Connect with us

അനുഭവങ്ങൾ

അവിശ്വസനീയം ഈ പ്രവാസി മലയാളിയുടെ രക്ഷപ്പെടൽ

Published

on

(സൗദിയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ കഥക്ക് രൂപം കൊടുത്തിട്ടുള്ളത്. സ്വകാര്യത നിലനിർത്തുന്നതിനായി പേരുകളിലും സാഹചര്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു)

അബ്ദുള്ളയുടെ ഫോൺ ശബ്ദിച്ചു. ശിഹാബാണ്. സൗദിയിൽ നിന്ന്.

“അബ്ദുള്ളക്കാ, നിങ്ങൾ നന്നായി പ്രാർത്ഥിക്കണം. നാളെ ഞങ്ങൾ കൊല്ലപ്പെട്ടയാളുടെ പിതാവിനെ കണ്ടു സംസാരിക്കാൻ ഒന്നുകൂടെ പോകുന്നുണ്ട്. അവരുടെ നിലപാട് അനുസരിച്ചിരിക്കും ബാക്കി കാര്യങ്ങൾ. അവർ മാപ്പ് നൽകിയാൽ ഹസീബിന്റെ വധശിക്ഷ ഒഴിവാക്കും. ഇല്ലെങ്കിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല”

ശിഹാബിന്റെ വാക്കുകൾ കേട്ട് അബ്‌ദുള്ളയുടെ ഇടനെഞ്ചൊന്ന് പിടച്ചു. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. എങ്കിലും ധൈര്യം സംഭരിച്ച് അബ്ദുള്ള പറഞ്ഞു. “കുടുംബം മുഴുവൻ കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട് പ്രാർത്ഥനയിലാണ് മോനെ. സുജൂദിൽ പോകുമ്പോ കണ്ണീര് കൊണ്ട് നനഞ്ഞു കുതിർന്ന സുബൈദാടെ മുസല്ല പടച്ചോൻ കാണാതിരിക്കില്ല മോനെ. മോൻ പോണം. അവരെ കാണണം. ഞങ്ങൾ ഇവിടെ എല്ലാവരും പ്രാർത്ഥിക്കാം. അവര് കനിയും മോനെ. പടച്ചവൻ വലിയവനാണ്”

തന്റെ നെഞ്ചത്തിട്ട് ഉറക്കിയ പൊന്നു മോനാണ് സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്നത്. കോടതി അവന് ശിക്ഷ വിധിച്ചു കഴിഞ്ഞു. ഇനി ഇളവ് കിട്ടണമെങ്കിൽ കൊല്ലപ്പെട്ട സ്വദേശി പൗരന്റെ രക്തബന്ധുക്കൾ ദിയാധനം സ്വീകരിച്ച് ഹസീബിന് മാപ്പ് നൽകണം. അല്ലാത്ത പക്ഷം എന്റെ പൊന്നു മോനെ…. അബ്ദുള്ളക്ക് ആ കാര്യം ആലോചിക്കാനുള്ള ധൈര്യം പോലും വന്നില്ല.

ഹസീബ് എങ്ങിനെ ഒരാളുടെ ജീവനെടുത്തു എന്ന് ഇനിയും തനിക്ക് മനസ്സിലായിട്ടില്ല. ഒരു ഉറുമ്പിനെ പോലും നോവിക്കാനുള്ള ധൈര്യം ഇല്ലാത്തവനാണ് അവൻ. വീട്ടിൽ താൻ കോഴിയെ അറുക്കുമ്പോൾ പോലും ആ പരിസരത്ത് ഹസീബ് ഉണ്ടാവില്ല. എന്നിട്ടും….

ഇനിയെല്ലാം പടച്ചവന്റെ കയ്യിൽ. സുബഹി നമസ്കാരത്തിന് ഇനിയും സമയമുണ്ട്. പക്ഷെ അബ്ദുള്ള പള്ളിയിലേക്ക് പുറപ്പെട്ടു. അവിടെയാകുമ്പോ സുജൂദിൽ കരയാം. തന്റെ കണ്ണ് നിറഞ്ഞോയെന്ന് പാളി നോക്കാൻ പോലും ആരും വരില്ല. വീട്ടിൽ എല്ലാവരും ധൈര്യം നടിക്കുകയാണ്.

എല്ലാവരും ഉള്ളിൽ വെടിമരുന്നു കൊണ്ട് നടക്കുന്നവരാണ്. അതെപ്പോഴും പൊട്ടാം. ഒരു തരി കനൽ മതി. ഒരു തേങ്ങി കരച്ചിൽ. അത്ര മതി, അതോടെ തന്റെ വീട്ടിലെ അഗ്നിപർവ്വതം പൊട്ടും. താനായിട്ട് അതിന് വഴിയൊരുക്കില്ലെന്ന് കരുതിയാണ് അബ്ദുള്ള കൂടുതൽ സമയവും പള്ളിയിൽ ചിലവഴിക്കുന്നത്. “പടച്ചവനേ, എന്തുണ്ടായാലും സഹിക്കാനുള്ള കരുത്ത് എന്റെ കുടുംബത്തിന് നൽകണേ നാഥാ” അബ്ദുള്ള നടക്കുന്നതിനിടയിൽ തേങ്ങി കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു.

ജയിലിലെ സെല്ലിൽ ഖുർആൻ ഓതിക്കൊണ്ട് ഒറ്റക്കിരിക്കുകയാണ് ഹസീബ്. എംബസിയിൽ നിന്നും വെൽഫെയർ ഉദ്യോഗസ്ഥൻ ഇന്ന് ജയിലിൽ വന്നിരുന്നു. നാളെയാണ് നിർണ്ണായക ദിവസം. ശിഹാബ്ക്ക അഹമ്മദിന്റെ പിതാവിനെ ഒന്നുകൂടി കാണാൻ പോകുമെന്ന് പറഞ്ഞിട്ടുണ്ട്. അഹമ്മദ് അൽ ഖഹ്താനിയുടെ കുടുംബം മാപ്പ് നൽകിയാൽ തന്റെ വധശിക്ഷ റദ്ദാക്കും. ഇല്ലെങ്കിൽ….

ആ നശിച്ച ദിവസം ഹസീബ് വീണ്ടും ഓർത്തു. 2010 ഫെബ്രുവരി മാസത്തിൽ ആയിരുന്നു ആ സംഭവം നടക്കുന്നത്. ബക്കാലയിലെ ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റ് സമയം കഴിഞ്ഞു റൂമിൽ പോകാനായി ഹമീദ് വരാൻ കാഷ് കൗണ്ടറിൽ കാത്തിരിക്കുകയായിരുന്നു ഹസീബ്. അസർ നമസ്കാര സമയം ആയതിനാൽ കടയിൽ തരക്കേടില്ലാത്ത തിരക്കുണ്ട്. സലക്ക് മുൻപ് ഹമീദ് വന്നാൽ ബാലൻസ് കാശ് ഏൽപ്പിച്ച് റൂമിൽ പോയി അടുത്ത ഷിഫ്റ്റ് വരെ ഉറങ്ങാം.

അതിനിടയിലാണ് ഒരു പഴയ കാംറി കാർ ബക്കാലയുടെ മുന്നിൽ നിർത്തി ഹോണടിക്കുന്നത്. ഹസീബ് പുറത്തേക്ക് നോക്കി. തഹലിയയിലെ അഹമ്മദ് അൽ ഖഹ്താനിയാണ്. അയാൾ വന്നാൽ കാറിൽ നിന്നും പുറത്തിറങ്ങില്ല. സാധനങ്ങൾ കാറിനടുത്തേക്ക് കൊണ്ട് ചെന്ന് കൊടുക്കണം. ഒഴിവുള്ളപ്പോഴൊക്കെ കൊണ്ട് കൊടുക്കാറുണ്ട്. പക്ഷെ ആ സമയത്ത് കടയിൽ തിരക്കായിരുന്നു. കാഷ് കൗണ്ടറിൽ നിന്നും പുറത്തേക്ക് പോകാൻ സാധിക്കില്ല. ഹമീദ് അയാളെ കൈകാട്ടി അകത്തേക്ക് വിളിച്ചു.

അഹമ്മദ് വീണ്ടും ഹോണടിച്ചു. ഹസീബ് അയാളെ വീണ്ടും കടയുടെ അകത്തേക്ക് വിളിച്ചു. പിന്നെയും അയാൾ ഹോണടിച്ചു കൊണ്ടിരുന്നപ്പോൾ ഹസീബ് അതവഗണിച്ച് സാധനങ്ങൾ വാങ്ങാൻ വന്നവരുടെ പൈസ വാങ്ങുന്ന തിരക്കിലായി.

പെട്ടെന്നാണ് അഹമ്മദ് കാറിൽ നിന്നും ഒരു വടിയെടുത്ത് കോപാകുലനായി ബക്കാലയുടെ അകത്തേക്ക് കയറിയത്. “ഹറാമി, നീയൊരു അജ്നബിയല്ലേ. സൗദിയായ എന്നെ നീ അപമാനിക്കുന്നോ” എന്ന് അട്ടഹസിച്ചു കൊണ്ട് കയ്യിലിരുന്ന വടി കൊണ്ട് ഹസീബിനെ ആഞ്ഞടിച്ചു. പെട്ടെന്നുള്ള അടിയായതിനാൽ ഹസീബിന് പെട്ടെന്ന് ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. ആദ്യ അടി കൊണ്ടത് ചുമലിലാണ്.

രണ്ടാമത്തെ അടിയിൽ നിന്നും ഹസീബ് ഒഴിഞ്ഞു മാറി. കൂടുതൽ കോപാകുലനായ അഹമ്മദ് വീണ്ടും വീണ്ടും വടി കൊണ്ട് ഹസീബിനെ അടിക്കുകയാണ്. കടയിൽ ഉണ്ടായിരുന്നവരെല്ലാം പുറത്തേക്കോടി. പുറത്തേക്കുള്ള വഴിയുടെ ഭാഗത്താണ് അഹമ്മദ് നിന്നിരുന്നത്. അതിലൂടെ ഓടി രക്ഷപ്പെടുന്നതിനായി അഹമ്മദിനെ തള്ളിമാറ്റി കൊണ്ട് ഹസീബ് പുറത്തേക്കോടി.

ആ തള്ളലിൽ നിലതെറ്റി അഹമ്മദ് പിന്നിലേക്ക് വീണു. അഹമ്മദ് വീണ ഉടനെ തന്നെ അയാൾ പുറത്തേക്ക് പോകാതിരിക്കാനായി ഹസീബ് ഷട്ടർ വലിച്ചിട്ട് പുറത്ത് നിന്നും പൂട്ടി ഹമീദിനെ വിളിച്ചു. ഹമീദ് ഉടനെ തന്നെ സ്‌പോൺസറെ വിവരം അറിയിച്ചു. സ്പോൺസർ അറിയിച്ചതനുസരിച്ച് പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പോലീസ് സ്ഥലത്തെത്തി. ഒപ്പം സ്പോൺസറും എത്തി. അതുവരെ കടക്കകത്ത് നിന്നും യാതൊരു ബഹളവും കേട്ടില്ല.

പോലീസ് ഹസീബിൽ നിന്നും ഷട്ടറിന്റെ താക്കോൽ വാങ്ങി ബക്കാല തുറന്നു. പോലീസും സ്പോൺസറും ഉള്ളിലേക്ക് കടന്നു. അഹമ്മദ് അപ്പോഴും വീണു കിടക്കുകയായിരുന്നു. അടുത്ത് പോയി നോക്കിയ സ്‌പോൺസറുടെ വായിൽ നിന്നും നിലവിളി പോലെ ആ ശബ്ദം പുറത്തേക്ക് വന്നു. “യാ അല്ലാ…. ഇന്നാലില്ലാഹി വ ഇന്ന ഇലൈഹി റാജിഊൻ”

അതുകേട്ട ഹമീദും തലയിൽ കൈവെച്ചു. അഹമ്മദിനടുത്തേക്ക് പോകാൻ തുനിഞ്ഞ ഹസീബിനെ പോലീസ് തടഞ്ഞു. ഹസീബിന്റെ തള്ളലിൽ സമനില തെറ്റിയ അഹമ്മദ് പിന്നിലേക്ക് മറിഞ്ഞു സാധനങ്ങൾ വെച്ചിരുന്ന റാക്കിൽ തലയിടിച്ചു താഴേക്ക് വീഴുകയായിരുന്നു എന്നും തലക്ക് പിന്നിൽ ഗുരുതരമായി പരിക്ക് പറ്റി ബോധമറ്റ് വീണ അഹമ്മദിനെ തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാത്തത് മൂലം രക്തം വാർന്ന് മരിച്ചു എന്നും സ്പോൺസർ പറഞ്ഞു.

ഹസീബിന് തല കറങ്ങുന്നത് പോലെ തോന്നി. ജീവിക്കാനുള്ള അന്നം തേടി മരുഭൂമിയിൽ എത്തിയ താൻ കൊലപാതകി ആയിരിക്കുന്നു. ഹസീബ് നിലത്തിരുന്ന് കാലുകൾക്കിടയിൽ തല വെച്ച് തേങ്ങിത്തേങ്ങി കരഞ്ഞു. കുറച്ചു സമയത്തിന് ശേഷം ഹസീബിനെ പോലീസുകാർ അറസ്റ്റ് ചെയ്തു കൊണ്ട് പോയി.

ഹസീബ് അമിത ആവേശം കാണിച്ചുവെന്ന് ആരോപിച്ച് സ്പോൺസർ പിന്നീട് ഹസീബിനെ തിരിഞ്ഞു നോക്കിയില്ല. ഹമീദിനോ മറ്റുള്ളവർക്കോ തന്നെ പിന്നീട് പോലീസ് സ്റ്റേഷനിലോ ജയിലിലോ വന്നു ഹസീബിനെ കാണാനുള്ള ധൈര്യം ഉണ്ടായില്ല.

ആരും ശ്രദ്ധിക്കാനില്ലാതെ നാല് വർഷം ഹസീബ് ജയിലിൽ കിടന്നു. വിചാരണക്ക് ഒടുവിൽ 2014 ൽ കോടതി ഹസീബിന് വധശിക്ഷ വിധിച്ചു. സൗദി പൗരനെ ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിക്കുകയും മാരകമായി പരിക്കേറ്റ അയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരമായി മരിക്കുന്നത് വരെ കടക്കുള്ളിൽ പൂട്ടിയിടുകയും ചെയ്ത ഹസീബ് കടുത്ത ശിക്ഷക്ക് അർഹനാണ് എന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

ഓഫീസിൽ പോകാനുള്ള തിരക്കിലായിരുന്നു ശിഹാബ്. അപ്പോഴാണ് നാട്ടിൽ നിന്നും ബാപ്പാടെ ഫോൺ വരുന്നത്. “മോനേ, ബാപ്പാടെ ഒരു പഴയ കൂട്ടുകാരൻ അബ്ദുള്ള ഇന്ന് വീട്ടിൽ വന്നിരുന്നു. അവന്റെ മോൻ സൗദിയിൽ ജയിലിലാണ്. കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അവർ സാധുക്കളാണ് മോനേ. ആരും അവിടെ കാര്യങ്ങൾ ചെയ്യാനോ ഇല്ല. നീയൊന്ന് അബ്ദുല്ലയെ വിളിക്കണം. കാര്യങ്ങൾ തിരക്കി വേണ്ടത് ചെയ്തു കൊടുക്കണം”

“ഓഫീസിൽ നിന്ന് എത്തിയിട്ട് വൈകിട്ട് വിളിക്കാം ബാപ്പാ”. ശിഹാബ് ഉറപ്പ് ബാപ്പക്ക് ഉറപ്പ് നൽകി.

സൗദിയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ശിഹാബ്. ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ സാമൂഹിക പ്രവർത്തനമാണ് അധിക സമയവും. പണം കൈപ്പറ്റാതെ നന്മക്ക് വേണ്ടിയാണ് ശിഹാബിന്റെ പ്രവർത്തനം എന്നതിനാൽ പ്രവാസി മലയാളികൾക്കിടയിൽ ഏറെ അറിയപ്പെടുന്നവനാണ് ശിഹാബ്.

വൈകീട്ട് ഓഫീസിൽ നിന്നും തിരിച്ചെത്തിയ ശേഷം ശിഹാബ് അബ്ദുള്ളയെ വിളിച്ചു. അബ്ദുല്ല കാര്യങ്ങൾ വിശദമായി തന്നെ ധരിപ്പിച്ചു. വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം വേണ്ടത് ചെയ്യാമെന്ന് ശിഹാബ് അബ്ദുള്ളക്ക് ഉറപ്പ് നൽകി.

പിറ്റേന്ന് തന്നെ ജയിൽ മേധാവിയിൽ നിന്നും അനുമതി ലഭ്യമാക്കി ശിഹാബ് ഹസീബിനെ ജയിലിൽ സന്ദർശിച്ചു.

ശിഹാബ് കാണാനായി എത്തുമ്പോൾ ഹസീബ് നമസ്‍കാരത്തിലായിരുന്നു. നാട്ടിൽ നിന്നും അയച്ചു കൊടുത്ത ഫോട്ടോയിൽ നിന്നും ഹസീബ് വളരെ മാറി കഴിഞ്ഞിരുന്നു. താടി നീട്ടി വളർത്തി ക്ഷീണിച്ച ഒരു പേക്കോലമായി മാറിയിരുന്നു ഹസീബ്. ശിഹാബ് ഹസീബിൽ നിന്നും വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.

കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ ശിഹാബ് ഹസീബിനെ സമാധാനിപ്പിച്ചു. “ഇപ്പോൾ വിധി വന്നിട്ട് മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു. വിധി പകർപ്പ് കിട്ടിയാലേ അപ്പീൽ കൊടുക്കുന്ന കാര്യത്തെ കുറിച്ച് എന്തെങ്കിലും തീരുമാനം എടുക്കാൻ സാധിക്കൂ. എന്തായാലും സമാധാനമായിരിക്കൂ ഹസീബ്. ഞാൻ പരമാവധി ശ്രമിക്കാം”

ഗുരുതരമായ ശിക്ഷ വിധിച്ചിട്ടുള്ള കേസായതിനാൽ തനിക്ക് ഒറ്റക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾക്ക് പരിമിതി ഉണ്ടെന്ന് ശിഹാബിന് മനസ്സിലായി. നിയമം അറിയുന്നതും കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതുമായ ഒരു സ്വദേശിയുടെ സഹായം ഇക്കാര്യത്തിൽ ആവശ്യമുണ്ട്.

ശിഹാബ് സൗദിയിലെ തന്റെ സുഹൃത്തായ സ്വദേശി അഭിഭാഷകനെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു. “കീഴ്കോടതിയിൽ ഹസീബിന്റെ ഭാഗത്ത് നിന്നും കാര്യങ്ങൾ ശരിയായി ധരിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇനിയും സമയം വൈകിയിട്ടില്ല. നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നോക്കാം. താങ്കൾ പോയി കീഴ്കോടതിയുടെ വിധി പകർപ്പ് കൊണ്ട് വരൂ ശിഹാബ്. അത് നോക്കിയാൽ മാത്രമാണ് വിധിക്കെതിരെ അപ്പീൽ കൊടുക്കാനുള്ള സമയ പരിധി കഴിഞ്ഞോ എന്നറിയാൻ സാധിക്കുക”

ശിഹാബിന്റെ നിർബന്ധ പ്രകാരം അഭിഭാഷകൻ ഷിഹാബിനൊപ്പം കോടതിയിൽ പോയി ജഡ്ജിയുടെ ചേമ്പറിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റി. അതിൽ 30 ദിവസം ആയിരുന്നു അപ്പീൽ നൽകാൻ അനുവദിച്ചിരുന്ന സമയ പരിധി. ആ സമയപരിധി കഴിഞ്ഞു പോയിരുന്നു.

“ശിഹാബ്, അപ്പീൽ നൽകാനുള്ള സമയ പരിധി കഴിഞ്ഞിരിക്കുന്നു. അപ്പീൽ നൽകാത്തതിനാൽ കീഴ്കോടതി വിധി പ്രാബല്യത്തിൽ ആയിരിക്കുന്നു. അതിനാൽ എന്ന് വധശിക്ഷ നടപ്പിലാക്കും എന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. ചിലപ്പോൾ നീണ്ടു പോയേക്കാം. നീണ്ടു പോകാനാണ് സാധ്യത ഏറെയും. പക്ഷെ റിസ്ക് എടുക്കേണ്ട. അപ്പീൽ നൽകേണ്ട സാഹചര്യം ഞാൻ ഉണ്ടാക്കി തരാം. നിങ്ങൾ നിങ്ങളുടെ എംബസിയിൽ പോയി വിവരം ധരിപ്പിക്കൂ. എന്നിട്ട് ശിക്ഷ നടപ്പിലാക്കാതിരിക്കാനുള്ള സ്റ്റേ വാങ്ങുകയാണ് കൂടുതൽ സുരക്ഷിതം”

ശിഹാബ് ഉടനെ തന്നെ റിയാദിൽ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. എംബസി വെൽഫെയർ ഉദ്യോഗസ്ഥർ അടിയന്തിരമായി എത്തി ഹസീബിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ എത്തി ജയിൽ മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് എംബസ്സി സംഘം ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി. അതിന്റെ അടിസ്ഥാനത്തിൽ പ്രതിക്ക് കീഴ്‌ക്കോടതി ശിക്ഷക്കെതിരെ അപ്പീൽ നൽകാനുള്ള അനുവാദവും അപ്പീൽ നൽകുകയാണെങ്കിൽ അതിന്റെ വിധി വന്ന ശേഷം മാത്രമേ ശിക്ഷ നടപ്പിലാക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം അധികൃതർക്ക് നൽകി.

അപ്പീൽ നൽകാൻ അനുവാദം കിട്ടിയതോടെ ശിഹാബ് സ്വദേശി അഭിഭാഷകനുമായി വീണ്ടും ബന്ധപ്പെട്ടു. നന്നായി ശിഹാബ്. “അപ്പീൽ ഞാൻ തയ്യാറാക്കി തരാം. പക്ഷെ അനുകൂല വിധി കോടതിയിൽ നിന്നും ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. തെളിവുകൾ മുഴുവനും ഹസീബിന് എതിരാണ്. എന്തായാലും നമുക്ക് ശ്രമിക്കാം. നിങ്ങൾ നാളെ വരൂ”

പിറ്റേന്ന് സ്വദേശി അഭിഭാഷകൻ അപ്പീൽ തയ്യാറാക്കി ക്രിമിനൽ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറിൽ  അപ്പീൽ സമർപ്പിച്ചു. ആഴ്ചകൾക്ക് ശേഷം ഹസീബിന്റെ അപ്പീൽ കോടതി വിചാരണക്കായി എടുത്തു. എന്നാൽ പരിക്കേറ്റ അഹമ്മദിനെ എന്തിന് കടയിൽ പൂട്ടിയിട്ടുവെന്ന ചോദ്യം മേൽക്കോടതിയിലും പ്രസക്തമായി. അഹമ്മദിന് പരിക്കേറ്റിരുന്നു അറിഞ്ഞിരുന്നില്ല എന്ന ഹസീബിന്റെ നിലപാട് കോടതി നിരാകരിച്ചു.

