാക്കുകയോ അയച്ചു കൊടുക്കുകയോ ചെയ്യാം. ഇത് വായിക്കുമ്പോൾ ഒരു സാധാരണ പ്രവാസിക്കുണ്ടാവുന്ന ന്യായമായ സംശയം ഏതൊക്കെ പണമാണ് മണി ലോണ്ടറിംഗ് നിയമത്തിൻകീഴിൽ കുറ്റകരമാവും എന്നാണ്.

അതിനുള്ള ഏറ്റവും ലളിതമായ ഉത്തരം നിയമ പരമല്ലാതെ മാർഗ്ഗങ്ങളിൽ കൂടി സമ്പാദിക്കുന്ന പണമെല്ലാം മണി ലോണ്ടറിംഗ് നിയമത്തിന്റെ പരിധിയിൽ വരും എന്നുള്ളതാണ്. അത്തരത്തിലുള്ള പണം നിയമപരമല്ലാതെ രാജ്യത്ത് നിന്ന് കടത്താനോ മറ്റോ ഇത്തരം പണമുണ്ടാക്കിയ വ്യക്തിക്ക് കൂട്ട് നിന്നാൽ അയാൾ ശിക്ഷാർഹനായി മാറും.

ഒരു വിദേശി അയാളുടെ സ്‌പോൺസറുടെ കീഴിലല്ലാതെ മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കുന്ന പണം നിയമ വിധേയമായ പണമല്ല. അത് അയാൾ നിയമ പ്രകാരമല്ലാത്ത മാർഗങ്ങളിലൂടെ അയാൾ അയക്കുകയാണെങ്കിൽ അത് മണി ലോണ്ടറിംഗ് നിയമ പ്രകാരമുള്ള കുറ്റമായി തീരും. അതിന് അയാളെ സഹായിക്കുന്ന ഏതൊരാളും കുറ്റക്കാരനായി മാറുകയും ചെയ്യും.

നിങ്ങളുടെ അക്കൗണ്ടിലൂടെ നിങ്ങളുടെ നിയമ പരമായ വരുമാനത്തിന് കൂടുതലായി ഇടപാടുകൾ നടന്നാൽ നിങ്ങൾ നിരീക്ഷണത്തിന് വിധേയരായി മാറും. ആ ഇടപാടുകൾക്ക് നിങ്ങൾ നിയമപരമായ വിശദീകരണങ്ങളും കൊടുക്കേണ്ടി വരും. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരികയും കുറ്റക്കാരാണെന്ന് തെളിയുകയാണെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയും ചെയ്യേണ്ടി വരും. മറ്റുള്ളവരുടെ നിയമ വിരുദ്ധമായ പണം അറിഞ്ഞോ അറിയാതെയോ സഹായമെന്ന നിലക്കോ കമ്മീഷൻ വാങ്ങിയോ സ്വന്തം അക്കൗണ്ടിലൂടെ അയച്ച പലരും സൗദിയിൽ നിയമ നടപടികൾക്ക് വിധേയരാവേണ്ടി വന്നിട്ടുണ്ട്.

കണക്കിൽ കവിഞ്ഞ പണം സൗദിയിൽ നിന്നും നാട്ടിലേക്ക് അയക്കുമ്പോൾ സൗദിയിൽ മാത്രമല്ല, ഇന്ത്യയിലും നിയമ പ്രശ്നങ്ങൾ ഉയർന്നു വരാറുണ്ട്. സൗദിയിൽ നിന്നും എൻആർഐ അക്കൗണ്ട് വഴി ഇന്ത്യയിലേക്ക് വൻതോതിൽ പണം ഒഴുകിയതായി ശ്രദ്ധയിൽ പെട്ട കേന്ദ്ര സർക്കാർ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി സൗദി അറേബ്യയോട് അഭ്യർത്ഥിച്ചിരുന്നു.

ഇത്തരത്തിൽ വൻതുകഎൻ ആർ ഐ അക്കൗണ്ടിലേക്ക് അയച്ച ഇന്ത്യക്കാർക്ക് ഇതിനുള്ള വരുമാന ഉറവിടമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗദി വാണിജ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചു.

