SAUDI ARABIA
വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം.

റിയാദ്: സൗദി അറേബ്യ ഒരാഴ്ച്ച മുൻപ് പ്രഖ്യാപിച്ച വിമാന സർവീസ് വിലക്ക് ഒരാഴ്ച്ച കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇവിടെയുള്ള ചാർട്ടേഡ് ഫ്ലൈറ്റുകൾ അനുവദിക്കും. സൗദിക്കകത്തുള്ള വിദേശികൾക്ക് ഈ ചാർട്ടേഡ് ഫ്ലൈറ്റുകൾ പ്രയോജനപ്പെടുത്തി രാജ്യത്തിന് പുറത്ത് പോകാൻ അനുവാദം നൽകും. എന്നാൽ സൗദിക്കകത്തേക്ക് ഒരാഴ്ച്ച കൂടി ആർക്കും വിമാന മാർഗ്ഗമോ, കര, ജല അതിർത്തികളിലൂടെയോ പ്രവേശനം അനുവദിക്കില്ല. ചരക്ക് സാമഗ്രികളുടെ നീക്കം അനുവദിക്കും.
നിലവിൽ അടച്ചിട്ടിട്ടുള്ള ആകാശ, കര, ജല അതിർത്തികൾ ഒരാഴ്ച്ച കൂടി അടച്ചിടും. വിദേശത്ത് നിന്നും മറ്റൊരു വിമാനവും സൗദിയിലേക്ക് കടത്തി വിടില്ല. ഒരാഴ്ച്ചക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി.
SAUDI ARABIA
സൗദി പ്രവാസികൾ അറിയുക. ഈ നിയമത്തിന്റെ എല്ലാ വശങ്ങളും

കഴിഞ്ഞ ദിവസമാണ് തൊഴിലാളികളുടെയോ കുടുംബാംഗങ്ങളുടെയോ പാസ്പോർട്ടുകൾ തൊഴിലുടമകൾ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പ് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകിയത്. ഈ നിയമലംഘനത്തിന് 5000 റിയാൽ പിഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത് പുതിയ ഒരു മുന്നറിയിപ്പോ നിയമമോ അല്ല. വർഷങ്ങളായി സൗദി അറേബ്യയിൽ നിലനിൽക്കുന്ന ഒരു നിയമ നിബന്ധനയാണ്. തൊഴിൽ നിയമ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വർദ്ധിച്ചു വരുന്ന അവസരത്തിൽ ഇതേകുറിച്ച് അറിവില്ലാത്ത വിദേശികളായ സാധാരണ തൊഴിലാളികൾക്ക് വേണ്ടി മന്ത്രാലയം ഈ നിബന്ധന ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തിയെന്നേ ഉള്ളൂ.
കുറെ വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു പ്രശസ്ത കമ്പനിയുടെ കോർപറേറ്റ് ഓഫീസ് ഉണ്ടായിരുന്ന കെട്ടിടത്തിൽ ഉണ്ടായ അഗ്നിബാധയില്‍ കത്തി നശിച്ചു പോയത് 17,000 വിദേശ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് ആയിരുന്നു. ആ കമ്പനിയുടെ കോര്‍പറേറ്റ് ഓഫീസില്‍ ഇത്രയധികം പാസ്പോര്ട്ടുകള് എന്തിനു കമ്പനി സൂക്ഷിച്ചു എന്നതിനോ എന്തായിരുന്നു അതിന്റെ ആവശ്യകത എന്നോ വിശദീകരിക്കാന്‍ കമ്പനിക്കു സാധിച്ചില്ല. ഇക്കാര്യം ആ സമയത്ത് ഏറെ വിവാദമായിരുന്നു എങ്കിലും പിന്നീട് വിസ്മൃതിയിലായി.
സൗദി അറേബ്യയില്‍ സാധാരണയായി കണ്ടു വരുന്ന ഒരു പ്രവണതയാണ് വിദേശികളായ തൊഴിലാളികളുടെ പാസ്പോര്ട്ടുകള് വാങ്ങി സ്പോണ്‍സര്‍മാര്‍ സൂക്ഷിക്കുക എന്നത്. സൗദിയിലെ താമസത്തിന് ആവശ്യമായ സര്‍ക്കാര്‍ രേഖയായ ഇഖാമ മാത്രമാണ് വിദേശ തൊഴിലാളിക്ക് നല്‍കുക. പിന്നീട് ഈ തൊഴിലാളി വാര്‍ഷിക അവധിക്കോ, ജോലി പൂര്‍ണ്ണമായും മതിയാക്കി ഫൈനല്‍ എക്സിറ്റ് വിസയില്‍ നാട്ടിലേക്ക് തിരിക്കുന്ന സമയത്തോ മാത്രമാണ് പിടിച്ചു വെച്ച പാസ്പോര്‍ട്ട് തിരിച്ചു നല്‍കുക.
സാധാരണ ഗതിയില്‍ സൗദിയിലെ താമസത്തിന് ഇഖാമ മാത്രം മതി എന്നതിനാലും നാട്ടിലേക്ക് പോകുന്ന സമയത്ത് എക്സിറ്റ് / റീ എന്‍ട്രിക്കും മാത്രമാണ് പാസ്പോര്‍ട്ട് ആവശ്യമായി വരുന്നത് എന്നതിനാല്‍ ഭൂരിഭാഗം വിദേശ തൊഴിലാളികളും ഇക്കാര്യം വളരെ ഗൗരവമായി എടുക്കാറില്ല.
