Connect with us

അനുഭവങ്ങൾ

മനസ് പതറാൻ വെമ്പുന്ന ഓരോ പ്രവാസിയും അറിയേണ്ടത്

Published

on

(അഞ്ചു വർഷം മുൻപ് മലപ്പുറം സ്വദേശി പ്രതിയായി സൗദിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആധാരമാക്കിയുള്ളതാണ് ഈ കഥ)

“ഞാനും പോവും ഇക്കാ നാട്ടിൽ…. അടുത്ത് തന്നെ. മക്കളെ ഒന്ന് കെട്ടിപിടിക്കണം. റാബിയയെ ഒന്ന് ചേർത്ത് പിടിക്കണം. എന്നിട്ട് മരിച്ചാൽ മതി”

നൗഫൽ പോയി. റാബിയയുടെയും മക്കളുടെയും അടുത്തേക്കല്ല. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക്.

നിസാരമായി കണ്ട ഒരു തെറ്റിനായിരുന്നു നൗഫൽ ജയിലിലായത്. എന്നാൽ സൗദിയിലെ നിയമ വ്യവസ്ഥയുടെ മുന്നിൽ ആ കൃത്യം നിസ്സാരമല്ലായിരുന്നു. ഒടുവിൽ ഇപ്പോൾ പ്രിയപ്പെട്ടവരെ ഒരു നോക്ക് പോലും കാണാനാകാതെ അവസാന യാത്രയും.

ആകെ തകർന്ന അവസ്ഥയിൽ ജയിലിൽ സെല്ലിൽ നിലത്തിരുന്നു തലയിൽ കൈവെച്ചു കൊണ്ട് ഓർക്കുകയായിരുന്നു മുഹമ്മദാലി. തൊട്ടടുത്ത് നിന്നും നൗഫലിന്റെ അപ്രതീക്ഷിത വിയോഗം നൽകിയ ആഘാതത്തിൽ നിന്നും ഇതുവരെ മോചനം കിട്ടിയിട്ടില്ല.

ജയിലിൽ നിന്നും മോചനം കിട്ടി നാട്ടിലെത്തി ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തെ കാണണം എന്നതായിരുന്നു അവസാന കാലത്തെ ഏറ്റവും വലിയ ആഗ്രഹം. വീട്ടിലെ കാര്യങ്ങൾ പറഞ്ഞു കൊണ്ട് എപ്പോഴും കരയും.

“ഒരു കുറവും വരുത്താതെ വളർത്തി കൊണ്ട് വന്ന മക്കളാണ് മുഹമ്മദാലിക്കാ. കഴിഞ്ഞ ഒന്നര വർഷത്തെ ജീവിതം അവരെ തകർത്തു കളഞ്ഞു. മൂന്ന് മക്കളായിട്ടും മറ്റൊരുത്തന്റെ മുന്നിൽ തല താഴ്ത്താൻ റാബിയയെ ഞാൻ അനുവദിച്ചിട്ടില്ല. ഇപ്പോൾ എന്റെ മക്കളെ നോക്കാൻ അവൾ ബന്ധുക്കളുടെ മുന്നിൽ കൈനീട്ടുകയാണ്. ഇപ്പൊ എന്റെ മക്കൾ എങ്ങിനെ ജീവിക്കുന്നു എന്നറിയില്ല ഇക്കാ”.

ചില സമയത്ത് മുള കീറും പോലെ കരയും നൗഫൽ. വന്നയുടൻ സ്ഥിരം അത് പോലുള്ള കരച്ചിലായിരുന്നു. പിന്നീട് അത് കുറഞ്ഞു വന്നു. ഇപ്പോൾ കുട്ടികളേയും ഭാര്യയേയും അത്രമേൽ ഓർക്കുമ്പോൾ മാത്രമാണ് അത് പോലുള്ള ശബ്ദം കരച്ചിലായി പുറത്ത് വരിക. ആദ്യമൊക്കെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ വന്നു നോക്കി വഴക്ക് പറയും. ഉപദേശിക്കും. ഭീഷണിപ്പെടുത്തും. എങ്കിലും സഹിക്കാനാവാത്ത നിമിഷം ആ വേദനകൾ കരച്ചിലായി പുറത്ത് വരും.

പിന്നെ പിന്നെ അത് പരിചയമായി. കരച്ചിലിന്റെ ശബ്ദം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ വന്നു നോക്കും. നൗഫൽ ആണെന്നറിയുമ്പോൾ തിരിച്ചു പോകും. “അവൻ കരയട്ടെ മുഹമ്മദ്, കരഞ്ഞു തീർക്കട്ടെ, പരമകാരുണികനായ പടച്ചവൻ അവന്റെ എല്ലാ വിഷമങ്ങളും ഉടനെ തീർത്തു കൊടുക്കട്ടെ”.

അറം പറ്റിയ വാക്കുകൾക്കാണല്ലോ താനന്നു ആമീൻ പറഞ്ഞത് എന്നാലോചിച്ചപ്പോൾ മുഹമ്മദാലിയുടെ ഉള്ളുലഞ്ഞു പോയി. ഒരു മാസത്തിന് ശേഷമാണ് നൗഫലിന്റെ അന്ത്യം. ഹൃദയാഘാതം ആയിരുന്നു.

ഒന്നര വർഷം മുൻപാണ് നൗഫൽ തന്റെ സെല്ലിൽ എത്തുന്നത്. വന്നത് മുതൽ ഒന്നും മിണ്ടിയിരുന്നില്ല. മുഴുവൻ സമയവും കരച്ചിൽ. ഒരാഴ്ച്ചക്ക് ശേഷമാണ് നൗഫൽ എന്തെങ്കിലും സംസാരിക്കാനുള്ള പരുവത്തിലായത്.

ഒരു ദിവസം താൻ അങ്ങോട്ട് പോയി നൗഫലുമായി സംസാരിക്കുകയായിരുന്നു. അന്നത്തെ ആ ദിവസം ഇന്നലെയെന്ന പോലെ മുഹമ്മദാലി ഇന്നും ഓർക്കുന്നു. മോനേ, എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ഞാൻ ചോദിക്കുന്നില്ല. കരഞ്ഞോ മോനെ. വിഷമം കരഞ്ഞു തീർക്ക്. പക്ഷെ അതിനേക്കാൾ നല്ലത് മറ്റൊരാളോട് തന്റെ വിഷമങ്ങൾ തുറന്ന് പറയുന്നതാണ്. അതിനേക്കാൾ വലിയ ആശ്വാസം വേറെ കിട്ടില്ല മോനേ.

തെല്ലൊരു അവിശ്വസനീയതോടെയാണ് നൗഫൽ മുഖം ഉയർത്തിയത്. അപൂർവ്വമായി താൻ കേൾക്കുന്ന സാന്ത്വന സ്വരം. മുഖം ഉയർത്തിയ നൗഫലിനെ തോളിൽ തട്ടി മുഹമ്മദാലി ആശ്വസിപ്പിച്ചു. “നോക്ക് മോനേ, ഞാൻ ഇവിടെ എത്തിയിട്ട് അഞ്ചു വർഷമായി. ആദ്യമൊക്കെ ഇങ്ങിനെ തന്നെയായിരുന്നു. പിന്നീട് മനസ്സിലായി ഇവിടിരുന്ന് കരഞ്ഞിട്ട് ഒരു ഫലവുമില്ലെന്ന്. നാട്ടിൽ കുട്ടികൾക്കും കുടുംബത്തിനും നല്ലത് വരാൻ പ്രാർത്ഥിക്കുക. അതാണ് നമ്മൾ ചെയ്യേണ്ടത്”.

“മോൻ പറയ്. എന്താണ് സംഭവിച്ചത്”

നൗഫൽ മുട്ടിൽ നിന്നും മുഖം ഉയർത്തി തന്റെ മുഖത്തേക്ക് നോക്കി. പതിയെ എഴുന്നേറ്റു. വുദു എടുക്കാനെന്നാണ് താൻ കരുതിയത്.

നിലത്ത് നിന്നും എഴുന്നേറ്റ നൗഫൽ തികച്ചും അപ്രതീക്ഷിതമായി തന്റെ തോളിലേക്ക് വീണു. “ഇക്കാ എന്നെ ആശ്വസിപ്പിക്കണ്ട. അത്രക്കും ഭാഗ്യം കെട്ടവനാണ് ഞാൻ. എനിക്ക് എന്നോട് തന്നെ വെറുപ്പാണ് ഇക്കാ. എന്നെ ആശ്വസിപ്പിക്കരുത്”

തോളിൽ നിന്നും നൗഫലിനെ മാറ്റിയില്ല മുഹമ്മദാലി. പകരം അവനെ കരയാൻ അനുവദിച്ചു. നിമിഷങ്ങളോളം തേങ്ങി കരഞ്ഞ ശേഷം നൗഫൽ മുഖമുയർത്തി. “ഞാൻ ഭാഗ്യം കെട്ടവനാണ് ഇക്ക. അത്രക്കും ഭാഗ്യം കെട്ടവൻ. എന്നെ പോലെ ഒരു ഭാഗ്യം കെട്ടവൻ ഇനി ഈ ലോകത്ത് ഉണ്ടാവില്ല”

അന്നാണ് നൗഫൽ തന്നോട് എല്ലാം പറഞ്ഞത്. ആറു വർഷം മുൻപാണ് നൗഫൽ സൗദിയിൽ എത്തിയത്. ജിദ്ദയിൽ ഹോട്ടൽ ജോലി ആയിരുന്നു. കൂടുതൽ മെച്ചമൊന്നും ഉണ്ടായില്ലെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുമായിരുന്നു. നൗഫലിനും അത് തന്നെയായിരുന്നു തൽകാലം വേണ്ടിയിരുന്നത്. റാബിയായും കുട്ടികളും പട്ടിണി കിടക്കരുത്.

വെള്ളിയാഴ്ച്ച ദിവസങ്ങളിൽ തിരക്ക് കൂടും എന്നതിനാൽ ശനിയാഴ്ചയാണ് നൗഫലിന് അവധി ലഭിച്ചിരുന്നത്. അന്ന് സഹപ്രവർത്തകനെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ച് നൗഫൽ ഇഹ്‌റാം ചുറ്റി മക്കയിലേക്ക് പോകും. ഉംറ കഴിഞ്ഞു മണിക്കൂറുകളോളം പ്രാർത്ഥിക്കും. രാത്രിയോടെ വീണ്ടും ജിദ്ദക്ക് തിരിക്കും. ഇതായിരുന്നു നൗഫലിന്റെ രീതി.

ആ ദിവസം ഞാൻ നാട്ടുകാരനായ ബഷീറിന്റെ കൂടെയാണ് മക്കയിലേക്ക് പോയത്. ഉംറ സീസൺ കഴിഞ്ഞത് കൊണ്ട് ഹറം ഏതാണ്ട് വിജനമാണ്. ത്വവാഫും സഇയും കഴിഞ്ഞു ബഷീറിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ചെറിയ വിശപ്പ് അനുഭവപ്പെട്ടത്. ബഷീറിനെ ഫോണിൽ വിളിച്ചപ്പോൾ അവൻ ഇനിയും നേരം വൈകുമെന്ന് പറഞ്ഞു. അപ്പോഴാണ് ഒരു ചായയും സാൻഡ്‌വിച്ചും കഴിച്ചു വരാമെന്ന് കരുതി ഹറമിന് പുറത്തുള്ള ബൂഫിയയിലേക്ക് നടന്നത്.

ബൂഫിയയിലേക്ക് നടക്കുമ്പോഴാണ് ഇക്കാ ആ നശിച്ച സംഭവം നടന്നത്. പോകുന്ന വഴിയിൽ ഒരു മൊബൈൽ ഫോൺ കിടക്കുന്നു. തൊട്ടടുത്ത് ആരെയും കണ്ടില്ല. ഞാൻ ആ മൊബൈൽ കയ്യിലെടുത്തു. ഉടമസ്ഥൻ അടുത്തുണ്ടെങ്കിൽ തിരിച്ചു കൊടുക്കാം എന്ന് കരുതി തന്നെയാണ് എടുത്തത്. പക്ഷെ ഒരു നിമിഷം മനസ്സ് പതറിപ്പോയി.

ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് മനസ്സിലായപ്പോൾ താൻ വീണ്ടും മുന്നോട്ട് നടന്നു. അപ്പോഴും തന്റെ മനസ്സിൽ നന്മയും തിന്മയും തമ്മിലുള്ള വാദപ്രതിവാദം നടക്കുകയായിരുന്നു. “നൗഫൽ നീ അത് തിരിച്ചു കൊടുക്കുക. നിനക്ക് അവകാശപ്പെട്ടതല്ല അത്. പുണ്യമായ സ്ഥലത്ത് നീ നിന്റെ മനസ്സാക്ഷിയെ പരീക്ഷിക്കരുത്”

അതെ സമയം ചെകുത്താനും തന്റെ മനസ്സിൽ കൂടുകൂട്ടി. “നീ എന്തിനത് തിരിച്ചു കൊടുക്കണം. അത് തിരിച്ചു കൊടുത്താൽ തന്നെയും പോലീസുകാർക്കല്ലേ കൈമാറാൻ സാധിക്കുക. അത് യഥാർത്ഥ ഉടമസ്ഥന് തിരിച്ചു കിട്ടും എന്ന് എന്താണ് ഉറപ്പ്”

“കുറച്ചു നിമിഷങ്ങൾ താൻ ആശയ കുഴപ്പത്തിൽ ആയിപ്പോയി ഇക്ക. ഒരു നിസാര ഭൗതിക വസ്തുവിന് വേണ്ടി മനസ്സിന്റെ നന്മ ഞാൻ മാറ്റി വെച്ചു. ഇക്കാര്യം ആലോചിച്ചു കൊണ്ട് തന്നെ ഞാൻ മുന്നോട്ട് നടന്നു”

കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ പിന്നിൽ നിന്നും ഒരു വിളി കേട്ടു. ഹറം സുരക്ഷാ പൊലീസുകാരനാണ്. അയാൾ നൗഫലിന്റെ അടുത്തേക്ക് വന്ന് ഇഖാമ ആവശ്യപ്പെട്ടു. ഇഖാമ നൽകിയപ്പോൾ അയാൾ നൗഫലിന്റെ കയ്യിലിരുന്ന മൊബൈൽ ബലമായി വാങ്ങി. പിന്നീട് അയാൾ നൗഫലിനോട് കൂടെ വരാൻ ആവശ്യപ്പെട്ടു. കുറച്ച് അകലെ ഉണ്ടായിരുന്ന മറ്റു രണ്ടു സുരക്ഷാ പോലീസുകാരെ അടുത്തേക്ക് വിളിച്ച് എന്തൊക്കെയോ പറഞ്ഞു. നൗഫലിനോട് അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവർ വണ്ടിയിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

അവിടെ നിന്നും നൗഫലിന്റെ പേരിൽ മോഷണ കുറ്റത്തിന് കേസെടുത്തു. എതിർക്കാനായില്ല. രേഖാ മൂലമുള്ള തെളിവ് സഹിതമാണ് ആരോപണം. നൗഫൽ ഹറാമിന്റെ മുറ്റത്ത് നിന്നും മൊബൈൽ എടുക്കുന്നതും കയ്യിൽ വെക്കുന്നതും മുന്നോട്ട് നടക്കുന്നതും സി സി ടി വി യിലൂടെ ഹറമിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർ വീക്ഷിക്കുകയായിരുന്നു.

വീണ്ടു കിട്ടിയ മറ്റൊരാളുടെ വസ്തു അധികൃതരെ ഏൽപ്പിക്കാതെ കൈവശം വെച്ചത് കോടതി മോഷണമായി കണ്ടു ശിക്ഷിച്ചു.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ നൗഫലിന്റെ മുഖത്ത് കുറ്റബോധം പ്രകടമായിരുന്നു. കുറ്റബോധവും സങ്കടവും നിരാശയും ഒക്കെ കൂടി കരഞ്ഞു തീർക്കുക മാത്രമായിരുന്നു നൗഫലിന്റെ മുന്നിലുള്ള ഒരേ ഒരു വഴി. അതാണ് നൗഫൽ ചെയ്തു കൊണ്ടിരുന്നതും.

