Connect with us

SAUDI ARABIA

സൈബർ ചതിക്കുഴിയിൽ അകപ്പെട്ട മലയാളി പ്രവാസി. രക്ഷക്കെത്തുന്ന സൗദി സൈബർ വിദഗ്ദൻ

Published

on

കഥാകൃത്ത്: അഡ്വ. ഷിയാസ് കുഞ്ഞിബാവ.

ഹബീബേ, ആകെ പ്രശ്നമാണല്ലോ. നിന്റെയും റഷീദയുടെയും ബെഡ്‌റൂം ദൃശ്യങ്ങൾ ഇന്ന് വൈകീട്ട് മുതൽ ഇന്റെർനെറ്റിലുണ്ട്. ചിലർ അതെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടിലെയും സൗദിയിലെയും പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ വൈറലായി കഴിഞ്ഞു”. 

മജീദിന്റെ ഫോണാണ്. അർദ്ധരാത്രിയിൽ ഫോൺ വന്നപ്പോഴേ തോന്നിയതാണ് എന്തോ എമർജൻസി ഉണ്ടെന്ന്. വിഷയം കേട്ടപ്പോൾ ഹബീബിന് തല കറങ്ങുന്നത് പോലെ തോന്നി.

“ഹബീബ്, ഹലോ…. കേൾക്കുന്നു കേൾക്കുന്നുണ്ടോ?”

മറുപടി പറയണമെന്നുണ്ട് ഹബീബിന്. പക്ഷെ സാധിക്കുന്നില്ല. 

“ഹലോ….ഹലോ… ഹബീബ്, നീ ലൈനിലുണ്ടോ?” അങ്ങേ തലക്കൽ നിന്നും ശബ്ദമൊന്നും കേൾക്കാതായതോടെ മജീദ് വീണ്ടും ചോദിക്കുകയാണ്.

“ഉണ്ട്… ഹബീബിന്റെ തളർന്ന സ്വരത്തിലുള്ള ഉത്തരം. എന്റെയും റഷീദയുടെയും നഗ്ന ദൃശ്യങ്ങൾ?  പക്ഷെ എങ്ങിനെ?” ഹബീബിന്റെ സ്വരം പകുതിയിൽ വെച്ച് മുറിഞ്ഞു പോകുകയാണ്.

കാര്യം വെട്ടിത്തുറന്ന് പറയേണ്ടിയിരുന്നില്ല എന്ന് മജീദിനും തോന്നി. പെട്ടെന്ന് നാട്ടിൽ നിന്നും നന്ദകുമാർ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. പക്ഷെ അവൻ വാട്സ്ആപ്പിൽ ദൃശ്യങ്ങൾ അയച്ചു തന്നപ്പോൾ വിശ്വസിക്കേണ്ടി വന്നു. ബെഡിൽ കെട്ടിമറയുന്ന ഹബീബിൻറെയും റഷീദയുടെയും നഗ്ന ദൃശ്യങ്ങൾ. ആ നിമിഷത്തെ ഒരു അമ്പരപ്പ് മാറും മുൻപ് വിളിച്ചതാണ് ഹബീബിനെ. 

എന്ത് ചെയ്യണം എന്നറിയാത്ത ഇപ്പോഴത്തെ അവസ്ഥയിൽ ഹബീബിന് പരമാവധി ധൈര്യം നൽകണം. അല്ലെങ്കിൽ ഹബീബും റഷീദയും എന്തെങ്കിലും കടുംകൈ പോലും ചെയ്തു കളയാൻ സാധ്യതയുണ്ട്. അവരെ ജിദ്ദയിൽ ഒറ്റക്ക് നിർത്തുന്നത് അപകടമാണ്.

“ഹബീബ്… നീ ഒരു കാര്യം ചെയ്യ്. റഷീദയെ ഇപ്പോൾ ഒരു വിവരവും അറിയിക്കേണ്ട. നീ റഷീദയേയും കൂട്ടി നാളെ രാവിലത്തെ ആദ്യ ഫ്ലൈറ്റിന് ദമ്മാമിലേക്ക് വാ. ഞാൻ ദമ്മാം എയർപോർട്ടിൽ വരാം. ജുബൈലിൽ എന്റെ വീട്ടിൽ നമുക്ക് രണ്ടു മൂന്ന് ദിവസം നിൽക്കാം. അതിനിടയിൽ നമുക്ക് എന്തെങ്കിലും ചെയ്യാം”.

“ഒരു കാര്യം കൂടി…. നിന്റെയും റഷീദയുടെയും മൊബൈലുകൾ സ്വിച്ച് ഓഫ് ചെയ്തേക്ക്. വാട്സാപ്പും ഫേസ്ബുക്കുമൊന്നും തുറക്കേണ്ട. എന്റെ വീട്ടിൽ എത്തിയാൽ പിന്നെ ആബിദ റഷീദാടെ കാര്യങ്ങൾ മാനേജ് ചെയ്തോളും. നിന്റെ ഒഫീഷ്യൽ മൊബൈലിൽ വരുന്ന ക്ലയിന്റ്സിന്റെ ഫോൺ മാത്രം എടുത്താൽ മതി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകൾ അറ്റൻഡ് ചെയ്യണ്ട. ബാക്കിയൊക്കെ നമുക്ക് ജുബൈലിൽ എത്തിയിട്ട് തീരുമാനിക്കാം”

മലപ്പുറം തിരൂർ സ്വദേശിയാണ് ഹബീബ്. പത്തു വര്ഷം മുൻപ് സൗദിയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തരക്കേടില്ലാത്ത ഒരു കമ്പനി പടുത്തുയർത്തിയ വ്യക്തിയാണ്. മുപ്പതോളം ജോലിക്കാർ ഇപ്പോൾ ഹബീബിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കളില്ല. ഭാര്യ റഷീദയുമൊത്ത് ജിദ്ദയിൽ താമസിക്കുന്നു. ഹബീബിന്റെ ആത്മസുഹൃത്താണ് മജീദ്. തൃശൂർ സ്വദേശി. അഭിഭാഷക ബിരുദം ഉണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളാൽ സൗദിയിലെത്തി. ജുബൈലിൽ ഓയിൽ റിഫൈനറിയിൽ ജോലി നോക്കുന്നു.

ആകെ തളർന്ന് പോയെങ്കിലും ഒരു വിവരവും റഷീദ അറിയാതിരിക്കാൻ ഹബീബ് പ്രത്യേകം ശ്രദ്ധിച്ചു. താൻ ഇത്രമാത്രം തളർന്നു പോയെങ്കിൽ ഈ വിവരം അറിയുമ്പോൾ റഷീദയുടെ അവസ്ഥ എങ്ങിനെയാവുമെന്ന് ഹബീബിനൂഹിക്കാൻ പോലും സാധിച്ചില്ല. തല്ക്കാലം ജുബൈലിൽ  മജീദിന്റെ അടുത്തേക്ക് പോകാം. എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല. 

“എന്താ ഇക്കാ വല്ലതിരിക്കുന്നത്? ഈ പാതിരാ  നേരത്ത് ആരാ വിളിച്ചത്?”

“അതൊരു ക്ലയന്റ് ആണ്. നമുക്ക് അത്യാവശ്യമായി നാളെ രാവിലെതന്നെ ദമ്മാമിൽ പോകണം. ഒരു ബിസിനസ് മീറ്റിങ്ങുണ്ട്. രണ്ടു ദിവസമെവിടെ നിൽക്കേണ്ടതായി വരും. നിന്നെ മജീദിന്റെ വീട്ടിലാക്കാം. അവിടെ ആബിദ ഒറ്റക്കെയുള്ളൂ. സുബ്ഹിക്ക് എണീറ്റാൽ പിന്നെ ഉറങ്ങേണ്ട. ട്രാവൽ ബാഗൊക്കെ റെഡിയാക്കി പെട്ടെന്നിറങ്ങാം. ഫ്ലൈറ്റ് ടിക്കറ്റ് പെട്ടെന്ന് ബുക്ക് ചെയ്യാൻ സെക്രട്ടറിക്ക് അർജന്റ് മെസേജ് കൊടുത്തിട്ടുണ്ട്”

കിട‌ന്നെങ്കിലും ഒരുപോള കണ്ണടക്കാൻ ഹബീബിന് സാധിച്ചില്ല. നിരവധി ചോദ്യങ്ങൾ ഹബീബിന്റെ മനസ്സിലേക്ക് ഒന്നൊന്നായി കടന്നു വരികയാണ്. തന്റെ കിടപ്പറ ദൃശ്യങ്ങൾ എങ്ങിനെ ഇന്റർനെറ്റിൽ വന്നു. എങ്ങിനെയായിരിക്കും അവർക്ക് തന്റെയും റഷീദയുടെയും ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടാവുക? എന്തിനായിരിക്കും അവർ ചെയ്തത്? 

