LATEST
മദാമ്മയുടെ സോഷ്യൽ മീഡിയ തട്ടിപ്പിൽ കുടുങ്ങാതെ മലയാളി യുവാവ്

ഓൺലൈനിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രമാക്കി വൻതോതിലാണ് തട്ടിപ്പുകൾ നടന്നു വരുന്നത്. പലരുടെയും ചെറുതും വലുതുമായ തുകകൾ നഷ്ടപ്പെടുന്നുണ്ട്. പലരും മാനക്കേടോർത്ത് തുറന്നു പറയാറില്ല. ചിലർ പോലീസിൽ പരാതി നൽകുമെങ്കിലും ഇത്തരം അക്കൗണ്ടുകൾ വ്യാജ അക്കൗണ്ടുകൾ ആയതിനാൽ ഒന്നും ചെയ്യാനും സാധിക്കാറില്ല.
ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് പൊളിച്ചടുക്കിയ റിയാസ് കുന്നമംഗലം യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിവരമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഏകദേശ മുൻധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് ശിൽപി കൂടിയായ റിയാസിന് ഈ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചത്.
റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
രണ്ടുമൂന്ന് ആഴ്ചകൾക്ക് മുൻപ് Maria Smith എന്ന ഇംഗ്ലണ്ടിലുള്ള ഒരു മദാമ്മ എങ്ങനെയോ എന്റെ fb ഫ്രണ്ട്ലിസ്റ്റിൽ കയറികൂടി.. എന്നെ പരിചയപ്പെടാൻ മെസഞ്ചറിൽ മെസ്സേജ് അയച്ചു ഞാൻ മറുപടിയും കൊടുത്തു.
അവൾ എന്റെ fb പ്രൊഫൈൽ ശരിക്കും പഠിച്ചതിന് ശേഷമാണ് എനിക്ക് മെസ്സേജ് അയക്കാൻ തുടങ്ങിയത് എന്ന് അവളുടെ ഓരോ മെസ്സേജിൽ നിന്നും എനിക്ക് മനസ്സിലായി.
എന്റെ ശിൽപ്പ കലയെ കുറിച്ചും എന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും അവൾ ഒരുപാട് സംസാരിച്ചു..
അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി.
ആ മദാമ്മയുമായി ആശയവിനിമയം നടത്താൻ എനിക്ക് സഹായമായത് ഗൂഗിളിന്റെ ഓരോ ആപ്പുകളാണ് ട്ടോ.. അവൾ വിടുന്ന മെസേജ് മലയാളത്തിലാക്കാനും ഞാൻ എഴുതുന്ന മലയാളം ഇംഗ്ലീഷിൽ ആക്കാനും ആപ്പുകൾ ഉള്ളതുകൊണ്ട് ഏത് രാജ്യത്തുള്ളവരുമായി ആശയവിനിമയം നടത്താമല്ലോ.
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മദാമ്മ എന്റെ വാട്സ്ആപ് നമ്പർ ചോദിച്ചു ഞാൻ കൊടുത്തു. പിന്നീട് വാട്സാപ്പിലൂടെയായി സൗഹൃദം പങ്കുവെക്കൽ.. അവളുടെ ഫാമിലിയെ കുറിച്ച് വാതോരാതെ സംസാരിച്ചു. അവളുടെ ഭർത്താവ് പൈലറ്റ് ആയിരുന്നു ഒരു വിമാനാപകടത്തിൽ 4 വർഷം മുൻപ് മരിച്ചു.. 10 വയസുള്ള ഒരു മകനുണ്ട്. പിന്നെ അച്ഛൻ ഡോക്ടർ അമ്മ ലെക്ച്ചറൽ ബ്രദർ പൈലറ്റ് അവരുടെയൊക്കെ വിവിധ തരത്തിലുള്ള ഫോട്ടോകളും അയച്ചുതന്നു.
