LATEST
സൗദിയിലെ ഏറ്റവും നല്ല സ്പോണ്‍സര്‍മാരെ ലഭിച്ച ഭാഗ്യവാന്മാരായ 5 പ്രവാസികള്‍

പ്രവാസികളുടെ കഥകളിലെ സ്ഥിരം വില്ലന്‍ വേഷക്കാരാണ് സ്പോണ്‍സര്‍മാര്‍. ഒരു പ്രവാസിക്ക് തന്‍റെ സ്പോണ്‍സറെ കുറിച്ച് നല്ലത് മാത്രം പറയാനുണ്ടാകുക എന്നത് അപൂര്‍വ്വമാണ്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെയും, ആനുകൂല്യങ്ങള്‍ നല്‍കാതെയും തനിക്ക് തോന്നുമ്പോള്‍ ശാസിച്ചും ശിക്ഷിച്ചും തോന്നുമ്പോള്‍ എക്സിറ്റടിച്ച് പറഞ്ഞു വിട്ടും പീഡിപ്പിക്കുന്ന സ്പോണ്‍സര്‍. അതാണ് പൊതുവേയുള്ള ചിത്രം.
എന്നാല്‍ എല്ലാവരുടെയും അവസ്ഥ ഇത് പോലെയല്ല. സ്വന്തം മക്കളെ പോലെയും കൂട പിറപ്പിനെ പോലെയും തൊഴിലാളികളെ കരുതുന്ന സ്പോണ്‍സര്‍മാര്‍ സൗദിയില്‍ ഉണ്ട്. അത്രക്ക് മഹാമനസ്കത കാണിച്ചില്ലെങ്കിലും തൊഴിലാളികളെ ഉപദ്രവിക്കാതെ അവരോട് നല്ല രീതിയില്‍ മാത്രം പെരുമാറുന്ന സ്പോണ്‍സര്‍മാരും ഉണ്ട്. സ്നേഹിച്ചില്ലെങ്കിലും നല്ല ജോലിക്കാരായി കണ്ടു മുടങ്ങാതെ ശമ്പളം നല്കിയും എല്ലാ വിധ ആനുകൂല്യങ്ങളും നല്‍കിയും തൊഴിലാളികളെ നല്ല രീതിയില്‍ കാണുന്ന സ്പോണ്‍സര്‍മാരും ഉണ്ട്.
തങ്ങള്‍ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന തൊഴിലാളികളോട് ഏറ്റവും നന്നായി പെരുമാറിയ സൗദി അറേബ്യയിലെ അഞ്ചു സ്പോണ്‍സര്‍മാരെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവങ്ങളില്‍ ചിലത് അത്ഭുതത്തോട് കൂടി മാത്രമേ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. അത്ര മേല്‍ സഹജീവികളോട് കാരുണ്യവും ദയയും കാണിച്ചവരായിരുന്നു ഈ സ്പോണ്‍സര്‍മാര്‍.
മലയാളിയായ ഹൗസ് ഡ്രൈവറുടെ മോചനത്തിനായി 65 ലക്ഷം രൂപ നൽകിയ സ്പോൺസർ
2019 സെപ്റ്റംബർ ഏഴിനാണ് ഇന്നത്തെ സാഹചര്യത്തിൽ പ്രവാസികൾക്ക് തികച്ചും അവിശ്വസനീയമായ ഈ സംഭവം സൗദിയിലെ തായിഫിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പക്ഷേ ജയിൽ മോചിതനാകാൻ സഹായിച്ച സ്പോണ്‍സറോട് നന്ദി പറയാൻ പോലും കഴിയുന്നതിന് മുന്‍പായി സ്പോണ്‍സര്‍ മരണത്തിനു കീഴടങ്ങിയതാണ് കായംകുളം പുള്ളിക്കണക്ക് വെളുത്തേരിയിൽ ജിതേഷിനൊപ്പം തന്നെ സൗദിയിലെ ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികൾക്കും വേദനനായി മാറിയത്.
