LATEST
സൗദിയില്‍ സമീപ ഭാവിയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിക്കാവുന്ന വഴികള്‍

സൗദി അറേബ്യയില്‍ തൊഴില്‍ മേഖലയില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതിനായി കഴിഞ്ഞ എഴുപത് വര്‍ഷത്തോളമായി നില നില്‍ക്കുന്ന കഫാല സമ്പ്രദായത്തില്‍ മാറ്റം വരുത്തി തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് സ്വന്തമായി സ്പോണ്സര്‍ഷിപ്പ് മാറുന്നതിനും റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ് തുടങ്ങിയവ സ്വന്തമായി തന്നെ ചെയ്യാനുമുള്ള അവസരം ലഭ്യമാക്കി.
അതോടൊപ്പം മറുവശത്ത് തൊഴിലാളികളുടെ അറിവും നൈപുണ്യവും മാനദണ്ഡമാക്കി തൊഴില്‍ മേഖലയുടെ ഗുണ നിലവാരവും മെച്ചപ്പെടുത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതിനായി ഈ വര്‍ഷം ജൂലൈ മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ യോഗ്യത പരീക്ഷക്കും തുടക്കം കുറിക്കുകയാണ്.
ഇതിനെല്ലാം ഒപ്പം തന്നെ സ്വദേശികളായ യുവാക്കള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമുള്ള ശ്രമങ്ങളും ഉര്‍ജ്ജിതമായി നടന്നു കൊണ്ടിരിക്കുന്നു. രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതിനോടൊപ്പം തന്നെ രാജ്യത്തെ തന്ത്രപരമായ മേഖലകളിലെ തസ്തികകളില്‍ സ്വദേശികള്‍ ഉണ്ടായിരിക്കണം എന്ന മുന്‍ഗണനയോട് കൂടിയാണ് സ്വദേശിവല്‍ക്കരണം ഉര്‍ജ്ജിതമാക്കുന്നത്.
ആരോഗ്യ മേഖല, എഞ്ചിനീയറിംഗ് മേഖല, അക്കൌണ്ടിംഗ് മേഖല, മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖല, വ്യോമയാന മേഖല, ഓണ്‍ലൈന്‍ സേവനങ്ങള്‍, കാള്‍ സെന്ററുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവയിലെല്ലാം വ്യക്തവും കൃത്യവുമായ വ്യവസ്ഥകളോടെ സൗദി വല്‍ക്കരണം പുരോഗമിക്കുകയാണ്.
മെയിന്റനൻസ്, ഓപ്പറേഷൻസ്, കോൺട്രാക്റ്റിങ് മേഖല
രാജ്യത്തെ മെയിന്റനൻസ്, ഓപ്പറേഷൻസ്, കോൺട്രാക്റ്റിങ് മേഖലയിൽ നിലവില്‍ ഉണ്ടായിരുന്ന സൗദിവൽക്കരണം മാനവശേഷി, സാമൂഹിക വികസന്‍ മന്ത്രാലയം വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് മാര്‍ച്ച് 14 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിതാഖാത്തിലെ വിഭാഗത്തിനും അനുസൃതമായി പാലിക്കേണ്ട സൗദിവൽക്കരണ അനുപാതത്തിൽ മൂന്നു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്.
ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നാണ് മെയിൻറൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖല. ഈ മേഖലയില്‍പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം കൂടുതൽ സൗദിവൽക്കരണം ബാധകമാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിതാഖാത്ത് പ്രകാരം ബാധകമായ സൗദിവൽക്കരണ അനുപാതം പതിവായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്.
കൂടുതൽ സൗദിവൽക്കരണം പാലിക്കാനും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനും മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് പേരാണ് അനേകം കമ്പനികളിലായി ഈ മേഖലയിൽ ജോലി ചെയ്തുവരുന്നത്. സ്വദേശിവത്കരണ അനുപാതം മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ഈ മേഖലകളിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കും. ഇത് നിലവിലുള്ള വിദേശ തൊഴിലാളികളെ ബാധിക്കുന്നതോടൊപ്പം ഭാവിയിലെ തൊഴില്‍ സാധ്യതകളെയും ബാധിക്കും.
വ്യോമയാന മേഖല
വിഷന്‍ 2030 ലക്ഷ്യമായ തൊഴിലില്ലായ്മ ഏഴു ശതമാനത്തിലേക്ക് കുറയ്ക്കുകയെന്ന ലക്‌ഷ്യം പൂര്‍ത്തീകരിക്കാനായി സൗദിയില്‍ വ്യോമയാന മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.എ.സി.എ) യാണ് ഉര്‍ജ്ജിത സൗദി വല്‍ക്കരണത്തിനായി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ജി.എ.സി.എയുടെ പുതിയ നീക്കം.
ലക്‌ഷ്യം പൂര്‍ത്തീകരിച്ചു സ്വദേശി വല്‍ക്കരണത്തില്‍ പങ്കാളിയാകുന്നതിനായി ഓരോ മാസവും സൗദിവല്‍ക്കരണം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജി.എ.സി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷത്തിനകം പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ജി.എ.സി.എ ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും മെയിന്റനന്‍സ് ഓപ്പറേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കും എല്ലാ എയര്‍പോര്‍ട്ടുകളിലേയും സേവനദാതാക്കള്‍ക്കും ജി.എ.സി.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
28 സ്‌പെഷ്യലൈസ്ഡ് പ്രൊഫഷനുകളില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജി.എ.സി.എ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
പൈലറ്റ്, സഹപൈലറ്റ്, എയർഹോസ്റ്റസ്, റണ്‍വെ, ഗ്രൗണ്ട് കോഓര്‍ഡിനേറ്റര്‍മാര്‍, വിമാന ഡയരക്ടര്‍മാര്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍സ്, എയര്‍ക്രാഫ്റ്റ് കാറ്ററിംഗ്, പാസഞ്ചര്‍ ഹാന്‍ഡ്‌ലേര്‍സ്, ഫ്ലൈറ്റ് യാർഡ്, കാര്‍ഗോ, ലഗേജ്, ട്രാവലേഴ്സ് ഹാൻഡ്ലിങ് തുടങ്ങിയ ജോലികളിലാണ് സ്വദേശികളെ നിയമിക്കുന്നത്.