ഹസീബിന് എതിരായുള്ള ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കീഴ്കോടതി വിധിയിൽ ഇടപെടാൻ അപ്പീൽ കോടതി വിസമ്മതിക്കുകയും വധശിക്ഷ ശരി വെക്കുകയും ചെയ്തു.

അന്ന് വൈകീട്ട് സ്വദേശി അഭിഭാഷകനായി ഇക്കാര്യം ശിഹാബ് ചർച്ച ചെയ്തു. “ശിഹാബ്, മേൽക്കോടതിയും ശിക്ഷ ശരി വെച്ചിരിക്കുന്നു. ഇനി ഇക്കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും ഇല്ല. ഇനി ഒരാൾക്ക് മാത്രമേ ഹസീബിന്റെ ശിക്ഷ ഒഴിവാക്കാനും ജീവൻ രക്ഷിക്കാനും സാധിക്കൂ. അത് മരണപ്പെട്ട അഹമ്മദ് അൽ ഖഹ്താനിയുടെ പിതാവാണ്”

“ഇനി നിങ്ങൾ സമയം കളയാതെ അദ്ദേഹത്തെ പോയി കാണൂ. അദ്ദേഹത്തിന് ക്രിമിനൽ നടപടി നിയമത്തിലെ സ്വകാര്യ അവകാശ നിയമ പ്രകാരമുള്ള നഷ്ടപരിഹാരം അതായത് ദിയാധനം നൽകേണ്ടി വരും. ദിയാധനം സ്വീകരിച്ച് അദ്ദേഹത്തിന് വധശിക്ഷ ഒഴിവാക്കണെമെന്ന് നിലപാടെടുക്കാം. പക്ഷെ ആ കാര്യത്തിലും കൂടുതൽ ഉറപ്പൊന്നും പറയാൻ സാധിക്കില്ല. സൗദിയിലെ ചില കുടുംബങ്ങൾ വളരെ അഭിമാനികളാണ്. എത്ര പണം ലഭിച്ചാലും ചിലപ്പോൾ നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യണമെന്നില്ല. എന്തായാലും നിങ്ങൾ അഹമ്മദിന്റെ പിതാവിനെ പോയി കാണൂ. അദ്ദേഹത്തിന് മാത്രമേ ഇനി ഹസീബിനെ രക്ഷിക്കാൻ കഴിയൂ”

പിറ്റേന്ന് ശിഹാബും ഒരു എംബസി ഉദ്യോഗസ്ഥനും കൂടി അഹമ്മദിന്റെ പിതാവിനെ കാണാനായി പോയി. ആദ്യഘട്ടത്തിൽ അവരെ അയാൾ സ്വീകരിച്ചിരുത്തി. എന്നാൽ വരവിന്റെ ഉദ്ദേശം മനസ്സിലായപ്പോൾ വൃദ്ധന്റെ മുഖം ചുവന്നു.

“നിങ്ങൾ എന്റെ വീട്ടിലേക്ക് വന്നപ്പോൾ സ്വീകരിച്ചത് എന്റെ ആതിഥ്യ മര്യാദ. എന്നാൽ നിങ്ങൾ വന്നത് എന്റെ മകന്റെ മരണത്തിന് ഉത്തരവാദിയായ ആ അജ്നബിക്ക് വേണ്ടി സംസാരിക്കാനാണ് എന്നറിഞ്ഞിരുന്നില്ല. എന്റെ മകന്റെ ജീവന്റെ വിലയായ ആ ദിയാധനം എനിക്കാവശ്യമില്ല. പണത്തിന് വേണ്ടി എന്റെ മകന്റെ ഘാതകന് മാപ്പു കൊടുക്കാനും ഞാൻ തയ്യാറല്ല. ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ. നിങ്ങൾക്ക് പോകാം”. നിർദ്ദയം അയാൾ പറഞ്ഞു.

നിരാശനായ ശിഹാബ് അവിടെ നിന്നും ഇറങ്ങി. ഇനി മുന്നിൽ വഴികളൊന്നും അവശേഷിക്കുന്നില്ല. കൃത്യത്തിന് ഇരയായ വ്യക്തിയുടെ രക്ത ബന്ധുക്കൾ മാപ്പു നൽകുന്നില്ലെങ്കിൽ രാജകുടുംബാംഗങ്ങൾക്ക് പോലും ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല.

ഇനി ഹസീബിനെ എങ്ങിനെ രക്ഷിക്കും. ശിഹാബിന് ഒരെത്തും പിടിയും കിട്ടിയില്ല.

അഹമ്മദിന്റെ പിതാവ് തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന കാര്യം ശിഹാബ് ഹസീബിന്റെ പിതാവ് അബ്ദുള്ളയെ അറിയിച്ചു. ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു അബ്ദുല്ലയുടെ മറുപടി. കൂടുതലായൊന്നും പറയാൻ ആ വൃദ്ധന് സാധിച്ചില്ല.

രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷം ശിഹാബ് വീണ്ടും അഭിഭാഷകനെ കണ്ടു ഹസീബിന്റെ ശിക്ഷ ഒഴിവാക്കാനുള്ള എന്തെങ്കിലും മാർഗത്തിനായി ചർച്ച നടത്തി.

“ശിഹാബ്, അഹമ്മദിന്റെ പിതാവിന്റെ ഭാഗത്ത് നിന്നും നീ ചിന്തിച്ചു നോക്കൂ. അയാൾ ആ നിലപാട് എടുത്തതിൽ നമുക്ക് തെറ്റ് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ആ നിലപാടിൽ അയാൾ ഉറച്ച് നിൽക്കും. നമുക്ക് ഒരു കാര്യം ഇവിടെ ചെയ്യാനുണ്ട്. അയാളെ കൊണ്ട് ഹസീബിന്റെ ഭാഗത്ത് നിന്നോ ഹസീബിന്റെ ബാപ്പയുടെ ഭാഗത്ത് നിന്നോ ചിന്തിക്കാനുള്ള ഒരു അവസരം നമ്മൾ ഉണ്ടാക്കണം. എങ്കിൽ മാത്രമേ അയാളുടെ നിലപാടിൽ മാറ്റം വരൂ. അതെങ്ങിനെ ആവാമെന്ന് ചിന്തിക്കൂ. നമ്മുടെ മുന്നിൽ അധികം ദിവസങ്ങളില്ല”. അഭിഭാഷകൻ പറഞ്ഞു.

ആ വാക്കുകൾ ശിഹാബിൽ ഒരു നേരിയ പ്രതീക്ഷ ഉണ്ടാക്കി. കാര്യങ്ങൾ കൈവിട്ടു പോയിട്ടില്ലെന്നും അവസാന നിമിഷം വരെ ഹസീബിന്റെ ജീവൻ രക്ഷിക്കാൻ താൻ ശ്രമിക്കുമെന്നും ശിഹാബ് ഉറപ്പിച്ചു.

അഹമ്മദിന്റെ പിതാവ് ഹസീബിന് മാപ്പ് നൽകാൻ ഉദ്ദേശമില്ലെന്ന് വ്യക്തമായതോടെ ശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങളുമായി അധികൃതർ മുന്നോട്ട് പോയി. തിയ്യതി നിശ്ചയിച്ചു ഹസീബിനെ അറിയിച്ചു. തന്റെ ജീവൻ ഇവിടെ തന്നെ ഒടുങ്ങുമെന്ന് ഹസീബിന് ഉറപ്പായി.

ഹസീബിന്റെ ജീവൻ ഏതു വിധേനയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശിഹാബ് സംഭവം നടന്ന ബക്കാല സന്ദർശിച്ചു. ഹമീദ് അപ്പോഴും അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഹമീദിനോട് ശിഹാബ് വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.

“സത്യത്തിൽ ആ സംഭവം ഒരു കയ്യബദ്ധം ആയിരുന്നു. അഹമ്മദ് ആയിരുന്നു കാറിൽ നിന്നും വടിയെടുത്ത് ഹസീബിനെ ആദ്യം ആക്രമിച്ചത്. ഹസീബ് അടി കിട്ടാതിരിക്കാൻ വേണ്ടിയാണ് സ്വയ രക്ഷക്ക് ഓടി രക്ഷപ്പെടാൻ നോക്കിയത്. ഹസീബ് തിരിച്ച് ഒരടി പോലും അടിച്ചിട്ടില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഡോറിന് മുന്നിൽ നിന്നിരുന്ന അഹമ്മദിനെ തള്ളിയിരുന്നു. ആ തള്ളലിലാണ് അഹമ്മദ് തലയിടിച്ചു വീണത്. പോലീസിൽ വിവരം അറിയിക്കാനും പോലീസ് എത്തുന്നതിന് മുൻപായി അഹമ്മദ് രക്ഷപ്പെടാതിരിക്കുന്നതിനുമാണ് ഹസീബ് കടയുടെ ഷട്ടർ താഴ്ത്തി പൂട്ടിയത്” ഹമീദ് പറഞ്ഞു.

“ഈ വിവരങ്ങളൊക്കെ ഹമീദിനോട് ഹസീബ് പറഞ്ഞതല്ലേ. അത് ശരിയായിരിക്കണം എന്ന് നിർബന്ധമില്ലല്ലോ. കുറ്റം ചെയ്ത എല്ലാവരും പിടിയിലാകുന്ന സമയത്ത് താൻ കുറ്റം ചെയ്തിട്ടില്ല എന്നല്ലേ പറയുക”

“ശരിയാണ്. പക്ഷെ സംഭവം നടക്കുന്ന സമയത്ത് ബക്കാലയിൽ ബംഗ്ളാദേശികൾ നാല് പേരോളം ദൃസ്സാക്ഷികളായി ഉണ്ടായിരുന്നു. അവരാണ് കൂടുതൽ കാര്യങ്ങൾ പിന്നീട് എന്നോട് പറഞ്ഞത്. പക്ഷെ അവർക്ക് നിയമ നടപടികൾ പേടിയായിരുന്നു. അതിനാൽ അവർ സംഭവ സ്ഥലത്ത് നിന്നും ഉടനെ തന്നെ പൊയ്ക്കളഞ്ഞു”.

ഹമീദിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ശിഹാബിന്റെ മനസ്സിൽ പ്രതീക്ഷയുടെ കിരണങ്ങൾ ഉണ്ടാക്കി. “ഹമീദ്, സംഭവം നടക്കുന്ന സമയത്ത് ദൃസാക്ഷിയായിരുന്ന ആ നാല് പേർ ഇപ്പോഴും ഇവിടെയുണ്ടോ?”

“അവരിൽ രണ്ടു പേർ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോയി. രണ്ടു പേർ അന്ന് ജോലി ചെയ്തിരുന്ന കമ്പനിയിൽ തന്നെയാണ് തുടരുന്നത്. ബംഗാളികളാണ്. അവരുടെ ലേബർ ക്യാമ്പും ഇവിടെ അടുത്തു തന്നെയാണ്”

“ഹമീദ്, അവരെ എനിക്കൊന്ന് കാണാൻ സാധിക്കുമോ? അവരുമായി എനിക്കൊന്നു സംസാരിക്കണം”.

“ഹസീബിന്റെ കാര്യമായതിനാൽ ഞാൻ കൂടെ വരാം. അവരെ കാണിച്ചു തരാം. പക്ഷെ അവർ സഹകരിക്കുമോ എന്നറിയില്ല”

ശിഹാബ് ഹമീദിനെയും കൂട്ടി ലേബർ ക്യാംപിലെത്തി. സംഭവം നേരിട്ട് കണ്ടവരെ കണ്ടു. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഹമീദ് പറഞ്ഞത് തന്നെയാണ് അവർക്കും പറയാനുണ്ടായിരുന്നത്. അഹമ്മദാണ് ഹസീബിനെ ആക്രമിച്ചതെന്നും ഹസീബ് ഒരിക്കലും തിരിച്ച് ആക്രമിച്ചില്ലെന്നും ഓടി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും അവർ പറഞ്ഞു.

“നിങ്ങൾ ഒരു ഉപകാരം കൂടി ചെയ്യണം. ഇക്കാര്യങ്ങൾ അഹമ്മദിന്റെ പിതാവിനോട് കൂടെ ഒരിക്കൽ കൂടി പറയണം. ഞങ്ങൾ ഒരിക്കൽ സംസാരിച്ചതാണ്. അന്ന് അദ്ദേഹം വഴങ്ങിയില്ല. അതിനാൽ ഹസീബിന്റെ ശിക്ഷ ഉടനെ നടപ്പാക്കാൻ സാധ്യതയുണ്ട്. സംഭവത്തിന് ദൃസ്സാക്ഷികളായ നിങ്ങൾ നേരിൽ കണ്ട കാര്യങ്ങൾ അദ്ദേഹത്തിനോട് പറഞ്ഞാൽ ഒരുപക്ഷെ എന്തെങ്കിലും ഫലം ഉണ്ടായാലോ. ദയവായി നിങ്ങൾ എന്റെ കൂടെ വരണം”

“സാർ, ഞങ്ങൾ ഇവിടെ ജീവിക്കാൻ വേണ്ടി തൊഴിൽ ചെയ്യാൻ ബംഗ്ളാദേശിൽ നിന്നും വന്നതാണ്. കേസും കാര്യങ്ങളുമായി നടക്കാൻ ഞങ്ങൾക്ക് പേടിയാണ്. അതുകൊണ്ടാണ് സംഭവം നടന്ന ഉടൻ ഞങ്ങൾ അവിടെ നിന്നും പോലീസ് വരുന്നതിന് മുൻപായി ഓടി മാറിയത്”

“നിങ്ങൾക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ല. ഈ കേസിന്റെ നിയമ നടപടികൾ ഒക്കെ കഴിഞ്ഞു. ഇനി വിധി നടപ്പാക്കൽ മാത്രമേ ബാക്കിയുള്ളൂ. ഞാൻ നിങ്ങളെ കൊണ്ട് പോകുന്നത് പോലീസ് സ്റ്റേഷനിലേക്കല്ല. അഹമ്മദിന്റെ പിതാവിന്റെ അടുക്കലേക്കാണ്. അദ്ദേഹത്തോട് നിങ്ങൾ സത്യം മാത്രം പറഞ്ഞാൽ മതി. അതിലൂടെ രക്ഷപ്പെടുന്നത് ഒരു ജീവനാണ്”.

“ഇല്ല സാർ. ഞങ്ങൾ വരില്ല. ഞങ്ങൾക്ക് പേടിയാണ്. ഞങ്ങൾ ഒന്നും കണ്ടിട്ടുമില്ല. കേട്ടിട്ടുമില്ല. ഇനി ഇക്കാര്യം പറയാനായി നമ്മൾ തമ്മിൽ കാണുകയും വേണ്ട”

ശിഹാബ് ഏറെ നിർബന്ധിച്ചിട്ടും അവർ കൂടെ വരാൻ തയ്യാറായില്ല. ഒടുവിൽ നിരാശനായി ശിഹാബ് തിരിച്ചു പോന്നു.

ഒരു അവസാന ശ്രമം എന്ന നിലയിൽ അന്ന് ശിഹാബ് ഒരിക്കൽ കൂടി അഹമ്മദിന്റെ പിതാവിനെ കാണുന്നതിനായി പോയി. പക്ഷെ അയാൾ ശിഹാബിനെ കാണാനോ സംസാരിക്കാനോ തയ്യാറായില്ല. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടത്തിൽ നിരാശനായ ശിഹാബ് തിരിച്ചു പോന്നു.

 

വിധി നടപ്പാക്കുന്ന ദിവസം എത്തി. തലേന്ന് തന്നെ ആവശ്യമായ നിർദ്ദേശങ്ങൾ ഹസീബിന് ജയിൽ അധികൃതർ നൽകി. അന്ന് ഹസീബ് ഉറങ്ങിയില്ല. ഖുർആൻ പാരായണം ചെയ്തും നമസ്കരിച്ചും നേരം വെളുപ്പിച്ചു. പിറ്റേന്ന് പത്ത് മണിയോടെ ഹസീബിനെ കൃത്യം നടപ്പിലാക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി.

തളർന്നു പോയ ഹസീബിനെ രണ്ടു പേർ കൂടി താങ്ങി പിടിച്ചാണ് കൃത്യ സ്ഥലത്ത് എത്തിച്ചത്. വധശിക്ഷ നടപ്പിലാക്കുന്നത് കാണാനായി ആളുകൾ തടിച്ചു കൂടി. പോലീസുകാർ ആളുകളെ പിറകിലേക്ക് മാറ്റി നിർത്തി. മൃതദേഹം കൊണ്ട് പോകാനായി ആംബുലൻസ് തയ്യാറായി നിന്നു.

ആരാച്ചാർ എത്തി. സമ്മർദ്ദം കൊണ്ട് അർദ്ധ ബോധാവസ്ഥയിൽ ആയ ഹസീബിന്റെ മുഖം കറുത്ത തുണി കൊണ്ട് മൂടി. പിന്നീട് മുട്ട് കുത്തി മുഖം മുന്നിലേക്ക് നീട്ടി ഇരുത്തി. ആരാച്ചാർ വാൾ കയ്യിലെടുത്തു. ആളുകൾ അക്ഷമരായി നിന്നു.

പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു ശബ്ദം ഉയർന്നു.

“നിർത്തൂ, അയാളുടെ ശിക്ഷ നടപ്പാക്കരുത്”. ആൾക്കൂട്ടത്തിനിടയിൽ നിന്നും പെട്ടെന്ന് ഒരാൾ മുന്നോട്ട് ഓടി വന്നു.

“അയാളുടെ ശിക്ഷാ വിധി നടപ്പിലാക്കരുത്, ഞാൻ അയാളോട് ക്ഷമിച്ചിരിക്കുന്നു”. കൊല്ലപ്പെട്ട അഹമ്മദിന്റെ പിതാവായിരുന്നു അത്.

ശിക്ഷ കാണുന്നതിനായി ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ശിഹാബിന് ഈ കാഴ്ച വിശ്വസിക്കാനായില്ല.

“എന്റെ മകനാണ് തെറ്റ് ചെയ്തത്. ഇയാൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. നിരപരാധിയായ ഒരാളെ ഞാൻ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് തള്ളി വിട്ടാൽ എനിക്ക് ഇഹലോകത്തും പരലോകത്തും സ്വസ്ഥത ഉണ്ടാവില്ല. ഞാൻ അയാളോട് ക്ഷമിച്ചിരിക്കുന്നു. വിധി നടപ്പാക്കരുത്”. അഹമ്മദിന്റെ പിതാവ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ശിക്ഷ നടപ്പിലാക്കുന്നത് നേരിട്ട് കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം ഒരു നിമിഷം നിശ്ശബ്ദരായി. സെക്കന്റുകൾ നീണ്ട നിശബ്ദത. നിശ്ശബ്ദതക്കിടയിൽ ആളുകൾക്കിടയിൽ നിന്നും രണ്ടു കൈകൾ മുകളിലേക്കുയർന്നു. ശിഹാബിന്റേതായിരുന്നു ആ കൈകൾ. അടക്കാനാവാത്ത ആഹ്ലാദത്തോടെ പരിസരം മറന്നു കൊണ്ട് ശിഹാബ് തൊണ്ട പൊട്ടുമാറുച്ചത്തിൽ പറഞ്ഞു “അൽഹംദുലില്ലാഹ്”. തുടർന്ന് ആൾക്കൂട്ടം അതേറ്റു പറഞ്ഞു.

വൻ കരഘോഷത്തോടെയാണ് ജനക്കൂട്ടം അഹമ്മദിന്റെ പിതാവിന്റെ ആ പ്രഖ്യാപനത്തെ സ്വീകരിച്ചത്. തുടർന്ന് ഹസീബിനെ തുടർ നടപടികൾക്കായി ജയിലിലേക്ക് തന്നെ കൊണ്ട് പോയി.

അഹമ്മദിന്റെ പിതാവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് കൈകൾ പിടിച്ച് നന്ദി അറിയിച്ച ഷിഹാബിനോട് അഹമ്മദിന്റെ പിതാവ്‍ പറഞ്ഞു.

“നിങ്ങൾ നന്ദി പറയേണ്ടത് എന്നോടല്ല. അവരോടാണ്. അവരാണ് എന്നോട് അവസാന മണിക്കൂറിൽ എല്ലാം പറഞ്ഞത്”. അയാൾ പിന്നിലേക്ക് കൈചൂണ്ടി.

അവിടെ പിന്നിലായി താൻ കഴിഞ്ഞ ദിവസം സംസാരിച്ച ആ രണ്ടു ബംഗാളികളുടെ ചിരിക്കുന്ന മുഖം ശിഹാബ് കണ്ടു. ഒപ്പം ഹമീദിന്റെയും.

ആഹ്ലാദവും സന്തോഷവും സഹിക്കാൻ വയ്യാതെ തേങ്ങി പോയ ശിഹാബ് നിലത്ത് മുട്ടുകുത്തി കൈകൾ ആകാശത്തേക്ക് ഉയർത്തി പറഞ്ഞു

“അൽഹംദുലില്ലാഹ്, എന്റെ ഈ സഹോദരങ്ങൾക്ക് നീ അർഹിക്കുന്ന പ്രതിഫലം നൽകണേ നാഥാ”

അനുഭവങ്ങൾ

സുഹൃത്തിന്റെ ആത്മാർത്ഥതയും ബുദ്ധിയും മലയാളിക്ക് തുണയായി

Published

on

(2019 മെയ് മാസത്തിൽ സൗദിയിൽ ആലപ്പുഴ സ്വദേശിയെ മോഷണ കുറ്റത്തിന് കുറ്റക്കാരനായി കണ്ടെത്തി വലത് കൈപ്പത്തി മുറിച്ചു മാറ്റാൻ ഖമീസ് മുശൈത്ത് ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ അവലംബമാക്കിയാണ് ഈ കഥ. പിന്നീട് അപ്പീലിൽ ആ ശിക്ഷ നാല് വർഷം തടവും 400 അടിയുമാക്കി കുറച്ചു. ഈ കഥയിലെ കഥാപാത്രങ്ങളും സംഭാഷണങ്ങളും രംഗങ്ങളും സാങ്കല്പികവും കഥാകാരന്റെ ഭാവനയുമാണ്)

സൗദി പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിലെ ഉദ്യോഗസ്ഥന്റെ മുന്നിൽ അപേക്ഷിക്കുകയാണ് ഇഖ്ബാൽ തന്റെ കൂട്ടുകാരൻ സഹീറിന് വേണ്ടി. മോഷണ കേസിൽ പിടിയിലായി കഴിഞ്ഞ മൂന്ന് മാസമായി ജയിലിലാണ് സഹീർ. ഒടുവിൽ കോടതി പ്രതിയുടെ വലത് കൈപ്പത്തി വെട്ടി മാറ്റാൻ ശിക്ഷ വിധിച്ചിരിക്കുന്നു.

