Connect with us

SAUDI ARABIA

നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

Published

on

കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് മാർച്ച് 31 ന് മാത്രമാണ് പിൻവലിക്കുക എന്ന സൗദി അറേബ്യയുടെ ഔദ്യോഗിക അറിയിപ്പ് പ്രവാസികൾക്ക് നിരാശയായി. സൗദിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയുമായി സൗദി അറേബ്യ ഏർപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന എയർ ബബിൾ കരാർ നിലവിൽ വരാനുള്ള സാധ്യതകൾ മങ്ങി.

നിലവിൽ ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ല. വന്ദേ ഭാരത് സർവീസുകൾക്കും ഇതേ അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്.

കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സൗദി അറേബ്യ അന്താരഷ്ട്ര വിമാന സർവീസുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. പിന്നീട് സെപ്റ്റംബർ 15 ന് വിലക്ക് ഭാഗികമായി നീക്കിയെങ്കിലും വിമാന സർവീസുകൾക്ക് പൂർണ്ണമായും അനുമതി നൽകിയിരുന്നില്ല. ഇതോടെ യു എ ഇ പോലുള്ള രാജ്യങ്ങളിൽ പതിനാല് ദിവസം തങ്ങി ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്.

2021 ജനുവരി ഒന്നിന് വിലക്ക് പിൻവലിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും യു കെ, യൂറോപ്യൻ യൂണിയൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവിചാരിതമായി പ്രത്യക്ഷപ്പെട്ട ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ യാത്രാ നിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.

ഇന്ത്യയിൽ രോഗബാധക്ക് കാര്യമായ ശമനം ഉണ്ടാകാത്ത സാഹചര്യത്തിൽ നേരിട്ടുള്ള വിമാന സർവീസുകൾ അനുവദിക്കുമെന്ന കാര്യത്തിൽ പ്രവാസികൾക്ക് അധിക പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ എംബസ്സി തലത്തിൽ നടത്തിയിരുന്ന ഉഭയ കക്ഷി ചർച്ചകളിൽ ആയിരുന്നു പ്രവാസികൾ പ്രതീക്ഷ പുലർത്തിയിരുന്നത്. മാർച്ചിൽ വിമാന സർവീസ് വിലക്ക് പൂർണ്ണമായും പിൻവലിക്കുമെന്ന പ്രഖ്യാപനം സൗദി അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ഉണ്ടായതോടെ ഈ പ്രതീക്ഷകൾ മങ്ങുകയാണ്.

എയർ ബബിൾ കരാർ നിലവിൽ വന്നാൽ ഇന്ത്യയിൽ നിന്നും തിരിച്ചും സൗദി അറേബ്യയിലേക്ക് ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി ലഭിക്കുമായിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നു. നിലവിൽ പാക്കിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നും ആയിരക്കണക്കിന് പേർ എയർ ബബിൾ കരാർ പ്രകാരം സൗദിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഉയർന്ന രോഗബാധ തോതാണ് വില്ലനായതെന്നാണ് നിഗമനം.

സൗദി അറേബ്യയിൽ നിലവിൽ കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉള്ളത്. ദിനേനയുള്ള രോഗികളുടെ എണ്ണവും മരണ സംഖ്യയും ഏറെ കുറഞ്ഞിരിക്കുന്നു. രാജ്യത്ത് കോവിഡ് വാക്സിനും അധികൃതർ എത്തിച്ചു കഴിഞ്ഞു. മാർച്ച് 31 ഓട് കൂടി കോവിഡ് വാക്സിൻ വിതരണം ഒന്നാം ഘട്ടം പൂർത്തിയാകും. ഇതോടെ രാജ്യത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും വാക്സിൻ നൽകൽ പൂർത്തിയാകും. അതിന് ശേഷം മാത്രം വിമാന സർവീസുകൾക്ക് പൂർണ്ണമായ തോതിൽ കര, കടൽ, വ്യോമ മാർഗ്ഗമുള്ള മുഴുവൻ ഗതാഗതത്തിനും അനുമതി നൽകിയാൽ മതിയെന്നാണ് അധികൃതരുടെ തീരുമാനം.

LATEST

ഫൈനല്‍ എക്സിറ്റ് വിസയെ കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 28 നിയമ നിബന്ധനകള്‍

Published

on

ഫൈനൽ എക്‌സിറ്റ് വിസയെ സൗദിയിലുള്ള പ്രവാസികൾക്ക് പരിചയപ്പെടുത്താൻ പ്രത്യേക നിർവചനം ആവശ്യമില്ല. അത്രമേൽ പരിചിതവും അവരുടെ പ്രവാസ ജീവിതത്തിന്റെ ഭാഗവും ആണ് ഈ പദം. രാജ്യത്ത് നിന്ന് തൊഴില്‍ കരാര്‍ അവസാനിച്ച് പുറത്തേക്ക് പോകണെമെങ്കിൽ ഈ വിസ ആവശ്യമാണ് എന്ന് എല്ലാ പ്രവാസികൾക്കും അറിയാം. എന്നാൽ ഇതിന്റെ സൂക്ഷ്‌മമായ നിയമ നിബന്ധനകളെ കുറിച്ച് പലർക്കും അധികം അറിയില്ല. ആവശ്യങ്ങൾ വരുമ്പോൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കാനാണ് പലരും  ശ്രമിക്കുക. ഇത് സംബന്ധിച്ച് ഞങ്ങളോട് സൗദി മലയാളികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച 28  ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ താഴ കൊടുക്കുന്നു.

(ഇവിടെ നല്‍കിയിട്ടുള്ളത് ഫൈനല്‍ എക്സിറ്റ് വിസ സംബന്ധിച്ച പൊതുവായ നിയമങ്ങളും നിബന്ധനകളുമാണ്. കോവിഡ് പ്രതിസന്ധി സംബന്ധിച്ചുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.)

1. ഫൈനൽ എക്സിറ്റ് ലഭിക്കേണ്ട വിദേശ തൊഴിലാളി സൗദിക്ക് അകത്തു തന്നെ ഉണ്ടായിരിക്കണം എന്നത് നിർബന്ധമാണ്.

2. രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിന് അനുവാദം നൽകുന്ന ഈ വിസയുടെ കാലാവധി 60 ദിവസമാണ്. ഈ സമയ പരിധിക്കകം രജ്യത്തിന് പുറത്ത് പോകണം എന്നത് നിർബന്ധമാണ്.

3. നിശ്ചിത സമയ പരിധിക്കുള്ളിൽ രാജ്യത്ത് നിന്നും പുറത്ത് പോകാൻ സാധിക്കുന്നില്ലെങ്കിൽ ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കണം. ഈ വിസ റദ്ദാക്കാനും പുതിയ വിസ ഇഷ്യൂ ചെയ്യാനും ആയിരം റിയാൽ ഈടാക്കും.

4. ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ ഇഖാമയിൽ കാലാവധി ആവശ്യമാണ്. ഇഖാമയിൽ മതിയായ കാലാവധി ഉള്ളവർക്ക് മാത്രമേ റദ്ദാക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കൂ.

5. ഇഖാമ കാലാവധി മാത്രമല്ല ഈ വിസ അനുവദിക്കാൻ പാസ്പോർട്ടിലും മതിയായ കാലാവധി ആവശ്യമാണ്. പാസ്പോർട്ട് കാലാവധി അവസാനിച്ചവർക്ക് ഫൈനൽ എക്സിറ്റ് നൽകില്ല. ഇതിനായി സമീപിക്കുന്നതിന് മുൻപായി പാസ്പോർട്ട് പുതുക്കേണ്ടതുണ്ട്.

6. വിസ അനുവദിക്കാൻ പാസ്പോർട്ടിലും മതിയായ കാലാവധി ആവശ്യമാണ് എന്ന നിബന്ധന ഗാർഹിക തൊഴിലാളികൾക്കും ബാധകമാണ്.

7. എക്സിറ്റ്, റീ എൻട്രി വിസകളുടെ വാലിഡിറ്റി അബ്ഷീർ വഴി പരിശോധിക്കാൻ സാധിക്കും. അബ്ഷീർ വഴിയോ മുഖീം വഴിയോ ഇത് റദ്ദാക്കാനും സാധിക്കും.

8. ഫൈനൽ എക്സിറ്റ് വിസ ലഭിച്ച ശേഷം ഇഖാമയുടെ കാലാവധി കണക്കാക്കാറില്ല. ഫൈനൽ എക്സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഇതിനകം രാജ്യം വിടണം. ഈ സമയ പരിധിക്കിടെ ഇഖാമ കാലാവധി അവസാനിക്കുന്നത് രാജ്യം വിടുന്നതിന് തടസ്സമല്ല.

9. ഒരിക്കൽ ഫൈനൽ എക്സിറ്റ് വിസ ലഭിച്ച ശേഷം ഇഖാമയിൽ കൂടുതൽ കാലാവധി ഉണ്ട് എന്ന കാരണം കൊണ്ട് വിദേശി 60 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങുന്നതിന് വിലക്കുണ്ട്.

10. ഫൈനൽ എക്സിറ്റ് ലഭിച്ച വിദേശ തൊഴിലാളി കാലാവധിക്കുള്ളിൽ രാജ്യം വിട്ടുവെന്ന് ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമയുടെ കർത്തവ്യമാണ്. ഫൈനൽ എക്സിറ്റ് വിസ നൽകി ഉത്തരവാദിത്വം ഒഴിയാൻ പാടില്ല.

11. ഫൈനൽ എക്സിറ്റ് നേടിയ തൊഴിലാളി ഒളിച്ചോടിയാൽ അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതും തൊഴിലുടമയുടെ നിയമ പരമായ കടമയാണ്.

12. ഫൈനൽ എക്സിറ്റ് നേടിയ തൊഴിലാളി നിശ്ചിത സമയ പരിധിക്ക് ശേഷവും എവിടെയാണ് ഉള്ളതെന്ന് സ്പോൺസർക്ക് അറിയില്ലെങ്കിൽ എക്സിറ്റ് വിസ റദ്ദാക്കി തൊഴിലാളി ഒളിച്ചോടിയതായി പരാതി നൽകി ഹുറൂബ് ആക്കുകയാണ് വേണ്ടത്.

