Connect with us

LATEST

സൗദിയിലെ മലയാളികള്‍ അടക്കം അര ലക്ഷത്തില്‍ അധികം വിദേശികള്‍ ദുരിതത്തിലായ സൗദി ഓജറിന്റെ അസാധാരണ തകര്‍ച്ചയുടെ പിന്നാമ്പുറങ്ങള്‍

Published

on

സൗദി ഓജര്‍ കമ്പനിയുടെ പതനത്തിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എഞ്ചിനീയറായ മുഹമ്മദ്‌ റിയാദില്‍ ജോലി തേടി അലഞ്ഞു നടക്കുകയാണ്.

“ഇഖാമയില്ല. അതുകൊണ്ട് സ്ഥിരമായ ജോലിയില്ല. യാത്രാ വിലക്ക് മൂലം രാജ്യത്തിന്‌ പുറത്തേക്ക് പോകാന്‍ അനുമതിയില്ല. സൗദി ഓജറില്‍ ജോലി ഉണ്ടായിരുന്ന സമയത്ത് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതാണ് യാത്ര വിലക്കിന് കാരണമായത്. അത് കൊടുത്ത് തീര്‍ക്കാതെ ഫൈനല്‍ എക്സിറ്റ് വിസ കിട്ടില്ല. 3൦ വര്‍ഷത്തെ ഇ.എസ്.ബി കിട്ടാനുണ്ടായിരുന്നു. ഒരു ലക്ഷം റിയാലോളം വരും. എട്ടു മാസത്തെ ശമ്പളവും കിട്ടിയില്ല. ഇപ്പോള്‍ പുറത്ത് പോകുമ്പോള്‍ പോലീസ് ഇല്ലാത്ത സമയം നോക്കി പോകും. റോഡ്‌ ബ്ലോക്ക് ഉണ്ടെങ്കില്‍ ആ വഴി പോകില്ല. ഈ മണ്ണില്‍ എരിഞ്ഞു തീരനാകും വിധി”

സൗദിയില്‍ ഏറ്റവും നന്നായി ജീവിതം കഴിഞ്ഞു പോയിരുന്ന മുഹമ്മദിനെ പോലുള്ള 58,000 ത്തോളം പേര്‍ നരക സമാനമായ ജീവിതത്തിലേക്ക് വഴി മാറി പോകുന്നത് സൗദി ഓജറിന്റെ പതനത്തോടെയാണ്. കഴിഞ്ഞ 38 വര്‍ഷങ്ങളായി സൗദി അറേബ്യയിലെ മുന്‍ നിരനിര്‍മ്മാണ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളായിരുന്ന പ്രമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയായിരുന്നു സൗദി ഓജര്‍ കമ്പനി. തൊഴിലാളികളുടെ എണ്ണം കൊണ്ടും ഏറ്റെടുത്ത പദ്ധതികള്‍  കൊണ്ടും സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനി.

ഒരു കാലത്ത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ജോലി ചെയ്യാനായി കൊതിച്ചിരുന്ന ഒരു കമ്പനിയായിരുന്നു സൗദി ഓജര്‍. 2൦൦൦ ത്തോടെ സൗദിയിലെ ഏറ്റവും മികച്ച കമ്പനികളില്‍ ഒന്നായി മാറിയ സൗദി ഓജര്‍ 2൦17 ഓടു കൂടി ഏറ്റവും പാപ്പരായ കമ്പനിയായി മാറിയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. 300൦ കോടി റിയാലിന്റെ അആസ്തി ഉണ്ടായിരുന്ന കമ്പനിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സമയത്ത് ആസ്തികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ബാങ്ക് അക്കൌണ്ടില്‍ ഉണ്ടായിരുന്നത് രണ്ടു ലക്ഷത്തില്‍ താഴെ റിയാല്‍ മാത്രവും.

മുന്‍ ലെബനന്‍ പ്രധാന മന്ത്രിയും കോടീശ്വരനുമായ റഫീക്ക് അല്‍ ഹരീരിയായിരുന്നു സൗദി ഓജർ കമ്പനിയുടെ സ്ഥാപകൻ. ലബനന്‍ രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും ദശാബ്ദങ്ങളായി നിറഞ്ഞു നിന്ന വന്‍ കോടീശ്വരനും മുന്‍ പ്രധാന മന്ത്രിയുമായ സാദ് അല്‍ ഹരീരിയാണ് സൗദി ഓജര്‍ കമ്പനിയുടെ അവസാന കാലങ്ങളിൽ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

വര്‍ഷങ്ങള്‍ മുന്‍പ് വരെ മികച്ച നിലയിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കമ്പനിയുടെ അടിത്തറ ഇളക്കി. കൂടാതെ മാനേജ്മെന്റ് രംഗത്ത് വന്ന വീഴ്ചകളും ശരിയായ തീരുമാനം തക്ക സമയത്ത് എടുക്കാന്‍ സാധിക്കാത്ത മേലധികാരികളും, ഉന്നത ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കുറവും അഴിമതിയും കമ്പനിയെ പതനത്തിലേക്ക് നയിച്ചു.

