Connect with us

LEGAL CORNER

അധ്വാനിച്ചുണ്ടാക്കുന്ന പണം നഷ്ടമാകില്ല. ഓരോ അക്കൗണ്ടിനും അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും.

Published

on

ഞാൻ ഒരു എൻ ആർ ഐ ആണ്. കോവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് സൗദി അറേബ്യയിൽ നിന്നും നാട്ടിൽ തിരിച്ചെത്തി. പിരിയുമ്പോൾ കമ്പനിയിൽ നിന്നും ലഭിച്ച തുകയാണ് ഇപ്പോൾ എന്റെ കൈവശം ഉള്ളത്. അതുകൊണ്ട് ബിസിനസ് ചെയ്യാനുള്ള ധൈര്യമൊന്നും ഈ സാഹചര്യത്തിൽ എനിക്കില്ല. ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇടാനാണ് തീരുമാനം. എന്റെ ഡെപോസിറ്റിന് എന്ത് ഗാരന്റിയാണ് ഉള്ളതെന്ന് ചോദിച്ചപ്പോൾ ബാങ്ക് മാനേജർ പറഞ്ഞത് ഞങ്ങളുടേ എല്ലാ ഡെപ്പോസിറ്റുകളും DICGC പ്രകാരം ഇൻഷൂർ ചെയ്യപ്പെട്ടിട്ടുള്ളവയാണ്. ബാങ്ക് തകർന്നാൽ അഞ്ചു ലക്ഷം രൂപ ലഭിക്കും എന്നാണ്. ഈ പറയുന്നത് സത്യമാണോ? 

ശരിയാണ്. ബാങ്ക് ലിക്വിഡേഷനിൽ ആയാൽ നിങ്ങളുടെ ഡെപ്പോസിറ്റിന് പരമാവധി അഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് തുക ലഭിക്കും. ഈ തുകയുടെ ഇൻഷുറൻസ് കവറേജ് നൽകുന്നത് റിസർവ് ബാങ്കിന്റെ സബ്‌സീഡിയറിയായ DICGC (ഡെപ്പോസിറ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റീ കോർപറേഷൻ) യാണ്.

നിങ്ങളുടെ സേവിങ്സ്, ഫിക്സഡ്, കറന്റ്, റിക്കറിംഗ് തുടങ്ങിയ എല്ലാ ഡെപ്പോസിറ്റുകളും ഇപ്രകാരം ഇൻഷൂർ ചെയ്യപ്പെടും. ഈ ഇൻഷൂറൻസ് കവറേജിനായി നിങ്ങൾ ഒരു രൂപ പോലും അടക്കേണ്ടതില്ല. നിങ്ങളുടെ ഡെപ്പോസിറ്റ് ഇൻഷൂർ ചെയ്യുന്നതിന്റെ പ്രീമിയം അടക്കേണ്ടത് ബാങ്കാണ്.

കഴിഞ്ഞ വർഷം വരെ ഈ തുക ഒരു ലക്ഷം രൂപയായിരുന്നു. എന്നാൽ ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഈ തുക അഞ്ചു ലക്ഷം രൂപയായി ഉയർത്തുകയായിരുന്നു.

നിങ്ങൾ തുക ഡെപ്പോസിറ്റ് ചെയ്യാൻ പോകുന്ന ബാങ്കിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ കമേഴ്‌സ്യൽ ബാങ്കുകളിലെയും കോഓപറേറ്റിവ് ബാങ്കുകളിലെയും വിദേശ ബാങ്കുകളുടെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ശാഖകളിലെയും ഡെപ്പോസിറ്റുകളും ഇത്തരത്തിൽ ഇൻഷൂർ ചെയ്യപ്പെട്ടിട്ടുള്ളവയാണ്. എന്നാൽ കോ ഓപറേറ്റിവ് സൊസൈറ്റികളിലെ ഡെപ്പോസിറ്റുകൾക്ക് ഈ സംരക്ഷണമില്ല.

നിങ്ങൾ പണം ഡെപ്പോസിറ്റ് ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾ എത്ര അക്കൗണ്ടുകൾ ഒരു ബാങ്കിന്റെ ശാഖയിലോ വിവിധ ശാഖകളിലോ ആയി തുടങ്ങിയാലും മൊത്തം അഞ്ചു ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് കവറേജാണ് ലഭിക്കുക.