2000 ഇന്ത്യക്കാരുടെ വരുമാനം ഉറവിടം അന്വേഷിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നാല് വർഷത്തിനിടയിൽ സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ് മന്ത്രാലയത്തിന് കൈമാറിയത്. ഇതിനെ തുടർന്ന് സൗദി വാണിജ്യമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാൽ സാമ്പത്തിക കുറ്റം ചുമത്തുമെന്നും ഇത്തരം അനധികൃത ഇടപാടിൽ സ്വദേശികളുടെ പങ്ക് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

Continue Reading

SAUDI ARABIA

തൊഴിൽ സ്ഥലങ്ങളിൽ സുരക്ഷിതനായിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Published

on

ഒരു നേരത്തെ ഭക്ഷണത്തിനോ ജീവിച്ചു പോകാനോ വേണ്ടി മാത്രം ഒരു വ്യക്തിയും പ്രവാസിയാകുന്നില്ല. പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നതിന്റെ പ്രധാന ലക്ഷ്യം തന്നെ തനിക്കും തന്റെ കുടുംബത്തിനും ആശ്രിതർക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഭാവിയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുക എന്നത് തന്നെയാണ്.

മുൻകാലങ്ങളിലെ പോലെ പ്രവാസിയുടെ സാമ്പത്തിക സുരക്ഷിതത്വം ഇപ്പോൾ സൗദി അറേബ്യയിൽ അത്ര മെച്ചമല്ല. ഉയർന്ന ലെവിയും ഉയർന്ന തോതിൽ നടപ്പിലാക്കുന്ന സ്വദേശി വൽക്കരണവുമെല്ലാം സൗദിയിലെ പ്രവാസിയുടെ സ്വപ്നങ്ങൾക്ക് മേൽ ദിനം പ്രതി കരിനിഴൽ വീഴ്ത്തി കൊണ്ടിരിക്കുകയാണ്.

പക്ഷേ എത്ര തന്നെ സ്വദേശിവൽക്കരണം ഏർപെടുത്തിയാലും തൊഴിലാളി അധിഷ്ഠിതമായ തൊഴിൽ വ്യവസ്ഥ ഉള്ള എന്ന മേഖലയിലും സ്വകാര്യ മേഖലയിലും വിദേശ തൊഴിലാളിക്ക് തൊഴിൽ സാധ്യത അനേകം വർഷങ്ങൾ കൂടി നിലനിൽക്കും എന്നത് പ്രവാസികൾക്ക് എന്നും പ്രതീക്ഷ നൽകുന്ന ഒന്നാണ്.

വിദഗ്ധ മേഖലയും അവിദഗ്ധ മേഖലയും എടുത്തു നോക്കിയാലും സ്വകാര്യ മേഖലയിൽ സാമൂഹികവും സാങ്കേതികവും ആയ കാരണങ്ങളാൽ വിദേശ തൊഴിലാളി ചെയ്യുന്ന പല ജോലികളും ചെയ്യുന്നതിന് സ്വദേശികൾക്ക് ഇപ്പോൾ വൈമുഖ്യമുണ്ട് എന്നത് സൗദി അറേബ്യ എന്ന പ്രവാസ ലോകം വിദേശ തൊഴിലാളികൾക്ക് തൊഴിൽ സാധ്യതകൾ തുറന്നിട്ട് നൽകുന്നു.

സൗദി അറേബ്യയില്‍ തൊഴില്‍ ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ദശലക്ഷക്കണക്കിന്‌ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും വിദഗ്ദ-അര്‍ദ്ധ വിദഗ്ദ തൊഴിലാളികളാണ്. ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ വളരെ കുറഞ്ഞ ശതമാനം മാത്രമേയുള്ളൂ.

ഈ വിദഗ്ദ-അര്‍ദ്ധ വിദഗ്ദ തൊഴിലാളികള്‍ ജോലിയെടുക്കുന്ന മേഖലകള്‍ താരതമ്യേന തൊഴില്‍പരമായ അപകട സാധ്യതകള്‍ കൂടിയ മേഖലകളാണ്. അത് കൊണ്ട് തന്നെ തൊഴിലെടുക്കുന്ന തൊഴിലാളിക്ക് സുരക്ഷക്കും ആരോഗ്യത്തിനും അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കി നല്‍കേണ്ടത് തൊഴിലുടമയുടെ പ്രാഥമികമായ കടമയാണ്.