എന്റെ ഫാമിലിയെക്കുറിച്ചും ഒത്തിരി സംസാരിച്ചു.അങ്ങനെ ഇന്നലെ രാവിലെ അവൾ പറഞ്ഞു എന്റെ മകന്റെ പത്താമത്തെ ബർത്ത്ഡേയാണ് നാളെ (അതായത് ഇന്ന് ) അതുകൊണ്ട് നിനക്ക് ഒരു സർപ്രെയ്സ് ഉണ്ട് വൈകുന്നേരം പറയാം.. എന്റെ ഫുൾ അഡ്രസ്സ് അവൾക്ക് വേണം കൊറിയറിൽ ഇങ്ങോട്ട് അയക്കാനാണ് എന്ന്.
അപ്പോൾ ഞാൻ വിചാരിച്ചത് എന്തോ ചെറിയ ഗിഫ്റ്റ് മറ്റോ ആയിരിക്കും എന്നാണ്.. ഞാൻ അഡ്രെസ്സ് കൊടുക്കുകയും ചെയ്തു.
വൈകുന്നേരം ആറുമണിയോടു കൂടി അവൾ വാട്സാപ്പിൽ വന്നു.. ഇന്ന് ഇവിടെ കിട്ടാവുന്ന രീതിയിൽ എനിക്ക് വേണ്ടി ഗിഫ്റ്റ് എയർ കാർഗോയിൽ അയച്ചിട്ടുണ്ടെന്ന് അതിന്റെ എല്ലാ എവിഡൻസും എന്തിന് എയർ കാർഗോയുടെ എന്റെ അഡ്രസ്സിലുള്ള ഒറിജിനലിനെ വെല്ലുന്ന ബില്ലും പാർസൽ ചെയ്ത ബോക്‌സും.. അതിൽ അയച്ചിട്ടുള്ള സാധനങ്ങളുടെ ഫോട്ടോയും അയച്ചു തന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
916 ന്റെ രണ്ട് അടിപൊളി സ്വർണ ചെയിൻ, 916 ന്റെ ബ്രെസിലേറ്റ്, റോളക്‌സിന്റെ രണ്ട് കിടിലൻ വാച്ച്, ഒരു ifone 6, ആപ്പിളിന്റെ ലാപ്ടോപ്, അടിപൊളി സ്പ്രേ, പിന്നെ ഒരു കവറിൽ 55000 പൗണ്ട് എന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി.
ഇതൊക്കെ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി.. ആ പാർസൽ എനിക്ക് അയച്ചതിന്റെ എല്ലാ തെളിവും കോണ്ടാക്റ്റ് ചെയ്യേണ്ട പാർസൽ ബിൽ നമ്പറും അയച്ച കമ്പനിയുടെ ലിങ്കും എല്ലാം എനിക്ക് വാട്സാപ്പിൽ അയച്ചുതന്നു.
അപ്പോൾ തന്നെ എനിക്ക് ഉറപ്പായി ഇത് ഐട്ടെക്ക് പൊട്ടിക്കലാണ്.. പക്ഷെ സംശയിക്കാനുള്ള ഒരു പഴുതും തരാതെ ഇതെങ്ങനെ.
ഈ ഗിഫ്റ്റ് എന്റെ കയ്യിൽ കിട്ടാതെ അവൾക്ക് സമാധാനം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് തുരുതുരെ മെസ്സേജ്.
എവിടെയും സംശയത്തിന്റെ നിഴൽ പോലും അവൾ തരുന്നില്ല..
ഒന്നുകിൽ അവൾക്ക് വട്ട്.. അല്ലെങ്കിൽ നമ്പർ വൺ ചീറ്റിംഗ്. പക്ഷേ എങ്ങനെ.. പാർസൽ എയർ കാർഗോയിൽ വിട്ടതിന്റെ എല്ലാ തെളിവും അവൾ തന്നിട്ടുണ്ട്.
എന്തായാലും ശ്രദ്ധയോടെ കാത്തിരിക്കുക എന്ന് ഞാൻ തീരുമാനിച്ചു.
ഏകദേശം 9 മണിയോടെ അവൾ അടുത്ത നമ്പർ ഇറക്കിയപ്പോൾ എനിക്ക് ബോധ്യമായി എത്ര നാടകീയമായാണ് അവൾ ചീറ്റിംഗ് നടത്താൻ പ്ലാൻ ചെയ്തതെന്ന്.
