Connect with us

LATEST

ഒരു പടുകൂറ്റന്‍ സൗദി നിര്‍മ്മാണ കമ്പനിയുടെ അവിശ്വസനീയ തകര്‍ച്ചയുടെ പിന്നില്‍

Published

on

ലോകത്തിലെ തന്നെയുള്ള ഭീമന്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായിരുന്നു പ്രതാപ കാലത്ത് സൗദി ബിന്‍ ലാദിന്‍ കമ്പനി. 1931 ല്‍ ജിദ്ദയില്‍ വളരെ ചെറിയ നിലയില്‍ തുടങ്ങിയ കമ്പനി സൗദി രാജകുടുംബവുമായി ദശകങ്ങളോളം അടുത്ത ബന്ധം ഉണ്ടാക്കി ആ സ്വാധീനം ഉപയോഗിച്ചാണ് രാജ്യത്തെ പ്രധാന പദ്ധതികളില്‍ പങ്കാളിയായത്. അബ്ദുല്‍ അസീസ്‌ രാജാവിന് വേണ്ടി ഇരുപത് ദിവസം മാത്രമെടുത്ത് ഒരു കൊട്ടാരം നിര്‍മ്മിച്ചതിലൂടെയാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ്‌ ബിന്‍ ലാദിന്‍ സൗദി രാജകുടുംബവുമായി അടുക്കുന്നത്.

192൦ കളില്‍ യെമനില്‍ നിന്നും സൗദിയിലെത്തിയ ഗ്രൂപ്പ് സ്ഥാപകനായ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്റെ മകനാണ് കൊല്ലപ്പെട്ട അല്‍ ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദിന്‍. 2൦൦1 സെപ്റ്റംബര്‍ 11 സംഭവത്തോടെ ഒസാമയുടെ ഭീകര ബന്ധം പുറത്തായപ്പോള്‍ തന്നെ ബിന്‍ ലാദിന്‍ കുടുംബം നോട്ടപ്പുള്ളിയായെങ്കിലും കുടുംബത്തിലെ കരടായ ഒസാമയുമായുള്ള ബന്ധം 1990 കളില്‍ ബിന്‍ ലാദിന്‍ കുടുംബം അവസാനിപ്പിച്ചാണ് അതില്‍ നിന്നും രക്ഷ നേടിയത്. കുടുംബത്തിലെ മുതിര്‍ന്ന അംഗവും ഗ്രൂപ്പ് ചെയര്‍മാനുമായ ബക്കര്‍ ബിന്‍ ലാദിനാണ് പിന്നീട് ഗ്രൂപ്പിനെ പ്രതാപത്തിലേക്ക് എത്തിച്ചത്. 2൦൦5 മുതല്‍ അബ്ദുള്ള രാജാവിന്റെ ഭരണ കാലഘട്ടത്തിലായിരുന്നു അത്.

അബ്ദുള്ള രാജാവിന്റെ ഭരണ കാലഘട്ടമായിരുന്നു സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെയും സുവര്‍ണ്ണ കാലഘട്ടം. വില ബാരലിന് 1൦൦ ഡോളറിന് മുകളില്‍ കയറിയ എണ്ണയുടെ ആ വര്‍ഷങ്ങളില്‍ സൗദി അറേബ്യ അടിസ്ഥാന വികസനത്തിനും മറ്റു പദ്ധതികള്‍ക്കുമായി ബില്ല്യന്‍ കണക്കിന് റിയാലാണ് ചിവഴിച്ചത്. ജിദ്ദ വിമാന താവളം, റിയാദിലെ ഫിനാന്‍ഷ്യല്‍ സിറ്റി, ചെങ്കടല്‍ തീരത്തെ അതി ബൃഹത്തായ ഹൗസിംഗ് പദ്ധതി തുടങ്ങി തങ്ങളുടെ പ്രതാപ കാലത്ത് സൗദിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഭൂരിഭാഗവും ചെയ്തു തീര്‍ത്തിരിക്കുന്നത് ബിന്‍ ലാദിന്‍ കമ്പനിയാണ്.