പെട്ടെന്ന് രണ്ടാഴ്ച്ച മുൻപ് വന്ന ഒരു ഇമെയിൽ ഹബീബിന്റെ മനസ്സിലേക്ക് കടന്നു വന്നു. ഹബീബ് പെട്ടെന്ന് തന്നെഎഴുന്നേറ്റ് മൊബൈലിൽ ഡിലീറ്റ് ചെയ്ത ഇമെയിലുകൾ പരിശോധിച്ചു. മെസേജുകൾ ഡിലീറ്റ് ചെയ്താലും മുപ്പത് ദിവസം കൂടി ബിന്നിൽ ഉണ്ടാവും. അതിൽ നിന്നും ആ മെസേജ് കണ്ടെടുത്ത് ഒരിക്കൽ കൂടി വായിച്ചു. 

“പതിനായിരം ഡോളർ ബിറ്റ്‌കോയിൻ ആയി ട്രാൻസാക്ഷൻ ചെയ്യണം. ഇല്ലെങ്കിൽ താങ്കൾക്കും ഭാര്യക്കും നികത്താനാത്ത നഷ്ടം ഉണ്ടാവും. നിങ്ങൾക്ക് സ്വയം ജീവൻ ഒടുക്കേണ്ടസാഹചര്യം ഉണ്ടാവും. രണ്ടു പേരുടെയും നഗ്ന ദൃശ്യങ്ങൾ എന്റെ കയ്യിലുണ്ട്. ഏഴു ദിവസത്തിനകം പണം ലഭിച്ചില്ലെങ്കിൽ ആ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കയറും”

ഹബീബ് ആ മെയിൽ വീണ്ടും വീണ്ടും വായിച്ചു. സാധാരണ വരുന്ന നിരവധി സ്പാം മെസേജുകളിൽ ഒന്നായി മാത്രമേ അന്ന് ഇതിനെ കണ്ടുള്ളൂ. പക്ഷെ ഇത് ഇത്രമേൽ ഗുരുതരമാവുമെന്ന് അറിഞ്ഞില്ല. ഇനി എന്ത് ചെയ്യും. ഹബീബിന് ഒരെത്തും പിടിയും കിട്ടിയില്ല. 

 

രാവിലെ തന്നെ മജീദ് ഹബീബിനെയും റഷീദയെയും സ്വീകരിക്കാൻ ഭാര്യ ആബിദക്കൊപ്പം എയർപോർട്ടിലേക്ക് പുറപ്പെട്ടു. ആബിദയെ മജീദ് കാര്യങ്ങളൊക്കെ ധരിപ്പിച്ചിരുന്നു. റഷീദയെ പ്രത്യേകം ശ്രദ്ധിക്കാനും സാവധാനത്തിൽ കാര്യങ്ങൾ ധരിപ്പിക്കാനും ധൈര്യം കൊടുക്കാനും മജീദ് ആബിദയെ ചട്ടം കെട്ടി. 

ഏഴു മണിയോടെ ഹബീബും ആബിദയും എത്തി. കരയിൽ പിടിച്ചിട്ട മത്സ്യത്തെ പോലെ ഹബീബിന്റെ മുഖം വിളറി വെളുത്തിരുന്നു. ദമ്മാമിൽ നിന്നും ജുബൈലിൽ എത്തുന്നത് വരെ ആരും അധികമൊന്നും സംസാരിച്ചില്ല. 

 വീട്ടിൽ എത്തിയ ശേഷം ആബിദയെയും റഷീദയെയും വീട്ടിൽ ഇറക്കി മജീദും ഹബീബും പുറത്തേക്ക് പോയി. കുറച്ചു ദൂരം അകലെയുള്ള പാർക്കിങ്ങിൽ കാർ നിർത്തി. 

“ആ വീഡിയോ ക്ലിപ്പ് ഒന്ന് കാണിച്ചു തരൂ മജീദ്”‌. ഹബീബ് ആവശ്യപ്പെട്ടു. മജീദ് പോക്കറ്റിൽ നിന്നും  ഫോണെടുത്ത് വാട്സാപ്പിൽ വന്ന ദൃശ്യങ്ങൾ ഹബീബിന് കാണിച്ചു കൊടുത്തു. 

തല കറങ്ങുന്നത് പോലെ തോന്നി ഹബീബിന്. കിടക്കയിൽ പരിപൂർണ്ണ നഗ്നരായി താനും റഷീദയും തമ്മിലുള്ള രംഗങ്ങൾ. 

“ഇതെങ്ങിനെ സംഭവിച്ചു?” ഫോൺ പിടിച്ചിരുന്ന ഹബീബിന്റെ കൈകൾ വിറച്ചു. ശബ്ദം ഇടറി. മജീദ് ഹബീബിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി. 

“ഇനിയെന്താണ് ചെയ്യുക എന്ന് എനിക്കറിയില്ല മജീദേ?” തളർന്നു തുടങ്ങിയ ഹബീബ് കരച്ചിലിന്റെ വക്കത്തായിരുന്നു. “നമുക്കെന്താണ് ചെയ്യാൻ സാധിക്കുക. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞാനും ഭാര്യയും ആത്മഹത്യ ചെയ്യേണ്ടി വരും”

ഹബീബ് ഇമെയിലിന്റെ വിവരം മജീദിനോട് പറഞ്ഞു. 

“ഹബീബ്, നമുക്ക് സമയം കളയാനില്ല. ഉടനെ എന്തെങ്കിലും ചെയ്യണം. ഇതാര് ചെയ്തു, ഇത് എങ്ങിനെ ചിത്രീകരിച്ചു എന്നറിയണം. ഇത് അധികം പേരിലേക്ക് എത്തുന്നത് എങ്ങിനെയെങ്കിലും തടയാൻ ശ്രമിക്കണം”. 

“അതെങ്ങിനെ സാധിക്കും?” ഹബീബ് ചോദിച്ചു.

“നമുക്ക് ശ്രമിക്കാം. സാധിക്കും. ഇവിടെ അടുത്ത് എന്റെ ഒരു സുഹൃത്തുണ്ട്. മലയാളിയാണ്. അയാൾക്ക് ഇന്റർനെറ്റും മറ്റും നല്ല പിടിയാണ്. നമുക്ക് അയാളുടെ അടുത്തേക്ക് പോകാം”. 

മജീദ് ഹബീബിനെയും കൂട്ടി മജീദിന്റെ സുഹൃത്ത് ദിലീപിന്റെ അടുത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക് പോയി. ദിലീപിനെ വിവരങ്ങൾ ധരിപ്പിച്ചു.

“ഹബീബേ… രംഗങ്ങൾ ഇന്റർനെറ്റിൽ എത്തിക്കഴിഞ്ഞു. കാര്യങ്ങൾ കൈ വിട്ടു പോയി. ഇന്റർനെറ്റ് നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത ലോകമാണ്. സൗദി അറേബ്യയിൽ സെൻസർഷിപ്പ് ഉള്ളത് കൊണ്ട് ഇവിടെ നിന്നും വെബ്‌സൈറ്റിലൂടെ അധികം ആളുകൾക്ക് ഈ രംഗങ്ങൾ കാണാൻ സാധിക്കില്ല. എന്നാൽമറ്റു രാജ്യങ്ങളിൽ ഒന്നും ചെയ്യാനാവില്ല. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായി തുടങ്ങി. സോഷ്യൽ മീഡിയ നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. നിമിഷങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തും”

“നീ ഞങ്ങളെ പേടിപ്പിക്കാതെ ഈ പ്രശ്‍നത്തിന് ഒരു പരിഹാരം പറഞ്ഞു താ ദിലീപേ” മജീദ് തെല്ല് അസ്വസ്ഥനായി. 

“പരിമിതമായ കാര്യങ്ങൾ മാത്രമേ നമുക്ക് ഇപ്പോൾ ചെയ്യാനുള്ളൂ. പക്ഷെ അത് ചെയ്‌താൽ ഇത് കൂടുതൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ഒരു പരിധി വരെ തടയാം. അതിനോടൊപ്പം ആരിത് ചെയ്തു, എങ്ങിനെ ചെയ്തു, എന്നുള്ള ചോദ്യങ്ങൾക്കും നമ്മൾ ഉത്തരം കണ്ടെത്തണം. സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ കമ്പ്യൂട്ടർ വിഷയങ്ങളിൽ അഗാധമായ അറിവുള്ളവർ ആയിരിക്കും. ഐ പി അഡ്രസ്സുകളൊക്കെ മറച്ചാണ് അവർ ഓൺലൈൻ സഞ്ചാരം നടത്തുക. അതിനാൽ തന്നെക്കണ്ടു പിടിക്കാനും ബുദ്ധിമുട്ടാണ്”. 

“അതിനായി നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക?” ഹബീബ് ചോദിച്ചു.