എന്നാല്‍ ചില അവസരങ്ങളില്‍ തൊഴിലാളിയും സ്പോണ്‍സറും തമ്മിലുള്ള സൗഹാര്‍ദ്ദ ബന്ധത്തിന് കോട്ടം തട്ടുമ്പോഴോ, തൊഴിലാളിക്ക് താല്‍പ്പര്യമില്ലാത്തതും എന്നാല്‍ കമ്പനിക്കു താല്‍പ്പര്യമുള്ളതുമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ ഈ പാസ്പോര്‍ട്ട് ഒരു കെണിയായി മാറുന്നു. തൊഴിലുടമയുടെ നിയമത്തിന് നിരക്കാത്ത ആവശ്യങ്ങള്‍ ആണെങ്കില്‍ പോലും അവ അംഗീകരിക്കാതെ പാസ്പോര്‍ട്ട് തിരിച്ചു നല്‍കില്ലെന്ന ഭീഷണിക്ക് മുന്പില് പലപ്പോഴും തൊഴിലാളിക്ക്, തനിക്ക് അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ പോലും വിട്ടു നല്കി കൊണ്ട് ഒത്തു തീര്‍പ്പിന് തയ്യാറാവേണ്ടി വരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ തൊഴിലാളിയെ ഭീഷണിപ്പെടുത്താനും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുമുള്ള ഒരു ഉപാധിയാക്കി സ്പോണ്‍സര്‍മാര്‍ പാസ്പോര്‍ട്ടിനെ മാറ്റുന്നു.
മാത്രമല്ല മൂന്ന് മാസം ശമ്പളം മുടങ്ങിയാലും, സമയത്തിന് ഇഖാമ പുതുക്കി നല്കാതിരുന്നാലും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അനുവാദം കൂടാതെ തന്നെ മറ്റൊരു ജോലി കണ്ടെത്താനും മറ്റൊരു സ്പോണ്‍സറെ തേടാനും തൊഴില്‍ മന്ത്രാലയം തൊഴിലാളിക്ക് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളിലും തൊഴിലാളിയെ വരുതിക്ക് നിര്‍ത്താനുള്ള ഒരു വഴി കൂടിയാണ് സ്പോണ്സര്മാര്ക്ക് പാസ്പോര്‍ട്ട്.
ഇത്തരത്തില്‍ അര്‍ഹതയുള്ള അവധിക്കു വരാന്‍ സാധിക്കതെയും, അര്‍ഹതയുള്ള പല ആനുകൂല്യങ്ങള്‍ വിട്ടു കൊടുത്തു കൊണ്ടും, സമയത്തിന് ശമ്പളം ലഭിക്കാതെയും, കൂടുതല്‍ മികച്ച ജോലി ലഭിച്ചിട്ടും മാറാന്‍ സാധിക്കാതെയും കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ സൗദി അറബ്യയിലുണ്ട്.
സൗദി അറേബ്യയിലെ നിയമമനുസരിച്ച് ഒരു വിദേശ തൊഴിലാളിക്ക് തന്റെ ഇഖാമയും, പാസ്പോര്‍ട്ടും സ്വന്തം കയ്യില്‍ തന്നെ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. ഇഖാമ നല്‍കുന്നത് സൗദി അറേബ്യയായതിനാല് രാജ്യം വിടുന്ന സമയത്ത് വിദേശികള്‍ അത് തിരിച്ചേല്പ്പിക്കേണ്ടതുണ്ട്
ഓരോ രാജ്യത്തെയും നിയമമനുസരിച്ചും പൊതുവായ അന്താരാഷ്ട്രാ നിയമമനുസരിച്ചും ഒരു പാസ്പോര്‍ട്ട് അത് നല്കപ്പെട്ടയാളിന്റെ മാതൃരാജ്യത്തിന്റെ ഉടമസ്ഥതയില്‍ വരുന്ന സ്വത്ത് ആണ്. അത് കൈവശം സൂക്ഷിക്കാനുള്ള അവകാശം അതിന്റെ ഉടമാവകാശമുള്ള തൊഴിലാളിക്ക് മാത്രമാണ്. പാസ്പോര്‍ട്ട് മറ്റൊരാള്‍ക്ക് കൈമാറണമെന്ന് ലോകത്ത് ഒരു രാജ്യത്തെയും നിയമം അനുശാസിക്കുന്നില്ല. സൗദി അറേബ്യയിലും ഇത്തരമൊരു നിയമമില്ല. മാത്രമല്ലഅനധികൃതമായി തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം വെക്കുന്ന തൊഴിലുടമക്ക് പിഴശിക്ഷ ചുമത്താനും സൗദിയിൽ നിയമമുണ്ട്.
നിയമത്തെ കുറിച്ചുള്ള അജ്ഞത എന്നതില്‍ ഉപരി നിയമ വിരുദ്ധമായ കാര്യങ്ങള്‍ നിരന്തരമായി ചെയ്യുന്നത് മൂലം ഇക്കാര്യം നിയമ വിധേയമാണ് എന്ന് വിശ്വസിക്കുന്ന തൊഴിലാളികളും എന്തിനു, തൊഴിലുടമകള്‍ പോലുമുണ്ട്. തങ്ങളുടെ പാസ്പോര്‍ട്ട് തൊഴിലുടമക്ക് കൈമാറേണ്ടതും അത് നിയമപരമായി സൂക്ഷിക്കേണ്ടത് തൊഴിലുടമയാണെന്നും പല തൊഴിലാളികളും വിശ്വസിക്കുന്നു.h
സ്വന്തം പാസ്പോര്‍ട്ടും സ്വകാര്യമായ രേഖകളും സ്വന്തമായി സൂക്ഷിക്കാനുള്ള അവകാശം തൊഴിലാളിക്കാണ്. ഇക്കാര്യം പല തവണ തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും നിയമം ലംഘിക്കുന്ന തൊഴിലുടമകള്‍ ഗുരുതരമായ പിഴശിക്ഷകള്‍ നേരിടേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയം ഇടയ്ക്കിടെ സ്പോൺസർമാരെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. ഇക്കാര്യത്തില്‍ പരാതി ഉണ്ടെങ്കില്‍ വിദേശ തൊഴിലാളിക്ക് ലേബര്‍ ഓഫീസിനെ സമീപിക്കാന്‍ അനുവാദവുമുണ്ട്.