“നൗഫലേ. നിനക്ക് ഒരു തെറ്റ് പറ്റി. പ്രപഞ്ച നാഥന്റെ പരീക്ഷണത്തിൽ നീ തോറ്റു പോയി. നിന്റെ പതറിയ മനസ് നിനക്ക് ശിക്ഷയും വാങ്ങിത്തന്നു. ഇവിടെ ഇനി കരഞ്ഞിരുന്നിട്ട് പ്രയോജനമില്ല. തെറ്റ് ഏറ്റു പറഞ്ഞു പ്രാർത്ഥിക്ക്. നിന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന പടച്ചവൻ കേൾക്കാതിരിക്കില്ല. എല്ലാറ്റിനും പരിഹാരം ഉണ്ടാവും. റബ്ബ് വലിയവനാണ്”

“മോൻ കരച്ചിൽ നിർത്തി രണ്ടു റകാഅത് സുന്നത്ത് നമസ്കരിക്ക്. നന്നായി പ്രാർത്ഥിക്ക്. മോന്റെ മൂത്ത ജ്യേഷ്ഠൻ പറയുന്നത് പോലെ കരുതിയാൽ മതി. ഒരാശ്വാസം കിട്ടും”

തന്നോട് സംസാരിക്കാൻ തുടങ്ങിയതിന് ശേഷം നൗഫലിന് വലിയ മാറ്റങ്ങൾ ഉണ്ടായി എന്ന് മുഹമ്മദാലി ഓർത്തു. തുടർച്ചയായി കരയുന്ന സ്വഭാവത്തിൽ മാറ്റം വന്നു. ഇടക്കിടെ വന്ന് വിഷമങ്ങൾ പറയും. എല്ലാം താൻ കേട്ടിരിക്കും. സമാധാനിപ്പിക്കും. പക്ഷെ സംസാരത്തിൽ കുട്ടികളുടെ കാര്യം വിഷയമായാൽ അന്ന് കരച്ചിൽ ഉറപ്പാണ്.

ഒന്നര വർഷം വളരെ പെട്ടെന്ന് കടന്നു പോയി. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉടനെ മോചിതനാവാമെന്ന് പ്രതീക്ഷയും വന്നു. അതിന് ശേഷം തർഹീലിലൂടെ നൗഫലിനെ നാട് കടത്തും. “നാട്ടിൽ പോയി പറമ്പ് കിളച്ചിട്ടാണെങ്കിലും ഇനിയുള്ള കാലം മക്കളുമായി കഴിയണം” ഒരു തവണ തന്നോട് ഭാവി പരിപാടിയായി നൗഫൽ പറഞ്ഞു.

നൗഫലിന്റെ ജയിൽ മോചന തിയ്യതി അടുത്ത് വന്നു. അതീവ സന്തോഷവാനായിരുന്നു നൗഫൽ. കൂടുതൽ സമയവും ഖുർആൻ പാരായണവും നമസ്കാരവുമായി കഴിച്ചു കൂട്ടി. ദിവസത്തിൽ പലവട്ടം തന്റെ അരികിൽ എത്തി കുട്ടികളുടെ കാര്യവും ഭാവി പരിപാടികളും പറയും. പറഞ്ഞത് തന്നെ ആവർത്തിക്കുകയാണ് പലപ്പോഴും ചെയ്യുക. ജയിൽ അന്തേവാസികളുടെ മാനസിക നില കൃത്യമായി അറിയാവുന്നത് കൊണ്ട് താൻ എല്ലാം കേട്ട് കൊണ്ടിരിക്കും. വിഷമങ്ങൾ കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നതിൽ കവിഞ്ഞു ഒരാശ്വാസവും ഇതിനകത്തുള്ള മനുഷ്യർക്കില്ലല്ലോ.

“ഇക്കാ, ഈ നാളെ എനിക്ക് പുറത്തിറങ്ങാം. നേരെ ജിദ്ദ തർഹീലിലേക്ക് എന്ന് ഓഫീസർ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ എംബസ്സി രേഖകൾ തന്നാൽ എത്രയും പെട്ടെന്ന് നാട്ടിൽ പോകാം. സന്തോഷം കൊണ്ട് നെഞ്ച് പൊട്ടുകയാണ് ഇക്കാ. റാബിയയെയും മക്കളെയും ഉടനെ കാണാൻ സാധിക്കുമല്ലോ”

“ഇക്കാ, ഒന്ന് കിടക്കട്ടെ. ഇക്ക തഹജൂദ് നമസ്‍കാരത്തിന് എണീക്കുമ്പോൾ എന്നെയേയും വിളിക്കണേ” ഇശാ നമസ്‍കാരത്തിന് ശേഷം നൗഫൽ പറഞ്ഞു. അതീവ സന്തോഷവാനായിരുന്നു നൗഫൽ. ശബ്ദത്തിലും ഭാവത്തിലും അത് പ്രകടമായിരുന്നു.

ഒരുറക്കം കഴിഞ്ഞു മൂന്നു മണിയോടെ മുഹമ്മദാലി എഴുന്നേറ്റു. നൗഫൽ ഉറങ്ങുകയാണ്. കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് മുഹമ്മദാലിയും കരുതി. “നൗഫലേ എണീക്ക്, തഹജൂദ് നമസ്കരിക്കേണ്ടേ” പ്രതികരണമൊന്നും ഉണ്ടായില്ല. അടുത്ത് പോയി തട്ടി വിളിക്കാതെ, സുന്നത്ത് നമസ്കാരമല്ലേ സാരമില്ല ഉറങ്ങിക്കോട്ടെ എന്ന് മുഹമ്മദാലിയും കരുതി.

സുബഹി നമസ്‍കാര സമയത്തും മുഹമ്മദാലി വിളിച്ചു. നൗഫൽ എഴുന്നേറ്റില്ല. അങ്ങിനെ ഉണ്ടാവാത്തതാണ്. ഒന്നര വർഷത്തിനുള്ളിൽ നൗഫൽ ഒരു സുബഹി പോലും നമസ്‍കരിക്കാതിരുന്നിട്ടില്ല.

“എന്താ നൗഫലേ. പുറത്തിറങ്ങാൻ സമയമായപ്പോൾ പടച്ചോനെ മറന്നോ, എണീക്ക്. നിസ്കരിച്ചിട്ട് കിടന്നോ” മുഹമ്മദാലി വീണ്ടും പറഞ്ഞു. നൗഫലിന് അനക്കമില്ല. മുഹമ്മദാലിക്ക് ദേഷ്യം വന്നു. നന്ദികേടല്ലേ ഇവൻ കാണിക്കുന്നത്.

നൗഫലിനെ ഉണർത്താനായി മുഹമ്മദാലി അടുത്ത് ചെന്നു. അടുത്ത് ചെന്ന് തട്ടി വിളിച്ചിട്ടും നൗഫൽ ഉണർന്നില്ല. മുഹമ്മദാലിയുടെ ഉള്ളൊന്ന് കാളി. വീണ്ടും വീണ്ടും കുലുക്കി വിളിച്ചു. നൗഫലിന് അനക്കമില്ല. മുഹമ്മദാലിയുടെ വിളി ഉറക്കെയുള്ള കരച്ചിലായി മാറി.

മുഹമ്മദാലിയുടെ കരച്ചിൽ കേട്ട് ഡ്യൂട്ടി ഓഫീസർ ഓടിയെത്തി. നൗഫലിനെ പിന്നെയും പിന്നെയും ഭ്രാന്തമായി തട്ടി വിളിക്കുന്ന മുഹമ്മദാലിയെ തട്ടി മാറ്റി ഓഫീസർ നൗഫലിന്റെ മൂക്കിനരികിൽ വിരൽ വെച്ചു നോക്കി.

“ഖലാസ്. ഇന്നാലില്ലാഹി വാ ഇന്നാ ഇലയ്ഹി റാജിഊൻ”

നിമിഷ നേരത്തിനുള്ളിൽ നൗഫലിന്റെ പലഭാവ മുഖങ്ങൾ പല തവണ മാറി മാറി വന്നു പോയിക്കൊണ്ടിരുന്ന മുഹമ്മദാലിയുടെ മനസ്സിന്റെ പ്രതിഫലനം ഏന്നോണം ആ തൊണ്ടയിൽ നിന്നും നിന്നും ഇടറിയ ശബ്ദത്തിൽ ആ വാക്കുകൾ പുറത്ത് വന്നു.

“പടച്ചവൻ നല്ലത് കൊടുക്കട്ടെ….ആമീൻ” is

അനുഭവങ്ങൾ

അവിശ്വസനീയം മലയാളി കുടുംബത്തിന്റെ ഈ തിരിച്ചു വരവ്

Published

on

റിന്ദ

(രണ്ടു വർഷം മുൻപ് സൗദിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അവലംബമാക്കി എഴുതിയ ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും മറ്റും സ്വകാര്യതക്കായി മാറ്റിയിരിക്കുന്നു)

 

ഹബീബി, അസ്സലാമു അലൈക്കും” റിയാദിൽ നിന്നും അഹമ്മദ് അൽഗാംദിയാണ്.

“നീ പറഞ്ഞ റഫീഖിനെ കണ്ടു പിടിച്ചു. കേരളത്തിൽ മലപ്പുറം എന്ന സ്ഥലത്താണ് വീട്. റഫീഖിന്റെ ഭാര്യയും കുഞ്ഞും ഉമ്മയും സഹോദരിയും മാത്രമാണ് വീട്ടിൽ ഉള്ളത്”

“അൽഹംദുലില്ലാഹ്” ആശ്വാസത്തോടെ ജിദ്ദയിലെ ഓഫീസ് കാബിനിലെ മിസ്ഫർ അൽ ശമ്മാരി കസേരയിലേക്ക് ചാഞ്ഞു. 

കഴിഞ്ഞ ദിവസമാണ് റിയാദിലെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അഹമ്മദിനോട് ശമ്മാരി  ഇക്കാര്യം പറഞ്ഞത്. “അഹമ്മദ്, എന്ത് തന്നെയായാലും കേരളത്തിൽ റഫീഖിന്റെ കുടുംബത്തെ കണ്ടു പിടിക്കണം. ബാബാ കൊടുക്കാനുള്ള പണം ഏൽപ്പിക്കണം. ബാബയുടെ കണ്ണടയുന്നതിന് മുൻപ് അത് മാത്രമാണ് തനിക്കിനി ചെയ്യാനുള്ളത്. മറ്റെല്ലാം താൻ ചെയ്തു കഴിഞ്ഞു”

അഞ്ചു വർഷം മുൻപ് മാത്രമാണ് ബാബയുടെ അനാരോഗ്യം മൂലം നിർമ്മാണ കമ്പനിയുടെ സാരഥ്യം മിസ്ഫർ ഏറ്റെടുത്തത്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ സ്ഥാപനത്തെ ഇന്ന് സൗദിയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റാൻ മിസ്ഫറിന് കഴിഞ്ഞു. 

ബാബാ ഇപ്പോൾ തീരെ വയ്യാത്ത അവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന അവസ്ഥ. നാല് ദിവസം മുൻപാണ് ബാബാ തന്നെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് റിയാദിൽ എത്താൻ ആവശ്യപ്പെടുന്നത്. 

“മോനേ, ബാബാക്ക് പടച്ചവന്റെ അടുക്കലേക്ക് പോകാൻ സമയമായി. പൊരുത്തമില്ലാത്ത ഒന്നും ബാബാ ഇന്ന് വരെ ചെയ്തിട്ടില്ല. ബാബാക്ക് ഓരു കടമിടപാട് കൂടി ബാക്കിയുണ്ട്. ബാബയ്ക്ക് ഈമാനോടെ മരിക്കാൻ മോൻ അത് ഒന്ന് ചെയ്തു തരണം”

“ബാബാ, പണം കൊടുക്കാനുള്ള ആളുടെ പേരും എത്ര രൂപ കൊടുക്കണമെന്നും മാത്രം പറഞ്ഞാൽ മാത്രം മതി. കൊടുക്കാനുള്ളതും ഒപ്പം ഒരു സമ്മാനവും കൂട്ടി കൊടുത്തേക്കാം. പടച്ചവന്റെ ബർക്കത്ത് കൊണ്ട് ഇപ്പോൾ നമുക്ക് എത്ര തുക ആയാലും കൊടുത്തു തീർക്കാൻ സാധിക്കുമെന്ന് ബാബക്കറിയാലോ” 

ബാബാ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയ്യുയർത്തി. ഫിലിപ്പൈൻസുകാരനായ വീട്ടു വീട്ടുവേലക്കാരൻ കിടന്നിരുന്ന ബാബയെ താങ്ങി കട്ടിലിലിൽ ഇരുത്തി. “അധികമൊന്നുമില്ല മോനേ. 40000 റിയാലാണ് കൊടുക്കാൻ ഉണ്ടായിരുന്നത്. അഞ്ചു വർഷം മുൻപ് ബാബാക്ക് വലിയ തുകയായിരുന്നു”

മിസ്ഫർ ചിരിച്ചു. “ബാബ ഇതിനാണോ എന്നോട് ജിദ്ദയിൽ നിന്നും റിയാദിലേക്ക് വരാൻ പറഞ്ഞത്. ഒരു ഫോൺ കാൾ മതിയായിരുന്നല്ലോ ബാബാ. അയാൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ഞാൻ പണം എത്തിച്ചു കൊടുക്കുമായിരുന്നില്ലേ”

കട്ടിലിൽ എഴുന്നേറ്റിരുന്ന ബാബാ ഫിലിപ്പൈൻസുകാരൻ കൊടുത്ത ഗുളികകൾ വായിലേക്കിട്ടു വെള്ളം കുടിച്ച് ഇറക്കി. അതിന് ശേഷം മിസ്ഫറിനോട് പറഞ്ഞു. “ഈ പണം മോന് ഇപ്പോൾ വലിയ തുകയല്ലെന്ന് ബാബക്ക് അറിയാം. നമ്മുടെ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നിരുന്ന അന്നെനിക്ക് അത് വലിയ തുകയായിരുന്നു. അന്ന് അയാൾ വെക്കേഷനിൽ പോകുമ്പോൾ ആ തുക കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. തിരിച്ചു വന്നിട്ട് നൽകാം എന്നാണ് ഞാൻ പറഞ്ഞത്” 

“പക്ഷെ ഇപ്പോൾ അയാൾ ജീവനോടെയില്ല. വെക്കേഷന് പോയ അയാൾ തിരിച്ചു വന്നില്ല. കേരളത്തിൽ വെച്ച് വാഹന അപകടത്തിൽ മരിക്കുകയായിരുന്നു”

മിസ്ഫർ ആശയ കുഴപ്പത്തിലായി. ഇനി പണം എങ്ങിനെ കൊടുക്കും. “ബാബാ പറഞ്ഞു, മിസ്ഫർ നീ കേരളത്തിലെ അയാളുടെ കുടുംബത്തെ കണ്ടു പിടിക്കണം. പണം അവരെ ഏൽപ്പിക്കണം. എങ്കിൽ എനിക്ക് സമാധാനമായി മരിക്കാം. ഇതെന്റെ ഒസ്യത്താണ്”

അഞ്ചു വർഷം മുൻപ് ഇന്ത്യയിലെ ഒരു സ്ഥലത്ത് മരിച്ചു പോയ ആളുടെ കുടുംബത്തെ എങ്ങിനെ കണ്ടു പിടിക്കും. “വിഷമിക്കേണ്ട ബാബാ. നമുക്ക് കണ്ടു പിടിക്കാം. എത്രയും പെട്ടെന്ന് ആളെ കണ്ടു പിടിച്ച് പണം നമ്മൾ കൊടുത്തിരിക്കും” മിസ്ഫർ ബാബയെ  സമാധാനിപ്പിച്ചു. 