ഇവിടെ പറഞ്ഞിട്ടുള്ള ചില നിയമങ്ങളും നിബന്ധനകളും ചില പ്രത്യേക മേഖലകൾക്ക് മാത്രം ബാധകമാകുന്നു എങ്കില്‍ തന്നെയും എല്ലായിടത്തും പ്രാഥമികമായ പരിഗണന നൽകിയിട്ടുള്ളത് തൊഴിലാളിയുടെ ജീവനും ആരോഗ്യത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ്. ഏറ്റവുമധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യമെന്ന നിലയില്‍ അധികൃതര്‍ പരമമായ പരിഗണനയും ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്.

ഒറ്റപ്പെട്ട അപകടങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് എങ്കില്‍ തന്നെയും അത്തരം അപകടങ്ങള്‍ക്ക് ഇടയാക്കുന്ന കാര്യങ്ങളുടെ മൂല കാരണം പരിശോധിക്കുമ്പോള്‍ പലയിടങ്ങളിലും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പല കാരണങ്ങൾ കൊണ്ടും തൊഴിലാളികൾ മറികടക്കുന്നതാണ് ഇതിനിടയാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

തൊഴിലുടമ എന്ന് ഇവിടെ പറയുമ്പോള്‍ അതില്‍ വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും ഉള്‍പ്പെടും. സൗദി തൊഴില്‍ നിയമ പ്രകാരം ഒന്നോ അതിലധികമോ തൊഴിലാളികളെ വെച്ച് ജോലിയെടുപ്പിക്കുന്ന എല്ലാവരും എംപ്ലോയർ അഥവാ തൊഴിലുടമ എന്ന വിഭാഗത്തിൽ പെടും. സൗദി തൊഴിൽ നിയമത്തിലെ നിർവചനവും അത് തന്നെയാണ്.

1.ജോലിക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍, അല്ലെങ്കില്‍ തൊഴില്‍പരമായി ഉണ്ടാകുന്ന അസുഖങ്ങള്‍ എന്നിവ സംഭവിക്കുന്ന പക്ഷം അയാള്‍ക്ക്‌ മതിയായ ചികിത്സ തൊഴിലുടമ ഉറപ്പു വരുത്തേണ്ടതാണ്. ആശുപത്രി ചിലവുകള്‍, മെഡിക്കല്‍ ടെസ്റ്റുകള്‍, എക്സറേ എന്നിവയ്ക്ക് വരുന്ന ചിലവുകള്‍ തൊഴിലുടമ നല്‍കണം. രോഗ കാലത്തിനിടെ അവശ്യമായ സാമ്പത്തിക പിന്തുണയും തൊഴിലുടമ നല്‍കേണ്ടതാണ്.

2.തൊഴിലാളിക്ക് ആവശ്യമായ ആരോഗ്യ പരിചരണം നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും തൊഴിലാളിയുടെ മുഴുവനായുള്ള ആരോഗ്യ പരിശോധന നടത്തി തൊഴില്‍ പരമായുള്ള അസുഖങ്ങള്‍ അയാള്‍ക്ക്‌ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തണം. അതിനായി ഒന്നോ അതിലധികമോ ഡോക്ടര്‍മാരെ തൊഴിലുടമ നിയോഗിക്കേണ്ടതാണ്. തൊഴിലാളികളുടെ ഇത്തരത്തിലുള്ള ആരോഗ്യ പരിശോധനയുടെ റിസള്‍ട്ടുകള്‍ തൊഴിലാളികളുടെ ഫയലുകളില്‍ പ്രത്യേക റെക്കോര്‍ഡാക്കി സൂക്ഷക്കണം.