വിവാഹം കഴിഞ്ഞ് 11 മാസം ആയപ്പോഴാണ് സൗദിയിലെ തായിഫിൽ ജിതേഷ് ജോലിക്കെത്തിയത്. ഹൗസ് ഡ്രൈവർ വിസയിലായിരുന്നു എത്തിയത്. എന്നാൽ ജോലിയിൽ കയറി 2 മാസം കഴിഞ്ഞപ്പോൾ ജിതേഷ് ഓടിച്ച വാഹനം ഇടിച്ച് ഒരു സൗദി പൗരൻ മരിക്കുകയായിരുന്നു. തുടർന്ന് കേസിന്റെ നടപടി ക്രമങ്ങൾ മൂലം ജിതേഷിന് നീണ്ട ആറു വർഷങ്ങൾ നാട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല.
ഈ സംഭവത്തോടെ ജിതേഷ് ജയിലിൽ അടക്കപ്പെട്ടു. ആരംഭ ഘട്ടത്തിൽ തന്നെ താൽക്കാലിക ജാമ്യത്തിൽ ജിതേഷിനെ സ്പോൺസറായ അബ്ദുല്ല ബിൻ മുസാദ് അയ്യിദ് അൽ ഉസൈമീ ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു.
വാഹനാപകട കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ട ജിതേഷ് 3,17,000 റിയാൽ (ഇപ്പോഴത്തെ 65 ലക്ഷത്തിലധികം രൂപ) പിഴയൊടുക്കാൻ ഉത്തരവായി. തുടർന്ന് പണം നൽകാൻ കഴിയാതെ താൽക്കാലിക ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതേഷിനെ ജയിലിടച്ചു.
തൊണ്ണൂറ് വയസ്സായ സ്പോൺസർ ജിതേഷ് ജയിലിലാവുന്ന സമയം രോഗബാധിതനായി ആശുപത്രിയിൽ കഴിയുകയായിരുന്നു. അദ്ദേഹത്തിന്റെ സഹായിയായി കാര്യങ്ങൾ നോക്കി വരവെയാണ് ജിതേഷ് വീണ്ടും ജയിലിലായത്.
ഭീമമായ മോചന തുക നൽകാൻ കഴിയാത്തതിനാൽ ഒരിക്കലും ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ലെന്ന് ജിതേഷ് കരുതിയിരുന്ന അവസരത്തിലാണ് 65 ലക്ഷം രൂപ നൽകാൻ സ്പോൺസർ സമ്മതിക്കുന്നത്. മലയാളികളായ സാമൂഹിക പ്രവർത്തകർ പണത്തിനായുള്ള ശ്രമങ്ങൾ തുടങ്ങി വെച്ചപ്പോഴാണ് ആ വാഗ്ദാനം നിരസിച്ച് തന്‍റെ തൊഴിലാളിയെ ജയില്‍ മോചിതനാക്കുന്ന കാര്യം താൻ ഏറ്റെടുത്തുവെന്ന് പറഞ്ഞു സ്പോൺസർ മുന്നോട്ട് വന്നത്.
തുടർന്ന് സ്പോൺസർ ഇതു സംബന്ധിച്ച് ഉളള രേഖകളിൽ ഒപ്പിട്ട് നൽകി ജിതേഷിനെ ജയിൽ മോചിതനാക്കി. ജയിലിൽ നിന്ന് മോചിതനായ ജിതേഷ് ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടെങ്കിലും സംസാരിക്കാനായില്ല. രാത്രിയോടെ അദ്ദേഹം മരിക്കുകയും ചെയ്തു.
ജിതേഷും സ്പോൺസറും തമ്മിൽ തികഞ്ഞ ആത്മ ബന്ധമാണ് ഉണ്ടായിരുന്നത്. സ്വന്തം പിതാവിനെ പോലെയാണ് അദ്ദേഹത്തെ ജിതേഷ് പരിചരിച്ചിരുന്നത്. ജിതേഷ് ജയിലിൽ കിടന്നിരുന്ന സമയത്ത് വീട്ടിലെ ചിലവിനുള്ള തുകയും നല്ലവനായ സ്പോൺസർ അയച്ചു കൊടുക്കുമായിരുന്നു.