പിറ്റേന്ന് തന്നെ മിസ്ഫർ ജിദ്ദയിലെ തന്റെ ഓഫീസ് ‌സെക്രട്ടറിയെ വിളിച്ചു. “അഞ്ചു വർഷം മുൻപുള്ള എംപ്ലോയീ ഫയലുകളിൽ കേരളത്തിൽ നിന്നുള്ള റഫീഖ് എന്നയാളുടെ ഫയൽ തിരയണം. ഫയൽ കിട്ടിയാൽ ഉടനെ അതിലെ പാസ്പോർട്ട് കോപ്പി എനിക്ക് അയക്കണം. വെരി അർജന്റ്”

ഒരു മണിക്കൂറിനുള്ളിൽ തന്നെ മിസ്ഫറിന്റെ വാട്സാപ്പിൽ റഫീഖിന്റെ പാസ്പോർട്ട് കോപ്പിയെത്തി. മിസ്ഫർ ഉടനെ സുഹൃത്തായ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അഹമ്മദിനെ  വിളിച്ചു. “അഹമ്മദ് എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഇന്ത്യയിലെ കേരളത്തിൽ നിന്നും എന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത റഫീഖ് എന്നയാളുടെ കുടുംബം ഇപ്പോൾ ഇവിടെയുണ്ട് എന്നറിയണം. അയാൾ ഇപ്പോൾ ജീവനോടെയില്ല. അത്യാവശ്യമാണ്. ബാബയുടെ കമ്മിറ്റ്മെന്റാണ്. ബാബയുടെ കാര്യം അറിയാലോ. ഇന്നോ നാളെയോ എന്നാണ് അവസ്ഥ. ബാബയുടെ കണ്ണടയുന്നതിന് മുൻപ് എനിക്ക് ഈ കാര്യം ചെയ്തു കൊടുക്കണം”

“പാസ്പോർട്ട് കോപ്പി അയക്കൂ മിസ്ഫർ. നമുക്ക് ശ്രമിക്കാം” മിസ്ഫർ ഉടനെ തന്നെ റഫീഖിന്റെ പാസ്പോർട്ട് കോപ്പി അഹമ്മദിന് അയച്ചു കൊടുത്തു.

ഒരു മണിക്കൂറിനകം അഹമ്മദിന്റെ കോൾ എത്തി. “മിസ്ഫർ. പാസ്പോർട്ട് കോപ്പി ന്യൂഡൽഹിയിലെ സൗദി എംബസിയിൽ സുലൈമാൻ തുവൈജിരിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. പ്രോപ്പർ ചാനലിലൂടെ പോയാൽ മാസങ്ങൾ എടുക്കും. അതിനാൽ ഓഫ് ദ റെക്കോർഡായി എത്രയും പെട്ടെന്ന് കണ്ടു പിടിച്ച് വിവരം അറിയിക്കണമെന്നും സുലൈമാനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സുലൈമാന് റിയാദിലുള്ള ഒരു സുഹൃത്തുണ്ട്. അയാളുടെ വീട് കോഴിക്കോട് ആണ്. അയാൾ ഇപ്പോൾ നാട്ടിൽ അവധിയിലുണ്ട്. അടുത്ത ദിവസം തന്നെ അയാൾ മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ പോയി അവരെ കണ്ടു പിടിക്കും. നമുക്ക് കാത്തിരിക്കാം”

“ശുക്രൻ ഹബീബി. എന്തെങ്കിലും വിവരം കിട്ടിയാൽ ഉടനെ വിളിക്കണം” മിസ്ഫർ അഹമ്മദിന് നന്ദി പറഞു. 

 

ഇത്താ, ഇതുവരെ ഒരു വഴിയും ആയില്ല. നാളെയാണ് അവസാന തിയ്യതി. ആരെങ്കിലും സഹായിക്കും എന്നായിരുന്നു പ്രതീക്ഷ. ഇനി ഒന്നും ചെയ്യാനില്ല ഇത്താ. ബാങ്ക് മാനേജരും കയ്യൊഴിഞ്ഞു. നാളെ ഒഴിഞ്ഞു കൊടുക്കേണ്ടി വരും” ബാങ്കിൽ നിന്നും ഗീതയാണ്. 

“പടച്ചവനേ ഈ ഗതി നീ ആർക്കും വരുത്തല്ലേ” 

കരളുരുകി ഹബീബ പ്രാർത്ഥിച്ചു. ഇന്ന് ഒരു ദിവസം കൂടി ഈ വീട്ടിൽ അന്തിയുറങ്ങാം. നാളെ രാവിലെ ബാങ്കിൽ നിന്നും ആളുകൾ വരുമ്പോൾ മാറി കൊടുക്കണം. വയസ്സായ ഉമ്മയേയും കിടപ്പു രോഗിയായ ഇത്താത്താനേയും ഈ കുഞ്ഞു മോനെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും? 

18 ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് ബാധ്യത ഒഴിവാകാൻ ആരുടെയെങ്കിലും സഹായമില്ലാതെ സാധിക്കില്ല. റഫീക്ക മരിച്ച ശേഷം ആഹാരത്തിന് തന്നെ ബുദ്ധിമുട്ടാണ്. ഇത്രയും കാലം ആരെങ്കിലും സഹായിക്കുമെന്നും എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്നും കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. 

റഫീഖിന്റെ മരണ ശേഷം വായ്പയുടെ തിരിച്ചടവിന് യാതൊരു വഴിയും കാണാതിരുന്ന തന്റെ നിസാഹായാവസ്ഥ തിരിച്ചറിഞ്ഞു സഹായമേകാൻ നാട്ടുകാർ മുന്നോട്ടു വന്നിരുന്നു. പണം പിരിക്കാനായി സമിതി ഉണ്ടാക്കിയെങ്കിലും ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിച്ചില്ല.

ഇതോടെ ഇനി മറ്റൊന്നും നടക്കില്ലെന്ന് ബാങ്കിനും ഉറപ്പായി. അതോടെ ബാങ്ക് ജപ്തി നടപടികളും ആരംഭിച്ചു. നാളെയാണ് ജപ്തി. യാതൊരു വരുമാനവും ഇല്ലാത്ത താൻ ഇവരെയല്ലാവരേയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ട ദിവസം. ആലോചിച്ച് ഹബീബക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

റഫീക്ക ഉണ്ടായിരുന്ന കാലത്ത് ലോകത്തെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് താനായിരുന്നുവെന്ന് അഹങ്കരിച്ചിരുന്നു. ആ അഹങ്കാരത്തിന് പടച്ചവൻ തന്ന അടിയായിരിക്കും ഇത്. സൗദിയിൽ നിന്നും ഓരോ വെക്കേഷനും വരുമ്പോഴും അത്രക്കും സാധനങ്ങൾ കൊണ്ട് വന്നിരുന്നു. താൻ പറയുന്നിടത്തേക്കെല്ലാം കൊണ്ട് പോയിരുന്നു. 

അഞ്ചു വർഷം മുൻപാണ് മലപ്പുറത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ ലോൺ എടുക്കുന്നത്. വീട് പുതുക്കി പണിയുന്നതിന് വേണ്ടിയായിരുന്നു ലോൺ. ഇപ്പോഴത് പലിശയും മറ്റും കൂടി 18 ലക്ഷം ആയി. തന്റെ നിസ്സഹായവസ്ഥ കണ്ട് ബാങ്ക് മാനേജർ പലതവണ അവധി നീട്ടി തന്നു. പക്ഷേ അയാൾക്കും ഒരു പരിധിയില്ലേ. തന്റെ ജോലി അപകടത്തിലാക്കിയിട്ട് അയാൾക്കും തന്നെ സഹായിക്കാൻ സാധിക്കില്ലല്ലോ.

റഫീഖ് സൗദിയിൽ നിന്നും വെക്കേഷൻ എത്തിയപ്പോഴാണ് ലോൺ എടുക്കുന്നത്. വീടൊന്ന് പുതുക്കി പണിയുക എന്നത് മാത്രമായിരുന്നു പ്ലാൻ. പണം കിട്ടി വീടുപണി നടന്നു കൊണ്ടിരിക്കുമ്പോഴാണ് സിമന്റ് ഏൽപ്പിക്കുന്നതിന് വേണ്ടി പോയ റഫീഖിന്റെ ബൈക്കിൽ ലോറിയിടിക്കുന്നത്. ലോറിക്കടിയിൽ പെട്ട റഫീഖ് തൽക്ഷണം മരിച്ചു. 

പിന്നീട് പണമെല്ലാം പലവഴിക്കായി പോയി. കടം മാത്രം ബാക്കിയായി. പിന്നീട് ഒരു തവണ പോലും വായ്പ തിരിച്ചടക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ പലിശ കൂടി വലിയ തുകയായി ജപ്തിയുമായി. 

രാവിലെ പത്തു മണിയോടെ ബാങ്കുകാർ എത്തി. പോലീസുമായിട്ടാണ് വരവ്. വീട്ടിൽ നോട്ടീസ് പതിക്കുകയും വീട്ടുകാരെ ഒഴിപ്പിച്ച് വീട് ഏറ്റെടുക്കുകയും ചെയ്യുകയാണ് ഉദ്ദേശം. 

“പെങ്ങളേ, ഒന്നും തോന്നരുത്. ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല. ജോലിയായി പോയി. ഞാൻ എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി നിങ്ങൾക്ക് വേണ്ടി ചെയ്തു തന്നു. ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. നിങ്ങൾ ഉടനെ വീട്ടിൽ നിന്നും ഇറങ്ങി തരണം. കഴിഞ്ഞ ദിവസം കൂടി വന്നു പറഞ്ഞതല്ലേ” ബാങ്ക് മാനേജർ ഹബീബയോട് പറഞ്ഞു. 

പ്രതികരണ ശേഷി നഷ്ടപ്പെട്ട ഹബീബ അയാൾ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. 

“നിങ്ങൾക്കൊന്നും മനുഷ്യത്വമില്ലേ. ഭർത്താവില്ലാത്ത ഈ സ്ത്രീ ഈ കുട്ടിയേയും രോഗിയായ ഈ രണ്ടു പേരെയും കൊണ്ട് എങ്ങോട്ട് പോകും?” നാട്ടുകാരിൽ ഒരാൾ ബാങ്ക് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. 

“സുഹൃത്തേ, എനിക്കുമുണ്ട് അമ്മയും പെങ്ങന്മാരും. പക്ഷെ ഇതെന്റെ ജോലിയാണ്. ചെയ്യാതിരിക്കാനാവില്ല” ബാങ്ക് മാനേജർ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. 

കൂടെയുണ്ടായിരുന്ന പോലീസുകാരൻ അയാളെ മാറ്റി നിർത്തി. മരവിച്ച മനസ്സുമായി ഹബീബ കുഞ്ഞു മോനെയും കൊണ്ട് പടിയിറങ്ങി. നാട്ടുകാർ വയസ്സായ മാതാവിനെയും രോഗിയായ സഹോദരിയെയും താങ്ങി പിടിച്ച് ഒരു ഓട്ടോയിലേക്ക് കയറ്റി. 

ഓട്ടോയിലിരുന്ന് ഹബീബ തന്റെ വീട്ടിലേക്ക് നിസ്സഹായയായി നോക്കി. മിനിറ്റുകൾക്കുള്ളിൽ ഈ വീട് തന്റേതല്ലാതാവും. എണീറ്റു നിൽക്കാൻ ത്രാണിയില്ലാത്ത ഇവരെയും കൊണ്ട് ഇനി എങ്ങോട്ട് പോകണം എന്നറിയില്ല. ആരുമില്ലാത്തവർക്ക് പടവൻ തുണയുണ്ടാവും. റബ്ബ് കാക്കട്ടെ. എല്ലാം പടച്ചവന് വിട്ടു കൊടുത്ത് ഹബീബ കണ്ണുകളടച്ച് പ്രാർത്ഥിച്ചു.  

“താത്താ, എങ്ങോട്ടാണ് പോകേണ്ടത്?” ഓട്ടോ ഡ്രൈവറാണ്. 

“അറിയില്ല. എവിടേക്കാണ് പോകേണ്ടതെന്ന്  അറിയില്ല. തൽക്കാലം ഇവിടെ നിന്ന് പോകാം” ഹബീബ പറഞ്ഞു. ഹബീബയുടെ ഓട്ടോ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ വഴി തടഞ്ഞ പോലെ മുന്നിൽ ഒരു വെളുത്ത ആഡംബര കാർ വന്നു നിന്നു. കാറിൽ നിന്നും വെളുത്ത വസ്ത്രം ധരിച്ച മധ്യവയസ്കനായ ഒരാൾ പുറത്തിറങ്ങി വീടിന്റെ മുന്നിലേക്ക് വന്നു.

“ഇതാണോ സൗദിയിൽ ഉണ്ടായിരുന്ന മരിച്ചു പോയ റഫീഖിന്റെ വീട്?” അവിടെ കൂടി നിന്ന ഒരാളോട് അയാൾ ചോദിച്ചു. 

“അതെ. ഇതാണ്. റഫീഖിന്റെ ഭാര്യയും ഉമ്മയുമുക്കെ ആ ഓട്ടോയിലുണ്ട്. ഈ വീട്ടിലിപ്പോൾ ജപ്തി നടത്താൻ പോകുകയാണ് സാറേ” 

“ജപ്തിയോ? എന്താണ് സംഭവിച്ചത്?” അയാൾ ബാങ്ക് മാനേജരോട് ചോദിച്ചു. “റഫീഖ് മരണപ്പെടുന്നതിന് മുൻപായി ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. റഫീഖിന്റെ മരണ ശേഷം ഒന്നും തിരിച്ചടച്ചില്ല. ഇപ്പോൾ അവധിയൊക്കെ കഴിഞ്ഞു. ഇന്ന് ജപ്തി നടത്താൻ പോകുകയാണ്” ബാങ്ക് മാനേജർ പറഞ്ഞു. 

“ഒരു മണിക്കൂർ നേരത്തേക്ക് എല്ലാ നടപടികളും ഒന്ന് നിർത്തി വെക്കാമോ? നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം”

വെളുത്ത വസ്ത്രം ധരിച്ചയാൾ കുറച്ചു മാറി നിന്നാരെയൊക്കെയോ ഫോണിൽ വിളിച്ചു. 

 

കുറച്ച് സമയത്തിന് ശേഷം സൗദിയിൽ മിസ്ഫറിന് റിയാദിൽ നിന്നും അഹമ്മദ് അൽഗാംദിയുടെ ഫോൺ കാൾ ലഭിച്ചു. “മിസ്ഫർ. റഫീഖിന്റെ വീട് കണ്ടു പിടിച്ചു. ഞാൻ പറഞ്ഞയാൾ ഇപ്പോൾ അവിടെ ഉണ്ട്. പക്ഷെ അവിടുത്തെ സ്ഥിതി വളരെ പരിതാപകരമാണ്. ബാങ്കിൽ നിന്നും ലോണെടുത്ത തുക അടക്കാൻ ഇല്ലാത്തതിനാൽ ബാങ്ക് സ്ഥലം ഏറ്റെടുക്കുകയാണ് അവിടെ”

മിസ്ഫർ ഒരു നിമിഷം നിശബ്ദനായി. പിന്നീട് അഹമ്മദിനോട് പറഞ്ഞു. “അഹമ്മദ്. ഇന്ത്യയിലെ നിയമം എനിക്കറിയില്ല. എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക. മരിച്ചു പോയ റഫീഖിന് പണം കൊടുക്കണം എന്നുള്ളത് എന്റെ ബാബയുടെ ഒസ്യത്താണ്. ഇത് എനിക്ക് പടച്ചവൻ നൽകിയ ഒരവസരമാണ്. എന്റെ ബാബക്ക് ഏറ്റവും സന്തോഷമായത് ചെയ്തു കൊടുക്കാൻ ലഭിച്ച അവസരം. ആ വീട്ടുകാർ ഒരിക്കലും വിഷമിക്കരുത്. എനിക്കിതിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞു തരാമോ?”