ഓരോ മാസവും സൗദിവല്‍ക്കരണം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജി.എ.സി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കാള്‍ സെന്ററുകളുടെ സ്വദേശിവല്‍ക്കരണം
ഫെബ്രുവരി ആദ്യ വാരത്തിലാണ് കാള്‍ സെന്ററുകളില്‍ സമ്പൂര്‍ണ്ണ സൗദിവല്‍ക്കരണം പ്രഖ്യാപിച്ചത്. ഇനിമുതൽ ഈ ജോലികളിൽ നൂറു ശതമാനവും സ്വദേശികളെ മാത്രമേ നിയമിക്കാവൂ. നിലവിൽ സൗദിയിലേക്കുള്ള ഇന്ത്യൻ കാൾ സെൻറർ ഓഫിസുകളും ഇതോടെ നിർത്തേണ്ടിവരും. കാള്‍ സെൻററുകളിലെ ജോലിയിലും കസ്റ്റമർ സർവിസുകളിലും ഏർപ്പെടുത്തിയ സ്വദേശിവത്കരണം ഇന്ത്യൻ പ്രവാസികളെയും ബാധിക്കും.
സൗദിയിലെ കാള്‍ സെൻററുകള്‍ വഴി കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശരാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ കാളുകള്‍, ഇ-മെയിലുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍, സമൂഹമാധ്യമ ആശയവിനിമയങ്ങള്‍ തുടങ്ങി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട എല്ലാ കാള്‍ സെൻറര്‍ പ്രവർത്തനങ്ങളും ഇതിന്‍റെ പരിധിയിൽ വരും. ഈ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കാള്‍ സെൻററുകള്‍ക്ക് അവസാനമാവും.
നിലവില്‍ ഇന്ത്യ, പാകിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സൗദിയിലെ വിവിധ കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കാള്‍ സെൻററുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളിലെ കാള്‍ സെൻററുകളില്‍നിന്നാണ് ടെലിഫോണ്‍ വഴിയും മറ്റ് ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ വഴിയും കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്.
ഓണ്‍ലൈന്‍ ജോലികളില്‍ സ്വദേശിവല്‍ക്കരണം
ആപ്പുകളടക്കമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ടുള്ള ബിസിനസ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് സ്വദേശികളായ ജീവനക്കാരെ ആയിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജിഹി ഉത്തരവ് നിലവിലുണ്ട്.
പുതിയ തീരുമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. കോവിഡാനന്തരം ഓൺലൈൻ സേവനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഇത്തരം സേവനങ്ങളിൽ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. രാജ്യത്തെ മിക്ക കമ്പനികളിലും ഓൺലൈനായി ജോലി ചെയ്യുന്നവരുണ്ട്.
ഓൺലൈൻ ബുക്കിങ്ങിന് ശേഷമുള്ള ഡോക്ടർമാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങൾ, ഓൺലൈൻ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികൾ എന്നിവയെല്ലാം ഇതിൽപെടും. അതായത് ഇത്തരം സേവനങ്ങളിലെത്തുന്ന ജീവനക്കാർ സ്വദേശികളാവണം എന്നാണ് പുതിയ നിർദേശം.
ഉപഭോക്താവിന് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഏതൊരു ആപ്ലിക്കേഷനും അല്ലെങ്കിൽ വെബ്സൈറ്റും പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമായി നിർവചിച്ചതായി മന്ത്രാലയം വ്യക്തമാക്കി. പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ജോലികൾ വ്യവസ്ഥാപിതമാക്കാനുള്ള തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജോലികൾ ഏതൊക്കെയെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഓര്‍ഡര്‍ ഡെലിവറി, ഹോം മെയിൻറനൻസ്, വാഹന റിപ്പയറിങ് സേവനങ്ങൾ, മെഡിക്കൽ ഉപദേശം, നിയമോപദേശം, മറ്റേതെങ്കിലും പുതിയ ജോലികൾ എന്നിവയിലാണ് സ്വദേശിവത്കരണം.
ഈയിടെ ഊബർ കരീം അടക്കമുള്ള ഓൺലൈൻ കാർ സേവനങ്ങളിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.
ഫാര്‍മസി മേഖല
സൗദിയില്‍ ഏറ്റവും അധികം സ്വദേശിവല്‍ക്കരണം ഉര്‍ജ്ജിതമായി നടക്കുന്നത് ഫാര്‍മസി മേഖലയിലാണ്. ഫാര്‍മസി മേഖലയില്‍ 98 ശതമാനം സൗദിവല്‍ക്കരണം കൈവരിക്കാന്‍ സാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ ഫാര്‍മസി മേഖലയില്‍ 98 ശതമാനം സൗദിവല്‍ക്കരണം കൈവരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രാലയം അവകാശപ്പെടുന്നുണ്ട്.
ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം സൗദിവല്‍ക്കരണം 75 ശതമാനമാണ്. എന്നാല്‍ ഫാര്‍മസി മേഖലയില്‍ കൈവരിക്കാന്‍ സാധിച്ചിട്ടുള്ള വിജയം ആരോഗ്യ മേഖലയിലെ മറ്റു മര്‍മ്മ പ്രധാന തസ്തികയായ ഡോക്ടര്‍മാരിലേക്ക് വ്യാപിപ്പിക്കാന്‍ മന്ത്രാലയത്തിന് നിലവില്‍ സാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ഉദാഹരണമായി ഇപ്പോള്‍ സൗദിവല്‍ക്കരണം ഏറ്റവും കുറവ് ഡോക്ടര്‍മാരിലാണ് കാണപ്പെടുന്നത്. സ്വദേശികള്‍ക്കിടയില്‍ ഈ വിഭാഗത്തില്‍ വൈദഗ്ദ്യത്തിന്‍റെയും പരിചയ സമ്പന്നതയുടെ അഭാവമാണ് വിഘാതമായി നില്‍ക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ സ്വദേശികള്‍ 39 ശതമാനം മാത്രമാണ്.
എങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ മെഡിക്കല്‍ സിറ്റികള്‍ ഒഴികെയുള്ള ആരോഗ്യ മന്ത്രാലയ സ്ഥാപനങ്ങളിലും ഓഫീസുകളിലും മുക്കാല്‍ ഭാഗത്തോളം സ്വദേശികള്‍ തന്നെയാണ് ജോലിയെടുക്കുന്നത്. ഇവിടങ്ങളില്‍ 2൦21 ലെ കണക്കുകള്‍ പ്രകാരം ആകെ 2,74,637 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ 2,07,198 പേര്‍ സ്വദേശികളും 67,439 പേര്‍ വിദേശികളുമാണ്.
