Connect with us

LATEST

അറിയുക, കരുതലോടെ പ്രവര്‍ത്തിക്കുക. സൗദിയിലെ പ്രവാസ ജീവിതം സുരക്ഷിതമാക്കുക

Published

on

സൗദി പോലീസിന് വെറും 22 റിയാല്‍ കൈക്കൂലി നകാന്‍ ശ്രമിച്ചതിന് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവില്‍ മലയാളി ജയിലിലായത് മലയാളികളായ പ്രവാസികള്‍ക്ക് ഒരു ക്ലാസ്സിക് ഉദാഹരണമാണ്.  അശ്രദ്ധയും അറിവില്ലായ്മയും ഒരാളെ എത്ര മാത്രം കുഴപ്പത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുമെന്നുള്ളതിനുള്ള ഉദാഹരണം.

പലര്‍ക്കും ഈ സംഭവത്തിന്റെ യുക്തി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  ഇത്രയും കുറഞ്ഞ തുക എന്ത് കൊണ്ടായിരിക്കും ആ യുവാവ് പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലിയായി നല്‍കാന്‍ തുനിഞ്ഞത്? കുറച്ചു ദിവസങ്ങള്‍ സൗദിയിലെ മലയാളികള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആയിരുന്നു അത്. പിന്നീടാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. അതോടെ മലപ്പുറം കൊണ്ടോട്ടി കണ്ണന്‍ കുളവന്‍ വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ സൗദിയില്‍ ആകമാനമുള്ള മലയാളികളായ പ്രവാസികളുടെ സഹതാപം പിടിച്ചു പറ്റി.

സൗദിയിലെത്തി ഇഖാമ പോലും ലഭിക്കുന്നതിനു മുന്‍പായിരുന്നു 22 റിയാലിന്റെ കൈക്കൂലി കേസില്‍ മുബഷിര്‍ ജയിലിലായത്. ഹൗസ്‌ ഡ്രൈവര്‍ വിസയില്‍ യാമ്പു റോയല്‍ കമ്മിഷനില്‍ എത്തിയ മുബഷിര്‍ രണ്ടാഴ്ച തികയുന്നതിന് മുന്‍പ് തന്നെ സ്പോണ്‍സറുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൈസന്‍സ് ഇല്ലാതെ  വാഹനം ഓടിക്കുകയായിരുന്നു. നിതാഖാത് പരിശോധന ശക്തമായിരുന്ന സമയത്ത് അപ്രതീക്ഷിതായി വാഹന പരിശോധന സംഘത്തിന് മുന്നില്‍ പെട്ട മുബഷറിനോട് രേഖകള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

രേഖകള്‍ നല്‍കാന്‍ ട്രാഫിക്‌ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഭാഷ വശമില്ലാതെ ആശയ കുഴപ്പത്തിലായ മുബഷിര്‍ കയ്യില്‍ ഉണ്ടായിരുന്ന പാസ്പോര്‍ട്ട് കോപ്പി കാണിച്ചു കൊടുക്കുകയായിരുന്നു. പരിശോധനാ ഉദ്യോഗസ്ഥന്‍ മറ്റെന്തോ ചോദിച്ചപ്പോള്‍ അറബി അറിയാത്ത മുബഷിര്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന എല്ലാ പേപ്പറും പുറത്തെടുത്ത് കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിനോടൊപ്പം പെട്ടു പോയ 22 റിയാല്‍ കണ്ടു കൈക്കൂലിയായി തെറ്റിദ്ധരിച്ച ഉദ്യോഗസ്ഥന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് മുബഷിറിന്റെ വിശദീകരണം. പിന്നീട് മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമായി  ബന്ധപ്പെട്ടപ്പോഴാണ് കൈക്കൂലി കേസ് ആണ് ചുമത്തിയിരിക്കുനത് എന്ന് വ്യക്തമായത്.