എന്നാൽ നിങ്ങളുടെയും ഭാര്യയുടെയും മക്കളുടെയും പേരിൽ വിവിധ അക്കൗണ്ടുകൾ തുടങ്ങിയാൽ ഓരോ അക്കൗണ്ടിനും പരമാവധി അഞ്ചു ലക്ഷം വരെ സംരക്ഷണം ലഭിക്കും. അത് പോലെ തന്നെ ഒരാൾ ഒരു സ്ഥാപനത്തിന്റെ പാർട്ണർ എന്ന നിലയിലും ഒരു മൈനറുടെ ഗാർഡിയൻ എന്ന നിലയിലും ഒരു കമ്പനിയുടെ ഡയറക്ടർ എന്ന നിലയിലും ഒരു ബാങ്കിന്റെ ഒരു ശാഖയിലോ വിവിധ ശാഖകളിലോ പണം ഡെപ്പോസിറ്റ് ചെയ്‌താൽ ഓരോ അക്കൗണ്ടും വ്യത്യസ്തമായാണ് പരിഗണിക്കുക. ഓരോ അക്കൗണ്ടിനും പരമാവധി അഞ്ചു ലക്ഷം രൂപ വരെ ഇൻഷൂറൻസ് കവറേജ് ലഭിക്കും.

ബാങ്ക് ലിക്വിഡേറ്റ് ചെയ്‌താൽ രണ്ടു മാസത്തിനുള്ളിൽ തന്നെ പണം ലഭിക്കും. ക്ലെയിം തുക ലിക്വിഡേറ്റർക്കാണ് DICGC നൽകുക. ലിക്വിഡേറ്റർ മുഖേനയാണ് ഡെപ്പോസിറ്റ് ചെയ്യുന്ന വ്യക്തിക്ക് പണം ലഭിക്കുക.

നിങ്ങളുടെ ഡെപ്പോസിറ്റ് ഏതെങ്കിലും കാരണവശാൽ ഇൻഷൂർ ചെയ്യപ്പെട്ടില്ലെങ്കിലോ എന്ന് ഭയപ്പെടേണ്ട ആവശ്യമില്ല. ഡെപ്പോസിറ്റ് ഇൻഷൂറൻസ് ബാങ്കിന്റെ ബാധ്യതയാണ്. ബാങ്ക് എല്ലാ ഡെപ്പോസിറ്റുകളും നിർബന്ധമായും ഇൻഷൂർ ചെയ്തിരിക്കണം. മൂന്ന് തവണ പ്രീമിയം അടക്കാതിരുന്നാൽ DICGC ബാങ്കിനെതിരെ കർശന നടപടികൾ കൈക്കൊള്ളും.

INDIA

പ്രവാസികള്‍ക്ക് കുറഞ്ഞ റിസ്ക്കില്‍ നാട്ടില്‍ ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന നിയമം

Published

on

1.നാട്ടില്‍ പ്രവാസികള്‍ക്ക് ഒറ്റക്ക് കമ്പനി ഉണ്ടാക്കി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ?

ഉണ്ട്. നിയമം മുന്‍പേ ഉള്ളതാണ്. ഇപ്പോള്‍ അത് എന്‍ ആര്‍ ഐ കളെ കൂടി ഉള്‍പ്പെടുത്തി എന്നേയുള്ളൂ. കമ്പനി നിയമത്തിന്റെ ചട്ടങ്ങളില്‍ കോര്‍പറേറ്റ് അഫയേഴ്സ് മിനിസ്ട്രി മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ്‌ എന്‍.ആര്‍.ഐ കള്‍ക്ക് ഈ അവസരം തുറന്നു കിട്ടുന്നത്. ഇതിലൂടെ ഒരേ സമയം ഒരു സ്റ്റാര്‍ട്ട്‌ അപ്പിന്റെയും ഏക ഉടമസ്ഥ സ്ഥാപനത്തിന്റെയും (Sole Proprietorship) സ്വാതന്ത്ര്യം ലഭിക്കുന്നതോടൊപ്പം കമ്പനി നിയമത്തിന്റെ ആനുകൂല്യം ലഭിക്കുകയും വ്യ്വവസ്ഥാപിതമായി ബിസിനസ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. കമ്പനി നിയമത്തിന് കീഴിലെ ബാധ്യത സംരക്ഷണ ആനുകൂല്യം ഉള്ളതിനാല്‍ ഇ കോമേഴ്സ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്കും ഇടത്തരം ബിസിനസ്സുകള്‍ക്കും മികച്ച സംവിധാനമാണിത്.