ഇഖ്ബാലിന്റെ സുഹൃത്തിന്റെ സ്‌പോൺസറുടെ ബന്ധുവാണ് ഈ ഉദ്യോഗസ്ഥൻ. ഇഖ്ബാൽ സുഹൃത്തിനോട് കെഞ്ചി പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തെ കാണാനൊരവസരം ലഭിക്കുന്നത്. സഹീർ നിരപരാധിയാണെന്ന് ഇഖ്ബാലിന് ഉറപ്പുണ്ടെങ്കിലും താനൊരു അജ്നബി ആയാതിനാൽ അതും പറഞ്ഞു പോലീസ് സ്റ്റേഷനിലേക്കോ മറ്റോ കയറി ചെല്ലാനുള്ള ധൈര്യം ഇഖ്ബാലിനില്ല.

അപ്പോഴാണ് സാഹിറിന്റെ കേസിൽ പബ്ലിക് പ്രോസിക്യൂഷനിലെ ഉന്നത ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ സ്‌പോൺസറുടെ ബന്ധുവാണെന്ന് അറിയുന്നത്. അതോടെ അദ്ദേഹത്തെ കണ്ട് വിവരങ്ങൾ ബോധിപ്പിക്കാനായി ശ്രമം. ഔദ്യോഗിക കാര്യം അനൗദ്യോഗികമായാണ് ബോധിപ്പിക്കാനുള്ളത് എന്നതിനാൽ ഓഫീസിലേക്ക് പോകാതെ പുറത്തെവിടെയെങ്കിലും വെച്ച് ഒന്ന് കാണാൻ അവസരം ഉണ്ടാക്കി തരാമെന്നും സുഹൃത്തിന്റെ സ്പോൺസർ ഉറപ്പ് നൽകി.

“ഇഖ്ബാലെ, മനാഫാണ്. പബിക് പ്രോസിക്യൂഷന്റെ മുദീർ എന്നും വൈകീട്ട് ഹൈവേക്ക് അടുത്തുള്ള ഇറ്റാലിയൻ കോഫീ ഷോപ്പിൽ വരും. അവിടെ പോയി കണ്ടോളാൻ എന്റെ സ്പോൺസർ പറഞ്ഞിട്ടുണ്ട്. പേടിക്കേണ്ട, പൊയ്ക്കോ” ബാബാ വിളിച്ചു പറഞ്ഞോളും.

വൈകീട്ട് ഇഖ്ബാൽ ഇറ്റാലിയൻ കോഫീ ഷോപ്പിന് സമീപം കാത്ത് നിന്നു. ഏറെ നേരത്തിന് ശേഷം മുദീർ വന്നു. കൂടെ രണ്ടു പേർ ഉണ്ടായിരുന്നത് കൊണ്ട് ഇഖ്ബാലിന് ഒന്നും സംസാരിക്കാനായില്ല. ഏതാണ്ട് അര മണിക്കൂറിന് ശേഷം മുദീർ പുറത്തു വന്നു. കാറിൽ കയറുന്ന സമയത്ത് ഇഖ്ബാൽ ഓടിച്ചെന്നു സ്വയം പരിചയപ്പെടുത്തി വിഷയം പറഞ്ഞു.

വളരെ സൗമ്യനായൊരു മനുഷ്യനായിരുന്നു അദ്ദേഹം. “ആ കേസിനെ സംബന്ധിച്ച എന്താണ് പറയാനുള്ളത് ഇഖ്ബാൽ” കാറിൽ നിന്നും ഇറങ്ങാതെ മുദീർ ചോദിച്ചു. ഇഖ്ബാൽ പറഞ്ഞു തുടങ്ങി.

“സർ, കഴിഞ്ഞ എട്ടു വർഷമായി എന്റെ കൂടെ ഒരു റൂമിൽ താമസിച്ച വ്യക്തിയാണ് സഹീർ. അവനിത് ചെയ്യില്ലെന്ന് എനിക്ക് അത്രയേറെ ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ സാറിനെ കണ്ട് ഈ വിവരങ്ങൾ പറയാമെന്ന് തീരുമാനിച്ചത്. എനിക്കും മറ്റേത് അജ്നബികളെ പോലെ അവൻ ജയിലിൽ കിടക്കട്ടെ, അവന്റെ കൈപ്പത്തി പൊയ്ക്കോട്ടേ എന്നൊക്കെ ചിന്തിക്കാമായിരുന്നു. പക്ഷെ മനസാക്ഷി സമ്മതിക്കുന്നില്ല സാർ”

“ഇഖ്ബാൽ, ആ ഫയൽ ഞാൻ വായിച്ചതാണ്. വിധിന്യായവും വായിച്ചു. കോടതി ശിക്ഷ വിധിക്കുന്നത് തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ്. പ്രതി കുറ്റം സമ്മതിച്ചു.

പ്രതിക്ക് സ്‌പോൺസറുടെ പൂർവ്വ വൈരാഗ്യമുണ്ട്. സ്പോൺസർക്ക് മുൻ ഇടപാടുകളിൽ 25000 റിയാൽ പ്രതി കൊടുക്കാനുണ്ട്. മോഷണ ശേഷം അയാൾ നാട് വിടാൻ ശ്രമിച്ചു. ഫൈനൽ എക്സിറ്റ് വിസയിൽ നാട്ടിലേക്ക് പോകാനായി ബോർഡിങ് പാസും ലഭിച്ച് ഇരുന്നിരുന്ന അയാളെ ഫ്ലൈറ്റ് പൊങ്ങുന്നതിനും പത്ത് മിനിറ്റ് മുൻപ് മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇതിൽ കൂടുതൽ തെളിവ് എന്താണ് വേണ്ടത്?

പക്ഷെ ഇഖ്ബാൽ, സൗദി പഴയ സൗദിയല്ല. നീ പറഞ്ഞ പോലെ കൈപ്പത്തി അങ്ങിനെയൊന്നും പോവില്ല. സാധാരണയായി താഴെ കോടതികൾ അങ്ങിനെ ശിക്ഷ വിധിക്കുമെങ്കിലും മേൽ കോടതിയിൽ അപ്പീൽ പോയാൽ ആ ശിക്ഷ റദ്ദാക്കി കൊടുക്കും. പകരം തടവു ശിക്ഷ അടിയും ലഭിക്കും. ഇപ്പോഴത്തെ പുതിയ നിയം പ്രകാരം പരസ്യമായുള്ള ചാട്ടയടിയും റദ്ദാക്കിയിട്ടുണ്ട്. നീ പറഞ്ഞ കേസിൽ വിധിക്കെതിരായ അപ്പീൽ നൽകാൻ ഏഴു ദിവസമാണ് കോടതി അനുവദിച്ചിട്ടുള്ളത്. നീ ഇവിടെ സംസാരിച്ച് സമയം കളയുന്നതിന് പകരം സുഹൃത്തിന് വേണ്ടി അപ്പീൽ കൊടുക്കാൻ ശ്രമിക്ക്”

“രേഖകളിലും മൊഴികളിലും തെളിവുകൾ അങ്ങിനെ ആയിരിക്കാം. പക്ഷെ അല്ലാഹുവിന്റെ കോടതിയിൽ അവൻ കുറ്റക്കാരാനാവില്ല സാർ. സാർ പറഞ്ഞ 25000 റിയാലിന്റെ സാമ്പത്തിക ഇടപാട് സഹീർ ഉണ്ടാക്കി വെച്ചതല്ല. മറ്റൊരു മലയാളി സുഹൃത്തിന് വേണ്ടി ജാമ്യം നിന്നപ്പോൾ അയാൾ ചതിച്ചതാണ്. പണം നഷ്ടപ്പെട്ടത് ലോക്കറിൽ നിന്നാണ്. ആ ലോക്കർ തകർത്തിട്ടില്ല സാർ. മാനേജർമാർക്ക് മാത്രം അറിയുന്ന പാസ്‌വേഡ് ഉള്ള ആ ലോക്കർ എങ്ങിനെയാണ് സാർ ഒരു സാധാരണ ജോലിക്കാരനായ സഹീറിന് തുറക്കാൻ സാധിക്കുക?”

ഇതെല്ലാം കേട്ടപ്പോൾ ഇഖ്ബാലിനെ ഒഴിവാക്കി കാറിന് കയറാൻ നിന്ന മുദീർ ഒരു നിമിഷം ചിന്തിച്ചു നിന്നു. അയാൾ ഇഖ്ബാൽ പറയുന്നത് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.

“സാർ എനിക്ക് ഒരു അര മണിക്കൂർ തന്നാൽ ഞാൻ എല്ലാ വിവരങ്ങളും പറയാം. അതുമൂലം രക്ഷപ്പെടുന്നത് ഒരു നിരപരാധിയും അയാളുടെ കുടുംബവുമാണ്. മനസ്സറിവില്ലാത്ത കുറ്റത്തിന് സാറിന്റെ വകുപ്പ് ഒരാളെ മോഷ്ടാവായി ചിത്രീകരിച്ചാൽ, അയാൾ മോഷ്ടാവല്ലെന്ന് ഉറപ്പുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെട്ടാൽ പരലോകത്ത് സാറിന്റെ അവസ്ഥ എന്തായിരിക്കും. ഇഹലോകത്ത് അയാളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും. അയാളുടെ കുട്ടികൾ മരണം വരെ തങ്ങളുടെ ബാപ്പ ഒരു മോഷ്ടാവാണെന്ന് തെറ്റിദ്ധരിക്കില്ലേ. നാട്ടുകാർ മുഴുവനും അയാളെ ഒരു ജീവിതകാലം മുഴുവനും മോഷ്ടാവായി കരുതില്ലേ.

ഞാൻ പറയുന്നത് കേൾക്കാൻ സാറിന് ദയവുണ്ടാകണം. ഇത് കേട്ട് കഴിഞ്ഞതിന് ശേഷം സഹീർ കുറ്റക്കാരനാണെന്ന് സാറിന് തോന്നുകയാണെങ്കിൽ യുക്തമായ തീരുമാനമെടുക്കാം. അല്ലെങ്കിൽ ഒരു പാവം ചെറുപ്പക്കാരന്റെയും കുടുംബത്തിന്റെയും നന്മക്കായി സാറിന് ചെയ്യാൻ സാധിക്കുന്നത് സത്യസന്ധമായി ചെയ്തു തരണം. ഇതൊരു അപേക്ഷയാണ് സാർ. എന്റെ ആരുമില്ലാത്ത, സ്നേഹം മാത്രം കൈമുതലായുള്ള ഒരു സഹജീവിക്ക് വേണ്ടിയുള്ള അപേക്ഷയാണ് സാർ. ഞാൻ പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നെങ്കിൽ മാത്രം എന്തെങ്കിലും ചെയ്‌താൽ മതി സാർ. ഇഖ്ബാൽ കൈകൂപ്പി കെഞ്ചുകയാണ്”

മുദീറിന്റെ മുഖം വിടർന്നു. കൂടുതൽ അറിയാനുള്ള ആകാംക്ഷ കൊണ്ടാകാം, മുദീർ ഇഖ്ബാലിനെയും കൊണ്ട് അടുത്തുള്ള കോഫീ ഷോപ്പിലേക്ക് കയറി. ഇഖ്ബാലിനോട് എതിരെയുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു.

“ശരി. എന്താണ് സംഭവിച്ചതെന്ന് പറയൂ. പടച്ചവന്റെ മുന്നിൽ കുറ്റക്കാരനല്ലെങ്കിൽ ഈ പുണ്യഭൂമിയിൽ അയാൾ ശിക്ഷിക്കപ്പെടില്ല”

ഇഖ്ബാൽ പറഞ്ഞു തുടങ്ങി, സഹീർ ജയിലിലായ കഥ.

ഭാഗ്യമില്ലാത്തവനാണ് സഹീർ. ജീവിതത്തിൽ എപ്പോഴും തിരിച്ചടികൾ മാത്രം കിട്ടിയവർ. പക്ഷെ ആ തിരിച്ചടികളിൽ ഒന്ന് പോലും സഹീറിന്റെ തെറ്റ് കൊണ്ടായിരുന്നില്ല.

ഏഴു വർഷം മുൻപാണ് സഹീർ ജിദ്ദയിലെ റസ്റ്റോറന്റിൽ ജോലിക്കെത്തുന്നത്. ഡ്രൈവർ വിസയിൽ വന്ന സഹീർ ശമ്പളം കൃത്യമായി കിട്ടാതാകുകയും ജോലിഭാരം കൂടുകയും ചെയ്തതോടെയാണ് റസ്റ്റോറന്റിന്റെ സ്‌പോൺസർഷിപ്പിലേക്ക് താനാസിൽ മാറുന്നത്. പടിഞ്ഞാറൻ പ്രവിശ്യയിൽ കൂടുതൽ ശാഖകളുള്ള റസ്റ്റോറന്റ് ശൃംഖലയിൽ ശമ്പളം കൃത്യമായി നൽകിയിരുന്നത് കൊണ്ടാണ് സഹീർ വലിയ തുക പഴയ സ്‌പോൺസർക്ക് കൊടുത്ത് താനാസിൽ വാങ്ങിയത്.

രണ്ടു വർഷത്തിന് ശേഷം ഒരു തവണ സഹീർ വെക്കേഷന് നാട്ടിൽ പോയിരുന്നു. തിരിച്ചു വന്ന് രണ്ടു വർഷം തികയാറായപ്പോഴാണ് സഹീറിന്റെ ജീവിതത്തിലെ ആദ്യ ദുരനുഭവം ഉണ്ടാകുന്നത്. ജോലി കഴിഞ്ഞു തിരിച്ചു വന്ന സഹീർ ഭക്ഷണം കഴിക്കുന്നതിനിടക്കാണ് ആ കാര്യം എന്നോട് പറഞ്ഞത്.

“ഇഖ്ബാലെ, നമ്മുടെ ബ്രാഞ്ചിലെ ഡോർ ഡെലിവറി ചെയ്യുന്ന ഷറഫുദ്ദീന് നാട്ടിൽ നിന്നും ഒരു ഫാക്സ് വന്നിരുന്നു. അതും കയ്യിൽ പിടിച്ച് കരച്ചിലോടു കരച്ചിൽ. ഞാൻ വിവരം അന്വേഷിച്ചപ്പോഴാണ് പറയുന്നത് നാട്ടിൽ ഉമ്മാക്ക് സുഖമില്ലെന്ന്. ഉടൻ നാട്ടിലേക്ക് പോകണമെന്ന്. മാനേജരോട് ചോദിച്ചപ്പോൾ അങ്ങിനെ തോന്നുമ്പോഴൊക്കെ നാട്ടിൽ വിടാൻ പറ്റില്ലെന്നാണ് പറഞ്ഞത്”

“ഷറഫു നാട്ടിൽ പോയി വന്നിട്ട് മൂന്ന് മാസമല്ലേ ആയുള്ളൂ. അത് മാനേജർ സമ്മതിക്കുമെന്ന് തോന്നുന്നില്ല. സ്പോൺസർക്കാണെങ്കിൽ മാനേജർ പറയുന്നതിന് അപ്പുറമില്ലല്ലോ”

“മാനേജർ പറയുന്നത് ഒന്നുകിൽ വിസക്കും റിക്രൂട്ട്മെന്റിനും ചിലവായ 25000 റിയാൽ കെട്ടി വെക്കണം. അല്ലെങ്കിൽ ആ തുകക്ക് ആരെങ്കിലും ജാമ്യം നിൽക്കണം എന്നാണ്. അവൻ പോയാൽ തിരിച്ചു വന്നില്ലെങ്കിലോ എന്നാണ് മാനേജർക്ക് പേടി”

“ഇത് പോലെ മൂന്ന് പേർ മുൻപ് പോയിട്ട് തിരിച്ചു വന്നിട്ടില്ല. അത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യം ഇത്ര കർശനമാക്കിയത്”

“ഇഖ്ബാലെ, ഷറഫു എന്റെ മുന്നിൽ നിന്ന് കരയുകയായിരുന്നു. ഉമ്മാനെ ആശുപത്രിയിൽ കൊണ്ട് പോകാൻ പോലും വീട്ടിൽ വേറെ ആളില്ലെത്രെ. അവന്റെ ഭാര്യക്കാണെങ്കിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞു കിടപ്പിലുമാണ്. എന്നോടൊന്ന് ജാമ്യം നിൽക്കുമോന്നു ചോദിച്ചു. അവന്റെ ജ്യേഷ്ഠൻ അടുത്ത മാസം ഖത്തറിൽ നിന്നും വരുമത്രെ. വന്നാൽ അടുത്ത ദിവസം തന്നെ തിരിച്ചു വരാമെന്നും പറഞ്ഞു”

“സഹീറെ, ഷറഫു ആളത്ര ശരിയല്ല. രണ്ടോ മൂന്നോ തവണ അവനെ പല ക്രമക്കേടുകൾക്കും പിടിച്ചു മുന്നറിയിപ്പ് കൊടുത്തിട്ടുള്ളതാണ്. നീയെന്തു പറഞ്ഞു?”

“ഒരു മാസത്തെ കാര്യമല്ലേ ഉള്ളൂ സഹീറെ. ഞാൻ ആ പേപ്പറിൽ ഒപ്പിട്ടു കൊടുത്തു”

“സഹീറെ, നീയെന്തു ഭാവിച്ചാണ്. നീയെന്താണ് ചെയ്തതെന്ന് നിനക്കറിയോ. അതിന്റെ ഗൗരവം നിനക്കറിയോ”

“എന്ത് ഗൗരവം ഇഖ്ബാലെ, അവർ ഒരു മാസം കഴിഞ്ഞാൽ തിരിച്ചു വരും. ആ പേപ്പർ അവർ കാൻസലാക്കും. അതിലെന്താണ് ഇത്ര ഗൗരവം”

“അവൻ തിരിച്ചു വന്നില്ലെങ്കിലോ?”

“പേടിപ്പിക്കല്ലേ ഇഖ്ബാലെ അവൻ വരും. അവന്റെ ഉമ്മാടെ കാര്യത്തിനല്ലേ. അവരുടെ പ്രാർത്ഥന എനിക്കും കുടുംബത്തിനും കിട്ടും”

“സഹീറെ, ഇത് നമ്മുടെ നാടല്ല. എന്ത് കാര്യവും ചെയ്യുന്നതിന് മുൻപ് രണ്ടു വട്ടം ആലോചിക്കണം. ഒപ്പിട്ട് കൊടുക്കുന്നതിന് മുൻപ് അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് നീ അത് വായിച്ചോ. ഷറഫു എമർജൻസി വെക്കേഷന് പോയി തിരിച്ചു വന്നില്ലെങ്കിൽ അവൻ മൂലം സ്ഥാപനത്തിന് ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും നീ ഉത്തരവാദിയാണ് എന്ന് സമ്മതിച്ചു കൊണ്ടും ആ നഷ്ടം നിന്റെ ശമ്പളത്തിൽ നിന്നും ഈടാക്കാൻ സമ്മതമാണ് എന്ന് സമ്മതിച്ചു കൊണ്ടുമുള്ള പേപ്പറിലാണ് നീ ഒപ്പിട്ട് കൊടുത്തിട്ടുള്ളത്”

“പടച്ചോനെ, അവൻ തിരിച്ചു വന്നില്ലെങ്കിൽ എനിക്ക് ശമ്പളം കിട്ടില്ലേ?”

“സഹീറെ, അവൻ തിരിച്ചു വരാൻ പ്രാർത്ഥിക്ക്. ഇല്ലെങ്കിൽ 25000 റിയാലാണ് സാധാരണയായി ജാമ്യക്കാരിൽ നിന്നും ഈടാക്കുക. അത് മുഴുവനായി കിട്ടുന്നത് വരെ നിനക്ക് ഫുഡ് അലവൻസ് മാത്രം കിട്ടും. ബാക്കിയുള്ളതെല്ലാം നിന്റെ ജാമ്യ ഇടപാട് തീരുന്നത് വരെ അവർ പിടിച്ചു കൊണ്ടിരിക്കും. അത് തീർന്നാലേ ഇനി നിനക്ക് നാട്ടിൽ പോലും പോകാൻ പറ്റൂ”

“പടച്ചോനെ, എനിക്ക് അടുത്ത മാസം വെക്കേഷൻ പോകാനുള്ളതാണ്. ഷറഫു ചതിക്കോ ഇഖ്ബാലെ?”

“നീ പടച്ചോനോട് പ്രാർത്ഥിക്ക് സഹീറെ. ചെയ്തു പോയില്ലേ. ഇനി വരാനുള്ളത് നേരിടുക തന്നെ. മറ്റൊന്നും ചെയ്യാനില്ലല്ലോ”

“ഷറഫു അവനെ ചതിക്കുകയായിരുന്നു സാർ. എമർജൻസി വെക്കേഷന് പോയ ഷറഫു തിരിച്ചു വന്നില്ല. നാട്ടിലേക്ക് പോകാൻ പെട്ടി വരെ കെട്ടി വെച്ചതാണ് സഹീർ. എനിക്കിപ്പഴും ഓർമ്മയുണ്ട്”

 

ഷറഫു പിന്നീട് സൗദിയിലേക്ക് തിരിച്ചു വന്നില്ല. തിരിച്ചു വരേണ്ട തിയ്യതി കഴിഞ്ഞിട്ടും വരാതായപ്പപ്പോൾ ഫോണിലേക്ക് വിളിച്ചു നോക്കി. ആദ്യം ഒരു തവണ എടുത്തെങ്കിലും പിന്നെ ആ നമ്പറിൽ കിട്ടാതായി. നാട്ടിൽ നിന്നും സഹീറിന്റെ ബാപ്പ ഷറഫുവിന്റെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ ഷറഫു പറഞ്ഞതെല്ലാം കളവാണെന്ന് മനസ്സിലായി. അയാളുടെ ഉമ്മക്ക് യാതൊരു അസുഖവും ഉണ്ടായിരുന്നില്ല. അയാൾ പുതിയ വിസയിൽ ഖത്തറിലേക്ക് പോയതായി അയാളുടെ ഉമ്മ പറഞ്ഞു.