13. രക്ഷാകർത്താവായ ഒരു വിദേശിയുടെ ഫൈനൽ എക്സിറ്റ് വിസ അയാളുടെ ആശ്രിതർക്കും ബാധകമാണ്. ആ രക്ഷാകർത്താവാണ് ആശ്രിതരുടെ സ്പോൺസർ. അതിനാൽ സ്പോൺസറായ രക്ഷാകർത്താവിന്റെ വിസ ആശ്രിതർക്കും ബാധകമാണ്. ഈ സാഹചര്യത്തിൽ ആശ്രിതർക്ക് പ്രത്യേകം ഫൈനൽ എക്സിറ്റ് ആവശ്യമില്ല.

14. രക്ഷാകർത്താവായ സ്പോൺസർ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് നൽകുന്നതോടെ റീ എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയ ആശ്രിതരുടെ വിസകൾ ഓട്ടോമാറ്റിക് ആയി ഫൈനൽ എക്സിറ്റ് ആയി മാറും.

15. ആശ്രിതർ റീ എൻട്രി വിസയിൽ സ്വദേശങ്ങളിൽ കഴിയുന്ന സന്ദർഭങ്ങളിലും അവരുടെ രക്ഷാകർത്താക്കളായ വിദേശ തൊഴിലാളിക്ക് സൗദിയിൽ ഫൈനൽ എക്സിറ്റ് നൽകുന്നതിന് സാധിക്കും. ഇതോടെ ആശ്രിതരുടെ റീ എൻട്രി വിസകൾ ഓട്ടോമാറ്റിക്കായി ഫൈനൽ എക്‌സിറ്റായി മാറും.

16. ഫൈനൽ എക്സിറ്റിന് അപേക്ഷിക്കുന്നതിന് മുൻപായി ഗാർഹിക തൊഴിലാളികൾക്ക് പാസ്പോർട്ട് പുതുക്കാൻ സാധിക്കും. പാസ്‌പോർട്ടിൽ പതിനാല് മാസത്തിൽ കുറവ് കാലാവധി ശേഷിക്കുമ്പോൾ തന്നെ ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ (ഹവിയ്യത്തു മുഖീം) പുതുക്കാവുന്നതാണ്.

17. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പാസ്‌പോർട്ടിൽ കാലാവധി ആറു മാസത്തിൽ കുറവാണെങ്കിൽ മാത്രമാണ് ഇഖാമ പുതുക്കാൻ സാധിക്കുക. ഇങ്ങിനെ ഇഖാമ പുതുക്കുന്നതിന് കാലാവധിയുള്ള വർക്ക് പെർമിറ്റും ഹെൽത്ത് ഇൻഷുറൻസ് പോളിസിയും ഉണ്ടായിരിക്കണം.

18. ആശ്രിതരുടെ ലെവി അടച്ച ശേഷം ഇഖാമ കാലാവധിക്ക് മുൻപായി ആശ്രിതർ ഫൈനൽ എക്സിറ്റിൽ പോകുകയാണെങ്കിൽ ലെവിയിൽ ബാക്കിയുള്ള തുക തിരികെ ലഭിക്കില്ല.

19. ആശ്രിതരെ ഫൈനൽ എക്സിറ്റിൽ വിട്ട ശേഷം ഇഖാമ പുതുക്കാൻ ഉദ്ദേശിക്കുന്ന വിദേശ തൊഴിലാളി ഇഖാമ കാലാവധിക്ക് മുൻപായി അവരെ നാട്ടിലേക്ക് പറഞ്ഞയക്കണം. ആശ്രിതർ ഫൈനൽ എക്സിറ്റിൽ സൗദി അറേബ്യയിൽ നിന്നും പുറത്ത് പോയാൽ മാത്രമേ വിദേശ തൊഴിലാളിയുടെ ഇഖാമ പുതുക്കാൻ സാധിക്കൂ.

20. മേൽ പറഞ്ഞ രീതിയിൽ ആശ്രിതരെ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്ന വിദേശ തൊഴിലാളി ഇഖാമ കാലാവധി അവസാനിക്കുന്നതിന് രണ്ടു മാസം മുൻപ് അവർക്ക് ഫൈനൽ എക്സിറ്റ് അടിക്കണം. ഫൈനൽ എക്സിറ്റ് അടിച്ച ശേഷം 60 ദിവസം കൂടി സൗദിയിൽ തുടരാം എന്നുള്ളത് കൊണ്ടാണ് ഈ നിബന്ധന.

21. മേൽ പറഞ്ഞ രീതിയിൽ ആശ്രിതർക്ക് ഫൈനൽ എക്സിറ്റ് അടിക്കാൻ രണ്ടു മാസം സമയം ഇല്ലെങ്കിൽ രണ്ടു മാസം പൂർത്തിയാവുന്ന രീതിയിൽ കണക്ക് കൂട്ടി അവർക്ക് ലെവി അടച്ച ശേഷമേ ഫൈനൽ എക്സിറ്റ് അടിക്കാൻ സാധിക്കൂ.

22. മേൽ പറഞ്ഞ രീതിയിൽ ലെവി അടച്ച് ഫൈനൽ എക്സിറ്റ് അടിക്കുകയും അതിന് ശേഷം അബ്ഷീർ വഴി ഫൈനൽ എക്സിറ്റ് റദ്ദ് ചെയ്താലും മുൻപ് അടച്ച ലെവി തിരികെ ലഭിക്കില്ല. എന്നാൽ ഇഖാമ പുതുക്കുന്ന സമയത്തെ ലെവിയിൽ ഇത് ഉൾപ്പെടുത്താൻ സാധിക്കും.

23. ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്ന സമയത്ത് വിദേശ തൊഴിലാളിയുടെ പേരിൽ കാലാവധിയുള്ള മറ്റൊരു വിസ ഉണ്ടാവാൻ പാടില്ല.

24. ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് മുൻപായി തന്നെ വിദേശ തൊഴിലാളിയുടെ പേരിൽ ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ മുഴുവൻ പിഴകളും അടച്ചു തീർക്കേണ്ടത് നിർബന്ധമാണ്.

25. ഫൈനൽ എക്സിറ്റ് ലഭിക്കേണ്ട വിദേശ തൊഴിലാളിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനം സിസ്റ്റത്തിൽ ഉണ്ടായിരിക്കാൻ പാടില്ല.

26. അവധിയില്‍ ഉള്ള ഒരു വിദേശിയുടെ റീ എന്‍ട്രി വിസ ഫൈനല്‍ എക്സിറ്റ് വിസ ആക്കി മാറ്റാന്‍ സാധിക്കില്ല.

27. ഫാമിലിയെ ഫൈനല്‍ എക്‌സിറ്റ് വിസയിൽ ഒരിക്കൽ സൗദിയില്‍ നിന്നും അയച്ചാൽ പിന്നീട് 60 ദിവസത്തിനകം അത് റദ്ദാക്കിയാലും ഫാമിലി വിസ നിലനിർത്താൻ സാധിക്കില്ല. ഒരിക്കൽ എക്സിറ്റിൽ പോയിക്കഴിഞ്ഞാല്‍ പുതിയ വിസ നിര്‍ബന്ധമായിരിക്കും.

28. ഫാമിലി എക്സിറ്റ് വിസയിൽ സൗദിയില്‍ നിന്നും യാത്ര ചെയ്തില്ലെങ്കില്‍ 60 ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് വിസ റദ്ദാക്കാന്‍ സാധിക്കുന്നതാണ്. ഈ അവസരത്തില്‍ ഫാമിലി വിസ നില നില്‍ക്കും.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

Continue Reading

LATEST

സല്‍മാന്‍ രാജാവിന്റെ ഉത്തരവ്: ഇഖാമ ഇത് വരെ പുതുക്കി ലഭിക്കാത്തവര്‍ക്ക്‌ ആശങ്ക വേണ്ട

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം വിലക്കുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇതുവരെ ഇഖാമ പുതുക്കി ലഭിച്ചില്ലെന്ന ആശങ്കയുമായി നിരവധി പ്രവാസികള്‍. ഇന്ന് (ജൂലൈ 31 ന്) ഇഖാമ കാലാവധി കഴിയുന്ന പ്രവാസികളാണ് ആശങ്കയിലായിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളിലൂടെയും സൗദിയിലെ യാത്ര പ്രതിസന്ധി മൂലം പ്രവാസി സമൂഹം ഉണ്ടാക്കിയിട്ടുള്ള അനേകം വാട്ട്സ്ആപ് ഗ്രൂപ്പുകളില്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. സല്‍മാന്‍ രാജാവ് ഉത്തരവിട്ട പ്രകാരം ഇഖാമ പുതുക്കി കിട്ടിയോ എന്ന ചോദ്യങ്ങളുടെ ആധിക്യമാണ് ഈ ഗ്രൂപ്പുകളില്‍.

രാജ്യത്തെ വിദേശികളുടെ ഇഖാമകള്‍ പുതുക്കി നല്‍കാന്‍ ഉത്തരവിട്ടിരിക്കുന്നത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ്. അതിനാല്‍ അതില്‍ യാതൊരു തരത്തിലുമുള്ള ആശങ്കയും ഉണ്ടാവേണ്ടതില്ല. രാജകല്‍പ്പന മൂലം പുതുക്കുന്ന ഇഖാമകള്‍ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി (എന്‍.ഐ.സി) സഹകരിച്ചാണ് ജവാസാത്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഇത് ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കും. ഓട്ടോമാറ്റിക് രീതിയിലാണ് ദീർഘിപ്പിച്ചു നൽകുക എന്നതിനാല്‍ ഇതിനായി വിദേശികളുടെ സ്പോണ്‍സര്‍മാര്‍ ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ല.

കാലാവധി തീരുന്ന മുറക്ക് ഇഖാമ പുതുക്കും. അതിന് ശേഷം ഗുണഭോക്താവിന് ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. പുതുക്കിയതായി സന്ദേശം കിട്ടാത്തവര്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കുകള്‍ വഴി ഉറപ്പ് വരുത്താനാകും.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലായളവില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പരിശോധിച്ചാല്‍ ഓഗസ്റ്റ് 31 വരെ പുതുക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇതുവരെ പുതുക്കിയിട്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പുതുക്കിയയതായി സന്ദേശം ലഭിക്കും.