മലയാളിയായ തൊഴിലാളിയെ പിതാവിനെ പോലെ കരുതി ശുശ്രൂഷിച്ച സ്പോൺസർ
കഴിഞ്ഞ വര്‍ഷം സൗദിയിലെ സഫവയിൽ നിന്നാണ് പ്രവാസികൾ തെല്ലൊരു അവിശ്വാസത്തോടെ ഉൾക്കൊണ്ട ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
തന്റെ ഇപ്പോഴത്തെ സ്പോൺസർ അബ്ദുല്ല സാദ് അൽ മസൗരിയുടെ പന്ത്രണ്ടാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ പിതാവിന്റെ സ്പോണ്സർഷിപ്പിൽ ജോലിക്കായി എത്തിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ സലിം ഹസ്സൻ 38 വർഷങ്ങൾക്ക് ശേഷം ശയ്യാവലംബിയായി നാട്ടിലേക്ക് മടങ്ങിയപ്പോൾ പിതൃതുല്യനോടെന്ന പോലെയുള്ള സ്നേഹ വായ്പോടെയാണ് അബ്ദുല്ല നാട്ടിലേക്ക് തിരികെ അയച്ചത്.
ഒരു ദിനം തളർന്ന് വീണ് നടക്കാൻ പോലുമാകാതെ കിടക്ക മാത്രം ജീവിതമായി മാറിയപ്പോഴും ഉപേക്ഷിച്ചു കളയാതെ സലിം ഹസനെ പിതാവിനെയെന്ന പോലെ പരിചരിച്ചു അബ്ദുല്ല.
സ്വന്തം വീട്ടിലെ മജിലിസില്‍ കിടത്തിയാണ് അബ്ദുള്ളയും കുടുംബവും സലിം ഹസനെ പരിചരിച്ചിരുന്നത്. സലീമിനെ കുളിമുറിയിലേക്ക് എടുത്തു കൊണ്ട് പോയിരുന്നതും കുളിപ്പിച്ചിരുന്നതുമെല്ലാം അബ്ദുള്ളയും മക്കളും ആയിരുന്നു.
അബ്ദുല്ലയുടെ പിതാവിന്റെ സ്പോൺസർഷിപ്പിലാണ് സലിം ഹസൻ ആദ്യമായി സൗദിയിൽ എത്തുന്നത്. തോട്ടം ജോലിയും വീട് മേൽനോട്ടവും ആയിരുന്നു ജോലി. അന്ന് മുതൽ ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു എല്ലാവരും സലീമിനോട് പെരുമാറിയിരുന്നത്.
28 വർഷം അവിടെ ജോലി ചെയ്ത ശേഷം ഒരിക്കൽ അവധിക്കായി നാട്ടിൽ പോയപ്പോൾ രോഗം പിടിപെട്ട് തിരികെ വരാൻ കഴിയാതായപ്പോഴും സലിമിനോട് സ്നേഹ വായ്‌പോടെയാണ് ആ കുടുംബം പെരുമാറിയത്. എപ്പോഴും വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സലീമിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്. അതിനിടയിൽ സ്പോൺസർ മരണപ്പെട്ടു. തനിക്ക് തിരികെ വരാൻ ആഗ്രഹം ഉണ്ടെന്ന് രോഗ വിമുക്തനായ ശേഷം സലിം സ്‌പോൺസറുടെ മൂത്ത മകനായ അബ്ദുല്ലയെ അറിയിച്ചപ്പോൾ ആഹ്ലാദത്തോടെയാണ് തന്റെ പിതാവിന്റെ വിശ്വസ്തന് അബ്ദുള്ള വിസ അയച്ചു കൊടുത്തത്.
പത്തു വർഷത്തോളം അബ്ദുല്ലയുടെ കീഴിലും സലിം ജോലി ചെയ്തു. വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് സലീമിനോട് അബ്ദുല്ല പെരുമാറിയിരുന്നത്. അബ്ദുല്ല ഏൽപ്പിച്ച കാര്യങ്ങളെല്ലാം സലിം ആത്മാർത്ഥതയോടെയും വിശ്വസ്തതയോടെയും ചെയ്യുകയും ചെയ്തിരുന്നു.