അന്ന് ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ സഹീറിന്റെ മുഖം വിളറിയിരുന്നു.

“ഷറഫു എന്നെ ചതിച്ചെടാ ഇഖ്ബാലെ. അവന്റെ ഉമ്മാക്ക് ഒരു അസുഖവും ഇല്ലായിരുന്നു. അവൻ ഖത്തറിൽ കൂടുതൽ ശമ്പളമുള്ള ജോലി കിട്ടിയപ്പോൾ പോകാൻ വേണ്ടിയാണ് ഇവിടെ ഉമ്മാക്ക് സുഖമില്ലെന്നൊക്കെ പറഞ്ഞു അഭിനയം നടത്തിയത്”

“മാനേജർ അറിഞ്ഞോ ഇതൊക്കെ?”

“അറിഞ്ഞു. എന്നെ വിളിപ്പിച്ചു. ഇനി മുതൽ എല്ലാ മാസവും 300 റിയാൽ ഫുഡ് അലവൻസായി മാത്രം കിട്ടുള്ളൂ. 1500 റിയാൽ എല്ലാ മാസവും ഷറഫുവിന്റെ ജാമ്യതുകയിലേക്ക് പിടിക്കും. 25000 റിയാൽ കൊടുത്ത് തീർത്താൽ മാത്രമേ ഇനി എനിക്ക് നാട്ടിലേക്ക് വെക്കേഷൻ പോകാൻ പോലും സാധിക്കൂ. എന്തൊരു പരീക്ഷണമാണ് പടച്ചോനെ ഇത്. ഇനി എനിക്ക് വെക്കേഷൻ പോകാൻ ഇനി എന്താ ചെയ്യാ ഇഖ്ബാലെ”

“ഒന്നുകിൽ ജാമ്യമായി നിന്ന 25000 റിയാൽ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് സ്പോൺസർക്ക് കൊടുക്കുക. അല്ലങ്കിൽ മാസം തോറും അവർ തുക പിടിച്ച് ആ തുക വസൂലാക്കും. അതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല സഹീറെ. ഇനി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. സ്വന്തം കാര്യം നോക്കി ജീവിക്കുക”

ഇഖ്ബാൽ തുടരുകയായിരുന്നു. ഓഫീസർ ക്ഷമയോടെ കേട്ട് കൊണ്ടിരുന്നു.

“സാർ മുൻപ് പറഞ്ഞ സ്പോൺസറുമായുള്ള ആ സാമ്പത്തിക ഇടപാട് ഇതാണ്. അത് സഹീർ പണം തിരിമറി ചെയ്തതോ ക്രമക്കേട് കാണിച്ചതോ അല്ല. അവൻ ചതിക്കപ്പെട്ടതാണ്. ആ ഇടപാടാണ് സാമ്പത്തിക ക്രമക്കേട് എന്ന നിലയിൽ ഇപ്പോഴത്തെ കേസ് ഡയറിയിൽ കയറിട്ടുള്ളത് സാർ. ഇതാണ് അവന്റെ പൂർവ്വ കാല ചരിത്രം മോശമാണ് എന്ന രീതിയിൽ സ്പോൺസറോടുള്ള വൈരാഗ്യം തീർക്കാൻ മോഷണ, നടത്തിയതിന് കാരണമായി കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് സാർ”

“അസ്തഗ്ഫിറുള്ളാ… ഓഫീസർ സ്വയം പറഞ്ഞു. തുടരൂ ഇഖ്ബാൽ, കൂടുതൽ പറയൂ..”

“ആ തവണയും പിന്നീട് രണ്ടു വർഷവും ഈ ഇടപാട് മൂലം സഹീറിന് വെക്കേഷന് പോകാൻ സാധിച്ചില്ല. ഹോട്ടലിലെ ജോലി സമയം കഴിഞ്ഞും വെള്ളിയാഴ്ചകളിലും മറ്റുള്ള ചെറിയ ജോലികൾ ചെയ്തും പലരിൽ നിന്നും പണം കടം വാങ്ങിയുമാണ് സഹീർ നാട്ടിലേക്ക് ചിലവിനുള്ള പണം അയച്ചു കൊടുത്തിരുന്നത്. പലപ്പോഴും ഞാനാണ് പണം കൊടുത്തിരുന്നത്. എവിടെ നിന്നെങ്കിലും കിട്ടുമ്പോൾ തിരിച്ചു തരും. ഇവിടുത്തെ കാര്യങ്ങൾ ഒരിക്കലും വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഈ ജാമ്യ ഇടപാട് ഭാര്യക്ക് പോലും അറിയില്ല. അവൻ പറഞ്ഞിട്ടില്ല”

“ഏതാണ്ട് നാല് വർഷം ആകാറായപ്പോഴാണ് സഹീറിന്റെ ജാമ്യഇടപാടിലെ കടം തീർന്നത്. അതിന് ശേഷം സ്പോൺസർ സഹീറിന് വെക്കേഷൻ പോകാൻ അനുവാദം നൽകി. നാല് മാസമേ ആയിട്ടുള്ളൂ മുഴുവൻ ശമ്പളവും കിട്ടാൻ തുടങ്ങിയിട്ട്. പണമില്ലായിരുന്നു എന്നത് ശരി തന്നെയാണ്. പക്ഷെ മോഷ്ടിക്കേണ്ട കാര്യം അവനില്ല. എനിക്ക് കിട്ടിയ ഒരു ലോൺ തുകയായ 15000 റിയാൽ ഞാനവന് വായ്പയായി കൊടുത്തിരുന്നു”

“നാട്ടിലേക്ക് പോകുന്ന അന്ന് സഹീർ വളരെ സന്തോഷവാനായിരുന്നു സാർ. ഒരാൾ കളവ് ചെയ്തിട്ടുണ്ടെകിൽ ചെറിയ ഒരു പരിഭ്രമം എങ്കിലും ഉണ്ടാവില്ലേ. സഹീറിൽ ഒരു ചെറിയ പരിഭ്രമം പോലും ഞാൻ കണ്ടില്ല സാർ”

“അത് വ്യക്തികളെ ആശ്രയിച്ചിരിക്കും ഇഖ്ബാൽ. പലർക്കും പല തരത്തിലുള്ള സ്വഭാവമാണ് ഉണ്ടാവുക. ജനറലായി അതിനെ വിലയിരുത്താൻ സാധിക്കില്ല” മുദീർ പറഞു.

“ശരിയാണ് സാർ. എനിക്ക് സഹീറിനെ വർഷങ്ങളായി അറിയാം. മറ്റുള്ളവർക്ക് പോലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ടെൻഷൻ ഉണ്ടാകുന്ന വ്യക്തിയാണ്”

“ഇഖ്ബാൽ. സഹീർ എന്ന വ്യക്തിയുടെ സ്വഭാവ സവിഷേതകൾ കേൾക്കാൻ എനിക്ക് നേരമില്ല. അയാൾ പിടിക്കപ്പെട്ടത് വ്യാജമായ ആരോപണങ്ങൾ കൊണ്ടാണ് എന്ന് വ്യക്തമാക്കുന്ന എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ തെളിവ് സഹിതം പറയൂ. ഇല്ലെങ്കിൽ എന്റെ സമയം മിനക്കെടുത്താതിരിക്കൂ”

“സോറി സാർ. തെളിവുകൾ ഉണ്ട് സാർ. ഓരോന്നായി പറയാം സാർ. നഷ്ടപ്പെട്ടുവെന്ന് പറയുന്ന പണം നഷ്ടപ്പെട്ടത് സ്ഥാപനത്തിന്റെ ലോക്കറിൽ നിന്നാണ്. ആ ലോക്കർ പാസ്‌വേഡ് ഉപയോഗിച്ച് മാത്രം തുറക്കാൻ സാധിക്കുന്ന ഒന്നാണ്. അത് കുത്തി തുറന്നല്ല പണം എടുത്തിരിക്കുന്നത്. പാസ്‌വേഡ് ഉപയോഗിച്ചാണ് തുറന്നിരിക്കുന്നത്. ആ പാസ്‌വേഡ് എങ്ങിനെയാണ് സഹീറിന് അറിയുക സാർ”

ആ ലോക്കർ സ്ഥിരം ഉപയോഗിക്കുന്ന രണ്ടു പേർക്ക് മാത്രമാണ് അതിന്റെ പാസ്‌വേഡ് അറിയുക. അവരാണ് സഹീറിന് എതിരായി മൊഴി കൊടുത്തിരിക്കുന്നത്. ആ പാസ്‌വേഡ് സഹീറിന് അറിയുമെങ്കിൽ തന്നെയും അതാരാണ് സഹീറിന് പറഞ്ഞു കൊടുത്തത്, പാസ്‌വേഡ് സഹീറിന് ലഭിക്കാനുണ്ടായ സാഹചര്യം എന്താണ് എന്നതിനെ കുറിച്ചൊന്നും ആരും പറഞ്ഞിട്ടില്ല. അന്വേഷണം നടന്നിട്ടില്ല”

“താങ്കൾ പറയുന്നത് ശരിയാണ് ഇഖ്ബാൽ. തുടരൂ”

“സാർ, ആ ഹോട്ടലിൽ ബാത്റൂമുകളിൽ ഒഴിച്ച് മറ്റു എല്ലായിടത്തും സിസിടിസി കൾ ഉണ്ട്. മോഷണം നടന്നുവെന്ന് പറയുന്ന ദിവസങ്ങളിൽ ദൃശ്യങ്ങളിൽ ആ സിസിടിവി യിൽ ഉണ്ടായിരിക്കേണ്ടതല്ലേ സാർ. അത് പരിശോധിച്ചാൽ യഥാർത്ഥ മോഷ്ടാവിനെ തിരിച്ചറിയാൻ സാധിക്കില്ലേ സാർ”

“സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു ഇഖ്ബാൽ. സംഭവം നടക്കുന്നതിന് ഒരാഴ്ച്ച മുൻപ് മുതലുള്ള ദൃശ്യങ്ങൾ സിസിടിവി യിൽ ഇല്ല. സിസിടിവി പ്രവർത്തിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടിൽ കണ്ടത്”

“ആ മൊഴികൾ യഥാർത്ഥത്തിൽ ഉള്ളതാവാൻ സാധ്യത കാണില്ല സാർ. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി കളിൽ ലോക്കറിന് സമീപത്തെ സിസിടിവികൾ മാത്രം പ്രവർത്തിക്കാതായത് എന്താണ് സാർ. കാഷ് കൗണ്ടറിനും ലോക്കറിനും അഭിമുഖമായുള്ള സിസിടിവികൾ ആണ് ആഹോട്ടലിൽ ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. ആ സിസിടിവികൾ ഒരാഴ്ചയായി പ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ തകരാറ് നേരെയാക്കാൻ ആരും ആ ദിവസങ്ങളിൽ ഉത്സാഹം കാണിക്കാതിരുന്നത് എന്താണ് സാർ”

ഓഫീസർ മുന്നോട്ട് നീങ്ങിയിരുന്നു. ഇഖ്ബാൽ പറയുന്നത് കഴമ്പുള്ള വാക്കുകളാണെന്ന് മനസ്സിലായി. കൂടുതൽ ശ്രദ്ധയോടെ അയാൾ ഇഖ്ബാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ട് കൊണ്ടിരുന്നു.

“കാഷ് കൗണ്ടറിനും ലോക്കറിനും അഭിമുഖമായുള്ള സിസിടിവികൾ പ്രവർത്തിക്കുന്നില്ല എന്ന മൊഴികൾ മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് സാർ. ആ സിസിടിവി ഹാർഡ് ഡിസ്‌ക്കുകൾ കസ്റ്റഡിയിൽ എടുത്തിട്ടില്ല. പരിശോധിച്ചിട്ടില്ല. ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞതാണെങ്കിൽ തന്നെയും ആ ദൃശ്യങ്ങൾ പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് റിക്കവർ ചെയ്തെടുക്കാൻ സാധിക്കും സാർ. ആ വഴിക്കും അന്വേഷണം നടന്നിട്ടില്ല സാർ”

ഇഖ്ബാലിനെ സാകൂതം നോക്കിയിരിക്കുകയാണ് ഓഫീസർ. ഒരു സാധാരണ അജ്നബി സംസാരിക്കുന്ന പോലെയല്ല ഇഖ്ബാൽ സംസാരിക്കുന്നത്. “ഇഖ്ബാൽ, താങ്കൾ സംസാരിക്കുന്നത് ഒരു ഐ ടി വിദഗ്ധനെ പോലെയാണ്. നിങ്ങൾ ഇൻഫർമേഷൻ ടെക്‌നോളജി പഠിച്ചിട്ടുണ്ടോ?”

“ഇല്ല സാർ. എനിക്ക് ഒരു സാധാരണ ബിരുദം മാത്രമാണ് ഉള്ളത്. ഇപ്പോൾ എന്റെ നിയ്യത്ത് സഹീറിന്റെ കേസിലെ ദുരൂഹതകൾ നീക്കുക എന്നത് മാത്രമാണ്. അവൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അവനെ ശിക്ഷയിൽ നിന്നും രക്ഷിക്കാൻ പരമാവധി ശ്രമിക്കണം. അതിനായി ഈ കാര്യങ്ങൾ ഞാൻ വ്യക്തമായി ചോദിച്ചറിഞ്ഞു പഠിച്ചതാണ് സാർ”

“ഓക്കേ. വളരെ നല്ലത്. പറയൂ ഇഖ്ബാൽ” ഓഫീസർ കൂടുതൽ ആകാംക്ഷാഭരിതനായി.

“മാത്രമല്ല, സഹീറിനെ അറസ്റ്റ് ചെയ്യുന്നത് വിമാനത്താവളത്തിൽ നിന്നുമാണ്. അവന്റെ പല വളരെ പ്രധാനപ്പെട്ട രേഖകളും മറ്റും എന്നെ ഏല്പിച്ചാണ് പോയത്. തന്റെ അർത്ഥം തിരിച്ചു വരാൻ വേണ്ടി തന്നെയാണ് സഹീർ പോയത് എന്ന് തന്നെയാണ്. കളവ് ചെയ്ത ആളാണെങ്കിൽ പിന്നീട് തിരിച്ചു വരാൻ പദ്ധതി ഉണ്ടാകുമോ സാർ”

“മാത്രമല്ല അറസ്റ്റ് ചെയ്യുന്ന സമയത്ത് സഹീറിൽ നിന്നും ബാഗേജിൽ നിന്നും കണ്ടെടുത്തത് രണ്ടായിരം റിയാൽ മാത്രമാണ്. അത് ഞാൻ കടമായി നൽകിയ പണത്തിന്റെ ബാക്കി പണമാണ്. മറ്റുള്ള പണമെല്ലാം തലേ ദിവസം മണി എക്സ്ചേഞ്ച് വഴി അയച്ചിരുന്നു. ഞാനും കൂടെ ഉണ്ടായിരുന്നുപണം അയക്കുമ്പോൾ. ഞാൻ നൽകിയ പണമില്ലാതെ മറ്റൊന്നും സഹീറിന്റെ പക്കൽ ഉണ്ടായിരുന്നില്ല”

“ഈ തെളിവുകളുടെയൊക്കെ അടിസ്ഥാനത്തിൽ സഹീർ നിരപരാധിയെന്ന് തെളിയിക്കാനാവുമെന്ന് ഇഖ്ബാൽ കരുതുന്നുണ്ടോ?” ഓഫീസർ ചോദിച്ചു.

“ഇത്രയും തെളിവുകൾ തന്നെ ധാരാളമല്ലേ സാർ. ഇവിടെ സഹീറാണ് പണം എടുത്തത് എന്നതിന് തെളിവില്ല. സഹീറിൽ നിന്നും ആ പണം കണ്ടെടുത്തിട്ടില്ല. സഹീർ ആ പണം ഉപയോഗിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല”

“അങ്ങിനെ കരുതാൻ തെളിവ് എന്താണ് ഇഖ്ബാൽ?”

“തെളിവുണ്ട് സാർ. സഹീറിനെ അറസ്റ്റ് ചെയ്യുന്നതിന് മുൻപോ പിൻപോ സഹീറിന്റെ താമസ സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടില്ല. സഹീറിന്റെ പണമിടപാടുകളെപ്പറ്റി അറിയുന്നതിനായി ബാങ്ക് അക്കൗണ്ടോ, പണം അയച്ചതിനെ സംബന്ധിച്ചോ ചിലവാക്കിയതിനെ സംബന്ധിച്ചോ അന്വേഷണം നടന്നിട്ടില്ല. ഒരു തെളിവും ലഭിച്ചിട്ടില്ല.

അതായത് സഹീർ പണം നാട്ടിലേക്ക് അയച്ചിട്ടില്ല. കൂടുതൽ പണം ഉപയോഗിച്ച് ഒരു സാധനവും സഹീർ വാങ്ങിയിട്ടില്ല. പിന്നെ എങ്ങിനെയാണ് സഹീറിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ മോഷണവുമായി ബന്ധിപ്പിക്കാൻ സാധിക്കുക സാർ”

“നിയമ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം അയച്ചിട്ടുണ്ടാവാൻ വഴിയില്ലേ?” മുദീർ ചോദിച്ചു.

“എന്റെ അറിവിൽ ഇല്ല സാർ. ആ വഴിക്ക് ഒരന്വേഷണവും നടന്നിട്ടില്ല സാർ. സഹീർ നിയമ വിരുദ്ധമായ മാർഗ്ഗത്തിലൂടെ പണം നാട്ടിലേക്ക് അയച്ചു എന്ന് പോലീസും പറഞ്ഞിട്ടില്ല സാർ”

“അപ്പോൾ മറ്റാരെങ്കിലുമാണ് മോഷ്ടിച്ചതാണ് എന്നാണോ ഇഖ്ബാൽ പറഞ്ഞു വരുന്നത് ? അതാരാണെന്ന് എന്തെങ്കിലും നിഗമനമോ തെളിവോ ഉണ്ടോ?”

“മറ്റാരെങ്കിലുമാണ് എന്ന് പറയാൻ എനിക്ക് കഴിയും. പക്ഷെ അത് ആരാണ് എന്ന് പറയാൻ ഞാൻ ആളല്ല സാർ. സഹീറല്ല അത് ചെയ്തത് എന്ന് മാത്രമേ എനിക്ക് പറയാൻ സാധിക്കൂ. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അക്കാര്യം തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. പക്ഷെ ആ തലത്തിലേക്കും അന്വേക്ഷണം നീളേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം സാർ”

“അതെങ്ങനെയാണ് ഇഖ്ബാൽ ?”

“അതെനിക്ക് പറയാൻ സാധിക്കില്ല സാർ. കാര്യങ്ങൾ വളരെ നിരീക്ഷിച്ച് കുറ്റവാളികളെ പിടികൂടുന്നവരാണ് സൗദി പോലീസ്. അവരെ എങ്ങിനെ അന്വേഷിക്കണമെന്ന് ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല സാർ”

“അപ്പോൾ സഹീറിന്റെ കുറ്റ സമ്മതം?”

“അന്യ രാജ്യത്ത്, നിയമ പാലകരുടെ പിടിയിൽ ദിവസങ്ങളോളം അകപ്പെടുന്ന ഒരു വ്യക്തിയുടെ മാനസിക നില ഒന്നാലോചിച്ചു നോക്കൂ സാർ. ചില സാഹചര്യങ്ങളിൽ പലതും സമ്മതിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാൻ സാധ്യതയില്ലേ സാർ”

“ശരി ഇഖ്ബാൽ. വിവരങ്ങൾ തന്നതിന് നന്ദി. ഇക്കാര്യത്തിൽ ഞാൻ വേണ്ടതു ചെയ്യാം. സഹീറിന്റെ കാര്യത്തിൽ നിങ്ങളും വേണ്ടത് ചെയ്യൂ. തല്ക്കാലം ശിക്ഷ നടപ്പിലാക്കാതിരിക്കുകയാണ് വേണ്ടത്. ഏഴു ദിവസമാണ് അപ്പീൽ നൽകാനായി കോടതി അനുവദിച്ചിട്ടുള്ള സമയം. നിങ്ങളുടെ എംബസ്സിയിൽ ഇക്കാര്യം അറിയിക്കണം. അവിടെ നിന്നുള്ളവർ ഇടപെട്ട് ഈ സമയത്തിനുള്ളിൽ തന്നെ കേസിൽ അപ്പീൽ കൊടുക്കണം. ശിക്ഷ കുറച്ചു കിട്ടുമെന്നുള്ളത് ഉറപ്പാണ്. ആധുനിക സൗദിയിൽ കൈവെട്ടലൊന്നും ഇല്ലെടോ.

കോടതിയിൽ കേസ് വരുമ്പോൾ ഇഖ്ബാൽ പറഞ്ഞ ഈ കാര്യങ്ങൾ മതി സഹീറിനെ രക്ഷപ്പെടുത്താനും വെറുതെ വിടാനും. പക്ഷെ അത് പോരാ ഇഖ്ബാൽ. പടച്ചവന്റെ ഈ പുണ്യഭൂമിയിൽ നിരപരാധിയുടെ കണ്ണീർ കാണാൻ ആഗ്രഹിച്ച ആളുകളും രക്ഷപ്പെട്ടു പോകരുത്. യഥാർത്ഥത്തിൽ ഈ കൃത്യം ചെയ്തത് ആരാണെന്ന് കണ്ടു പിടിക്കണം. അവരുടെ ഉദ്ദേശം എന്താണെന്ന് കണ്ടു പിടിക്കണം. ഇനി ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനായി കോടതിയിൽ നിന്നും അനുമതി വാങ്ങി പബ്ലിക് പ്രോസിക്യൂഷൻ ഈ ഫയൽ റീഓപ്പൺ ചെയ്ത് പുനരന്വേഷണം നടത്തും. സത്യവാന് നീതി കിട്ടും ഇഖ്ബാൽ. സമാധാനമായി പോവുക”

“ശുക്രൻ സാർ. പടച്ചവൻ താങ്കളെ അനുഗ്രഹിക്കട്ടെ”

ഇതിനകം തന്നെ സഹീറിന്റെ ശിക്ഷാ വാർത്ത സൗദിയിലെ മലയാളി പ്രവാസ മണ്ഡലങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നു. ഇന്ത്യൻ എംബസ്സി ഉണർന്ന് പ്രവർത്തിച്ചു. പ്രശ്ന പരിഹാരത്തിനായി ജിദ്ദ കോൺസുലേറ്റിന് ഇന്ത്യൻ അംബാസഡർ നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ കോൺസൽ വെൽഫയർ ഉദ്യോഗസ്ഥർ അടിയന്തരമായി ജയിലിൽ എത്തി സഹീറിനെ സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.