രാജകല്‍പ്പന പ്രകാരം സൗജന്യമായാണ് പുതുക്കല്‍ നടക്കുക. സൗദി ധനമന്ത്രാലയമാണ് ഇതിനാവശ്യമായ ചെലവുകള്‍ വഹിക്കുക.

https://www.mol.gov.sa/IndividualUser/BasicInfo.aspx എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് ഇഖാമ നമ്പരും ജനന തിയതിയും നല്‍കി വെരിഫിക്കേഷൻ നമ്പരുകള്‍ നല്‍കിയാല്‍ ഇഖാമ കാലാവധി കാണാൻ സാധിക്കും. അത് പോലെ തന്നെ മുഖീം വെബ്‌സൈറ്റിൽ https://muqeem.sa/#/visa-validity/check എന്ന ലിങ്ക് വഴി പ്രവേശിച്ച് ഇഖാമ നമ്പരോ റി എൻട്രി വിസ നമ്പരോ ഉപയോഗിച്ച് റി എൻട്രി വിസ കാലാവധി പരിശോധിക്കാന്‍ സാധിക്കും.

കഴിഞ്ഞ തവണയും സമാനമായ സംശയം പലര്‍ക്കും ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലും സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ ജൂലൈ 31 വരെ ദീർഘിപ്പിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. ഗുണഭോക്താക്കൾക്കു മേലുള്ള സാമ്പത്തിക, ധന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനായി ഫീസുകളും ലെവിയും കൂടാതെ പുതുക്കി കൊടുക്കാനായിരുന്നു ഉത്തരവ്.

ആശങ്കയിലായിരിക്കുന്ന പലരുടെയും ഇഖാമ ഇന്ന് അവസാനിക്കുകയാണ്. ഇഖാമ കാലാവധി അവസാനിച്ച് മൂന്നു ദിവസം കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ പിഴ ഇടാക്കുമെന്ന് കഴിഞ്ഞ ദിവസം ജവാസാത്ത് ഇതു സംബന്ധിച്ച് ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയിയായി വ്യക്തമാക്കിയതോടെയാണ് പലര്‍ക്കും ആശങ്ക തുടങ്ങിയത്. ഇഖാമ കാലാവധി അവസാനിച്ചാൽ എന്നു മുതലാണ് പിഴ ഈടാക്കി തുടങ്ങുക എന്ന ചോദ്യത്തിനാണ് മൂന്നു ദിവസത്തിന് ശേഷം പിഴ ഈടാക്കുമെന്ന് ജവാസാത്ത് ട്വീറ്റിലൂടെ പ്രതികരിച്ചത്.

തൊഴിലാളി നാട്ടിലാണെങ്കിലും സ്പോണ്‍സര്‍ മുഖേന ഇഖാമയും റീ എന്‍ട്രിയും പുതുക്കാന്‍ സാധിക്കുമെങ്കിലും വന്‍തുക ലെവി അടക്കേണ്ടി വരുന്നത് മൂലം സാമ്പത്തിക പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായാണ് സല്‍മാന്‍ രാജാവിന്റെ കാരുണ്യം എത്തിയത്.

Continue Reading

LATEST

ഹുറൂബ് – സൗദിയിലെ വിദേശ തൊഴിലാളികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

Published

on

മലപ്പുറം സ്വദേശി ഹമീദ് പത്തു വര്‍ഷം ജിദ്ദയില്‍ മാന്‍പവര്‍ സ്ഥാപനത്തിലെ സൂപ്പര്‍വൈസറായിരുന്നു. രണ്ടു പെണ്മക്കളാണ് ഹമീദിന്. മൂത്ത മകളെ കെട്ടിച്ചു. രണ്ടാമത്തെ മകളുടെ വിവാഹത്തിന് ശേഷം നാട്ടില്‍ ഒരു ചെറിയ എന്തെങ്കിലും ബിസിനസുമായി കൂടാം എന്നായിരുന്നു ഹമീദിന്‍റെ പദ്ധതി. പിരിഞ്ഞു പോകുമ്പോള്‍ കിട്ടുന്ന പത്തു വര്‍ഷത്തെ സേവനാനന്തര ആനുകൂല്യമായ-ഇ.എസ്.ബി- ആയിരുന്നു ഇതിനുള്ള മൂലധനമായി ഹമീദ് മനസ്സില്‍ കണ്ടത്. മകളുടെ വിവാഹം ഉറപ്പിച്ച ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന തിയ്യതിയും സ്പോണ്‍സറോട് പറഞ്ഞു വെച്ചു. സ്പോന്സറുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഫൈനല്‍ എക്സിറ്റ് നല്‍കാം, ഇ.എസ്.ബി ആയി ഒന്നും തരാന്‍ സാധിക്കില്ല. അതുമായി പോയ്ക്കൊളണം. ഇല്ലെങ്കില്‍ ഹുറൂബ് ആക്കി കളയും. വെറും കയ്യോടെയാണ് ഹമീദിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.

കൊല്ലം സ്വദേശി ബാല എന്ന് വിളിക്കുന്ന ബാലകൃഷണനും സമാനമായ അനുഭവമാണ് ഉണ്ടായത്. പതിനെട്ടു വര്‍ഷമാണ്‌ ബാല ജുബൈലിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തത്. ജോലി ചെയ്തു എന്ന് പറഞ്ഞാല്‍ പോരാ, ബാലയാണ് ആ കമ്പനി ഇന്നത്തെ നിലയില്‍ ആക്കിയതും. സൗദിയില്‍ തന്നെ മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ അയാള്‍ അറിയാതെ കോഴിക്കോട്ടുകാരനായ മെഹബൂബ് തുടങ്ങി വെച്ച സ്ഥാപനമായിരുന്നു അത്. ചെറിയ രീതിയില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിനായി ബാലയെ നാട്ടില്‍ നിന്നും കൊണ്ട് വന്നു. മെഹബൂബിനു പുതിയ സ്ഥാപനത്തിന്റെ സ്പോണ്‍സറുടെ കീഴിലേക്ക് പഴയ സ്പോണ്സര്‍ തനാസില്‍ നല്‍കാത്തതിനാല്‍ രണ്ടു വര്‍ഷത്തോളം നാട്ടില്‍ നില്‍ക്കേണ്ടി വന്നപ്പോഴും ബാലയാണ് സ്ഥാപനം നോക്കി നടത്തിയിരുന്നത്.

പുതിയ വിസയില്‍ മെഹബൂബ് തിരിച്ചു വന്നപ്പോഴും 18 വര്‍ഷം ബാല മെഹബൂബിന്റെ നിഴലായി നിന്നും. കമ്പനി ഉയരങ്ങളില്‍ എത്തിയപ്പോഴും ബാല മെഹബൂബിനെ വിട്ടു പോയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രായാധിക്യം മൂലം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ബാലയെ പക്ഷെ മെഹബൂബ് ചതിച്ചു. വലിയൊരു തുക ബാലക്ക് ഇ.എസ്.ബി ആയി നല്‍കേണ്ടി വരുമെന്ന് മനസ്സിലാക്കിയ മെഹബൂബ് ബാല ഫൈനല്‍ എക്സിറ്റില്‍ പോകുന്നതിന് മൂന്ന് ദിവസം മുന്‍പ് ബാലയെ വെറും കയ്യോടെ പറഞ്ഞയക്കാന്‍ സ്പോണ്‍സറെ ചട്ടം കെട്ടി ബാലക്കുള്ള ടിക്കറ്റും പാസ്പോര്‍ട്ടും ഏല്‍പ്പിച്ച് ബഹറിനിലേക്ക് സ്ഥലം വിട്ടു. തര്‍ക്കിക്കാന്‍ നിന്നാല്‍ ഹുറൂബ് ആക്കുമെന്നയിരുന്നു സ്പോണ്‍സറുടെ ഭീഷണി. ബാലക്കും നാട്ടിലേക്ക് മടങ്ങിയത് വെറും കയ്യോടെ ആയിരുന്നു.

സൗദി പ്രവാസികളുടെ കണ്ണീർ പുരണ്ട അനുഭവങ്ങളില്‍ പ്രഥമ സ്ഥാനം ഹുറൂബിന്

എഴുപതുകളോടെ ആരംഭിച്ച പ്രവാസ ചരിത്രം സൗദിയിലെ മലയാളിക്ക് സമ്മാനിച്ച ഓര്‍മകള്‍ക്കൊപ്പം തന്നെ അവരില്‍ ചിലര്‍ക്ക് സമ്മാനിച്ച കണ്ണീർ പുരണ്ട അനുഭവങ്ങളില്‍ പ്രഥമ സ്ഥാനം ഹുറൂബിനായിരിക്കുമെന്നത് തീർച്ചയാണ്. എത്രയോ മലയാളി മക്കളുടെ ദുരിത ജീവിതങ്ങള്‍ ഈ കെണിയില്‍പ്പെട്ടു ദുരിത പൂര്‍ണ്ണമായിരിക്കുന്നു.

അന്നം തേടിയുള്ള യാത്രക്കിടയില്‍ സ്വപ്‌നങ്ങള്‍ മാത്രം ബാക്കിയാക്കി പരാജയപ്പെട്ട മനസ്സുമായി പ്രതീക്ഷകള്‍ വിളയുന്ന ഈ മണ്ണില്‍ നാടിനും കുടുംബത്തിനും വേണ്ടി ജീവിച്ചു സ്വയം ജീവിക്കാന്‍ മറന്നു പോയി കടന്നു പോയവര്‍ നിരവധി. നെഞ്ചില്‍ കനലുമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഇപ്പോഴും ഹുറൂബിന്റെ ഇരകളായി ഇപ്പോഴും കഴിയുന്ന വ്യക്തികളും കുടുംബങ്ങളും നിരവധി.

‘ഒളിച്ചോടിയവന്‍’ എന്നതിന്റെ അറബി വാക്കാണ്‌ ‘ഹുറൂബ്’. (2012 ൽ ‘ഹുറൂബ്’ എന്നതിന് പകരം ‘തൊഴിലാളി അപ്രത്യക്ഷനായി’ എന്നര്‍ത്ഥം വരുന്ന ‘മുതഗയ്യിബൂന്‍ അനില്‍ അമല്‍’ എന്ന പദം ഉപയോഗിക്കാൻ മനുഷ്യാവകാശ കമ്മീഷന്‍ ജവാസാതിനോട് നിർദ്ദേശിച്ചിരുന്നു.)

വിദേശ തൊഴിലാളിയെ ഹുറൂബ് ആക്കുന്നത് എന്തിന്?