റോഡുകള്‍, ടണലുകള്‍, യൂണിവേഴ്സിറ്റികള്‍, ഹോട്ടലുകള്‍ തുടങ്ങി ആയിരക്കണക്കിന് പദ്ധതികള്‍ ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ മക്കയിലെ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചതും മതാഫിന്‍റെ വിപുലീകരണം നിര്‍വഹിച്ചതും ബിന്‍ ലാദിന്‍ കമ്പനിയാണ്. ഏകദേശം ഒരു കിലോമീറ്ററോളം ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന കിങ്ഡം ടവറിന്റെ പ്രധാന കരാറുകാര്‍ ബിന്‍ ലാദിന്‍ കമ്പനിയായിരുന്നു. മക്ക, മദീന ഹറമുകളുടെ വികസനവും പരിപാലനവും ഗ്രൂപ്പായിരുന്നു.

2൦15 സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ ഏറ്റവും മോശപ്പെട്ട വര്‍ഷമായിരുന്നു. 2൦15 ല്‍ അബ്ദുള്ള രാജാവിന്റെ മരണത്തിന് ശേഷമാണ് കമ്പനിയുടെ വളര്‍ച്ചയുടെ വേഗത മുരടിക്കുന്നത്. ആ വര്‍ഷം എണ്ണവില ബാരലിന് നൂറു ഡോളറില്‍ നിന്ന് 6൦ ഡോളറിലേക്ക് താഴ്ന്നിരുന്നു. ഈ രണ്ടു കാര്യങ്ങള്‍ ഈ അതി ഭീമന്‍ കമ്പനിയുടെ തകര്‍ച്ചയുടെ തുടക്കമായി മാറി. സാമ്പത്തിക മാന്ദ്യവും, സര്‍ക്കാര്‍ സമ്മര്‍ദ്ദവും പതനത്തിന്റെ വേഗത ത്വരിതപ്പെടുത്തി.

2൦15 ല്‍ എണ്ണവില ക്രമാതീതമായി താഴ്‌ന്നത് മൂലം സുവര്‍ണ്ണ കാലത്ത് തുടങ്ങി വെച്ച വമ്പന്‍ പദ്ധതികള്‍ രാജ്യത്തിന്‌ സാമ്പത്തിക ഭാരം ഏല്‍പ്പിക്കാന്‍ തുടങ്ങി. സല്‍മാന്‍ രാജാവ് ഉപ കിരീടാവകാശിയായി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനെ രാജ്യഭരണത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും ചെയ്തു. ഈ വര്‍ഷം തന്നെ രാജ്യത്തിന്റെ എണ്ണ ആശ്രയ സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ഷെയറുകള്‍ പൊതു മേഖലയിലേക്ക് മുതല്‍ക്കൂട്ടാന്‍ ബിന്‍ ലാദിന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

അത്തരത്തില്‍ ഷെയറുകള്‍ നല്‍കുന്നത് ദേശസ്നേഹത്തിന്റെ പ്രകടനമായി കാണുമെന്ന ആ വാഗ്ദാനം നടപ്പിലാക്കാന്‍ ബിന്‍ ലാദിന്‍ കുടുംബം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കുടുംബത്തിലെ മറ്റംഗങ്ങളോട് ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്ന കാരണം മുന്‍ നിര്‍ത്തിയാണ് ഗ്രൂപ്പ് ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദിന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഉപ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ എണ്ണയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തന ശ്രമത്തിന്റെ ആരംഭത്തിലായിരുന്നു രാജ്യം അപ്പോള്‍. എണ്ണ ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് രൂപം നല്‍കാനും ചിലവുകള്‍ കുറയ്ക്കാനും പദ്ധതി ചിലവ് വെട്ടി കുറയ്ക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായി. ഇതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പിന് കുറഞ്ഞു തുടങ്ങി.