3.നിര്‍മ്മാണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ആറു അടിയില്‍ മുകളിലാണ് പണിയെടുക്കുന്നത് എങ്കില്‍ അയാള്‍ താഴെ വീണാലും നിലം പതിക്കാത്ത രീതിയിലുള്ള സേഫ്റ്റി ബെല്‍റ്റുകള്‍ നല്‍കിയിരിക്കണം. ഈ സേഫ്റ്റി ബെല്‍റ്റുകള്‍ തൊഴിലാളി തറയില്‍ വീഴാത്ത രീതിയില്‍ സുരക്ഷിതമായ ഒരു സ്ഥലത്ത് ബന്ധിച്ചിരിക്കണം. ഓരോ തൊഴിലാളിക്കും അയാളുടെ ഭാരത്തിനു ആനുപാതികമായ ബെല്‍റ്റുകള്‍ ആണ് നല്‍കേണ്ടത്. നിലത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ നിര്‍ബന്ധമായും സുരക്ഷാ ഹെല്‍മെറ്റുകള്‍ ധരിച്ചിരിക്കണം.

4.കഠിനമായ കാലാവസ്ഥകളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കനത്ത ചൂട് അല്ലെങ്കില്‍ കനത്ത മഴ, തണുപ്പ് എന്നിവയെ നേരിടാന്‍ തക്ക വണ്ണമുള്ള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉറപ്പു വരുത്തണം. സാധാരണ ഗതിയില്‍ വര്‍ഷത്തില്‍ ജൂലൈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെ തൊഴിലാളിയെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിയെടുപ്പിക്കരുത്‌.

5.ഒരു തൊഴില്‍ സ്ഥലത്ത് അമ്പതില്‍ അധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവിടെ ഒരു മുഴുവന്‍ സമയ പാരാമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കണം. കൂടാതെ ഇത്തരം സാഹചര്യത്തില്‍ ഒരു പ്രാഥമിക ശുശ്രൂഷക്കു വേണ്ടിയുള്ള പ്രത്യേക മുറിയും ഒരുക്കെണ്ടതാണ്. എന്നാല്‍ 500 ല്‍ അധികം തൊഴിലാളികള്‍ ഉണ്ടായിരിക്കുകയും പ്രസ്തുത വര്‍ക്ക് സൈറ്റ് ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് പത്തു കിലോമീറ്ററോളം ദൂരത്തില്‍ ആവുകയുമാണെങ്കില്‍ പരിക്ക് പറ്റുന്ന തൊഴിലാളികളെ ആ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ ആംബുലന്‍സ് നിര്‍ബന്ധമായും ഉണ്ടാവേണ്ടതാണ്.

6.ജോലിസ്ഥലത്ത് തൊഴിലാളികള്‍ ജോലിയെടുക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകട സാധ്യതകള്‍, തൊഴിലിനോട് ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവ തടയുന്നതിന് ആവശ്യമായ നടപടികള്‍ തൊഴിലുടമ എടുത്തിരിക്കണം എന്നത് നിരബന്ധമാണ്.

7.ജോലിയെ സംബന്ധിച്ചും തൊഴിലാളി തൊഴിലെടുക്കുമ്പോള്‍ എടുക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ചും തൊഴിലാളികൾക്ക് അവബോധം നൽകണം. ഇതിനായി തൊഴിലാളികള്‍ക്ക് വായിക്കാന്‍ കഴിയുന്ന തരത്തിലും തൊഴിൽ ചെയ്യുന്ന സ്ഥലങ്ങളിൽ പ്രദര്‍ശിപ്പിച്ചിരിക്കണം. ഇവ അറബി ഭാഷയിലും കൂടാതെ തൊഴിലാളിക്ക് വായിച്ചു മനസ്സിലാക്കാന്‍ സാധിക്കുന്ന മറ്റൊരു ഭാഷയിലുമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. സുരക്ഷാ ഉപകരങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കണം എന്നതിനെ സംബന്ധിച്ച് ആവശ്യമായ പരിശീലനം തൊഴിലാളികള്‍ക്ക് നല്‍കിയിരിക്കണം.