അക്കൌണ്ടിംഗ് മേഖല
സൗദി അറേബ്യയില്‍ ഇപ്പോള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവല്‍ക്കരണം മൂലം നിലവിലുള്ള വിദേശികളായ അക്കൌണ്ടന്റുമാര്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നതിന് സാധ്യതയില്ല. കാരണം വൈദഗ്ദ്യവും പരിചയ സമ്പത്തും ആവശ്യമായ മേഖല ആയതിനാല്‍ ഘട്ടങ്ങളായുള്ള സ്വദേശിവല്‍ക്കരണം മാത്രമേ സാധ്യമാകൂ. പക്ഷെ ഭാവിയില്‍ വിദേശികളായ അക്കൌണ്ടന്റ്മാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കാരണം അക്കൗണ്ടൻസി ബിരുദം പൂർത്തിയാക്കിയ സ്വദേശികളുടെ എണ്ണക്കുറവ് കാരണം വിദേശ അക്കൗണ്ടന്റുമാർക്ക് ഇതുവരെ വലിയ തോതിൽ അവസരങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആ അവസരങ്ങള്‍ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. കാരണം ഇപ്പോള്‍ പ്രതിവർഷം ആറായിരം മുതൽ ഏഴായിരം വരെ സ്വദേശികളായ അക്കൗണ്ടൻസി ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. മുമ്പ് രാജ്യത്തെ ഏഴു യൂനിവേഴ്‌സിറ്റികൾ മാത്രമാണ് അക്കൗണ്ടൻസി കോഴ്‌സ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലവിൽ 27 യൂണിവേഴ്സിറ്റികള്‍ അക്കൗണ്ടൻസി കോഴ്‌സ് നടത്തി വരുന്നു. ഇത് മൂലമാണ് സ്വദേശികളായ അക്കൌണ്ടന്റ്മാര്‍ കൂടുതലായി തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിദേശികളുടെ അവസരങ്ങള്‍ ഇല്ലാതാക്കും. ഇപ്പോള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണവും വിദേശികളുടെ അവസരം കുറയ്ക്കും.
സൗദി അക്കൗണ്ടന്റുമാർ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ നിന്ന് പ്രൊഫഷനൽ അക്രെഡിറ്റേഷൻ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 2019 രണ്ടാം പകുതി മുതലാണ് വിദേശികളായ അക്കൗണ്ടന്റുമാരുടെ ഇതിനായുള്ള പ്രൊഫഷനൽ രജിസ്‌ട്രേഷൻ പ്രക്രിയ രാജ്യത്ത് ആരംഭിച്ചത്.
അഞ്ചും അതിൽ കൂടുതലും അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച നിബന്ധന ബാധകമാകുക. ഇത്തരത്തിലുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും അക്കൗണ്ടിംഗ് മേഖലയിൽ മിനിമം 30 ശതമാനം സൗദിവൽക്കരണം പാലിച്ചിക്കണമെന്നാണ് വ്യവസ്ഥ.
അക്കൗണ്ട്‌സ് മാനേജർ, സകാത്ത്, നികുതി ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ട്‌സ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഓഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവ അടക്കമുള്ള നിരവധി തസ്തികകൾ സൗദിവൽക്കരിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. വിദേശികളുടെ തൊഴില്‍ അവസരം നിഷേധിക്കലല്ല ഇതിന്‍റെ ഉദ്ദേശ്യം. മറിച്ചു സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിലൂടെ 9,800 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഉന്നമിടുന്നു.
ഒരു സൗദി പൗരനെ സൗദിവല്‍ക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് ബിരുദ ധാരികളായ അക്കൌണ്ടന്റുമാര്‍ക്കും ഡിപ്ലോമയുള്ളവര്‍ക്കും വ്യത്യസ്ത മിനിമം വേതന നിബന്ധനയാണ് മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ളത്. ബാച്ചിലർ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 6,000 റിയാലിലും ഡിപ്ലോമ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 4,500 റിയാലിലും കുറവാകാൻ പാടില്ലെന്നാണ് നിബന്ധന.
സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്ന സമിതിയാണ് സൗദിയില്‍ വിദേശികളായ അക്കൗണ്ടന്റുമാരുടെ പ്രൊഫഷനൽ രജിസ്‌ട്രേഷനും യോഗ്യതാ പരീക്ഷയും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്ന ആധികാരിക സമിതി.
2൦21 ജനുവരി അവസാനം വരെയുള്ള കാലത്ത് വിദേശ അക്കൗണ്ടന്റുമാരുടെ 56,017 സർട്ടിഫിക്കറ്റുകൾ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് പരിശോധിച്ചു. ഇതില്‍ 475 പേര്‍ വ്യാജ അക്കൗണ്ടൻസി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയതായി ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുണ്ട്.
വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രാജ്യത്ത് ജോലി നേടിയവരുടെ ഫയലുകള്‍ നിയമാനുസൃത നടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ക്കെതിരായി പബ്ലിക് പ്രോസിക്യൂഷന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.
രാജ്യത്ത് ജോലി നേടിയ ഒരാള്‍ ആ ജോലി കരസ്ഥമാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എന്ന് അധികൃതര്‍ കണ്ടു പിടിച്ചാല്‍ ആ കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അവരുടെ പേരില്‍ ക്രിമിനല്‍ നിയമ നിയമ നടപടികള്‍ തുടങ്ങുകയും ചെയ്യും. പ്രസ്തുത വ്യക്തി ഇതിനകള്‍ രാജ്യത്ത് നിന്നും അവധിയില്‍ പോകുകയോ കടന്നു കളയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ പേരില്‍ ക്രിമിനല്‍ നടപടികള്‍ ഉള്ളതായി രേഖകളില്‍ ഉണ്ടാകും. ഇയാള്‍ പിന്നീട് അവധി കഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ പിടിക്കപ്പെടാം. കൂടാതെ പുതിയ വിസയില്‍ രാജ്യത്ത് തിരിച്ചെത്തിയാലും സിസ്റ്റത്തിലെ വിവരങ്ങള്‍ പ്രകാരം പിടിക്കപ്പെടും. ട്രാന്‍സിറ്റ് വിസയില്‍ സൗദിയില്‍ ഇറങ്ങിയാലും ഹജ്ജ്, ഉംറ വിസയില്‍ രാജ്യത്തെത്തിയാലും പിടിക്കപ്പെടും.