റിയാദിലെ കിംഗ്‌ ഖാലീദ് എയര്‍പോര്‍ട്ട്, റാബിഗിലെ കിംഗ്‌ അബ്ദുള്ള സയന്‍സ് ആന്‍ഡ്‌ ടെക്നോളജി യൂണിവേഴ്സിറ്റി, മക്കയിലെ ലേ മെറിഡിയന്‍ ടവര്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആസ്ഥാനം, റിയാദിലെ കിംഗ്‌ അബ്ദുള്‍ അസീസ്‌ ഫ്ലൈഓവര്‍, റിയാദിലെ കിംഗ്‌ അബ്ദുള്ള റോഡ്‌, റിയാദിലെ കിംഗ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, റിയാദിലെ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടല്‍, റിയാദിലെ പ്രിന്‍സ് നൂറ ബിന്‍ത് അബ്ദുള്‍ റഹിമാന്‍ യൂണിവേഴ്സിറ്റി, റിയാദിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ കോണ്‍ഫ്രന്‍സ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും സൗദി ഓജർ പ്രധാന പങ്കു വഹിച്ചിരുന്നു.

1978 ലാണ് റിയാദ് ആസ്ഥാനമാക്കി ഒരു നിര്‍മ്മാണ കമ്പനി എന്ന നിലയില്‍ സാദ് ഹരീരിയുടെ പിതാവായ മുന്‍ ലെബനന്‍ പ്രധാന മന്ത്രി റഫീക്ക് അല്‍ ഹരീരി സൗദി ഓജർ കമ്പനി സ്ഥാപിക്കുന്നത്. 1965 ലാണ് റഫീക്ക് ഹരീരി ജോലിക്കായി സൗദി അറേബ്യയില്‍ എത്തുന്നത്. 1969 ല്‍ ഒരു ചെറിയ സബ്കോണ്ട്രാക്റ്റിംഗ് സ്ഥാപനം ആരംഭിച്ച് നിര്‍മ്മാണ രംഗത്തേക്ക് കടന്നു.

പിന്നീട് ഫ്രാന്‍സിലെ നിര്‍മ്മാണ സ്ഥാപനമായിരുന്ന ഓജറുമായി ചേര്‍ന്ന് തായിഫിലെ ഹോട്ടല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. കരാര്‍ സമയത്തിന് മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിച്ചത് അന്നത്തെ സൗദി ഭരണാധികാരി ഖലീദ് രാജാവിന്‍റെ ശ്രദ്ധ പിടിച്ചു പറ്റിയതോടെയാണ് റഫീക്ക് ഹരീരിയുടെ ഭാഗ്യ ജാതകം ഉദയം കൊള്ളുന്നത്.

പിന്നീട് റഫീക്ക് ഹരീരി ഫ്രാന്‍സിലെ ഉടമസ്ഥരില്‍ നിന്നും ഓജര്‍ കമ്പനി ഏറ്റെടുത്തു പേര് സൗദി ഓജർ എന്നാക്കി മാറ്റി. സ്വകാര്യ കമ്പനിയായി ആയിരുന്നു എങ്കിലും പിന്നീട് വിപുലീകരണത്തിന് വേണ്ടി 1979 ല്‍ ഫ്രാന്‍സ് ആസ്ഥാനമാക്കി സൗദി ഓജർ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ അന്താരാഷ്ട്ര കമ്പനിയാക്കി മാറ്റുകയായിരുന്നു.

എങ്കിലും കമ്പനിയുടെ 99 ശതമാനം ഷെയറുകളും റഫീക്ക് ഹരിരി കുടുംബത്തിന്റെ പക്കല്‍ തന്നെയായിരുന്നു. തുടര്‍ന്ന് സൗദിയിലെ വിവിധ പദ്ധതികള്‍ക്ക് വേണ്ടി വിവിധ ഡിവിഷനുകളും സബ്സീഡിയറികളും സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിച്ചു.

സൗദി രാജകുടുംബത്തിന്റെ പിന്തുണയോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നിര്‍മ്മാണ കരാറുകളിലും പങ്കാളി ആവുകയായിരുന്നു സൗദി ഓജർ. ഖാലീദ് രാജാവുമായുള്ള അടുത്ത ബന്ധം ഉപയോഗിച്ച് ബിസിനസ് വളര്‍ത്തിയെടുത്ത റഫീക് ഹരീരി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശത കോടീശ്വരനായി മാറി. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക യൂറോപ്പ് എന്നിവിടങ്ങളില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തി സൗദി ഓജർ കമ്പനി ലാഭത്തിലായി.

2010 ൽ മാത്രം സൗദി ഓജർ ശതകോടി ഡോളറുകള്‍ ലാഭമുണ്ടാക്കി. ഈ നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേക്കും സൗദിയിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി സൗദി ഓജര്‍ മാറിയിരുന്നു. കോൺട്രാക്​ടിങ്​, റിയൽ എസ്​റ്റേറ്റ്, ടെലികോം, പ്രിൻറിങ്​, കമ്പ്യൂട്ടർ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലും സൗദി ഓജര്‍ അസൂയാവഹമായ പ്രകടനം കാഴ്ച വെച്ചിരുന്നു.

സൗദി ഓജര്‍ സ്ഥാപിക്കുന്ന സമയത്ത് റഫീക്ക് ഹരീരിക്ക് ലെബനന്‍ പൗരത്വത്തിനു പുറമേ സൗദി പൗരത്വം കൂടി നല്‍കി സൗദി അറേബ്യ ആദരിച്ചിരുന്നു. 1980 കളില്‍ കമ്പനി പ്രവര്‍ത്തനം മികവുറ്റ വിദഗ്ദരെ ഏല്‍പ്പിച്ച് റഫീക്ക് ഹരീരി രാഷ്ട്രീയ ഭാവി ലക്ഷ്യം വെച്ച് ലെബനനിലേക്ക് മടങ്ങി. 1992 മുതല്‍ 1998 വരെയും 2000 മുതല്‍ 2004 വരെയും ലെബനന്‍ പ്രധാന മന്ത്രിയായിരുന്നു റഫീക്ക് അല്‍ ഹരീരി. പിന്നീട് ബെയ്റൂട്ടിലെ സെന്റ്‌ ജോര്‍ജ്ജ് ഹോട്ടലില്‍ വെച്ച് നടന്ന സ്ഫോടനത്തില്‍ റഫീക്ക് ഹരിരി കൊല്ലപ്പെട്ടു.