“നാട്ടിലും ഇവിടെയും നമ്മൾ കാര്യങ്ങൾ ചെയ്യണം. നാട്ടിൽ വൈറലാവുന്നത് തടയാൻ ഇപ്പോൾ തന്നെ ഡിജിപിക്ക് ഇമെയിൽ വഴി പരാതി അയക്കണം. പരിചയമുള്ള ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാർ ഉണ്ടെങ്കിൽ അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി സൈബർ സെൽ വഴി നടപടികൾ എടുക്കണം. ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അറിയിക്കാൻ നാട്ടിലെ സുഹൃത്തുക്കളോട് ആവശ്യപ്പെടുക. ആ അക്കൗണ്ടുകൾ പിന്തുടർന്ന് പോലീസുകാർ നടപടികൾ എടുത്തു തുടങ്ങിയാൽ ഒരു പരിധി വരെ പരസ്യമായി ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത് തടയാൻ സാധിക്കും. അപ്പോഴും ദൃശ്യങ്ങൾ രഹസ്യമായി ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്നത് പൂർണ്ണമായി തടയാൻ നമുക്കാവില്ല”

“സൗദിയിൽ നമുക്ക് നേരിട്ട് കാര്യങ്ങൾ ചെയ്യുന്നതിന് പരിമിതിയുണ്ട്. എന്റെ ഒരു സൗദി സുഹൃത്ത് ദമ്മാമിലുണ്ട്. തലാൽ അൽ ശഹ്‌രി. സൈബർ ഫോറൻസിക്കും സൈബർ ഇൻവെസ്റ്റിഗേഷനും കഴിഞ്ഞ ആളാണ്. അബുദാബിയിലെ സൈയ്യദ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പ്രശസ്തനായ ഡോ. ഇബ്രാഹീം ബാഗീലിയുടെ ശിഷ്യനാണ്. ഈ ഫീൽഡിൽ പുലിയാണ്”

സൗദി പോലീസിനും പബ്ലിക് പ്രോസിക്യൂഷനും പലപ്പോഴും സൈബർ കുറ്റകൃത്യങ്ങളിൽ കൺസൾട്ടൻസി കൊടുക്കുന്നത് തലാലാണ്. അത് കൊണ്ട് തന്നെ പോലീസിലും പ്രോസിക്യൂഷനിലും  നല്ല പിടിപാടാണ്. പക്ഷെ ഒരു അര വട്ടനുമാണ്. നമുക്ക് ശ്രമിച്ചു നോക്കാം. ഞാനും വരാം”

മജീദും ഹബീബും ദിലീപും കൂടി ദമ്മാമിലേക്ക് പുറപ്പെട്ടു. പോകുന്നതിനിടയിൽ തന്നെ ദിലീപ് തലാലിനെ മൊബൈൽ ഫോണിൽ വിളിച്ചു നോക്കി. ഫോൺ എടുത്തില്ല. ഹബീബിന്റെ മുഖം വിവർണ്ണമായി.

“പേടിക്കേണ്ട. ദിലീപ് ഹബീബിനെ നോക്കി പറഞ്ഞു. രാത്രി മുഴുവൻ കോഡിങ്ങും ഹാക്കിങ്ങുമൊക്കെയായി ഉറക്കം ഉണ്ടാവില്ല. സുബഹി കഴിഞ്ഞിട്ടാണ് ഉറങ്ങാൻ കിടക്കുക. ളുഹറിന് മുൻപ് എണീക്കും. ഉറക്കം ഉണർന്നാൽ പത്തു തവണയെങ്കിലും മിസ് കാൾ കണ്ടാൽ ചിലപ്പോൾ തിരിച്ചു വിളിക്കും. ഇല്ലെങ്കിൽ നമുക്ക് വീണ്ടും വിളിക്കാം”. ദിലീപ് ഹബീബിനെ ആശ്വസിപ്പിച്ചു.

മൂവരും ദമ്മാമിൽ എത്തിയിട്ടും രണ്ടു മണിയായിട്ടും തലാൽ തിരിച്ചു വിളിച്ചില്ല. ദിലീപ് പിന്നെയും വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ അസർ നമസ്കാരം കഴിഞ്ഞതിന് ശേഷം ദിലീപിന്റെ ഫോൺ ശബ്ദിച്ചു. 

“ഹബീബി, കൈഫാൽ ഹാൽ. വെയ്ൻ ഇൻത?” തലാലായിരുന്നു.

“തലാൽ… ഒരു അടിയന്തിര കാര്യം ഉണ്ടായിരുന്നു. ഒന്ന് അത്യാവശ്യമായി കാണണം”. ദിലീപ് പറഞ്ഞു. 

“എനിക്ക് എല്ലാ കാര്യങ്ങളും അടിയന്തിരമാണ് ഹബീബി. മഗ്‌രിബ് കഴിഞ്ഞു വിളിക്ക്”. കൂടുതൽ എന്തെങ്കിലും ദിലീപിന് പറയാൻ സാധിക്കുന്നതിന് മുൻപായി തലാൽ ഫോൺ വെച്ചു. 

“തലാൽ ഫോൺ വെച്ചു. ഞാൻ പറഞ്ഞില്ലേ അയാൾ ഒരു അര വട്ടനാണെന്ന്. മഗ്‌രിബ് കഴിഞ്ഞു വിളിച്ചു നോക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മളെ സഹായിക്കാൻ ഇയാൾക്കേ സാധിക്കൂ. വേറെയൊരു കാര്യം കൂടിയുണ്ട്. വെല്ലുവിളികൾ തലാലിന് ഹരമാണ്. നമ്മുടെ കേസിൽ പുതുതായി എന്തെങ്കിലും വെല്ലുവിളികൾ കണ്ടാൽ അയാൾ പിന്നെ ആ കേസ് ഏറ്റെടുക്കും. പിന്നെ അതിന്റെ അറ്റം കണ്ടിട്ടേ തലാൽ നിർത്തുള്ളൂ. പിന്നെ കേസ് തെളിയിക്കാൻ നമ്മളെക്കാൾ താൽപ്പര്യം തലാലിന് ആയിരിക്കും. അങ്ങനെയായാൽ നമ്മൾ രക്ഷപ്പെട്ടു”.

മഗ്‌രിബ് വരെ മൂവരും ദമ്മാമിൽ തങ്ങി. മഗ്‌രിബിന് ശേഷം ദിലീപ് വീണ്ടും തലാലിനെ വിളിച്ചു. മൂന്നാം തവണ തലാൽ ഫോണെടുത്തു. 

ദിലീപ് വിവരങ്ങൾ വിശദമായി പറഞ്ഞു. കുറച്ചു നേരം അപ്പുറത്ത് തികഞ്ഞ നിശബ്ദത. പിന്നീട് തലാലിന്റെ ശബ്ദം കേട്ടു.

“ഇറ്റ് ഈസ് സ്ട്രേഞ്ച്….ബട്ട് ഇന്ററസ്റ്റിങ്….. നിങ്ങൾ അവിടെ തന്നെ നിൽക്ക്. ഞാൻ അങ്ങോട്ട് വരാം”

“എന്റെ ഗുരുവായൂരപ്പാ…. രക്ഷയായെന്ന് തോന്നുന്നു. തലാൽ നമ്മുടെ അടുത്തേക്ക് വരാമെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അയാൾ ഈ കേസ് ഏറ്റെടുത്തു എന്നാണ്”. ദിലീപ് നെടുവീർപ്പിട്ടു. ഒപ്പം ഹബീബും മജീദും.

അര മണിക്കൂറിനുള്ളിൽ വെളുത്ത ലാൻഡ് ക്രൂയിസർ കാറിൽ തലാൽ എത്തി. ദിലീപ് ഹബീബിനെയും മജീദിനെയും പരിചയപ്പെടുത്തി. സലാം പറഞ്ഞ ശേഷം ദൃശ്യം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. കണ്ടതിനുശേഷം ഒരു നിമിഷം തലാൽ മിണ്ടാതിരുന്നു. 

അടുത്ത നിമിഷം ചോദ്യം ഹബീബിന് നേരെ ഉയർന്നു. ഈ ദൃശ്യങ്ങളിൽ കാണുന്ന മുറി ഏതാണ്? 

“ഈ മുറി എന്റെ വീട്ടിലേത് തന്നെയാണ്”

“ഉറപ്പാണോ“

“ഉറപ്പാണ്”

“നിങ്ങൾ നിങ്ങളുടെയും ഭാര്യയുടെയും ലൈംഗിക ബന്ധ ‌രംഗങ്ങൾ ഒരു രസത്തിന് വേണ്ടിയെങ്കിലും മൊബൈലിൽ പകർത്താറുണ്ടോ? ഇതിന് മുൻപ് എപ്പോഴെങ്കിലും പകർത്തിയിട്ടുണ്ടോ? ഇതുപോലുള്ള നിങ്ങളുടെ രംഗങ്ങൾ നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടോ? മൊബൈൽ ഫോൺ എപ്പോഴെങ്കിലും റിപ്പയറിങ്ങിനായി കൊടുത്തിട്ടുണ്ടോ?” തുടരെ തുടരെ ആയിരുന്നു ചോദ്യങ്ങൾ.