പിന്നീട് കോൺസുലേറ്റ് സംഘം ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തി. അതിന് ശേഷം മേഖലയിലെ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച്  കോൺസുലർ സംഘം നിവേദനവും നൽകി ശിക്ഷ നടപ്പാക്കുന്നത് അടിയന്തിരമായി സ്റ്റേ ചെയ്തു.

അപ്പീൽ നൽകുന്നതിനായി ഇഖ്ബാൽ മലയാളി സാമൂഹിക പ്രവർത്തകരെയും സംഘടനകളെയും നിരന്തരം കണ്ടു കൊണ്ടിരുന്നു. തുടർന്ന് അപ്പീലിൽ സഹീറിന്റെ ശിക്ഷ നാല് വർഷം തടവും നാന്നൂറ് അടിയുമാക്കി കുറച്ചു.

അതിനിടയിൽ തന്നെ പബ്ലിക് പ്രോസിക്യൂഷൻ സഹീറിന്റെ കേസിൽ പുനരന്വേഷണത്തിനായി അനുമതി നേടിയെടുത്തു. തെളിവുകൾ വീണ്ടും ഇഴകീറി പരിശോധിച്ചു. സിസിടിവിയുടെ ഹാർഡ് ഡിസ്ക് പരിശോധനയിൽ പ്രസ്തുത ദിവസങ്ങളിൽ അത് പ്രവർത്തിക്കാതിരുന്നത് മൂലം ആ രംഗങ്ങൾ ലഭ്യമായില്ല.

തുടർന്ന് ലോക്കർ കൈകാര്യം ചെയ്യാൻ അധികാരമുള്ള മാനേജരെയും രാവിലെയും വൈകീട്ടും ഡ്യൂട്ടി ഉണ്ടായിരുന്ന റിസപ്‌ഷനിസ്റ്റുകളെയും ചോദ്യം ചെയ്തു. അതിൽ നിന്നും കൂടുതൽ വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. തുടർന്ന് അധികൃതർ മാനേജരുടെ താമസ സ്ഥലം റെയ്ഡ് ചെയ്തു. പരിശോധനയിൽ ഒരു ലക്ഷത്തിൽ അധികം റിയാൽ അറബ് വംശജനായ അയാൾ നാട്ടിലേക്ക് അയച്ചതായി കണ്ടെത്തി. ആ തുകയുടെ സ്രോതസ് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അയാൾക്ക് സാധിച്ചില്ല.

താൻ മറ്റൊരാളിൽ നിന്നും കടം വാങ്ങി ബിസിനസ് ആവശ്യത്തിനായി നാട്ടിലെ പാർട്ണർക്ക് അയച്ചു കൊടുത്തതാണെന്ന് അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാൽ നാട്ടിൽ പണം കൈപ്പറ്റിയ വ്യക്തിയുടെ വിവരങ്ങൾ എടുത്തപ്പോൾ പണം കൈപ്പറ്റിയത് അയാളുടെ ഭാര്യയാണെന്ന് പണം കൈപ്പറ്റുമ്പോൾ നൽകിയ തിരിച്ചറിയൽ രേഖയിൽ നിന്നും തെളിഞ്ഞു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ അയാൾക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല. അയാൾ കുറ്റം സമ്മതിച്ചു. ലോക്കർ തുറന്നതും, പണം എടുത്തതും, സിസിടിവി ഓഫാക്കിയതും സ്‌പോൺസറെ തെറ്റിദ്ധരിപ്പിച്ച് സാഹിറിന്റെ പേരിൽ കളവായി പോലീസിൽ പരാതി നൽകിയതും അയാളാണെന്ന് തുറന്ന് പറഞ്ഞു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ അയാളെ അറസ്റ്റ് ചെയ്തു.

പബ്ലിക് പ്രോസിക്യൂഷൻ പുതിയ എല്ലാ തെളിവുകളും അടക്കം കോടതിയിൽ സമർപ്പിച്ചു. കേസ് വീണ്ടും പരിഗണിച്ച ക്രിമിനൽ കോടതിയുടെ മൂന്നംഗ ബഞ്ച് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി പകരം സഹീറിനെ നിരുപാധികം കുറ്റ വിമുക്തനാക്കി.

സഹീറിനെ സ്വീകരിക്കാൻ സ്പോൺസറും എത്തിയിരുന്നു. ജയിലിൽ നിന്നും പുറത്ത് വന്ന സഹീർ സ്‌പോൺസറുടെ മുന്നിൽ കൈകൂപ്പി നിന്നു. കണ്ണിൽ നിന്നും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.

സഹീറിനെ കെട്ടിപ്പിടിച്ചു ക്ഷമ ചോദിച്ച സ്പോൺസറോട് സഹീർ തനിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾക്ക് നന്ദി പറഞ്ഞു. ഒരു ചെറു ചിരിയോടെ കുറച്ചകലേക്ക് ചൂണ്ടിക്കാട്ടി സ്പോൺസർ പറഞ്ഞു.

നീ നന്ദി പറയേണ്ടത് എന്നോടല്ല. ദാ, ആ നിൽക്കുന്ന ആളിനോടാണ്. അയാൾ ഇല്ലായിരുന്നെങ്കിൽ നിനക്ക് നാല് വർഷവും ജയിലിനകത്ത് കിടക്കാമായിരുന്നു. ഇഖ്ബാലിനെ ചൂണ്ടിക്കാട്ടി സ്പോൺസർ പറഞ്ഞു.

അപ്പോഴാണ് ഇഖ്ബാൽ ജയിൽ ഗേറ്റിനരികെ ചിരിച്ചു കൊണ്ട് നിൽക്കുന്നത് സഹീറിന്റെ കണ്ണിൽ പെട്ടത്. ഇഖ്ബാലിന് അരികിലേക്ക് വേഗത്തിൽ ഓടിയ സഹീറിന്റെ തേങ്ങൽ അടുത്തെത്തിയപ്പോഴേക്കും ചെറിയ കരച്ചിലായി മാറിയിരുന്നു.

അപ്പോഴാണ് സഹീർ ശ്രദ്ധിച്ചത്, ഇഖ്ബാലിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു.

ഇഖ്ബാൽ ചിരിക്കുകയായിരുന്നില്ല, ചിരിച്ചു കൊണ്ട് കരയുകയായിരുന്നു.

Continue Reading

അനുഭവങ്ങൾ

അവിശ്വസനീയം മലയാളി കുടുംബത്തിന്റെ ഈ തിരിച്ചു വരവ്

Published

on

 

(രണ്ടു വർഷം മുൻപ് സൗദിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അവലംബമാക്കി എഴുതിയ ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും മറ്റും സ്വകാര്യതക്കായി മാറ്റിയിരിക്കുന്നു)

 

ഹബീബി, അസ്സലാമു അലൈക്കും” റിയാദിൽ നിന്നും അഹമ്മദ് അൽഗാംദിയാണ്.

“നീ പറഞ്ഞ റഫീഖിനെ കണ്ടു പിടിച്ചു. കേരളത്തിൽ മലപ്പുറം എന്ന സ്ഥലത്താണ് വീട്. റഫീഖിന്റെ ഭാര്യയും കുഞ്ഞും ഉമ്മയും സഹോദരിയും മാത്രമാണ് വീട്ടിൽ ഉള്ളത്”

“അൽഹംദുലില്ലാഹ്” ആശ്വാസത്തോടെ ജിദ്ദയിലെ ഓഫീസ് കാബിനിലെ മിസ്ഫർ അൽ ശമ്മാരി കസേരയിലേക്ക് ചാഞ്ഞു. 

കഴിഞ്ഞ ദിവസമാണ് റിയാദിലെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അഹമ്മദിനോട് ശമ്മാരി  ഇക്കാര്യം പറഞ്ഞത്. “അഹമ്മദ്, എന്ത് തന്നെയായാലും കേരളത്തിൽ റഫീഖിന്റെ കുടുംബത്തെ കണ്ടു പിടിക്കണം. ബാബാ കൊടുക്കാനുള്ള പണം ഏൽപ്പിക്കണം. ബാബയുടെ കണ്ണടയുന്നതിന് മുൻപ് അത് മാത്രമാണ് തനിക്കിനി ചെയ്യാനുള്ളത്. മറ്റെല്ലാം താൻ ചെയ്തു കഴിഞ്ഞു”

അഞ്ചു വർഷം മുൻപ് മാത്രമാണ് ബാബയുടെ അനാരോഗ്യം മൂലം നിർമ്മാണ കമ്പനിയുടെ സാരഥ്യം മിസ്ഫർ ഏറ്റെടുത്തത്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ സ്ഥാപനത്തെ ഇന്ന് സൗദിയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റാൻ മിസ്ഫറിന് കഴിഞ്ഞു. 

ബാബാ ഇപ്പോൾ തീരെ വയ്യാത്ത അവസ്ഥയിലാണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന അവസ്ഥ. നാല് ദിവസം മുൻപാണ് ബാബാ തന്നെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് റിയാദിൽ എത്താൻ ആവശ്യപ്പെടുന്നത്. 

“മോനേ, ബാബാക്ക് പടച്ചവന്റെ അടുക്കലേക്ക് പോകാൻ സമയമായി. പൊരുത്തമില്ലാത്ത ഒന്നും ബാബാ ഇന്ന് വരെ ചെയ്തിട്ടില്ല. ബാബാക്ക് ഓരു കടമിടപാട് കൂടി ബാക്കിയുണ്ട്. ബാബയ്ക്ക് ഈമാനോടെ മരിക്കാൻ മോൻ അത് ഒന്ന് ചെയ്തു തരണം”

“ബാബാ, പണം കൊടുക്കാനുള്ള ആളുടെ പേരും എത്ര രൂപ കൊടുക്കണമെന്നും മാത്രം പറഞ്ഞാൽ മാത്രം മതി. കൊടുക്കാനുള്ളതും ഒപ്പം ഒരു സമ്മാനവും കൂട്ടി കൊടുത്തേക്കാം. പടച്ചവന്റെ ബർക്കത്ത് കൊണ്ട് ഇപ്പോൾ നമുക്ക് എത്ര തുക ആയാലും കൊടുത്തു തീർക്കാൻ സാധിക്കുമെന്ന് ബാബക്കറിയാലോ” 

ബാബാ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയ്യുയർത്തി. ഫിലിപ്പൈൻസുകാരനായ വീട്ടു വീട്ടുവേലക്കാരൻ കിടന്നിരുന്ന ബാബയെ താങ്ങി കട്ടിലിലിൽ ഇരുത്തി. “അധികമൊന്നുമില്ല മോനേ. 40000 റിയാലാണ് കൊടുക്കാൻ ഉണ്ടായിരുന്നത്. അഞ്ചു വർഷം മുൻപ് ബാബാക്ക് വലിയ തുകയായിരുന്നു”

മിസ്ഫർ ചിരിച്ചു. “ബാബ ഇതിനാണോ എന്നോട് ജിദ്ദയിൽ നിന്നും റിയാദിലേക്ക് വരാൻ പറഞ്ഞത്. ഒരു ഫോൺ കാൾ മതിയായിരുന്നല്ലോ ബാബാ. അയാൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ഞാൻ പണം എത്തിച്ചു കൊടുക്കുമായിരുന്നില്ലേ”

കട്ടിലിൽ എഴുന്നേറ്റിരുന്ന ബാബാ ഫിലിപ്പൈൻസുകാരൻ കൊടുത്ത ഗുളികകൾ വായിലേക്കിട്ടു വെള്ളം കുടിച്ച് ഇറക്കി. അതിന് ശേഷം മിസ്ഫറിനോട് പറഞ്ഞു. “ഈ പണം മോന് ഇപ്പോൾ വലിയ തുകയല്ലെന്ന് ബാബക്ക് അറിയാം. നമ്മുടെ കമ്പനി സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നിരുന്ന അന്നെനിക്ക് അത് വലിയ തുകയായിരുന്നു. അന്ന് അയാൾ വെക്കേഷനിൽ പോകുമ്പോൾ ആ തുക കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. തിരിച്ചു വന്നിട്ട് നൽകാം എന്നാണ് ഞാൻ പറഞ്ഞത്” 

“പക്ഷെ ഇപ്പോൾ അയാൾ ജീവനോടെയില്ല. വെക്കേഷന് പോയ അയാൾ തിരിച്ചു വന്നില്ല. കേരളത്തിൽ വെച്ച് വാഹന അപകടത്തിൽ മരിക്കുകയായിരുന്നു”

മിസ്ഫർ ആശയ കുഴപ്പത്തിലായി. ഇനി പണം എങ്ങിനെ കൊടുക്കും. “ബാബാ പറഞ്ഞു, മിസ്ഫർ നീ കേരളത്തിലെ അയാളുടെ കുടുംബത്തെ കണ്ടു പിടിക്കണം. പണം അവരെ ഏൽപ്പിക്കണം. എങ്കിൽ എനിക്ക് സമാധാനമായി മരിക്കാം. ഇതെന്റെ ഒസ്യത്താണ്”

അഞ്ചു വർഷം മുൻപ് ഇന്ത്യയിലെ ഒരു സ്ഥലത്ത് മരിച്ചു പോയ ആളുടെ കുടുംബത്തെ എങ്ങിനെ കണ്ടു പിടിക്കും. “വിഷമിക്കേണ്ട ബാബാ. നമുക്ക് കണ്ടു പിടിക്കാം. എത്രയും പെട്ടെന്ന് ആളെ കണ്ടു പിടിച്ച് പണം നമ്മൾ കൊടുത്തിരിക്കും” മിസ്ഫർ ബാബയെ  സമാധാനിപ്പിച്ചു. 

പിറ്റേന്ന് തന്നെ മിസ്ഫർ ജിദ്ദയിലെ തന്റെ ഓഫീസ് ‌സെക്രട്ടറിയെ വിളിച്ചു. “അഞ്ചു വർഷം മുൻപുള്ള എംപ്ലോയീ ഫയലുകളിൽ കേരളത്തിൽ നിന്നുള്ള റഫീഖ് എന്നയാളുടെ ഫയൽ തിരയണം. ഫയൽ കിട്ടിയാൽ ഉടനെ അതിലെ പാസ്പോർട്ട് കോപ്പി എനിക്ക് അയക്കണം. വെരി അർജന്റ്”

ഒരു മണിക്കൂറിനുള്ളിൽ തന്നെ മിസ്ഫറിന്റെ വാട്സാപ്പിൽ റഫീഖിന്റെ പാസ്പോർട്ട് കോപ്പിയെത്തി. മിസ്ഫർ ഉടനെ സുഹൃത്തായ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ അഹമ്മദിനെ  വിളിച്ചു. “അഹമ്മദ് എനിക്ക് നിങ്ങളുടെ ഒരു സഹായം വേണം. ഇന്ത്യയിലെ കേരളത്തിൽ നിന്നും എന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത റഫീഖ് എന്നയാളുടെ കുടുംബം ഇപ്പോൾ ഇവിടെയുണ്ട് എന്നറിയണം. അയാൾ ഇപ്പോൾ ജീവനോടെയില്ല. അത്യാവശ്യമാണ്. ബാബയുടെ കമ്മിറ്റ്മെന്റാണ്. ബാബയുടെ കാര്യം അറിയാലോ. ഇന്നോ നാളെയോ എന്നാണ് അവസ്ഥ. ബാബയുടെ കണ്ണടയുന്നതിന് മുൻപ് എനിക്ക് ഈ കാര്യം ചെയ്തു കൊടുക്കണം”

“പാസ്പോർട്ട് കോപ്പി അയക്കൂ മിസ്ഫർ. നമുക്ക് ശ്രമിക്കാം” മിസ്ഫർ ഉടനെ തന്നെ റഫീഖിന്റെ പാസ്പോർട്ട് കോപ്പി അഹമ്മദിന് അയച്ചു കൊടുത്തു.

ഒരു മണിക്കൂറിനകം അഹമ്മദിന്റെ കോൾ എത്തി. “മിസ്ഫർ. പാസ്പോർട്ട് കോപ്പി ന്യൂഡൽഹിയിലെ സൗദി എംബസിയിൽ സുലൈമാൻ തുവൈജിരിക്ക് അയച്ചു കൊടുത്തിട്ടുണ്ട്. പ്രോപ്പർ ചാനലിലൂടെ പോയാൽ മാസങ്ങൾ എടുക്കും. അതിനാൽ ഓഫ് ദ റെക്കോർഡായി എത്രയും പെട്ടെന്ന് കണ്ടു പിടിച്ച് വിവരം അറിയിക്കണമെന്നും സുലൈമാനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സുലൈമാന് റിയാദിലുള്ള ഒരു സുഹൃത്തുണ്ട്. അയാളുടെ വീട് കോഴിക്കോട് ആണ്. അയാൾ ഇപ്പോൾ നാട്ടിൽ അവധിയിലുണ്ട്. അടുത്ത ദിവസം തന്നെ അയാൾ മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ പോയി അവരെ കണ്ടു പിടിക്കും. നമുക്ക് കാത്തിരിക്കാം”

“ശുക്രൻ ഹബീബി. എന്തെങ്കിലും വിവരം കിട്ടിയാൽ ഉടനെ വിളിക്കണം” മിസ്ഫർ അഹമ്മദിന് നന്ദി പറഞു. 

 

ഇത്താ, ഇതുവരെ ഒരു വഴിയും ആയില്ല. നാളെയാണ് അവസാന തിയ്യതി. ആരെങ്കിലും സഹായിക്കും എന്നായിരുന്നു പ്രതീക്ഷ. ഇനി ഒന്നും ചെയ്യാനില്ല ഇത്താ. ബാങ്ക് മാനേജരും കയ്യൊഴിഞ്ഞു. നാളെ ഒഴിഞ്ഞു കൊടുക്കേണ്ടി വരും” ബാങ്കിൽ നിന്നും ഗീതയാണ്. 

“പടച്ചവനേ ഈ ഗതി നീ ആർക്കും വരുത്തല്ലേ” 

കരളുരുകി ഹബീബ പ്രാർത്ഥിച്ചു. ഇന്ന് ഒരു ദിവസം കൂടി ഈ വീട്ടിൽ അന്തിയുറങ്ങാം. നാളെ രാവിലെ ബാങ്കിൽ നിന്നും ആളുകൾ വരുമ്പോൾ മാറി കൊടുക്കണം. വയസ്സായ ഉമ്മയേയും കിടപ്പു രോഗിയായ ഇത്താത്താനേയും ഈ കുഞ്ഞു മോനെയും കൊണ്ട് ഞാൻ എങ്ങോട്ട് പോകും? 

18 ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് ബാധ്യത ഒഴിവാകാൻ ആരുടെയെങ്കിലും സഹായമില്ലാതെ സാധിക്കില്ല. റഫീക്ക മരിച്ച ശേഷം ആഹാരത്തിന് തന്നെ ബുദ്ധിമുട്ടാണ്. ഇത്രയും കാലം ആരെങ്കിലും സഹായിക്കുമെന്നും എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്നും കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. 

റഫീഖിന്റെ മരണ ശേഷം വായ്പയുടെ തിരിച്ചടവിന് യാതൊരു വഴിയും കാണാതിരുന്ന തന്റെ നിസാഹായാവസ്ഥ തിരിച്ചറിഞ്ഞു സഹായമേകാൻ നാട്ടുകാർ മുന്നോട്ടു വന്നിരുന്നു. പണം പിരിക്കാനായി സമിതി ഉണ്ടാക്കിയെങ്കിലും ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിച്ചില്ല.

ഇതോടെ ഇനി മറ്റൊന്നും നടക്കില്ലെന്ന് ബാങ്കിനും ഉറപ്പായി. അതോടെ ബാങ്ക് ജപ്തി നടപടികളും ആരംഭിച്ചു. നാളെയാണ് ജപ്തി. യാതൊരു വരുമാനവും ഇല്ലാത്ത താൻ ഇവരെയല്ലാവരേയും കൊണ്ട് തെരുവിൽ ഇറങ്ങേണ്ട ദിവസം. ആലോചിച്ച് ഹബീബക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.

റഫീക്ക ഉണ്ടായിരുന്ന കാലത്ത് ലോകത്തെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് താനായിരുന്നുവെന്ന് അഹങ്കരിച്ചിരുന്നു. ആ അഹങ്കാരത്തിന് പടച്ചവൻ തന്ന അടിയായിരിക്കും ഇത്. സൗദിയിൽ നിന്നും ഓരോ വെക്കേഷനും വരുമ്പോഴും അത്രക്കും സാധനങ്ങൾ കൊണ്ട് വന്നിരുന്നു. താൻ പറയുന്നിടത്തേക്കെല്ലാം കൊണ്ട് പോയിരുന്നു. 

അഞ്ചു വർഷം മുൻപാണ് മലപ്പുറത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ ലോൺ എടുക്കുന്നത്. വീട് പുതുക്കി പണിയുന്നതിന് വേണ്ടിയായിരുന്നു ലോൺ. ഇപ്പോഴത് പലിശയും മറ്റും കൂടി 18 ലക്ഷം ആയി. തന്റെ നിസ്സഹായവസ്ഥ കണ്ട് ബാങ്ക് മാനേജർ പലതവണ അവധി നീട്ടി തന്നു. പക്ഷേ അയാൾക്കും ഒരു പരിധിയില്ലേ. തന്റെ ജോലി അപകടത്തിലാക്കിയിട്ട് അയാൾക്കും തന്നെ സഹായിക്കാൻ സാധിക്കില്ലല്ലോ.

റഫീഖ് സൗദിയിൽ നിന്നും വെക്കേഷൻ എത്തിയപ്പോഴാണ് ലോൺ എടുക്കുന്നത്. വീടൊന്ന് പുതുക്കി പണിയുക എന്നത് മാത്രമായിരുന്നു പ്ലാൻ. പണം കിട്ടി വീടുപണി നടന്നു കൊണ്ടിരിക്കുമ്പോഴാണ് സിമന്റ് ഏൽപ്പിക്കുന്നതിന് വേണ്ടി പോയ റഫീഖിന്റെ ബൈക്കിൽ ലോറിയിടിക്കുന്നത്. ലോറിക്കടിയിൽ പെട്ട റഫീഖ് തൽക്ഷണം മരിച്ചു. 

പിന്നീട് പണമെല്ലാം പലവഴിക്കായി പോയി. കടം മാത്രം ബാക്കിയായി. പിന്നീട് ഒരു തവണ പോലും വായ്പ തിരിച്ചടക്കാൻ സാധിച്ചിട്ടില്ല. ഒടുവിൽ പലിശ കൂടി വലിയ തുകയായി ജപ്തിയുമായി. 