റഫീക്ക് ഹരീരിക്ക് നിത ബസ്താനി എന്ന ഇറാഖി ഭാര്യയില്‍ ഉണ്ടായ മകനാണ് സൗദി ഓജറിന്റെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാദ് അല്‍ ഹരീരി. പിതാവിനെ പോലെ തന്നെ ബിസിനസ് കാര്യങ്ങളില്‍ അദ്ദേഹം നേരിട്ട് ഇടപെടാറില്ല. എല്ലാ കാര്യങ്ങളും നടത്തുന്നത് പ്രൊഫഷണല്‍ മാനേജ്മെന്റ് ആണ്. എങ്കിലും പ്രാധാനപ്പെട്ട തീരുമാനങ്ങള്‍ സാദ് ഹരീരിയുടെ അറിവോടെ മാത്രമേ നടക്കാറുള്ളൂ.

സൗദി രാജ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് സാദ് അല്‍ ഹരിരി. 2009 മുതല്‍ 2011 വരെ ലെബനന്‍ പ്രധാന മന്ത്രിയായിരുന്നു സാദ് അല്‍ ഹരിരി.

1980 ല്‍ റിയാദില്‍ വെച്ചായിരുന്നു സാദിന്റെ ജനനം. ബിസിനസ് അഡ്മിനിസ്ട്രെഷനില്‍ യൂറോപ്യന്‍ ബിരുദമുള്ള ഇദ്ദേഹം ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളില്‍ അവഗാഹമുള്ള വ്യക്തിയാണ്. പിതാവ് കൊല്ലപ്പെടുന്നത് വരെ സൗദി ഓജറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു സാദ് റിയാദില്‍ ഉണ്ടായിരുന്നു. പിതാവിന്റെ മരണ ശേഷം സാദ് ലെബനനിലേക്ക് മടങ്ങുകയായിരുന്നു. പിതാവിനെ പോലെ തന്നെ ലെബനന്‍ പൗരത്വം കൂടാതെ സൗദി പൗരത്വം കൂടി നല്‍കി സാദിനെ സൗദി അറേബ്യ ആദരിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ത്തോളം തൊഴിലാളികള്‍ സൗദി ഓജര്‍ കമ്പനിയില്‍ സാധാരണ ലേബര്‍ മുതല്‍ മാനേജര്‍ തസ്തിക വരെയുള്ള പദവികളില്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. ഇവരില്‍ 13500 ഓളം പേര്‍ സ്വദേശികളായിരുന്നു. 2013 വര്‍ഷത്തിലാണ് യഥാര്‍ത്ഥത്തില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തുടങ്ങുന്നത്. എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ദുരഭിമാനം മൂലം ആ അവസ്ഥ കുറച്ചു കാലം മൂടി വെച്ചുവെങ്കിലും ശമ്പളം കിട്ടാതെ 2016 ജൂലൈയില്‍ തൊഴിലാളികള്‍ പരസ്യമായി സമര രംഗത്ത് ഇതോടെയാണ് കമ്പനിയുടെ പ്രതിസന്ധി പരസ്യമായത്.

കമ്പനിയുടെ അവസാന കാലങ്ങളിൽ അനേക മാസങ്ങളായിട്ടും ശമ്പളം ലഭിക്കാത്ത ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലാണ് കഴിഞ്ഞിരുന്നത്. ഇതില്‍ നിരവധി മലയാളികളും ഉൾപ്പെട്ടിരുന്നു. പലർക്കും ഭക്ഷണം കഴിക്കാനുള്ള പണം പോലും ഇല്ലാത്തതിനാല്‍ നരക യാതന അനുഭവിക്കുകയായിരുന്നു ആ സമയങ്ങളിൽ. പലരുടെയും ഇഖാമ കാലാവധി അവസാനിച്ചിട്ടു നിരവധി മാസങ്ങളായെങ്കിലും പുതുക്കാനുള്ള നടപടികളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.

പിരിഞ്ഞ് പോകുന്നവര്‍ക്ക് വിമാന ടിക്കറ്റ് പോലും നല്‍കാന്‍ കമ്പനിക്കായിരുന്നില്ല. ഫ്രാന്‍സില്‍ നിന്നുള്ള ഇരുന്നൂറോളം ഉദ്യോഗസ്ഥരും ശമ്പളം ലഭിക്കാതെ ദുരിതത്തിലാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി സ്വമേധയാ തൊഴിലാളികള്‍ക്ക് ശമ്പള ബാക്കിയും ആനുകൂല്യങ്ങളും നല്‍കുമെന്ന് തൊഴിലാളികൾക്കും പ്രതീക്ഷയിലായിരുന്നു. സൗദി തൊഴില്‍ മന്ത്രാലയമോ മറ്റു ഉന്നത അധികാരികളോ ഈ കമ്പനിയില്‍ നിന്നും അത് വാങ്ങി തരുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പല പദ്ധതികളില്‍ നിന്നും പണം ലഭിക്കാനുണ്ട് എന്നതാണ് കമ്പനിയെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു. കമ്പനിയുടെ നിര്‍മ്മാണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം പിന്നീട് ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. ശമ്പളം ലഭിക്കാത്തതിനാല്‍ മിടുക്കരായ പല തൊഴിലാളികളും കമ്പനിയില്‍ നിന്ന് സ്വമേധയാ വിടുതല്‍ വാങ്ങി മറ്റു കമ്പനികളിലേക്ക് മാറിയിരുന്നു.