എല്ലാ ചോദ്യത്തിനും ഹബീബിന്റെ ഉത്തരം ഇല്ല എന്നായിരുന്നു. തുടർന്ന് ഈമെയിലൂടെ വന്ന ഭീഷണി സന്ദേശം ഹബീബ് തലാലിനെ ധരിപ്പിച്ചു. 

തലാൽ ഒരു നിമിഷം ചിന്തിച്ചു. “ഓക്കേ. നമുക്ക് ആ കോഫീ ഷോപ്പിൽ ഇരുന്ന് സംസാരിക്കാം”.

കോഫീ ഷോപ്പിൽ വെച്ച് തലാൽ രംഗങ്ങൾ വീണ്ടും പരിശോധിച്ചു. 

“ഈ രംഗങ്ങൾ പകർത്തിയിട്ടുള്ളത് നിങ്ങളുടെ കട്ടിലിന് പിറകിൽ നിന്നാണ്. ട്രൈപ്പോഡിൽ കാമറ ഉറപ്പിച്ച് പകർത്തിയ പോലെയാണ് തോന്നുന്നത്.  നിങ്ങളുടെ കട്ടിൽ ഇടക്കിടെ സ്ഥാനം മാറ്റി ഇടാറുണ്ടോ?“

“ഇല്ല. അത് നിലത്ത് ഉറപ്പിച്ച കട്ടിലാണ്. ഇതുവരെ സ്ഥാനം മാറ്റി ഇട്ടിട്ടില്ല”

“ശരി. നിങ്ങളുടെ മുറിയുടെ പിൻഭാഗത്ത് ജനാലയോ എസിയോ ഉണ്ടോ?“

“പിറകിൽ ഇല്ല. റൂമിന്റെ വലത് ഭാഗത്താണ് എ സി വെച്ചിട്ടുള്ളത്”

തലാൽ ഏറെ നേരം ചിന്തിച്ചിരുന്നു. “ഈ ദൃശ്യങ്ങൾ ആരാണ് ചിത്രീകരിച്ചത്, എങ്ങിനെയാണ് ചിത്രീകരിച്ചത് എന്ന് കണ്ടു പിടിക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. ഇമെയിൽ ഭീഷണിയുടെ  സ്വഭാവം വെച്ച് നോക്കുമ്പോൾ ഹാക്കർമാർ ആവാനാണ് സാധ്യത. പക്ഷെ താങ്കളുടെ മൊബൈലിലും ലാപ്ടോപ്പിലും ഡെസ്ക്ടോപ്പിലുമൊന്നും ഈ രംഗങ്ങൾ ഇല്ലെന്ന് താങ്കൾ തന്നെ പറയുന്നു. അപ്പോൾ ആ ഹാക്കർ എങ്ങിനെ നിങ്ങളുടെ ബെഡ്‌റൂമിൽ എത്തിയെന്ന കാര്യം കണ്ടു പിടിക്കണം. ഞാനത് കണ്ടു പിടിക്കും. ഇത്തരം കേസുകൾ എനിക്കൊരു ഹരമാണ്”.

“എന്നാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് തടയുന്നത് പ്രായോഗികമല്ല. എനിക്കത് ചെയ്യാനാവില്ല. അതിന് പോലീസിന്റെ സഹായമാവശ്യമാണ്. സൗദിയിൽ പബ്ലിക് പ്രോസിക്യൂഷന്റെ സാകേതിക വിഭാഗത്തിന്റെ പ്രത്യേക യുണിറ്റ് സോഷ്യൽ മീഡിയ നിയമ ലംഘനങ്ങൾ മോണിറ്റർ ചെയ്യും. സൗദിയിൽ സോഷ്യൽ മീഡിയകളിലൂടെ ആരെങ്കിലും ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയാണെങ്കിൽ അവരുടെ നമ്പർ സഹിതം നമുക്ക് പോലീസിൽ അറിയിക്കാം. അങ്ങിനെ ഷെയർ ചെയ്ത ആളുകളെ പിന്തുടർന്നാൽ കൂടുതൽ വ്യാപകമായി പ്രചരിക്കുന്നത് ഒരു ചെറിയ പരിധി വരെ തടയാൻ സാധിക്കും”

“എങ്കിലും മറ്റു രാജ്യങ്ങളിൽ നിന്നും ദൃശ്യങ്ങൾ എത്തിയതെങ്കിൽ ആ നമ്പറിലേക്ക് ഇവിടെ നിന്നും അന്വേഷണം വ്യാപിപ്പിക്കാൻ നമുക്ക്  സാധിക്കില്ല. അത് അവിടുത്തെ നിയമ പ്രകാരമേ സാധിക്കൂ. കാരണം ഇന്റെർനെറ്റിന് അതിർത്തികൾ ഇല്ലെങ്കിലും സൈബർ നിയമങ്ങൾക്ക് അതിർത്തികളുണ്ട്. ഓരോ രാജ്യത്തെയും നിയമ പ്രകാരം മാത്രമേ നടപടികൾ എടുക്കാൻ സാധിക്കൂ. അത് എനിക്ക് ചെയ്യാൻ സാധിക്കില്ല”. 

“സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങളിൽ നിന്നും അത് എടുത്ത ആളുടെ വിവരങ്ങൾ ലഭിക്കാൻ സാധിക്കുമോ?” അക്ഷമനായി ഹബീബ് തലാലിനോട് ചോദിച്ചു.

തലാൽ ഹബീബിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു. തുടർന്ന് ശാന്തനായി പറഞ്ഞു. “ഈ ദൃശ്യം ആദ്യമായി എടുത്ത മൊബൈൽ ഫോൺ കണ്ടു പിടിക്കാൻ സാധിച്ചാൽ  നമുക്ക് കുറ്റവാളിയെ കണ്ടുപിടിക്കാൻ സാധിക്കും”

“അതെങ്ങിനെയാണ് ?”

“ഒരു മൊബൈൽ കാമറയോ ഡിജിറ്റൽ കാമറയോ ഉപയോഗിച്ച് എടുക്കുന്ന ഓരോ ഫോട്ടോയിലും നിരവധി വിവരങ്ങൾ ഉണ്ടാവും. അതിൽ ആ  കാമറയുടെ വിവരങ്ങൾ, ചിത്രം എടുത്ത തിയ്യതി, സമയം തുടങ്ങി നിരവധി വിവരങ്ങൾ ഉണ്ടാവും. പക്ഷെ അത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. കാരണം നാം ആ ചിത്രം കാണുന്ന രൂപത്തിലല്ല ആ വിവരങ്ങൾ ഉണ്ടാവുക.ആ ചിത്രത്തിൽ വിവരങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് ഹെക്‌സാ ഡെസിമൽ രൂപത്തിലാണ്. അത് വളരെ വലുതാണ്”

“അത് സാങ്കേതിക വിദഗ്ധർക്ക് മാത്രം അറിയാൻ സാധിക്കുന്ന ഒരു വിവരമാണ്. നമ്മൾ മൊബൈലിൽ കാണുന്ന ഒരു സാധാരണ സെൽഫിയുടെ ഹെക്‌സാ ഡെസിമൽ രൂപം 50 ൽ അധികം A4 പേജുകളിൽ നിറക്കാവുന്നത്ര വലുതാണ്. ഇതുപോലുള്ള ഒരു ചെറിയ വീഡിയോയുടെ ഹെക്‌സാ ഡെസിമൽ വിവരങ്ങൾ ലക്ഷക്കണക്കിന് പേജുകൾ വരും”

“എങ്കിൽ ആ രൂപത്തിൽ ഉള്ള വിവരങ്ങളിൽ നിന്നും ഈ വീഡിയോ എടുത്ത ആളിനെപ്പറ്റിയും  കാമറയെപ്പറ്റിയും ദിവസത്തെ പറ്റിയും അറിയാൻ സാധിക്കില്ലേ?” ഹബീബ് ചോദിച്ചു. 

“സാധിക്കും.  ഒരു സെൽഫിയിൽ നിന്നും വീഡിയോയിൽ നിന്നും അത് എടുത്തയാളുടെ കാമറ വിവരങ്ങളും, തിയ്യതിയും സമയവും ഒക്കെതിരിച്ചറിയാൻ സാധിക്കും”

“എങ്കിൽ ഈ വീഡിയോയുടെ ഹെക്‌സാ ഡെസിമൽ രൂപത്തിൽ നിന്നും കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങൾ എടുത്ത് പൊലീസിന് കൈമാറി അയാളെ പിടികൂടാൻ സാധിക്കില്ലേ?”

“നിർഭാഗ്യവശാൽ ഈ വീഡിയോയിൽ നിന്നും അത് കണ്ടു പിടിക്കാൻ സാധിക്കില്ല”. തലാൽ പറഞ്ഞു. 