ഇക്കാര്യങ്ങള്‍ പലപ്പോഴും പത്രകുറിപ്പുകളിലൂടെ മറ്റു രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാര്ക്ക് വ്യക്തമാക്കി കൊടുക്കാറുണ്ട് എന്നല്ലാതെ അതിലപ്പുറമുള്ള നടപടികളിലേക്ക് ഒരു രാജ്യവും കടക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളില്‍ തങ്ങളുടെ ഏതെങ്കിലും പൗരന്മാരെ അത്യാവശ്യമായി നാട്ടില്‍ തിരിച്ചെത്തിക്കുന്നതിന് ആവശ്യമായ നടപടികളുടെ കൂടെ അവരുടെ പാസ്പോര്ട്ടുകള് തിരിച്ചു നല്കാന് ആവശ്യപെടുന്നു എന്നല്ലാതെ ഒരു രാജ്യവും ഇക്കാര്യം ഉറപ്പു വരുത്താന്‍ തയ്യാറാവുന്നില്ല. ഫലമോ രാജ്യത്തെ വിദേശ തൊഴിലാളികളില്‍ ഏകദേശം 95 ശതമാനത്തിന്റെയും പാസ്പോര്ട്ടുകള് സൗദി പൗരന്മാരായ വ്യക്തികളായ സ്പോണ്‍സര്‍മാരുടെയോ, സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ കൈകളില്‍ പിടിച്ചു വെക്കപ്പെട്ടിരിക്കുന്നു.
പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതിന് വേണ്ടി തൊഴിലുടമ ആവശ്യപ്പെട്ടാല്‍ അത് നിരസിക്കാനും അക്കാര്യം ലേബര്‍ ഓഫീസിലും പോലീസിലും അറിയിക്കാന്‍ വിദേശ തൊഴിലാളിക്ക് അവകാശമുണ്ട് എന്നത് പല തൊഴിലാളികള്‍ക്കും ഇപ്പോഴും അറിയാതെ വരുന്നു.
തങ്ങള്‍ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തൊഴിലാളികള്‍ ഒളിച്ചോടി പോകാതിരിക്കാനാണ് പാസ്പോര്ട്ടുകള് വാങ്ങി സൂക്ഷിക്കുന്നത് എന്നാണു കമ്പനികളുടെ വാദം. അതിലൂടെ തൊഴിലാളിയുടെ റിക്രൂട്ട്മെന്റിന് വേണ്ടി ചിലവായ തുക ഒളിച്ചോട്ടത്തിലൂടെ പാഴാവില്ലെന്നും സ്പോണ്‍സര്‍മാര്‍ വിശദീകരിക്കുന്നു.
എന്നാല്‍ തൊഴിലുടമകള്‍ പാസ്പോര്‍ട്ട് പിടിച്ചു വെക്കുന്നത് കൊണ്ട് തൊഴിലാളി ഓടിപ്പോകാനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം പോലും കരുതുന്നില്ല. തൊഴില്‍ മന്ത്രാലയത്തിന്റെ അഭിപ്രായ പ്രകാരം ഭൂരിഭാഗം കേസുകളിലും തൊഴിലാളികള്‍ തൊഴിലുടമയില്‍ നിന്നും ഒളിച്ചോടുന്നത് ഔദ്യോഗിക രേഖകള്‍ കൈവശം ഇല്ലാതെ തന്നെയാണ്. യാതൊരു ഔദ്യോഗിക രേഖകളും കൈവശം ഇല്ലാതെ തന്നെ തൊഴിലാളി അവരവരുടെ എംബസ്സികളില്‍ എത്തുമ്പോള്‍ അവരെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കുകയും ചെയ്യുന്നുണ്ട്.
കൂടാതെ പാസ്പോര്‍ട്ട് തൊഴിലാളിയുടെ കൈവശം ഉണ്ടെങ്കില്‍ തന്നെയും ഔദ്യോഗികമായി ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാതെ ഒരു വിദേശിക്കും നിലവിലുള്ള നിയമ പ്രകാരം സൗദിയില്‍ നിന്നും നിയമപരമായി പുറത്തു കടക്കാനാവില്ല. ഫൈനല്‍ എക്സിറ്റ് വിസ നല്കാന് ഇപ്പോൾ സ്പോണ്‍സര്‍ക്കു മാത്രമേ സാധിക്കൂ എന്നതിനാല്‍ പാസ്പോര്ട്ടുകള് പിടിച്ചു വെക്കുന്നത് കൊണ്ട് ഫലത്തില്‍ പ്രയോജനം ലഭിക്കുന്നില്ല.