ഇത്തരത്തില്‍ മാറി പോകുന്നവർക്ക് കൊടുക്കാനുള്ള ശമ്പള ബാക്കി പിന്നീട് നൽകാമെന്ന് എഴുതി കൊടുക്കുന്നതല്ലാതെ പണം നല്‍കാനുള്ള നീക്കമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. കൊടുക്കാനുള്ള തുക തവണകളായി നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഒന്നും നല്‍കാതെ ലേബര്‍ ക്യാമ്പിലെ കമ്പനി ഓഫീസ് പൂട്ടി കമ്പനി അധികൃതര്‍ സ്ഥലം വിടുകയാണ് പിന്നീട് ഉണ്ടായത്.

ഇതിനിടയിൽ ഇഖാമ പുതുക്കാത്തതിനാൽ തൊഴിലാളികൾ നരക യാതനയിലായി. തൊഴില്‍ മന്ത്രാലയത്തിന്റെ വേതന സുരക്ഷാ പദ്ധതി അനുസരിച്ച് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനാല്‍ സൗദി ഓജര്‍ കമ്പനിക്കുള്ള സേവനങ്ങള്‍ തൊഴില്‍ മന്ത്രാലയം നിര്‍ത്തി വെച്ചിരുന്നു. ഇത് മൂലമാണ് തൊഴിലാളികളുടെ ഇഖാമകള്‍ പുതുക്കാന്‍ സാധിക്കാത്തത് എന്നായിരുന്നു കമ്പനി അധികൃതരുടെ വാദം. ഗോസിയും (ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്ഷുറന്സ്) പിന്നീട് സൗദി ഓജറിനുള്ള സേവനങ്ങള്‍ നിര്‍ത്തി വെച്ചു.

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ കമ്പനിയുടെ ജിദ്ദ ഓഫീസിന് മുന്‍പില്‍ നടത്തിയ രോഷപ്രകടനം അക്രമാസക്തമായിരുന്നു. രോഷാകുലരായ തൊഴിലാളികള്‍ കമ്പനിയുടെ ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തിയാണ് തൊഴിലാളികളെ ശാന്തരാക്കിയത്. പിന്നീട് തൊഴിലാളികള്‍ ജിദ്ദയിലെ ഇന്റര്‍സെക്ഷനില്‍ തടിച്ചു കൂടി ഗതാഗതം സ്തംഭിപ്പിക്കുകയും പെട്രോള്‍ പമ്പ് ബലമായി അടപ്പിക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തി ഇവരെ പിരിച്ചു വിടുകയായിരുന്നു.

സൗദി ഓജര്‍ കമ്പനിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി തൊഴില്‍ മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതി റിയാദ് ഗവര്‍ണറേറ്റില്‍ നിന്നായിരുന്നു. എങ്കിലും തൊഴിലാളികളുടെ ദുരിതങ്ങള്‍ കുറയ്ക്കുന്നതിനോ ശമ്പളമോ ഭക്ഷണമോ ലഭ്യമാക്കുന്നതിനുള്ള നടപടികളോ പിന്നീട് ഉണ്ടായിട്ടില്ല.

ലോകമാനമുള്ള തൊഴിലാളികള്‍ ഉണ്ടായിരുന്നത് കൊണ്ട് സൗദി ഓജര്‍ തൊഴിലാളി പ്രശ്നം ലോക ശ്രദ്ധ ആകര്‍ഷിക്കുകയും വിവിധ രാജ്യങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു സൗദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. മാസങ്ങളായി ജോലിയും ശമ്പളവും ഇല്ലാതെ നരകിക്കുന്ന തൊഴിലാളികള്‍ക്ക് സഹായമായി സല്‍മാന്‍ രാജാവ് പത്തു കോടി റിയാല്‍ അനുവദിച്ചു. അന്ന് സൗദി ബിന്‍ ലാദിന്റെയും ഓജറിന്റെയും തൊഴിലാളികളാണ് ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. പക്ഷെ ഓജറിന്റെ തൊഴിലാളികള്‍ തുടര്‍ന്നും ദുരിതത്തിലായിരുന്നു.

ഇതിനെ തുടർന്ന് സൗദി ഓജര്‍ കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും തൊഴിലാളികളുടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള വഴികള്‍ കാണുന്നതിനുമായി സൗദി ഓജര്‍ ഉടമയും മുന്‍ ലെബനന്‍ പ്രധാന മന്ത്രിയുമായ സാദ് അല്‍ ഹരിരി സൗദിയില്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ തൊഴിലാളികളുടെ വിഷയത്തില്‍ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ഹരീരി അല്‍ സഫാ കൊട്ടാരത്തിലെത്തി സല്‍മാന്‍ രാജാവിന്റെ ആതിഥ്യം സ്വീകരിച്ച് മടങ്ങി പോയി.

എണ്ണ വിലയിടിവ് മൂലവും സൗദി സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുക ലഭിക്കാതെ നീണ്ടു പോകുന്നത് മൂലവുമാണ് കമ്പനിക്ക് പ്രതിസന്ധി ഉണ്ടായത് എന്നായിരുന്നു കമ്പനിയുടെ നിലപാട്. അതിനു പുറമേ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുകകള്‍ നല്‍കാതെ ബില്ലുകള്‍ പാസ്സാക്കി നല്‍കരുതെന്ന സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശവും സര്‍ക്കാരില്‍ നിന്നും തുക ലഭിക്കുമെന്ന കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് വിഘാതമായി.

