KERALA
പ്രവാസികൾക്ക് കേരള സർക്കാരിന്റെ 4 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിക്കാൻ

315 രൂപ മാത്രം അടച്ചു കരസ്ഥമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്നത് കേരള സർക്കാരിൽ നിന്നുള്ള 4 ലക്ഷം രൂപയുടെ പ്രവാസി ഇൻഷുറൻസ് എന്ന അധിക സേവനമാണ് എന്നത് പല പ്രവാസികൾക്കും അറിയാത്ത ഒരു കാര്യമാണ്.
ഏറെ പ്രയോജനകരമായ ഈ വിവരം ഇതുവരെ അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്ത പ്രവാസികളുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 28 പ്രവാസി കുടുംബങ്ങൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെടാനുള്ള ഒരു സംവിധാനമാണ് നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ്. പ്രവാസിയുടെ ഫോട്ടോ പതിച്ച ഈ ഒരു വിവിദോദ്ദേശ കാർഡ് കൊണ്ട് തന്നെ എല്ലാ സർക്കാർ പ്രവാസികൾക്ക് നിലവിലും ഭാവിയിലും നൽകുന്ന എല്ലാ സേവനങ്ങൾക്കും ബന്ധപ്പെടാൻ സാധിക്കും.
മൂന്ന് വർഷമാണ് തിരിച്ചറിയൽ കാർഡിന്റെ കാലാവധി. 315 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്. ഇത് ഓൺലൈനായി അടക്കാവുന്നതാണ്. ഫീസ് അടച്ച് നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷിക്കാം.
ഈ കാർഡ് ഉള്ളവർക്ക് സർക്കാർ നൽകുന്ന ഒരു അധിക സേവനമാണ് വ്യക്തിഗത അപകട ഇൻഷുറൻസ്. ന്യൂ ഇന്ത്യ ഇൻഷുറൻസുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കാർഡുടമക്ക് അപകടം ഉണ്ടായി മരിക്കുകയോ ഭാഗികമായോ പൂർണമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് ഈ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അംഗങ്ങളായവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
കുറച്ചു മുൻപ് വരെ ഈ ഇൻഷുറൻസ് മുഖേന ലഭിക്കുന്ന തുകയുടെ പരിധി രണ്ടു ലക്ഷ്യമായിരുന്നു. ഇപ്പോൾ തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കി. ഇപ്പോൾ അപകടമരണം സംഭവിച്ചാൽ നാലു ലക്ഷവും പരിക്കേറ്റവർക്ക് ഇൻഷുറൻസ് പരിരക്ഷ രണ്ടു ലക്ഷം രൂപ വരെയും ഉയർത്തിയിട്ടുണ്ട്.
നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് എടുക്കുന്ന നടപടിക്രമം സുതാര്യവും ലളിതവുമാണ്. 18 വയസ് പൂർത്തിയായ പ്രവാസികൾക്ക് കാർഡിനായി അപേക്ഷിക്കാം. ആറുമാസത്തിലധികം ആയി വിദേശത്ത് താമസിക്കുന്ന ആളായിരിക്കണമെന്ന നിബന്ധനയുണ്ട്. റസിഡൻസ് വിസയോ അല്ലെങ്കിൽ വർക്ക് വിസയോ ഉണ്ടായിരിക്കണം.
ഇന്ത്യയിൽ നിന്നും വിളിക്കുന്നവർക്ക് 1800 4253939 എന്ന നോർക്കാ റൂട്ട്സ് ടോൾ ഫ്രീ നമ്പറിലോ, വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് 00918802012345 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
KERALA
കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. 5 പേർ ചികിത്സയിൽ

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംശയാസ്പദമായ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സ്ഥിരീകരിച്ചത്.
ഷിഗല്ല എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ ഷിഗല്ല രോഗികൾക്കും ഈ രോഗലക്ഷങ്ങൾ കാണണമെന്നില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
മലിന ജലത്തിന്റെ ഉപയോഗമാണ് ഈ രോഗം മൂലമുള്ള വയറിളക്കത്തിന് കാരണം. ശുചിത്വം പാലിച്ചാൽ രോഗബാധ ഒരു പരിധി വരെ തടയാൻ സാധിക്കും.
രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമാണ് രോഗം പ്രകടമാകുന്നത്. വയറിളക്കത്തോടൊപ്പം ഉണ്ടാകുന്ന നിർജലീകരണമാണ് രോഗം ഗുരുതരമാക്കുന്നത്. അതിനാൽ അപകടാവസ്ഥ ഒഴിവാക്കാനായി ശരീരത്തിൽ ജലാംശം നിലനിർത്തുക അത്യാവശ്യമാണ്.
ചെറിയ തോതിൽ ഷിഗല്ല രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടണം.
KERALA
കിഴക്കമ്പലത്ത് വോട്ടിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം.