“എന്തുകൊണ്ട്?” ഹബീബിന്റെ ചോദ്യത്തിന് കരച്ചിലിന്റെ ഭാവമുണ്ടായിരുന്നു.

“ഏതൊരു ചിത്രത്തിന്റെയും വീഡിയോയുടെയും ആദ്യ രൂപത്തിലോ, അത് സേവ് ചെയ്യുന്ന മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ആണ് ഈ വിവരങ്ങൾ ശേഖരിക്കപ്പെടുക. ആ വിവരങ്ങൾ പരിശോധിച്ചാൽ ഒരു സാങ്കേതിക വിദഗ്ധന് മുഴുവൻ വിവരങ്ങളും അറിയാൻ സാധിക്കും”

“എന്നാൽ ഈ ചിത്രം ഫേസ്ബുക്കിലൂടെയോ വാട്സാപ്പിലൂടെയോ മറ്റൊരാൾക്ക് അയച്ചു കൊടുക്കുമ്പോൾ ആ ചിത്രത്തിന്റെ സ്വഭാവം മാറുന്നു. അതായത് ഫേസ്ബുക്കും വാട്സാപ്പും അവരുടെ സർവറിലൂടെ ഈ ചിത്രങ്ങൾ എളുപ്പത്തിലും വേഗത്തിലും അയക്കുന്നതിനായി ഭാരം കുറക്കുന്നതിന് വേണ്ടി ആ ചിത്രങ്ങളുടെ ഹെക്‌സാ ഡെസിമൽ വിവരങ്ങളിൽ മാറ്റം വരുത്തി അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കുന്നു. അങ്ങിനെ ഒഴിവാക്കുന്ന വിവരങ്ങളിൽ ആ ചിത്രം അല്ലെങ്കിൽ വീഡിയോ എടുത്ത കാമറയുടെയും തിയ്യതിയുടെയും സമയത്തിന്റെയുമൊക്കെ വിവരങ്ങൾ ഇല്ലാതാവുന്നു”

“ഒരു സൈബർക്രൈം ഇൻവെസ്റ്റിഗേറ്റർക്കോ അന്വേഷണ ഏജൻസിക്കോ ആ  വിവരങ്ങൾ ഏറെ പ്രധാനപ്പെട്ടതെങ്കിലും ഫേസ്ബുക്കിനും വാട്സാപ്പിനും അത് പ്രധാനപ്പെട്ട വിവരങ്ങൾ  അല്ല. അതിനാൽ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഷെയർ ചെയ്ത് ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും ആ വിവരങ്ങൾ നമുക്ക് ലഭിക്കില്ല. അത് കൊണ്ടാണ് സൈബർ കുറ്റകൃത്യങ്ങളിൽ പോലീസുകാർ ചിത്രമോ വീഡിയയോ ആദ്യമായി ചിത്രീകരിച്ച മൊബൈൽ ഫോണോ കമ്പ്യൂട്ടറോ കസ്റ്റഡിയിൽ എടുക്കുന്നത്”

ഇത് കേട്ടതോടെ തല താഴ്ത്തി നിരാശനായി ഇരിക്കുന്ന ഹബീബിനെ നോക്കി തലാൽ പറഞ്ഞു.

“നിരാശപ്പെടേണ്ട ഹബീബ്. ഇത് ചെയ്തയാളെ കണ്ടു പിടിക്കാൻ എനിക്ക് സാധിക്കും. ഞാൻ കളി തുടങ്ങാൻ പോകുകയാണ്. നമുക്ക് ആ ഹാക്കർക്ക് ചൂണ്ടയിട്ട് തന്നെ തുടങ്ങാം. അതിനായി ആദ്യം ആ ഭീഷണി ഈമെയിലിന് മറുപടി കൊടുക്കണം. ആ ഫോൺ തരൂ”

തലാൽ ഹബീബിന്റെ ഫോൺ വാങ്ങി. അതിൽ നിന്നും പണം നൽകാൻ തയ്യാറാണെന്നും സാങ്കേതിക കാരണങ്ങളാൽ പണം ബിറ്റ്‌കോയിൻ ആയി നൽകാൻ സാധിക്കില്ലെന്നും ബാങ്ക് അക്കൗണ്ടിലൂടെയോ മണി ട്രാൻസ്ഫർ മുഖേനയോ പണം നൽകാമെന്നും  മറുപടി നൽകി. 

“ഇപ്പോൾ ഞാനയച്ച ഇമെയിലിന്റെ ലഭിക്കുന്ന മറുപടിയെ ആശ്രയിച്ചിരിക്കും ഈ കേസിന്റെ ഭാവി. എന്റെ ഈ ട്രാപ്പിൽ അവൻ പെട്ടാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാവും. പണത്തോടുള്ള ആർത്തിയിൽ പല ബുദ്ധിമാന്മാരായ കുറ്റവാളികളും ചിലപ്പോൾ സ്വയം മറന്ന് അബദ്ധങ്ങൾ ചെയ്യാറുണ്ട്”

തെല്ലൊരു അവിശ്വസത്തോടെ ഹബീബ് തല ഉയർത്തി തലാലിനെ നോക്കി.

ഒരു ചെറു പുഞ്ചിരിയോടെ തലാൽ തുടർന്നു “അതിനിടയിൽ ആ വീഡിയോ എടുത്ത രീതി, അവന്റെ ‘മോഡസ് ഓപറാന്റി’ എനിക്ക് കണ്ടു പിടിക്കണം. അതിനായി എനിക്ക് നിങ്ങളുടെ വീട്ടിലെ ഈ മുറി കാണണം. പരിശോധിക്കണം”. തലാൽ ആവേശത്തിലായി. 

“ദിലീപ്…. നിങ്ങളുടെ സുഹൃത്തിന്റെ കാർ ഇവിടെ പാർക്ക് ചെയ്ത് എന്റെ കാറിൽ കയറാൻ പറയൂ. നമ്മൾ ഇപ്പോൾ തന്നെ ജിദ്ദയിലേക്ക് പുറപ്പെടുന്നു”

“ഞാൻ പറഞ്ഞില്ലേ, തലാൽ ഏറ്റെടുത്താൽ അയാൾ അത് കണ്ടു പിടിച്ചിരിക്കും. നിങ്ങൾ തലാലിന്റെ കൂടെ പൊയ്ക്കോളൂ. എനിക്ക് ജിദ്ദയിലേക്ക് വരാൻ സാധിക്കില്ല. നാളെ ഷോപ്പ് തുറക്കേണ്ടതാണ്. ഞാൻ തിരിച്ച് ജുബൈലിലേക്ക് ടാക്സിയിൽ പൊയ്ക്കൊള്ളാം”. ദിലീപ് ഹബീബിനോടും മജീദിനോടും അടക്കം പറഞ്ഞു. 

ദിലീപിന് നന്ദി പറഞ്ഞു ഹബീബും മജീദും തലാലിന്റെ കാറിൽ കയറി. കാർ ജിദ്ദ ലക്ഷ്യമാക്കി പാഞ്ഞു.

 

ജിദ്ദയിലെ വീട്ടിൽ എത്തിയ തലാൽ മുറിയിൽ പരിശോധന ആരംഭിച്ചു. സ്പൈ കാമറ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ പോയിന്റുകളിലും പരിശോധന നടത്തി. ചുവരുകളിൽ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് അരിച്ചു പെറുക്കി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല. 

ഹബീബും  മജീദും കസേരകളിൽ നിരാശരായി തളർന്നിരിക്കുന്നു. തലാൽ കൂടുതൽ ഊർജ്ജസ്വലനായി പരിശോധന തുടരുകയാണ്. ഇതിനിടയിൽ വാർത്തകൾ അറിയുന്നതിനായി ഹബീബ് ടിവി ഓൺ ചെയ്തു.

പെട്ടെന്ന് പരിശോധന നിർത്തി തലാൽ ടിവിയിലേക്ക് നോക്കി. തലാലിന് അനിഷ്ടമായോ എന്ന് ഭയന്ന് ഹബീബ് ടിവി ഓഫ് ചെയ്തു. തലാൽ ഹബീബിന്റെ മുഖത്തേക്ക് നോക്കി. ടിവി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടു. 

ടിവി സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് തലാൽ കിടക്കയിൽ ഇരുന്നു. ടിവിയുടെ റിമോട്ട് കൺട്രോൾ തരാൻ ഹബീബിനോട് ആവശ്യപ്പെട്ടു. അതിലേക്ക് സൂക്ഷ്മമായി നോക്കി കൊണ്ട് അല്പനേരം ഇരുന്നു. തുടർന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അത് തുറന്ന് സൂക്ഷ്മമായി പരിശോധിച്ചു. അതിനിടയിൽ ടിവിയിൽ കണ്ട പരസ്യത്തിലേക്ക് ആകസ്മികമായി നോക്കിയ തലാൽ പിന്നെ ടിവി സ്‌ക്രീനിൽ നിന്നും കണ്ണെടുത്തില്ല.