സൗദി ഓജര്‍ കമ്പനിയുടെ ഉടസ്ഥാവകാശം സൗദി സര്‍ക്കാരിനോ രാജകുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ കൈമാറാനുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് നടന്നത്. കമ്പനി ഏറ്റെടുക്കുന്നതിന് സൗദി ഗവണ്‍മെന്റ് താല്‍പര്യം പ്രകടിപ്പിച്ചതായി ലബനാനിലെ അല്‍ അഖ്ബാര്‍ ദിനപത്രം റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിന്റെ മുന്നോടിയായി കൈമാറ്റം സംബന്ധിച്ച് ഹരീരിയും സൗദി ഗവണ്‍മെന്റും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

സര്‍ക്കാരിനോ രാജകുടുംബത്തിലെ അംഗങ്ങള്‍ക്കോ കമ്പനി കൈമാറുന്നത് മൂലം സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള തുകയുടെ ഒരു ഭാഗം എത്രയും പെട്ടെന്ന് ലഭിക്കുമെന്നും അതിലൂടെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് ഭാഗികമായെങ്കിലും പരിഹാരം കാണാമെന്നും കമ്പനി അധികൃതര്‍ പ്രതീക്ഷിച്ചിരുന്നു. കൂടാതെ തുക ലഭിക്കുന്നതോടെ നിലവിലുള്ള പദ്ധതികള്‍ പൂർത്തിയാക്കാനും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും അതിലൂടെ നിലവിലുള്ള തൊഴിലാളികളില്‍ ഒരു വിഭാഗത്തെ നിലനിര്‍ത്താന്‍ സാധിക്കുമെന്നുമായിരുന്നു കമ്പനി അധികൃതരുടെ കണക്കു കൂട്ടല്‍.

എന്നാൽ കമ്പനിയുടെ ഉടസ്ഥാവകാശം പൂര്‍ണമായും കൈമാറുന്നതിന് ഹരീരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. 40 ശതമാനം ഓഹരിയെങ്കിലും കൈവശം വയ്ക്കാനുള്ള വിലപേശലാണ് ഹരീരി നടത്തിയത്. ഇതോടെ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുന്ന വഴികള്‍ പൂര്‍ണ്ണമായും അടഞ്ഞു.

ഇതോടെ സമീപ കാലത്തൊന്നും സൗദി ഓജര്‍ കമ്പനിക്ക് നിലവിലുള്ള സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കമ്പനിയുടെ അപ്പോഴത്തെ ബാധ്യത 3000 കോടി റിയാലില്‍ അധികമായിരുന്നു. ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ സ്വയം ആവശ്യപ്പെടുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ അന്ന് തന്നെ സൂചന നല്‍കിയിരുന്നു.

50,000 ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. 20,000 ത്തോളം വരുന്ന തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പുതുക്കിയിയിരുന്നില്ല. ഭൂരിഭാഗം തൊഴിലാളികളുടെ ഇഖാമയും പുതുക്കാന്‍ സാധിച്ചിരുന്നില്ല. ഗോസിയില്‍ അടക്കേണ്ട തുകയും അടക്കാന്‍ സാധിച്ചില്ല. ഇതിനു പുറമേ തൊഴിലാളികള്‍ക്ക് കനത്ത സേവനാനന്തര ആനുകൂല്യവും നല്‍കേണ്ടതുണ്ട്. ദീര്‍ഘകാല സര്‍വീസുള്ള പല തൊഴിലാളികള്‍ക്കും അഞ്ചു ലക്ഷം വരെയുള്ള സേവനാനന്തര ആനുകൂല്യം വരെ കമ്പനി നല്‍കേണ്ടി വരും. കൂടാതെ സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് വന്‍തുക തന്നെ നല്‍കാനുണ്ട്. പാപ്പരായി പ്രഖ്യാപിച്ചാല്‍ ഇത് പോലുള്ള പല ചിലവുകളില്‍ നിന്നും രക്ഷപ്പെടാം എന്നായിരുന്നു കമ്പനിയുടെ നിഗമനം.

എന്നാല്‍ തൊഴിലാളികളുടെ നിലവിലുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ചാല്‍ കമ്പനിക്കു പുതുക്കിയ സൗദി തൊഴില്‍ നിയമത്തിന്റെ പരിരക്ഷ ലഭിക്കുമെന്ന് നിയമ വിദഗ്ദര്‍ വിലയിരുത്തിയിരുന്നു. പുതുക്കിയ തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ബൈലോ നിബന്ധകളില്‍ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെങ്കില്‍ തൊഴില്‍ കരാര്‍ നിയമപരമായി തന്നെ ടെര്‍മിനേറ്റ് ചെയ്യാം എന്ന് വ്യവസ്ഥയുണ്ടെന്ന് അന്ന് സൗദിയിലുണ്ടായിരുന്ന കമ്പനിക്ക് ലഭിച്ച നിയമോപദേശം.