ഒടുവില്‍ യാമ്പു ഗവര്‍ണറേറ്റില്‍ നിന്നും കത്ത് സംഘടിപ്പിച്ചു പോലീസ്‌ സ്റ്റേഷനില്‍ നല്‍കി നിരപരാധിത്വം വ്യക്തമാക്കി അവിടെ നിന്നും ക്ലിയറന്‍സ്‌ ഫയല്‍ ജയിലിലേക്ക് അയച്ചതിന് ശേഷം മാത്രമാണ് മുബഷിറിനു മോചനം ലഭിച്ചത്.

അന്ന് കണ്ണന്‍ കുളവന്‍ വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ എന്ന നിരക്ഷരനും നിസ്സഹായനുമായ പ്രവാസി യുവാവാണ് കൈക്കൂലി കേസില്‍ കുടുങ്ങിയത് എങ്കില്‍ ഇന്ന് രാജ്യത്തെ മന്ത്രിമാരും, ജഡ്ജിമാരും, ഉന്നത അധികാരികള്‍ പോലും കൈക്കൂലി, അഴിമതി, അധികാര ദുര്‍വിനിയോഗ കേസുകളില്‍ പിടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കൈകൂലി, വ്യാജരേഖ ചമക്കൽ, അഴിമതി എന്നീ ആരോപണങ്ങളുടെ പേരിൽ പൊതുസുരക്ഷാ ഉന്നത മേധാവി ലഫ്. ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയുടെ സേവനം അവസാനിപ്പിച്ച് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടത്.

ഇന്നത്തെ കൈക്കൂലി/അഴിമതി വേട്ടക്ക് പിന്നില്‍

സൗദി അധികൃതരുടെയും ഉന്നതരുടെയും അഴിമതി കഥകളുടെ പിന്നാമ്പുറങ്ങള്‍ക്ക് പിറകെ പോകുക എന്നത് ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. സൗദി നിയമത്തില്‍ കൈക്കൂലി എന്ന ഗുരുതരമായ കുറ്റകൃത്യം പ്രവാസികളായ മലയാളികളെ എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമായ ബോധവല്‍ക്കരണം നടത്തുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം. എന്നാല്‍ അതിനു മുന്‍പ് സൗദി അറേബ്യയിലെ കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച നടപടികള്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തി നില്‍ക്കുന്നത് എങ്ങിനെയാണെന്ന് ചെറിയ രീതിയില്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

എണ്‍പതുകള്‍ മുതല്‍ സൗദിയില്‍ അഴിമതി വ്യാപകമാണെന്നും പൊതുധന വിനിയോഗത്തിന്റെ പത്തു ശതമാനം അഴിമതി കാരണമായി നഷ്ടപ്പെടുകയാണെന്നും തുറന്ന് പറഞ്ഞതത് മറ്റാരുമല്ല, രാജ്യത്തിന്റെ കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാനാണ്. 2017 ല്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം കിരീടാവകാശി വ്യക്തമാക്കിയത്. അതോടൊപ്പം ശക്തമായ അഴിമതി വിരുദ്ധ നടപടികള്‍ സ്വീകരിക്കുമെന്നും അഴിമതി മൂലം നഷ്ടപ്പെട്ട എല്ലാ പണവും തിരിച്ചു പിടിച്ച് പോതുഖജനാവിലെക്ക് എത്തിക്കുമെന്നും അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയപ്പോള്‍ അധികാരം ലഭിക്കുമ്പോള്‍ സാധാരണ പോലുള്ള ഒരു ആരംഭ ശൂരത്വവും വാഗ്വിലാസവുമായി മാത്രമേ പുറം ലോകം അത് കണക്കാക്കിയുള്ളൂ.

എന്നാല്‍ പിന്നീട് ചിത്രം മാറുന്നതാണ് ലോകം കണ്ടത്. കിരീടാവകാശിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ നടപടി ശക്തമായ നടപടികള്‍ ആരംഭിച്ചതോടെ സൗദിയില്‍ ഉന്നതരുടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തു വന്നു. രാജകുമാരനോ മന്ത്രിയോ, ആരായാലും തെളിവുണ്ടെങ്കില്‍ കണക്ക് പറയേണ്ടി വരും എന്നതായിരുന്നു കിരീടാവകാശിയുടെ നിലപാട്.