“ഡാർലിംഗ് എന്നോട് ക്ഷമിക്കണം ഇത്രയും വിലപ്പെട്ട സമ്മാനം നിങ്ങൾക്ക് ഞാൻ അയച്ചിട്ട് അത് നിങ്ങളുടെ കയ്യിലെത്താൻ നമ്മുടെ രാജ്യങ്ങളുടെ പോരായ്മകൾകൊണ്ട് ചെറിയൊരു തടസ്സമുണ്ട്.. ഈ പാർസൽ അവിടെ എത്തുമ്പോൾ ആ പാർസൽ കമ്പനിയിൽ കുറച്ച് പൈസ അത് കൈപ്പറ്റുന്ന ആള് അടക്കണം.. അത് ഞാൻതന്നെ ഇവിടെ അടക്കാമെന്നു അപേക്ഷിച്ചിട്ടും നിയമം അതിന് അനുവദിക്കുന്നില്ല.. അതുകൊണ്ട് നിങ്ങൾ ദയവുചെയ്ത് ആ പണം അവിടെ കെട്ടണം..”
ഈ മെസ്സേജ് വായിച്ചപ്പോൾ ഞാൻ ചിരിച്ചുപോയി.. ഇവൾ രാജസ്ഥാൻ മരുഭൂമിയിലേക്കാണല്ലോ മണൽ കയറ്റി അയക്കുന്നത്.. ഹഹഹ..
ഞാൻ ഇത് എവിടംവരെ പോകുമെന്നറിയാൻ ചോദിച്ചു എത്ര പൈസ വേണ്ടിവരും.. അപ്പോൾ ഒരു ബില്ല് അയച്ചുതന്നു 38600 രൂപ.
ഞാൻ പറഞ്ഞു എന്റെ കയ്യിൽ പൈസയില്ല മാത്രമല്ല ഇത്രയും വിലപ്പെട്ട സമ്മാനം എനിക്ക് വേണ്ട.. അതിനാൽ അത് തിരിച്ച് വാങ്ങിക്കോ എന്ന്.
ഓ ഗോഡ്, അത് കൊണ്ടുവരുന്ന ഫ്ലൈറ്റ് ഇവിടുന്ന് പുറപ്പെട്ടു ഇനി ഒന്നും ചെയ്യാൻ കഴിയില്ല.. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും താൽക്കാലികമായി കടം വാങ്ങൂ.. പാർസൽ കയ്യിൽ കിട്ടിയ ഉടനെ അതിലെ കവറിലുള്ള 55000 പൗണ്ട് മാറിയിട്ട് ആ കടം വീട്ടിയാൽ മതി.. ഔ.. എത്ര നല്ല ഉപദേശം.
ഞാൻ ഉടനെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി അവന് കാണിച്ചുകൊടുത്തു.. അവനും പറഞ്ഞു സംശയിക്കേണ്ട ഒരു അവസരവും ഇവൾ ഇതിൽ തന്നിട്ടില്ല.. എന്നാലും ഇത്രയും വിലപിടിപ്പുള്ള ഗിഫ്റ്റ് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല നാളെ ആരെങ്കിലും ബന്ധപ്പെടുമ്പോൾ അറിയാമല്ലോ എന്ന്.
അങ്ങനെ ഇത് എവിടംവരെ പോകുമെന്ന് അറിയാൻ അവളോട് ഗുഡ് നൈറ്റും പറഞ്ഞ് സുഖമായി കിടന്നുറങ്ങി..
പിന്നീട് ഇന്ന് രാവിലെ ഏകദേശം 10 മണി ആയപ്പോൾ എനിക്ക് ഒരു ഫോൺകാൾ വന്നു..
ഹിന്ദിയിൽ ഒരു പെണ്ണ്.. നിങ്ങൾക്കുള്ള ഒരു കൊറിയർ ഇംഗ്ലണ്ടിൽ നിന്നും വന്നിട്ടുണ്ട് ക്യാഷ് റെഡിയിലുണ്ടോ എന്നും ചോദിച്ച്..