തൊഴിലാളികള്‍ ഒളിച്ചോടിപ്പോയാല്‍ പിന്നീട് അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കും, വരുത്തി വെക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്കും സ്പോണ്സര് എന്ന നിലയില്‍ തങ്ങള്‍ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നുള്ളതു കൊണ്ട് കൂടിയാണ് പാസ്പോര്ട്ടുകള് പിടിച്ചു വെക്കുന്നതെന്ന് തൊഴിലുടമകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ വാദവും തെറ്റാണ്. തൊഴിലാളികള്‍ ഓടിപ്പോയാല്‍ തൊഴിലുടമ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിലും ലേബര്‍ ഓഫീസിലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഇക്കാര്യം ശരിയായ രീതിയില്‍ അറിയിച്ചാല്‍ പിന്നീടുണ്ടാകുന്ന നിയമ കുരുക്കുകളിലെ സാമ്പത്തിക ബാധ്യതകള്‍ക്ക് തൊഴിലുടമക്ക് ഉത്തരവാദിത്വം ഉണ്ടാകില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്പോണ്സർക്കെതിരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു ലഭിച്ച ഒരു വിദേശ തൊഴിലാളിയുടെ പരാതിയിൽ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിൽ സമാനമായ വിവരങ്ങളാണ് പുറത്ത് വന്നത്.
തൊഴിൽ കരാർ പ്രകാരം മുൻധാരണയിലെത്തിയ തൊഴിലിനു വിരുദ്ധമായ ജോലി ചെയ്യുന്നതിന് തൊഴിലാളിയെ നിർബന്ധിക്കൽ, വായ്പയായി പണം കൈപ്പറ്റിയതായി സ്ഥിരീകരിക്കുന്ന വ്യാജ രേഖകളിൽ ഒപ്പു വെക്കുന്നതിന് നിർബന്ധിക്കൽ, ഈ പണം തിരിച്ചടക്കുന്നതിന് നിർബന്ധിക്കൽ എന്നിവക്കായി തെഴിലാളിയുടെ പാസ്പോർട്ട് സ്പോൺസർ പിടിച്ചു വെച്ചതായി കണ്ടെത്തി. തൊഴിൽ കേസിനപ്പുറം മനുഷ്യക്കടത്ത് കേസാണെന്ന് അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്ന് മന്ത്രാലയം കേസ് പോലീസിന് കൈമാറുകയായിരുന്നു .
ജവാസാത്തിന്റെ ഓൺലൈൻ സേവനങ്ങളായ അബ്ഷീറും മുഖീമും വഴി തൊഴിലാളികളുടെ ഇഖാമ വിവരങ്ങൾ പുതുക്കേണ്ടതിന്റെ ഉത്തരവാദിത്വം സ്പോൺസർക്കാണ്. ഓൺലൈൻ വഴി ഇവ പുതുക്കാൻ സാധിക്കാതെ വന്നാൽ നേരിട്ട് ജവാസാത്ത് ഓഫീസുകളെ സമീപിക്കാം. ഇതുപോലെയുള്ള നിയമ പരമായ നടപടി ക്രമങ്ങൾക്ക് വേണ്ടി തൊഴിലാളിയുടെ പാസ്പോർട്ട് പരിമിതമായ സമയങ്ങളിൽ ആവശ്യം കഴിയുന്നത് വരെ സൂക്ഷിക്കാൻ സ്പോണ്സർക്ക് നിയമ പരമായ അനുമതിയുണ്ട്. ഇതിനൊക്കെ തൊഴിലാളിയുടെ രേഖാമൂലമായ അനുമതിയും ആവശ്യമാണ്.
കൂടാതെ പാസ്പോർട്ട് നഷ്ടപ്പെടാതിരിക്കാനും, കേടായി പോകാതിരിക്കാനും, മോഷണം ഉണ്ടാകാതിരിക്കാനും പാസ്പോർട്ട് സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ തൊഴിലുടമക്ക് കൈമാറാവുന്നതും തൊഴിലുടമക്ക് സൂക്ഷിക്കാവുന്നതുമാണ്. അതിൽ കൂടുതൽ സ്പോൺസർമാർ തൊഴിലാളികളുടെ പാസ്പോർട്ട് കൈവശം വെക്കേണ്ടതില്ല. പക്ഷെ ഈ സന്ദർഭങ്ങളിൽ പാസ്പോർട്ട് തൊഴിലുടമക്ക് കൈമാറിയാലും തൊഴിലാളി ആവശ്യപ്പെട്ടാൽ പാസ്പോർട്ട് ഉടനെ തൊഴിലാളിക്ക് കൈമാറണമെന്നും നിബന്ധനയുണ്ട്.
മൂന്ന് വർഷം മുൻപ് റിയാദിലെ ബദിയയിൽ സ്പോൺസറുടെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന മഞ്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണന്റെ കേസ് സ്പോണ്‍സര്‍മാരുടെ പാസ്പോർട്ട് ദുരുപയോഗത്തിന് ഒരുദാഹരണമാണ്. സ്പോൺസറുമായി തെറ്റിയതോടെ സ്ഥാപനത്തിൽനിന്ന് ഒരു ലക്ഷത്തിലധികം റിയാൽ മോഷണം പോയെന്ന സ്പോൺസർ ഉണ്ണികൃഷ്ണനെതിരെ പോലീസിൽ പരാതി നൽകി.
പോലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ ഒരു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി. കോടതി വിചാരണകളിൽ സ്പോൺസർ ഹാജരാവാതിരിക്കൽ അടക്കമുള്ള കാരണങ്ങളാൽ കേസ് അഞ്ചു വർഷം വരെ നീണ്ടുപോയി. കടയുടെ താക്കോലും പണവും കൈകാര്യം ചെയ്തിരുന്നത് സ്പോൺസർ തന്നെയായിരുന്നുവെന്നും ഉണ്ണികൃഷ്ണന് അറബി ഭാഷ വശമില്ലെന്നും തെളിവുകൾ മുഖേന കോടതിക്ക് ബോധ്യപ്പെട്ടതോടെ ഉണ്ണി നിരപരാധിയാണെന്ന് കോടതി വിധിച്ചു.
തന്നെക്കൊണ്ട് ധാരാളം വെള്ള പേപ്പറുകളിൽ ഒപ്പുവെപ്പിച്ചിരുന്നുവെന്നും അങ്ങനെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ കോടതിയിൽ ബോധിപ്പിച്ചതോടെ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് അയക്കാൻ കോടതി സ്പോൺസറോട് ആവശ്യപ്പെട്ടു. എന്നാൽ ഈ വേളയിൽ സ്പോൺസർ കൈവശം വെച്ചിരുന്ന പാസ്പോർട്ട് കാണാനില്ലെന്ന് സ്പോൺസർ അറിയിക്കുകയായിരുന്നു. പിന്നീട് എംബസിയിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റ് നേടിയാണ് ഫൈനൽ എക്സിറ്റ് ലഭിച്ചത്.
പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതിന് വേണ്ടി തൊഴിലുടമ ആവശ്യപ്പെട്ടാല്‍ അത് നിരസിക്കാനും അക്കാര്യം ലേബര്‍ ഓഫീസിലും പോലീസിലും അറിയിക്കാന്‍ വിദേശ തൊഴിലാളിക്ക് അവകാശമുണ്ട് എന്നത് പല തൊഴിലാളികള്‍ക്കും ഇപ്പോഴും അറിയാതെ വരുന്നു.
2018 ഫെബ്രുവരിയിൽ സൗദിയിലെ അബുയാസിർ എന്ന സ്ഥാപനത്തിൽ നിന്നും 48 ലക്ഷത്തിൽ അധികം രൂപയുടെ തട്ടിപ്പ് നടത്തി മൂന്ന് മലയാളികൾ കേരളത്തിലേക്ക് മുങ്ങിയത് വ്യാജ പാസ്പോർട്ടിലാണ്. കരുനാഗപ്പള്ളി സ്വദേശി ഇർഷാദ്, തിരുവനന്തപുരം സ്വദേശികളായ ഷിബു, സിറാജുദ്ദീൻ എന്നിവരാണ് സ്ഥാപനത്തിൽ നിന്നും ഇലക്ട്രോണിക്ക് സാധനങ്ങൾ വാങ്ങി പണം പിന്നീട് തിരിച്ചു നൽകാമെന്ന് രേഖാമൂലം എഴുതി നൽകിയ ശേഷം കള്ള പാസ്പോർട്ടിൽ നാട്ടിലേക്ക് കടന്നത്. ഇവരെ തേടി സ്ഥാപനത്തിലെ ഈജിപ്ഷ്യൻ സ്വദേശിയായ എക്സിക്യൂട്ടീവ് അബു യാസിർ കരുനാഗപ്പള്ളിയിൽ എത്തിയതും നാട്ടിൽ വാർത്തയായിരുന്നു.
അതുപോലെതന്നെ കഴിഞ്ഞ മാസം ദമ്മാമിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന ബീഹാർ സ്വദേശി ചുനിലാൽ തനിക്ക് വേണ്ടി ജാമ്യം നിന്ന സാമൂഹിക പ്രവർത്തകനേയും സ്പോൺസറേയും ഇന്ത്യൻ എംബസിയേയും കബളിപ്പിച്ച് ഇന്ത്യയിലേക്ക് കടന്ന് കളഞ്ഞതും വ്യാജ പാസ്പോർട്ടിലാണ്. മൂന്ന് ട്രക്കുകൾക്ക് കേടുവരുത്തിയ വാഹനാപകട കേസിൽ 45,000 റിയാൽ നഷ്ടപരിഹാരം നൽകാൻ സൗദി കോടതി വിധിച്ച ചുനിലാൽ ജാമ്യത്തിലിറങ്ങി നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
അപകടം ഉണ്ടായത് പൂർണമായും ചുനിലാലിന്റെ കുറ്റം കൊണ്ടാണ് എന്ന് കണ്ടെത്തിയ കോടതി 45,000 റിയാൽ നഷ്ട പരിഹാരം നൽകാൻ വിധിച്ചു. സാമൂഹിക പ്രവർത്തകൻ ഇയാളെ താൽക്കാലിക ജാമ്യത്തിൽ ഇറക്കിയെങ്കിലും പിഴ സംഖ്യ ചുനിലാൽ തന്നെ അടക്കണമെന്ന് സ്പോൺസർ ആവശ്യപ്പെട്ടു. ഇതോടെ ഇയാൾ സ്പോൺസറെ കബളിപ്പിച്ച് നാട്ടിലേക്ക് കടക്കാൻ റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ കയറിപ്പറ്റി.
എന്നാൽ ഇയാളുടെ പേരിൽ കേസുണ്ടെന്ന് കണ്ടതോടെ നാട്ടിലയക്കാതെ ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയച്ചു. തനിക്ക് ദമ്മാമിൽ നിരവധി ബന്ധുക്കളുണ്ടെന്നും ട്രക്ക് ഡ്രൈവർമാരുടെ സംഘടന തന്നെ സഹായിക്കുമെന്നും ജാമ്യത്തിൽ പുറത്തിറക്കിയാൽ എത്രയും വേഗം പണം സംഘടിപ്പിച്ച് കെട്ടിവെക്കാമെന്നും ഇയാൾ പറഞ്ഞതോടെ സാമൂഹിക പ്രവർത്തകൻ സ്വന്തം ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു.