തലാലിന്റെ നോട്ടം പരസ്യത്തിലേക്ക് ആയിരുന്നില്ല. ടിവിസ്ക്രീനിൽ കണ്ട ബ്ലൂടൂത്ത് ഐക്കണിലേക്ക് ആയിരുന്നു. തലാലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ തിളക്കം കൂടി. 

“ആൻഡ്രോയിഡ് സ്മാർട്ട് ടിവി. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ പോകുന്നു. അൽഹംദിലില്ലാഹ്..” എന്തോ പുതിയതായി കണ്ടു പിടിച്ച പോലെ തലാൽ പറഞ്ഞു. 

ടിവി അഴിച്ച് ബെഡിലേക്ക് വെക്കാൻ തലാൽ ആവശ്യപ്പെട്ടു. മജീദും ഹബീബും കൂടി വാൾ മൗണ്ടിൽ നിന്നും വേർപ്പെടുത്തി ടിവി സെറ്റ് കിടക്കയിലേക്ക് വെച്ചു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ടിവി അഴിച്ച് തലാൽ പരിശോധന ആരംഭിച്ചു.

അൽപ സമയത്തിന് ശേഷം തലാൽ പരിശോധന അവസാനിപ്പിച്ചു. പിന്നീട് ടിവി ഓണാക്കി അതിലെ ഓരോ ആപ്ലിക്കേഷനും വിശദമായി പരിശോധിച്ചു. 

പിന്നീട് ബാത്റൂമിലേക്ക് പോയി മുഖം കഴുകി തിരിച്ചു വന്ന തലാൽ ഹബീബിനോട് പറഞ്ഞു. 

“ഈ കേസിലെ വില്ലൻ നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട് ടിവിയാണ്. ഈ ടിവിയിലൂടെയാണ് ഹാക്കർ നിങ്ങളുടെ വീഡിയോ ചിത്രീകരിച്ചത്. ടിവിയിലെ വീഡിയോ കാൾ ആപ്ലിക്കേഷന്റെ കാമറ ഹാക്ക് ചെയ്യപ്പെട്ടു. ടിവിയിൽ നിങ്ങൾ ഉപയോഗിച്ചിരുന്ന ബ്ലൂടൂത്തിലൂടെയാണ് അതുസംഭവിച്ചത്”. 

“ഇന്റർനെറ്റിലൂടെ നിങ്ങൾ പ്രവർത്തിപ്പിച്ച വിഡിയോ കാൾ ആപ്ലിക്കേഷനിലൂടെ ഹാക്കർ നിങ്ങളുടെ ടിവിയിലെ കാമറ ഹാക്ക് ചെയ്യുകയായിരുന്നു. പിന്നീട് ഈ മുറിയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹാക്കർ ചിത്രീകരിക്കുകയായിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്”

“എന്റെ കൂടുതൽ വീഡിയോകൾ അവരുടെ കൈവശം ഉണ്ടാകുമോ?”

“സാധ്യതയുണ്ട്. എത്ര രംഗങ്ങൾ ചിത്രീകരിച്ചു എന്ന് കൃത്യമായി പറയാനാവില്ല. പക്ഷെ ഒരു കാര്യത്തിൽ പ്രതീക്ഷയുണ്ട്. ഒരിക്കൽ ഒരാളുടെ ഒന്നിൽ കൂടുതൽ വീഡിയോകൾക്ക് അധികം ഡിമാൻഡ് ഉണ്ടാവില്ല. കാരണം അതിന് ഡാർക്ക് നെറ്റിൽ അധികം പണം ലഭിക്കില്ല”

“പണമോ? എന്റെ നഗ്ന രംഗങ്ങൾക്കോ? ആരാണ് ഇതൊക്കെ വാങ്ങുന്നത്?” കരച്ചിലിന്റെ വക്കത്തോളം എത്തിയിരുന്നു ഹബീബ്. 

“നമ്മൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് വെറും പത്ത് ശതമാനം മാത്രമാണ് ഹബീബ്. ബാക്കി 90 ശതമാനവും ഡാർക്ക് നെറ്റ് ആണ്. അതൊരു അധോലോകമാണ്. സൈബർ അധോലോകം. ഈ ഡാർക്ക് നെറ്റിലാണ് ഈ രംഗങ്ങൾ വിറ്റഴിക്കുക. അവിടെ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന ലക്ഷക്കണക്കിന് വെബ്‌സൈറ്റുകൾ ഉണ്ട്”

“അവിടെയൊക്കെ എന്നെപ്പോലെ ഉള്ളവരുടെ ഇത്തരം വീഡിയോകൾക്ക് ആരാണ് പണം നൽകുന്നത്?” 

“സാധാരണക്കാരുടെ ചിത്രങ്ങൾക്കാണ് അവിടെ കൂടുതൽ ഡിമാൻഡ്. സിനിമാ നടികൾ, മോഡലുകൾ തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് അധികം ആവശ്യക്കാർ ഉണ്ടാവില്ല. കാരണം അവരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഒരുപാട് ഉണ്ടാവും. കാണാൻ ഭംഗിയുള്ള സാധാരണ പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾക്ക് ഡാർക്ക് നെറ്റിൽ വലിയ ഡിമാൻഡ് ആണുള്ളത്. അവിടെ ഓക്ഷനിൽ ഈ ചിത്രങ്ങൾക്ക് രണ്ടു മുതൽ ഏഴു ഡോളർ വരെ ലഭിക്കും. നഗ്ന ചിത്രങ്ങൾക്ക് അതിൽ കൂടുതൽ ലഭിക്കും”

ഇതുവരെ അറിയാത്ത വിവരങ്ങൾ തലാൽ പറയുന്നത് കേട്ട് സ്തബ്ധരായി ഇരിക്കുകയാണ് ഹബീബും മജീദും. 

“ഡാർക്ക് നെറ്റിൽ നഗ്നചിത്രങ്ങൾ തന്നെ വേണമെന്നില്ല. നല്ല ഭംഗിയുള്ള സാധാരണ പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സാധാരണ ചിത്രങ്ങൾ ആയാലും മതി. അതിനും വില കിട്ടും. ഒരു ഡോളറിനും മറ്റും വാങ്ങുന്ന ഈ ചിത്രങ്ങളും മറ്റും മോർഫ് ചെയ്ത് നാൽപ്പത് മുതൽ എഴുപത് വരെ ഡോളറുകൾക്ക് അശ്ളീല സൈറ്റുകൾക്ക് വിൽപ്പന നടത്തും. ഒറിജിനൽ അശ്ളീല വീഡിയോകൾ ആണെങ്കിൽ കൂടുതൽ പണം ലഭിക്കും. ഇത് ദിനംപ്രതി ഡാർക്ക് നെറ്റിൽ നടക്കുന്നുണ്ട്. ഹബീബിന്റെ വീഡിയോയും ഇതുപോലെ വിൽപ്പന നടത്തിയതായിരിക്കാനാണ് സാധ്യത”

“ഡാർക്ക് നെറ്റിലെ ഇത്തരം വെബ്‌സൈറ്റുകളെ തിരിച്ചറിയാനും പിടികൂടാനും സാധിക്കില്ലേ ? അതുപോലെ എന്റെ രംഗങ്ങൾ വിൽപ്പന നടത്തിയവരെ കണ്ടു പിടിക്കാൻ സാധിക്കില്ലേ?”

“സാധാരണ ഗതിയിൽ സാധിക്കില്ല. ഡാർക്ക് നെറ്റിൽ സാധാരണ ഗൂഗിൾ, സഫാരി തുടങ്ങിയ സെർച്ച് എൻജിനുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യാൻ സാധിക്കില്ല. അവിടെ TAR പോലുള്ള സെർച്ച് എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. അതിൽ ഐ പി അഡ്രസ്സ് ഓരോ തവണയും മാറിക്കൊണ്ടിരിക്കും. ഒരു തവണ സൗദി അറേബ്യ എന്ന് കാണിച്ചാൽ അടുത്ത തവണ സ്വീഡൻ എന്ന് കാണിക്കാം. പിന്നെ പാക്കിസ്ഥാൻ എന്ന് കാണിക്കാം. പിന്നെ റീഫ്രഷ് ചെയ്‌താൽ ഫ്രാൻസ് എന്ന് കാണിക്കാം. അത് ഇങ്ങിനെ ഓരോതവണയും മാറിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ഐ പി  അഡ്രസ്സ് പിന്തുടർന്ന് പിടികൂടാനും ബുദ്ധിമുട്ടാണ്”. 

തലാൽ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഹബീബിന്റെ ഫോണിൽ ബീപ്പ് ശബ്ദം കേട്ടു. ഫോൺ അൺലോക്ക് ചെയ്തു മെയിൽ നോക്കിയ ഹബീബ് ഉച്ചത്തിൽ പറഞ്ഞു.