ഒടുവിൽ ഒരു ദിവസം സലിം ഹസൻ തളർന്ന് വീഴുകയായിരുന്നു. കിഴക്കൻ പ്രവിശ്യകളിലെ വിവിധ ആശുപത്രികളിൽ അബ്ദുല്ല സലീമിന് ചികിത്സ ഏർപ്പാടാക്കി. ഒടുവിൽ കഴിഞ്ഞ ദിവസം സലിം നാട്ടിലേക്ക് പോകുന്നത് വരെ വീട്ടിൽ താമസിപ്പിച്ചായിരുന്നു പരിചരിച്ചിരുന്നത്,
മൂന്ന് മാസത്തോളം ഒരേ കിടപ്പില്‍ കിടന്നിട്ടും രോഗാവസ്ഥയിൽ മാറ്റം വരുന്നില്ല എന്ന് കണ്ടപ്പോൾ സലിം തന്നെയാണ് തന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ അബ്ദുള്ളയോട് ആവശ്യപ്പെട്ടത്.
ഒടുവില്‍ തെല്ലൊരു വിഷമത്തോടെ അബ്ദുല്ല ആ ആവശ്യം അംഗീകരിക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ അബ്ദുല്ല ദമ്മാമിൽ നിന്നും കൊച്ചിയിലേക്കുള്ള നോർക്ക ഹെൽപ്പ് ഡെസ്കിന്റെ വിമാനത്തിൽ സലീമിനെ നാട്ടിലേക്ക് അയക്കുകയായിരുന്നു.
ഇഖാമ പോലും എടുക്കുന്നതിന് മുൻപ് മരണപ്പെട്ട തന്റെ തൊഴിലാളിയുടെ കുടുംബത്തിന് 1.25 ലക്ഷം രൂപ നൽകിയ സ്പോൺസർ.
ഈ നല്ല വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ അബഹയിൽ നിന്നാണ്. ഹൃദയാഘാതം മൂലം അബഹ മദീന സുല്‍ത്താനില്‍ മരണപ്പെട്ട കര്‍ണാടക തുംകൂര്‍ സ്വദേശി അംജദ് ഖാന്റെ (38) സ്പോൺസറുമായി സംസാരിക്കാൻ മുതിർന്ന മലയാളികളായ സാമൂഹിക പ്രവർത്തകർക്ക് ലഭിച്ച അനുഭവം മറ്റൊന്നായിരുന്നു. ഇഖാമ പോലും എടുക്കുന്നതിന്ന് മുമ്പ് മരണപ്പെട്ട ഖാന്റെ കുടുംബത്തിന് സ്പോൺസർ നൽകിയത് 1.25 ലക്ഷം രൂപ.
അബഹയില്‍ അല്‍ അദ്‌വാനി സ്റ്റീല്‍ കമ്പനിയില്‍ ഹെവി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അംജദ് ഖാൻ. വൈകീട്ട് 7 മണിയോടു കൂടി ഖാന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. താമസ സ്ഥലത്ത് വെച്ച് തന്നെയായിരുന്നു വേദന അനുഭവപ്പെട്ടത്. കൂടെ താമസിക്കുന്നവര്‍ ഉടനെ വിവരം നൽകിയതിനാൽ ആംബുലന്‍സും സ്ഥലത്തെത്തി ഖാനെ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അംജദ് ഖാന് ബന്ധുക്കളായി അബഹയില്‍ ആരുമില്ലാത്തതിനാൽ സാമൂഹിക പ്രവര്‍ത്തകരാണ് സംസ്കാരത്തിന് മുൻകൈ എടുത്തത്. കോവിഡ് മൂലമുള്ള കർഫ്യൂ മൂലം സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിരുന്നതിനാൽ ഏറെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം സറാത്ത ബീദ ഖബര്‍സ്ഥാനില്‍ സംസ്കരിക്കാൻ സാധിച്ചത്.
അംജദ് ഖാൻ സൗദിയിലെത്തിയിട്ട് വെറും രണ്ടുമാസം മാത്രമേ ആയിരുന്നുള്ളൂ. ഇഖാമ പോലും ലഭിച്ചിരുന്നില്ല. സൗദിയിൽ എത്തിയതിന് ശേഷം അപ്രതീക്ഷിതമായി കോവിഡ് പ്രതിസന്ധി ഉണ്ടായതിനെ തുടർന്ന് ഇഖാമ ലഭിക്കാതെയും ജോലിയെടുക്കാനാകാതെയും താമസ സ്ഥലത്ത് തന്നെയായിരുന്നു.