ഈ വ്യവസ്ഥ മുതലാക്കിയാണ് കമ്പനിയുടെ പ്രത്യേക ഡിവിഷനായ നിര്‍മ്മാണ ഡിവിഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം കൃത്യമായ ദിശയിലുള്ളത് ആയിരുന്നില്ല. കരാര്‍ കാലാവധിക്ക് മുന്‍പായി തൊഴിലാളിയുടെ കരാര്‍ റദ്ദാക്കാമെന്നല്ലാതെ പിരിച്ചു വിടുന്ന തൊഴിലാളികള്‍ക്ക് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നതില്‍ നിന്നും കമ്പനിക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ലെന്ന് നിയമ വൃത്തങ്ങള്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ കമ്പനിക്കെതിരെ നിയമ നടപടികളുമായി കൂടുതല്‍ വിദേശികള്‍ രംഗത്തെത്തിയിരുന്നു. അത് വരെ 31,000 പരാതികള്‍ കമ്പനിക്കെതിരെ ലേബര്‍ കോടതികളില്‍ ഫയല്‍ ചെയ്തിരുന്നു. കൂടാതെ മധ്യസ്ഥ ശ്രമം പൊളിഞ്ഞതോടെ റിയാദ്, ദമ്മാം, ജിദ്ദ ശാഖകളില്‍ ജോലി ചെയ്തിരുന്ന ഫ്രാന്‍സില്‍ നിന്നുള്ള ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരും എന്‍ജിനീയര്‍മാരും അഡ്മിനിസ്ട്രെഷന്‍ ജീവനക്കാരും അടങ്ങുന്ന 200 ഓളം ജീവനക്കാര്‍ മുടങ്ങിയ ശമ്പളവും, സേവനാനന്തര ആനുകൂല്യങ്ങളും മറ്റു തൊഴില്‍ നിയമ പരിരക്ഷകളും ആവശ്യപ്പെട്ടു കൊണ്ട് സൗദി ഒജറിനു എതിരെ ഫ്രാന്‍സിലെ കോടതികളില്‍ കേസ് നൽകാനും തീരുമാനമെടുത്തിരുന്നു.

ജൂലൈ 31 ന് കമ്പനി അടച്ചു പൂട്ടുമെന്ന് വ്യക്തമാക്കി മുഴുവന്‍ ജീവനക്കാര്‍ക്കും കമ്പനി നോട്ടീസ് നല്‍കി. ഇതോടെ തൊഴിലാളികളുടെ വിഷയത്തില്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇടപെട്ടു. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരം മന്ത്രാലയം ശേഖരിച്ചു. തൊഴിലാളികളുടെ അവകാശം ലഭ്യമാക്കുന്നതിന് കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നായിരുന്നു മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇതിനായി മന്ത്രാലയത്തിന്റെ ചെലവില്‍ അഭിഭാഷകരെ നിയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

ഇത്തരത്തില്‍ 16,000 വിദേശ തൊഴിലാളികളുടെ പ്രശ്നത്തില്‍ മന്ത്രാലയം നേരിട്ട് ഇടപെട്ടിരുന്നു. ഇതില്‍ 11,500 പേര്‍ ജോലി ഉപേക്ഷിച്ചു മടങ്ങി. 27,൦൦൦ പേരെ നേരത്തെ തന്നെ പിരിച്ചു വിട്ടിരുന്നു. ആറായിരത്തോളം തൊഴിലാളികള്‍ക്ക് പുതിയ സ്പോണ്‍സര്‍മാരുടെ കീഴിലേക്ക് മാറാനുള്ള നടപടികളും മന്ത്രാലയം ചെയ്തു കൊടുത്തു. ഫിലിപ്പൈന്‍സ് തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൗദി ഓജറിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു.

പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ മൂന്നു കരാറുകൾ മാത്രമാണ് കമ്പനിക്കുണ്ടായിരുന്നത്. കിംഗ് അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സർവകലാശാലയിലെ പതിനഞ്ചു വർഷ കാലാവധിയുള്ള മെയിന്റനൻസ്-ഓപ്പറേഷൻസ് കരാർ, മൊറോക്കൊയിലെ ടാൻഗിയറിൽ സൽമാൻ രാജാവിന്റെ കൊട്ടാരത്തിന്റെ നിർമാണം, മിനയിലെ നിർമാണ പദ്ധതി എന്നിവയായിരുന്നു അവ.

സൗദി ഓജറിലെ 350 ജീവനക്കാരെ സിദ്ർ കമ്പനിയിലേക്ക് മാറ്റി. റിയാദ് റോയൽ കോർട്ട് അടക്കം ചില പദ്ധതികൾ സിദ്ർ കമ്പനിയിലേക്ക് മാറ്റുകയും ചെയ്തു. ജിദ്ദ റോയൽ കോർട്ട് പദ്ധതിയിലെ 25൦ സൗദി ജീവനക്കാരെയും കൂടാതെ മുഴുവൻ വിദേശ തൊഴിലാളികളെയും അൽസമാമ കമ്പനി ഏറ്റെടുത്തു.

2,600 ജീവനക്കാരുടെ സ്‌പോൺസർഷിപ്പ് സൗദി ഓജർ ചെയർമാൻ സാദ്  അൽഹരീരിയുടെ ഭാര്യാ സഹോദരൻ ഹാനി അൽഅദ്മിന്റെ കമ്പനിയായ അൽഇംറാൻ അൽഹദീസ കോൺട്രാക്ടിംഗ് കമ്പനിയിലേക്ക് മാറ്റി. ഈ കമ്പനിയുടെ അവശേഷിക്കുന്ന പത്തു ശതമാനം ഉടമസ്ഥാവകാശം സാദ്  അൽഹരീരിയുടെ പിതാവ് റഫീഖ് അൽഹരീരിയുടെ ഭാര്യമാരിൽ ഒരാളുടെ മകനായ മൂസ അൽ ശൈഖിനായിരുന്നു. സൗദി ഒജറിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സമയത്ത് അവശേഷിച്ചിരുന്ന പദ്ധതികളായ കിങ്  അബ്ദുല്ല ശാസ്ത്ര, സാങ്കേതിക സർവകലാശാലാ കരാർ അൽ ഇംറാൻ അൽഹദീസ കോൺട്രാക്ടിംഗ് കമ്പനിക്ക് നൽകി.

കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി പ്രവര്‍ത്തനം അവസാനിപ്പിച്ച ദിനങ്ങളില്‍ റിയാദില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഖാദിസിയ ലേബര്‍ ക്യാമ്പില്‍ വൃത്തിഹീനമായ അവസ്ഥയില്‍ ഭക്ഷണവും വൈദ്യുതിയും ഇല്ലാതെ ഇന്ത്യക്കാരടക്കം രണ്ടായിരത്തോളം പേര്‍ ഭിക്ഷാടകരെ പോലെ കഴിയേണ്ടി വന്നത് ഇന്ത്യയിലും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചു. എംബസ്സി ഉദ്യോഗസ്ഥരോ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥരോ എപ്പോഴെങ്കിലും നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചായിരുന്നു അവര്‍ വിശപ്പടക്കിയിരുന്നത്. വൈദ്യ സഹായം പോലും കമ്പനി നല്‍കാതിരുന്നതിനാല്‍ അസുഖങ്ങള്‍ വന്നാല്‍ മറ്റൊരുപാധിയും ഇവര്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഓജറിന്റെ മറ്റു ക്യാമ്പുകളുടെ സ്ഥിതിയും മെച്ചമായിരുന്നില്ല.

ദുരിതം അനുഭവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ഏതാണ്ട് 4500 ഓളം വരും എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാസങ്ങളായി കമ്പനി ശമ്പളം നല്‍കിയിരുന്നില്ല എങ്കിലും കമ്പനിയുടെ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മെസ്സ് ഹാളുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ഈ സൗകര്യം പോലും കമ്പനി അധികൃതര്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണ്‌ തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയില്‍ ആകുന്നതും അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ട്വീറ്റ് ചെയ്തു വിവരങ്ങള്‍ അറിയിക്കുന്നതും തുടര്‍ന്ന് വിഷയം ലോകശ്രദ്ധ ആകര്‍ഷിക്കുന്നതും.

തുടക്കത്തില്‍ ഉഴപ്പിയെങ്കിലും പിന്നീട് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും റിയാദിലെ ഇന്ത്യന്‍ എംബസ്സിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലെറ്റും സ്വീകരിച്ച നടപടികള്‍ അഭിനന്ദനാര്‍ഹമായിരുന്നു. ജിദ്ദയിലെ ആറ് ലേബര്‍ ക്യാമ്പുകളിലായി ഇന്ത്യയില്‍ നിന്നുള്ള 2500 ഓളം തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു. ഇവര്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ കോണ്‍സുലേറ്റ് ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ചു. റിയാദ്, ദമാം മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്താന്‍ എംബസി ഉദ്യോഗസ്ഥരെയും വളണ്ടിയര്‍മാരെയും നിശ്ചയിച്ചു. ഇതിനായി റിയാദ് എംബസിയില്‍ പ്രത്യേക യോഗം ചേരുകയും ചെയ്തു.

സൗദി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി സുഷമ സ്വരാജ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന വികെ സിങ്ങിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സിംഗ് നിരവധി തവണ സൗദിയിലെത്തി. ജിദ്ദയിലെ ഹദ്ദ ടൗണിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള സൗദി ഓജർ കമ്പനിയുടെ കീഴിലുള്ള സുമൈസി ക്യാമ്പ് വി.കെ സിംഗ് സന്ദർശിക്കുകയും ചെയ്തു. ഏഴുനൂറോളം ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരായ 2500 തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പായിരുന്നു അത്.

ഇന്ത്യന്‍ ശൈലിയില്‍ മന്ത്രിയെ മുദ്രാവാകൃം വിളിച്ച് തൊഴിലാളികൾ സ്വികരിച്ചത് അന്ന് മറ്റു രാജ്യക്കാര്‍ക്ക് പുതുമയായിരുന്നു. ഈ ക്യാമ്പില്‍ ഉണ്ടായിരുന്ന നൂറോളം മലയാളികള്‍ക്കും മന്ത്രിയുടെ സന്ദര്‍ശനം ആശ്വാസം പകര്‍ന്നിരുന്നു. ഏകദേശം രണ്ടര മണിക്കൂർ വി.കെ സിംഗ് ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ചെലവഴിച്ചു. ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേഖ് എന്നിവരും വി കെ സിങിനൊപ്പം ഉണ്ടായിരുന്നു. സൗദി തൊഴിൽകാര്യ മന്ത്രാലയത്തിലെ മക്കാ റീജിയൻ ഓഫിസിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം തൊഴിലാളികളുടെ ക്യാമ്പിലെത്തിയിരുന്നു. മന്ത്രിയുടെ സന്ദര്‍ശനം നിരാശയിലായിരുന്ന ഇന്ത്യക്കാരില്‍ പുതുപ്രതീക്ഷ ഉണര്‍ത്തുകയും ചെയ്തു.

തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേലേറ്റ് സൗദി തൊഴില്‍ വകുപ്പുമായി കൈകോര്‍ത്ത് തൊഴിലാളികള്‍ക്ക് ഇതര കമ്പനികളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുപ്പതോളം കമ്പനി പ്രതിനിധികള്‍ക്ക് രണ്ടായിരത്തോളം ഇന്ത്യന്‍ തൊഴിലാളികളുടെ ലിസ്റ്റ് അധികൃതര്‍ കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കമ്പനി പ്രതിനിധികള്‍ സൗദി ഓജറിന്‍റെ ശുമൈസി, ഓജെക്സ് ക്യാമ്പുകളിലെത്തി നിരവധി തൊഴിലാളികളുമായി അഭിമു‍ഖം നടത്തി.