2. ഈ നിയമത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ?

2൦13 ലെ കമ്പനി നിയമത്തിന് മുന്‍പ് ഒരു വ്യക്തിക്ക് മാത്രമായി ഒരു കമ്പനി രൂപീകരിക്കാന്‍ സാധിക്കില്ലായിരുന്നു. ഒരാള്‍ക്ക് മാത്രമായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള വഴി ഏക ഉടമസ്ഥത സ്ഥാപനം (Sole Proprietorship) മാത്രമായിരുന്നു. 2൦13 ലെ കമ്പനി നിയമ പ്രകാരം ഒരാള്‍ക്ക് മാത്രം തുടങ്ങാവുന്ന ഒറ്റയാള്‍ കമ്പനികള്‍ക്ക് (വണ്‍ പെഴ്‌സണ്‍ കമ്പനി-ഒ.പി.സി) അനുവാദം ലഭിച്ചു. 2൦൦5 ല്‍ ജെ.ജെ ഇറാനി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റയാള്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. പക്ഷെ ഇത്തരം കമ്പനികള്‍ തുടങ്ങുന്നതിന് ഇതുവരെ എന്‍.ആര്‍.ഐ കള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.

സാധാരണയായി കമ്പനി നിയമം അനുസരിച്ച് ഒരു കമ്പനിക്ക് രൂപം നല്‍കണം എന്നുണ്ടെങ്കില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഏറ്റവും ചുരുങ്ങിയത് രണ്ട് അംഗങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനിക്ക് ഏഴ് അംഗങ്ങളും ആവശ്യമാണ്‌. സ്വകാര്യ കമ്പനിക്ക് ഏറ്റവും ചുരുങ്ങിയത് രണ്ടു ഡയരക്ടര്‍മാരും പൊതു കമ്പനിക്ക് മൂന്ന് ഡയരക്ടര്‍മാരും ആവശ്യമുണ്ട്.

എന്നാല്‍ ഒ.പി.സി യില്‍ ഷെയര്‍ ഹോള്‍ഡര്‍ ആയി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കമ്പനി നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുന്നു. അതേ സമയം ബോര്‍ഡ് മീറ്റിംഗ്, ആനുവല്‍ ജനറല്‍ മീറ്റിങ്ങുകള്‍ തുടങ്ങി ഒട്ടേറെ നൂലാമാലകളും ഒഴിവായി കിട്ടുന്നു.

3. എന്ന് മുതലാണ്‌ വണ്‍ പെഴ്‌സണ്‍ കമ്പനി നിയമം പ്രവാസികള്‍ക്ക് കൂടി ബാധകമാക്കിയത്?

2൦21 ലെ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവാസി സംരംഭകര്‍ക്ക് നിര്‍ണ്ണായകമായ ഒ.പി.സി തീരുമാനം വ്യക്തമാക്കിയത്. ഇത് പ്രകാരം 2൦14 ലെ കമ്പനി ഇന്‍കോര്‍പറേഷന്‍ ചട്ടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കമ്പനീസ് (ഇന്‍കോര്‍പറേഷന്‍) സെക്കന്റ് അമെന്റ്മെന്റ് റൂള്‍സ് 2൦21 എന്ന പേരില്‍ 2൦21 ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ പുതിയ ആനുകൂല്യം മുതലാക്കി പല പ്രവാസികളും അധികം വലുതല്ലാത്ത സംരംഭങ്ങളും തുടങ്ങുന്നുമുണ്ട്.

4. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങുന്നതിനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?

പുതിയ മാറ്റത്തിന്റെ ഫലമായി ഇന്ത്യക്കാരനായ ഒരു എന്‍ ആര്‍ ഐ ക്ക് വണ്‍ പെഴ്‌സണ്‍ കമ്പനി രൂപീകരിക്കുന്നതിന് അനുവാദമുണ്ട്. അയാള്‍ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തിയാണ് എന്നത് കൊണ്ട് വിലക്ക് ഉണ്ടാകുന്നില്ല.

5. ഒ.സി.ഐ കാര്‍ഡ് ഉള്ളവര്‍ക്ക് സാധാരണ എന്‍ ആര്‍ ഐ കളെ പോലെ വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങാന്‍ സാധിക്കുമോ?

ഒ.സി.ഐ കാര്‍ഡുകാര്‍ക്കും വിദേശികള്‍ക്കും വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങുന്നതിന് നിയമം അനുമതി നല്‍കുന്നില്ല.