കൂനിന്മേല്‍ കരുവെന്ന പോലെയാണ് അഞ്ചു വർഷം മുൻപ് മക്കയിലെ വിശുദ്ധ ഹറാമില്‍ ഗ്രൂപ്പിന്റെ പദ്ധതിയില്‍ ദാരുണമായ ക്രെയിന്‍ അപകടം സംഭവിക്കുന്നത്. ഇതൊരു നിമിത്തമായി. ഈ ക്രയിന്‍ അപകടമാണ് കമ്പനിയുടെ അധപതനത്തിന് വേഗത കൂട്ടിയതും. വിശുദ്ധ ഹറമില്‍ മതാഫ് വികസന പദ്ധതി ജോലികള്‍ക്ക് സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ഉപയോഗിച്ചിരുന്ന കൂറ്റന്‍ ക്രെയിനാണ് ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീണത്. ഭീമാകാരമായ ജർമ്മൻ നിർമ്മിത ക്രെയിന്‍ കാറ്റില്‍ ഉലഞ്ഞു വിശുദ്ധ ഹറാമിന്റെ മേല്‍ക്കൂരയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ മലയാളികള്‍ അടക്കം 110 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മക്ക ഹറം അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പിനെ പുതിയ പദ്ധതികളില്‍ നിന്നും വിലക്കുകയും ഗ്രൂപ്പിന്റെ ബോര്‍ഡ് മെമ്പര്‍മാരെയും സീനിയര്‍ എക്സിക്യൂട്ടീവുകളെയും യാത്ര വിലക്ക് ഏര്‍പ്പെടുത്തി രാജ്യത്തിന്‌ പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും തടയുകയും ചെയ്തു. കൂടാതെ ധനകാര്യ വകുപ്പിനോട് ഗ്രൂപ്പിന്റെ നിലവിലെ പദ്ധതികള്‍ പുനരവലോകനം ചെയ്യാനും ആവശ്യപ്പെട്ടു.

കമ്പനിക്കു എതിരെ ശക്തമായ തെളിവുകളുമായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രംഗത്തെത്തി. പദ്ധതിക്ക് പണം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന സാമ്പത്തിക മന്ത്രാലയത്തിലെ എഞ്ചിനീയറെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകള്‍ സഹിതമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇയാളെ മൂന്നു തവണയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ കൂടുതല്‍ പരിശോധനകളില്‍ കമ്പനിയുടെ 14 എന്‍ജിനീയര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

അപകടത്തിന് ഇടയാക്കിയ 1350 ടണ്‍ ക്രെയിന്‍ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയതിനാല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മാറ്റണമെന്ന നിര്‍ദ്ദേശം അപകടം നടക്കുന്നതിന് പത്ത് മാസം മുൻപ് തന്നെ ബിന്‍ ലാദിന്‍ കമ്പനി അധികൃതര്‍ക്ക് നല്‍കിയിരുന്നതായുള്ള നിര്‍ണ്ണായക മൊഴിയാണ് ഇയാള്‍ നല്‍കിയത്. കമ്പനി പ്രസ്തുത നിര്‍ദ്ദേശം പാലിച്ചില്ലെന്നും എന്‍ജിനീയര്‍ മൊഴി നല്‍കി.

നിര്‍ദ്ദേശം നല്‍കിയതിനു പിറകെ പ്രസ്തുത ക്രെയിനുള്ള സാമ്പത്തിക ബില്ലുകള്‍ നല്‍കുന്നത് മന്ത്രാലയം നിര്‍ത്തി വെച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. എന്നിട്ടും കമ്പനി അധികൃതര്‍ ക്രെയിന്‍ ഉപയോഗം തുടര്‍ന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നുമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്.

കൂടാതെ ഭീമാകാരമായ ക്രെയിന്‍ ആയതിനാല്‍ അത് പ്രവർത്തിപ്പിക്കാത്ത സമയത്തും ശക്തമായ കാറ്റുള്ളപ്പോഴും അതിന്റെ പ്രധാന കൈ താഴ്ത്തിയിടണമെന്ന ക്രെയിൻ നിർമിച്ച ഫാക്ടറിയുടെ നിർദേശം കമ്പനി പാലിച്ചിരുന്നില്ലെന്നും കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ പദ്ധതി പ്രദേശത്തെ കമ്പനി സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നില്ലെന്നും ക്രെയിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ അയച്ച കത്തുകളുമായി കമ്പനി പ്രതികരിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