രാവിലെ പത്തു മണിയോടെ ബാങ്കുകാർ എത്തി. പോലീസുമായിട്ടാണ് വരവ്. വീട്ടിൽ നോട്ടീസ് പതിക്കുകയും വീട്ടുകാരെ ഒഴിപ്പിച്ച് വീട് ഏറ്റെടുക്കുകയും ചെയ്യുകയാണ് ഉദ്ദേശം. 

“പെങ്ങളേ, ഒന്നും തോന്നരുത്. ഇഷ്ടമുണ്ടായിട്ട് ചെയ്യുന്നതല്ല. ജോലിയായി പോയി. ഞാൻ എനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി നിങ്ങൾക്ക് വേണ്ടി ചെയ്തു തന്നു. ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. നിങ്ങൾ ഉടനെ വീട്ടിൽ നിന്നും ഇറങ്ങി തരണം. കഴിഞ്ഞ ദിവസം കൂടി വന്നു പറഞ്ഞതല്ലേ” ബാങ്ക് മാനേജർ ഹബീബയോട് പറഞ്ഞു. 

പ്രതികരണ ശേഷി നഷ്ടപ്പെട്ട ഹബീബ അയാൾ പറയുന്നതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. 

“നിങ്ങൾക്കൊന്നും മനുഷ്യത്വമില്ലേ. ഭർത്താവില്ലാത്ത ഈ സ്ത്രീ ഈ കുട്ടിയേയും രോഗിയായ ഈ രണ്ടു പേരെയും കൊണ്ട് എങ്ങോട്ട് പോകും?” നാട്ടുകാരിൽ ഒരാൾ ബാങ്ക് ഉദ്യോഗസ്ഥരോട് തട്ടിക്കയറി. 

“സുഹൃത്തേ, എനിക്കുമുണ്ട് അമ്മയും പെങ്ങന്മാരും. പക്ഷെ ഇതെന്റെ ജോലിയാണ്. ചെയ്യാതിരിക്കാനാവില്ല” ബാങ്ക് മാനേജർ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. 

കൂടെയുണ്ടായിരുന്ന പോലീസുകാരൻ അയാളെ മാറ്റി നിർത്തി. മരവിച്ച മനസ്സുമായി ഹബീബ കുഞ്ഞു മോനെയും കൊണ്ട് പടിയിറങ്ങി. നാട്ടുകാർ വയസ്സായ മാതാവിനെയും രോഗിയായ സഹോദരിയെയും താങ്ങി പിടിച്ച് ഒരു ഓട്ടോയിലേക്ക് കയറ്റി. 

ഓട്ടോയിലിരുന്ന് ഹബീബ തന്റെ വീട്ടിലേക്ക് നിസ്സഹായയായി നോക്കി. മിനിറ്റുകൾക്കുള്ളിൽ ഈ വീട് തന്റേതല്ലാതാവും. എണീറ്റു നിൽക്കാൻ ത്രാണിയില്ലാത്ത ഇവരെയും കൊണ്ട് ഇനി എങ്ങോട്ട് പോകണം എന്നറിയില്ല. ആരുമില്ലാത്തവർക്ക് പടവൻ തുണയുണ്ടാവും. റബ്ബ് കാക്കട്ടെ. എല്ലാം പടച്ചവന് വിട്ടു കൊടുത്ത് ഹബീബ കണ്ണുകളടച്ച് പ്രാർത്ഥിച്ചു.  

“താത്താ, എങ്ങോട്ടാണ് പോകേണ്ടത്?” ഓട്ടോ ഡ്രൈവറാണ്. 

“അറിയില്ല. എവിടേക്കാണ് പോകേണ്ടതെന്ന്  അറിയില്ല. തൽക്കാലം ഇവിടെ നിന്ന് പോകാം” ഹബീബ പറഞ്ഞു. ഹബീബയുടെ ഓട്ടോ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെ വഴി തടഞ്ഞ പോലെ മുന്നിൽ ഒരു വെളുത്ത ആഡംബര കാർ വന്നു നിന്നു. കാറിൽ നിന്നും വെളുത്ത വസ്ത്രം ധരിച്ച മധ്യവയസ്കനായ ഒരാൾ പുറത്തിറങ്ങി വീടിന്റെ മുന്നിലേക്ക് വന്നു.

“ഇതാണോ സൗദിയിൽ ഉണ്ടായിരുന്ന മരിച്ചു പോയ റഫീഖിന്റെ വീട്?” അവിടെ കൂടി നിന്ന ഒരാളോട് അയാൾ ചോദിച്ചു. 

“അതെ. ഇതാണ്. റഫീഖിന്റെ ഭാര്യയും ഉമ്മയുമുക്കെ ആ ഓട്ടോയിലുണ്ട്. ഈ വീട്ടിലിപ്പോൾ ജപ്തി നടത്താൻ പോകുകയാണ് സാറേ” 

“ജപ്തിയോ? എന്താണ് സംഭവിച്ചത്?” അയാൾ ബാങ്ക് മാനേജരോട് ചോദിച്ചു. “റഫീഖ് മരണപ്പെടുന്നതിന് മുൻപായി ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു. റഫീഖിന്റെ മരണ ശേഷം ഒന്നും തിരിച്ചടച്ചില്ല. ഇപ്പോൾ അവധിയൊക്കെ കഴിഞ്ഞു. ഇന്ന് ജപ്തി നടത്താൻ പോകുകയാണ്” ബാങ്ക് മാനേജർ പറഞ്ഞു. 

“ഒരു മണിക്കൂർ നേരത്തേക്ക് എല്ലാ നടപടികളും ഒന്ന് നിർത്തി വെക്കാമോ? നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം”

വെളുത്ത വസ്ത്രം ധരിച്ചയാൾ കുറച്ചു മാറി നിന്നാരെയൊക്കെയോ ഫോണിൽ വിളിച്ചു. 

 

കുറച്ച് സമയത്തിന് ശേഷം സൗദിയിൽ മിസ്ഫറിന് റിയാദിൽ നിന്നും അഹമ്മദ് അൽഗാംദിയുടെ ഫോൺ കാൾ ലഭിച്ചു. “മിസ്ഫർ. റഫീഖിന്റെ വീട് കണ്ടു പിടിച്ചു. ഞാൻ പറഞ്ഞയാൾ ഇപ്പോൾ അവിടെ ഉണ്ട്. പക്ഷെ അവിടുത്തെ സ്ഥിതി വളരെ പരിതാപകരമാണ്. ബാങ്കിൽ നിന്നും ലോണെടുത്ത തുക അടക്കാൻ ഇല്ലാത്തതിനാൽ ബാങ്ക് സ്ഥലം ഏറ്റെടുക്കുകയാണ് അവിടെ”

മിസ്ഫർ ഒരു നിമിഷം നിശബ്ദനായി. പിന്നീട് അഹമ്മദിനോട് പറഞ്ഞു. “അഹമ്മദ്. ഇന്ത്യയിലെ നിയമം എനിക്കറിയില്ല. എന്താണ് നമുക്ക് ചെയ്യാൻ സാധിക്കുക. മരിച്ചു പോയ റഫീഖിന് പണം കൊടുക്കണം എന്നുള്ളത് എന്റെ ബാബയുടെ ഒസ്യത്താണ്. ഇത് എനിക്ക് പടച്ചവൻ നൽകിയ ഒരവസരമാണ്. എന്റെ ബാബക്ക് ഏറ്റവും സന്തോഷമായത് ചെയ്തു കൊടുക്കാൻ ലഭിച്ച അവസരം. ആ വീട്ടുകാർ ഒരിക്കലും വിഷമിക്കരുത്. എനിക്കിതിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞു തരാമോ?”

“ഓക്കേ. ഞാൻ ഇപ്പോൾ തന്നെ തിരിച്ചു വിളിക്കാം. കാത്തിരിക്കുക” അഹമ്മദ് പറഞ്ഞു. പതിനഞ്ചു മിനിറ്റിനുള്ളിൽ അഹമ്മദ് തിരിച്ചു വിളിച്ചു. “മിസ്ഫർ. മരിച്ചു പോയ റഫീഖ് എടുത്തിരിക്കുന്നത് 60000 റിയാൽ വരുന്ന ഇന്ത്യൻ രൂപയുടെ ലോൺ ആണ്. പണമൊന്നും തിരിച്ചടക്കാത്തത് കൊണ്ട് തുക ഇപ്പോൾ 90000 റിയാൽ വരുന്ന ഇന്ത്യൻ രൂപയോളം ആയിട്ടുണ്ട്. ബാങ്കിന് പണം കിട്ടിയാൽ മതി. ആ തുക ബാങ്കിന് കിട്ടിയാൽ അവർ നിയമ നടപടികൾ ഒഴിവാക്കും. ഞാൻ പറഞ്ഞയാളുടെ നമ്പർ എഴുതിയെടുത്തോളൂ. അയാൾ കേരളത്തിൽ വേണ്ടത് ചെയ്തു തരും” 

“അൽഹംദുലില്ലാഹ്. ശുക്രൻ ഹബീബി. ഞാൻ വേണ്ടത് ചെയ്യാം” മിസ്ഫർ അഹമ്മദിന് നന്ദി പറഞ്ഞു. തുടർന്ന് ബാബയെ വിളിച്ചു. “ബാബാ ഞാൻ നാളെ ബാബയ്ക്ക് ഒരു അപ്രതീക്ഷിത സമ്മാനം അയച്ചു തരും. കാത്തിരിക്കണം”

മിസ്ഫർ ഉടനെ തന്റെ സെക്രട്ടറിയെ വിളിച്ചു. “കേരളത്തിൽ ഞാൻ പറയുന്നയാളുമായി ബന്ധപ്പെടുക. ഇരുപത്തിനാല് മണിക്കൂറിനകം കേരളത്തിലെ മലപ്പുറം എന്ന ഡിസ്ട്രിക്റ്റിലെ സൗത്ത് ഇന്ത്യൻ ബാങ്കിലെ റഫീഖ് എന്ന മരണപ്പെട്ട യുവാവിന്റെ പേരിലുള്ള പതിനെട്ട് ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് വീടിന്റെ രേഖകൾ റഫീഖിന്റെ ഭാര്യയെ ഏൽപ്പിക്കണം. രേഖകൾ ഏൽപ്പിക്കുന്നതിന്റെ വീഡിയോ തെളിവുകൾ തനിക്ക് ലഭ്യമാക്കണം”

റിയാദിലെ മിസ്ഫർ ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ നിന്നും ജിദ്ദയിലെ ഓഫീസിലേക്ക് ചെയർമാന്റെ നിർദ്ദേശം ഉടനെ തന്നെ കൈമാറി. ജിദ്ദ ഓഫീസ് കേരളത്തിലെ ബിസിനസുകാരന്റെ സഹായത്തോടെ ചെയർമാന്റെ നിർദ്ദേശം അക്ഷരം പ്രതി പിറ്റേന്ന് തന്നെ നടപ്പിലാക്കി. റഫീഖിന്റെ ഭാര്യക്ക് രേഖകൾ കൈമാറുന്നതിന്റെ ദൃശ്യങ്ങൾ അപ്പോൾ തന്നെ മിസ്ഫറിന്റെ ഫോണിൽ വാട്സാപ്പ് സന്ദേശമായി ലഭിച്ചു.

“അൽഹംദുലില്ലാഹ്” ബാബയുടെ അവസാനത്തെ ആഗ്രഹം സഫലമാക്കിയതിന്റെ സംതൃപ്തിയോടെ മിസ്ഫർ പടച്ചവനോട് നന്ദി പറഞ്ഞു ഓഫീസ് ചെയറിൽ ചാഞ്ഞിരുന്നു. പിന്നീട് ബാബയെ വിളിച്ചു. “ബാബാ, ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ അപ്രതീക്ഷിത സമ്മാനമായ ദൃശ്യങ്ങൾ ഇപ്പോൾ തന്നെ അയക്കുന്നുണ്ട്. റഫീഖിന്റെ കുടുംബത്തിന്റെ ദൃശ്യങ്ങൾ. ബാബയുടെ കടവും അതിൽ കൂടുതലും വീട്ടി.  അവർ വളരെ സന്തോഷത്തിലാണ്. കൂടുതൽ വിവരങ്ങൾ ഇന്ന് വൈകീട്ട് വരുമ്പോൾ നേരിട്ട് പറഞ്ഞു തരാം” 

ദൃശ്യങ്ങൾ ബാബയെ കാണിക്കണമെന്ന നിർദ്ദേശത്തോട് കൂടി ഫിലിപ്പൈൻസുകാരനായ വേലക്കാരന്റെ മൊബൈലിലേക്ക് മിസ്ഫർ അയച്ചു കൊടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ദൃശ്യങ്ങൾ ബാബക്ക് കാണിച്ചു കൊടുത്തെന്നുള്ള വീട്ടു വെള്ളക്കാരന്റെ സന്ദേശവും തിരികെ ലഭിച്ചു. 

അര മണിക്കൂറിന് ശേഷം മിസ്ഫറിന്റെ കയ്യിലിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. സഹോദരനായിരുന്നു. അയാളുടെ ശബ്ദം ഇടറിയിരുന്നു. “മിസ്ഫർ. വിഷമിക്കരുത്. ബാബാ പോയി. പടച്ചവന്റെ അടുക്കലേക്ക്. പത്ത് മിനിറ്റ് മുൻപായിരുന്നു. നീ അയച്ചു കൊടുത്ത ദൃശ്യങ്ങൾ വീണ്ടും വീണ്ടും കണ്ടു കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. മരണ സമയത്ത് നിന്നോട് പ്രത്യേക നന്ദിയും പറയുന്നുണ്ടായിരുന്നു”

“ഇന്നാലില്ലാഹി…” സ്തബ്ധനായ മിസ്ഫർ ഒന്നും പറയാനാകാതെ നിമിഷങ്ങളോളം തരിച്ചിരുന്നു. പിന്നീട് സീറ്റിലേക്ക് ചാഞ്ഞിരുന്നു തേങ്ങി. പിന്നീടാ തേങ്ങൽ പൊട്ടിക്കരച്ചിലായി മാറി. ബാബയുടെ അവസാനത്തെ ഒസ്യത്തും സാധിച്ചു കൊടുത്ത സംതൃപ്തിയോടെയുള്ള പൊട്ടിക്കരച്ചിൽ.

 

Continue Reading

അനുഭവങ്ങൾ

മകന്റെ മറുപടി കേട്ട് ഞെട്ടി പിതാവിന്റെ പ്രവാസി സുഹൃത്ത്

Published

on

(കഴിഞ്ഞ വർഷം സൗദിയിലെ റിയാദിൽ നടന്ന സംഭവത്തെ അവലംബമാക്കി എഴുതിയ ഈ കഥയിലെ കഥാപാത്രങ്ങളുടെ പേരുകളും മറ്റു വിവരങ്ങളും സ്വകാര്യതയ്ക്ക് വേണ്ടി മാറ്റം വരുത്തിയിരിക്കുന്നു)

ബാപ്പുട്ടിയുടെ മകന്റെ മറുപടി കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് സിദ്ദിഖ്. ഈ ഒരു മറുപടി ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല. 

“മോനേ, നീയൊന്നും ഇത്ര ക്രൂരനാവരുത്. നിനക്കും സൂറാക്കും വേണ്ടിയാണ് ബാപ്പുട്ടി മുപ്പത് വർഷം സൗദിയിൽ ജോലിയെടുത്തത്. ആ ബാപ്പയുടെ മയ്യത്തിന്റെ കാര്യത്തിൽ ഇത്ര ക്രൂരത കാണിക്കാൻ എങ്ങിനെ നിനക്കാവുന്നു മോനേ? എല്ലാം കാണുന്നവൻ മുകളിലുണ്ട്. അവൻ നിന്നോട് പൊറുക്കട്ടെ”

“നിന്റെ ബാപ്പാനെ ഇനിയും കൂടുതൽ നാൾ മോർച്ചറിയിൽ കിടത്താൻ എനിക്ക് സാധിക്കില്ല മോനെ. ഞാൻ നാളെ വിളിക്കും. എനിക്ക് ആ പേപ്പറുകൾ എത്രയും പെട്ടെന്ന് ഇ മെയിലായി അയച്ചു തരണം” കൂടുതലൊന്നും പറയാതെ സിദ്ദിഖ് ഫോൺ കട്ട് ചെയ്തു.

തല പൊട്ടിത്തെറിക്കുന്നത് പോലെ വേദന. സമ്മർദ്ദം കൂടിയാൽ ചില സമയത്ത് അങ്ങിനെയാണ്. സിദ്ദിഖ് ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് പ്രഷറിന്റെ ഗുളികകൾ വായിലിട്ടു. 

ബാപ്പുട്ടി മോർച്ചറിയിൽ ആയിട്ട് ഇന്നേക്ക് നാല് ദിവസം തികയുന്നു. എട്ടു വർഷമായി തങ്ങൾ ഒരുമിച്ചു താമസിക്കുന്നു. നിങ്ങൾ രണ്ടുപേരും ജ്യേഷ്ഠനുജന്മാർ ആണോയെന്ന് പലരും ചോദിച്ചിട്ടുണ്ട്. അത്രക്ക് മുഖ സാദൃശ്യവും അടുപ്പവും ആയിരുന്നു.

നാട്ടിലേക്ക് വെക്കേഷന് പോകുന്നതിന്റെ മൂന്ന് ദിവസം മുൻപാണ് തന്റെ മടിയിൽ കിടന്ന് ബാപ്പുട്ടി അന്ത്യശ്വാസം വലിച്ചത്. സന്തോഷം കൊണ്ടോ നാട്ടിലെത്തിയാൽ തീർക്കേണ്ട ബാധ്യതകൾ ആലോചിച്ചു കൊണ്ടുള്ള മാനസിക സമ്മർദ്ദം കൊണ്ടോ എന്നറിയില്ല, ഹാർട്ട് അറ്റാക്കായിരുന്നു.

“എന്തോ ഒരു വല്ലായ്മയുണ്ടല്ലോ സിദ്ദിഖേ, ആകെക്കൂടി ഒരു തളർച്ച. നെഞ്ചത്ത് ഒരു വിഷമം തോന്നി തുടങ്ങിയിട്ട് നേരം കുറച്ചായി. കുറയുമെന്ന് കരുതി പറയാതിരുന്നതാണ്. ഇപ്പൊ കൂടി വരുന്നത് പോലെ. ബാപ്പുട്ടിയുടെ ശബ്ദവും ഇടറി തുടങ്ങിയിരുന്നു”

എന്തോ പന്തികേടുണ്ടെന്ന് സിദ്ദിഖിനും തോന്നിയിരുന്നു. ഇതുപോലെ വിളറിയ മുഖത്തോട് കൂടി ബാപ്പുട്ടിയെ ഇതിന് മുൻപ് കണ്ടിട്ടില്ല. മാത്രമല്ല എന്ത് അസുഖം ഉണ്ടെങ്കിലും ആരോടും പറയാത്ത സ്വഭാവക്കാരനുമാണ്. 

“ഞാൻ നാസറിനെ വിളിക്കാം. അവൻ കാറുമായി വരും” സിദ്ദിഖ് സുഹൃത്ത് നാസറിനെ മൊബൈൽ ഫോണിൽ വിളിച്ചു.

“ബാപ്പുട്ടീ, നിന്റെ ഇഖാമ എടുത്തോ. നാസർ പത്ത് മിനിട്ടിനുള്ളി വരും. അവന്റെ കാറിൽ നമുക്ക് നമുക്ക് ക്ലിനിക്കിൽ പോകാം”

പറഞ്ഞു തീർന്നില്ല, എന്തോ വീഴുന്ന ശബ്ദം കേട്ട് വസ്ത്രം മാറാൻ മുറിയിലേക്ക് പോയ സിദ്ദിഖ് മുന്നിലെ മുറിയിലെത്തി. നെഞ്ചിൽ അമർത്തി പിടിച്ചു കൊണ്ട് ബാപ്പുട്ടി നിലത്ത് വീണു കിടക്കുന്നു. ഉറക്കെ ശ്വാസം എടുക്കാൻ ശ്രമിക്കുകയാണ്. 

“വെള്ളം” ബാപ്പുട്ടിയുടെ കണ്ണുകൾ തുറിച്ചു തുടങ്ങിയിരിക്കുന്നു.  

“ബാപ്പുട്ടീ” നാസർ ബാപ്പുട്ടിയുടെ തലയെടുത്ത് തന്റെ മടിയിൽ വെച്ചു. മേശക്ക് മുകളിൽ ഉണ്ടായിരുന്ന ജഗ്ഗ് കയ്യെത്തിച്ചെടുത്ത് കുറച്ചു വെള്ളം ബാപ്പുട്ടിക്ക് വായിൽ ഒഴിച്ചു കൊടുത്തു. വെള്ളം കൊണ്ട് ബാപ്പുട്ടി പറഞ്ഞു,

“സിദ്ദീഖേ, എന്നെ പടച്ചോൻ വിളിക്കാറായീന്ന് തോന്നുന്നു. ലോകത്ത് എനിക്ക് കടമുള്ളത് നിന്നോട് മാത്രമാണ്. അത് തരാൻ എനിക്ക് സാധിച്ചില്ലെങ്കി എന്റെ മോൻ സുഹൈൽ തിരിച്ചു തരും” 

തന്റെ കമ്പനിയിൽ നിന്നും ലോണെടുത്ത് രണ്ടു ലക്ഷം രൂപ ബാപ്പുട്ടിക്ക് കൊടുത്തിരുന്നു. അതാണിപ്പോൾ പറയുന്നത്. സിദ്ധീഖിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. 

“അതൊക്കെ ഞാൻ പൊരുത്തപ്പെട്ടു കൊള്ളാം ബാപ്പുട്ടീ. അതൊന്നും നീ ഇപ്പോ ആലോചിക്കേണ്ട, നമുക്ക് പിന്നെ സംസാരിക്കാം. നീ ഈ വെള്ളം കുടിക്ക്” സിദ്ധിഖാ ഒരു കവിൾ കൂടി വെള്ളം ബാപ്പുട്ടിയുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു. ആ വെള്ളം ഇറക്കാൻ ബാപ്പുട്ടിക്ക് കഴിഞ്ഞില്ല. ബാപ്പുട്ടിയുടെ കണ്ണുകൾ മേലേക്ക് പോയി തുടങ്ങി. 