നിയമലംഘകരും കുറ്റവാളികളുമായ വിദേശ തൊഴിലാളികളുടെ ചെയ്തികളില്‍ നിന്ന് സ്വദേശി പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് തന്റെ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിയാല്‍ അയാളെ നിയമത്തിനു മുന്നില്‍ ‘’പ്രഖ്യാപിത ഒളിച്ചോട്ടക്കാരനായി’’ ചിത്രീകരിക്കുവാന്‍ സൗദി ഗവര്‍മെന്റ് തങ്ങളുടെ പൗരന്മാർക്ക് നല്‍കിയിട്ടുള്ള ഒരു വിശേഷ അധികാരമാണ് ഹുറൂബ്. തന്റെ കീഴിലുള്ള തൊഴിലാളി താനറിയാതെ ഓടിപ്പോയതായും പ്രസ്തുത തൊഴിലാളിയുടെ മേലും അയാളുടെ ചെയ്തികള്‍ക്കും തനിക്ക് യാതൊരു ഉത്തരവാദിത്വവും ഭാവിയില്‍ ഉണടായിരിക്കില്ല എന്നും രേഖാ മൂലം അധികൃതരെ അറിയിക്കുന്ന പ്രക്രിയയാണ് ഹുറൂബ്.

ഒരു തൊഴിലാളി നിശ്ചിത കാലയളവില്‍ തന്റെ സ്പോൺസറുമായി ബന്ധം പുലര്‍ത്താതെ വന്നാല്‍ ഭാവിയിലുണ്ടാകുന്ന ദോഷഫലങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അയാളെ സംബന്ധിച്ചുള്ള രേഖകളുമായി സ്പോൺസർ അധികൃതര്‍ക്ക്‌ മുന്നില്‍ ഹാജരായി പ്രസ്തുത വിവരം റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ രേഖകള്‍ പരിശോധിച്ച ശേഷം അയാളുടെ ഇഖാമ നമ്പരും, പാസ്സ്പോര്‍ട്ട് വിവരങ്ങളും അവരുടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രസ്തുത തൊഴിലാളിയെ ഔദ്യോഗികമായി ഒളിച്ചോട്ടക്കാരനായി (ഹുറൂബ്) പ്രഖ്യാപിക്കുന്നു. ഇതാണ് ഹുറൂബിനെ സംബന്ധിച്ച മൊത്തത്തിലുള്ള നടപടിക്രമമെങ്കിലും ഇപ്പോൾ ഓൺലൈനായും ചെയ്യുന്നു.

ഉത്തരവാദി സ്പോണ്‍സര്‍

സൗദിയിലെ നിയമമനുസരിച്ച് ഒരു തൊഴിലാളിയെ ഇവിടെ എത്തിച്ചാല്‍ പിന്നീട് അയാളെ സംബന്ധിച്ച മുഴുവന്‍ ഉത്തരവാദിത്വവും സ്പോൺസർക്ക് തന്നെയാണ്. പ്രസ്തുത തൊഴിലാളിയുടെ മുഴുവന്‍ ചെയ്തികള്‍ക്കും സ്പോണ്സര്‍ തന്നെ ഉത്തരം പറയേണ്ടി വരും. അതിനാല്‍ ഒരു നിശ്ചിത കാലയളവിനു ശേഷവും ഒരു തൊഴിലാളി തന്റെ സ്പോൺസറുമായി ബന്ധം പുലര്‍ത്താതെയോ, ജോലിക്ക് ഹാജരാവാതിരിക്കുകയോ, കാണാതാവുകയോ ചെയ്‌താല്‍ അതിനെ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരം നല്‍കണം എന്നത് സൗദി നിയമ പ്രകാരം നിര്‍ബന്ധമായ ഒന്നാണ്.

അല്ലാത്ത പക്ഷം അയാള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് സ്പോണ്‍സര്‍ കൂടി ഉത്തരവാദിയാകുന്നു. അയാള്‍ക്ക്‌ പ്രസ്തുത കാര്യം റിപ്പോര്‍ട്ട്‌ ചെയ്യാത്തതിനുള്ള ശിക്ഷയും ലഭിക്കും. തന്റെ കീഴിലുള്ള ഒരു തൊഴിലാളിയെ കാണാതായാല്‍ സ്പോണ്‍സര്‍ ഉടനെ തന്നെ ആ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണമെന്നു നിയമം നിഷ്കര്‍ഷിക്കുന്നു. അല്ലാത്ത പക്ഷം അയാൾക്ക് എതിരായി കർശനമായ നിയമനടപടികൾ ഉണ്ടാവും.

ഹുറൂബുമായി ബന്ധപ്പെട്ട പരാതികളും ഹുറൂബ് റദ്ദാക്കുന്നതിനുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അപേക്ഷകളും വന്‍തോതില്‍ വര്‍ധിച്ചത് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ദയില്‍ പെട്ടിരുന്നു. മിക്ക ഹുറൂബുകളും സ്‌പോൺസർമാർ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്തതാണ്‌ എന്നായിരുന്നു ഇതിനെക്കുറിച്ച് പഠനം നടത്തിയ സൗദി മനുഷ്യാവകാശ സംഘടനയുടെ പോലും കണ്ടെത്തല്‍.

സ്പോണ്‍സര്‍ കനിയണം

സൗദി അറേബ്യയിലെ തൊഴില്‍ മേഖലയെ സംബന്ധിച്ചിടത്തോളം തൊഴില്‍ വിസയില്‍ വിദേശ തൊഴിലാളിയെ കൊണ്ട് വരുന്ന ഒരു സ്പോൺസർക്ക് തന്റെ തൊഴിലാളിയുടെ മേല്‍ പരമാധികാരമാണുള്ളത്. തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റും ഇഖാമയും തുടങ്ങി എല്ലാ നിയമപരമായ രേഖകള്‍ക്കും കാര്യങ്ങള്‍ക്കും സ്പോൺസർ കനിയണം.

സ്പോൺസറുടെ അനുമതിയും സമ്മതപത്രവും ഉണ്ടെങ്കില്‍ മാത്രമേ എല്ലാം സാധിക്കൂ. തൊഴിലാളിക്ക് മാതൃരാജ്യത്തേക്ക് പോകേണ്ടി വന്നാല്‍, ആധികാരികമായി രാജ്യം വിടാനുള്ള എക്സിറ്റ്‌/റീഎന്‍ട്രി രേഖകള്‍ക്കും സ്പോൺസറുടെ അനുമതി നിര്‍ബന്ധമാണ്. (കഴിഞ്ഞ മാര്‍ച്ചില്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ നിബന്ധനകള്‍ക്ക് വിധേയമായി സ്പോസര്‍ഷിപ്പ് മാറ്റം, ഫൈനല്‍ എക്സിറ്റ്, റീ എന്‍ട്രി എന്നിവക്ക് അനുമതി ഉണ്ടെങ്കിലും പ്രായോഗിക തലത്തില്‍ അതിന്റെ ഗുണ ഫലങ്ങള്‍ വ്യക്തമാവണമെങ്കില്‍ ഇനിയും മാസങ്ങള്‍ കഴിയണം)

മാത്രമല്ല സൗദി നിയമ പ്രകാരം നിയമ വിരുദ്ധമാണെങ്കിലും ഭൂരിഭാഗം തൊഴിലാളികളുടെയും പാസ്പോര്‍ട്ടിന്റെ അനൗദ്യോഗിക സൂക്ഷിപ്പുകാരന്‍ മിക്കവാറും സ്പോൺസർ ആയിരിക്കും. സൗദിനിയമങ്ങളില്‍ പ്രത്യേകിച്ച് തൊഴില്‍ നിയമത്തില്‍ നല്‍കിയിട്ടുള്ള ഒരുപാട് തൊഴിലാളി അനുകൂല നിലപാടുകള്‍ തനിക്കനുകൂലമാക്കി മാറ്റുന്നതില്‍ നിന്നും മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന തൊഴിലുടമയോടുള്ള വിധേയത്വം അവനെ വിലക്കുന്നു.

എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും എല്ലാം സഹിച്ചു തന്റെ കണ്ണീരും വിയര്‍പ്പും നല്‍കി ഇവിടെ തുടരാനും ഒരുവേള ആടുജീവിതം നയിക്കാനും ഗള്‍ഫ്‌ ജീവിതം നെഞ്ചോട്‌ ചേര്‍ത്ത പ്രവാസികളെ പ്രേരിപ്പിക്കുന്നതും ഈ ഘടകങ്ങള്‍ തന്നെയാണ്.

ഹുറൂബ് ആകുന്നവരില്‍ നാല് വിഭാഗങ്ങള്‍

ഹുറൂബ് ആകുന്നവരില്‍ നാല് വിഭാഗങ്ങള്‍ ഉണ്ട്. ന്യായമായ സേവന വേതന ആനുകൂല്യങ്ങള്‍ സ്പോൺസറാൽ നിഷേധിക്കപ്പെടുമ്പോള്‍ അതിനെതിരെ തൊഴില്‍ കോടതിയെ സമീപിക്കുന്നതോടെ പ്രതികാര നടപടിയായി സ്പോണ്സര്‍ ഹുറൂബ് ആക്കുന്ന തൊഴിലാളികള്‍ ആണ് ആദ്യത്തെ വിഭാഗത്തില്‍ പെടുന്നവര്‍. കോടതിയില്‍ കേസ് നല്‍കി അതില്‍ തൊഴിലാളിക്ക് അനുകൂല തീര്‍പ്പുണ്ടായാലും പ്രതികാര നടപടിയായി ചില സ്‌പോണ്‍സര്‍മാര്‍ ‘ഹുറൂബ്’ ആക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മറ്റു പല കാരണങ്ങളാലും സ്പോൺസറുമായി ബന്ധപ്പെടാന്‍ കഴിയാതെയോ സ്പോൺസറുടെ പക്കല്‍ നിന്ന് ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെയോ വരുമ്പോള്‍ അതിനെതിരെ തൊഴില്‍ കോടതിയെ സമീപിക്കാതെ ഒളിച്ചോടുന്ന വിഭാഗക്കാരാണ് രണ്ടാമത്തെ വിഭാഗം. സ്പോന്സരുടെ കീഴില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഹുറൂബാക്കപ്പെടുന്നവരാന് മൂന്നാമത്തെ വിഭാഗം. വിസ കച്ചവടത്തിന് വേണ്ടി ഹുറൂബ് ആക്കപ്പെടുന്നവരാന് നാലാമത്തെ വിഭാഗം.