ആറു സൗദി പൗരന്മാരും രണ്ടു പാക്കിസ്ഥാന്‍ പൗരന്മാരും കാനഡ, ജോര്‍ദ്ദാന്‍, പലസ്തീന്‍, ഈജിപ്ത്, യു.എ.ഇ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടക്കം ബിന്‍ ലാദിന്‍ കമ്പനിയുടെ 14 ഉദ്യോഗസ്ഥരാണ് വിചാരണ നേരിട്ടിരുന്നത്. ബിന്‍ ലാദിന്‍ കുടുംബത്തിലെ 16 പേരടക്കം 42 പേരെ അന്വേഷണ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

ജിദ്ദയിലെയും മക്കയിലെയും മദീനയിലെയും പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് കമ്പനിക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ബക്കര്‍ ബിന്‍ ലാദിന്‍ പിന്‍നിരയിലെക്ക് മാറി സഹോദരനായ സാലെ ബിന്‍ ലാദിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ കൈമാറി. പക്ഷെ ഈ നീക്കം വിജയം കണ്ടില്ല. സര്‍ക്കാര്‍ ബില്ലുകള്‍ മുടങ്ങി തുടങ്ങിയതോടെ രണ്ടു ലക്ഷത്തില്‍ അധികം തൊഴിലാളികള്‍ ജോലിയെടുക്കുന്ന കമ്പനിയുടെ അധപതനവും തുടങ്ങി. പുതിയ കരാറുകള്‍ ലഭിക്കാത്തതിനാല്‍ നടന്നു കൊണ്ടിരിക്കുന്ന കരാറുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അധികമാവുന്ന തൊഴിലാളികളെ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

കൂനിന്മേല്‍ കുരുവെന്ന പോലെ സൗദി തൊഴില്‍ നിയമത്തില്‍ വന്ന പുതിയ ഭേദഗതികള്‍ കമ്പനിയെ വിപരീതമായി ബാധിച്ചു. വിദേശികള്‍ക്ക് പകരമായി നിയമ പ്രകാരമുള്ള സൗദി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കമ്പനിക്കു സാധിച്ചില്ല. പദ്ധതികളുടെ പ്രതിഫലം വൈകിയതോടെ നില നിര്‍ത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയ അവസ്ഥയുണ്ടായി. തുടര്‍ന്ന് അധികമായി വന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ കമ്പനി അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ തകര്‍ച്ച ബിസിനസ് വൃത്തങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എണ്ണ വിലയിടിവ് മൂലം പൊതു മേഖലയിലേക്കും അടിസ്ഥാന സൌകര്യ വികസന മേഖലയിലേക്കും സര്‍ക്കാര്‍ പണത്തിന്റെ ലഭ്യത കുറഞ്ഞത് രാജ്യത്തെ നിര്‍മ്മാണ കമ്പനികളെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും കമ്പനികള്‍ക്ക് കൃത്യമായി കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം അനേകം മാസങ്ങള്‍ വൈകിയതും കമ്പനിയുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കി. അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തിക പ്രൊഫഷണലുകളെ നിയമിച്ച് ഗ്രൂപ്പിനെ പഴയ പ്രതാപത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമവും ഫലം കണ്ടില്ല.

ഏകദേശം 217,000 തൊഴിലാളികളാണ് സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പില്‍ ജോലിയെടുത്തിരുന്നത്. ഇതില്‍ രണ്ടു ലക്ഷം പേര്‍ വിദേശികളും 17,000 പേര്‍ സ്വദേശി തൊഴിലാളികളുമായിരുന്നു. എന്‍ജിനീയര്‍മാര്‍, അഡ്മിനിസ്ട്രെറ്റര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നീ തസ്ഥികകളിലാണ് സ്വദേശികള്‍ ജോലിയെടുക്കുന്നത്.

കമ്പനിക്കു രാജ്യത്ത് ആറു ഡിവിഷനുകള്‍ ആണുണ്ടായിരുന്നത്. ഒരു ഡിവിഷനായിരുന്നു കമ്പനിയുടെ ലാഭത്തിന്റെ സിംഹഭാഗവും ഉണ്ടാക്കിയിരുന്നത്. എ.ബി.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ക്കിടെക്ചറല്‍ ആന്‍ഡ്‌ ബില്‍ഡിംഗ്‌ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു പിരിച്ചു വിടപ്പെട്ടവരില്‍ അധികവും. എന്‍ജിനീയര്‍, ഫോര്‍മാന്‍, സ്റ്റീല്‍ ഫിക്സര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ വിഭാഗങ്ങളില്‍ ഉള്ള തൊഴിലാളികളാണ് പിരിച്ചു വിടലിന് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും.