സൗദിയിൽ മാര്‍ച്ച് ആദ്യ വാരത്തില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 1,40,000 വിദേശ അക്കൗണ്ടന്റുമാർ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വദേശികളായ 30,000 പേര്‍ അടക്കം രാജ്യത്ത് ആകെ 1,70,000 അക്കൗണ്ടന്റുമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് ജനറൽ അക്കൗണ്ടന്റ് പ്രൊഫഷനിലാണ്. ഓഡിറ്റർ പ്രൊഫഷനാണ് രണ്ടാം സ്ഥാനത്ത്.
പ്രൊഫഷനൽ രജിസ്‌ട്രേഷൻ നടത്താൻ താഴെ പറയുന്ന മൂന്നു പ്രധാന വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് പൂർണമായിരിക്കണം. അല്ലാത്ത പക്ഷം രജിസ്ട്രേഷന്‍ നിരസിക്കപ്പെടും.
- സൗദി യൂനിവേഴ്‌സിറ്റികളിൽ നിന്നോ കോളേജുകളിൽ നിന്നോ ഇൻസ്റ്റിട്ട്യൂട്ടുകളിൽ നിന്നോ അംഗീകാരമുള്ള മറ്റു സമാന സ്ഥാപനങ്ങളിൽ നിന്നോ അക്കൗണ്ടൻസിയിൽ ബാച്ചിലർ ബിരുദമോ അതിൽ ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കൽ,
- അക്കൗണ്ടൻസിയിൽ രണ്ടു വർഷ കാലാവധിയിൽ കുറയാത്ത ഡിപ്ലോമ നേടൽ,
- ചുരുങ്ങിയത് 15 മണിക്കൂർ അക്കൗണ്ടൻസി പഠനം പൂർത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് സയൻസസ് കോളേജ് ബിരുദധാരികൾ
മേല്‍ പറഞ്ഞ മൂന്ന് നിബന്ധനകളില്‍ ഒന്ന് പോലും പാലിക്കാത്ത കാരണത്താല്‍ 294 അക്കൗണ്ടന്റുമാരുടെ രജിസ്‌ട്രേഷൻ നിരസിച്ചതായി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിദഗ്ധ പരിശീലന കോഴ്‌സ് ഫീസുകളിൽ 30 ശതമാനം ഇളവ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് സംഘടിപ്പിക്കുന്ന യോഗങ്ങളിലും ഫോറങ്ങളിലും സമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാൻ അനുമതി എന്നിവ അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.
2൦21 മാര്‍ച്ച് 12 നാണ് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അക്കൗണ്ടിങ്, ഓഡിറ്റിങ് തൊഴിൽ രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകിട്ടുണ്ട്. പുതിയ വ്യവസ്ഥയിൽ ഓർഗനൈസേഷന്റെ പേര്‍ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് എന്നതിനു പകരം സൗദി ഓർഗനൈസേഷൻ ഫോർ ഓഡിറ്റേഴ്സ് ആൻഡ് അക്കൗണ്ടൻറസ് എന്നായി മാറും.
സകാത്, ടാക്സ്, അക്കൗണ്ടിങ് സേവനങ്ങൾ നൽകുന്ന ലൈസൻസികളുടെ ജോലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ ചെയ്യുന്നവരെ പ്രചോദിപ്പിക്കുക, ബിസിനസ് മേഖലയിലെ ആവശ്യകതകൾക്ക് അനുസൃതമായി പ്രഫഷനൽ ലൈസൻസുകൾ വിപുലീകരിക്കുക, നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും ആത്മവിശ്വാസവും വർധിപ്പിക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവ പുതിയ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
എഞ്ചിനീയറിംഗ് മേഖല
അംഗീകൃതമല്ലാത്ത യൂനിവേഴ്സിറ്റികളിൽനിന്നുള്ള 16,887 എൻജിനീയറിങ് സർട്ടിഫിക്കറ്റുകളാണ് 2020ല്‍ രാജ്യത്തെ വിദേശികൾ സമർപ്പിച്ചതെന്ന് സൗദി എൻജിനീയേഴ്സ് കൗൺസിൽ വെളിപ്പെടുത്തി. 2020ൽ 387 വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയിട്ടുണ്ട്.
ചിലർ അതോറിറ്റിയുടെ രജിസ്ട്രേഷൻ വ്യവസ്ഥകൾ പാലിക്കാത്ത സർട്ടിഫിക്കറ്റുകളാണ് നൽകിയത്. പലതും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള ഹ്രസ്വകാല പരിശീലന കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളാണ്. വ്യാജ യൂനിവേഴ്സിറ്റികളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റുകളും സമർപ്പിച്ച കൂട്ടത്തിലുണ്ട്. വിവിധ രാജ്യക്കാരായ ജീവനക്കാർ സമർപ്പിച്ചതാണിത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളാണ് രജിസ്ട്രേഷന് വേണ്ടി ഇത്രയും അനംഗീകൃത സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. യോഗ്യമല്ലാത്തതും രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ പാലിക്കാത്തതും കൊണ്ടുതന്നെ ഈ സർട്ടിഫിക്കറ്റുകൾ അധികൃതര്നി നിരസിച്ചു.
സൗദി അറേബ്യയിൽ ജോലി ചെയ്യാൻ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന വ്യവസ്ഥ പലരും പാലിച്ചിട്ടില്ലെന്നും കണ്ടെത്തി.
2020ൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം 13,465 ആണ്. എൻജിനീയറിങ് ജോലിയിലേർപ്പെടുന്നവർ അതിനുള്ള ചട്ടങ്ങൾ നിർബന്ധമായും പാലിക്കണം. രാജ്യത്തെ പ്രഫഷനൽ, എൻജിനീയറിങ് ജോലികൾ പരിരക്ഷിക്കുന്നതിന് എല്ലാ എൻജിനീയർമാരും അവരുടെ അസിസ്റ്റൻറുമാരും കൗൺസിലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.
അംഗീകാരമില്ലാതെ എൻജിനീയറിങ് ജോലിയിലേർപ്പെടുന്നതും ഓഫിസുകളും കമ്പനികളും സ്ഥാപിച്ച് പ്രവർത്തിക്കുന്നതും അംഗീകാരമില്ലാത്തവരെ ജോലിക്ക് വെക്കുന്നതും ശിക്ഷാർഹമാണ്. 10 ലക്ഷം റിയാൽ വരെ പിഴയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.
സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം
രാജ്യത്ത് സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം വളരെ കുറവാണെന്നാണ് അധികൃതരുടെ നിഗമനം. സ്വകാര്യ മേഖലയിൽ ആകെ 85 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 76.2 ശതമാനം വിദേശികളാണ്. അതായത് 64.8 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ 2൦.3 ലക്ഷം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. അതായത് ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം 2൦2൦ മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ സൗദിവൽക്കരണം 23.8 ശതമാനം മാത്രമാണ്.
കൃഷി, മത്സ്യബന്ധനം, നിർമാണം, അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സപ്പോർട്ട് സർവീസ്, ഗാർഹിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നീ മേഖലകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ തയ്യാറാവുന്നില്ല എന്ന പരാതി അധികൃതര്‍ക്കുണ്ട്. ഈ മേഖലകളില്‍ ഏറ്റവും കൂടിയ സ്വദേശി വല്‍ക്കരണ തോത് 15 ശതമാനം മാത്രമാണ്. അതില്‍ കൃഷി-മത്സ്യ ബന്ധന മേഖലയില്‍ മാത്രമാണ് 15 ശതമാനം സ്വദേശികള്‍ ഉള്ളത്. മറ്റുള്ള മേഖലകളില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇത് 12 ശതമാനത്തില്‍ താഴെയാണ്.
എന്നാല്‍ ഏഴു പ്രവർത്തന മേഖലകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കൂടുതലാണ് എന്നുള്ളത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലത്തെ ഏറെ സന്തോഷിപ്പിക്കുന്നുമുണ്ട്. ധന, ഇൻഷുറൻസ് മേഖല, ജനറൽ അഡ്മിനിസ്‌ട്രേഷൻ, സാമൂഹിക സുരക്ഷാ മേഖല, അന്താരാഷ്ട്ര സംഘടനകള്‍, ഖനന മേഖല, വിദ്യാഭ്യാസ മേഖല, ടെലികോം, ഐ.ടി മേഖല, വൈദ്യുതി, ഗ്യാസ്, എയർകണ്ടീഷൻ മേഖല എന്നിവയിലാണ് പകുതിയില്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്.
ഇതില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടന്നത് ധന, ഇൻഷുറൻസ് മേഖലയിലാണ്. ഈ മേഖലകളിലെ സൗദിവൽക്കരണം 83.6 ശതമാനമാണ്.
കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ വ്യക്തവും കൃത്യവുമായ ആസൂത്രണങ്ങളിലൂടെ മന്ത്രാലയം മുന്നോട്ട് പോകുകയാണ്. ഘട്ടം ഘട്ടമായി പല മേഖലകളിലും സ്വദേശിവല്‍ക്കരണം ആരംഭിക്കളും വ്യാപിപ്പിക്കലും തോത് ഉയര്‍ത്തലുമെല്ലാം നടന്നു കൊണ്ടിരിക്കുന്നു. സമീപ ഭാവിയില്‍ ഈ മേഖലകളില്‍ എല്ലാം തന്നെ വിദേശികളായ തൊഴിലാളികള്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടം സംഭവിച്ചേക്കാം.

അഡ്വ. ഷിയാസ് കുഞ്ഞിബാവ.
LATEST
സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

റിയാദ്: കോവിഡിന്റെ രണ്ടാം വരവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കെ അശ്രദ്ധരായ ചിലരുടെ പ്രവൃത്തികള്‍ മൂലം നിയന്ത്രണം കൈവിട്ടു പോകുമെന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. കോവിഡിന്റെ ഒന്നാം വരവ് രാജ്യം പൊതുവേ നന്നായി കൈകാര്യം ചെയ്ത് നിയന്ത്രണാധീനമാക്കിയപ്പോള് കൈവന്ന അമിത ആത്മവിശ്വാസമാണ് ഇത്തരക്കാരെ ഉദാസീനരാക്കാന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇവരുടെ ഉദാസീനതയും അശ്രദ്ധയും മൂലം കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്ക് ഇപ്പോഴുള്ളത്.
ഈ ആശങ്കയാണ് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലൂടെ പ്രതിഫലിച്ചത്. ആഭ്യന്തര മന്ത്രാലയവും, ഹജ്ജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ അല്ശാല്ഹൗബ് നല്‍കിയ മുന്നറിയിപ്പ് ചില നഗരങ്ങള്‍ക്കും ചില മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള മുന്നറിയിപ്പാണ്.
ചില നഗരങ്ങളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ചില മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം നല്‍കിയ മുന്നറിയിപ്പ് പ്രധാനമായും റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നീ മൂന്ന് നഗരങ്ങളെ ലക്ഷ്യമാക്കിയാണ്.
കഴിഞ്ഞ മൂന്ന് മാസത്തെ രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ക്രമാനുഗതമായി രോഗബാധ നിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്നത് മൂന്ന് നഗരങ്ങളിലും പ്രവിശ്യയിലും ആണെന്ന് കാണാം. തുടക്കം മുതല്‍ ഈ കണക്കില്‍ മുന്നിട്ട് നില്‍ക്കുന്നത് റിയാദ് നഗരമാണ്. സ്ഥിരമായ താഴ്ച്ചകളില്ലാതെ ക്രമമായ ഉയര്‍ച്ച മാത്രമേ റിയാദ് നഗരത്തിന്റെ കോവിഡ് ബാധ നിരക്കിലെ റിപ്പോര്‍ട്ടുകള്‍ക്ക് ഉണ്ടായിട്ടുള്ളൂ.
മക്കയിലും രോഗബാധ നിരക്ക് ഉയര്‍ന്നു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ റിയാദ് നഗരത്തിന്റെ പകുതിയോളം മാത്രമേ രോഗബാധകള്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. കിഴക്കന്‍ പ്രവിശ്യയിലും നൂറില്‍ കൂടുതലും നൂറ്റി അന്‍പതില്‍ കുറവുമായാണ് കുറെ ദിവസങ്ങളായുള്ള രോഗബാധ റിപ്പോര്‍ട്ടുകള്‍.
ഇതില്‍ കോവിഡ് രോഗബാധ സംബന്ധിച്ച് ഏറ്റവും അപകടകരമായ നഗരമായി മാറിയിരിക്കുന്നത് റിയാദ് നഗരമാണ്. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് ബാധകളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് റിയാദില്‍ നിന്നാണ്. അതാകട്ടെ കുറയാനുള്ള പ്രവണത കഴിഞ്ഞ മൂന്ന് മാസമായി കാണിച്ചിട്ടുമില്ല. അടുത്ത ദിവസങ്ങള്ളില് അവിടെ നിന്നുള്ള രോഗബാധ നിരക്ക് കുറയുമെന്ന പ്രതീക്ഷ അധികൃതര്‍ക്കുമില്ല.