“ഇത് അവനാണ്. നമ്മൾ അയച്ച മെയിലിന് അവൻ മറുപടി അയച്ചിരിക്കുന്നു”

ഹബീബ് ഫോൺ തലാലിന്റെ കയ്യിൽ കൊടുത്തു.

“കൂടുതൽ ദൃശ്യങ്ങൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യാതിരിക്കാൻ അയ്യായിരം ഡോളർ പാക്കിസ്ഥാനിലേക്കും അയ്യായിരം ഡോളർ യെമനിലേക്കും ഈ അഡ്ഡ്രസ്സുകളിലേക്ക് മണി ട്രാൻസ്ഫർ കമ്പനി മുഖേന അയക്കുക”. 

“ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. ഇത് വലിയൊരു മാഫിയയാണ്. യെമനികളും പാക്കിസ്ഥാനികളും പോലെ മറ്റു രാജ്യക്കാരും കണ്ടേക്കാം. ഇനിയാണെന്റെ കളി തുടങ്ങുന്നത്. അത് പോലീസിനെയും പബ്ളിക് പ്രോസിക്യൂഷനെയും വെച്ചുള്ള കളി. തലാൽ ആരാണെന്ന് അവൻ കാണാൻ ഇരിക്കുന്നതേയുള്ളൂ. എല്ലാവരെയും ഞാൻ പൂട്ടും. സൗദിയിൽ വന്നിട്ട് അവർ ഇങ്ങനെ പണം സമ്പാദിക്കേണ്ട”. 

തലാൽ ഉടനെ റിയാദിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ തന്റെ സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നമ്മുടെ രാജ്യത്തും വിദേശികൾ ഡാർക്ക് നെറ്റിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയെന്നും ഇവരെ മുളയിൽ തന്നെ നുള്ളിക്കളയണമെന്നും ധരിപ്പിച്ചു. 

“ശരി തലാൽ. ഈ സംഘത്തെ കുടുക്കാൻ നമ്മളെന്താണ് ഇപ്പോൾ ചെയ്യേണ്ടത്”

“അവർ കളിക്കുന്നത് ഐ പി അഡ്രസ്സ് മറച്ചു വെച്ചാണ്. അതുകൊണ്ട് സൗദിയിൽ ഒന്നും നമുക്ക് ചെയ്യാനില്ല. പക്ഷെ അവർ സൗദിയിൽ ഉണ്ടെന്ന കാര്യം എനിക്ക് ഉറപ്പാണ്. അവരിലേക്കെത്താൻ ഇപ്പോൾ നമ്മുടെ മുന്നിൽ രണ്ടു അഡ്രസ്സുകളാണ് ഉള്ളത്. ഒന്ന് യെമനിലെയും രണ്ടാമത്തെ പാക്കിസ്ഥാനിലേയും. ഈ അഡ്രസ്സുകൾ കേന്ദ്രീകരിച്ചു നമുക്ക് നീങ്ങണം”

“മറ്റു രാജ്യങ്ങളിലെ പ്രതികളെ പിടികൂടണമെങ്കിൽ ഇന്റർപോൾ മുഖേനയല്ലേ സാധിക്കൂ തലാൽ. മാത്രമല്ല അതിന് ഒരുപാട് നടപടി ക്രമങ്ങളുണ്ട്. പെട്ടെന്ന് നടക്കില്ല”

“യെസ്. പെട്ടെന്ന് നടക്കില്ല. അതുകൊണ്ടാണ് ഞാൻ താങ്കളുമായി ബന്ധപ്പെട്ടത്. ഒഫീഷ്യലായി മൂവ് ചെയ്‌താൽ ആഴ്ചകളെടുക്കും. അതിനിടയിൽ സംഘം ചിലപ്പോൾ രക്ഷപ്പെടാം, ചിലപ്പോൾ ഇരകളുടെ കൂടുതൽ വീഡിയോകളും നഗ്ന ചിത്രങ്ങളും അപ്‌ലോഡ് ചെയ്ത് ഇരകളെ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാം. നമുക്ക് മുന്നിൽ ഉള്ളത് നമ്മുടെ രാജ്യത്തുള്ള ഈ സംഘത്തെ പിടികൂടുക എന്നതാണ്”

“അതിനെന്ത് ചെയ്യാൻ കഴിയും തലാൽ?”

“താങ്കൾക്ക് അത് ചെയ്യാൻ സാധിക്കും. കറാച്ചിയിലെയും സനായിലെയും താങ്കളുടെ ബന്ധങ്ങൾ വെച്ചു കൊണ്ട് താങ്കൾക്ക് അൺ ഒഫീഷ്യൽ ആയും ഓഫ് ദ റെക്കോർഡ് ആയും കാര്യങ്ങൾ ചെയ്യാം. അത് ആരെയും ദോഷകരമായി ബാധിക്കില്ല. നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു വലിയ കുറ്റവാളി സംഘത്തെ നമുക്ക് പിടികൂടുകയും ചെയ്യാം. ലക്ഷ്യമാണ് വലുത്. മാർഗ്ഗമല്ല”

“പറയൂ തലാൽ, ഞാനെന്താണ് ചെയ്തു തരേണ്ടത്?”

“ഡാർക്ക് നെറ്റിലെ കുറ്റവാളിയുടെ ഇമെയിൽ സന്ദേശ പ്രകാരം അയാൾ നൽകിയിട്ടുള്ള അഡ്ഡ്രസ്സുകളിലേക്ക് ഇന്ത്യക്കാരനായ ഹബീബ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്കും യെമനിലെ സനായിലേക്കും മണി ട്രാൻസ്ഫർ സ്ഥാപനം മുഖേന പണം ട്രാൻസ്ഫർ ചെയ്യുന്നു. ആ പണം സ്വീകരിക്കാൻ അവിടങ്ങളിൽ ആ അഡ്ഡ്രസ്സിൽ ഉള്ളവർ എത്തും. അവരെ പിടികൂടണം. അവരിൽ നിന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നും അവർ എവിടെയാണുള്ളതെന്നും തുടങ്ങിയ മുഴുവൻ വിവരങ്ങളും മനസ്സിലാക്കണം. എങ്കിൽ അവരെ നമുക്ക് ഇവിടെ പിടികൂടാം”

“ശരി തലാൽ. സമയാ സമയങ്ങളിൽ വിവരങ്ങൾ അറിയിക്കൂ. ഞാൻ വേണ്ടത് ചെയ്യാം”. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി.

ഫോൺ വെച്ച ശേഷം തലാൽ ഹബീബിന് നേരെ തിരിഞ്ഞു. “ഹബീബ്, കുറ്റവാളിക്കായി നമുക്ക് കുരുക്ക് ഒന്നുകൂടി മുറുക്കണം. അതിനായി നിങ്ങൾ കുറച്ചു പണം മുടക്കേണ്ടി വരും. കുറച്ചു പണം കറാച്ചിയിലേക്കും സനായിലേക്കും ഹാക്കർ തന്ന അഡ്ഡ്രസ്സിൽ അയച്ചു കൊടുക്കേണ്ടി വരും”

“എത്ര പണം വേണമെങ്കിലും മുടക്കാം. നമുക്ക് അവരെ കുടുക്കണം. ഇനിയൊരാളും അവരുടെ ഇരയാവാൻ പാടില്ല”. ഹബീബ് ആവേശത്തിലായിരുന്നു.

“ഗുഡ്. ഫോൺ തരൂ” തലാൽ ഹബീബിന്റെ ഫോൺ വാങ്ങി ഹാക്കർക്ക് അടുത്ത മെയിൽ അയച്ചു. “ഇപ്പോൾ എന്റെ കയ്യിലുള്ള കുറച്ച് പണം അയക്കാം. കൂടുതൽ പണം സംഘടിപ്പിക്കാൻ എനിക്ക് കുറച്ചു സമയംകൂടി നൽകണം. ദയവായി അതുവരെ എന്റെ വിഡിയോകളൊന്നും അപ്‌ലോഡ് ചെയ്യരുത്”. 

“ശരി. ഉടനെ കയ്യിലുള്ള പണം അയക്കൂ. ബാക്കിയുള്ള പണം ഏഴു ദിവസത്തിനുള്ളിൽ അയക്കണം. അതിന് ശേഷം പണം ലഭിച്ചില്ലെങ്കിൽ കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യും. ഹാക്കറുടെ മറുപടി ഉടനെ തന്നെ ലഭിച്ചു”

“ഞാൻ പണം കൊടുത്ത ശേഷവും അയാൾ എന്റെ വിഡിയോകൾ അപ്‌ലോഡ് ചെയ്യുമോ?” ഹബീബ് തലാലിനോട് ചോദിച്ചു.