“ഓക്കേ. ഞാൻ ഇപ്പോൾ തന്നെ തിരിച്ചു വിളിക്കാം. കാത്തിരിക്കുക” അഹമ്മദ് പറഞ്ഞു. പതിനഞ്ചു മിനിറ്റിനുള്ളിൽ അഹമ്മദ് തിരിച്ചു വിളിച്ചു. “മിസ്ഫർ. മരിച്ചു പോയ റഫീഖ് എടുത്തിരിക്കുന്നത് 60000 റിയാൽ വരുന്ന ഇന്ത്യൻ രൂപയുടെ ലോൺ ആണ്. പണമൊന്നും തിരിച്ചടക്കാത്തത് കൊണ്ട് തുക ഇപ്പോൾ 90000 റിയാൽ വരുന്ന ഇന്ത്യൻ രൂപയോളം ആയിട്ടുണ്ട്. ബാങ്കിന് പണം കിട്ടിയാൽ മതി. ആ തുക ബാങ്കിന് കിട്ടിയാൽ അവർ നിയമ നടപടികൾ ഒഴിവാക്കും. ഞാൻ പറഞ്ഞയാളുടെ നമ്പർ എഴുതിയെടുത്തോളൂ. അയാൾ കേരളത്തിൽ വേണ്ടത് ചെയ്തു തരും” 

“അൽഹംദുലില്ലാഹ്. ശുക്രൻ ഹബീബി. ഞാൻ വേണ്ടത് ചെയ്യാം” മിസ്ഫർ അഹമ്മദിന് നന്ദി പറഞ്ഞു. തുടർന്ന് ബാബയെ വിളിച്ചു. “ബാബാ ഞാൻ നാളെ ബാബയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം അയച്ചു തരും. കാത്തിരിക്കണം”

മിസ്ഫർ ഉടനെ തന്റെ സെക്രട്ടറിയെ വിളിച്ചു. “കേരളത്തിൽ ഞാൻ പറയുന്നയാളുമായി ബന്ധപ്പെടുക. ഇരുപത്തിനാല് മണിക്കൂറിനകം കേരളത്തിലെ മലപ്പുറം എന്ന ഡിസ്ട്രിക്റ്റിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെ റഫീഖ് എന്ന മരണപ്പെട്ട യുവാവിന്റെ പേരിലുള്ള പതിനെട്ട് ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് വീടിന്റെ രേഖകൾ റഫീഖിന്റെ ഭാര്യയെ ഏൽപ്പിക്കണം. രേഖകൾ ഏൽപ്പിക്കുന്നതിന്റെ വീഡിയോ തെളിവുകൾ തനിക്ക് ലഭ്യമാക്കണം”

റിയാദിലെ മിസ്ഫർ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ നിന്നും ജിദ്ദയിലെ ഓഫീസിലേക്ക് ചെയർമാന്റെ നിർദ്ദേശം ഉടനെ തന്നെ കൈമാറി. ജിദ്ദ ഓഫീസ് കേരളത്തിലെ ബിസിനസുകാരന്റെ സഹായത്തോടെ ചെയർമാന്റെ നിർദ്ദേശം അക്ഷരം പ്രതി പിറ്റേന്ന് തന്നെ നടപ്പിലാക്കി. റഫീഖിന്റെ ഭാര്യക്ക് രേഖകൾ കൈമാറുന്നതിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ മിസ്ഫറിന്റെ ഫോണിൽ വാട്സാപ്പ് സന്ദേശമായി ലഭിച്ചു.

“അൽഹംദുലില്ലാഹ്” ബാബയുടെ അവസാനത്തെ ആഗ്രഹം സഫലമാക്കിയതിന്റെ സംതൃപ്തിയോടെ മിസ്ഫർ പടച്ചവനോട് നന്ദി പറഞ്ഞു ഓഫീസ് ചെയറിൽ ചാഞ്ഞിരുന്നു. പിന്നീട് ബാബയെ വിളിച്ചു. “ബാബാ, ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ അപ്രതീക്ഷിത സമ്മാനമായ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ അയക്കുന്നുണ്ട്. റഫീഖിന്റെ കുടുംബത്തിന്റെ ദൃശ്യങ്ങൾ. ബാബയുടെ കടവും അതിൽ കൂടുതലും വീട്ടി.  അവർ വളരെ സന്തോഷത്തിലാണ്. കൂടുതൽ വിവരങ്ങൾ ഇന്ന് വൈകീട്ട് വരുമ്പോൾ നേരിട്ട് പറഞ്ഞു തരാം” 

ദൃശ്യങ്ങൾ ബാബയെ കാണിക്കണമെന്ന നിർദ്ദേശത്തോട് കൂടി ഫിലിപ്പൈൻസുകാരനായ വേലക്കാരന്റെ മൊബൈലിലേക്ക് മിസ്ഫർ അയച്ചു കൊടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ദൃശ്യങ്ങൾ ബാബക്ക് കാണിച്ചു കൊടുത്തെന്നുള്ള വീട്ടു വെള്ളക്കാരന്റെ സന്ദേശവും തിരികെ ലഭിച്ചു. 

അര മണിക്കൂറിന് ശേഷം മിസ്ഫറിന്റെ കയ്യിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. സഹോദരനായിരുന്നു. അയാളുടെ ശബ്ദം ഇടറിയിരുന്നു. “മിസ്ഫർ. വിഷമിക്കരുത്. ബാബാ പോയി. പടച്ചവന്റെ അടുക്കലേക്ക്. പത്ത് മിനിറ്റ് മുൻപായിരുന്നു. നീ അയച്ചു കൊടുത്ത ദൃശ്യങ്ങൾ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് നിന്നോട് പ്രത്യേക നന്ദിയും പറയുന്നുണ്ടായിരുന്നു”

“ഇന്നാലില്ലാഹി…” സ്തബ്ധനായ മിസ്ഫർ ഒന്നും പറയാനാകാതെ നിമിഷങ്ങളോളം തരിച്ചിരുന്നു. പിന്നീട് സീറ്റിലേക്ക് ചാഞ്ഞിരുന്നു തേങ്ങി. പിന്നീടാ തേങ്ങൽ പൊട്ടിക്കരച്ചിലായി മാറി. ബാബയുടെ അവസാനത്തെ ഒസ്യത്തും സാധിച്ചു കൊടുത്ത സംതൃപ്തിയോടെയുള്ള പൊട്ടിക്കരച്ചിൽ.

 

Continue Reading

അനുഭവങ്ങൾ

മകന്റെ മറുപടി കേട്ട് ഞെട്ടി പിതാവിന്റെ പ്രവാസി സുഹൃത്ത്

Published

on

(കഴിഞ്ഞ വർഷം സൗദിയിലെ റിയാദിൽ നടന്ന സംഭവത്തെ അവലംബമാക്കി എഴുതിയ ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും മറ്റു വിവരങ്ങളും സ്വകാര്യതയ്ക്ക് വേണ്ടി മാറ്റം വരുത്തിയിരിക്കുന്നു)

ബാപ്പുട്ടിയുടെ മകന്റെ മറുപടി കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് സിദ്ദിഖ്. ഈ ഒരു മറുപടി ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല. 

“മോനേ, നീയൊന്നും ഇത്ര ക്രൂരനാവരുത്. നിനക്കും സൂറാക്കും വേണ്ടിയാണ് ബാപ്പുട്ടി മുപ്പത് വർഷം സൗദിയിൽ ജോലിയെടുത്തത്. ആ ബാപ്പയുടെ മയ്യത്തിന്റെ കാര്യത്തിൽ ഇത്ര ക്രൂരത കാണിക്കാൻ എങ്ങിനെ നിനക്കാവുന്നു മോനേ? എല്ലാം കാണുന്നവൻ മുകളിലുണ്ട്. അവൻ നിന്നോട് പൊറുക്കട്ടെ”

“നിന്റെ ബാപ്പാനെ ഇനിയും കൂടുതൽ നാൾ മോർച്ചറിയിൽ കിടത്താൻ എനിക്ക് സാധിക്കില്ല മോനെ. ഞാൻ നാളെ വിളിക്കും. എനിക്ക് ആ പേപ്പറുകൾ എത്രയും പെട്ടെന്ന് ഇ മെയിലായി അയച്ചു തരണം” കൂടുതലൊന്നും പറയാതെ സിദ്ദിഖ് ഫോൺ കട്ട് ചെയ്തു.

തല പൊട്ടിത്തെറിക്കുന്നത് പോലെ വേദന. സമ്മർദ്ദം കൂടിയാൽ ചില സമയത്ത് അങ്ങിനെയാണ്. സിദ്ദിഖ് ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് പ്രഷറിന്റെ ഗുളികകൾ വായിലിട്ടു. 

ബാപ്പുട്ടി മോർച്ചറിയിൽ ആയിട്ട് ഇന്നേക്ക് നാല് ദിവസം തികയുന്നു. എട്ടു വർഷമായി തങ്ങൾ ഒരുമിച്ചു താമസിക്കുന്നു. നിങ്ങൾ രണ്ടുപേരും ജ്യേഷ്ഠനുജന്മാർ ആണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. അത്രക്ക് മുഖ സാദൃശ്യവും അടുപ്പവും ആയിരുന്നു. രണ്ടു പേർക്കും വയസ്സ് നാല്പത്തി അഞ്ച്. 

നാട്ടിലേക്ക് വെക്കേഷന് പോകുന്നതിന്റെ മൂന്ന് ദിവസം മുൻപാണ് തന്റെ മടിയിൽ കിടന്ന് ബാപ്പുട്ടി അന്ത്യശ്വാസം വലിച്ചത്. സന്തോഷം കൊണ്ടോ നാട്ടിലെത്തിയാൽ തീർക്കേണ്ട ബാധ്യതകൾ ആലോചിച്ചു കൊണ്ടുള്ള മാനസിക സമ്മർദ്ദം കൊണ്ടോ എന്നറിയില്ല, ഹാർട്ട് അറ്റാക്കായിരുന്നു.

“എന്തോ ഒരു വല്ലായ്മയുണ്ടല്ലോ സിദ്ദിഖേ, ആകെക്കൂടി ഒരു തളർച്ച. നെഞ്ചത്ത് ഒരു വിഷമം തോന്നി തുടങ്ങിയിട്ട് നേരം കുറച്ചായി. കുറയുമെന്ന് കരുതി പറയാതിരുന്നതാണ്. ഇപ്പൊ കൂടി വരുന്നത് പോലെ. ബാപ്പുട്ടിയുടെ ശബ്ദവും ഇടറി തുടങ്ങിയിരുന്നു”

എന്തോ പന്തികേടുണ്ടെന്ന് സിദ്ദിഖിനും തോന്നിയിരുന്നു. ഇതുപോലെ വിളറിയ മുഖത്തോട് കൂടി ബാപ്പുട്ടിയെ ഇതിന് മുൻപ് കണ്ടിട്ടില്ല. മാത്രമല്ല എന്ത് അസുഖം ഉണ്ടെങ്കിലും ആരോടും പറയാത്ത സ്വഭാവക്കാരനുമാണ്. 

“ഞാൻ നാസറിനെ വിളിക്കാം. അവൻ കാറുമായി വരും” സിദ്ദിഖ് സുഹൃത്ത് നാസറിനെ മൊബൈൽ ഫോണിൽ വിളിച്ചു.

“ബാപ്പുട്ടീ, നിന്റെ ഇഖാമ എടുത്തോ. നാസർ പത്ത് മിനിട്ടിനുള്ളി വരും. അവന്റെ കാറിൽ നമുക്ക് നമുക്ക് ക്ലിനിക്കിൽ പോകാം”

പറഞ്ഞു തീർന്നില്ല, എന്തോ വീഴുന്ന ശബ്ദം കേട്ട് വസ്ത്രം മാറാൻ മുറിയിലേക്ക് പോയ സിദ്ദിഖ് മുന്നിലെ മുറിയിലെത്തി. നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട് ബാപ്പുട്ടി നിലത്ത് വീണു കിടക്കുന്നു. ഉറക്കെ ശ്വാസം എടുക്കാൻ ശ്രമിക്കുകയാണ്. 

“വെള്ളം” ബാപ്പുട്ടിയുടെ കണ്ണുകൾ തുറിച്ചു തുടങ്ങിയിരിക്കുന്നു.  

“ബാപ്പുട്ടീ” നാസർ ബാപ്പുട്ടിയുടെ തലയെടുത്ത് തന്റെ മടിയിൽ വെച്ചു. മേശക്ക് മുകളിൽ ഉണ്ടായിരുന്ന ജഗ്ഗ് കയ്യെത്തിച്ചെടുത്ത് കുറച്ചു വെള്ളം ബാപ്പുട്ടിക്ക് വായിൽ ഒഴിച്ചു കൊടുത്തു. വെള്ളം കൊണ്ട് ബാപ്പുട്ടി പറഞ്ഞു,

“സിദ്ദീഖേ, എന്നെ പടച്ചോൻ വിളിക്കാറായീന്ന് തോന്നുന്നു. ലോകത്ത് എനിക്ക് കടമുള്ളത് നിന്നോട് മാത്രമാണ്. അത് തരാൻ എനിക്ക് സാധിച്ചില്ലെങ്കി എന്റെ മോൻ സുഹൈൽ തിരിച്ചു തരും” 

തന്റെ കമ്പനിയിൽ നിന്നും ലോണെടുത്ത് രണ്ടു ലക്ഷം രൂപ ബാപ്പുട്ടിക്ക് കൊടുത്തിരുന്നു. അതാണിപ്പോൾ പറയുന്നത്. സിദ്ധീഖിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. 

“അതൊക്കെ ഞാൻ പൊരുത്തപ്പെട്ടു കൊള്ളാം ബാപ്പുട്ടീ. അതൊന്നും നീ ഇപ്പോ ആലോചിക്കേണ്ട, നമുക്ക് പിന്നെ സംസാരിക്കാം. നീ ഈ വെള്ളം കുടിക്ക്” സിദ്ധിഖാ ഒരു കവിൾ കൂടി വെള്ളം ബാപ്പുട്ടിയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. ആ വെള്ളം ഇറക്കാൻ ബാപ്പുട്ടിക്ക് കഴിഞ്ഞില്ല. ബാപ്പുട്ടിയുടെ കണ്ണുകൾ മേലേക്ക് പോയി തുടങ്ങി. 

ബാപ്പുട്ടി ഈ ലോകത്ത് നിന്നും വിട പറയുകയാണെന്ന് സിദ്ദിഖിന് മനസ്സിലായി. ആർത്തലച്ചു വന്ന സങ്കടം ഒരു തേങ്ങലായി അടക്കി പിടിച്ചു കൊണ്ട് സിദ്ദിഖ് ബാപ്പുട്ടിക്ക് കലിമ ചൊല്ലി കൊടുത്തു. “അഷ്ഹത് അൻ ലാ ഇലാഹ….” സിദ്ദിഖിന്റെ വാക്കുകൾ ഏറ്റു പറഞ്ഞ ശേഷം ബാപ്പുട്ടിയുടെ കണ്ണുകൾ സിദ്ദിഖിന്റെ മുഖത്ത് നിന്നും മെല്ലെ മുകളിലേക്കായി. പിന്നീട് മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു. 

കാറുമായി എത്തിയ നാസർ വീടിനുള്ളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സിദ്ദിഖിന്റെ കരച്ചിൽ കേട്ടു. ഉള്ളിലേക്ക് കുതിച്ചെത്തിയ നാസർ കണ്ടത് ബാപ്പുട്ടിയുടെ തല മടിയിൽ വെച്ച് ഉച്ചത്തിൽ കരയുന്ന സിദ്ദിഖിനെയാണ്.  

നാസറിന് പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. ബാപ്പുട്ടിയുടെ ശിരസ്സ് പതുക്കെ സിദ്ദിഖിന്റെ മടിയിൽ നിന്നും എടുത്ത് തറയിൽ വെച്ച ശേഷം വാവിട്ട് കരയുന്ന സിദ്ദിഖിനെ എഴുന്നേല്പിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി. 

സിദ്ദിഖിന്റെ കരച്ചിൽ കേട്ട് അടുത്ത് താമസിക്കുന്നവരിൽ ചിലർ മുറിയിലേക്ക് ഓടി വന്നു. നാസർ അവരെ ബാപ്പുട്ടിയുടെ മൃതദേഹത്തെ സ്പർശിക്കാൻ അനുവദിക്കാതെ മൊബൈൽ ഫോണിൽ നിന്നും പോലീസിനെ വിവരം അറിയിച്ചു. 