ഹുറൂബ് ആക്കപ്പെടുന്ന സാഹചര്യങ്ങള്‍

സാഹചര്യങ്ങളാണ് ആദ്യ രണ്ടു വിഭാഗങ്ങളിലും തൊഴിലാളിയെ ഇതിനു പ്രേരിപ്പിക്കുന്നത് എങ്കിലും യാതൊരു ന്യായീകരണവുമില്ലാത്ത കടുത്ത മനുഷ്യാവകാശ ലംഘനമാന് ഹുറൂബ് ആക്കുന്നതിലൂടെ ഈ നാല് വിഭാഗത്തിലും ഉള്‍ക്കൊള്ളുന്നത്. സ്പോൺസറുടെ അറിവോടെ പുറത്തു ജോലി ചെയ്യുന്നവരാണെങ്കിലും സ്പോൺസർ നിഷ്കര്‍ഷിച്ചിട്ടുള്ള കൃത്യമായ ഇടവേളകളില്‍ കൃത്യമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ അവരെ ഹുറൂബ് ആക്കുന്ന സ്പോൺസർമാരുണ്ട്.

സ്പോൺസർമാരുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ (പ്രതിമാസ ഫീസ്‌ കൂട്ടി ചോദിക്കല്‍ തുടങ്ങിയവ) ഒഴിവാക്കാനായിയിരിക്കും ഇവര്‍ മിക്കവാറും ബന്ധപ്പെടാതിരിക്കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് എജെന്റുമായി മാത്രം ബന്ധപ്പെട്ട് സ്പോണ്സറെ ഒരിക്കല്‍ പോലും ബന്ധപ്പെടാതിരുന്നവരെ അതേ കാരണം കൊണ്ട് തന്നെ ഹുറൂബാക്കിയ സ്പോൺസർമാരും ഉണ്ട്. പലരും തങ്ങളുടെ നിയമപരമായ കാര്യങ്ങള്‍ അതായത് ഇഖാമ പുതുക്കല്‍ തുടങ്ങിയവ ഏജന്റുമാര്‍ മുഖേന ചെയ്യിക്കും. പ്രസ്തുത ഏജന്റു പറ്റിക്കുമ്പോഴോ, സ്പോൺസറുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടതാത്താതാവുമ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു ഹുറൂബ് ആക്കപ്പെടുന്നവരും കുറവല്ല.

ഹുറൂബ് ആകുന്നവരില്‍ 90 ശതമാനവും നിയമവിരുദ്ധമായ ഫ്രീലാൻസർ പോലെ ജോലി ചെയ്യുന്ന സാധാരണക്കാര്‍ ആണ്. ഹുറൂബ്‌ ആക്കപ്പെടുന്നവരില്‍ ഉന്നത പദവികളിലുള്ള 10 ശതമാനം പേരും ഉള്‍പ്പെടുന്നുവെന്നത് അതിലേറെ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുതയാണ്. ഹുറൂബിന്റെ മറ്റൊരു കാരണക്കാര്‍ അനധികൃത വിസാ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മദ്ധ്യവർത്തികളും ഏജന്റുമാരുമാണ്.

സൗദിയിലെ മാന്‍പവര്‍ കമ്പനിക്കാരുടെ അമിത ലാഭത്തിതിനുള്ള ആര്‍ത്തിയില്‍ കുടുങ്ങി ഹുറൂബായ പ്രവാസികളും കുറവല്ല. സൗദിയിലെ വിവിധ വ്യവസായങ്ങള്‍ക്കും കമ്പനികള്‍ക്കും ആവശ്യമായ തൊഴിലാളികളെ കരാടിസ്ഥാനത്തില്‍ എത്തിച്ചു കൊടുക്കുന്നവരാണ് ഇവിടുത്തെ മാന്‍പവര്‍ സപ്ലൈ കമ്പനികള്‍. കമ്പനികളില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ല ഒരു ഭാഗമെടുത്ത് ബാക്കി തൊഴിലാളിയുടെ ശമ്പളമായി കണക്കാക്കി നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാട് മാന്‍പവര്‍ കമ്പനികള്‍ സൗദിയിലുണ്ട്. അതേ സമയം തന്നെ തൊഴിലാളികളെ വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ചില പ്രാദേശിക ഏജന്‍സികളാണ് ഇവര്‍ക്ക് അപവാദമാവുന്നത്.

പല വ്യാജ വാഗ്ദാനങ്ങളും നല്‍കി നാട്ടില്‍ നിന്നും ആളുകളെ കൊണ്ടുവരുന്ന ഏജന്‍സികള്‍ ഇത് പാലിക്കാറില്ല എന്ന് മാത്രമല്ല ഉള്ള ശമ്പളം കൂടി നല്‍കാറില്ല. പല ഏജന്‍സികളും ഒന്നോ രണ്ടോ മാസത്തെ ശമ്പളം കുടിശ്ശികയായി വാങ്ങി വെച്ചിട്ടുണ്ടാകും. സേവന വേതന വ്യവസ്തകളെക്കുറിച്ചു എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ആ പണം പോലും നല്‍കാതെ സ്പോൺസറിൽ സമ്മര്‍ദ്ദം ചെലുത്തി ആ തൊഴിലാളിയെ ഹുറൂബ് ആക്കുന്നു.

നിരവധി സ്വദേശികള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന വിദേശ ജോലിക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ഇഖാമയും വര്‍ക്ക്‌ പെര്‍മിറ്റും എടുത്ത ശേഷം പിന്നീട് അവര്‍ ഓടിപ്പോയെന്നു വ്യാജ പരാതി നല്‍കി അവരെ ഹുറൂബ്‌ ആക്കുകയും പിന്നീട് ആ രേഖകള്‍ ഉപയോഗിച്ച് പുതിയ വിസ കരസ്ഥമാക്കുകയും അവ വില്‍പ്പന നടത്തുയോ റിക്രൂട്ട്മെന്റ് നടത്തുകയോ ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം മുന്‍പ് ഹുറൂബ്‌ ആക്കിയ തൊഴിലാളിയുടെ ഇഖാമ പുതുക്കേണ്ട സമയമാവുമ്പോള്‍ അയാളെയും കൂട്ടി അധികൃതരുടെ അടുത്ത് പോയി ഹുറൂബ്‌ നീക്കാനുള്ള അപേക്ഷ നല്‍കി ഹുറൂബ്‌ മാറ്റിയെടുക്കുകയും ചെയ്തിരുന്നു.

സൗദി തൊഴില്‍ നിയമത്തിലെ 74 മുതല്‍ 83 വരെയുള്ള വകുപ്പുകള്‍ തൊഴില്‍ കരാറിന്റെ റദ്ദാക്കലിനെ സംബന്ധിച്ചുള്ളതാണ്.ഇതില്‍ അഞ്ചാം അധ്യായത്തില്‍ മൂന്നാം ഭാഗത്തില്‍ വകുപ്പ് 80 പ്രകാരം ഒരു തൊഴിലുടമക്ക് തൊഴിലാളിയെ പിരിച്ചു വിടാന്‍ ആവശ്യമായ ഒന്‍പതു കാരണങ്ങള്‍ പറഞ്ഞിരിക്കുന്നു. സാധാരണ ഗതിയില്‍ നിയമപ്രകാരം ഒരു തോഴിലാളിയുടെ തൊഴില്‍ കരാര്‍ റദ്ദാക്കണമെങ്കില്‍ അതിനുള്ള കാരണങ്ങളും റദ്ദാക്കുന്നതിനു മുൻ‌കൂർ മുന്‍പുള്ള നോട്ടീസും തുടങ്ങിയ നടപടി ക്രമങ്ങള്‍ സ്പോണ്സര്‍ പാലിക്കേണ്ടതുണ്ട്.

എങ്കില്‍ തന്നെയും ഈ വകുപ്പ് പ്രകാരം പിരിച്ചു വിടൽ ഉണ്ടാവുകയാണെങ്കിൽ തൊഴിലാളിക്ക് തന്റെ ഭാഗം വിശദീകരിക്കുന്നതിനുള്ള അവസരം നല്‍കേണ്ടി വരുന്നു. അതുപോലെ പിരിച്ചുവിടല്‍ അന്യായമെങ്കിൽ തൊഴിലാളി തൊഴില്‍ കോടതിയെ സമീപിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഈ നടപടി ക്രമങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ഒരു ഉപാധിയായിട്ടാണ് മിക്ക സ്പോണ്‍സര്‍മാരും ഹുറൂബിനെ ഉപയോഗിക്കുന്നത്.

ഹുറൂബ് ആക്കപ്പെടുമ്പോള്‍ നരക തുല്യമാകുന്ന പ്രവാസ ജീവിതം

തൊഴിലാളിയെ ഹുറൂബ് ആക്കുമ്പോള്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കല്‍, മുന്‍കൂര്‍ നോട്ടീസ്‌ നല്‍കല്‍, തൊഴിലാളിയുടെ വിശദീകരണം കേള്‍ക്കല്‍ എന്നീ ബാധ്യതകളില്‍ നിന്നെല്ലാം തൊഴിലുടമ മുക്തനാവുന്നു. ഹുറൂബ് ആക്കുന്നതോട് കൂടി തൊഴില്‍ കരാര്‍ റദ്ദാവുന്നു എന്ന് മാത്രമല്ല തൊഴിലാളിക്ക് നിയമപരമായ മറ്റു അവകാശങ്ങളെല്ലാം നഷ്ടമാവുകയും അത് പുനസ്ഥാപിക്കുന്നതിനു ശ്രമകരങ്ങളായ നടപടി ക്രമങ്ങളിലൂടെ കടന്നു പോകേണ്ടാതായും വരുന്നു. അത് പോലെ തന്നെ തൊഴിലാളിക്ക് നിയമപ്രകാരം നല്‍കേണ്ട എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ നിന്നും സ്പോൺസർ രക്ഷപ്പെടുകയും ചെയ്യുന്നു. അയാള്‍ക്ക്‌ പ്രസ്തുത തൊഴിലാളിയെ നാട്ടിലെത്തിക്കുന്നതിനാവശ്യമായമായ വിമാന ടിക്കറ്റ് പോലും നല്‍കേണ്ടി വരുന്നില്ല.

ഹുറൂബ് ആയി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനിരയായ ആളുടെ ജീവിതം ചിന്തിക്കാന്‍ കഴിയാത്തത്ര നരകതുല്യമായി മാറുന്നു. അയാള്‍ക്ക്‌ ഈ രാജ്യത്തു നിയമപരമായി താമസിക്കാനുള്ള അവകാശം റദ്ദാവുകയും അനധികൃത താമസക്കാരനായി മാറുകയും ചെയ്യുന്നു. ഔദ്യോഗിക അനുമതി ഇല്ലാത്തതിനാല്‍ പിന്നീട് ഇവിടെ താമസിക്കുന്ന പ്രവാസികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സൗകര്യങ്ങളും അയാള്‍ക്ക്‌ നിഷേധിക്കപ്പെടുന്നു. ആശുപത്രിയില്‍ ചികില്‍സ തേടാനോ തൊഴിലെടുക്കാണോ യാത്ര ചെയ്യാനോ രാജ്യത്തിന് പുറത്തു പോകാനോ സാധിക്കാതെ വരുന്നു.