6. വണ്‍ പെഴ്‌സണ്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം എന്‍ ആര്‍ ഐ സ്റ്റാറ്റസ് ലഭിക്കുന്നതിനായുള്ള കാലയളവില്‍ മാറ്റം ഉണ്ടായിട്ടുണ്ടോ?

എന്‍ ആര്‍ ഐ സ്റ്റാറ്റസ് ലഭിക്കുന്നതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള 182 ദിവസം ഇപ്പോള്‍ 12൦ ദിവസമാക്കി കുറച്ചിട്ടുണ്ട്.

7. വണ്‍ പെഴ്‌സണ്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഈ നിയമത്തില്‍ വന്നിട്ടുള്ള കാതലായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

സാധാരണയായി കമ്പനി നിയമം അനുസരിച്ച് ഒരു കമ്പനിക്ക് രൂപം നല്‍കണം എന്നുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. വണ്‍ പെഴ്‌സണ്‍ കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡര്‍ ആയി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കമ്പനി നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുന്നു. അതേ സമയം ബോര്‍ഡ് മീറ്റിംഗ്, ആനുവല്‍ ജനറല്‍ മീറ്റിങ്ങുകള്‍ തുടങ്ങി ഒട്ടേറെ നൂലാമാലകളും ഒഴിവായി കിട്ടുന്നു.

8. മുന്‍ നിയമത്തെ അപേക്ഷിച്ച് ഭേദഗതി പ്രകാരം വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ ഷെയര്‍ കാപ്പിറ്റലിലും ടേണ്‍ ഓവര്‍ നിബന്ധനയിലും ഏതൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തിയിട്ടുള്ളത്?

2൦13 ലെ കമ്പനി നിയമം അനുസരിച്ച് വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് കടുത്ത നിയന്ത്രണങ്ങളും മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു. പൈഡ് അപ് ഷെയര്‍ കാപിറ്റല്‍ ലിമിറ്റ് അന്‍പത് ലക്ഷത്തില്‍ അധികമാകുകയോ തൊട്ടു മുന്‍പുള്ള മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ടേണ്‍ ഓവര്‍ രണ്ടു കോടിയില്‍ അധികമാവുകയോ ചെയ്‌താല്‍ ആ കമ്പനിക്ക് വണ്‍ പെഴ്‌സണ്‍ കമ്പനിപദവി നഷ്ടപ്പെടും. പിന്നീട് ആ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ മാറ്റേണ്ടി വരും.  ഈ നിബന്ധനയിലും ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം വണ്‍ പെഴ്‌സണ്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ പൈഡ് അപ് ഷെയര്‍ കാപ്പിറ്റലിലോ ടേണ്‍ ഓവറിലോ നിബന്ധനകള്‍ ഒന്നും തന്നെയില്ല. പരിധിയില്ലാതെ വളരാം.

9. വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങിയതിന് ശേഷം പിന്നീട് അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ മാറ്റുന്നതിന് സമയ പരിധിയുണ്ടോ?

മുന്‍പ് ഉണ്ടായിരുന്നു. 2൦21 ല്‍ ആ നിബന്ധന നീക്കി. മുന്‍പ് ഉണ്ടായിരുന്ന സമയ പരിധി എടുത്തു കളഞ്ഞ് ഏതു സമയത്തും വണ്‍ പെഴ്‌സണ്‍ കമ്പനിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ മാറ്റുന്നതിനും ഇപ്പോള്‍ അനുവാദമുണ്ട്. മുന്‍പ് ഒരു  വണ്‍ പെഴ്‌സണ്‍ കമ്പനിയെ പ്രവറ്റ് അല്ലെങ്കില്‍ പബ്ലിക് കമ്പനിയായി മാറ്റണമെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്കണം എന്നായിരുന്നു നിബന്ധന.

10. വണ്‍ പെഴ്‌സണ്‍ കമ്പനിയും ഒരാളുടെ മാത്രം ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനവും (Sole Proprietorship) തമ്മിലുള്ള വ്യത്യാസം എന്താണ്?