നിലവിലെ സാഹചര്യത്തില്‍ രാജ്യമൊട്ടാകെ ലോക്ക്ഡൌണോ കര്‍ഫ്യൂവോ പ്രഖ്യാപിക്കാന്‍ അധികൃതര്‍ താല്‍പ്പര്യപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൌണും കര്‍ഫ്യൂവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അത്ര കണ്ടു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അത് മുന്‍നിറുത്തി കോവിഡിന്റെ രണ്ടാം വരവിനെ നിയന്ത്രണങ്ങള്‍ കൊണ്ടും വാക്സിന് കൊണ്ടും പ്രതിരോധിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.
ആ തീരുമാനം ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളില്‍ നിന്നുള്ള രോഗബാധ നിരക്ക് ഒഴികെ രാജ്യത്തെ മറ്റുള്ള നഗരങ്ങളിലെയും പ്രവിശ്യകളിലെയും രോഗബാധ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെ രാജ്യത്തെ മറ്റു നഗരങ്ങളും പ്രവിശ്യകളും കടുത്ത നിയന്ത്രണത്തിന് കീഴില്‍ കൊണ്ട് വരുന്നതിന് അധികൃതര്‍ക്ക് താല്‍പ്പര്യമില്ല.
എന്നാല്‍ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ രോഗബാധ നിരക്കുകള്‍ ഓരോ ദിവസവും കൂടി വരുന്നതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.
മക്കയിലെ രോഗബാധ നിരക്ക് കൂടുതലാണെങ്കില്‍ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ടെന്നൊരു കര്‍ഫ്യൂ മക്കയില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ആഭ്യന്തരവും വിദേശികളുമായ തീര്‍ത്ഥാടകര്‍ ഉംറ തീര്‍ത്ഥാടനത്തിനായി വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ വിശുദ്ധ മാസത്തില്‍ മക്കയില്‍ കര്‍ഫ്യൂവിന് അധികൃതര്‍ താല്‍പ്പര്യപ്പെടുന്നില്ല. മറിച്ചു കര്‍ശന നിയന്ത്രണവും പരിശോധനകളും വാക്സിന് കുത്തി വെപ്പുകളുമായി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കും. അല്ലാത്ത പക്ഷം വിശുദ്ധ റമദാന മാസം അവസാനിച്ചതിന് ശേഷം അധികൃത കര്‍ശന നടപടികള്‍ എടുത്തേക്കാം.
എന്നാല്‍ റിയാദിലെ രോഗബാധ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അവിടങ്ങളില്‍ ജനങ്ങള്‍ ഒരു പരിധി വരെ അശ്രദ്ധയും ഉദാസീനതയും പ്രകടമാക്കുന്നുണ്ട് എന്ന വിലയിരുത്തല്‍ അധികൃതര്‍ക്കുണ്ട്. ഒന്നാം തരംഗം അധികൃതര്‍ക്ക് വളരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചത് കൊണ്ടും വാക്സിനേഷന് തുടങ്ങി കഴിഞ്ഞത് കൊണ്ടും ഇനി വൈറസിനെ പരിധിയില്‍ കവിഞ്ഞു ഭയപ്പെടേണ്ട എന്നും തങ്ങള്‍ക്ക് രോഗം വരില്ലെന്നും വന്നാല്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നും എന്നുള്ള അമിത ആത്മ വിശ്വാസം ഒരു വിഭാഗം ജനങ്ങളില്‍ കാണപ്പെടുന്നുണ്ട് എന്നതിനാലാണ് ജാഗ്രത കൈവിടുന്നതെന്ന് അധികൃതര്‍ മനസ്സിലാക്കുന്നു.
ഈ ഉദാസീനത ജനങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ആളുകള്‍ മാസ്കുകള്‍ ധരിക്കുന്നു എന്നതൊഴിച്ച് സാധാരണ പോലെ തന്നെയാണ് പ്രതിടെന പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഈ അമിത ആത്മ വിശ്വാസം ഇപ്പോഴും പ്രകടിപ്പിക്കുന്നു. അത് കൊണ്ട് ഇനിയും രോഗബാധ നിരക്ക് കൂടുതലയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ ആദ്യം ലോക്ക്ഡൌണോ കര്‍ഫ്യൂവോ പ്രഖ്യാപിക്കുക റിയാദില്‍ തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ചിലപ്പോള്‍ മുഴുവനായി കര്‍ഫ്യൂ, ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാതെ ചില മേഖലകളിലെ പ്രവൃത്തികള്‍ മാത്രമായും നിയന്ത്രണത്തിന് കീഴില്‍ കൊണ്ട് വരും എന്ന മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയ വക്താവ് നല്‍കിയിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ആളുകള്‍ കൂട്ടമായി എത്താന്‍ സാഹചര്യമുള്ളതും കൂരുതല്‍ എളുപ്പത്തില്‍ വൈറസ് പകരാന്‍ സാധ്യതയുള്ളതുമായ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മാളുകള്‍, ഭക്ഷണ ശാലകള്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയ അപകട സാധ്യതയുള്ള മേഖലകളില്‍ നിയന്ത്രണം തിരികെ കൊണ്ട് വന്നേക്കാം.
LATEST
ഒന്നര കോടിയോളം പേര്‍ സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് കൊടുമ്പിരി കൊള്ളുമ്പോഴും സൗദി അറേബ്യയും അതില്‍ നിന്നും മുക്തമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിനം പ്രതിയുള്ള രോഗബാധ നിരക്ക് ആയിരത്തിനോടടുത്ത് എത്തി നില്‍ക്കുകയാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍.
വിശുദ്ധ റമദാനിൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സർക്കാർ വകുപ്പുകളോട് നിർദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു കൊണ്ട് തന്നെയാണ് കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിലും ലോകമാനമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ തീര്‍ത്ഥാടനം ഭംഗിയായി നിര്‍വ്വഹിക്കാന്‍ അധികൃതര്‍ അവസരം നല്‍കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് നൂറു ശതമാനം സുരക്ഷ ഉറപ്പു വരുത്തിയാണ് ഓരോ തീര്‍ത്ഥാടകനേയും വിശുദ്ധ ഹറമുകളില്‍ നിന്നും അധികൃതര്‍ പറഞ്ഞയക്കുന്നത്.