ഇത്തരം അനധികൃത ജോലിക്കാരെ പിന്നീട് ജോലിക്ക് വെക്കുന്നവര്‍, വാഹനത്തില്‍ കൊണ്ട് പോകുന്നവര്‍ എന്നിവര്‍ക്കും ശിക്ഷ ലഭിക്കും. തൊഴിലാളി എന്ന നിലയിലും താമസക്കാരന്‍ എന്ന നിലയിലുമുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നതോടെ പിന്നീട് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളിലൂടെ നാടുകടത്തല്‍ കേന്ദ്രമായ ‘തര്‍ഹീലി’ലൂടെ മാത്രം നാട്ടില്‍ പോകാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാകുന്നു.

ഒരിക്കല്‍ ഹുറൂബ് ആയി തര്‍ഹീല്‍ വഴി രാജ്യത്തു നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് സൗദിയിലേക്ക് പുതിയ വിസയിൽ വരികയാണെങ്കിലും വിരലടയാളം പരിശോധിക്കുന്ന സമയത്ത് അയാളെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും കമ്പ്യൂട്ടറില്‍ തെളിഞ്ഞു വരും. ഹുറൂബായി തര്‍ഹീല്‍ വഴി നാട്ടിലെത്തുന്ന പ്രവാസികള്‍ മറ്റു വിസയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടും. സാധാരണഗതിയില്‍ ഇങ്ങനെ പിടിയിലാകുന്നവരെ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും അനുവദിക്കാറില്ല. കംപ്യുട്ടര്‍ നെറ്റ്‌വർക്ക് മൂലം പരസ്പരം ബന്ധപ്പെടുത്തുന്ന സാഹചര്യം ഉണ്ടായാല്‍ ജി.സി.സി രാജ്യങ്ങളിലേക്കും യാത്രാനിരോധനം ബാധകമാവും. ഹജ്ജിനും ഉംറക്കും മാത്രം അനുമതിയുണ്ടാവും.

സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെട്ടു രക്ഷപ്പെടുത്തുന്നവരെന്ന പേരില്‍ പത്രതാളുകളില്‍ നിറയുന്ന ഹുറൂബ്കാരുടെ വിജയ കഥകള്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെയല്ല. പ്രശ്നത്തിലിടപെടുന്ന സാമൂഹിക പ്രവര്‍തകര്‍ സ്പോണ്സറുമായുള്ള പ്രഥമ സംസാരത്തില്‍ തൊഴിലാളിയുടെ ന്യായമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സ്പോണ്സര്‍ തയ്യാറല്ല എന്ന് കാണുന്നതോടെ ശരിയായ എക്സിറ്റ് നല്‍കിയാല്‍ മതി എന്ന ആവശ്യത്തിലേക്ക് വരുന്നു.

അങ്ങിനെ എക്സിറ്റ് ലഭിച്ചാല്‍ പോലും വലിയ വിജയമായാണ് ഹുറൂബുകാര്‍ കാണുന്നത്. കാരണം അവര്‍ക്ക് പിന്നീട് സൗദിയിലേക്ക് മറ്റു വിസകളില്‍ തിരിച്ചു വരാനും മറ്റു ജി.സി.സി രാജ്യങ്ങളിലേക്ക് നിയമപ്രകാരം പോകാനും ജോലിയെടുക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ഹുറൂബാകുന്നവരില്‍ ബഹുഭൂരിഭാഗവും അവസാന ഘട്ടങ്ങളിൽ മറ്റൊന്നും ആവശ്യപ്പെടാറില്ല. ശരിയായ എക്സിറ്റില്‍ സൗദിയിൽ നിന്ന് പുറത്തു പോകാനുള്ള സ്‌പോൺസറുടെ അനുവാദമൊഴികെ. അതിനു വേണ്ടി തന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും ത്യജിക്കാന്‍ അവന്‍ തയ്യാറാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ സ്പോണ്‍സര്‍ എന്ത് മനസ്സില്‍ കരുതിയോ അത് നടപ്പാകുന്നു.

ഹുറൂബില്‍ ആയ തൊഴിലാളി ഡീപോര്‍ട്ടേഷന്‍ സെന്ററിലെത്തിയാൽ ആദ്യം ലേബര്‍ വിഭാഗത്തില്‍ നിന്ന് അധികൃതര്‍ സ്‌പോണ്‍സറെ ബന്ധപ്പെടാന്‍ ശ്രമിക്കും. പരസ്പര ബാധ്യതകളോ മറ്റോ ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണത്. സ്‌പോണ്‍സരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ഹുറൂബായ വിദേശിയുടെ വിരലടയാളം ശേഖരിച്ച് പൊലീസ് സ്‌റ്റേഷനുകള്‍ വഴി ഇയാള്‍ കുറ്റവാളിയല്ലെന്ന് ഉറപ്പു വരുത്തും. ഇതുകഴിഞ്ഞാല്‍ സ്വാഭാവികമായും എക്‌സിറ്റ് നല്‍കുകയാണ് ചെയ്യുന്നത്.

പാസ്സ്പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട്‌ന്റെ കോപ്പിയുടെയോ തിരിച്ചറിയല്‍ രേഖകളുടെയോ അടിസ്ഥാനത്തില്‍ എംബസി നല്‍കുന്ന ഔട്ട് പാസ് ഉപയോഗിക്കാം. രോഗികളായ പലര്‍ക്കും സാമൂഹിക പ്രവര്‍ത്തകരുടെ ജാമ്യത്തില്‍ ഇത്തരത്തിലുള്ള നടപടി ക്രമങ്ങളില്ലാതെ തന്ന എക്‌സിറ്റ് നല്‍കാന്‍ സൗദി അധികൃതര്‍ സന്മനസ്സ് കാണിക്കാറുണ്ട്.

ഹുറൂബ് ആക്കിയാല്‍ എന്ത് ചെയ്യാന്‍ സാധിക്കും?

അന്യായമായാണ് ഹുറൂബാക്കിയെങ്കിൽ തക്ക സമയത്ത് അധികാര കേന്ദ്രങ്ങളെ സമീപിക്കുകയും താന്‍ ഒളിച്ചോടിയിട്ടില്ലെന്നു തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ സമര്‍പ്പിക്കുകയും വേണം. സ്പോണ്സര്‍ ഹുറൂബ് ആക്കിയതിന് ശേഷം മാത്രമാണ് പലരും അതിനെതിരെ നടപടി എടുക്കുന്നതിനു സഹായം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരെയോ നയതന്ത്ര കാര്യാലയങ്ങളെയോ സമീപിക്കുന്നത്.

ഹുറൂബ് ആകുമെന്ന സാഹചര്യത്തില്‍ സ്പോൺസറിൽ നിന്നും ഓടി രക്ഷപ്പെടുകയാണ് പ്രവാസി മലയാളികളില്‍ അധികം പേരും ചെയ്യുന്നതായി കണ്ടു വരുന്നത്. ഇത് ബുദ്ധി ശൂന്യതയാണെന്നു മാത്രമല്ല ഭാവിയില്‍ വളരെ ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു വഴിയൊരുക്കുകയും ചെയ്യും. സൗദിയിലെ ഇന്നത്തെ കഫാല സമ്പ്രദായത്തില്‍ സ്‌പോൺസറുടെ സഹകരണമില്ലാതെ തര്‍ഹീല്‍ വഴിയാണെന്കിലും പുറത്തു പോകാനാവില്ല. അല്ലാത്ത പക്ഷം അതിനായി ഉന്നത അധികൃതരുടെ വിധി തന്നെ വേണ്ടി വരും. അതിനാല്‍ ഒരു കാരണവശാലും ഒളിച്ചോടുന്നത് ബുദ്ധിയല്ല. അങ്ങിനെ ഒളിച്ചോടുന്നതിലൂടെ നിങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നിങ്ങള്‍ നഷ്ടപ്പെടുത്തുന്നു.

സ്പോണ്സര്‍ ഹുറൂബ് ആക്കും എന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കില്‍ അതിനെ മുൻകൂട്ടി പ്രതിരോധിക്കാന്‍ ശ്രമിക്കാം. അന്യായമായ ആരോപണങ്ങള്‍ നിങ്ങളുടെ മേല്‍ ചുമത്തി ഹുറൂബ് ആക്കുന്നതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഉത്തരവാദപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ ഒരു പരാതിയെങ്കിലും നല്കുകക. അതിന്റെ ഒരു കോപ്പി കയ്യില്‍ കരുതുക. അതിലൂടെ നിങ്ങള്‍ ഒളിച്ചോടിയിട്ടില്ല എന്നും മറിച്ചുള്ള ആരോപണങ്ങള്‍ കളവാണ് എന്നും തെളിയിക്കാനും ഭാവിയില്‍ സ്പോൺസറിൽ നിന്ന് പ്രശ്നങ്ങളുണ്ടായാൽ പ്രതിരോധിക്കാനും നിങ്ങൾക്ക് സാധിക്കും. അതിനാവശ്യമെന്കില്‍ നയതന്ത്ര കാര്യാലയങ്ങളുടെയോ സാമൂഹിക പ്രവർത്തകരുടെയോ നല്ലവരായ സൗദി പൗരന്മാരുടെയോ സഹായം തേടുകയാണ് വേണ്ടത്.

വ്യാജ ഹുറൂബിനെതിരെ പോരാടി നീതി നേടിയ മലയാളി നഴ്സുമാര്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റിയാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാരായിരുന്ന മൂന്ന് മലയാളികള്‍ അത്തരമൊരു ബുദ്ധിപരമായ നീക്കത്തിലൂടെ ഹുറൂബ് ഒഴിവാക്കിയത് മലയാളി പ്രവാസി സമൂഹത്തിന് മികച്ച ഒരു ഉദാഹരണമായിരുന്നു. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടു കൂടി വ്യാജ ഹുരൂബിനെതിരെ നടപടികള്‍ സ്വീകരിച്ച് ഇഖാമ പുതുക്കി തൊഴില്‍ വിസയില്‍ തുടരാന്‍ അനുമതി നേടിയവരാണ് റിയാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്മാരായിരുന്ന ആലപ്പുഴ സ്വദേശിനി സ്മിത എഡ്‌വേര്‍ഡ്‌, എറണാകുളം സ്വദേശിനി വര്‍ഗീസ്‌ ബിന്‍സി, കോഴിക്കോട് സ്വദേശിനി അനുമോള്‍ ചാക്കോ എന്നിവര്‍.