വണ്‍ പെഴ്‌സണ്‍ കമ്പനിയെ കുറിച്ച് അറിയാനായി വിളിക്കുമ്പോള്‍ പലരും ചോദിക്കുന്നത് കമ്പനി നിയമ പ്രകാരമല്ലാതെ ഒറ്റക്കൊരു സ്ഥാപനം സ്വന്തമായി തുടങ്ങുന്നതല്ലേ നല്ലത് എന്നാണ്. ഇത് അവര്‍ക്ക് കമ്പനി നിയമങ്ങളെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. കമ്പനി നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ഒ.പി.സി ആരംഭിക്കുമ്പോള്‍ ഭാവിയില്‍ കമ്പനിക്ക് സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളില്‍ നിന്നുള്ള ഒരു രക്ഷാ കവചം കൂടിയാണിത്.

ഉദാഹരണമായി ഒരാളുടെ മാത്രം ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനത്തിന് (Sole Proprietorship) കമ്പനി നിയമ പ്രകാരം അല്ലാതെ തന്നെ ആര്‍ക്കും ഒരാള്‍ക്ക് രൂപം നല്‍കാം. അത് കമ്പനി നിയമത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ തന്നെ സ്വതന്ത്രമായി നടത്തുകയും ചെയ്യാം. എന്നാല്‍ ആ സ്ഥാപനത്തിന് ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അയാള്‍ക്ക് അതില്‍ വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ട്. അയാളുടെ ബാധ്യത അനന്തമാണ്‌. അയാളും അയാളുടെ വ്യക്തിഗതമായ സ്വത്തുക്കളും ആ നഷ്ടത്തിന് ഉത്തരവാദികളാണ്.

11. വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുമ്പോള്‍ കമ്പനി ഉടമയുടെ വ്യക്തിഗത സ്വത്തുക്കളെ അത് ബാധിക്കുമോ?

ഇല്ല. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ ഏറ്റവും വലിയ നേട്ടം കമ്പനിയുടെ ബിസിനസ് നഷ്ടങ്ങളില്‍ അയാള്‍ വ്യക്തിപരമായി ഉത്തരവാദി ആകുന്നില്ല എന്നതാണ്. ഒരാള്‍ ഒരു ഒ.പി.സി തുടങ്ങുമ്പോള്‍ അയാള്‍ക്ക് കമ്പനി നിയമത്തിന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭ്യമാവുന്നുണ്ട്. അതായത് ആ കമ്പനി മൂലം ഉണ്ടാവുന്ന നഷ്ടത്തിന് അയാള്‍ വ്യക്തിപരമായി ഉത്തരവാദിയല്ല. അയാള്‍ക്ക് ആ കമ്പനിയില്‍ ഉള്ള ഷെയര്‍ കാപ്പിറ്റല്‍ എത്രയാണോ അത്രയും നഷ്ടം മാത്രമേ അയാള്‍ വഹിക്കേണ്ടതുള്ളൂ. ആ പരിധിക്ക് പുറത്തുള്ള ബാധ്യതക്ക് അയാള്‍ ഉത്തരവാദിയാകുന്നില്ല. ഇതാണ് ഒ.പി.സി യും ഒരാള്‍ മാത്രമായി കമ്പനി നിയമ പ്രകാരമല്ലാതെ നടത്തുന്ന സ്ഥാപനവും തമ്മിലുള്ള വ്യത്യാസം.

ഓ പി സി യില്‍ ഒരു വ്യക്തി മാത്രമാണ് ഉള്ളതെങ്കിലും ഒരു വ്യക്തി എന്നതില്‍ കവിഞ്ഞുള്ള നിയമ പരിരക്ഷയാണ് ആ കമ്പനിക്ക് ലഭിക്കുന്നത്. ഒരു കമ്പനി എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം കമ്പനി നിയമ പ്രകാരമുള്ള പരിരക്ഷയും ലഭിക്കുന്നു. കംപനിക്കുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് വ്യക്തി പരമായി അയാള്‍ ഉത്തരവാദിയല്ല. അത് കൊണ്ട് തന്നെ കമ്പനി നഷ്ടം ഉണ്ടാക്കുകയാണെങ്കില്‍ കൂടി നഷ്ടം സംഭവിച്ചവര്‍ക്ക് കമ്പനിക്ക് എതിരെ മാത്രമേ നിയമ നടപടികള്‍ എടുക്കാന്‍ സാധിക്കൂ. വ്യക്തിപരമായ നിയമ നടപടികള്‍ സാധ്യമല്ല. അത് കൊണ്ട് തന്നെ വ്യക്തിഗത സ്വത്തുക്കള്‍ നിയമ നടപടികളില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കുന്നു.

12. വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് രൂപം കൊടുത്താല്‍ പ്രവര്‍ത്തന മൂലധനതിനായി ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സാധിക്കുമോ?