പുറത്താക്കപ്പെട്ട തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളും മുടങ്ങിയ ശമ്പളവും നല്‍കാനുള്ള പണം പോലും കമ്പനിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതോടെ ഫൈനല്‍ എക്സിറ്റ് ലഭിച്ച തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ജിദ്ദയിലെ അല്‍ സലാമയിലെ മുഖ്യ ഓഫീസിന് മുന്‍പിലും വിവിധ പ്രോജക്റ്റ് ഓഫീസുകളുടെ മുന്‍പിലും തൊഴിലാളികളുടെ പ്രതിഷധം ശക്തമായി. പലയിടത്തും മേലധികാരികളെ കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തി. കുത്തിയിരിപ്പ് സമരങ്ങള്‍ അരങ്ങേറി.

കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ജിദ്ദയിൽ കമ്പനിയുടെ ഏഴു ബസ്സുകള്‍ അഗ്നിക്കിരയാക്കി. പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ കാര്‍ തടുക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അപകടമാണെന്ന് കമ്പനി അധികൃതര്‍ പറയുമ്പോള്‍ പ്രതിഷേധിച്ച തൊഴിലാളികളുടെ മേല്‍ കാര്‍ കയറ്റുകയായിരുന്നെന്ന് തൊഴിലാളികളും ആരോപിച്ചിരുന്നു.

ഈ സമരത്തിന് നേതൃത്വം കൊടുത്ത് 49 തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് കമ്പനി വസ്തുവകകൾ അടിച്ചു തകർക്കുകയും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മക്ക ക്രിമിനൽ കോടതി ശിക്ഷിച്ചു. പ്രതികൾക്ക് നാലു മാസം തടവും 300 ചാട്ടയടിയും വീതമാണ് കോടതി വിധിച്ചത്.

2016 ഏപ്രിലിൽ ബിന്‍ ലാദിന്‍ കമ്പനി 50,000 വിദേശ ജോലിക്കാര്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ പതിച്ചു നല്കി. എന്നാല്‍ എക്സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ തങ്ങളുടെ കുടിശ്ശികയായ ശമ്പളം ലഭിക്കാതെ രാജ്യം വിട്ടു പോകില്ലെന്ന നിലപാടെടുത്തു. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടു കൊണ്ട് തൊഴിലാളികള്‍ ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനു മുന്‍പിലടക്കം രാജ്യത്തെ കമ്പനിയുടെ വിവിധ ഓഫീസുകളുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

നിരവധി മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുണ്ടായിരുന്നത്. ശമ്പളം ലഭിക്കാതായതോടെ ഭക്ഷണത്തിനും വാടകക്കും വകയില്ലാതെ ബുദ്ധിമുട്ടിലായി. ഫീസ്‌ നല്കാനില്ലാതെ എന്‍ജിനീയര്‍മാര്‍ അടക്കം പല ജീവനക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയിലായി.

എക്സിറ്റ് വിസ ലഭിച്ച ഈ തൊഴിലാളികള്‍ക്ക് മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ ഏകദേശം പത്ത് മില്യന്‍ സൗദി റിയാല്‍ വേണ്ടി വരുമായിരുന്നു. ആ തുക നല്കാനില്ലാത്ത മാനെജ്മെന്റ് ഇവർക്ക് മുന്നിൽ ഉടനെ രാജ്യം വിട്ടു പോകുന്നതിനുള്ള ഫൈനല്‍ എക്സിറ്റ് വിസ സ്വീകരിക്കുക അല്ലെങ്കില്‍ കുടിശ്ശികയായ ശമ്പളം മുഴുവനായി ലഭിക്കുന്നത് വരെ കാത്തിരിക്കുക എന്നീ രണ്ടു നിര്‍ദ്ദേശങ്ങളാണ് മുന്‍പില്‍ വെച്ചിരുന്നത്. രണ്ട് നിര്‍ദ്ദേശങ്ങളും തൊഴിലാളികള്‍ തള്ളിക്കളഞ്ഞിരുന്നു.