പറഞ്ഞ ശമ്പളം നല്‍കാതെയും കാലാവധിക്കു ശേഷവും തൊഴില്‍ കരാര്‍ പുതുക്കാതെയും ഇവരെ ബുദ്ധിമുട്ടിച്ച സ്പോണ്സര്‍ പിന്നീട് എട്ടു മാസത്തെ ശമ്പള കുടിശ്ശികയും വരുത്തി. ഇതിനെതിരെ ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്കി. തുടര്‍ന്ന് എംബസ്സിയുടെ അധികാരപത്രം ലഭിച്ച സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ ഒരാള്‍ക്ക് ഇഖാമ എടുത്തിരുന്നില്ലെന്നും രണ്ടാളുടെ ഇഖാമ പിന്നീട് പുതുക്കിയിരുന്നുമില്ല എന്ന് കണ്ടെത്തി. തൊഴിലുടമയുമായി സംസാരിച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് സ്ഥാപനം നഷ്ടത്തിലായതിനാല്‍ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെന്ന ഉത്തരമാണ് ലഭിച്ചത്.

തനിക്കെതിരെ നിയമ നടപടികളുമായി നഴ്സുമാര്‍ മുന്നോട്ടു പോകുമെന്ന് ഉറപ്പായ സ്പോണ്സര്‍ ഇവര്‍ക്കെതിരെ ഒളിച്ചോടിപ്പോയവരാണെന്ന് കാണിച്ച് ജവാസാത്ത് അധികൃതര്‍ക്ക് പരാതി നല്കി‍ ‘ഹുറൂബ്’ ആക്കി. ഹുറൂബ് ആയവര്‍ക്ക് തൊഴില്‍ കോടതിയിലും ഗവര്‍ണറേറ്റിലും പിന്നീട് പരാതി നല്‍കാന്‍ കഴിയില്ല എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. എന്നാല്‍ അതിനു മുന്‍പ് തന്നെ ഇവര്‍ നേരത്തെ തന്നെ ഗവര്‍ണറേറ്റിലെ പരാതി പരിഹാര സെല്ലില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതറിയാത സ്പോണ്‍സര്‍ ഇവര്‍ വളരെ മുന്‍പ് തെന്നെ ഒളിച്ചോടിപ്പോയതാണെന്നും അതിനാല്‍ തനിക്ക് വളരെയധികം സാമ്പത്തിക നഷ്ടം ഉണ്ടായി എന്നും വാദിച്ചുവെങ്കിലും ഗവര്‍ണറേറ്റിലും ജവസാതിലും ഇരു കൂട്ടരും നല്‍കിയ പരാതികള്‍ താരതമ്യം ചെയ്ത അധികൃതര്‍ ഗവര്‍ണറേറ്റിലെ പരാതി വളരെ മുന്‍പ് തന്നെ സമര്‍പ്പിച്ചിരുന്നതാണെന്ന് കണ്ടെത്തി സ്പോണ്‍സര്‍ ജവാസാതില്‍ നല്‍കിയ പരാതി തള്ളി കളയുകയായിരുന്നു. ഇവര്‍ക്ക് ആവശ്യമെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനുള്ള അനുമതിയും ലഭിച്ചു.

ഹുറൂബ് ആക്കിയത് നേരായ മാര്‍ഗ്ഗത്തിലൂടെ അല്ലെന്ന് തെളിഞ്ഞാല്‍

തന്റെ പേരിലുള്ള ഹുറൂബ് പരാതി സത്യമല്ലെന്ന് വിദേശ തൊഴിലാളിക്ക് തെളിയിക്കാൻ സാധിക്കുന്ന പക്ഷം ഹുറൂബ് നീക്കം ചെയ്യുന്നതിന് വിദേശികൾക്കും സാധിക്കും. ഹുറൂബ് പരാതികളിൽ ആവശ്യമായ അന്വേഷണം നടത്തി നിജസ്ഥിതി മനസ്സിലാക്കിയ ശേഷം ഹുറൂബ് നീക്കം ചെയ്യുന്നതിന് ലേബർ ഓഫീസുകൾ നടപടി സ്വീകരിക്കും. ഇത്തരത്തിൽ കഴിഞ്ഞ മാസങ്ങളിൽ 1200 അപേക്ഷകളിൽ റിയാദ് പ്രവിശ്യയിൽപെട്ട ലേബർ ഓഫീസുകൾ മാത്രം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളികളെ ഹുറൂബാക്കിയതിന് ശേഷം 20 ദിവസം കഴിഞ്ഞാൽ സ്പോൺസർമാർക്ക് പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കില്ല.

ഹുറൂബ് ആക്കിയത് വ്യാജ പരാതി നല്കിയിട്ടാണെങ്കിൽ അത് തെളിയുന്ന പക്ഷം വ്യാജ പരാതി നൽകിയ പഴയ തൊഴിലുടമയുടെ അടുത്തേക്ക് മടങ്ങുന്നതിന് ആ തൊഴിലാളിക്ക് നിയമം അനുവാദം നൽകുന്നില്ല. അത്തരം സാഹചര്യത്തിൽ ഇവർക്ക് മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാവുന്നതാണ്.

വിദേശ തൊഴിലാളിയെ വ്യാജമായ പരാതി നൽകി ഹുറൂബാക്കിയതാണെന്ന് തെളിഞ്ഞാൽ സ്പോൺസർക്കെതിരെ കർശനമായ നടപടികൾ ഉണ്ടാവും. ആദ്യ കുറ്റത്തിന് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഒരു വർഷത്തേക്ക് സ്ഥാപനത്തിന് വിലക്കും. രണ്ടാമതും നിയമ ലംഘനം ആവർത്തിച്ചാൽ മൂന്നു വർഷത്തേക്ക് സേവനങ്ങൾ വിലക്കും. മൂന്നാമതും ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് പുതുക്കൽ ഒഴികെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ സേവനങ്ങളും അഞ്ചു വർഷത്തേക്ക് വിലക്കും.

ഹുറൂബ് ആകുന്നവരില്‍ വെറും ഒരു ശതമാനം പേര്‍ മാത്രമാണ് അന്യായ ഹുറൂബിനെതിരെ ലഭ്യമായ അനുകൂല നിയമ നടപടികള്‍ സ്വീകരിച്ചു നിയമ പോരാട്ടം നടത്തുന്നത്. ഹുറൂബ് ആയാല്‍ എല്ലാം കഴിഞ്ഞു എന്നാണു പൊതുവായ ധാരണ. എന്നാല്‍ ഏതു നിയമത്തിലും നിയമത്തെ ദുരുപയോഗം ചെയ്യുന്ന ആര്‍ക്കും നിയമ പരിരക്ഷ നല്‍കുന്നില്ല. അത് തെറ്റാണ് എന്ന് തെളിയിക്കാനുള്ള അവകാശം എതിര്‍ പാര്‍ട്ടിക്കും നിയമം നല്‍കുന്നുണ്ട്.

എന്ത് കൊണ്ട് പ്രവാസികള്‍ വ്യാജ ഹുറൂബിനെതിരെ നിയമ നടപടികള്‍ക്ക് മുതിരുന്നില്ല?

സൗദി നിയമങ്ങള്‍ വ്യാജ ഹുരൂബിനെതിരെ പല നിയമ പരിരക്ഷകളും വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെങ്കിലും മലയാളികള്‍ അടക്കമുള്ള ഭൂരിഭാഗം പ്രവാസികളും പരാതിയും നിയമ നടപടികളുമായി മുന്നോട്ടു പോകുന്നില്ല. അതിന് പല കാരണങ്ങളുമുണ്ട്. ഒന്നാമതായി സ്പോണ്‍സര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു പോയാല്‍ ആ തൊഴിലാളി ഒറ്റപ്പെട്ടു പോകും എന്നുള്ളത് തന്നെയാണ്. സൗദിയിലെ നിലവിലുള്ള നിയമ വ്യവസ്ഥിതിയും നടപടി ക്രമങ്ങളെയും കുറിച്ച് അറിയ്യാത്ത ഇവര്‍ക്ക് നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കില്ല. പ്രാഥമിക അനുരഞ്ജന കേന്ദ്രങ്ങളായ പ്രാദേശിക ലേബര്‍ ഓഫീസുകളെ പോലും ഭീതിയോടെ വീക്ഷിക്കുന്നവരാന് മലയാളി പ്രവാസികള്‍.

വിദേശത്ത് ജോലി ചെയ്യുന്ന പൗരന് നിയമ പരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവര്‍ക്ക് സഹായത്തിനു എത്തേണ്ടതാണ് അവരുടെ രാഹ്ജ്യത്തെ എമ്ബസ്സികള്‍. എന്നാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോയാല്‍ ഇന്ത്യന്‍ എംബസ്സിയുടെ സഹകരണം പ്രതീക്ഷിച്ച പോലെ പ്രവാസിക്ക് ലഭിക്കുന്നില്ല. മാത്രമല്ല ശമ്പളവും താമസ സൌകര്യവും നിയമ നടപടികള്‍ മുന്നോട്ടു പോകുന്നത്ര കാലം സൗദിയില്‍ തന്നെ കഴിയുന്നതിനുള്ള പണവും ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ മാനസികമായും സാമ്പത്തികമായും ഇവര്‍ തളര്‍ന്നു പോകുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ നിയമ നടപടികള്‍ക്ക് മുതിരാതെ തര്‍ഹീല്‍ വഴി നാട്ടിലെക്കെത്താന്‍ മുന്‍ഗണന നല്‍കുന്നത്.

പ്രവാസികള്‍ക്ക് നീതി ലഭിക്കാന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ എന്ത് പിന്തുണയാണ് ലഭിക്കേണ്ടത്?