ഒക്ടോബര്‍ മാസം മുതല്‍ വിശുദ്ധ റമദാന് തുടങ്ങുന്ന ഏപ്രില്‍ 13 വരെ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും ഉള്‍പ്പെടെ ഒന്നര കോടിയോളം വിശ്വാസികളാണ് മക്കയില്‍ എത്തിയത്. ഇതില്‍ 45 ലക്ഷത്തോളം പേര്‍ ഉംറ നിര്‍വഹിച്ചു മടങ്ങി. ഒരു കോടിയോളം വിസ്വാസികള്‍ വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ഇതില്‍ അധികൃതരുടെ ആസൂത്രണ മികവാണ് പ്രത്യേകം എടുത്തു പറയേണ്ടത്. കോവിഡിന്റെ ഒന്നാം തരംഗം കെട്ടടങ്ങിയപ്പോഴും രണ്ടാം വരവ് തീവ്രത കൈവരിക്കുമ്പോഴും ഈ ആസൂത്രണത്തില്‍ തെല്ലും പിഴവ് ഉണ്ടായിട്ടില്ല.
രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ തീര്‍ത്ഥാടകാര്‍ക്ക് കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി. തീര്‍ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും. ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.
തട്ടിപ്പുകള്‍ തടയുന്നതിനും പൂര്‍ണ്ണ സുരക്ഷയും ഉറപ്പു വരുത്തുന്നതിനും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ‘ഇഅ്തമര്‍നാ’, ‘തവക്കല്‍നാ’ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു. വാക്സിനേഷന് നടത്തിയവര്‍ തവക്കല്‍നാ ആപ്പ് വഴിയാണ് പെര്‍മിറ്റ് കരസ്ഥമാക്കേണ്ടത്. ഹറമിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും കൊറോണ വാക്സിൻ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്.
കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്സിനേഷന് സ്വീകരിച്ചവര്‍ക്കും മാത്രാണ് തവക്കല്‍നാ ആപ്പ് വഴി പെര്‍മിറ്റുകള്‍ അനുവദിക്കുക. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ അനുമതിക്കായി അപേക്ഷിക്കേണ്ടതുള്ളൂ. തവക്കല്‍ന ആപ്പില്‍ കാണിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക. സ്ക്രീന്‍ ഷോട്ട് സ്വീകരിക്കുകയില്ല.
ഒരു ദിവസം ഉംറക്ക് ഏഴ് സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. അനുവദിച്ച സമയം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകരുടെയും റദ്ദാക്കിയവരുടെയും ഒഴിവുകള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇതനുസരിച്ച് ബുക്കിംഗ് അപ്ഡേറ്റ് ചെയ്ത് സമയം ക്രമീകരിക്കും.
ഇരു ഹറമുകളിലും എത്തുന്നവര്‍ കോവിഡ് മുന്കരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി എട്ടു നിബന്ധനകളാണ് പാലിക്കേണ്ടത്.
1. വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുമ്പോള്‍ ലഗേജുകളോ ഭക്ഷണ, പാനീയങ്ങളോ കൈവശം വെക്കരുത്.
2. ഹറമുകളിലും എത്തുന്നവര്‍ മുഴുസമയം മാസ്കുകള്‍ ധരിക്കണം.
3. മാസ്കുകള്‍ നീക്കം ചെയ്യാനോ ഊരിക്കളയാനോ പാടില്ല.
4. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശാരീരിക അകലം പാലിക്കുക്കണം.
5. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടങ്ങളിലെ തെര്‍മല്‍ ക്യാമറകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കണം.
6. സ്വന്തം നമസ്കാരപടവും മുസ്ഹഫും കൈയില്‍ കരുതണം.
7. സ്വന്തം മുസ്ഹഫ് കൈയിലില്ലാത്തവര്‍ മൊബൈല്‍ ഫോണുകളിലെ മുസ്ഹഫ് ആപ്പുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കണം.
8. ത്വവാഫ് കര്‍മത്തിനും നമസ്കാരം നിര്‍വഹിക്കാനും നിശ്ചയിച്ച പ്രത്യേക ട്രാക്കുകളും സ്ഥലങ്ങളും പാലിക്കുകയും വേണം.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള വ്യവസ്ഥകൾ
1. തീര്‍ത്ഥാടകര്‍ കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കണം.
2. തീര്‍ത്ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം.
3. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും.
4. ഇവര്‍ സൗദി വിടുന്നത് വരെയുള്ള നിരീക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.
5. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉംറ വിസയിൽ എത്തുന്നവർ ഉംറ നിർവഹിക്കുന്നതിന് ആറു മണിക്കൂർ മുമ്പ് മക്കയിലെ ഇനായ (കെയർ) സെന്ററിൽ എത്തണം.
6. സൗദിയിൽ അംഗീകാരമുള്ള വാക്സിനുകളുടെ ഇനം അനുസരിച്ച് തീര്‍ത്ഥാടകർ വാക്സിൻ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും.
7. ഇതിനു ശേഷം തീര്‍ത്ഥാടകർക്ക് തിരിച്ചറിയുന്നതിനായി കൈകളില്‍ ധരിക്കാന്‍ പ്രത്യേക ബ്രേസ്ലെറ്റുകള് നല്‍കും.
8. സെന്ററിൽ കഴിയുന്ന സമയത്തെല്ലാം തീര്‍ത്ഥാടകർ ബ്രേസ്ലെറ്റ് കൈകളില്‍ ധരിക്കേണ്ടത് നിര്‍ബന്ധമാണ്.
9. ഇതിനു ശേഷം തീർഥാടകരെ അൽശുബൈക ഒത്തുചേരൽ കേന്ദ്രത്തിലേക്ക് ആനയിക്കും.
10. ഇവിടെ വെച്ച് പെർമിറ്റ് വിവരങ്ങൾ പരിശോധിക്കുന്നതിന് തീര്‍ത്ഥാടകരുടെ ബ്രേസ്ലെറ്റുകള് പരിശോധിക്കും.
11. ഓരോ തീര്‍ത്ഥാടകന്റെയും വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ഓരോരുത്തർക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് ഉംറ നിർവഹിക്കാന്‍ അനുമതി നല്‍കും.
അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റുകൾ നേടുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് നാലു പാർക്കിംഗുകൾ ആണ് അനുവദിച്ചിട്ടുള്ളത്. ഉംറ നിർവഹിക്കാനും ഹറമിൽ നമസ്കാരത്തിൽ പങ്കെടുക്കാനും പെർമിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ പാർക്കിംഗുകളിൽ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയ നിശ്ചിത സമയം കഴിഞ്ഞ് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. കുട്ടികളെ കൂടെ കൊണ്ടുവരരുത് എന്നും നിബന്ധനയുണ്ട്.
ഉംറ തീതീര്ത്ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ ഹറമിനടുത്ത സെൻട്രൽ ഏരിയയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. താമസത്തിനായി ഹറമിനു സമീപത്തെ ഹോട്ടലുകളിൽ ബുക്കിംഗ് നടത്തിയവരെയാണ് ബുക്ക് ചെയ്ത നേടിയവര്‍ക്കാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദം നല്‍കുകയുള്ളൂ. കൂടാതെ ഉംറ നിർവഹിക്കാനോ ഹറമിൽ നമസ്കാരം നിർവഹിക്കാനോ പെർമിറ്റ് നേടിയവര്‍ക്കും അനുവാദം നല്‍കും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ്അനുവാദം നല്‍കുക. ഈ വാഹനങ്ങള്‍ യാത്രക്കാരെ ഇവിടങ്ങളില്‍ എത്തിച്ച ശേഷം കാത്തു നില്‍ക്കാതെ പുറത്തു പോകണം. സെൻട്രൽ ഏരിയയിൽ കൂടിയാണ് പുറത്തു കടക്കേണ്ടത്.
ഹറമിനടുത്ത ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പാടാക്കാത്തവര് അവര്‍ക്ക് പാര്‍ക്കിങ്ങിനു അനുവാദമുള്ള പൊതുഗതാഗത സർവീസുകളുള്ള പാർക്കിംഗുകളിലാണ് എത്തേണ്ടത്. അവിടെ നിന്നും അവരെ അധികൃതര്‍ പൊതുഗതാഗത സംവിധാനങ്ങളിൽ ഹറമിനടുത്ത ബസ് സ്റ്റേഷനുകളിൽ എത്തിക്കും. ഇഅ്തർമനാ ആപ്പിലൂടെ ഹറമിലേക്കുള്ള ബസ് യാത്ര ടിക്കറ്റ് മൂൻകൂട്ടി വാങ്ങാം.
ഈ നാല് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തീര്‍ത്ഥാടകരെ വാഹനങ്ങളില്‍ ഹറമിന് സമീപത്തേക്ക് എത്തിക്കും. എത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ കാൽനടയായി ഹറമിലെത്തുകയാണ് വേണ്ടത്. ഉംറ കർമം നിർവഹിച്ചു ഹറമിൽ നമസ്കാരത്തിൽ പങ്കെടുത്ത ശേഷം ഇതേ റൂട്ടിലൂടെ തന്നെയാണ് അവർ തിരിച്ചു പോകേണ്ടത്.
1. കുദയ് പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബസ്സില്‍ കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് പദ്ധതിക്കു സമീപം എത്തിക്കും)
2. അൽസാഹിർ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ജർവൽ പാർക്കിംഗില്‍ എത്തിക്കും)
3. അമീർ മിത്അബ് റോഡ് പാര്‍ക്കിംഗ് (അൽമസാഫി ടണൽ) (ഇവിടങ്ങളില്‍ നിന്നുള്ളവരെ അജ്യാദ് ബസ് സ്റ്റേഷനില്‍ എത്തിക്കും)
4. ജംറ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബാബ് അലി സ്റ്റേഷനില്‍ എത്തിക്കും).
എല്ലാ വര്‍ഷവും അധികൃതരുടെ അസൂത്രണങ്ങളില്‍ പിഴവുകള്‍ ഉണ്ടാക്കുന്നത് അനധികൃതമായി എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരാണ്. ഈ വര്‍ഷം തവക്കല്‍ന, ഇഅ്തമര്‍നാ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ അനധികൃത തീതീര്ത്ഥാടകരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് ഉണ്ടാകും. എന്നിട്ടും ഇതെല്ലാം മറികടന്ന് റമദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്കരിക്കാനും എത്തുന്നവര്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും നമസ്കരിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാലും പിഴ ലഭിക്കും.
റമദാനിൽ ഇരു ഹറമുകളിലും തവാവീഹ് നമസ്കാരം നടത്താന്‍ സൽമാൻ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. പത്ത് റക്അത്തായി ചുരുക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പിന്തുടർന്നും തറാവീഹ് നമസ്കാരം നടത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇശാ നമസ്കാരത്തിനുള്ള അനുമതിപത്രത്തിൽ തറാവീഹ് നമസ്കാരവും ഉൾപ്പെടും.
പ്രതിരോധ മുൻകരുതൽ പാലിച്ച് മസ്ജിദുൽ ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസവും രണ്ടു ലക്ഷം സംസം ബോട്ടിലുകൾ വിതരണം ചെയ്തു വരുന്നുണ്ട്. ഇതിനായി 50 ട്രാളികൾ മത്വാഫ്, ഒന്നാം നില, കിങ് ഫഹദ് വികസന ഭാഗം, കിങ് അബ്ദുല്ല ഹറം വികസന ഭാഗം, മുറ്റങ്ങൾ എന്നിവിടങ്ങളിൽ സംസം വിതരണത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കവാടങ്ങളിലും മത്വാഫിലും മുറ്റങ്ങളിലും ആളുകൾക്ക് പാത്രങ്ങളിൽ സംസം ഒഴിച്ചുകൊടുക്കുന്നതിന് സംസം നിറച്ച ബാഗുകളുമായി 20 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്.
അധികൃതരുടെ മുകളില്‍ പറഞ്ഞ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിബന്ധനകളും വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് ഓരോ തീര്‍ത്ഥാടകനും ഉംറ കര്‍മ്മം നിര്‍വഹിച്ചും പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിച്ചും വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗനഗളില് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ ഓരോ തീര്‍ത്ഥാടകനും ഏറ്റവും സുരക്ഷിതമായി വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ അവിടെ തെളിയുന്നത് അധികൃതരുടെ അസൂത്രണത്തിന്റെയും ജാഗ്രതയുടെയും മികവാണ്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
-
INDIA1 week ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA2 days ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA6 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST6 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST1 week ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA2 days ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്
-
INDIA5 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