എനിക്ക് ഹിന്ദിയുടെ ഒരു എബിസിഡി യും അറിയില്ലെങ്കിലും ഇംഗ്ലണ്ട്, കൊറിയർ, ക്യാഷ് എന്നതൊക്കെ മനസ്സിലായപ്പോൾ വിഷയം മേല്പറഞ്ഞതാണെന്ന് മനസിലായി.
ഇങ്ങനെ ഒരു കാൾ വന്നാൽ അങ്ങോട്ട് പറയാൻ ഞാൻ ഒരു വാക്ക് ഇന്നലെ മുതൽ പഠിച്ചു വച്ചിരുന്നു.
ക്യാഷ് റെഡി but ഒൺലി by hand എന്ന്.. ക്യാഷ് റെഡി എന്ന് പറഞ്ഞപ്പോൾ അവൾ അക്കൗണ്ട് നമ്പർ അയച്ചു തരാമെന്ന്.. അപ്പോൾ ഞാൻ പറഞ്ഞു സോറി ക്യാഷ് ഒൺലി by hand എന്ന്.. അവൾ രണ്ട്മൂന്നു തവണ No.. ക്യാഷ് അക്കൗണ്ട് വഴി എന്ന് പറഞ്ഞപ്പോൾ ഞാൻ 4-5 തവണ അങ്ങോട്ട് കടുപ്പത്തിൽ പറഞ്ഞു ഒൺലി ബൈ ഹാൻഡ് അവൾക്ക് മനസിലായി ഇത് ഒരു നടക്കും വേവൂല എന്ന് ഉടനെ അവൾ കാൾ കട്ട് ചെയ്തു.
ഉടനെ വന്നു നമ്മുടെ മദാമ്മയുടെ വാട്സാപ്പ് സന്ദേശം.. പാർസൽ നാട്ടിൽ എത്തിയെന്ന് അവൾക്ക് mail വന്നിട്ടുണ്ട്.. എത്രയും വേഗം 38600 രൂപ അയച്ചുകൊടുത്താൽ അത് പാർസൽ കമ്പനി എന്റെ വീട്ടിൽ എത്തിക്കും.
അതിലുള്ളത് മുഴുവൻ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ പാടില്ല.. അതുകൊണ്ട് എത്രയും പെട്ടന്ന് കൈപ്പറ്റണം എന്ന്.
അവളോട് ഞാൻ മറ്റൊന്ന് പറഞ്ഞു.. എനിക്ക് പൈസ ഇതുവരെയും റെഡിയായിട്ടില്ല.. നീ ഒരു സഹായം ചെയ്തു തരുമോ.
ഇത്രയും വിലപ്പെട്ട ഗിഫ്റ്റ് നീ അയച്ചതിൽ ഞാൻ സന്തോഷിക്കുന്നു.. അത് കൈപ്പറ്റാൻ എനിക്ക് ഒരു മാർഗവുമില്ല അതുകൊണ്ട് ആ 38600 രൂപ നീ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരുമോ. ആ ഗിഫ്റ്റ് കിട്ടിയ ഉടനെ ഞാൻ അതിലുള്ള 55000 പൗണ്ട് മാറിയിട്ട് ഇന്നുതന്നെ നിന്റെ അക്കൗണ്ടിലേക്ക് തിരികെ അയച്ചുതരാം.
ഹഹഹ.. ആ മെസ്സേജ് വായിച്ചയുടൻ എന്നെ 2 തെറിയും വിളിച്ച് പോയതാ ആ മദാമ്മ.. പിന്നെ ഇതുവരെയും ഒരു വിവരവും ഇല്ല.
ഇപ്പോൾ നോക്കുമ്പോൾ ആ Maria Smith എന്ന fb കിട്ടുന്നുമില്ല എന്നെ ബ്ലോക്ക് ചെയ്‌തെന്ന് തോന്നുന്നു.