8.തൊഴിലാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക്സൈറ്റ് വൃത്തിയായും ശുചിയായും ഒരുക്കി നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. ശരിയായ രീതിയിലുള്ള വെളിച്ചം, തൊഴിലാളികള്‍ക്ക് കുടിക്കുന്നതിനുള്ള വെള്ളം, കഴുകുന്നതിനുള്ള വെള്ളം എന്നിവയും തൊഴിലുടമ ജോലി സ്ഥലത്ത് ഒരുക്കി നല്‍കണം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ടായിരിക്കണം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അണുനാശിനികൾ പോലുള്ളവ പ്രത്യേകം കരുതിയിരിക്കണം.

9.തൊഴിലാളികളുടെ സുരക്ഷയെ സംബന്ധിച്ചും ആരോഗ്യത്തെ സംബന്ധിച്ചും ബോധവല്‍ക്കരിക്കാന്‍ കഴിയുന്ന ഒരു സൂപ്പര്‍വൈസറെ തൊഴിലുടമ നിയമിച്ചിരിക്കണം. ഇയാള്‍ തൊഴിലിടങ്ങളില്‍ പതിവായി ആവശ്യമായ പരിശോധനകള്‍ നടത്തി ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ തൊഴിലാളി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തൊഴിലാളികള്‍ ആരോഗ്യപരമായതും സുരക്ഷാപരമായതുമായ നിയമങ്ങള്‍ പാലിക്കുന്നു എന്നതും തൊഴിലുപകരങ്ങളുടെയും മറ്റു മെഷീനറികളുടെയും പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയും വേണം.

10.തൊഴിലാളി തൊഴിലില്‍ പ്രവേശിക്കുന്നതിന് മുൻപായി തന്നെ തൊഴിലിലും തൊഴിലിടങ്ങളിടങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകട സാധ്യതകളെ കുറിച്ചും അയാള്‍ക്ക്‌ വ്യക്തമാക്കി കൊടുക്കണം. അയാളെ തൊഴില്‍ സ്ഥലങ്ങളില്‍ അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിനായി തൊഴിലാളി നിര്‍ബന്ധമായും ധരിക്കേണ്ട വ്യക്തിഗത സുരക്ഷാ സാമഗ്രികള്‍ (PPE – Personal Protective Equipment) ധരിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യപ്പെടെണ്ടതുമാണ്. അത്തരം സുരക്ഷാ സാമഗ്രികള്‍ തൊഴിലുടമയാണ് തൊഴിലാളിക്ക് നല്‍കേണ്ടത്. അത് ഏതു തരത്തില്‍ ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ചും തൊഴിലാളിക്ക് വ്യക്തത വരുത്തി നല്‍കേണ്ടതാണ്.

11.തൊഴിലിടങ്ങളില്‍ പുക വലിക്കുന്നതിന് തൊഴിലാളികളെ യാതൊരു തരത്തിലും അനുവദിക്കുവാന്‍ പാടില്ല. എന്നാല്‍ പുക വലിക്കുന്നതിന് മാത്രമായി പ്രത്യേക സുരക്ഷിത സ്ഥലങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നതില്‍ തെറ്റില്ല.

12.പ്രാഥമിക ശുശ്രൂഷക്കു ഉപയുക്തമാകുന്ന വിധത്തില്‍ ഒന്നോ അതിലധികമോ ഫസ്റ്റ് എയിഡ് ബോക്സുകള്‍ തൊഴില്‍ സ്ഥലത്ത് തൊഴിലുടമ നല്‍കിയിരിക്കണം. അത്യാവശ്യ സാഹചര്യങ്ങളെ നേരിടാനുള്ള മരുന്നുകള്‍ അതില്‍ ഉണ്ടായിരിക്കണം.