അൽപ സമയത്തിന് ശേഷം പോലീസിന്റെ നിർദ്ദേശ പ്രകാരം റെഡ് ക്രെസന്റ് ആംബുലൻസ് എത്തി. ബാപ്പുട്ടിയുടെ മൃതദേഹം പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. പിന്നീട് പോലീസിലേക്കും ബാലദിയയിലേക്കും വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ബാലദിയയുടെ ആംബുലൻസ് സ്ഥലത്തെത്തി ബാപ്പുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ആദ്യത്തെ ഷോക്കിൽ നിന്നും മുക്തനായ സിദ്ദിഖ് മൊബൈൽ ഫോണെടുത്ത് നാട്ടിൽ ബാപ്പുട്ടിയുടെ മകൻ സുഹൈലിന്റെ ഫോണിലേക്ക് വിളിച്ചു. കുറെ നേരം ബെല്ലടിച്ചിട്ടും എടുക്കാതായപ്പോൾ ഭാര്യ സൂറയുടെ ഫോണിലേക്ക് വിളിച്ചു. 

ഫോണെടുത്ത സൂറയോട് ആദ്യം സിദ്ദിഖിന് ഒന്നും പറയാൻ സാധിച്ചില്ല. പിന്നീട സമനില വീണ്ടെടുത്ത സിദ്ദിഖ് സൂറയോട് പറഞ്ഞു, “സൂറാ ബാപ്പുട്ടിക്ക് ചെറിയൊരു വല്ലായ്മ, ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. സുഹൈലിനെ വിളിച്ചിട്ട് കിട്ടിയില്ല. എത്രയും പെട്ടെന്ന് സുഹൈലിനോട് എന്നെ തിരിച്ചു വിളിക്കാൻ പറയണം”

സിദ്ദിഖിന്റെ ഇടറിയ ശബ്ദം കേട്ടപ്പോൾ തന്നെ സൂറാക്ക് എന്തോ പന്തികേട് തോന്നി. ചെറിയ വല്ലായ്മ ആണെങ്കിൽ സിദ്ദിഖ് ഇങ്ങിനെ സംസാരിക്കില്ല. എത്രയോ തവണ സംസാരിച്ചിട്ടുള്ളതാണ്. എന്താണ് ഇപ്പോൾ മാത്രം സംസാരത്തിനൊരു ഇടർച്ച. 

“സിദ്ദിഖേ, ബാപ്പുട്ടിക്കാക്ക് എന്താ പറ്റിയത്” സൂറയുടെ ശബ്ദം ഉയർന്നു. 

“ഒന്നൂല്യ സൂറാ. ചെറിയൊരു നെഞ്ചു വേദന. രണ്ടു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ആവും. സുഹൈലിനോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടായിരുന്നു. അതിനാണ്  വിളിക്കാൻ പറഞ്ഞത്. സുഹൈലിനോട് എത്രയും പെട്ടെന്ന് എന്നെ വിളിക്കാൻ പറയണം”

“സിദ്ദിഖേ, എന്താ കുഴപ്പമെന്ന് എന്നോട് പറ. ബാപ്പുട്ടിക്കാനെ കുറിച്ച് സിദ്ദിഖിനറിയാത്ത എന്താണ് സുഹൈലിനോട് ചോദിക്കാനുള്ളത്. എനിക്കീ ടെൻഷൻ താങ്ങാൻ പറ്റുന്നില്ല. പറ സിദ്ദിഖേ, ന്റെ ബാപ്പുട്ടിക്കാക്ക് എന്താ പറ്റിയത്?” സൂറയുടെ ശബ്ദം തേങ്ങലായി മാറി. 

സൂറയുടെ തേങ്ങലിന് മുന്നിൽ സിദ്ദിഖിന് കൂടുതൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. “ബാപ്പുട്ടി പോയീ സൂറാ” പറഞ്ഞു തീർന്നതും മറുവശത്ത് തികഞ്ഞ നിശബ്ദത. സിദ്ദിഖ് വീണ്ടു വീണ്ടും എന്തൊക്കെയോ പറഞ്ഞെങ്കിലും മറുവശത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

ഒരു മണിക്കൂറിനുള്ളിൽ സിദ്ദിഖിന് ബാപ്പുട്ടിയുടെ മകൻ സുഹൈലിന്റെ ഫോൺ വന്നു. “സിദ്ദിക്കാടെ ഫോൺ വന്നപ്പോൾ ഉമ്മ ബോധം കെട്ടു കിടക്കുകയായിരുന്നു. വല്ലിമ്മ വന്നു നോക്കിയപ്പോൾ ഉമ്മ നിലത്ത് കിടക്കുന്നു. വല്ലിമ്മയാണ് എന്നെ വിളിച്ചത്. ഉമ്മ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. കരച്ചിൽ മാത്രം. ഉമ്മാടെ ഫോണിന്റെ കാൾ റെക്കോർഡിങ് എടുത്തു നോക്കിയപ്പോഴാണ് ബാപ്പ മരിച്ച വിവരം സിദ്ദിക്ക ഉമ്മാട് പറഞ്ഞത് മനസ്സിലായത്. ബാപ്പാക്ക് എന്താണ് സംഭവിച്ചത് സിദ്ദിക്കാ?”

സിദ്ദിഖ് വിവരങ്ങൾ എല്ലാം വിശദമായി സുഹൈലിനോട് പറഞ്ഞു. “മോൻ മുന്നിൽ നിന്ന്  വേണം കാര്യങ്ങൾ നടത്താൻ. നമുക്ക് ആദ്യം ചെയ്യേണ്ടത് ബാപ്പാന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരാനുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. അതിനായി നാട്ടിൽ നിന്ന് കുറച്ചു പേപ്പറുകൾ വേണം. എങ്കിലേ എനിക്ക് ഇവിടെ കാര്യങ്ങൾ ചെയ്യാൻ പറ്റൂ”

“മയ്യിത്ത് നാട്ടിൽ എത്തിക്കാൻ ഒരുപാട് ചിലവ് ഉണ്ടാകുമോ സിദ്ദിക്കാ?” സുഹൈലിന്റെ ചോദ്യം.

“ചിലവിനെ കുറിച്ചൊന്നും മോൻ പേടിക്കണ്ട. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ചിലവൊക്കെ സ്പോൺസർ എടുത്തോളും. അയാൾ നല്ല മനുഷ്യനാണ്”

“ഞാൻ ഒന്ന് ആലോചിക്കട്ടെ സിദ്ധിക്കാ. ഒരു മണിക്കൂർ കഴിഞ്ഞു വിളിക്കാം”. സുഹൈലിന്റെ ശബ്ദത്തിന് എന്തോ ഒരു പന്തികേട് പോലെ തോന്നി സിദ്ദിഖിന്. 

ഒരു മണിക്കൂറിന് ശേഷം സുഹൈൽ വീണ്ടും വിളിച്ചു. “സിദ്ദിക്കാ,ബാപ്പാടെ ശമ്പളം എന്തെങ്കിലും ബാക്കി കിട്ടാനുണ്ടോ. ബാപ്പ മരിച്ചത് കൊണ്ട് മറ്റെന്തെങ്കിലും കൂടുതൽ കിട്ടുമോ?”

ഈ സമയത്ത് ആ ചോദ്യം സിദ്ദിഖിന് ഇഷ്ടപ്പെട്ടില്ല. എങ്കിലും അനിഷ്ടം പുറത്ത് കാണിക്കാതെ സിദ്ദിഖ് പറഞ്ഞു. “സുഹൈലേ, ബാപ്പുട്ടിക്ക് കിട്ടാനുള്ളത് ഒരു റിയാൽ ബാക്കിയില്ലാതെ ഒക്കെ കിട്ടും. സ്പോൺസർ നല്ല മനുഷ്യനാണ്. നമുക്ക് ഇപ്പോൾ അതൊന്നും ചർച്ച ചെയ്യേണ്ട. അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്യാം. ആദ്യം നമുക്ക് ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ നോക്കാം”

“ശരി സിദ്ദിക്കാ, അതൊക്കെ ഇക്ക വേണ്ട പോലെ ചെയ്താ മതി. ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ബാപ്പടെ മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള ചിലവ് സ്പോൺസർ എടുക്കുമെന്നല്ലേ സിദ്ദിക്ക പറഞ്ഞത്. ബാപ്പാടെ മയ്യിത്ത് അവിടെ തന്നെ മറവ് ചെയ്‌താൽ ആ പൈസ കൂടി സ്പോൺസർ എനിക്ക് അയച്ചു തരുമോ?”

സുഹൈലിന്റെ വാക്കുകകൾ കേട്ട് സിദ്ദിഖ് ഞെട്ടി. ബാപ്പുട്ടിയെ പോലെ ഒരാളുടെ മകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ. 

പിറ്റേന്ന് രാവിലെ തന്നെ സുഹൈലിന്റെ ഫോൺ വന്നു. “സിദ്ദിക്കാ, ഞാൻ ഉമ്മാനോട് ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഉമ്മ സമ്മതിക്കില്ല. ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോൾ ഉമ്മാക്ക് ബാപ്പാനെ കാണണം എന്ന് തന്നെയാണ് പറയുന്നത്. നമുക്ക് ഒന്ന് പ്രാക്റ്റിക്കലായി ചിന്തിച്ചൂടെ ഇക്കാ. മരിച്ചവർ മരിച്ചു. ഇനി ഈ കുടുംബം ഞാൻ വേണം മുന്നോട്ട് കൊണ്ട് പോവാൻ. ആ പൈസകൂടി കിട്ടിയാൽ എനിക്ക് അതൊരു ആശ്വാസമാകും. സിദ്ദിക്കാ ഉമ്മാനെ പറഞ്ഞൊന്ന് സമ്മതിപ്പിക്കണം”

സുഹൈലിന്റെ വാക്കുകൾ കേട്ട് സിദ്ദിഖിന്റെ മുഖം ചുവന്നു. എങ്കിലും സമനില തെറ്റാതെ സുഹൈലിനോട് പറഞ്ഞു. “മോനേ, നീയൊന്നും ഇത്ര ക്രൂരനാവരുത്. നിനക്കും സൂറാക്കും വേണ്ടിയാണ് ബാപ്പുട്ടി മുപ്പത് വർഷം സൗദിയിൽ ജോലിയെടുത്തത്. ആ ബാപ്പയുടെ മയ്യത്തിന്റെ കാര്യത്തിൽ പണത്തിന് വേണ്ടി ഇത്ര ക്രൂരത കാണിക്കാൻ എങ്ങിനെ നിനക്കാവുന്നു മോനേ? എല്ലാം കാണുന്നവൻ മുകളിലുണ്ട്. അവൻ നിന്നോട് പൊറുക്കട്ടെ. നീ സൂറാടെ കയ്യിൽ ഫോൺ  കൊടുക്ക്”

സുഹൈൽ ഫോൺ സൂറാടെ കയ്യിൽ കൊടുത്തു. ക്ഷീണിച്ച ശബ്ദത്തിലാണ് ഹലോ എന്ന് പറഞ്ഞത്. കരഞ്ഞു തളർന്നു എന്ന് ശബ്ദത്തിൽ നിന്നും വ്യക്തം. സിദ്ദിഖിനോട് കൂടുതലൊന്നും സൂറ പറഞ്ഞില്ല. “ബാപ്പുട്ടിക്കാനെ എനിക്കെപ്പഴാ സിദ്ദിക്കേ അവസാനമായി കാണാൻ പറ്റാ. എന്റെ ഇക്കാനെ കൂടുതൽ ഐസ് മുറിയിൽ ഇട്ട് ബുദ്ധിമുട്ടിക്കാതെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കണേ സിദ്ദിക്കേ” കൂടുതൽ ഒന്നും പറയാതെ സൂറ ഫോൺ സുഹൈലിന്റെ കയ്യിൽ കൊടുത്തു. 

“ഇക്കാ, ഉമ്മ വാശിയിലാണ്. ഒന്നും പറയാൻ സമ്മതിക്കുന്നില്ല. ഉമ്മാക്ക് ബാപ്പാടെ മയ്യിത്ത് കാണണം. ഞാനിനി എന്താണ് ചെയ്യേണ്ടത്?”

“സുഹൈലേ, ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാൻ സൗദിയിലെ നടപടിക്രമങ്ങൾ ചെയ്യാൻ ഒരാളെ അധികാരപ്പെടുത്തി അടുത്ത ബന്ധുക്കളിൽ നിന്നുള്ള പവർ ഓഫ് അറ്റോണി നിർബന്ധമാണ്. അത് എത്രയും പെട്ടെന്ന് ഇമെയിലായി അയച്ചു തരണം. എംബസിയിൽ നിന്ന് എൻ.ഒ.സി കിട്ടണം. ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് റിപ്പോർട്ട് എന്നിവ അറബിയിൽ ആയിരിക്കും. ഇത് പരിഭാഷപ്പെടുത്തി പവർ ഓഫ് അറ്റോണിയും അത് ലഭിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ സഹിതം എംബസിയിൽ സമർപ്പിക്കണം. കൂടെ സ്‌പോൺസറിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയെന്ന ക്ലിയറൻസും ഉണ്ടാവണം. എങ്കിൽ മാത്രമാണ് എംബസി എൻ.ഒ.സി ലഭിക്കുക. ആദ്യ ഘട്ടത്തിൽ ഈ എൻ ഓ സി ലഭിക്കാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല”

“അതിന് ബാപ്പാടെ ആനുകൂല്യങ്ങൾ ഒന്നും നമുക്ക് കിട്ടിയിട്ടില്ലല്ലോ ഇക്കാ. അത് കിട്ടാതെ എങ്ങിനെയാണ് പവർ ഓഫ് അറ്റോണി അയച്ചു തരിക. അത് കിട്ടിക്കഴിഞ്ഞാൽ സ്പോൺസർ ആനുകൂല്യങ്ങൾ തന്നില്ലെങ്കിലോ”

സുഹൈൽ വീണ്ടും പണക്കൊതിയോടെ സംസാരിക്കുകയാണ്. ഒരു നിമിഷം സമനില തെറ്റിയിയെങ്കിലും സിദ്ദിഖ് സംയമനം പാലിച്ച് പറഞ്ഞു. “അതൊക്കെ ഞാൻ നോക്കിക്കോളാം സുഹൈലേ. ബാപ്പുട്ടിക്ക് കിട്ടാനുള്ളത് മുഴുവൻ കിട്ടിയിരിക്കും. നീ ഉമ്മാടെ പവർ ഓഫ് അറ്റോണി എത്രയും പെട്ടെന്ന് അയച്ചു താ”

“പവർ ഓഫ് അറ്റോണി അയച്ചു തരാം ഇക്കാ. പക്ഷെ ബാപ്പാക്ക് കിട്ടാനുള്ളത് മുഴുവൻ ഇക്ക സ്പോൺസറിൽ നിന്നും വാങ്ങി എനിക്ക് അയച്ചു തരണം. ആ ഉത്തരവാദിത്വം ഇക്ക ഏറ്റെടുക്കണം”

പിറ്റേന്ന് തന്നെ ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിൽ എത്തിക്കുന്നതിനായി നടപടി ക്രമങ്ങൾ ചെയ്യുന്നതിനായി സിദ്ദിഖിനെ അധികാരപ്പെടുത്തി കൊണ്ടുള്ള സൂറയുടെപവർ ഓഫ് അറ്റോണി സിദ്ദിഖിന് ഇമെയിലായി ലഭിച്ചു. 