ഒരു കമ്പനി എന്ന തരത്തിലുള്ള ലീഗല്‍ സ്റ്റാറ്റസ് ഉള്ളതിനാല്‍ ബിസിനസ്സിനു ആവശ്യമായ ഫണ്ട് രൂപീകരിക്കാന്‍ താരതമ്യേന എളുപ്പമാകുന്നു. വെഞ്ച്വര്‍ കാപ്പിറ്റല്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍മാര്‍, ഇന്‍ക്യുബേറ്റര്‍മാര്‍ തുടങ്ങിയവരില്‍ നിന്നുള്ള ഫണ്ട് രൂപീകരണം എളുപ്പമാകുന്നു.  ഒരു ഏക ഉടമസ്ഥത സ്ഥാപനത്തിന് ഫണ്ട് നല്‍കുന്നതിന് വിമുഖത കാണിക്കുന്ന ബാങ്കുകള്‍ പലപ്പോഴും ഒ.പി.സിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാറുണ്ട്.

13. വണ്‍ പെഴ്‌സണ്‍ കമ്പനി മറ്റുള്ള കമപനികളുടെ പോലെ തന്നെ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടോ? ഒ.പി.സിക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമോ?

കമ്പനി നിയമ പ്രകാരമുള്ള നടപടി ക്രമങ്ങളുടെ നൂലാമാലകളില്‍ നിന്നും ഒരു പരിധി വരെ ഒ.പി.സി കമ്പനികള്‍ക്ക് ഇളവുണ്ട്. ഉദാഹരണമായി കാഷ് ഫ്ലോ സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കേണ്ടതില്ല. കൂടാതെ ബുക്ക്സ് ഓഫ് അക്കൌണ്ടിലും ആനുവല്‍ റിട്ടേണ്‍സിലും കമ്പനി സെക്രട്ടറിയുടെ ഒപ്പ് നിര്‍ബന്ധമല്ല. കമ്പനിയുടെ ഡയറക്ടര്‍ തന്നെ ഒപ്പ് വെച്ചാല്‍ മതിയാകും.

14. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയില്‍ നോമിനിയുടെ സ്ഥാനം എന്താണ്?

ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയില്‍ ഒരു മെമ്പര്‍ മാത്രമാണ് വേണ്ടത്. മെമ്പര്‍ക്ക് തന്നെ കമ്പനിയുടെ ഡയരക്ടറും ആകാം. ഒ.പി.സി രൂപീകരിക്കുന്ന സമയത്ത് തന്നെ അതിലെ മെമ്പര്‍ ഒരു നോമിനിയെ നിര്‍ദ്ദേശിക്കേണ്ടതുണ്ട്. ഒ.പി.സി യിലെ മെമ്പറുടെ മരണം സംഭവിച്ചാലും കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനം നിലക്കില്ല. മെമ്പറുടെ മരണ ശേഷം ഈ നോമിനിക്ക് കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കും.

15. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി രൂപീകരണത്തിന് ആവശ്യമായ കാപ്പിറ്റല്‍ എത്രയാണ്?

ഇന്‍കോര്‍പറേഷന് ആവശ്യമായത് ഏറ്റവും ചുരുങ്ങിയ കാപ്പിറ്റല്‍ ഒരു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ പൈഡ് അപ് കാപ്പിറ്റല്‍ എത്ര വേണമെങ്കിലും ആകാം.

16. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി മാനെജ്മെന്റ് താരതമ്യേന എളുപ്പമാണെന്ന് പറയുന്നത് എന്ത് കൊണ്ടാണ്?

കമ്പനിയില്‍ ഒരു മെമ്പര്‍ മാത്രമേ ഉള്ളൂ എന്നതാണ് ഭരണപരമായ കാര്യങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരാമായ കാര്യം. അത് കൊണ്ട് തന്നെകമ്പനിയുടെ മാനേജ്മെന്റും ഏറ്റവും എളുപ്പമായിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വേഗത്തില്‍ സാധിക്കും. സാധാരണവും സ്പെഷ്യലും ആയ റസല്യൂഷനുകള്‍ പാസ്സാക്കുന്നതിന് പ്രത്യേക നടപടി ക്രമങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. അവ മിനുട്ട്സ് ബുക്കില്‍ രേഖപ്പെടുത്തി അതില്‍ മെമ്പര്‍ ഒപ്പ് വെച്ചാല്‍ മാത്രം മതിയാകും. ഇത് മൂലം അനാവശ്യ കാലതാമാസങ്ങളും ഭിന്നിപ്പുകളും ഒഴിവാക്കാന്‍ സാധിക്കുന്നു.

17. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ എടുത്തു പറയത്തക്ക ദോഷങ്ങള്‍ എന്തൊക്കെയാണ്?

മേല്‍ പറഞ്ഞ അനുകൂല ഘടകങ്ങള്‍ പോലെ തന്നെ ഒ.പി.സിക്ക് അനുകൂലമല്ലാത്ത ഘടകങ്ങളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് ഒ.പി.സി ഘടന ചെറിയ സംരംഭങ്ങള്‍ക്ക് മാത്രമേ ഈ ബിസിനസ ഘടന അനുയോജ്യമാകൂ എന്നതാണ്. ബിസിനസ വര്‍ദ്ധിക്കുന്നത് അനുസരിച്ചോ കമ്പനി വളരുന്നതിന് അനുസരിച്ചോ കൂടുതല്‍ പേരെ മെമ്പര്‍മാരായി സ്വീകരിക്കാന്‍ ഒ.പി.സിക്ക് സാധിക്കില്ല. കമ്പനിക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലും മൂലധനം സ്വീകരിച്ചു കൊണ്ട് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇതെല്ലാം ഈ ഘടനയില്‍ കമ്പനിക്ക് വളര്‍ച്ചക്ക് തടസ്സമാകുന്ന ഘടകങ്ങളാണ്.

കൂടാതെ ഒ.പി.സിയുടെ ഉടമസ്ഥതയും നടത്തിപ്പും ഒരാള്‍ തന്നെ ആയതിനാല്‍ ഈ രണ്ടു പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു വ്യത്യസ്തതയും ഉണ്ടാവില്ല. ഒരാള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നു. കൂട്ടായ തീരുമാനമോ ആലോചനയോ ചര്‍ച്ചകളോ ഇല്ലാത്തതിനാല്‍ പലപ്പോഴും ഇത്തരം തീരുമാനങ്ങള്‍ മൂല്യച്യുതിയിലേക്ക് തരം താഴാറുണ്ട്.

18. ഏതെങ്കിലും മേഖകലകളില്‍ ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി രൂപീകരിക്കുന്നതിന് വിലക്കുണ്ടോ?

ഒ.പി.സികള്‍ക്ക് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ആക്റ്റിവിറ്റികള്‍ നടത്തുന്നതിനുള്ള അനുവാദമില്ല. അത് കൊണ്ട് തന്നെ ഈ ഉദ്ദേശത്തിനായി ഒ.പി.സികള്‍ രൂപീകരിക്കാന്‍ സാധിക്കില്ല. കൂടാതെ കമ്പനി നിയമത്തിന്റെ വകുപ്പ് എട്ടില്‍ നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള ചാരിറ്റബിള്‍ ഉദ്ദേശങ്ങള്‍ക്കായുള്ള കമ്പനികള്‍ ആയി രൂപാന്തരപ്പെടുത്തുന്നതിനും സാധിക്കില്ല.

19. ഒരാള്‍ക്ക് എത്ര ഒ.പി.യില്‍ അംഗമാവാന്‍ സാധിക്കും?

ഒരു വ്യക്തിക്ക് ഒരു ഒ.പി.സി യില്‍ അംഗമാവാന്‍ മാത്രമേ അനുമതിയുള്ളൂ.

20. വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് നികുതി സംബന്ധമായ എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമോ?

നികുതി സംബന്ധമായ പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ വണ്‍ പെഴ്‌സണ്‍ കമ്പനികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ന്യൂനത. നികുതി നിരക്ക് 3൦ ശതമാനമാണ്. കൂടാതെ മറ്റു കമ്പനികള്‍ക്ക് ബാധകമാവുന്ന നികുതികളും വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് ബാധകമാണ്.

21. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?

വണ്‍ പെഴ്‌സണ്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആദ്യ പടി അതിന്റെ ഡയരക്ടര്‍ക്ക് ഡി.എസ്.സി (Digital Signatude Certificate) എടുക്കലാണ്. അതിനായി അഡ്രസ്സ് പ്രൂഫ്‌, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ എന്നിവ ആവശ്യമാണ്‌.