നിർദ്ധന കുടുംബാംഗമായ അംജദ്ഖാന് നാട്ടിൽ ഭാര്യയും ഏഴും 11 ഉം വയസായ രണ്ടു കുട്ടികളുമുണ്ടായിരുന്നു. കുടുംബത്തിന്റെ ഏക ആശ്രയമായ ഖാൻ മരിച്ചതോടെ നിരാശ്രയരായ ഇവർ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയിലായിരുന്നു.
തൊഴിലാളിയുടെ കുടുംബത്തിന്റെ കാര്യങ്ങൾ ചെയ്യാൻ നിയമപരമായി ബാധ്യസ്ഥനല്ലാത്ത സ്‌പോൺസറുടെ പ്രതികരണം എങ്ങിനെ ആയിരിക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലായിരുന്നു സാമൂഹിക പ്രവർത്തകർ. ഒടുവിൽ ഖാന്റെ കുടുംബത്തിന്റെ ദുരിതം ഫോറം പ്രവര്‍ത്തകര്‍ സ്‌പോൺസറുമായി സംസാരിച്ചപ്പോഴാണ് ഇഖാമ പോലും എടുക്കുന്നതിന്ന് മുമ്പ് മരണപ്പെട്ട ഖാന്റെ കുടുംബത്തിന് 1.25 ലക്ഷം രൂപ സ്പോൺസർ നൽകിയത്.
രണ്ടു ലക്ഷം റിയാൽ മൂല്യം വരുന്ന സ്വർണ്ണക്കട്ടിയുമായി വിദേശ തൊഴിലാളിയെ ആദരിച്ച സ്പോൺസർ കമ്പനി
പ്രവാസികളുടെ മനസ്സിന് കുളിര് നൽകുന്ന ഈ സംഭവം കഴിഞ്ഞ വർഷം മാർച്ചിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിലൂടെ ദീർഘ കാലം കമ്പനിക്ക് വേണ്ടി വിയർപ്പൊഴുക്കിയാലും മാന്യത കാണിക്കാത്ത സ്പോണ്‍സര്‍മാരുടെ ഇടയിൽ വ്യത്യസ്തനാവുകയായിരുന്നു അൽ ഫനാർ കമ്പനി. തങ്ങളുടെ കൂടെ നീണ്ട 42 വർഷം ജോലി ചെയ്ത വിദേശിയായ തൊഴിലാളിയെ കമ്പനി ആദരിച്ചത് സമാനതകളില്ലാത്ത ബഹുമാനത്തോടെയാണ്.
പാക്കിസ്ഥാൻ സ്വദേശിയായ ഈ തൊഴിലാളിയെ കമ്പനി ആദരിച്ചത് രണ്ടു ലക്ഷം റിയാൽ മൂല്യം വരുന്ന സ്വർണ്ണക്കട്ടി സമ്മാനിച്ചാണ്. കമ്പനി ചെയർമാൻ എഞ്ചിനീയർ അബ്ദുൾ സലാം അൽ മുതലഖാണ് കമ്പനി ഉപഹാരം സമ്മാനിച്ചത്.
സ്വർണ്ണക്കട്ടി പാക്ക് ചെയ്ത പാക്കറ്റിന് പുറത്തായി 42 വർഷത്തെ സേവനത്തെ ഓർമ്മിപ്പിച്ചു കൊണ്ട് 42 എന്ന് ആലേഖനം ചെയ്തിരുന്നു.
തൊഴിലാളിയുടെ ഉദാത്തമായ സേവനത്തെ പ്രകീർത്തിച്ചു കൊണ്ട് ചടങ്ങിൽ ചെയർമാൻ ഉപഹാരത്തെയും തൊഴിലാളിയെയും വിശേഷിപ്പിച്ചത് ഗോൾഡ് ഫോർ ദി ഗോൾഡ് മാൻ എന്നാണ്.
ഒരു വിദേശ ജോലിക്കാരന് വേണ്ടി തന്റെ സമ്പാദ്യം മുഴുവൻ
ചിലവഴിച്ചു ചികിൽസിച്ച അബ്ദുല്‍ അല്‍ രുക്കി.