പിറ്റേന്ന് തന്നെ സിദ്ദിഖ് സ്‌പോൺസറെ പോയി കണ്ടു. ബാപ്പുട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സ്പോൺസർ ഉറപ്പ് നൽകി. തുക 66000 റിയൽ എംബസിയുടെ അക്കൗണ്ടിലേക്ക് ചെക്ക് നൽകി. മറ്റുള്ള രേഖകളും സംഘടിപ്പിച്ച് എംബസിയിൽ നിന്നും എൻ ഓ സി വാങ്ങി. മറ്റു രേഖകളും സമർപ്പിച്ചപ്പോൾ മൃതദേഹം വിട്ടു നൽകുന്നതിനുള്ള ശുപാർശ പോലീസ് നൽകി. ആശുപത്രി, ജവാസാത്, വിമാനത്താവളം, കാർഗോ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മൃതദേഹം നാട്ടിലയക്കാനുള്ള അനുമതി പത്രവും പോലീസിൽ നിന്ന് ലഭിച്ചു.

അതിനിടയിൽ പല തവണ സുഹൈൽ സിദ്ദിഖിനെ വിളിച്ചു സംസാരിച്ചു. മയ്യിത്ത് എന്ന് നാട്ടിലെത്തും എന്നതിനേക്കാൾ പണം എന്ന് തനിക്ക് ലഭിക്കും എന്നൊരു ആകാംക്ഷയായിരുന്നു സുഹൈലിന്റെ വാക്കുകളിൽ  നിഴലിച്ചു നിന്നിരുന്നത് എന്ന് സിദ്ദിഖിന് പലപ്പോഴും തോന്നി. 

മൃതദേഹത്തിനുള്ള ഫൈനൽ എക്സിറ്റടക്കം മറ്റെല്ലാ രേഖകളും സിദ്ദിഖ് മലയാളികളായ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ചു. നാട്ടിൽ മൃതദേഹം എത്തിയാൽ ഉടൻ തന്നെ ഏറ്റെടുക്കുമെന്ന് കാണിച്ച് ബന്ധുക്കൾ എയർപോർട്ട് അതോറിറ്റിക്ക് നൽകുന്ന ഒരു കത്ത് കൂടി ലഭിക്കണം. എങ്കിലേ മൃതദേഹം എംബാം ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ സാധിക്കൂ.

അതിനായി സിദ്ദിഖ് സുഹൈലിനെ വീണ്ടും വിളിച്ചു. പക്ഷെ ഇത്തവണ സുഹൈലിന്റെ ശബ്ദം പരുഷമായിരുന്നു. “ഇക്ക, നിങ്ങൾ പണം കിട്ടിയെന്ന് പറയുന്നതല്ലാതെ എന്ന് പണം നാട്ടിൽ കിട്ടുമെന്ന് പറയുന്നില്ല”

“പണം റിയാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ ഉണ്ട് സുഹൈലേ. അത് പണമായി ഇവിടെ കയ്യിൽ തരില്ല. നാട്ടിൽ കലക്ടറേറ്റ് വഴിയാണ് ആ പണം അനന്തര അവകാശികൾക്ക് കിട്ടുക. അത് എപ്പോൾ കിട്ടുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. അത് കിട്ടും മോനെ. എത്രയും പെട്ടെന്ന് ആ കത്ത് അയച്ചു താ. എത്ര ദിവസമായി ബാപ്പുട്ടി മോർച്ചറിയിൽ കിടക്കുന്നു. നാട്ടിലെത്തിച്ച് എത്രയും പെട്ടെന്ന് മറവ് ചെയ്യാനല്ല നമ്മൾ ഈ സമയത്ത് ശ്രമിക്കേണ്ടത്?”

“ഇത് അവസാനത്തെ രേഖയാണ്. ഇതുകൂടി തന്നാൽ പിന്നെ മയ്യിത്ത് നാട്ടിലെത്തും. പക്ഷെ പണം കിട്ടുമെന്ന് എന്താണ് ഉറപ്പ്? പണം ആദ്യം അയച്ചു തരണം. അതിന് ശേഷം മാത്രമേ ഇനി കത്ത് തരാൻ പറ്റൂ” സുഹൈൽ തീർത്തു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. 

സിദ്ദിഖിന് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. എത്രയോ ദിവസമായി താൻ ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികളുമായി ഓടി നടക്കുന്നു. എല്ലാം ശരിയായ അവസരത്തിലാണ് സുഹൈൽ ഇങ്ങിനെ പ്രതികരിക്കുന്നത്. ഈ മകനാണോ തന്റെ പക്കൽ നിന്നും കടം വാങ്ങിയ രണ്ടു ലക്ഷം രൂപ തിരിച്ചു തരുമെന്ന് ബാപ്പുട്ടി പറഞ്ഞത്. ഇങ്ങിനെയുള്ള മക്കളെ നീ ആർക്കും കൊടുക്കല്ലേ നാഥാ…

മൂന്ന് നാല് ദിവസങ്ങൾ തുടർച്ചയായി സിദ്ദിഖ് സുഹൈലിനെ വിളിച്ചു കൊണ്ടിരുന്നു. സുഹൈൽ തന്റെ നിലപാട് മാറ്റാൻ തയ്യാറായില്ല. ഒടുവിൽ സിദ്ദിഖ് സൂറായുടെ ഫോണിൽ വിളിച്ചു. ഫോൺ എടുത്തത് സുഹൈൽ തന്നെയായിരുന്നു. “ഇക്കാ, ഞാൻ നിങ്ങളോട് കാര്യങ്ങൾ പറഞ്ഞതാണ്. ഉമ്മാടെ ഫോണിലേക്ക് വിളിച്ചിട്ട് കാര്യമില്ല. ബാപ്പാടെ പണം എന്റെ അക്കൗണ്ടിൽ എത്തിയാൽ അടുത്ത നിമിഷം കത്ത് തരാം. ഇല്ലെങ്കിൽ പ്രതീക്ഷിക്കേണ്ട”

കോപം കൊണ്ട് അന്ധനായെങ്കിലും സമനില കൈവിടാതെ സിദ്ദിഖ് പറഞ്ഞു. “സുഹൈലെ, ബാപ്പുട്ടിയും ഞാനും കഴിഞ്ഞ എട്ടു വർഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. കൂടപ്പിറപ്പിനെ പോലെയാണ് ബാപ്പുട്ടി എനിക്ക്. അവന്റെ മയ്യിത്ത് മോർച്ചറിയിൽ അധികകാലം കിടത്താൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഞാനിതൊക്കെ ചെയ്യുന്നത്”

“നിങ്ങൾ എന്റെ ബാപ്പടെ കൂടെ ഒരുമിച്ചു താമസിക്കുകയാണ് എന്ന് എനിക്കറിയാം. പക്ഷെ എന്തിനാണ് എന്റെ ബാപ്പക്ക് കിട്ടേണ്ട പണം നിങ്ങൾ തട്ടിയെടുക്കാൻ നോക്കുന്നത്. നിങ്ങൾ ആദ്യം പറഞ്ഞു പണം സ്പോൺസർ തരുമെന്ന്. പിന്നീട് പറഞ്ഞു ഇന്ത്യൻ എംബസിയിൽ ഉണ്ടെന്ന്. ഇപ്പൊ പറയുന്നു കലക്ടറേറ്റ് വഴി കിട്ടുമെന്ന്. അത് എന്ന് കിട്ടുമെന്ന് അറിയില്ല എന്ന്. എല്ലാം നിങ്ങടെ കള്ളക്കളിയാണ്. ബാപ്പാടെ പണം എന്റെ കയ്യിൽ കിട്ടാതെ ഞാൻ  ഇനി ഒരു കത്തും തരാൻ പോണില്ല. ബാപ്പാടെ മയ്യത്ത് എത്രകാലം മോർച്ചറിയിൽ കിടന്നാലും ശരി എന്റെഭാഗത്ത് നിന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല”

ഇതോടെ സിദ്ദിഖിന്റെ സകല നിയന്ത്രണങ്ങളും കൈവിട്ടു. എയർപോർട്ടിലാണ് നിൽക്കുന്നത് എന്നാലോചിക്കാതെ സിദ്ദിഖ് പൊട്ടിത്തെറിച്ചു. “സുഹൈലേ, ഇതുവരെ നിന്നെ എന്റെ മകന്റെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ, സംസാരിച്ചിട്ടുള്ളൂ. പക്ഷെ നീ സകല പരിധികളും വിട്ട് പെരുമാറുന്നു. നിന്റെ ബാപ്പയാണ് മോർച്ചറിയിൽ കിടക്കുന്നത്. ആ ബോധമില്ലാതെയാണ് നീ പെരുമാറുന്നതും സംസാരിക്കുന്നതും. 

എത്ര ദിവസമായി ഞാൻ ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലെത്തിക്കാനായി നടക്കുന്നത് എന്ന് നിനക്കറിയാമോ? അതിനായി എത്ര പണം എന്റെ കയ്യിൽ നിന്നും മുടക്കി എന്നറിയാമോ? എത്ര ദിവസം എനിക്ക് ജോലിയിൽ നിന്നും അവധി എടുക്കേണ്ടി വന്നു എന്നറിയാമോ? എന്റെ ഒരു രക്ത ബന്ധവും ഇല്ലാത്ത ബാപ്പുട്ടിക്ക് വേണ്ടി എന്തിനാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്ന് നിനക്കറിയാമോ? 

ഇല്ല. ഒന്നും നിനക്കറിയില്ല. നിനക്ക് പണമാണ് വലുത്. സ്നേഹം എന്ന വികാരം നിനക്കില്ല. നിനക്ക് നിന്റെ ബാപ്പയോടുള്ള സ്നേഹത്തേക്കാൾ കൂടുതലാണെടാ എനിക്ക് എന്റെ ബാപ്പുട്ടിയോട് ഉള്ളത്. എനിക്കെന്ത് സംഭവിച്ചാലും, എത്ര നാൾ കാത്തിരുന്നാലും എന്റെ ബാപ്പുട്ടിയുടെ മയ്യിത്ത് ഞാൻ നാട്ടിലെത്തിക്കുമെടാ. നീ കണ്ടോ. ഇതെന്റെ വാക്കാണ്. ഞാൻ മരിച്ചു പോയ ബാപ്പുട്ടിക്ക് കൊടുക്കുന്ന വാക്കാണ്” പറഞ്ഞു തീരും മുൻപ് സിദ്ദിഖിന്റെ വാക്കുകൾ തേങ്ങലായി മാറി.  

സുഹൈലിന്റെ പ്രതികരണം ഒന്നും കേൾക്കാൻ നിൽക്കാതെ സിദ്ദിഖ് ഫോൺ കട്ട് ചെയ്തു. അതിന് ശേഷമാണ് സിദ്ദിഖിന് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്. എയർപോർട്ടിലെ യാത്രക്കാരും ഉദ്യോഗസ്ഥരുമെല്ലാം സിദ്ധിഖിനെ തന്നെ നോക്കി നിൽക്കുന്നു. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് തേങ്ങിക്കരഞ്ഞു സിദ്ദിഖ് പുറത്തേക്ക് നടന്നു. 

അപ്പോഴാണ് പിന്നിൽ നിന്നും മലയാളത്തിൽ ഒരു വിളി കേട്ടത്. “സുഹൃത്തേ ഒന്ന് നിൽക്കൂ”

സിദ്ദിഖ് തിരിഞ്ഞു നോക്കി. എയർ ഇന്ത്യ ഉദ്യോഗസ്ഥനാണ്. മൃതദേഹം കാർഗോ അയക്കുന്ന കാര്യങ്ങൾ അന്വേഷിക്കാൻ ഓഫീസിൽ പോയപ്പോൾ ഒരു തവണ അയാളെ കണ്ടതായി സിദ്ദിഖ് ഓർത്തു. 

“നിങ്ങളുടെ ഫോൺ സംസാരം ഞാൻ കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്‍നം. ചിലപ്പോൾ എനിക്ക് പരിഹാരം പറഞ്ഞു തരാൻ പറ്റുന്നതാണെങ്കിലോ?”

അയാൾ സിദ്ദിഖിനെയും കൊണ്ട് തന്റെ കാബിനിലേക്ക് പോയി. മുഴുവൻ വിവരങ്ങളും പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു. “ഇത് വളരെ നിസാരമായ ഒരു കാര്യമാണ്. നിങ്ങളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടിക്രമത്തിന്റെ തൊണ്ണൂറു ശതമാനവും നിങ്ങൾ ചെയ്തു കഴിഞ്ഞു. ഇനി നിങ്ങൾ പറയുന്ന കത്ത് ഇല്ലെങ്കിലും മൃതദേഹം കൊണ്ട് പോകാം. മൃതദേഹം കൊണ്ട് പോകുന്ന വിമാനത്തിൽ കൂടെ ഒരാൾ നാട്ടിലേക്ക് പോയാൽ മതി. നിങ്ങൾക്ക് മരിച്ചയാളുടെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഉള്ളതിനാൽ നിങ്ങൾക്ക് തന്നെ പോകാവുന്നതാണ്” 

സന്തോഷവും ആശ്വാസവും കൊണ്ട് സിദ്ധിഖിന്റെ കണ്ണ് നിറഞ്ഞു. ആ ഉദ്യോഗസ്ഥനിലൂടെ പ്രതീക്ഷിക്കാതെ തന്റെ മുന്നിൽ പടച്ചവൻ ഒരു വഴി തുറന്ന് തന്നതായി സിദ്ധിഖിന് മനസ്സിലായി. ബാപ്പുട്ടിയുടെ മയ്യിത്തിന്റെ കൂടെ പോകാൻ ആളെ അന്വേഷിച്ചുവെങ്കിലും പെട്ടെന്ന് പോകാനായി ആരെയും കിട്ടിയില്ല. ഒടുവിൽ സിദ്ധിഖ് തന്റെ സ്ഥാപനത്തിൽ അവധിക്ക് അപേക്ഷിച്ചുവെങ്കിലും അവധി അനുവദിക്കില്ലെന്നും ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ പോകാമെന്നുമുള്ള മറുപടിയാണ് കിട്ടിയത്. കുടിശ്ശിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും കമ്പനിയിൽ നിന്നും ബാപ്പുട്ടിക്ക് നൽകാനായി വായ്പയെടുത്ത തുകയിലേക്ക് തട്ടിക്കിഴിക്കുമെന്നും പറഞ്ഞു. 

മയ്യിത്തിന്റെ കൂടെ പോകാൻ മറ്റാരെയും ലഭിക്കാത്തതിനാൽ ബാപ്പുട്ടിക്ക് വേണ്ടി ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ പോകാൻ തന്നെ സിദ്ദിഖ് തീരുമാനിച്ചു. എംബാമിങ്ങും കാർഗോ നടപടികളും മറ്റുള്ള കാര്യങ്ങലേക്കുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ സിദ്ധിഖ് ചെയ്തു തീർത്തു. 

സിദ്ദിഖ് പിന്നീട് ഒരു കാര്യത്തിനും സുഹൈലിനെ വിളിച്ചില്ല. ബാപ്പുട്ടിയുടെ മഹല്ലിലേക്ക് വിളിച്ചു മയ്യിത്ത് കൊണ്ടുന്നവരുന്ന കാര്യം അറിയിച്ചു. മയ്യിത്ത് നമസ്കാരത്തിനും മറവ് ചെയ്യുന്നതിനും ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ട് പോകാൻ ബാപ്പുട്ടിയുടെ കുടുംബത്തിലെ ആരെങ്കിലും ഉണ്ടാവണമെന്ന് അറിയിക്കുകയും ചെയ്തു. 

ബാപ്പുട്ടിയുടെ മയ്യിത്തുമായി സിദ്ദിഖ് നാട്ടിലെത്തിയപ്പോൾ സുഹൈൽ എയർപോർട്ടിൽ ഉണ്ടായിരുന്നില്ല. ബാപ്പുട്ടിയുടെ രണ്ടു അകന്ന ബന്ധുക്കളും മഹല്ലിലെ ഒരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി മയ്യിത്ത് ആംബുലൻസിൽ കയറ്റി ബാപ്പുട്ടിയുടെ വീട്ടിലേക്ക് കൊണ്ട് പോയി. 