NB: ഇത്തരത്തിലുള്ള പലതരം ചീറ്റിംഗിനെ കുറിച്ച് വെക്തമായ അറിവുള്ളതുകൊണ്ട് ഞാൻ ഐഡിയപരമായി അവരെ പൊളിച്ചടക്കി.. ദിനംപ്രതിയുള്ള വാർത്തകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് വിദ്യാസമ്പന്നരായ നമ്മുടെ നാട്ടിലെ പലരും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട് എന്നാണ്. പലരും നാണക്കേട് കാരണം പരാതി കൊടുക്കാനോ മറ്റാളുകളോട് പറയാനോ മിനക്കെടാറില്ല..
ഇന്ന് എനിക്ക് വന്നതുപോലെ നാളെ നിങ്ങളെ തേടിയും വരാം ആരും അവരുടെ മോഹന വാക്ദാനങ്ങളിൽ മയങ്ങി വഞ്ചിതരാകാതിരിക്കുക.
LATEST
സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് കുഞ്ഞു ജനിച്ചു

സൗദി രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഒരു കുഞ്ഞു കൂടി ജനിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആണ് കുഞ്ഞാണ് കിരീടാവകാശിക്ക് ജനിച്ചത്. അബ്ദുല്‍ അസീസ് എന്ന് കുട്ടിക്ക് നാമകരണം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആധുനിക സൗദി അറേബ്യയുടെ പിതാവും അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പിതാമഹനുമാണ് അബ്ദുള്‍ അസീസ് രാജാവ്.
2017 ജൂണ്‍ 27 നാണ് സൗദി അറേബ്യയുടെ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്മാന് സ്ഥാനമേറ്റത്.
സല്മാന് രാജാവിന് ഫഹ്ദ ബിന്ത് ഫലാഹ് ബിന്‍ സുല്‍ത്താനില്‍ ഇളയ മകനായി 1985 ഓഗസ്റ്റ് 31 നായിരുന്നു അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ജനനം.
INDIA
നേപ്പാള്‍ വഴി പോകുന്ന സൗദി പ്രവാസികള്‍ക്ക് ആശങ്ക വേണ്ട

നേപ്പാളില്‍ അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കിംവദന്തി മാത്രമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാള്‍ പ്രധാന മന്ത്രി കെ.പി ശര്‍മ ഓലി നേപ്പാള്‍ പുതുവത്സര ആഘോഷ ചടങ്ങിനോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ ഉദ്ധരിച്ച ചില വാക്കുകള്‍ വളച്ചൊടിച്ചാണ് അടുത്ത ദിവസങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ നടത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതുവത്സര വേളയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയില്‍ ഓലി കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി അനുസരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡിന്റെ രണ്ടാം വരവ് മൂലമുണ്ടാകുന്ന രോഗബാധ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രോഗബാധ വ്യാപിക്കുന്നത് തടയുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മുന്‍കരുതല്‍ നിബന്ധനകളും നടപടികളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കര്‍ശനമായി അനുസരിക്കണം. അവ അനുസരിച്ചാല്‍ നമുക്ക് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി തടസ്സമില്ലാതെ തന്നെ മുന്നോട്ട് പോകാം.
അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആലോചിക്കുന്നതായി കിംവദന്തി പ്രചരിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഒരിക്കലും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ നാം മറ്റു രാജ്യങ്ങളില്‍ നിന്നും, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാഠം പഠിക്കണം. കോവിഡിന്റെ ഓണം തരംഗത്തിലും രണ്ടാം തരംഗത്തിലും രോഗബാധ നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ആ രാജ്യങ്ങള്‍ക്കെല്ലാം സ്വയം സുരക്ഷിതരാവുന്നതിനായി അവിടങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ ആ പാത പിന്തുടരാന് നമ്മള് ആഗ്രഹിക്കുന്നില്ല. ബോധവല്‍ക്കരണത്തിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി ലോക്ക്ഡൌണ്‍ ഒഴിവാക്കുകയാണ് നമ്മള് ചെയ്യുകയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദിനംപ്രതി 10൦ രോഗബാധകള്‍ എന്ന കണക്കിലാണ് നേപ്പാളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആകെ 38൦൦ ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 28൦984 രോഗബാധകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തെങ്കിലും 274318 പേര് രോഗമുക്തി കൈവരിച്ചു. 3൦58 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള പ്രവേശനം സൗദി അറേബ്യ വിലക്കിയിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പ്രവാസികളില്‍ അധികവും നേപ്പാള്‍ വഴിയാണ് സൗദിയിലേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൂടി സൗദിയിലേക്ക് പ്രവാസികള്‍ പ്രവേശിക്കുന്നുണ്ടെങ്കിലും ചിലവ് കുറഞ്ഞ പാക്കേജ് എന്ന പരിഗണനയിലാണ് സാധാരണക്കാരായ പ്രവാസികള്‍ നേപ്പാളിനെ തിരഞ്ഞെടുക്കുന്നത്. ട്രാവല്‍ ഏജന്‍സികളുടെ പാക്കേജില്‍ നേപ്പാളില്‍ എത്തുന്ന ഇവര്‍ 14 ദിവസം അവിടെ താമസിച്ച് ശേഷം ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍.ഓ.സി യും കരസ്ഥമാക്കി സൗദിയിലേക്ക് പറക്കുകയാണ് ചെയ്യുന്നത്.