ബാപ്പുട്ടി ഈ ലോകത്ത് നിന്നും വിട പറയുകയാണെന്ന് സിദ്ദിഖിന് മനസ്സിലായി. ആർത്തലച്ചു വന്ന സങ്കടം ഒരു തേങ്ങലായി അടക്കി പിടിച്ചു കൊണ്ട് സിദ്ദിഖ് ബാപ്പുട്ടിക്ക് കലിമ ചൊല്ലി കൊടുത്തു. “അഷ്ഹത് അൻ ലാ ഇലാഹ….” സിദ്ദിഖിന്റെ വാക്കുകൾ ഏറ്റു പറഞ്ഞ ശേഷം ബാപ്പുട്ടിയുടെ കണ്ണുകൾ സിദ്ദിഖിന്റെ മുഖത്ത് നിന്നും മെല്ലെ മുകളിലേക്കായി. പിന്നീട് മുഖം ഒരു വശത്തേക്ക് ചെരിഞ്ഞു. 

കാറുമായി എത്തിയ നാസർ വീടിനുള്ളിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ സിദ്ദിഖിന്റെ കരച്ചിൽ കേട്ടു. ഉള്ളിലേക്ക് കുതിച്ചെത്തിയ നാസർ കണ്ടത് ബാപ്പുട്ടിയുടെ തല മടിയിൽ വെച്ച് ഉച്ചത്തിൽ കരയുന്ന സിദ്ദിഖിനെയാണ്.  

നാസറിന് പെട്ടെന്ന് തന്നെ കാര്യം മനസ്സിലായി. ബാപ്പുട്ടിയുടെ ശിരസ്സ് പതുക്കെ സിദ്ദിഖിന്റെ മടിയിൽ നിന്നും എടുത്ത് തറയിൽ വെച്ച ശേഷം വാവിട്ട് കരയുന്ന സിദ്ദിഖിനെ എഴുന്നേല്പിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി. 

സിദ്ദിഖിന്റെ കരച്ചിൽ കേട്ട് അടുത്ത് താമസിക്കുന്നവരിൽ ചിലർ മുറിയിലേക്ക് ഓടി വന്നു. നാസർ അവരെ ബാപ്പുട്ടിയുടെ മൃതദേഹത്തെ സ്പർശിക്കാൻ അനുവദിക്കാതെ മൊബൈൽ ഫോണിൽ നിന്നും പോലീസിനെ വിവരം അറിയിച്ചു. 

അൽപ സമയത്തിന് ശേഷം പോലീസിന്റെ നിർദ്ദേശ പ്രകാരം റെഡ് ക്രെസന്റ് ആംബുലൻസ് എത്തി. ബാപ്പുട്ടിയുടെ മൃതദേഹം പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. പിന്നീട് പോലീസിലേക്കും ബാലദിയയിലേക്കും വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ബാലദിയയുടെ ആംബുലൻസ് സ്ഥലത്തെത്തി ബാപ്പുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ആദ്യത്തെ ഷോക്കിൽ നിന്നും മുക്തനായ സിദ്ദിഖ് മൊബൈൽ ഫോണെടുത്ത് നാട്ടിൽ ബാപ്പുട്ടിയുടെ മകൻ സുഹൈലിന്റെ ഫോണിലേക്ക് വിളിച്ചു. കുറെ നേരം ബെല്ലടിച്ചിട്ടും എടുക്കാതായപ്പോൾ ഭാര്യ സൂറയുടെ ഫോണിലേക്ക് വിളിച്ചു. 

ഫോണെടുത്ത സൂറയോട് ആദ്യം സിദ്ദിഖിന് ഒന്നും പറയാൻ സാധിച്ചില്ല. പിന്നീട സമനില വീണ്ടെടുത്ത സിദ്ദിഖ് സൂറയോട് പറഞ്ഞു, “സൂറാ ബാപ്പുട്ടിക്ക് ചെറിയൊരു വല്ലായ്മ, ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. സുഹൈലിനെ വിളിച്ചിട്ട് കിട്ടിയില്ല. എത്രയും പെട്ടെന്ന് സുഹൈലിനോട് എന്നെ തിരിച്ചു വിളിക്കാൻ പറയണം”

സിദ്ദിഖിന്റെ ഇടറിയ ശബ്ദം കേട്ടപ്പോൾ തന്നെ സൂറാക്ക് എന്തോ പന്തികേട് തോന്നി. ചെറിയ വല്ലായ്മ ആണെങ്കിൽ സിദ്ദിഖ് ഇങ്ങിനെ സംസാരിക്കില്ല. എത്രയോ തവണ സംസാരിച്ചിട്ടുള്ളതാണ്. എന്താണ് ഇപ്പോൾ മാത്രം സംസാരത്തിനൊരു ഇടർച്ച. 

“സിദ്ദിഖേ, ബാപ്പുട്ടിക്കാക്ക് എന്താ പറ്റിയത്” സൂറയുടെ ശബ്ദം ഉയർന്നു. 

“ഒന്നൂല്യ സൂറാ. ചെറിയൊരു നെഞ്ചു വേദന. രണ്ടു ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ആവും. സുഹൈലിനോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടായിരുന്നു. അതിനാണ്  വിളിക്കാൻ പറഞ്ഞത്. സുഹൈലിനോട് എത്രയും പെട്ടെന്ന് എന്നെ വിളിക്കാൻ പറയണം”

“സിദ്ദിഖേ, എന്താ കുഴപ്പമെന്ന് എന്നോട് പറ. ബാപ്പുട്ടിക്കാനെ കുറിച്ച് സിദ്ദിഖിനറിയാത്ത എന്താണ് സുഹൈലിനോട് ചോദിക്കാനുള്ളത്. എനിക്കീ ടെൻഷൻ താങ്ങാൻ പറ്റുന്നില്ല. പറ സിദ്ദിഖേ, ന്റെ ബാപ്പുട്ടിക്കാക്ക് എന്താ പറ്റിയത്?” സൂറയുടെ ശബ്ദം തേങ്ങലായി മാറി. 

സൂറയുടെ തേങ്ങലിന് മുന്നിൽ സിദ്ദിഖിന് കൂടുതൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. “ബാപ്പുട്ടി പോയീ സൂറാ” പറഞ്ഞു തീർന്നതും മറുവശത്ത് തികഞ്ഞ നിശബ്ദത. സിദ്ദിഖ് വീണ്ടു വീണ്ടും എന്തൊക്കെയോ പറഞ്ഞെങ്കിലും മറുവശത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

ഒരു മണിക്കൂറിനുള്ളിൽ സിദ്ദിഖിന് ബാപ്പുട്ടിയുടെ മകൻ സുഹൈലിന്റെ ഫോൺ വന്നു. “സിദ്ദിക്കാടെ ഫോൺ വന്നപ്പോൾ ഉമ്മ ബോധം കെട്ടു കിടക്കുകയായിരുന്നു. വല്ലിമ്മ വന്നു നോക്കിയപ്പോൾ ഉമ്മ നിലത്ത് കിടക്കുന്നു. വല്ലിമ്മയാണ് എന്നെ വിളിച്ചത്. ഉമ്മ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. കരച്ചിൽ മാത്രം. ഉമ്മാടെ ഫോണിന്റെ കാൾ റെക്കോർഡിങ് എടുത്തു നോക്കിയപ്പോഴാണ് ബാപ്പ മരിച്ച വിവരം സിദ്ദിക്ക ഉമ്മാട് പറഞ്ഞത് മനസ്സിലായത്. ബാപ്പാക്ക് എന്താണ് സംഭവിച്ചത് സിദ്ദിക്കാ?”

സിദ്ദിഖ് വിവരങ്ങൾ എല്ലാം വിശദമായി സുഹൈലിനോട് പറഞ്ഞു. “മോൻ മുന്നിൽ നിന്ന്  വേണം കാര്യങ്ങൾ നടത്താൻ. നമുക്ക് ആദ്യം ചെയ്യേണ്ടത് ബാപ്പാന്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരാനുള്ള കാര്യങ്ങൾ ചെയ്യുക എന്നതാണ്. അതിനായി നാട്ടിൽ നിന്ന് കുറച്ചു പേപ്പറുകൾ വേണം. എങ്കിലേ എനിക്ക് ഇവിടെ കാര്യങ്ങൾ ചെയ്യാൻ പറ്റൂ”

“മയ്യിത്ത് നാട്ടിൽ എത്തിക്കാൻ ഒരുപാട് ചിലവ് ഉണ്ടാകുമോ സിദ്ദിക്കാ?” സുഹൈലിന്റെ ചോദ്യം.

“ചിലവിനെ കുറിച്ചൊന്നും മോൻ പേടിക്കണ്ട. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ചിലവൊക്കെ സ്പോൺസർ എടുത്തോളും. അയാൾ നല്ല മനുഷ്യനാണ്”

“ഞാൻ ഒന്ന് ആലോചിക്കട്ടെ സിദ്ധിക്കാ. ഒരു മണിക്കൂർ കഴിഞ്ഞു വിളിക്കാം”. സുഹൈലിന്റെ ശബ്ദത്തിന് എന്തോ ഒരു പന്തികേട് പോലെ തോന്നി സിദ്ദിഖിന്. 

ഒരു മണിക്കൂറിന് ശേഷം സുഹൈൽ വീണ്ടും വിളിച്ചു. “സിദ്ദിക്കാ,ബാപ്പാടെ ശമ്പളം എന്തെങ്കിലും ബാക്കി കിട്ടാനുണ്ടോ. ബാപ്പ മരിച്ചത് കൊണ്ട് മറ്റെന്തെങ്കിലും കൂടുതൽ കിട്ടുമോ?”

ഈ സമയത്ത് ആ ചോദ്യം സിദ്ദിഖിന് ഇഷ്ടപ്പെട്ടില്ല. എങ്കിലും അനിഷ്ടം പുറത്ത് കാണിക്കാതെ സിദ്ദിഖ് പറഞ്ഞു. “സുഹൈലേ, ബാപ്പുട്ടിക്ക് കിട്ടാനുള്ളത് ഒരു റിയാൽ ബാക്കിയില്ലാതെ ഒക്കെ കിട്ടും. സ്പോൺസർ നല്ല മനുഷ്യനാണ്. നമുക്ക് ഇപ്പോൾ അതൊന്നും ചർച്ച ചെയ്യേണ്ട. അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്യാം. ആദ്യം നമുക്ക് ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള കാര്യങ്ങൾ നോക്കാം”

“ശരി സിദ്ദിക്കാ, അതൊക്കെ ഇക്ക വേണ്ട പോലെ ചെയ്താ മതി. ഒരു കാര്യം കൂടി ചോദിച്ചോട്ടെ. ബാപ്പടെ മയ്യിത്ത് നാട്ടിൽ എത്തിക്കാനുള്ള ചിലവ് സ്പോൺസർ എടുക്കുമെന്നല്ലേ സിദ്ദിക്ക പറഞ്ഞത്. ബാപ്പാടെ മയ്യിത്ത് അവിടെ തന്നെ മറവ് ചെയ്‌താൽ ആ പൈസ കൂടി സ്പോൺസർ എനിക്ക് അയച്ചു തരുമോ?”

സുഹൈലിന്റെ വാക്കുകകൾ കേട്ട് സിദ്ദിഖ് ഞെട്ടി. ബാപ്പുട്ടിയെ പോലെ ഒരാളുടെ മകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ. 

പിറ്റേന്ന് രാവിലെ തന്നെ സുഹൈലിന്റെ ഫോൺ വന്നു. “സിദ്ദിക്കാ, ഞാൻ ഉമ്മാനോട് ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഉമ്മ സമ്മതിക്കില്ല. ഞാൻ ചെറുതായി ഒന്ന് സൂചിപ്പിച്ചപ്പോൾ ഉമ്മാക്ക് ബാപ്പാനെ കാണണം എന്ന് തന്നെയാണ് പറയുന്നത്. നമുക്ക് ഒന്ന് പ്രാക്റ്റിക്കലായി ചിന്തിച്ചൂടെ ഇക്കാ. മരിച്ചവർ മരിച്ചു. ഇനി ഈ കുടുംബം ഞാൻ വേണം മുന്നോട്ട് കൊണ്ട് പോവാൻ. ആ പൈസകൂടി കിട്ടിയാൽ എനിക്ക് അതൊരു ആശ്വാസമാകും. സിദ്ദിക്കാ ഉമ്മാനെ പറഞ്ഞൊന്ന് സമ്മതിപ്പിക്കണം”

സുഹൈലിന്റെ വാക്കുകൾ കേട്ട് സിദ്ദിഖിന്റെ മുഖം ചുവന്നു. എങ്കിലും സമനില തെറ്റാതെ സുഹൈലിനോട് പറഞ്ഞു. “മോനേ, നീയൊന്നും ഇത്ര ക്രൂരനാവരുത്. നിനക്കും സൂറാക്കും വേണ്ടിയാണ് ബാപ്പുട്ടി മുപ്പത് വർഷം സൗദിയിൽ ജോലിയെടുത്തത്. ആ ബാപ്പയുടെ മയ്യത്തിന്റെ കാര്യത്തിൽ പണത്തിന് വേണ്ടി ഇത്ര ക്രൂരത കാണിക്കാൻ എങ്ങിനെ നിനക്കാവുന്നു മോനേ? എല്ലാം കാണുന്നവൻ മുകളിലുണ്ട്. അവൻ നിന്നോട് പൊറുക്കട്ടെ. നീ സൂറാടെ കയ്യിൽ ഫോൺ  കൊടുക്ക്”

സുഹൈൽ ഫോൺ സൂറാടെ കയ്യിൽ കൊടുത്തു. ക്ഷീണിച്ച ശബ്ദത്തിലാണ് ഹലോ എന്ന് പറഞ്ഞത്. കരഞ്ഞു തളർന്നു എന്ന് ശബ്ദത്തിൽ നിന്നും വ്യക്തം. സിദ്ദിഖിനോട് കൂടുതലൊന്നും സൂറ പറഞ്ഞില്ല. “ബാപ്പുട്ടിക്കാനെ എനിക്കെപ്പഴാ സിദ്ദിക്കേ അവസാനമായി കാണാൻ പറ്റാ. എന്റെ ഇക്കാനെ കൂടുതൽ ഐസ് മുറിയിൽ ഇട്ട് ബുദ്ധിമുട്ടിക്കാതെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കണേ സിദ്ദിക്കേ” കൂടുതൽ ഒന്നും പറയാതെ സൂറ ഫോൺ സുഹൈലിന്റെ കയ്യിൽ കൊടുത്തു. 

“ഇക്കാ, ഉമ്മ വാശിയിലാണ്. ഒന്നും പറയാൻ സമ്മതിക്കുന്നില്ല. ഉമ്മാക്ക് ബാപ്പാടെ മയ്യിത്ത് കാണണം. ഞാനിനി എന്താണ് ചെയ്യേണ്ടത്?”

“സുഹൈലേ, ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാൻ സൗദിയിലെ നടപടിക്രമങ്ങൾ ചെയ്യാൻ ഒരാളെ അധികാരപ്പെടുത്തി അടുത്ത ബന്ധുക്കളിൽ നിന്നുള്ള പവർ ഓഫ് അറ്റോണി നിർബന്ധമാണ്. അത് എത്രയും പെട്ടെന്ന് ഇമെയിലായി അയച്ചു തരണം. എംബസിയിൽ നിന്ന് എൻ.ഒ.സി കിട്ടണം. ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് റിപ്പോർട്ട് എന്നിവ അറബിയിൽ ആയിരിക്കും. ഇത് പരിഭാഷപ്പെടുത്തി പവർ ഓഫ് അറ്റോണിയും അത് ലഭിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ സഹിതം എംബസിയിൽ സമർപ്പിക്കണം. കൂടെ സ്‌പോൺസറിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയെന്ന ക്ലിയറൻസും ഉണ്ടാവണം. എങ്കിൽ മാത്രമാണ് എംബസി എൻ.ഒ.സി ലഭിക്കുക. ആദ്യ ഘട്ടത്തിൽ ഈ എൻ ഓ സി ലഭിക്കാതെ മറ്റൊന്നും ചെയ്യാൻ സാധിക്കില്ല”

“അതിന് ബാപ്പാടെ ആനുകൂല്യങ്ങൾ ഒന്നും നമുക്ക് കിട്ടിയിട്ടില്ലല്ലോ ഇക്കാ. അത് കിട്ടാതെ എങ്ങിനെയാണ് പവർ ഓഫ് അറ്റോണി അയച്ചു തരിക. അത് കിട്ടിക്കഴിഞ്ഞാൽ സ്പോൺസർ ആനുകൂല്യങ്ങൾ തന്നില്ലെങ്കിലോ”

സുഹൈൽ വീണ്ടും പണക്കൊതിയോടെ സംസാരിക്കുകയാണ്. ഒരു നിമിഷം സമനില തെറ്റിയിയെങ്കിലും സിദ്ദിഖ് സംയമനം പാലിച്ച് പറഞ്ഞു. “അതൊക്കെ ഞാൻ നോക്കിക്കോളാം സുഹൈലേ. ബാപ്പുട്ടിക്ക് കിട്ടാനുള്ളത് മുഴുവൻ കിട്ടിയിരിക്കും. നീ ഉമ്മാടെ പവർ ഓഫ് അറ്റോണി എത്രയും പെട്ടെന്ന് അയച്ചു താ”

“പവർ ഓഫ് അറ്റോണി അയച്ചു തരാം ഇക്കാ. പക്ഷെ ബാപ്പാക്ക് കിട്ടാനുള്ളത് മുഴുവൻ ഇക്ക സ്പോൺസറിൽ നിന്നും വാങ്ങി എനിക്ക് അയച്ചു തരണം. ആ ഉത്തരവാദിത്വം ഇക്ക ഏറ്റെടുക്കണം”

പിറ്റേന്ന് തന്നെ ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിൽ എത്തിക്കുന്നതിനായി നടപടി ക്രമങ്ങൾ ചെയ്യുന്നതിനായി സിദ്ദിഖിനെ അധികാരപ്പെടുത്തി കൊണ്ടുള്ള സൂറയുടെപവർ ഓഫ് അറ്റോണി സിദ്ദിഖിന് ഇമെയിലായി ലഭിച്ചു. 

പിറ്റേന്ന് തന്നെ സിദ്ദിഖ് സ്‌പോൺസറെ പോയി കണ്ടു. ബാപ്പുട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സ്പോൺസർ ഉറപ്പ് നൽകി. തുക 66000 റിയൽ എംബസിയുടെ അക്കൗണ്ടിലേക്ക് ചെക്ക് നൽകി. മറ്റുള്ള രേഖകളും സംഘടിപ്പിച്ച് എംബസിയിൽ നിന്നും എൻ ഓ സി വാങ്ങി. മറ്റു രേഖകളും സമർപ്പിച്ചപ്പോൾ മൃതദേഹം വിട്ടു നൽകുന്നതിനുള്ള ശുപാർശ പോലീസ് നൽകി. ആശുപത്രി, ജവാസാത്, വിമാനത്താവളം, കാർഗോ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മൃതദേഹം നാട്ടിലയക്കാനുള്ള അനുമതി പത്രവും പോലീസിൽ നിന്ന് ലഭിച്ചു.

അതിനിടയിൽ പല തവണ സുഹൈൽ സിദ്ദിഖിനെ വിളിച്ചു സംസാരിച്ചു. മയ്യിത്ത് എന്ന് നാട്ടിലെത്തും എന്നതിനേക്കാൾ പണം എന്ന് തനിക്ക് ലഭിക്കും എന്നൊരു ആകാംക്ഷയായിരുന്നു സുഹൈലിന്റെ വാക്കുകളിൽ  നിഴലിച്ചു നിന്നിരുന്നത് എന്ന് സിദ്ദിഖിന് പലപ്പോഴും തോന്നി. 

മൃതദേഹത്തിനുള്ള ഫൈനൽ എക്സിറ്റടക്കം മറ്റെല്ലാ രേഖകളും സിദ്ദിഖ് മലയാളികളായ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ സംഘടിപ്പിച്ചു. നാട്ടിൽ മൃതദേഹം എത്തിയാൽ ഉടൻ തന്നെ ഏറ്റെടുക്കുമെന്ന് കാണിച്ച് ബന്ധുക്കൾ എയർപോർട്ട് അതോറിറ്റിക്ക് നൽകുന്ന ഒരു കത്ത് കൂടി ലഭിക്കണം. എങ്കിലേ മൃതദേഹം എംബാം ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ സാധിക്കൂ.

അതിനായി സിദ്ദിഖ് സുഹൈലിനെ വീണ്ടും വിളിച്ചു. പക്ഷെ ഇത്തവണ സുഹൈലിന്റെ ശബ്ദം പരുഷമായിരുന്നു. “ഇക്ക, നിങ്ങൾ പണം കിട്ടിയെന്ന് പറയുന്നതല്ലാതെ എന്ന് പണം നാട്ടിൽ കിട്ടുമെന്ന് പറയുന്നില്ല”

“പണം റിയാദിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ ഉണ്ട് സുഹൈലേ. അത് പണമായി ഇവിടെ കയ്യിൽ തരില്ല. നാട്ടിൽ കലക്ടറേറ്റ് വഴിയാണ് ആ പണം അനന്തര അവകാശികൾക്ക് കിട്ടുക. അത് എപ്പോൾ കിട്ടുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. അത് കിട്ടും മോനെ. എത്രയും പെട്ടെന്ന് ആ കത്ത് അയച്ചു താ. എത്ര ദിവസമായി ബാപ്പുട്ടി മോർച്ചറിയിൽ കിടക്കുന്നു. നാട്ടിലെത്തിച്ച് എത്രയും പെട്ടെന്ന് മറവ് ചെയ്യാനല്ല നമ്മൾ ഈ സമയത്ത് ശ്രമിക്കേണ്ടത്?”

“ഇത് അവസാനത്തെ രേഖയാണ്. ഇതുകൂടി തന്നാൽ പിന്നെ മയ്യിത്ത് നാട്ടിലെത്തും. പക്ഷെ പണം കിട്ടുമെന്ന് എന്താണ് ഉറപ്പ്? പണം ആദ്യം അയച്ചു തരണം. അതിന് ശേഷം മാത്രമേ ഇനി കത്ത് തരാൻ പറ്റൂ” സുഹൈൽ തീർത്തു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു. 