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. കിഴക്കമ്പലത്തെ സംഘടനയായ ട്വന്റി 20 യാണ് പാരിതോഷികം നൽകിയത്. പൊതുചടങ്ങിൽ വെച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ കിറ്റെക്സ് എംഡിയുമായ സാബുജേക്കബ് ദമ്പതികൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു.
വയനാട് സ്വദേശികളായ പ്രിന്റുവിനും ഭാര്യ ബ്രീജിത്തയ്ക്കുമാണ് ട്വന്റി 20 യുടെ സഹായം ലഭിച്ചത്.
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ പ്രിന്റുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് പ്രിന്റുവിനെ മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.
പ്രിന്റുവും ഭാര്യയും 14 വർഷമായി കിഴക്കമ്പലത്ത് വാടകക്ക് താമസിച്ചു വരികയാണ്. വാടകക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമിച്ചവരുടെ നിലപാട്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. പോലീസിന്റെ മുൻപിൽ വെച്ചാണ് പ്രിന്റുവിനും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത്.
മർദ്ദനമേറ്റിട്ടും പ്രിന്റു പിന്നീട് അതെ ബൂത്തിൽ തന്നെ വന്ന് പോലീസിന്റെ സഹായത്തോടെ വോട്ട് ചെയ്തു മടങ്ങിയിരുന്നു. ട്വന്റി 20 ക്ക് എതിരായി എൽ ഡി എഫും യു ഡി എഫും ഒന്നിച്ച് മത്സരിക്കുന്ന വാർഡാണിത്.
ഡൽഹിയിൽ നിന്നും ഒരാൾക്ക് വയനാട്ടിൽ വന്ന് മത്സരിക്കാമെന്നും വയനാട്ടിൽ നിന്നും കിഴക്കമ്പലത്ത് എത്തി പതിനാല് വർഷം താമസിച്ച ഒരാൾക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിനെ സബ് ജേക്കബ് പ്രസംഗത്തിൽ അപലപിച്ചു.
KERALA
ഈ ചർച്ച നൽകുന്നത് കുളിര്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 28 ആക്കണമെന്ന് ജസ്ല മാടശ്ശേരി.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ മോചനം നേടാതിരുന്നേനേ എന്നും ജസ്ല പറയുന്നു. വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്ല അഭിപ്രായപ്പെട്ടു.
ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ…
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ…
അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസന്‍സാണത്രേ..18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…
പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..
ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്..
പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല…
ചിലര്‍ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേള്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്…
ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്…
ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില്‍ പഠിക്കുമ്പോ മുതല്‍ പലരും അറ്റുപോവാന്‍ തുടങ്ങി..ചിലര്‍ നിശ്ചയം ..ചിലര്‍ നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്..പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍…
നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്…
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…
ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്റെ പ്രശ്നമാണെന്ന് പറയാനാവില്ല…
സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്നം കൂടിയാണ്…
പലരും നിസ്സഹായരാണ്…
പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക് ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്..ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും…
പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…
അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി…ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല..
ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല…
നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല…
പെണ്‍കുട്ടികള്‍ പഠിക്കട്ടെ…അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ…സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല..
വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.
എന്റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല…
ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം…
വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്…
പരസ്പരം തണലാവുക..എന്നതാണ്..
നീ നീയായിരിക്കുക…
വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..
താന്തോന്നിയെന്ന പേര് നല്കിയ ധൈര്യമാണ്…സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്… നിങ്ങള്ക് നന്ദി
എന്റെ ശരികള്‍..ശരികേടായ് കണ്ടവര്‍ക്ക് നന്ദി