ബന്ധുക്കളൂടെ അടുത്തേക്ക് പോയ ചുനിലാൽ ഇന്ത്യൻ എംബസിയെ തെറ്റിദ്ധരിപ്പിച്ച് പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച് നാട്ടിലേക്ക് കടക്കുകയായിരുന്നു.
മേൽ പറഞ്ഞ രണ്ടു സംഭവങ്ങളും നിയമ പരമല്ലാതെ രാജ്യത്ത് നിന്നും കടന്നു കളഞ്ഞ സംഭവങ്ങളാണ്. പാസ്പോര്‍ട്ട് തൊഴിലാളിയുടെ കൈവശം ഉണ്ടെങ്കില്‍ തന്നെയും ഔദ്യോഗികമായി ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാതെ ഒരു വിദേശിക്കും സൗദിയില്‍ നിന്നും നിയമപരമായി പുറത്തു കടക്കാനാവില്ല. ഫൈനല്‍ എക്സിറ്റ് വിസ നല്കാന് സ്പോണ്‍സര്‍ക്കു മാത്രമേ സാധിക്കൂ എന്നതിനാല്‍ പാസ്പോര്ട്ടുകള് പിടിച്ചു വെക്കുന്നത് കൊണ്ട് ഫലത്തില്‍ പ്രയോജനം ലഭിക്കുന്നില്ല.
മാത്രമല്ല സൗദിയിൽ ഉള്ള ഏതൊരാളുടെയും ബയോമെട്രിക് വിവരങ്ങൾ അധികൃതരുടെ പക്കൽ ഇപ്പോൾ ലഭ്യമാണ്. സൗദിയിൽ താമസിക്കുന്ന ആറു വയസ്സിന് മേൽ പ്രായമുള്ള ഏതൊരു വിദേശിയുടെയും വിരലടയാളം രജിസ്റ്റർ ചെയ്യണം.
പ്രായോഗികമായി പറഞ്ഞാല്‍ ഒരു തൊഴിലാളി തന്റെ പാസ്പോര്‍ട്ട് തൊഴിലുടമ പിടിച്ചു വെക്കുന്നു എന്ന പരാതിയുമായി സൗദിയിലെ പോലീസിനെയോ ലേബര്‍ ഒഫീസിനെയോ സമീപിച്ചാല്‍ പോലും പലപ്പോഴും അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടാവാറില്ല. സൗദി അറേബ്യയുടെ നിയമ വ്യവസ്ഥിതിയുടെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ വെച്ച് നോക്കുമ്പോള്‍ എംബസ്സിയുടെയോ തൊഴില്‍ മന്ത്രാലത്തിന്റെയോ പരിപൂര്‍ണ്ണ പിന്തുണയില്ലാതെ തൊഴിലാളിക്ക് ഒന്നും ചെയ്യുവാനും സാധ്യമല്ല. അത് കൊണ്ട് റിയാദിലെ ഇന്ത്യന്‍ എംബസ്സിയുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പൂര്‍ണ്ണമായ സഹകരണം വിഷമ സ്ഥിതിയിലാകുന്ന തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ ലഭിക്കേണ്ടതുണ്ട്.
SAUDI ARABIA
സൗദി-ഖത്തർ അതിർത്തികൾ തുറക്കുമ്പോൾ എന്തിന് പ്രവാസികൾക്ക് മനം നിറയണം?

ഇന്ന് രാവിലെ പ്രാദേശിക സമയം 11.20 ന് സൽവ അതിർത്തി വഴി ഖത്തർ സ്വദേശിയുടെ ലാൻഡ് ക്രൂയിസർ വാഹനം അതിർത്തി കടന്നപ്പോൾ മനം നിറഞ്ഞത് ലക്ഷക്കണക്കിന് വരുന്ന സ്വദേശികളുടെയും വിദേശികളുടെയുമാണ്.
മൂന്നര വർഷത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേയ്സ് സൗദിയിലേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുമ്പോൾ സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ആശ്വാസകരമാകും. നേരത്തെ കോഴിക്കോട് സെക്ടർ ഉൾപ്പെടെ ഖത്തർ എയർവേയ്സ് നടത്തിയിരുന്ന നിരവധി സർവീസുകൾ പ്രവാസികൾ ഉപയോഗപ്പെടുത്തിയിരുന്നു.
ജനുവരി 11 നാണ് സൗദിയിലേക്കുള്ള സർവീസ് ഖത്തർ എയർവേയ്സ് ആരംഭിക്കുക. ഈ സർവീസിനുള്ള ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞു. ദോഹയിലെ ഹമദ് വിമാനത്താവളത്തിൽ നിന്നും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാന താവളത്തിലേക്കാണ് സർവീസ്. ഉച്ചക്ക് 2.05 ന് പുറപ്പെടുന്ന വിമാനം 3.30 നാണ് റിയാദിൽ എത്തിച്ചേരുക.