സിദ്ദിഖിന് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. എത്രയോ ദിവസമായി താൻ ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികളുമായി ഓടി നടക്കുന്നു. എല്ലാം ശരിയായ അവസരത്തിലാണ് സുഹൈൽ ഇങ്ങിനെ പ്രതികരിക്കുന്നത്. ഈ മകനാണോ തന്റെ പക്കൽ നിന്നും കടം വാങ്ങിയ രണ്ടു ലക്ഷം രൂപ തിരിച്ചു തരുമെന്ന് ബാപ്പുട്ടി പറഞ്ഞത്. ഇങ്ങിനെയുള്ള മക്കളെ നീ ആർക്കും കൊടുക്കല്ലേ നാഥാ…

മൂന്ന് നാല് ദിവസങ്ങൾ തുടർച്ചയായി സിദ്ദിഖ് സുഹൈലിനെ വിളിച്ചു കൊണ്ടിരുന്നു. സുഹൈൽ തന്റെ നിലപാട് മാറ്റാൻ തയ്യാറായില്ല. ഒടുവിൽ സിദ്ദിഖ് സൂറായുടെ ഫോണിൽ വിളിച്ചു. ഫോൺ എടുത്തത് സുഹൈൽ തന്നെയായിരുന്നു. “ഇക്കാ, ഞാൻ നിങ്ങളോട് കാര്യങ്ങൾ പറഞ്ഞതാണ്. ഉമ്മാടെ ഫോണിലേക്ക് വിളിച്ചിട്ട് കാര്യമില്ല. ബാപ്പാടെ പണം എന്റെ അക്കൗണ്ടിൽ എത്തിയാൽ അടുത്ത നിമിഷം കത്ത് തരാം. ഇല്ലെങ്കിൽ പ്രതീക്ഷിക്കേണ്ട”

കോപം കൊണ്ട് അന്ധനായെങ്കിലും സമനില കൈവിടാതെ സിദ്ദിഖ് പറഞ്ഞു. “സുഹൈലെ, ബാപ്പുട്ടിയും ഞാനും കഴിഞ്ഞ എട്ടു വർഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു. കൂടപ്പിറപ്പിനെ പോലെയാണ് ബാപ്പുട്ടി എനിക്ക്. അവന്റെ മയ്യിത്ത് മോർച്ചറിയിൽ അധികകാലം കിടത്താൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഞാനിതൊക്കെ ചെയ്യുന്നത്”

“നിങ്ങൾ എന്റെ ബാപ്പടെ കൂടെ ഒരുമിച്ചു താമസിക്കുകയാണ് എന്ന് എനിക്കറിയാം. പക്ഷെ എന്തിനാണ് എന്റെ ബാപ്പക്ക് കിട്ടേണ്ട പണം നിങ്ങൾ തട്ടിയെടുക്കാൻ നോക്കുന്നത്. നിങ്ങൾ ആദ്യം പറഞ്ഞു പണം സ്പോൺസർ തരുമെന്ന്. പിന്നീട് പറഞ്ഞു ഇന്ത്യൻ എംബസിയിൽ ഉണ്ടെന്ന്. ഇപ്പൊ പറയുന്നു കലക്ടറേറ്റ് വഴി കിട്ടുമെന്ന്. അത് എന്ന് കിട്ടുമെന്ന് അറിയില്ല എന്ന്. എല്ലാം നിങ്ങടെ കള്ളക്കളിയാണ്. ബാപ്പാടെ പണം എന്റെ കയ്യിൽ കിട്ടാതെ ഞാൻ  ഇനി ഒരു കത്തും തരാൻ പോണില്ല. ബാപ്പാടെ മയ്യത്ത് എത്രകാലം മോർച്ചറിയിൽ കിടന്നാലും ശരി എന്റെഭാഗത്ത് നിന്നും ഒരു വിട്ടു വീഴ്ചയും ഉണ്ടാവില്ല”

ഇതോടെ സിദ്ദിഖിന്റെ സകല നിയന്ത്രണങ്ങളും കൈവിട്ടു. എയർപോർട്ടിലാണ് നിൽക്കുന്നത് എന്നാലോചിക്കാതെ സിദ്ദിഖ് പൊട്ടിത്തെറിച്ചു. “സുഹൈലേ, ഇതുവരെ നിന്നെ എന്റെ മകന്റെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ, സംസാരിച്ചിട്ടുള്ളൂ. പക്ഷെ നീ സകല പരിധികളും വിട്ട് പെരുമാറുന്നു. നിന്റെ ബാപ്പയാണ് മോർച്ചറിയിൽ കിടക്കുന്നത്. ആ ബോധമില്ലാതെയാണ് നീ പെരുമാറുന്നതും സംസാരിക്കുന്നതും. 

എത്ര ദിവസമായി ഞാൻ ബാപ്പുട്ടിയുടെ മയ്യിത്ത് നാട്ടിലെത്തിക്കാനായി നടക്കുന്നത് എന്ന് നിനക്കറിയാമോ? അതിനായി എത്ര പണം എന്റെ കയ്യിൽ നിന്നും മുടക്കി എന്നറിയാമോ? എത്ര ദിവസം എനിക്ക് ജോലിയിൽ നിന്നും അവധി എടുക്കേണ്ടി വന്നു എന്നറിയാമോ? എന്റെ ഒരു രക്ത ബന്ധവും ഇല്ലാത്ത ബാപ്പുട്ടിക്ക് വേണ്ടി എന്തിനാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്ന് നിനക്കറിയാമോ? 

ഇല്ല. ഒന്നും നിനക്കറിയില്ല. നിനക്ക് പണമാണ് വലുത്. സ്നേഹം എന്ന വികാരം നിനക്കില്ല. നിനക്ക് നിന്റെ ബാപ്പയോടുള്ള സ്നേഹത്തേക്കാൾ കൂടുതലാണെടാ എനിക്ക് എന്റെ ബാപ്പുട്ടിയോട് ഉള്ളത്. എനിക്കെന്ത് സംഭവിച്ചാലും, എത്ര നാൾ കാത്തിരുന്നാലും എന്റെ ബാപ്പുട്ടിയുടെ മയ്യിത്ത് ഞാൻ നാട്ടിലെത്തിക്കുമെടാ. നീ കണ്ടോ. ഇതെന്റെ വാക്കാണ്. ഞാൻ മരിച്ചു പോയ ബാപ്പുട്ടിക്ക് കൊടുക്കുന്ന വാക്കാണ്” പറഞ്ഞു തീരും മുൻപ് സിദ്ദിഖിന്റെ വാക്കുകൾ തേങ്ങലായി മാറി.  

സുഹൈലിന്റെ പ്രതികരണം ഒന്നും കേൾക്കാൻ നിൽക്കാതെ സിദ്ദിഖ് ഫോൺ കട്ട് ചെയ്തു. അതിന് ശേഷമാണ് സിദ്ദിഖിന് സ്ഥലകാല ബോധം തിരിച്ചു കിട്ടിയത്. എയർപോർട്ടിലെ യാത്രക്കാരും ഉദ്യോഗസ്ഥരുമെല്ലാം സിദ്ധിഖിനെ തന്നെ നോക്കി നിൽക്കുന്നു. നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു കൊണ്ട് തേങ്ങിക്കരഞ്ഞു സിദ്ദിഖ് പുറത്തേക്ക് നടന്നു. 

അപ്പോഴാണ് പിന്നിൽ നിന്നും മലയാളത്തിൽ ഒരു വിളി കേട്ടത്. “സുഹൃത്തേ ഒന്ന് നിൽക്കൂ”

സിദ്ദിഖ് തിരിഞ്ഞു നോക്കി. എയർ ഇന്ത്യ ഉദ്യോഗസ്ഥനാണ്. മൃതദേഹം കാർഗോ അയക്കുന്ന കാര്യങ്ങൾ അന്വേഷിക്കാൻ ഓഫീസിൽ പോയപ്പോൾ ഒരു തവണ അയാളെ കണ്ടതായി സിദ്ദിഖ് ഓർത്തു. 

“നിങ്ങളുടെ ഫോൺ സംസാരം ഞാൻ കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്‍നം. ചിലപ്പോൾ എനിക്ക് പരിഹാരം പറഞ്ഞു തരാൻ പറ്റുന്നതാണെങ്കിലോ?”

അയാൾ സിദ്ദിഖിനെയും കൊണ്ട് തന്റെ കാബിനിലേക്ക് പോയി. മുഴുവൻ വിവരങ്ങളും പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു. “ഇത് വളരെ നിസാരമായ ഒരു കാര്യമാണ്. നിങ്ങളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായുള്ള നടപടിക്രമത്തിന്റെ തൊണ്ണൂറു ശതമാനവും നിങ്ങൾ ചെയ്തു കഴിഞ്ഞു. ഇനി നിങ്ങൾ പറയുന്ന കത്ത് ഇല്ലെങ്കിലും മൃതദേഹം കൊണ്ട് പോകാം. മൃതദേഹം കൊണ്ട് പോകുന്ന വിമാനത്തിൽ കൂടെ ഒരാൾ നാട്ടിലേക്ക് പോയാൽ മതി. നിങ്ങൾക്ക് മരിച്ചയാളുടെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി ഉള്ളതിനാൽ നിങ്ങൾക്ക് തന്നെ പോകാവുന്നതാണ്” 

സന്തോഷവും ആശ്വാസവും കൊണ്ട് സിദ്ധിഖിന്റെ കണ്ണ് നിറഞ്ഞു. ആ ഉദ്യോഗസ്ഥനിലൂടെ പ്രതീക്ഷിക്കാതെ തന്റെ മുന്നിൽ പടച്ചവൻ ഒരു വഴി തുറന്ന് തന്നതായി സിദ്ധിഖിന് മനസ്സിലായി. ബാപ്പുട്ടിയുടെ മയ്യിത്തിന്റെ കൂടെ പോകാൻ ആളെ അന്വേഷിച്ചുവെങ്കിലും പെട്ടെന്ന് പോകാനായി ആരെയും കിട്ടിയില്ല. ഒടുവിൽ സിദ്ധിഖ് തന്റെ സ്ഥാപനത്തിൽ അവധിക്ക് അപേക്ഷിച്ചുവെങ്കിലും അവധി അനുവദിക്കില്ലെന്നും ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ പോകാമെന്നുമുള്ള മറുപടിയാണ് കിട്ടിയത്. കുടിശ്ശിക ശമ്പളവും മറ്റു ആനുകൂല്യങ്ങളും കമ്പനിയിൽ നിന്നും ബാപ്പുട്ടിക്ക് നൽകാനായി വായ്പയെടുത്ത തുകയിലേക്ക് തട്ടിക്കിഴിക്കുമെന്നും പറഞ്ഞു. 

മയ്യിത്തിന്റെ കൂടെ പോകാൻ മറ്റാരെയും ലഭിക്കാത്തതിനാൽ ബാപ്പുട്ടിക്ക് വേണ്ടി ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ പോകാൻ തന്നെ സിദ്ദിഖ് തീരുമാനിച്ചു. എംബാമിങ്ങും കാർഗോ നടപടികളും മറ്റുള്ള കാര്യങ്ങലേക്കുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് തന്നെ സിദ്ധിഖ് ചെയ്തു തീർത്തു. 

സിദ്ദിഖ് പിന്നീട് ഒരു കാര്യത്തിനും സുഹൈലിനെ വിളിച്ചില്ല. ബാപ്പുട്ടിയുടെ മഹല്ലിലേക്ക് വിളിച്ചു മയ്യിത്ത് കൊണ്ടുന്നവരുന്ന കാര്യം അറിയിച്ചു. മയ്യിത്ത് നമസ്കാരത്തിനും മറവ് ചെയ്യുന്നതിനും ഉള്ള ഒരുക്കങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു. മൃതദേഹം കൊണ്ട് പോകാൻ ബാപ്പുട്ടിയുടെ കുടുംബത്തിലെ ആരെങ്കിലും ഉണ്ടാവണമെന്ന് അറിയിക്കുകയും ചെയ്തു. 

ബാപ്പുട്ടിയുടെ മയ്യിത്തുമായി സിദ്ദിഖ് നാട്ടിലെത്തിയപ്പോൾ സുഹൈൽ എയർപോർട്ടിൽ ഉണ്ടായിരുന്നില്ല. ബാപ്പുട്ടിയുടെ രണ്ടു അകന്ന ബന്ധുക്കളും മഹല്ലിലെ ഒരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി മയ്യിത്ത് ആംബുലൻസിൽ കയറ്റി ബാപ്പുട്ടിയുടെ വീട്ടിലേക്ക് കൊണ്ട് പോയി. 

മയ്യിത്ത് നമസ്കാരം കഴിഞ്ഞു ബാപ്പുട്ടിയുടെ മൃതദേഹം മറവ് ചെയ്തതിന് ശേഷം വീട്ടിലേക്ക് പോകാനായി ടാക്സി വിളിക്കാൻ പോകുമ്പോഴാണ് പിറകിൽ ശക്തമായ ഒരടി കിട്ടുന്നത്. “നിനക്ക് എന്റെ ബാപ്പാടെ മരണകാശിൽ കയ്യിട്ട് വാരണമല്ലെടാ” സുഹൈലിന്റെ ശബ്ദം സിദ്ധിഖ് കേട്ടു. അടി കൊണ്ട് വീണു പോയ സിദ്ദിഖ് എഴുന്നേൽക്കുന്നതിന് മുൻപായി അടുത്ത അടി വീണു. സുഹൈലും രണ്ടു കൂട്ടുകാരും കൂടിയാണ് സിദ്ദിഖിനെ ക്രൂരമായി മർദ്ദിച്ചത്. ഒടുവിൽ എഴുന്നേൽക്കാൻ പോലും ശേഷിയില്ലാതെ വീണു പോയ സിദ്ദിഖിനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ ആക്കുകയായിരുന്നു. 

നാല് ദിവസത്തിന് ശേഷമാണ് സിദ്ദിഖിന് ആശുപത്രി വിടാനായത്. രണ്ടാഴ്ചയോളം വീട്ടിൽ വിശ്രമത്തിലും കഴിയേണ്ടി വന്നു. സൗദിയിലേക്ക് തിരിച്ചു പോകാൻ സാധിക്കാത്തത് മൂലം ജീവിക്കാനായി സിദ്ദിഖ് ഓട്ടോറിക്ഷ വായ്പയെടുത്ത് വാങ്ങി ഓടിക്കാൻ ആരംഭിച്ചു. 

ഏതാണ്ട് ആറു മാസത്തിന് ശേഷം ഒരു ഓട്ടം കഴിഞ്ഞു തിരികെയെത്തി സിദ്ദിഖ് ഓട്ടോസ്റ്റാൻഡിൽ വിശ്രമിക്കുമ്പോൾ പിൻസീറ്റിൽ കിടന്ന് മയങ്ങി പോയി. തന്റെ കാലിൽ ഒരാൾ തല വെച്ച് കരയുന്നത് കേട്ടാണ് പെട്ടെന്ന് ഞെട്ടി ഉണർന്നത്. സുഹൈലായിരുന്നു അത്. കൂടെ സൂറയും ഉണ്ടായിരുന്നു. 

“എന്നോട് ക്ഷമിക്കണേ ഇക്കാ… ലോകത്ത് ഒരാളും ചെയ്യാത്ത ദ്രോഹമാണ് ഇക്കയോട് ഞാൻ ചെയ്തത്. ഇക്കയെ ഞാൻ തെറ്റിദ്ധരിച്ചു. ഇപ്പോൾ എനിക്കെല്ലാം മനസ്സിലായി. എന്നോട് ക്ഷമിക്ക ഇക്കാ” സുഹൈൽ സിദ്ദിഖിന്റെ കാലിൽ പിടിച്ചു പൊട്ടിക്കരയുകയാണ്. സിദ്ദിഖ് ഒന്നും മനസ്സിലാവാതെ സൂറയുടെ മുഖത്തേക്ക് നോക്കി. സൂറയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നു.

ബാപ്പുട്ടിയുടെ സ്പോൺസർ ഇന്ത്യൻ എംബസി അക്കൗണ്ടിൽ അടച്ച 66000 റിയാൽ കഴിഞ്ഞ ദിവസമാണ് സുഹൈലിനും സൂറക്കും കിട്ടിയത്. ആ പണം കയ്യിൽ കിട്ടിയപ്പോഴാണ് താൻ ചതിച്ചെന്ന തെററിദ്ധാരണ സുഹൈലിന് മാറിയത്. അതിന്റെ പശ്ചാത്താപമാണ് ആ കരച്ചിൽ. 

സിദ്ദിഖ് സുഹൈലിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. “ക്ഷമിക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ഇക്കഥ ചെയ്തത്. എന്റെ ബാപ്പാടെ മയ്യിത്ത് നാട്ടിലെത്തിക്കാൻ ജോലി വരെ കളഞ്ഞു നാട്ടിലെത്തിയ ഇക്കാനെ ഞാൻ തല്ലി ചതച്ചു. പണം തട്ടിയെടുത്തെന്ന് ആരോപിച്ചു. എന്നോട് പടച്ചോൻ പോലും പൊറുക്കില്ല. എന്നോട് ക്ഷമിച്ചെന്ന് പറയ് ഇക്കാ. ഇല്ലെങ്കിൽ ഈ ജന്മത്തിൽ എനിക്ക് മനസ്സമാധാനം ഉണ്ടാവില്ല”. എന്തിനും പോന്ന ഒരു മനുഷ്യനായ സുഹൈൽ കൊച്ചുകുട്ടികളെ പോലെ പൊട്ടിക്കരയുകയാണ്. 

സുഹൈലിന്റെ വാക്കുകൾ കേട്ട് സിദ്ദിഖിന്റേയും കണ്ണുകൾ നിറഞ്ഞു. “ന്റെ ബാപ്പുട്ടീടെ മോനോട് എനിക്ക് വെറുപ്പൊന്നും ഇല്ലാ. നിന്നെയും എന്റെ മകനായിട്ട് തന്നെയാണ് ഞാൻ കരുതിയത്. എന്തായാലും തെറ്റിദ്ധാരണകളൊക്കെ മാറിയല്ലോ. അത് തന്നെ സന്തോഷം. മോൻ സൂറാനേം കൊണ്ട് വീട്ടിലേക്ക് പൊയ്ക്കോ. ആ പണം കൊണ്ട് എന്തെങ്കിലും ചെയ്ത് നല്ല രീതിയിൽ ജീവിക്ക്” സിദ്ദിഖ് സുഹൈലിനോട് പറഞ്ഞു. 

സുഹൈൽ കണ്ണുകൾ തുടച്ചു. “എന്റെ ബാപ്പടെ മയ്യിത്ത് നാട്ടിലെത്തിക്കാൻ വേണ്ടി സ്വന്തം ജോലി കളഞ്ഞു കൂടെ വന്നയാളാണ്. സ്വന്തം ചോരകൾ പോലും കാണിക്കാത്ത സ്നേഹം. എത്ര പണം നൽകിയാലും ഈ കടപ്പാട് ഞങ്ങൾക്ക് വീട്ടാൻ കഴിയില്ല. പണത്തിനേക്കാൾ ഉപരി ബന്ധങ്ങൾക്ക് വിലയുണ്ടെന്ന് ഇപ്പോഴാണ് ഇക്കാ മനസ്സിലാവുന്നത്. നിങ്ങളാണ് അത് മനസ്സിലാക്കി തന്നത്”

സിദ്ധിഖ് ഒരു ചെറു പുഞ്ചിരിയോടെ സുഹൈലിന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു “പണത്തിന് വേണ്ടിയല്ല ഞാൻ അത് ചെയ്തത്. എന്റെ കൂട്ടുകാരന്റെ മയ്യിത്ത് നാട്ടിലെത്തിക്കുക എന്നത് എന്റെ കടമയായിരുന്നു. എന്നും പണത്തിനേക്കാൾ കൂടുതൽ സ്നേഹബന്ധങ്ങൾക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള ആളാണ് ഞാൻ. പണമാണ് എല്ലാം എന്ന് ചിന്തിക്കുന്ന മനസ്സായിരുന്നു എന്റേതെങ്കിൽ സൗദിയിലെ ജോലി ഉപേക്ഷിച്ച് ഞാൻ ബാപ്പുട്ടിയുടെ മയ്യിത്തുമായി നാട്ടിലേക്ക് വരില്ലായിരുന്നു. ഇന്നും ആ മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. മോൻ ചെല്ല്. ഇരുട്ടുന്നതിന് മുൻപ് വീട്ടിലെത്താം”

സൂറയുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. “സിദ്ദിഖേ, രാവിലെ ഇറങ്ങിയതാണ്. ആദ്യം സിദ്ദിഖിന്റെ വീട്ടിലേക്കാണ് പോയത്. ഭാര്യയുമായി സംസാരിച്ചപ്പോൾ സിദ്ദിഖ് ഇപ്പോൾ ഓടിക്കുന്ന ഓട്ടോ അടവിന് വാങ്ങിയതാണെന്ന് ഭാര്യ സംസാരത്തിനിടെ പറഞ്ഞിരുന്നു. പണമായി തന്നാൽ സിദ്ദിഖ് വാങ്ങില്ലെന്ന് അറിയാം. ഞങ്ങൾ നേരെ ബാങ്കിലേക്ക് പോയി. ഓട്ടോയുടെ ബാക്കിയുള്ള അടവുകൾ അടക്കാനുള്ള പണം മാനേജരെ ഏല്പിച്ചാണ് ഇവിടേക്ക് വന്നത്”

ഒരു വാക്ക് പോലും മിണ്ടാനാകാതെ നിൽക്കുന്ന സിദ്ധിഖിനോട് യാത്ര പറഞ്ഞു സൂറയും സുഹൈലും തിരിഞ്ഞു നടക്കുമ്പോൾ സിദ്ദിഖിന് ഓർമ്മ വന്നത് അവസാന സമയങ്ങളിൽ തന്റെ മടിയിൽ കിടന്ന് ബാപ്പുട്ടി പറഞ്ഞ വാക്കുകളാണ്. “സിദ്ദീഖേ, എന്നെ പടച്ചോൻ വിളിക്കാറായീന്ന് തോന്നുന്നു. ലോകത്ത് എനിക്ക് കടമുള്ളത് നിന്നോട് മാത്രമാണ്. അത് തരാൻ എനിക്ക് സാധിച്ചില്ലെങ്കി എന്റെ മോൻ സുഹൈൽ തിരിച്ചു തരും” 

ബാപ്പുട്ടിയുടെ അവസാന വാക്കുകൾ ഓർത്തപ്പോൾ സിദ്ദിഖിന്റെ കണ്ണുകൾ നിറഞ്ഞു. “നീ തന്നെയല്ലേ ബാപ്പുട്ടീ അത് തിരിച്ചു തന്നത്? നിന്റെ ജീവന്റെ വിലയില്ലേ അത്. വേണ്ടായിരുന്നു” 

സിദ്ദിഖിന്റെ മനസ്സിൽ ബാപ്പുട്ടിയുടെ മുഖം തെളിഞ്ഞു നിന്നു. സിദ്ദിഖ് മനസ്സിൽ പ്രാർത്ഥിച്ചു. “പടച്ചവനെ, ന്റെ ബാപ്പുട്ടിയുടെ കബർ വിശാലമാക്കി നീ കൊടുക്കണേ നാഥാ”

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!