മുകളില്‍ പറഞ്ഞ പോലെ തന്നെ നിയമ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ അവര്‍ക്ക് ആശ്രയമായി എന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടാവണം. എംബസ്സിക്കാണ് ഇക്കാര്യത്തില്‍ തങ്ങളുടെ സ്വന്തം പൗരന്മാരെ സഹായിക്കാന്‍ സാധിക്കുക. ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഈ സഹായം ലഭിക്കുന്നില്ല. (സുഷമ സ്വരാജ് കേന്ദ്ര മന്ത്രിയായിരുന്ന സമയത്ത് മാത്രമാണ് ഇന്ത്യക്കാര്‍ക്ക് എംബസ്സി പിന്തുണ നിര്‍ലോഭം ലഭിച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ ആ കാലഘട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളികളോടെ വളരെ മോശമായി പെരുമാറുന്നതിനും സ്പോണ്‍സര്‍മാര്‍ തെല്ലു ഭയപ്പെട്ടിരുന്നു.).

മാനസികമായ പിന്തുണയ്ക്ക് പുറമേ നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന സമയങ്ങളില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ ആ തൊഴിലാളിക്ക് ഭക്ഷണത്തിനും അത്യാവശ്യകാര്യങ്ങള്‍ക്കുമായി ഒരു പ്രതിമാസ അലവന്‍സ് എംബസ്സി നല്‍കണം. സ്വദേശികളായ അഭിഭാഷകരെ ഏര്‍പ്പെടുത്തി ഇന്ത്യക്കാര്‍ക്ക് പ്രാഥമിക നിയമ സഹായങ്ങള്‍ ലഭ്യമാക്കണം. ഈ രണ്ടു കാര്യങ്ങള്‍ക്കും ആവശ്യമായ തുക പ്രവാസികളില്‍ നിന്നുതന്നെ പിരിച്ചെടുക്കുന്ന എംബസ്സിയുടെ വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്താം.

കേസ് മുന്നോട്ടു കൊണ്ട് പോകാനാവശ്യമായ രേഖകള്‍ കൃത്യ സമയത്ത് തന്നെ തൊഴിലാളികള്‍ക്ക് ലഭ്യമാക്കി കൊടുക്കണം. ആവശ്യമായി വന്നാല്‍ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനുള്ള അനുമതി പത്രങ്ങള്‍ വെല്‍ഫെയര്‍ മെമ്പര്‍മാര്‍ക്ക് ലഭ്യമാക്കണം. ജയിലുകളും തര്‍ഹീലുകളും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കാനുള്ള സംവിധാനം ഇന്ത്യന്‍ എംബസ്സി ഉണ്ടാക്കണം. അവിടങ്ങളില്‍ ഉള്ളവര്‍ക്ക് നിയമ സഹായം ലഭ്യമാക്കുന്നതിനുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കണം. (ഇപ്പോഴത്തെ കുവൈറ്റ്‌ അംബാസഡര്‍ ആയ മലയാളിയായ സിബി ജോര്‍ജ്ജ് സൗദിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയിരിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ എംബസ്സി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്നു)

പ്രാഥമികമായി മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ എന്തൊക്കെ സഹായങ്ങള്‍ എംബസ്സി ചെയ്തു കൊടുക്കണമെന്ന് അക്കമിട്ട് പറയാന്‍ സാധിക്കില്ല. കാരണം ഒരു വിദേശ രാജ്യത്ത് തങ്ങളുടെ ഒരു പൗരന്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുവെങ്കില്‍ അതിലിടപെടുകയും ആവശ്യാമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യേണ്ടത് എംബസ്സിയുടേയും കോണ്‍സുലെറ്റിന്റെയും പ്രാഥമിക കര്‍ത്തവ്യമാണ്. അതിനെതൊക്കെ സഹായങ്ങള്‍ ആവശ്യമുണ്ടോ തങ്ങളുടെ അധികാര പരിധിയില്‍ നിന്ന് കൊണ്ട് അതെല്ലാം ചെയ്തു കൊടുക്കേണ്ടതുണ്ട്.

 

സൗദി നിയമങ്ങളും അന്യായമായ ഹുറൂബിനെതിരെ പോരാടാനുള്ള വഴികള്‍ തൊഴിലാളിക്ക് മുന്‍പില്‍ തുറന്നിട്ടുണ്ട്. എന്നാല്‍ തൊണ്ണൂറു ശതമാനം പേരും ഒന്നുമില്ലാതെ നിയമക്കുരുക്കുകള്‍ സൃഷ്ടിക്കുന്ന നിസ്സഹായതയില്‍ ‘തര്‍ഹീല്‍’ മുഖേന നോവുന്ന മനസ്സുകളുമായി നാടണയുന്നു. സൗദിയിലേക്കുള്ള പിന്മടക്കം സാധ്യമാവില്ലെന്ന ദുഃഖസത്യം ഉള്‍ക്കൊണ്ട്‌ തന്നെ.

 

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

Continue Reading
LATEST13 hours ago

ഫൈനല്‍ എക്സിറ്റ് വിസയെ കുറിച്ച് പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 28 നിയമ നിബന്ധനകള്‍

LATEST20 hours ago

സല്‍മാന്‍ രാജാവിന്റെ ഉത്തരവ്: ഇഖാമ ഇത് വരെ പുതുക്കി ലഭിക്കാത്തവര്‍ക്ക്‌ ആശങ്ക വേണ്ട

LATEST1 day ago

ഹുറൂബ് – സൗദിയിലെ വിദേശ തൊഴിലാളികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും

LATEST2 days ago

ബുധനാഴ്ച ലഭിച്ചത് കൂടാതെ ഇന്നലെയും മലയാളികള്‍ക്ക് നേരിട്ട് മന്ത്രാലയ ആസ്ഥാനത്ത് നിന്നും ബ്ലോക്ക് മാറി തവക്കല്‍ന ഇമ്മ്യൂണ്‍ ആയി ലഭിച്ചു

LATEST2 days ago

സൗദിയിലേക്ക് തിരിച്ചു പോകേണ്ടവരും പോയവരുമായ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന 6 വലിയ പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരം ?

LATEST3 days ago

പ്രശ്ന പരിഹാരം ഉണ്ടാവുമോ എന്ന ആകാംക്ഷയോടെ സൗദി പ്രവാസികള്‍

LATEST3 days ago

സൗദിയിലെ ഏറ്റവും നല്ല സ്പോണ്‍സര്‍മാരെ ലഭിച്ച ഭാഗ്യവാന്മാരായ 5 പ്രവാസികള്‍

LATEST4 days ago

അനധികൃത താമസക്കാരെ ഇനി വെച്ചു പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ച നാളുകള്‍

INTERNATIONAL4 days ago

തിരിച്ചു പോകുന്ന പ്രവാസികള്‍ നിര്‍ബന്ധമായും ഈ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക

LATEST5 days ago

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ 10 കാര്യങ്ങള്‍ സൗദി പ്രവാസികള്‍ അറിഞ്ഞിരിക്കുക

LATEST5 days ago

സൗദിയില്‍ കുറുക്കു വഴികള്‍ തേടി ജീവിതം നഷ്ടമാക്കുന്ന ചില പ്രവാസികള്‍

LATEST6 days ago

ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ സൗദി പ്രവാസികള്‍ക്ക് തൊഴില്‍ പ്രശ്നങ്ങളെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാം

LATEST6 days ago

തവക്കല്‍ന വേഗത്തില്‍ ഇമ്മ്യൂണ്‍ ആവാന്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

LATEST7 days ago

സൗദിയിലേക്കുള്ള തിരിച്ചു പോക്ക് സുരക്ഷിതമാക്കാന്‍ ഈ 4 കാര്യങ്ങള്‍ കൂടി അറിയുക.

LATEST7 days ago

സൗദിയിലേക്ക് തിരിച്ചെത്താനായി ശ്രമിക്കുന്ന പ്രവാസികള്‍ ഈ നല്ല വാര്‍ത്തക്കായി കാത്തിരിക്കുക

LATEST4 days ago

അനധികൃത താമസക്കാരെ ഇനി വെച്ചു പൊറുപ്പിക്കില്ലെന്ന് സൗദി അറേബ്യ തീരുമാനിച്ച നാളുകള്‍

LATEST3 days ago

സൗദിയിലെ ഏറ്റവും നല്ല സ്പോണ്‍സര്‍മാരെ ലഭിച്ച ഭാഗ്യവാന്മാരായ 5 പ്രവാസികള്‍

LATEST5 days ago

സൗദിയില്‍ കുറുക്കു വഴികള്‍ തേടി ജീവിതം നഷ്ടമാക്കുന്ന ചില പ്രവാസികള്‍

INTERNATIONAL4 days ago

തിരിച്ചു പോകുന്ന പ്രവാസികള്‍ നിര്‍ബന്ധമായും ഈ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുക

LATEST3 days ago

പ്രശ്ന പരിഹാരം ഉണ്ടാവുമോ എന്ന ആകാംക്ഷയോടെ സൗദി പ്രവാസികള്‍

LATEST6 days ago

തവക്കല്‍ന വേഗത്തില്‍ ഇമ്മ്യൂണ്‍ ആവാന്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

LATEST7 days ago

സൗദിയിലേക്ക് തിരിച്ചെത്താനായി ശ്രമിക്കുന്ന പ്രവാസികള്‍ ഈ നല്ല വാര്‍ത്തക്കായി കാത്തിരിക്കുക

LATEST3 weeks ago

നാട്ടിലുള്ള സൗദി പ്രവാസികളുടെ ആശങ്ക വര്‍ദ്ധിപ്പിച്ച് അറബ് പത്ര വാര്‍ത്തകള്‍

LATEST2 days ago

സൗദിയിലേക്ക് തിരിച്ചു പോകേണ്ടവരും പോയവരുമായ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന 6 വലിയ പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരം ?

LATEST3 weeks ago

ഖത്തര്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 11 നിയമങ്ങളും നിബന്ധനകളും

LATEST3 weeks ago

പ്രവാസികള്‍ നാട്ടിലുള്ളവരുടെ സുരക്ഷക്കായി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക

LATEST2 days ago

ബുധനാഴ്ച ലഭിച്ചത് കൂടാതെ ഇന്നലെയും മലയാളികള്‍ക്ക് നേരിട്ട് മന്ത്രാലയ ആസ്ഥാനത്ത് നിന്നും ബ്ലോക്ക് മാറി തവക്കല്‍ന ഇമ്മ്യൂണ്‍ ആയി ലഭിച്ചു

LATEST7 days ago

സൗദിയിലേക്കുള്ള തിരിച്ചു പോക്ക് സുരക്ഷിതമാക്കാന്‍ ഈ 4 കാര്യങ്ങള്‍ കൂടി അറിയുക.

LATEST1 week ago

സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികള്‍ അറിഞ്ഞിരിക്കുക ഈ കാര്യം.

Trending

error: Content is protected !!