13.തൊഴിലിടങ്ങളില്‍ ഏതെങ്കിലും കാരണവശാല്‍ അഗ്നി ബാധ ഉണ്ടാകുകയാണെങ്കില്‍ അതിനെ അണക്കുന്നതിന് ഉപയുക്തമായ അഗ്നി ശമന ഉപകരങ്ങളുടെ (Fire Extinguishers) സാന്നിധ്യം തൊഴിലുടമ തൊഴില്‍ സ്ഥലത്ത് ഉറപ്പു വരുത്തണം. അത്തരം ഉപകരണങ്ങള്‍ ഏതു സമയത്തും ഉപയോഗിക്കാവുന്ന വിധത്തില്‍ പ്രവര്‍ത്തന ക്ഷമമായിരികുകയും വേണം. അത് എളുപ്പത്തില്‍ എടുത്തു പ്രയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഏറ്റവും എളുപ്പത്തില്‍ ചെന്നെത്താവുന്ന ഇടത്തായിരിക്കണം പ്രദര്‍ശിപ്പിക്കേണ്ടത്. അവ ഏതു വിധത്തില്‍ ഉപയോഗിക്കണം എന്ന് തൊഴിലാളികള്‍ക്ക് വ്യക്തമായി മനസ്സിലാക്കി കൊടുക്കെണ്ടതുമാണ്.

14.ഇതെല്ലാം തൊഴിലുടമയുടെ കര്‍ത്തവ്യങ്ങള്‍ ആണ്. എന്നാല്‍ തൊഴിലാളിയും തന്റെ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ തങ്ങളുടേതായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം. തൊഴിലുടമ നല്‍കുന്ന തൊഴില്‍ പരവും ആരോഗ്യ പരവുമായ എല്ലാ നിര്‍ദ്ദേശങ്ങളും അതിന്റേതായ അര്‍ത്ഥത്തില്‍ മുഴുവനായും പാലിക്കേണ്ടതും പിന്തുടരേണ്ടതും തൊഴിലാളിയുടെ പരമമായ ഉത്തരവാദിത്വമാണ്.

15.വ്യക്തിഗതമായ സുരക്ഷാ സാമഗ്രികള്‍ ധരിക്കേണ്ടതും അവ ശരിയായി പരിപാലിക്കേണ്ടതും തൊഴിലാളിയുടെ ഉത്തരവാദിത്വത്തില്‍ പെടുന്നു. കൂടാതെ തൊഴില്‍പരമായുണ്ടാകുന്ന അപകടങ്ങള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്‍കരുതലുകളും തൊഴിലാളിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരിക്കണം. തൊഴില്‍ സ്ഥലത്ത് എന്തെങ്കിലും തരത്തിലുള്ള അപകട സാധ്യതകള്‍ ഉണ്ടാകുകയാണെങ്കിലോ ഉണ്ടാകുമെന്ന് സ്വാഭാവികമായ സംശയം ഉയര്‍ന്നാലോ ഉടനെ തന്നെ ബന്ധപ്പെട്ട സൂപ്പര്‍ വൈസറെയോ തൊഴിലുടമയേയോ നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

16.തൊഴിലാളിയും തൊഴിലുടമയും കൂടാതെ തൊഴില്‍ സ്ഥലത്തുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനും ഭാവിയില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ തടയുന്നതിനും തൊഴിലുടമ നിയോഗിക്കുന്ന സൂപ്പര്‍ വൈസര്‍ക്കും കടമയുണ്ട്. അതിനായി അയാള്‍ തൊഴിലിടങ്ങളില്‍ സുരക്ഷിതത്വം സംബന്ധിച്ച നിരന്തര പരിശോധനകള്‍ നടത്തിയിരിക്കണം. ഏതെങ്കിലും തരത്തിലുള്ള അപകട സംഭവങ്ങള്‍ തൊഴിലിടങ്ങളില്‍ ഉണ്ടാകുകയാണെങ്കില്‍ അതില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയോ മറ്റോ ചെയ്താല്‍ അതിന്‍റെ ഉറവിടത്തെ കുറിച്ചും അപകട കാരണത്തെ കുറിച്ചും വിശദമായ വിവര ശേഖരണവും അന്വേഷണവും നടത്തണം.

17.തൊഴിലാളികള്‍ക്ക് നല്‍കുന്ന വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്ന സമയത്ത് അതിന്‍റെ ഗുണമേന്മയെ കുറിച്ചും പ്രയോഗക്ഷമതയെ കുറിച്ചും നിരീക്ഷണം നടത്തണം. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളെ കുറിച്ച് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നടത്തണം. സുരക്ഷാ പരിപാടികളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുകയും വേണം.