അനധികൃത താമസക്കാരൻ ആയിട്ടും ഒരു വിദേശ ജോലിക്കാരന് വേണ്ടി തന്റെ സമ്പാദ്യം മുഴുവൻ ചിലവഴിച്ചും കടം വാങ്ങിയും ചികിൽസിച്ച് സഹജീവി സ്നേഹത്തിന് മികച്ച ഉദാഹരണം തന്റെ പ്രവൃത്തിയിൽ നിന്നും ലോകത്തിന് നൽകിയ സൗദി പൗരനാണ് ഹുദ അല്‍ ഷാം സ്വദേശി അബ്ദുല്‍ അല്‍ രുക്കി.
അഞ്ചു വർഷം മുൻപായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചു കിടപ്പിലായ ബംഗ്ലാദേശ് സ്വദേശി മഹബൂബ് ആലത്തിന് വേണ്ടിയായിരുന്നു അബ്ദുല്‍ അല്‍ രുക്കി മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ഉദാഹരണം പ്രകടമാക്കി സഹജീവിയുടെ ജീവന് വേണ്ടി പണത്തിനായി അലഞ്ഞത്.
അനധികൃത താമസക്കാരൻ ആയതിനാൽ നിയമ പരമായി ബാധ്യത ഏറ്റെടുക്കേണ്ടതില്ലെന്നും അയാളെ ഉപേക്ഷിക്കാനും സുഹൃത്തുക്കളും വീട്ടുകാരും നിർബന്ധിച്ചിട്ടും അൽ റുക്കി അയാളെ ഉപേക്ഷിച്ചില്ല. മഹാബൂബിന്റെ ചികില്‍സക്ക് വേണ്ടി കൂടുതല്‍ പണം കണ്ടെത്തേണ്ടതുണ്ടെന്നും ഇയാളെ ഈ നിലയില്‍ ഉപേക്ഷിക്കാന്‍ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും ആയിരുന്നു അല്‍ റുക്കിയുടെ മറുപടി.
രണ്ടു ഓപ്പറേഷന് വിധേയനായ മഹബൂബിനു വേണ്ടി 80,000 റിയാല്‍ അല്‍ റുക്കി ചിലക്കി. ഇതില്‍ 20,000 റിയാല്‍ രുക്കിയുടെ അത് വരെയുള്ള ജീവിത സമ്പാദ്യവും 30,000 റിയാല്‍ വായ്പയായി എടുത്തതുമാണ്. ബാക്കി തുക അല്‍ രുക്കിയുടെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സംഭാവനയായി ലഭിച്ചതുമാണ്.
വർഷങ്ങൾക്ക് മുൻപായി ഹജ്ജ് വിസയില്‍ സൗദിയിലെത്തിയ മഹബൂബിനെ അനധികൃതമായാണ് അല്‍ റുക്കി കാവല്‍ക്കാരനായി ജോലിക്ക് നിര്‍ത്തിയിരുന്നത്. സമീപ കാലത്ത് രാജാവ് പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്തി നിയമാനുസൃത താമസക്കാരനാക്കി മാറ്റാനുള്ള ശ്രമത്തിനിടെയാണ് രോഗബാധ കണ്ടു പിടിച്ചത്. നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ താല്‍ക്കാലിക സ്പോണ്‍സര്‍ഷിപ്പില്‍ ജോലിക്ക് വെക്കാനുള്ള അനുമതി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും അൽ റുക്കി സമ്പാദിച്ചിരുന്നു.
ജോലിയില്‍ വിശ്വസ്തനായിരുന്നു മഹബൂബെന്നും അത് കൊണ്ട് തന്നെയാണ് അയാളെ ഉപേക്ഷിക്കാൻ തനിക്ക് മനസ്സ് വരാത്തതെന്നും അൽ റുക്കി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുമനസ്സുകളുടെ സഹായത്താൽ കൂടുതൽ പണം സ്വരൂപിച്ചു ചികിൽസ നടത്തിയിട്ടും മെഹ്ബൂബിനെ രോഗത്തിൽ നിന്നും രക്ഷപ്പെടുത്താൻ അൽ റുക്കിക്ക് സാധിച്ചില്ല എന്നത് ഒരു വേദനിപ്പിക്കുന്ന വാർത്തയായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.