എന്നാല്‍ ജോലി നഷ്ടപ്പെട്ടിട്ടും ഭൂരിഭാഗം മലയാളികളും ജോലി മാറാന്‍ അന്ന് തയാറായില്ല. കാരണം സൗദി ഓജറില്‍ നിന്നും അവര്‍ക്ക് ലഭിച്ചിരുന്നത് മികച്ച ശമ്പളവും ആനുകൂല്യങ്ങളുമായിരുന്നു. പുതിയ കമ്പനികളുടെ വാഗ്ദാനം ഇതിന്റെ പകുതി പോലുമായിരുന്നില്ല. കൂടാതെ സേവനാനന്തര ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയാല്‍ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറായത് നൂറില്‍ താഴെ ഇന്ത്യക്കാര്‍ മാത്രമായിരുന്നു.

മന്ത്രാലയത്തിന്റെ സേവനങ്ങള്‍ക്ക് പുറമേ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം പ്രയാസം അനുഭവിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും സൗജന്യ ചികിത്സ നല്‍കാനും ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദിയ വഴി സൗജന്യ ടിക്കറ്റ് ലഭ്യമാക്കാനുമുള്ള നടപടികള്‍ സൗദി ഭരണകൂടം എടുത്തിരുന്നു.

2016 ഓഗസ്റ്റ് മാസത്തോടു കൂടി കമ്പനിയുടെ തകർച്ച പൂർണമായി. 2017 ജൂലൈ 17 ന് സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ സൗദി ഓജർ 39 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം ചരിത്രത്തിന്റെ ഭാഗമായി മാറി. ജൂലൈ 31 ന് സൗദിയിലെ എല്ലാ നഗരങ്ങളിലെയും ശാഖകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് പ്രവര്‍ത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചു. ലിക്വിഡേറ്റ് ചെയ്ത് പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുൻപ് തന്നെ കമ്പനിയുടെ പ്രധാനപ്പെട്ട സ്വത്തുവകകൾ എല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു.

പിന്നീട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടാവകാശി ഭരണത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയതോടെ രാജ വ്യാപകമായി നടന്ന അഴിമതി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി ഓജറിന്റെ സൗദിയിൽ അവശേഷിക്കുന്ന വസ്തുവകകൾ പിടിച്ചെടുക്കാൻ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ജോർദ്ദാനിയൻ – സൗദി ബിസിനസുകാരനായിരുന്ന സാബിഹ് അൽ മസരി അറസ്റ്റിലായതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രണ്ടു വർഷം മുൻപ് കമ്പനിയുടെ കടങ്ങൾ പുനഃക്രമീകരിക്കാനും കൊടുത്തു വീട്ടാനുമായി കോടതി നിർദേശപ്രകാരം തൊഴിൽ മന്ത്രാലയത്തിലെയും നിയമ മന്ത്രാലയത്തിലെയും പ്രതിനിധികൾ അടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു.

റിയാദ് എക്സിക്യൂട്ടീവ് കോടതിയുടെ എസ്റ്റിമേഷന്‍ പ്രകാരം ഓജര്‍ കമ്പനിയുടെ മൊത്തം കടം 40 ബില്യൺ റിയാലാണ്. ഇതിൽ ബാങ്കുകൾക്ക് നൽകാനുള്ള 13 ബില്യൺ റിയാലും കമ്പനിയുടെ സപ്ലയർമാർക്ക് നൽകാനുള്ള 22 ബില്യൺ റിയാലും തൊഴിലാളികൾക്ക് നൽകാനുള്ള 6.2 ബില്യൺ റിയാലും ഉൾപ്പെടുന്നു. തൊഴിലാളികളുടെ ശമ്പളവും, ഇ.എസ്.ബിയും മറ്റു അലവൻസുകളും അടങ്ങുന്ന തുകയാണിത്. എന്നാല്‍ കോടതിയുടെ കസ്റ്റഡിയിലുള്ള കമ്പനിയുടെ തുക വെറും 83 മില്യൺ റിയാലും അതേ സമയം കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ ശേഷിക്കുന്നത് വെറും 171,000 റിയാലും മാത്രമാണ്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന സമയം മറ്റു ആസ്തികള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

45000 ത്തിലധികം ക്രെഡിറ്റര്‍ ക്ലൈയിമുകളാണ് കമ്പനിക്ക് എതിരായി ഉള്ളത്. 6000 ല്‍ അധികം വ്യക്തികളും ബാങ്കുകളും കമ്പനികളും ഉള്‍പ്പെടുന്നവര്‍ പണം ലഭിക്കുന്നതിനായി കോടതികളെ സമീപിച്ചു കഴിഞ്ഞു. നാഷണല്‍ കമ്മേഴ്സ്യല്‍ ബാങ്കാണ് പാപ്പരത്ത നിയമ പ്രകാരമുള്ള നിയമ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുള്ളത്. ഒജറും സമാനമായ നീക്കങ്ങള്‍ നടത്തുമെന്നാണ് സൗദിയിലെ പ്രശസ്ത നിയമ സ്ഥാപനമായ ഹമദ് ആന്‍ഡ്‌ അല്‍ മേഹദാര്‍ സൂചന നല്‍കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഇതു വരെ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇതിനിടയില്‍ ബലിയാടുകളായത് തൊഴിലാളികളാണ്. ഏറ്റവും മുകളില്‍ പറഞ്ഞ മുഹമ്മദിനെ പോലുള്ളവര്‍.

അഡ്വ.ഷിയാസ് കുഞ്ഞിബാവ.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!