മയ്യിത്ത് നമസ്കാരം കഴിഞ്ഞു ബാപ്പുട്ടിയുടെ മൃതദേഹം മറവ് ചെയ്തതിന് ശേഷം വീട്ടിലേക്ക് പോകാനായി ടാക്സി വിളിക്കാൻ പോകുമ്പോഴാണ് പിറകിൽ ശക്തമായ ഒരടി കിട്ടുന്നത്. “നിനക്ക് എന്റെ ബാപ്പാടെ മരണകാശിൽ കയ്യിട്ട് വാരണമല്ലെടാ” സുഹൈലിന്റെ ശബ്ദം സിദ്ധിഖ് കേട്ടു. അടി കൊണ്ട് വീണു പോയ സിദ്ദിഖ് എഴുന്നേൽക്കുന്നതിന് മുൻപായി അടുത്ത അടി വീണു. സുഹൈലും രണ്ടു കൂട്ടുകാരും കൂടിയാണ് സിദ്ദിഖിനെ ക്രൂരമായി മർദ്ദിച്ചത്. ഒടുവിൽ എഴുന്നേൽക്കാൻ പോലും ശേഷിയില്ലാതെ വീണു പോയ സിദ്ദിഖിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ ആക്കുകയായിരുന്നു. 

നാല് ദിവസത്തിന് ശേഷമാണ് സിദ്ദിഖിന് ആശുപത്രി വിടാനായത്. രണ്ടാഴ്ചയോളം വീട്ടിൽ വിശ്രമത്തിലും കഴിയേണ്ടി വന്നു. സൗദിയിലേക്ക് തിരിച്ചു പോകാൻ സാധിക്കാത്തത് മൂലം ജീവിക്കാനായി സിദ്ദിഖ് ഓട്ടോറിക്ഷ വായ്പയെടുത്ത് വാങ്ങി ഓടിക്കാൻ ആരംഭിച്ചു. 

ഏതാണ്ട് ആറു മാസത്തിന് ശേഷം ഒരു ഓട്ടം കഴിഞ്ഞു തിരികെയെത്തി സിദ്ദിഖ് ഓട്ടോസ്റ്റാൻഡിൽ വിശ്രമിക്കുമ്പോൾ പിൻസീറ്റിൽ കിടന്ന് മയങ്ങി പോയി. തന്റെ കാലിൽ ഒരാൾ തല വെച്ച് കരയുന്നത് കേട്ടാണ് പെട്ടെന്ന് ഞെട്ടി ഉണർന്നത്. സുഹൈലായിരുന്നു അത്. കൂടെ സൂറയും ഉണ്ടായിരുന്നു. 

“എന്നോട് ക്ഷമിക്കണേ ഇക്കാ… ലോകത്ത് ഒരാളും ചെയ്യാത്ത ദ്രോഹമാണ് ഇക്കയോട് ഞാൻ ചെയ്തത്. ഇക്കയെ ഞാൻ തെറ്റിദ്ധരിച്ചു. ഇപ്പോൾ എനിക്കെല്ലാം മനസ്സിലായി. എന്നോട് ക്ഷമിക്ക ഇക്കാ” സുഹൈൽ സിദ്ദിഖിന്റെ കാലിൽ പിടിച്ചു പൊട്ടിക്കരയുകയാണ്. സിദ്ദിഖ് ഒന്നും മനസ്സിലാവാതെ സൂറയുടെ മുഖത്തേക്ക് നോക്കി. സൂറയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നു.

ബാപ്പുട്ടിയുടെ സ്പോൺസർ ഇന്ത്യൻ എംബസി അക്കൗണ്ടിൽ അടച്ച 66000 റിയാൽ കഴിഞ്ഞ ദിവസമാണ് സുഹൈലിനും സൂറക്കും കിട്ടിയത്. ആ പണം കയ്യിൽ കിട്ടിയപ്പോഴാണ് താൻ ചതിച്ചെന്ന തെററിദ്ധാരണ സുഹൈലിന് മാറിയത്. അതിന്റെ പശ്ചാത്താപമാണ് ആ കരച്ചിൽ. 

സിദ്ദിഖ് സുഹൈലിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. “ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ഇക്കഥ ചെയ്തത്. എന്റെ ബാപ്പാടെ മയ്യിത്ത് നാട്ടിലെത്തിക്കാൻ ജോലി വരെ കളഞ്ഞു നാട്ടിലെത്തിയ ഇക്കാനെ ഞാൻ തല്ലി ചതച്ചു. പണം തട്ടിയെടുത്തെന്ന് ആരോപിച്ചു. എന്നോട് പടച്ചോൻ പോലും പൊറുക്കില്ല. എന്നോട് ക്ഷമിച്ചെന്ന് പറയ് ഇക്കാ. ഇല്ലെങ്കിൽ ഈ ജന്മത്തിൽ എനിക്ക് മനസ്സമാധാനം ഉണ്ടാവില്ല”. എന്തിനും പോന്ന ഒരു മനുഷ്യനായ സുഹൈൽ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയുകയാണ്. 

സുഹൈലിന്റെ വാക്കുകൾ കേട്ട് സിദ്ദിഖിന്റേയും കണ്ണുകൾ നിറഞ്ഞു. “ന്റെ ബാപ്പുട്ടീടെ മോനോട് എനിക്ക് വെറുപ്പൊന്നും ഇല്ലാ. നിന്നെയും എന്റെ മകനായിട്ട് തന്നെയാണ് ഞാൻ കരുതിയത്. എന്തായാലും തെറ്റിദ്ധാരണകളൊക്കെ മാറിയല്ലോ. അത് തന്നെ സന്തോഷം. മോൻ സൂറാനേം കൊണ്ട് വീട്ടിലേക്ക് പൊയ്ക്കോ. ആ പണം കൊണ്ട് എന്തെങ്കിലും ചെയ്ത് നല്ല രീതിയിൽ ജീവിക്ക്” സിദ്ദിഖ് സുഹൈലിനോട് പറഞ്ഞു. 

സുഹൈൽ കണ്ണുകൾ തുടച്ചു. “എന്റെ ബാപ്പടെ മയ്യിത്ത് നാട്ടിലെത്തിക്കാൻ വേണ്ടി സ്വന്തം ജോലി കളഞ്ഞു കൂടെ വന്നയാളാണ്. സ്വന്തം ചോരകൾ പോലും കാണിക്കാത്ത സ്നേഹം. എത്ര പണം നൽകിയാലും ഈ കടപ്പാട് ഞങ്ങൾക്ക് വീട്ടാൻ കഴിയില്ല. പണത്തിനേക്കാൾ ഉപരി ബന്ധങ്ങൾക്ക് വിലയുണ്ടെന്ന് ഇപ്പോഴാണ് ഇക്കാ മനസ്സിലാവുന്നത്. നിങ്ങളാണ് അത് മനസ്സിലാക്കി തന്നത്”

സിദ്ധിഖ് ഒരു ചെറു പുഞ്ചിരിയോടെ സുഹൈലിന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു “പണത്തിന് വേണ്ടിയല്ല ഞാൻ അത് ചെയ്തത്. എന്റെ കൂട്ടുകാരന്റെ മയ്യിത്ത് നാട്ടിലെത്തിക്കുക എന്നത് എന്റെ കടമയായിരുന്നു. എന്നും പണത്തിനേക്കാൾ കൂടുതൽ സ്നേഹബന്ധങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ആളാണ് ഞാൻ. പണമാണ് എല്ലാം എന്ന് ചിന്തിക്കുന്ന മനസ്സായിരുന്നു എന്റേതെങ്കിൽ സൗദിയിലെ ജോലി ഉപേക്ഷിച്ച് ഞാൻ ബാപ്പുട്ടിയുടെ മയ്യിത്തുമായി നാട്ടിലേക്ക് വരില്ലായിരുന്നു. ഇന്നും ആ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. മോൻ ചെല്ല്. ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്താം”

സൂറയുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. “സിദ്ദിഖേ, രാവിലെ ഇറങ്ങിയതാണ്. ആദ്യം സിദ്ദിഖിന്റെ വീട്ടിലേക്കാണ് പോയത്. ഭാര്യയുമായി സംസാരിച്ചപ്പോൾ സിദ്ദിഖ് ഇപ്പോൾ ഓടിക്കുന്ന ഓട്ടോ അടവിന് വാങ്ങിയതാണെന്ന് ഭാര്യ സംസാരത്തിനിടെ പറഞ്ഞിരുന്നു. പണമായി തന്നാൽ സിദ്ദിഖ് വാങ്ങില്ലെന്ന് അറിയാം. ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി. ഓട്ടോയുടെ ബാക്കിയുള്ള അടവുകൾ അടക്കാനുള്ള പണം മാനേജരെ ഏല്പിച്ചാണ് ഇവിടേക്ക് വന്നത്”

ഒരു വാക്ക് പോലും മിണ്ടാനാകാതെ നിൽക്കുന്ന സിദ്ധിഖിനോട് യാത്ര പറഞ്ഞു സൂറയും സുഹൈലും തിരിഞ്ഞു നടക്കുമ്പോൾ സിദ്ദിഖിന് ഓർമ്മ വന്നത് അവസാന സമയങ്ങളിൽ തന്റെ മടിയിൽ കിടന്ന് ബാപ്പുട്ടി പറഞ്ഞ വാക്കുകളാണ്. “സിദ്ദീഖേ, എന്നെ പടച്ചോൻ വിളിക്കാറായീന്ന് തോന്നുന്നു. ലോകത്ത് എനിക്ക് കടമുള്ളത് നിന്നോട് മാത്രമാണ്. അത് തരാൻ എനിക്ക് സാധിച്ചില്ലെങ്കി എന്റെ മോൻ സുഹൈൽ തിരിച്ചു തരും” 

ബാപ്പുട്ടിയുടെ അവസാന വാക്കുകൾ ഓർത്തപ്പോൾ സിദ്ദിഖിന്റെ കണ്ണുകൾ നിറഞ്ഞു. “നീ തന്നെയല്ലേ ബാപ്പുട്ടീ അത് തിരിച്ചു തന്നത്? നിന്റെ ജീവന്റെ വിലയില്ലേ അത്. വേണ്ടായിരുന്നു” 

സിദ്ദിഖിന്റെ മനസ്സിൽ ബാപ്പുട്ടിയുടെ മുഖം തെളിഞ്ഞു നിന്നു. സിദ്ദിഖ് മനസ്സിൽ പ്രാർത്ഥിച്ചു. “പടച്ചവനെ, ന്റെ ബാപ്പുട്ടിയുടെ കബർ വിശാലമാക്കി നീ കൊടുക്കണേ നാഥാ”

Continue Reading

അനുഭവങ്ങൾ

ഇത് സൗദി പ്രവാസികൾ കേൾക്കേണ്ട വാക്കുകൾ

Published

on

കാര്‍ കഴുകലിന്റെ തിരക്കൊഴിഞ്ഞപ്പോള്‍ മുന്‍കൂട്ടി പറഞ്ഞത് പോലെ തന്നെ അയാള്‍ എന്റെ അരികിലേക്ക് വന്നു കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു. ആ പ്രവാസിയുടെ ദുരിത ജീവിതം ഒപ്പിയെടുക്കാന്‍ മുന്നില്‍ വെച്ച എന്റെ വോയിസ്‌ റെക്കോര്‍ഡര്‍ ശ്രദ്ധിക്കുക പോലും ചെയ്യാതെ ഏ.സി യുടെ തണുപ്പില്‍ കുറച്ചു നേരം ഇരുന്നു. അല്‍പ്പ സമയത്തെ നിശബ്തതക്ക് ശേഷം വാക്കുകള്‍ പുറത്തു വന്നു തുടങ്ങി.

‘‘എന്റെ പേര് അബുല്‍ഹസ്സന്‍. സൗദിയില്‍ വന്നിട്ട് 5 വര്‍ഷമായി. ബലദിയയുടെ കോണ്ട്രാക്റ്റ് കിട്ടിയ കമ്പനിയില്‍ റോഡ്‌ ക്ളീനിംഗ് ആയിരുന്നു ജോലി. രാവിലെ 6 മണി മുതല്‍ 2 മണി വരെ. ശമ്പളം 400 റിയാല്‍. 8 പേര്‍ താമസിക്കുന്ന മുറിയില്‍ താമസിക്കാനുള്ള സൗകര്യവും പച്ചക്കറി കൊണ്ട് പോകുന്ന വണ്ടിയില്‍ ഗതാഗത സൗകര്യവും കമ്പനി തരും.

നാട്ടില്‍ നിന്നും കൊണ്ട് വരുമ്പോള്‍ ഇങ്ങിനെയൊന്നുമായിരുന്നില്ല വാഗ്ദാനങ്ങള്‍. ജോലി ഹോസ്പിറ്റല്‍ ക്ളീനിംഗ്, 1000 റിയാല്‍ ശമ്പളം, താമസം, ഭക്ഷണം, ഗതാഗതം എന്നിവ സൗജന്യം. ഓവര്‍ടൈം ഇടക്കിടെ. കമ്പനി നല്‍കുന്ന താമസ സ്ഥലത്ത് സെൻട്രലൈസ്ഡ് ഏ.സി ആയതിനാല്‍ ആ തണുപ്പ് കാലത്ത് പുതപ്പ് പുതക്കാതെ ഒരാഴ്ച കിടന്നു പരിശീലിക്കാനുള്ള ഉപദേശം കൂടി തന്നു ഏജന്റ്. കമ്പനി നല്‍കാന്‍ പോകുന്ന ഭക്ഷണം ഉയര്‍ന്ന പോഷക മൂല്യമുവും കലോറിയുമുള്ളതായതിനാല്‍ ദഹനക്കേട് പിടിപെടാതിരിക്കാന്‍ ഇവിടേക്ക് വരുന്നത് വരെ മാംസഭക്ഷണം കഴിച്ചു പരിശീലിക്കാനുള്ള ഉപദേശം അയാളുടെ കൂട്ടാളിയുടെ വക.

ഇപ്പോള്‍ ബഹു സുഖമാണ്. ഇഖാമയില്ല, തൊഴില്‍ കാര്‍ഡും. കമ്പനിയിലെ ജോലിയും പോയി. എന്നാലും പിടിക്കുന്നത്‌ വരെ പുറത്തു ജോലി എടുത്തോളാനാണ് സൂപ്പര്‍വൈസറുടെ ഉപദേശം. അതിനയാള്‍ക്ക് മാസം 200 റിയാല്‍ കൊടുക്കണം. പിടിച്ചാല്‍ സൗദി മുദീറിനോട്‌ ഇക്കാര്യം പറയരുത് പോലും. കമ്പനിയുടെ ഒരു രേഖയിലും എന്റെ പേരില്ല. ഹുറൂബ്‌ ആണ് എന്ന് തോന്നുന്നു. എന്തെങ്കിലും ആവട്ടെ. അതൊക്കെ ചിന്തിക്കാന്‍ പോയാല്‍ ഭ്രാന്തെടുക്കും.

തിരിച്ചു നാട്ടില്‍ ചെന്നാല്‍ പഴയ പണി തന്നെ എടുക്കാം. പക്ഷെ ഗള്‍ഫുകാരിയായി 5വര്‍ഷം ജീവിച്ചു പരിചയമായതിനാല്‍ ഓട്ടോ റിക്ഷാക്കാരനാകാന്‍ തിരിച്ചു വന്നാല്‍ പിന്നെ ജീവനോടെ കാണില്ലെന്ന് ഭാര്യ. ഞാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ സൂപ്പര്‍വൈസസര്‍ ആണെന്നാണെത്രേ അവള്‍ അയല്‍ക്കാരോടും ബന്ധുക്കളോടും പറഞ്ഞിരിക്കുന്നത്.

ഇപ്പോള്‍ നല്ല തിരക്കാണ്. പുലര്‍ച്ചെ മിസിരിയുടെ ട്രക്ക്‌ വന്നാല്‍ ലോഡിറക്കാന്‍ സഹായിക്കും. അയാള്‍ 10 റിയാല്‍ തരും. എത്ര ലോഡിറക്കിയാലും അതാണ്‌ കൂലി. കൂടുതലില്ല. കൂടുതല്‍ ചോദിച്ചാല്‍ പോലീസിനെക്കൊണ്ട് പിടിപ്പിക്കും എന്ന് പറയും. അയാള്‍ക്കറിയാം ഞാന്‍ ഹുറൂബാണെന്ന്. ഒരിക്കല്‍ വണ്ടിക്കുള്ളില്‍ വച്ചിട്ടുള്ള ചൂരല്‍ കൊണ്ട് ഒരടിയും തന്നു.