നിലവില്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി നേപ്പാളില്‍ താമസിച്ചു വരുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോക്ക്ഡൌണ്‍ കിംവദന്തി അവരില്‍ സാരമായ ആശങ്കകള്‍ ഉളവാക്കിയിരുന്നു.
INDIA
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും നാട്ടിലെത്തി കുട്ടികളുടെ അവധിക്കാലം ചിലവഴിച്ചും വാര്‍ഷിക അവധിക്കു നാട്ടിലെത്തണമെന്നും ലക്ഷ്യമിട്ട് നിരവധി പ്രവാസികള്‍ സൗദിയില്‍ നിന്നും നാട്ടിലെക്ക് യാത്ര ആസൂത്രണം ചെയ്തു കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഉള്ള ആശങ്ക കോവിഡ് വാക്സിന് സംബന്ധിച്ചാണ്.
കോവിഡ് വാക്സിനേഷനും വിമാനയാത്രയും ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായതാണ് കോവിഡ് വാക്സിനേഷനുള്ള ബുക്കിംഗ് ഉയരാന്‍ പ്രധാന കാരണം. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ അധികൃതര്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബഹുഭൂരിഭാഗവും എടുത്തു കളയുകയും പരമാവധി വാക്സിനേഷന് നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ വിമാന യാത്രയും കോവിഡ് വാക്സിനുമായി ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. സൗദിയിലെ ട്രെയിന്‍ യാത്രക്ക് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കിയ നടപടി വാക്സിനേഷന് വിമാന യാത്രയിലേക്കും വ്യാപിപ്പിക്കുമെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി.
ഈ നീക്കം അടുത്ത ഘട്ടത്തില്‍ വാക്സിനേഷന് വിമാന യാത്രക്ക് നിര്‍ബന്ധമാക്കുമെന്നും അത് വിമാന യാത്രയുമായി ബന്ധിപ്പിക്കുമെന്നും പ്രവാസി മണ്ഡലങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായി. ചില മലയാളി സാമൂഹിക പ്രവര്‍ത്തകരും വിവിധ മാധ്യമങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബോധവല്‍ക്കരണം നടത്തിയതും പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു.
കുട്ടികളുടെ അവധിക്കാലം അടുത്തും വരുന്ന സമയമായതിനാല്‍ ഇപ്പോള്‍ ആദ്യ ഡോസ് സ്വീകരിച്ചാല്‍ മാത്രമേ യാത്ര പോകുന്ന സമയം ആകുമ്പോഴേക്കും രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനു മുമ്പ് രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കി സൗദി ആരോഗ്യ മന്ത്രാലയത്തിന്റ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടാനായിരുന്നു നാട്ടിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന പ്രവാസികളുടെ ശ്രമം.