Continue Reading
അനുഭവങ്ങൾ8 hours ago

അവിശ്വസനീയം മലയാളി കുടുംബത്തിന്റെ ഈ തിരിച്ചു വരവ്

അനുഭവങ്ങൾ1 day ago

മകന്റെ മറുപടി കേട്ട് ഞെട്ടി പിതാവിന്റെ പ്രവാസി സുഹൃത്ത്

SAUDI ARABIA2 days ago

ഉയർന്ന യോഗ്യത കൊണ്ട് കാര്യമില്ല കമ്പനിയും സ്പോൺസറും നന്നാവണം

LATEST3 days ago

ഇത് പോലൊരു നിർഭാഗ്യവാൻ പ്രവാസ ലോകത്ത് ഇനി ഉണ്ടാവാതിരിക്കട്ടെ

SAUDI ARABIA4 days ago

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

SAUDI ARABIA5 days ago

തൊഴിൽ സ്ഥലങ്ങളിൽ സുരക്ഷിതനായിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

LATEST5 days ago

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

LATEST5 days ago

അകലങ്ങളിലും മനം നിറഞ്ഞു വിവാഹം

LATEST5 days ago

സമൂഹ മാധ്യമ ദൃശ്യങ്ങൾ തെളിവായി

അനുഭവങ്ങൾ6 days ago

ഇത് സൗദി പ്രവാസികൾ കേൾക്കേണ്ട വാക്കുകൾ

LATEST6 days ago

എന്തു കൊണ്ട് യൂസഫ്‌ അലി പ്രവാസ ലോകത്തിനും കേരളത്തിനും പ്രിയങ്കരനാവുന്നു?

SAUDI ARABIA6 days ago

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

LATEST6 days ago

പ്രാർത്ഥനകളിൽ നിറയുന്ന മകന്റെ ഓർമ്മകൾ

SAUDI ARABIA6 days ago

സൗദിയിലെ പ്രവാസികൾ അറിഞ്ഞിരിക്കുക മനസ്സിലാക്കുക ഈ കാര്യങ്ങൾ

LATEST7 days ago

സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി വില നിയന്ത്രണം

LATEST3 weeks ago

ഈ അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ.

LATEST3 weeks ago

കയ്യിൽ ഒരു രൂപ പോലുമില്ലാതെ തുടങ്ങിയ ബിസിനസ്

LATEST4 weeks ago

പരിധിയില്ലാതെ പെരുമാറിയാൽ പ്രവാസിക്ക് അവസാനം ഗതി ഇങ്ങിനെ ആയിരിക്കും.

SAUDI ARABIA6 days ago

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

LATEST3 weeks ago

രണ്ടു മലയാളി യുവാക്കൾക്ക് അതിമോഹത്തിന് വിലയായി നൽകേണ്ടി വന്നത്

LATEST4 weeks ago

ഇതിനപ്പുറം ഒരു പ്രവാസിക്ക് എന്താണ് ലഭിക്കാനുള്ളത്?

SAUDI ARABIA4 days ago

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

LATEST4 weeks ago

സൗദി കുടുംബവും ഗദ്ദാമയും തമ്മിലുള്ള ബന്ധം അവസാനിച്ചത് ഇങ്ങിനെ

LATEST5 days ago

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

അനുഭവങ്ങൾ3 weeks ago

മറ്റുള്ളവരെ സഹായിക്കുമ്പോൾ ശ്രദ്ധിക്കുക

LATEST2 weeks ago

ഈ സമയത്ത് ഏറ്റവും അനുയോജ്യമായത്

അനുഭവങ്ങൾ2 weeks ago

മനസ് പതറാൻ വെമ്പുന്ന ഓരോ പ്രവാസിയും അറിയേണ്ടത്

LATEST4 weeks ago

9 മേഖലകളിലെ ചില്ലറ മൊത്ത വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകം.

LATEST4 weeks ago

ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി പ്രവാസികൾ നൂറു വട്ടം ചിന്തിക്കണം

അനുഭവങ്ങൾ1 day ago

മകന്റെ മറുപടി കേട്ട് ഞെട്ടി പിതാവിന്റെ പ്രവാസി സുഹൃത്ത്

Trending

error: Content is protected !!