ഡിജിറ്റല്‍ സിഗ്നെച്ചര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ഡയരക്ടര്‍ക്ക് ഡി.ഐ.എന്‍ (ഡയരക്ടര്‍ ഐഡന്റിഫിക്കെഷന്‍ നമ്പര്‍) ലഭ്യമാക്കുക എന്നതാണ്. അതിന് ശേഷം കമ്പനിയുടെ പേരിനുള്ള അപ്രൂവല്‍ കരസ്ഥമാക്കണം. അതിന് ശേഷം മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, എന്നിവ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിക്കണം. നോമിനിയുടെ സമ്മത പത്രം, അയാളുടെ ആധാര കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കണം.

കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് അംഗീകാരത്തിനായി ഉടമസ്ഥത തെളിയിക്കുന്ന രേഖ, സ്ഥലം മറ്റൊരാളുടെതാണ് എങ്കില്‍ അയാളുടെ എന്‍.ഓ.സി തുടങ്ങിയ രേഖകളെല്ലാം ആവശ്യമാണ്. ഇതെല്ലാം മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയെഴ്സിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. കമ്പനി ഇന്‍കോര്‍പറേഷന്‍ സമയത്ത് പാന്‍ നമ്പരും ടാന്‍ നമ്പരും ഓട്ടോമാറ്റിക്കായി തന്നെ ലഭിക്കും. അതിനായി പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. രേഖകളുടെ പരിശോധനക്ക് ശേഷം രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ഇന്‍കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്.

22. എത്ര ദിവസം കൊണ്ട് ഒരു ഒ വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും?

സാധാരണ ഗതിയില്‍ ഡി.എസ്.സി (Digital Signature Certificate), ഡി.ഐ.എന്‍ (ഡയരക്ടര്‍ ഐഡന്റിഫിക്കെഷന്‍ നമ്പര്‍) എന്നിവ ഒരു ദിവസം കൊണ്ട് തന്നെ ലഭിക്കും. ഇന്‍കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കേണ്ടതാണ്. മറ്റു തടസ്സങ്ങള്‍ ഉണ്ടായിലെങ്കില്‍ ഏഴു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ മുഴുവന്‍ ഇന്‍കോര്‍പറേഷന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നതാണ്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി Call/Whatsapp: 8921190515

Continue Reading

LEGAL CORNER

ചികിത്സാ ചിലവ് കൂടി എന്ന കാരണം കാണിച്ച് ഇന്‍ഷുറന്‍സ് ക്ലൈം നിഷേധിച്ചാല്‍ എന്ത് ചെയ്യണം ?

Published

on

പല അസുഖങ്ങള്‍ക്കും പല നിരക്കുകളാണ് പല ആശുപത്രികളും രോഗികളില്‍ നിന്നും ഈടാക്കുന്നത്. ഇത് എകീകരിക്കാനുള്ള ഒരു സംവിധാനം ഇന്ത്യയില്‍ നിലവില്‍ ഇല്ല. അത് കൊണ്ട് തന്നെ ആശുപത്രികളുടെ ഈ നിരക്ക് വ്യത്യാസത്തെ കുറിച്ച് പരാതിപ്പെടാനും സാധിക്കില്ല.

എന്നാല്‍ ആശുപത്രി ചിലവ് കൂടി എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലൈം നിഷേധിച്ചാല്‍ നിങ്ങള്ക്ക് പരാതിപ്പെടാന്‍ സംവിധാനങ്ങള്‍ ഉണ്ട്.

കമ്പനിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കാം. അത് പോലെ തന്നെ ഓംബുഡ്മാനെ സമീപിക്കാം.

Continue Reading

LEGAL CORNER

അപകടത്തില്‍ പെട്ട വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടമക്ക് വിട്ടു നല്‍കില്ല എന്ന് പറയുന്നത് ശരിയാണോ ?

Published

on

മുഴുവനായും ശരിയല്ല. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ മാത്രമാണ് ഈ വിലക്ക്. കേരളത്തില്‍ ഇനി മുതല്‍ അപകടത്തില്‍ പെട്ട ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഉടമക്ക് വിട്ടു നല്‍കില്ല.

ഇത്തരം വാഹനങ്ങള്‍ കോടതി മുഖേന ലേലം ചെയ്തു വില്‍ക്കാന്‍ വ്യവസ്ഥ ചെയ്തു കേരള മോട്ടോര്‍ വാഹന നിയമ ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും നഷ്ട പരിഹാരം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഭേദഗതി കൊണ്ട് വന്നത്.

Continue Reading
INDIA3 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!