“നോക്കൂ ഹബീബ്. ഡാർക്ക് നെറ്റിലുള്ളവർ മനുഷ്യത്വം ഇല്ലാത്തവരാണ്. അവരുടെ വലയിൽ വീഴുന്നത് സൈബർ ലോകത്തെ ശ്രദ്ധയില്ലാത്തവരും വിഡ്ഢികളുമാണ്. ഒരിക്കൽ ഒരു ഫോട്ടോയോ വീഡിയോയോ സൈബർ ലോകത്തേക്ക് പോയാൽ അത് തിരിച്ചു കിട്ടില്ല. ആ ഫോട്ടോ ഇട്ട ആൾക്ക് പോലും പിന്നെ അതിൽ നിയന്ത്രണമില്ല. അതായിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും കോടികൾ കോപ്പികളായി സൈബർ ലോകത്തിൽ കറങ്ങി നടക്കും. അത് ഒരിക്കലും നശിച്ചു പോകുന്നില്ല”

“ഇപ്പോൾ നിങ്ങൾ പണം കൊടുത്താലും അയാൾക്ക് വീഡിയോകൾ പിന്നീട് അപ്‌ലോഡ് ചെയ്യാം. അല്ലെങ്കിൽ ഡാർക്ക് നെറ്റിലെ മറ്റുള്ളവർക്ക് വിൽക്കാം. ആ വാങ്ങുന്നവർക്ക് അതിലൂടെ വീണ്ടും പണമുണ്ടാക്കാം. നമ്മൾ ഇവിടെ ലക്ഷ്യമിടുന്നത് ആ സംഘത്തെ പിടികൂടുക എന്നതാണ്. സംഘം മുഴുവനും പിടിയിലായ ശേഷം അവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പാസ്‌വേഡുകളും നമ്മുടെ കൈവശം ലഭിച്ചാൽ മാത്രമേ നമുക്ക് ആശ്വസിക്കാൻ വകയുള്ളൂ”

ഹബീബ് എല്ലാം കേട്ടിരുന്നു. സംഘത്തെ മുഴുവനായി കുടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്ന് ഹബീബിന് മനസ്സിലായി.

“ഹബീബ്. എത്രയും വേഗം ഹാക്കർ തന്ന അഡ്ഡ്രസ്സുകളിൽ ആയിരം ഡോളർ വീതം പണം ട്രാൻസ്ഫർ ചെയ്തിട്ട് വരൂ”

ഹബീബും മജീദും കൂടി ഹാക്കർ നൽകിയ കറാച്ചിയിലെയും സനായിലെയും അഡ്ഡ്രസ്സുകളിലേക്ക് ആയിരം ഡോളർ വീതം ട്രാൻസ്ഫർ ചെയ്തു തിരിച്ചെത്തി. പണം അയച്ച രേഖ തെളിവായി സ്കാൻ ചെയ്ത് ഇമെയിലായി ഹാക്കർക്ക് അയച്ചു കൊടുത്തു.

“ഇനിയെന്താണ് ചെയ്യേണ്ടത് തലാൽ?”  ഹബീബ് ചോദിച്ചു.

“ഇനി ഇന്ന് നമുക്ക് വിശ്രമിക്കാം. നമ്മൾ വല വിരിച്ചു കഴിഞ്ഞു. പണം വാങ്ങാൻ ആ അഡ്ഡ്രസ്സിലുള്ളവർ എത്തുമ്പോൾ പിടിയിലാകും. അതിൽ നിന്നും ഈ ഹാക്കർമാരുടെയും സംഘത്തിന്റെയും വിവരങ്ങൾ നമുക്ക് ലഭിക്കും”

“പണം കൈപ്പറ്റാൻ അവർ വരാതിരിക്കുമോ തലാൽ?” മജീദ് ചോദിച്ചു.

“ആയിരം ഡോളർ അത്ര ചെറിയ തുകയല്ല. ആ പ്രലോഭനത്തിൽ അവർ വീണു പോകും. മാത്രമല്ല ഹബീബിനെ പോലുള്ള ഒരാൾക്ക് കറാച്ചിയിലും സനായിലും ഉള്ള ആളുകളെ പിടികൂടാൻ സാധ്യമാകുന്ന നെറ്റ്‌വർക്ക് ഉള്ളതായി അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കില്ല. അതിനാൽ പിടിക്കപ്പെടുമെന്ന സംശയം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ അവർ തീർച്ചയായും വരും. അവർ പണം കൈപ്പറ്റുന്നത് വരെ നിങ്ങൾ വിശ്രമിക്കൂ”. 

തലാൽ ഉടനെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ വിളിച്ച് വിവരങ്ങൾ കൈമാറി. പണം കൈപ്പറ്റാൻ വരുന്നവരെ പിടികൂടി ചോദ്യം ചെയ്യാനുള്ള ഏർപ്പാടുകൾ അനൗദ്യോഗികമായി ഏർപ്പെടുത്തി. 

 

അടുത്ത ദിവസം തലാലിന്റെ ഫോൺ ശബ്ദിച്ചു. പണം കൈപ്പറ്റാൻ വന്നവർ കറാച്ചിയിലും സനയിലും പിടിയിലായതായും അവരിൽ നിന്നും അവരെ ഇതിന് ഏർപ്പാടാക്കിയ ആളുകളുടെ വിവരങ്ങൾ ലഭിച്ചതായും റിയാദിലാണ് സംഘം ഉള്ളതെന്നും അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും പിടികൂടാനുള്ള ക്രമീകരണങ്ങൾ ചെയ്തതായും ഉടൻ വലയിലാവുമെന്നും അദ്ദേഹം തലാലിനെ  അറിയിച്ചു. 

“ഈ വാർത്ത ഇപ്പോൾ പുറത്ത് വിടരുത്. എനിക്ക് ആ ലാപ്ടോപ്പുകളും മൊബൈലുകളും ഹാർഡ് ഡിസ്‌ക്കുകളും മറ്റും പരിശോധിക്കണം. നമ്മുടെ രാജ്യത്ത് ഡാർക്ക് നെറ്റിൽ വിഹരിക്കുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കണം”.

“നിങ്ങൾ എപ്പോൾ റിയാദിൽ എത്തും തലാൽ?“

“എത്രയും പെട്ടെന്ന്. എന്റെ ഇവിടുത്തെ ദൗത്യം പൂർത്തിയായിരിക്കുന്നു. ഇപ്പോൾ തന്നെ പുറപ്പെട്ടുകയാണ്”. 

 

ഹബീബ്, നിങ്ങൾക്കിനി ഭാവിയിൽ ഒരു ദോഷവും ഉണ്ടാകില്ല. സംഘം മുഴുവൻ ഏതാണ്ട് പിടിയിലായി കഴിഞ്ഞു. ഞാൻ റിയാദിലേക്ക് പോകുകയാണ്. നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ. അസ്സലാമു അലൈക്കും. 

കൃതജ്ഞത കൊണ്ടും സന്തോഷം കൊണ്ടും ഹബീബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “തലാൽ, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്ത ഉപകാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നറിയാം. എന്നാലും എന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ചോദിക്കട്ടെ, ഞാൻ എന്താണ് താങ്കൾക്ക് പ്രതിഫലമായി നൽകേണ്ടത്?”

മറുപടി ഉറക്കെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു. “ഹബീബി, പ്രതിഫലം നൽകുന്നവൻ പടച്ചവനാണ്. പടപ്പുകളല്ല. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക. അതാണ് നിങ്ങൾക്ക് മറ്റൊരു പടപ്പിന് വേണ്ടി ചെയ്യാവുന്നത്. പണത്തെ മാറ്റി നിർത്തൂ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തൂ…… മാസലാമ”

ലാൻഡ് ക്രൂയിസറിന്റെ ചാവി കൈവിരലിൽ കറക്കി തലാൽ പുറത്തേക്കിറങ്ങി.

തുടർന്ന് ഒരു ചെറു പുഞ്ചിരിയോടെ കാറിൽ കയറി തലാൽ അൽ ശഹരി റിയാദിലേക്ക് യാത്രയായി. മറ്റൊരു ദൗത്യത്തിനായി…….

അഡ്വ.ഷിയാസ് കുഞ്ഞിബാവ

അഡ്വ.ഷിയാസ് കുഞ്ഞിബാവ

 

 

 

 

 

 

 

 

 

——————————————-

(നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: രേഖാ മൂലമുള്ള അനുമതി കൂടാതെ ഈ രൂപത്തിലോ രൂപമാറ്റം വരുത്തിയോ ഓഡിയോ, വീഡിയോ രൂപത്തിലോ ഫേസ്‌ബുക്ക്, യുട്യൂബ് അടക്കമുള്ള മറ്റേത് സമൂഹ മാധ്യമങ്ങളിലും ഈ കഥയോ ഇതിലെ ഭാഗങ്ങളോ പുനഃപ്രസിദ്ധീകരിക്കുന്നത് കോപ്പിറൈറ്റ് നിയമ ലംഘനവും നിയമവിരുദ്ധമാണ്)

 

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!