ഔദ്യോഗിക സർവീസ് ജനുവരി 11 ന് മാത്രമേ പുനരാരംഭിക്കുകയുള്ളൂ എങ്കിലും സൗദി അറേബ്യയുടെ വ്യോമപാത ഇതിനകം തന്നെ ഖത്തർ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 8.45 ന് ദോഹയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ് ബർഗിലേക്കുള്ള വിമാനം പറന്നത് സൗദി അറേബ്യക്ക് മുകളിലൂടെ ആയിരുന്നു.
ഉപരോധം അവസാനിക്കുന്നതോടെ ഖത്തറിലുള്ള സ്വദേശികളും വിദേശികളും അടങ്ങുന്ന തീർത്ഥാടർക്ക് ഉംറ ചെയ്യാനുള്ള അവസരവും എളുപ്പമാകും. ഉപരോധം നിലനിൽക്കുമ്പോൾ തന്നെ ഖത്തറിലുള്ളവർക്ക് ഉംറ ചെയ്യാനുള്ള അവസരവും സംവിധാനവും സൗദി അധികൃതർ ഒരുക്കിയിരുന്നു. എന്നാൽ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഈ സംവിധാനത്തിൽ ഉണ്ടായൊരുന്നതിനാൽ ഖത്തറിൽ ഉള്ളവർക്ക് ഈ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നില്ല. ദോഹയിലെ സൗദി എംബസ്സി അടച്ചതും നടപടിക്രമങ്ങൾ സങ്കീർണമാക്കി.
ഇതോടെ ഖത്തറിലുള്ള മലയാളികൾ അടക്കമുള്ള തീർത്ഥാടകർ സ്വന്തം നാടുകളിൽ എത്തി അവിടെ നിന്നും ഉംറക്കും ഹജ്ജിനുമായി പോകുന്ന രീതിയാണ് അവലംബിച്ചിരുന്നത്. മലയാളികൾ ഖത്തറിൽ നിന്നും അവധിക്ക് നാട്ടിലെത്തി നാട്ടിൽ നിന്നും സ്വകാര്യ ഉംറ, ഹജ്ജ് ഗ്രൂപ്പുകൾക്കൊപ്പം മക്കയിൽ എത്തുകയായിരുന്നു ചെയ്തിരുന്നത്. ഉപരോധം നീങ്ങുന്നതോടെയും വിമാന സർവീസുകൾ തുടങ്ങുന്നതോടെയും തീർത്ഥാടകർക്ക് ഉപകാരപ്രദമാകും. കര അതിർത്തി തുറക്കുന്നതോടെ സ്വന്തം വാഹനത്തിലും മറ്റുമൊക്കെയായി എളുപ്പത്തിൽ സൗദിയിൽ എത്താനും സാധിക്കും.
അതെ സമയം സൗദിയിൽ നിന്നും ഖത്തറിലേക്കും തിരിച്ചും നിലവിൽ വിമാന സർവീസുകളൊന്നും ഷെഡ്യൂൾ ചെയ്തിട്ടില്ലെന്നാണ് സൗദി ദേശീയ വിമാന കമ്പനിയായ ‘സൗദിയ’ വ്യക്തമാക്കുന്നത്. നേരെത്തെ ഷെഡ്യൂൾ ചെയ്തതല്ലാതെ പുതിയതായി സർവീസുകളൊന്നും തന്നെ ഷെഡ്യൂൾ ചെയ്തിട്ടില്ല. അങ്ങിനെ ചെയ്യുന്ന പക്ഷം ഔദ്യോഗികമായി അറിയിക്കുമെന്നും സൗദിയ അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി.
സൗദിയും ഖത്തറും തമ്മിൽ കരമാർഗ്ഗമുള്ള ഗതാഗതവും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ നടന്നു വരികയാണ്. ഖത്തറിൽ നിന്നുള്ള കര അതിർത്തിയായ സൽവ ചെക്ക് പോയിന്റിലെ സിമന്റ് കൊണ്ട് അടച്ചിരുന്ന ബാരിക്കേഡുകൾ എടുത്തു മാറ്റി.
റിയാദിൽ നിന്നും 460 കിലോമീറ്റർ മാത്രം മാറി കിഴക്കൻ പ്രവിശ്യയിലെ അൽ ഉദൈദ് സബ് ഗവർണറേറ്റിന് കീഴിലുള്ള സൽവ അതിർത്തി പോസ്റ്റ് ഖത്തറിനും സൗദിക്കും ഇടയിലെ മുഖ്യ വ്യാപാര പാതയാണ്. ഉപരോധത്തിന് മുൻപായി സാധന സാമഗ്രികൾ വഹിച്ച് മൂന്നര ലക്ഷത്തിലേറെ ലോറികളും ട്രക്കുകളും പ്രതിവർഷം കടന്നു പോയിരുന്ന അതിർത്തിയാണ് ഇത്. കൂടാതെ വർഷത്തിൽ പതിമൂന്ന് ലക്ഷത്തിലേറെ കാറുകളും കടന്നു പോയിരുന്നു.
ഉപരോധം മൂലം വൻനഷ്ടമാണ് വ്യാപാര മേഖലക്ക് ഉണ്ടായിട്ടുള്ളത്. സൗദി കയറ്റുമതി ബിസിനസുകാരെ സംബംന്ധിച്ചിടത്തോളം ഖത്തർ ഒരു പ്രധാന മാർക്കറ്റാണ്. 2017 ൽ സൗദിയും ഖത്തറും തമ്മിലുള്ള വ്യാപാര വ്യാപ്തം 700 കോടി റിയാലിൽ അധികമായിരുന്നു. ഇതിൽ ബഹുഭൂരിഭാഗവും സൗദിയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതി ആയിരുന്നു. പെട്രോകെമിക്കൽസ്, ഭക്ഷ്യവസ്തുക്കൾ, പഴവർഗ്ഗങ്ങൾ, പ്ലാസ്റ്റിക്, കന്നുകാലികൾ, നിർമ്മാണ സാമഗ്രികൾ എന്നിവയായിരുന്നു പ്രധാനം.
ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ നയതന്ത്ര ബന്ധവും ശക്തമാക്കാൻ സൗദിയും ഖത്തറും തീരുമാനിച്ചിരുന്നു. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ട ജി സി സി ഉച്ചകോടിയുടെ സമാപന ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽ ഥാനിയും തമ്മിൽ നടത്തിയ ചർച്ചയിലായിരുന്നു ഈ തീരുമാനം. ഈ തീരുമാനം സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗവും സ്വാഗതം ചെയ്തു.
അതിനിടെ ഖത്തറുമായുള്ള ഗതാഗത ബന്ധം ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് യു എ ഇ യും വ്യക്തമാക്കിയിട്ടുണ്ട്. കര, സമുദ്ര, വ്യോമ മാർഗങ്ങളിലൂടെയുള്ള എല്ലാ ഗതാഗത ബന്ധങ്ങളും പുനരാരംഭിക്കുമെന്ന് യു എ ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ശേഷം കരാർ പ്രകാരം ഒരാഴ്ചക്കുള്ളിൽ തന്നെ നടപ്പാക്കേണ്ട നടപടികളിൽ വിമാന സർവീസ്, ഷിപ്പിംഗ്, വ്യാപാരം എന്നിവയുടെ പ്രാഥമിക നടപടികൾ ഉൾപ്പെടുമെന്ന് ഗർഗാഷ് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
SAUDI ARABIA
നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് മാർച്ച് 31 ന് മാത്രമാണ് പിൻവലിക്കുക എന്ന സൗദി അറേബ്യയുടെ ഔദ്യോഗിക അറിയിപ്പ് പ്രവാസികൾക്ക് നിരാശയായി. സൗദിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയുമായി സൗദി അറേബ്യ ഏർപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന എയർ ബബിൾ കരാർ നിലവിൽ വരാനുള്ള സാധ്യതകൾ മങ്ങി.
നിലവിൽ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ല. വന്ദേ ഭാരത് സർവീസുകൾക്കും ഇതേ അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സൗദി അറേബ്യ അന്താരഷ്ട്ര വിമാന സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് സെപ്റ്റംബർ 15 ന് വിലക്ക് ഭാഗികമായി നീക്കിയെങ്കിലും വിമാന സർവീസുകൾക്ക് പൂർണ്ണമായും അനുമതി നൽകിയിരുന്നില്ല. ഇതോടെ യു എ ഇ പോലുള്ള രാജ്യങ്ങളിൽ പതിനാല് ദിവസം തങ്ങി ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്.
2021 ജനുവരി ഒന്നിന് വിലക്ക് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും യു കെ, യൂറോപ്യൻ യൂണിയൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവിചാരിതമായി പ്രത്യക്ഷപ്പെട്ട ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ യാത്രാ നിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.
ഇന്ത്യയിൽ രോഗബാധക്ക് കാര്യമായ ശമനം ഉണ്ടാകാത്ത സാഹചര്യത്തിൽ നേരിട്ടുള്ള വിമാന സർവീസുകൾ അനുവദിക്കുമെന്ന കാര്യത്തിൽ പ്രവാസികൾക്ക് അധിക പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എംബസ്സി തലത്തിൽ നടത്തിയിരുന്ന ഉഭയ കക്ഷി ചർച്ചകളിൽ ആയിരുന്നു പ്രവാസികൾ പ്രതീക്ഷ പുലർത്തിയിരുന്നത്. മാർച്ചിൽ വിമാന സർവീസ് വിലക്ക് പൂർണ്ണമായും പിൻവലിക്കുമെന്ന പ്രഖ്യാപനം സൗദി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ഉണ്ടായതോടെ ഈ പ്രതീക്ഷകൾ മങ്ങുകയാണ്.
എയർ ബബിൾ കരാർ നിലവിൽ വന്നാൽ ഇന്ത്യയിൽ നിന്നും തിരിച്ചും സൗദി അറേബ്യയിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി ലഭിക്കുമായിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നു. നിലവിൽ പാക്കിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർ എയർ ബബിൾ കരാർ പ്രകാരം സൗദിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഉയർന്ന രോഗബാധ തോതാണ് വില്ലനായതെന്നാണ് നിഗമനം.
സൗദി അറേബ്യയിൽ നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളത്. ദിനേനയുള്ള രോഗികളുടെ എണ്ണവും മരണ സംഖ്യയും ഏറെ കുറഞ്ഞിരിക്കുന്നു. രാജ്യത്ത് കോവിഡ് വാക്സിനും അധികൃതർ എത്തിച്ചു കഴിഞ്ഞു. മാർച്ച് 31 ഓട് കൂടി കോവിഡ് വാക്സിൻ വിതരണം ഒന്നാം ഘട്ടം പൂർത്തിയാകും. ഇതോടെ രാജ്യത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും വാക്സിൻ നൽകൽ പൂർത്തിയാകും. അതിന് ശേഷം മാത്രം വിമാന സർവീസുകൾക്ക് പൂർണ്ണമായ തോതിൽ കര, കടൽ, വ്യോമ മാർഗ്ഗമുള്ള മുഴുവൻ ഗതാഗതത്തിനും അനുമതി നൽകിയാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.