പിന്നീട് പിരിച്ചു വിടപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകകളും കൊടുത്തു തീർത്തുവെന്ന് ബിന്‍ ലാദിന്‍ കമ്പനി വക്താവ് യാസര്‍ അല്‍ അത്താസ് അവകാശപ്പെട്ടു. ഇനിയും പിരിച്ചു വിടുന്നവര്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അഴിമതി ആരോപണങ്ങളെ തുടർന്ന് സർക്കാർ കമ്പനിക്കുള്ള 36 ശതമാനം ഷെയറുകൾ ഏറ്റെടുത്തു. അപ്പോഴേക്കും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി അവരോധിതനായിരുന്നു. രാജ്യവ്യാപകമായി നടത്തിയ അഴിമതി വിരുദ്ധ പ്രവർത്തന അന്വേഷണങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖരായ 2൦൦ ഓളം ബിസിനസ് പ്രമുഖരെ അറസ്റ്റ് ചെയ്തു റിയാദിലെ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ താമസിപ്പിച്ചു ചോദ്യം ചെയ്തതില്‍ ഗ്രൂപ്പ് ചെയര്‍മാനും ബിന്‍ ലാദിന്‍ കുടുംബത്തിലെ പ്രമുഖനുമായിരുന്ന ബക്കർ ബിൻലാദിനും കുടുങ്ങി പോയതിനെ തുടർന്ന് സൗദിയിലെ ഏറ്റവും പ്രബലരായിരുന്ന ഈ ബിസിനസ് കുടുംബത്തിന്റെ അവശേഷിക്കുന്ന പ്രതാപവും നഷ്ടമായി.

സർക്കാർ നിലപാട് കർശനമാക്കിയതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇദ്ദേഹത്തിന്റെ സഹോദരന്മാരായ സാലെ ബിന്‍ ലാദിനും സാദ് ബിന്‍ ലാദിനും ഗ്രൂപ്പിലെ സീനിയര്‍ എക്സിക്യൂട്ടീവുകളും ഉള്‍പ്പെട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് 2൦21 ലാണ് 75 കാരനായ ബക്കര്‍ ബിന്‍ ലാദിന് മോചനം സാധ്യമായത്. കുടുംബത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനായി പിന്നീട് സർക്കാർ നിർദ്ദേശ പ്രകാരം ചെയർമാനായി നിയമിതനായ ഖാലിദ് നഹാസിനെ മാറ്റി പകരം അബ്ദുൽ അസീസ് അൽ ദുലൈജ് തൽസ്ഥാനത്ത് വന്നു.

ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ദുരിത സമയത്ത് സൗദി ഭരണ കൂടത്തിന്റെ നിര്‍ലോഭമായ കാരുണ്യവും പിന്തുണയും കമ്പനി തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയത് മൂലം പ്രയാസം നേരിടുന്ന എല്ലാ ജീവനക്കാരുടെയും പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് അന്നത്തെ തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനിയും ആരോഗ്യ മന്ത്രി തൗഫീഖ് റബീഅയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ചിലവില്‍ സൗജന്യ ചികില്‍സ നല്‍കാനുള്ള തീരുമാനം ഉണ്ടായി. കൂടാതെ ദുരിതമനുഭവിക്കുന്ന ജീവനക്കാര്‍ക്ക് സൗജന്യമായി നിയമ സഹായം ലഭ്യമാക്കാനും ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദേശീയ വിമാനക്കമ്പനിയായ സൗദിയ വഴി സൗജന്യ ടിക്കറ്റ് ലഭ്യമാക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