അതു കഴിഞ്ഞാല്‍ അടുത്ത ജോലിക്ക് ഓടണം. 10 മുതല്‍ 3 വരെയാണ് ജോലി സമയം. കുറച്ചകലെയുള്ള ഒഴിഞ്ഞ സ്ഥലത്താണ് വര്‍ക്ക്‌ സൈറ്റ്‌. ചെറിയ ഒരു വര്‍ക്ക്ഷോപ്പ്. വെല്‍ഡിംഗ് ആണ് ജോലി. ദോഷം പറയരുതല്ലോ, 600 റിയാല്‍ കൂലി കിട്ടും അത് കൃത്യമായി തരും. പക്ഷെ ലീവെടുക്കുന്നത് മാത്രം അയാള്‍ക്കിഷ്ടമല്ല. ഒരു ദിവസം ലീവെടുത്താല്‍ മൂന്നു ദിവസത്തെ ശമ്പളം കുറക്കും.

ഇഖാമ ഇല്ലാത്ത ആളാണ്‌ ഞാനെന്നു ആ മുതലാളിക്കറിയില്ല. ഇഖാമ ചോദിച്ചില്ല, ഞാന്‍ കൊടുത്തുമില്ല. പണി ചെയ്തു കാണിച്ചു കൊടുത്തു. തുടക്കത്തില്‍ പണി അധികം ഇഷ്ടമായില്ലെന്കിലും ശമ്പളം 600 എന്നത് ഞാന്‍ സമ്മതിച്ചപ്പോള്‍ ജോലിയും തന്നു.

5 മുതല്‍ രാത്രി 12 വരെ കുറച്ചു ബിസിയാണ്. കോഫീ ഷോപ്പിനു മുന്നില്‍ കാറ് കഴുകല്‍. വലിയ അറബികള്‍ അവിടെ ഇറ്റാലിയന്‍ കോഫീ കുടിക്കാന്‍ വരും. വലിയ അറബിയോക്കെയാണെന്കിലും ദാരിദ്രവാസികളാണ്. എത്ര കഴുകിയാലും തൃപ്തിയാവുകയുമില്ല.

5 ബക്കറ്റിനുടമയാണ് ഞാന്‍. അതിന്റെ ഗമയും കുറച്ചുണ്ട്. ആ 5 ബക്കറ്റുകളും സമീപത്തുള്ള പരിചയമുള്ള 5 കടകളുടെ ഏ.സി യുടെ വെള്ളം ഇറ്റു വീഴുന്ന പൈപ്പിനടിയില്‍ രാവിലെ തന്നെ കൊണ്ട് ചെന്ന് വെക്കും. വൈകുന്നേരം ജോലി തുടങ്ങുമ്പോഴേക്കും ബക്കറ്റുകള്‍ നിറഞ്ഞിട്ടുണ്ടാവും. അതാണ്‌ മൂലധനം.

പകുതി ബക്കറ്റ്‌ വെള്ളം കൊണ്ട് ഒരു കാറ് കഴുകി ഒപ്പിക്കും. അതിനു വേണ്ടി അല്‍-മറായിയുടെ പാല്‍ കുപ്പിയില്‍ ആണി കൊണ്ട് ദ്വാരങ്ങളുണ്ടാക്കി വെള്ളം തെറിപ്പിച്ചാണ് കഴുകുക. ചിലര്‍ വൃത്തിയായില്ല എന്ന് വാശി പിടിച്ചാല്‍ മുക്കാല്‍ ബക്കറ്റ് വെള്ളം ചിലവാകും. എങ്കിലും ഒരു കാറ് കഴുകിയാല്‍ 5 മുതല്‍ 10 റിയാല്‍ വരെ കിട്ടും. സ്ഥിരക്കാരാണെങ്കില്‍ 5 റിയാല്‍.

പക്ഷെ ശല്യക്കാര്‍ ‘വലദ്‌’കളാണ്’. തല തെറിച്ച സൗദി കുട്ടികള്‍. ചില ദിവസങ്ങളില്‍ വൈകീട്ട് ബക്കറ്റിലെ വെള്ളം എടുക്കാന്‍ ചെല്ലുമ്പോള്‍ കുട്ടികള്‍ വെള്ളം ചെരിച്ചു കളഞ്ഞിട്ടുണ്ടാകും. ചിലപ്പോള്‍ പൊട്ടിച്ചു കളയും. അന്ന് ഒരു ജോലിയും നടക്കില്ല. ടയറു കട നടത്തുന്ന യെമനിക്ക് ദയ തോന്നി രണ്ടു ബക്കറ്റ് വെള്ളം തന്നാലായി. പക്ഷെ അതിനു അവന്റെ കാര്‍ സൗജന്യമായി കഴുകി കൊടുക്കണം. ദോഷം പറയരുതല്ലോ, അതിനുള്ള വെള്ളം അവന്‍ വേറെ തരും.

ഇപ്പോള്‍ ചെറിയ തലവേദന ഉണ്ട്. ഒരാഴ്ച മുന്‍പ് ഒരു സൗദി തന്ന സമ്മാനമാണ്. തല കറങ്ങുന്ന ഒരടി. അതും വലത്തേ ചെകിടത്ത്. അവന്റെ കാറിന്റെ ഉള്‍ഭാഗത്തെ ഗ്ലാസ് വൃത്തിയാക്കാന്‍ സീറ്റിലിരുന്നപ്പോള്‍ സിഗരറ്റിന്റെ പെട്ടിയിലായിപ്പോയി. അത് ചതഞ്ഞു പോയത്രേ. അതിനാണ് അടി. കഴുകിയ പൈസയും തന്നില്ല. ഹറാമി. മുഖത്തടിക്കരുതെന്നു ഖുറാനും പ്രവാചകനും പറയുന്നുടെന്കിലും ഇവന്മാരില്‍ നിന്നും എനിക്ക് കിട്ടിയ അടികള്‍ മുഴുവന്‍ മുഖത്താണ്. ഒന്നൊഴികെ. അന്ന് കിട്ടിയത് പുറത്തായിരുന്നു. കാരണം ആ കെളവന്റെ കയ്യില്‍ ഊന്നു വടി ഉണ്ടായിരുന്നു.

ഇന്ന് മെസ്സില്‍ നിന്ന് ഭക്ഷണമില്ല. ഈ മാസം മുഴുവനും ഉണ്ടാവില്ല. സാൻഡ്‌വിച്ചും പെപ്സി പോലെയുള്ള സൗദി കോളയും കഴിക്കും. ഈ മാസം ഭാര്യയുടെ അനിയത്തിയുടെ കല്യാണത്തിന് മാല വാങ്ങാന്‍ പൈസ വേണമെന്ന് ആദ്യമേ അവള്‍ അറിയിച്ചിരുന്നു. കിട്ടിയ കാശ് തികയാത്തതു കൊണ്ട് വെല്‍ഡിംഗ് മുതലാളിയില്‍ നിന്ന് 200 റിയാല്‍ അഡ്വാന്‍സും വാങ്ങിയാണ് അയച്ചു കൊടുത്തത്. അതിനാല്‍ മെസ്സില്‍ പൈസ കൊടുത്തില്ല, ഭക്ഷണവുമില്ല. സൗദി കോള കുടിക്കുന്നത് ഇഷ്ടമുണ്ടായിട്ടല്ല. അത് കുടിച്ചാല്‍ വയറു നിറയും. കൂടുതലൊന്നും കഴിക്കേണ്ട. വിലയും കുറവാണ്.

ഇനി അധികം നാളില്ല. പരിശോധനകള്‍ കര്‍ശനമാണ്. എപ്പോള്‍ വേണമെങ്കിലും പിടിക്കപ്പെടാം. പോലീസും ജവാസാത്തും വരുമ്പോള്‍ ഓടി ഒളിക്കും. പള്ളിയുടെ പുറകില്‍ സ്ഥിരം സ്ഥലമുണ്ട്. അവിടേക്ക് അധികമാരും വരാറില്ല. കുറച്ചു കഴിഞ്ഞാല്‍ അവര്‍ പോകും. പിന്നെയെല്ലാം പഴയ പടി.

എന്തായാലും അടുത്ത വര്‍ഷം പിടുത്തം കൊടുക്കണം. അതിനു മുന്‍പ് തര്‍ഹീലില്‍ കിടക്കേണ്ട കാലത്തേക്ക് ഭാര്യക്ക് അയക്കേണ്ട പണം ഉണ്ടാക്കണം. അതിനു വേണ്ടി പണം കൂട്ടി വെക്കണം. തര്‍ഹീലില്‍ ഭക്ഷണം വിളമ്പി കൊടുക്കുക, ബാത്ത് റൂം കഴുകുക എന്നിവയ്ക്ക് ചെറിയ ശമ്പളമൊക്കെ ലഭിക്കും എന്ന് കേട്ടിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ അത് ലഭിക്കും.

എത്ര നാള്‍ തര്‍ഹീലില്‍ കിടക്കേണ്ടി വരും എന്നറിയില്ല. എത്ര നാളായാലും അവളെ അറിയിക്കാന്‍ പറ്റില്ലല്ലോ. ട്രെയിനിങ്ങിനു പോകും എന്ന് അവളോട്‌ പറയും. അവിടെ മരുഭൂമിയായതിനാല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ എന്നിവ ഉണ്ടാവില്ലെന്ന് പറയാം. കയറ്റി വിടുന്നതിന്റെ തലേ ദിവസം വിളിച്ചു പറഞ്ഞാല്‍ മതി. നാട്ടിലെത്തിയാല്‍ ഭാര്യയെ സാവധാനം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. എന്നെക്കാളേറെ പണത്തിനോടാണ് സ്നേഹം എന്നതിനാല്‍ എന്ത് സംഭവിക്കും എന്നറിയില്ല. എന്ത് സംഭവിച്ചാലും വേണ്ടില്ല, ഇനി സഹിക്കാന്‍ വയ്യ”.

അത്ഭുതത്തോട് കൂടി ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കിയിരുന്ന എനിക്ക് മനസ്സിലാവാതിരുന്ന ഒരു കാര്യം, അയാളില്‍ നിന്ന് ഒരിക്കല്‍ പോലും ഒരു തുള്ളി കണ്ണീര്‍, വികാരപരമായ ഒരു വാക്ക് എന്നിവ പുറത്തു വന്നില്ല എന്നതാണ്.

അത് സംബന്ധിച്ച എന്റെ ആ ചോദ്യത്തിന് അബുല്‍ഹസ്സന്‍റെ ഉത്തരം വളരെ ലളിതമായിരുന്നു.

‘’കണ്ണീരിന്റെ സമുദ്രത്തില്‍ ആയിരുന്നു ആദ്യ നാളുകള്‍. ഇപ്പോള്‍ മനസ്സിലായി കണ്ണീരായാലും ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത്. എനിക്കറിയാം ഏ.സിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളത്തിന്റെ വില’’.

അധികം കേട്ടിട്ടില്ലാത്ത പച്ചയായ വാക്കുകള്‍ കേട്ട് പകച്ചിരുന്ന എന്റെ മുഖത്തേക്ക് പോലും നോക്കാതെ കാറില്‍ നിന്നിറങ്ങി അയാള്‍ നടന്നു, അടുത്ത ജോലിയുടെ ഭാഗമാകാന്‍.

Continue Reading
അനുഭവങ്ങൾ6 hours ago

അവിശ്വസനീയം മലയാളി കുടുംബത്തിന്റെ ഈ തിരിച്ചു വരവ്

അനുഭവങ്ങൾ1 day ago

മകന്റെ മറുപടി കേട്ട് ഞെട്ടി പിതാവിന്റെ പ്രവാസി സുഹൃത്ത്

SAUDI ARABIA2 days ago

ഉയർന്ന യോഗ്യത കൊണ്ട് കാര്യമില്ല കമ്പനിയും സ്പോൺസറും നന്നാവണം

LATEST3 days ago

ഇത് പോലൊരു നിർഭാഗ്യവാൻ പ്രവാസ ലോകത്ത് ഇനി ഉണ്ടാവാതിരിക്കട്ടെ

SAUDI ARABIA4 days ago

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

SAUDI ARABIA4 days ago

തൊഴിൽ സ്ഥലങ്ങളിൽ സുരക്ഷിതനായിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

LATEST5 days ago

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

LATEST5 days ago

അകലങ്ങളിലും മനം നിറഞ്ഞു വിവാഹം

LATEST5 days ago

സമൂഹ മാധ്യമ ദൃശ്യങ്ങൾ തെളിവായി

അനുഭവങ്ങൾ6 days ago

ഇത് സൗദി പ്രവാസികൾ കേൾക്കേണ്ട വാക്കുകൾ

LATEST6 days ago

എന്തു കൊണ്ട് യൂസഫ്‌ അലി പ്രവാസ ലോകത്തിനും കേരളത്തിനും പ്രിയങ്കരനാവുന്നു?

SAUDI ARABIA6 days ago

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

LATEST6 days ago

പ്രാർത്ഥനകളിൽ നിറയുന്ന മകന്റെ ഓർമ്മകൾ

SAUDI ARABIA6 days ago

സൗദിയിലെ പ്രവാസികൾ അറിഞ്ഞിരിക്കുക മനസ്സിലാക്കുക ഈ കാര്യങ്ങൾ

LATEST6 days ago

സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമായി വില നിയന്ത്രണം

LATEST3 weeks ago

ഈ അനുഭവം ആർക്കും ഉണ്ടാവാതിരിക്കട്ടെ.

LATEST4 weeks ago

ബുദ്ധി കൊണ്ട് ബിസിനസ് നിലനിർത്തി നിക്ഷേപം സുരക്ഷിതമാക്കിയ മലയാളി.

LATEST3 weeks ago

കയ്യിൽ ഒരു രൂപ പോലുമില്ലാതെ തുടങ്ങിയ ബിസിനസ്

LATEST4 weeks ago

പരിധിയില്ലാതെ പെരുമാറിയാൽ പ്രവാസിക്ക് അവസാനം ഗതി ഇങ്ങിനെ ആയിരിക്കും.

SAUDI ARABIA6 days ago

എംബസിക്കും സാമൂഹിക പ്രവർത്തകനും എതിരെ സൗദി സ്‌പോൺസർ

LATEST3 weeks ago

രണ്ടു മലയാളി യുവാക്കൾക്ക് അതിമോഹത്തിന് വിലയായി നൽകേണ്ടി വന്നത്

LATEST4 weeks ago

ഇതിനപ്പുറം ഒരു പ്രവാസിക്ക് എന്താണ് ലഭിക്കാനുള്ളത്?

SAUDI ARABIA4 days ago

നാട്ടിലേക്ക് പണം അയക്കുന്നവർ അറിഞ്ഞിരിക്കുക

LATEST4 weeks ago

സൗദി കുടുംബവും ഗദ്ദാമയും തമ്മിലുള്ള ബന്ധം അവസാനിച്ചത് ഇങ്ങിനെ

LATEST5 days ago

സൗദിയിലെ പ്രവാസി മലയാളികൾ ഈ കാര്യത്തിൽ ജാഗ്രത പുലർത്തുക

അനുഭവങ്ങൾ3 weeks ago

മറ്റുള്ളവരെ സഹായിക്കുമ്പോൾ ശ്രദ്ധിക്കുക

LATEST2 weeks ago

ഈ സമയത്ത് ഏറ്റവും അനുയോജ്യമായത്

അനുഭവങ്ങൾ2 weeks ago

മനസ് പതറാൻ വെമ്പുന്ന ഓരോ പ്രവാസിയും അറിയേണ്ടത്

LATEST4 weeks ago

9 മേഖലകളിലെ ചില്ലറ മൊത്ത വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകം.

LATEST4 weeks ago

ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപായി പ്രവാസികൾ നൂറു വട്ടം ചിന്തിക്കണം

Trending

error: Content is protected !!