മാത്രമല്ല മേയ് 17ന് സൗദി അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്ക് കോവിഡ് വാക്സിനേഷന് ഒരു തടസ്സം ആകരുതെന്ന നിര്‍ബന്ധം നിരവധി പ്രവാസികള്‍ക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്രക്കായി ഒരുങ്ങിയവരില്‍ ഭൂരിഭാഗം പ്രവാസികളും സിഹത്തി ആപ്പിലൂടെ രജിസ്ട്രേഷന് മുന്‍കൂട്ടി ചെയ്തു കൊണ്ട് തന്നെ ബുക്കിംഗ് നടത്തി കോവിഡ് വാക്സിന് ഒന്നാം ഡോസ് സ്വീകരിച്ചു.
പക്ഷെ രണ്ടാമത്തെ ഡോസില്‍ പലരുടെയും അസൂത്രണം പാളി. രാജ്യത്ത് രോഗബാധ ഭീഷണിയും എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചതോടെ കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസ് ലഭിക്കുമെന്നു ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉറപ്പ് പറയാനും സാധിക്കില്ല. സാധിക്കുന്നവര്‍ക്കെല്ലാം ഒന്നാമത്തെ ഡോസ് നല്‍കി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം.
ഇപ്പോഴുള്ള ആശങ്ക ആദ്യ ഡോസ് സൗദിയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു നാട്ടിലേക്ക് പോയാല്‍ അവിടെ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയോ എന്നാണ്. മാത്രമല്ല രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും സ്വീകരിച്ചാല്‍ അത് സൗദിയില്‍ സാധുവായ വാക്സിനെഷനായി കണക്കിലെടുക്കുമോ എന്നും പ്രവാസികള്‍ക്ക് ആശങ്കയുണ്ട്.
ഒന്നാമത്തെ ഡോസ് സൗദിയില്‍നിന്ന് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് നാട്ടില്‍നിന്ന് സ്വീകരിക്കാനാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അധികൃതര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് നാട്ടില്‍ വെച്ച് രണ്ടാമത്തെ വാക്സിന് സ്വീകരിക്കാന്‍ അവസരം ലഭിച്ചാലും അത് സൗദി ആരോഗ്യ മന്ത്രലായത്തിന്റെ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ സംവിധാനമില്ല. അത് കൊണ്ട് തന്നെ അത് ആധികാരികമായി കണക്കാക്കാനോ ആ ആനുകൂല്യം ലഭിക്കാനോ വഴിയൊരുക്കില്ല എന്നാണ് പൊതുവായ നിഗമനം.
നാട്ടിലും വാക്സിനേഷന് സംബന്ധിച്ച നിബന്ധനകള്‍ ഉണ്ട്. വാക്സിന്റെ രണ്ടു ഡോസും ഒരേ വാക്സിന് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിലപാട്. മാത്രമല്ല വിദേശത്തു നിന്നും ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ കൂടി അതിന്റെ ഡേറ്റ ബേസ് ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ രണ്ടാം ഡോസ് നല്‍കില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
കോവിഡ് വാക്സിനേഷന് സൗദിയില്‍ വിമാന യാത്രക്ക് ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. വിമാന യാത്രയും കോവിഡ് വാക്സിനേഷനും തമ്മില്‍ ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു അഭ്യൂഹം പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തങ്ങള്‍ക്കു യാതൊരു ഔദ്യോഗിക നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ അക്കാര്യം ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തമാക്കുമെന്നും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനയാത്രക്ക് വാക്സിനേഷന് ഏതെങ്കിലും ജി സി സി രാജ്യവും ഇത് വരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ വിമാനയാത്രക്ക് വാക്സിനേഷന് ഭാവിയില്‍ നിര്‍ബന്ധമാക്കുമെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍അമ്മാര്‍ സൂചന നല്‍കിയിട്ടുണ്ട്. വാക്സിന് സ്വീകരിച്ചവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാക്സിന് സ്വീകരിച്ചവര്‍ക്ക് ഐസൊലേഷനും പി.സി.ആര്‍ പരിശോധനയും കൂടാതെ തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഏതാനും രാഷ്ട്രങ്ങള്‍ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും ഡോ. അഹ്മദ് അല്‍അമ്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
-
INDIA6 days ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA21 hours ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA5 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST5 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST6 days ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA4 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍
-
INDIA18 hours ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്