ഇതിനിടയില്‍ ബിൻലാദിൻ ഗ്രൂപ്പിന് ആശ്വാസമേകി കൊണ്ട് സുപ്രധാനമായ വിധി പുറത്ത് വന്നു. ഒൻപത് മാസം നീണ്ട വിചാരണക്ക് ശേഷം മക്ക ക്രിമിനൽ കോടതി ബിൻലാദിൻ ഗ്രൂപ്പിനെ കുറ്റവിമുക്തരാക്കി. സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പും കമ്പനി ചെയര്‍മാനും മുതിര്‍ന്ന എന്‍ജിനീയര്‍മാരും ഹറം വികസന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ള 13 പ്രതികളെ കുറ്റവിമുക്തരാക്കി. ക്രെയിൻ തകർന്ന് വീഴുന്നതിലേക്ക് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും മനപ്പൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ബ്ലഡ് മണി നൽകേണ്ട ബാധ്യതയിൽ നിന്നും കോടതി ബിൻലാദിൻ ഗ്രൂപ്പിനെ ഒഴിവാക്കി. (മനപ്പൂര്‍വ്വമായ വീഴ്ച ഉണ്ടായെന്നു കോടതി കണ്ടെത്തുകയായിരുന്നെങ്കില്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് കമ്പനി ഭീമമായ തുക നഷ്ട പരിഹാരമായി നല്‍കേണ്ടി വരുമായിരുന്നു. പക്ഷെ ദുരന്തത്തില്‍ പെട്ടവരെ സൗദി അറേബ്യ കൈവെടിഞ്ഞിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാലും പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നല്‍കിയിരുന്നു)

അവധി ദിവസമാണ് ദുരന്തമുണ്ടായതെന്നും സംഭവ സമയത്ത് ക്രെയിന്‍ സുരക്ഷിതമായ നിലയിലായിരുന്നെന്നും അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റാണ് ക്രെയിന്‍ പൊട്ടിവീഴാന്‍ ഇടയാക്കിയതെന്നും അതിനാല്‍ ദുരന്തം ഉണ്ടായത് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപം മൂലമാണ് എന്ന് കരുതാനാവില്ലെന്നുമാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയില്‍ വ്യക്തമാക്കിയിരുന്നത്.

അപകടം നടന്ന ദിവസവും അതിന് മുന്‍പുള്ള ദിവസവും ശക്തമായ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പോ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ നല്‍കിയിരുന്നില്ല. ചെങ്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ ഒരു കിലോമീറ്റർ മുതൽ 38 കിലോമീറ്റർ മാത്രമായിരിക്കുമെന്നായിരുന്നു കാലാവസ്ഥാ പ്രവചന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. അതില്‍ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട മുൻകരുതലുകളും ജാഗ്രതകളും സ്വീകരിക്കുന്നത് നിർബന്ധമാക്കുന്ന തരത്തില്‍ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം സമയങ്ങളില്‍ മുന്‍കൂട്ടി ജാഗ്രത പാലിക്കാന്‍ സാധിച്ചെന്നു വരില്ല. അതിനാല്‍ ഈ ദുരന്തം ദൈവീക വിപത്തായി കണക്കാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മക്ക ക്രിമിനല്‍ കോടതിയുടെ ഈ വിധി പിന്നീട് അപ്പീല്‍ കോടതിയും ശരിവെച്ചു.

 

ഈ സംഭവത്തില്‍ മക്ക ക്രിമിനൽ കോടതിക്ക് രണ്ടു തവണയാണ് വിധി പ്രസ്താവിക്കേണ്ടി വന്നത്. സുരക്ഷാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കാൻ ക്രിമിനൽ കോടതിക്ക് അധികാരമില്ലെന്നായിരുന്നു ആദ്യ വിധി. ഫലത്തിൽ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിയായിരുന്നു ഇത്. എന്നാൽ വിധി പിന്നീട് അപ്പീൽ കോടതി റദ്ദാക്കി വിചാരണക്കായി കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു.

ക്രെയിൻ പൊട്ടി വീണ് ആളുകൾ മരിച്ചിട്ടുണ്ട്, അനേകം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇക്കാര്യം പ്രതികള്‍ക്ക് നിഷേധിക്കാന്‍ സാധ്യമല്ല, കൂറ്റൻ ക്രെയിനിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കമ്പനിക്കും മറ്റു പ്രതികൾക്കും ഉത്തരവാദിത്വം പാലിക്കപ്പെട്ടില്ല തുടങ്ങിയ ആറു കാര്യങ്ങൾ ക്രിമിനല്‍ കോടതിയുടെ വിധിയില്‍ പരിഗണിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ അപ്പീൽ കോടതി ക്രിമിനൽ കോടതിയിലേക്കു തന്നെ തിരിച്ചയച്ചത്. ഇതിനെ തുടര്‍ന്നാണ്‌ എല്ലാ കാര്യങ്ങളും വീണ്ടും പരിശോധിച്ച് കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.

പിന്നീട് ബിന്‍ ലാദിന്‍ കുടുംബത്തിലെ ബക്കര്‍ ബിന്‍ ലാദിന്‍, സാദ്, സാലെ തുടങ്ങിയ മൂന്ന് പേരുടെയും 36.2 വരുന്ന ഷെയറുകളും ധന മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനി ഏറ്റെടുത്തു. അതിനൊപ്പം തന്നെ കുടുംബത്തിന്റെ പ്രൈവറ്റ് ജെറ്റുകളും ലക്ഷ്വറി കാറുകളും വില്ലകളും ഏറ്റെടുത്തു. ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ട് പോകുന്നതിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. ഇതോടെ ഗ്രൂപ്പില്‍ ബിന്‍ ലാദിന്‍ കുടുംബത്തിന്റെ സ്വാധീനവും നിയന്ത്രണവും ഇല്ലാതായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനായി 11 ബില്ല്യന്‍ റിയാലിന്റെ വായ്പയും സര്‍ക്കാര്‍ അനുവദിച്ചു. എന്നിട്ടും ഗ്രൂപ്പിന് പ്രകടനം മെച്ചപ്പെടുത്താനോ പഴയ നിലവാരത്തിലേക്ക് എത്താനോ സാധിച്ചില്ല. 93 പദ്ധതികളും 14൦൦ സബ് കോണ്‍ട്രാക്റ്റര്‍മാരുമുള്ള ഗ്രൂപ്പ് ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ സ്വപ്ന പദ്ധതിയായ നിയോമിലാണ്.

മേല്‍ പറഞ്ഞവയില്‍ നിന്നും സൗദിയിലെ നിര്‍മ്മാണ രംഗത്തെ ഈ അതികായന്റെ പതനത്തിനു വിവിധ ഘടകങ്ങള്‍ കാരണമായതായി കാണാം. അധികൃതരുടെ സമ്മര്‍ദ്ദം, ക്രെയിന്‍ അപകടം, സാമ്പത്തിക മാന്ദ്യം, കുടുംബാഗങ്ങള്‍ക്ക് എതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയവ ബിന്‍ ലാദിന്‍ ഗ്രൂപ്പിന് വിനയായി തീര്‍ന്നു.

ഇടക്കാലത്ത് ഗ്രൂപ്പ് സൗദി സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് ഗവര്‍മെന്റ് ബില്ലുകള്‍ വീണ്ടും വന്നു തുടങ്ങുകയും സാമ്പത്തിക സ്ഥിതി ചെറിയ തോതില്‍ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ സാമ്പത്തിക മാന്ദ്യം ആ ശ്രമങ്ങളെ മുന്നോട്ടു കൊണ്ട് പോയില്ല.

ഇപ്പോഴും ഗ്രൂപ്പിന്റെ കഷ്ടതകള്‍ അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കോവിഡ് പ്രതിസന്ധി ഗ്രൂപ്പിന്റെ അടിത്തറ വീണ്ടും തകര്‍ക്കുകയാണ്. ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിദ്ദയിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന നിര്‍മ്മാണ വിഭാഗത്തിലെ തൊഴിലാളികള്‍ക്കാണ് വീണ്ടും ശമ്പളം മുടങ്ങിയത്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തിക വിദഗ്ദരെ നിയമിച്ചു കൊണ്ട് ബാധ്യതകളുടെ പുനക്രമീകരണത്തിനും ഗ്രൂപ്പിന്റെ പുനര്‍ ജന്മത്തിനും ശ്രമിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.

അഡ്വ.ഷിയാസ് കുഞ്ഞിബാവ.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!