2015 മുതലുള്ള അഴിമതി കേസുകളില്‍ തെളിവുകള്‍ സംഭരിക്കുന്നതിന് പ്രത്യേക കര്‍മ്മ സമിതി രൂപീകരിച്ചു.  രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്കാരായ ഇരുനൂറോളം പേരെ കുറിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. താഴെ തട്ടില്‍നിന്ന് ആരംഭിച്ചതിനാലാണ് മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ പരാജയപ്പെടുന്നതിന് കാരണമെന്ന് മനസ്സിലാക്കിയതിനാല്‍ ഉന്നതതലത്തില്‍ നിന്നുതന്നെ അഴിമതി വിരുദ്ധ പോരാട്ടം ആരംഭിക്കുന്നതിനായി ആരംഭിച്ചു. അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിവര ശേഖരണം പൂര്‍ത്തിയായതോടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തു.

പിന്നീട് നടന്നത് വ്യാപകമായ അറസ്റ്റുകളാണ്. ബില്യണ്‍ കണക്കിന് റിയാലിന്റെ സമ്പത്തുള്ള രാജകുമാരന്മാര്‍ മുതല്‍ വ്യവസായികളും മന്ത്രിമാരും രാജകുടുംബാംഗങ്ങളും വരെ പിടിയിലായി. അഴിമതി കേസിൽ അറസ്റ്റിലായ ഏതാനും പ്രതികളുടെ സമ്പത്ത് മാത്രം 3300 കോടി ഡോളർ വരുമെന്നാണ് അന്താരാഷ്ട്രാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായികളെയും രാജകുടുംബാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥന്‍മാരെയും തടവിലാക്കി ചോദ്യം ചെയ്തിരുന്ന റിയാദ് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടല്‍ സംഭവം ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിച്ചതുമാണ്.

അഴിമതി കേസുകളിലെ ഇവരുടെ പങ്കുകള്‍ തെളിയിക്കുന്ന രേഖകള്‍ കാണിച്ചുകൊടുത്തു. അഴിമതി കേസുകളില്‍ അറസ്റ്റിലായവരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് നിരപരാധികളാണെന്ന് തെളിഞ്ഞത്. നാലു ശതമാനം പേര്‍ തങ്ങള്‍ അഴിമതിക്കാരല്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയും വിചാരണ നേരിടുകയും ചെയ്യുന്നു. ബാക്കിയുള്ള 95 ശതമാനം പേരും അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവില്‍ തിരിച്ചടക്കുന്നതിന് സമ്മതിച്ചു. 1200 ലേറെ അക്കൗണ്ടുകൾ സൗദി ബാങ്കുകൾ മരവിപ്പിച്ചു. അഴിമതി കേസ് പ്രതികളുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പിലൂടെ പൊതുഖജനാവിലേക്ക് പതിനായിരം കോടി ഡോളര്‍ തിരികെയെത്തിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു കമ്പനിയും പാപ്പരാവാതെ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമുണ്ടാകാതെ

സൗദി സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ നടക്കുന്ന അഴിമതി വിരുദ്ധ വേട്ട, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും നിക്ഷേപ താല്‍പ്പര്യങ്ങളെയും എതിരായി ബാധിക്കാതെ നോക്കാന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു. നിയമാനുസൃത താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് കൈക്കൂലി നല്‍കിയ വ്യവസായികളെ വിചാരണ ചെയ്യില്ലെന്ന നിലപാട് നിക്ഷേപകര്‍ക്ക് ആത്മ വിശ്വാസം വളര്‍ത്തി.

അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തികളുടെ പേരിലുള്ള 1200 ലേറെ അക്കൗണ്ടുകൾ സൗദി ബാങ്കുകൾ മരവിപ്പിച്ചു എങ്കിലും സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ ഡയറക്ടർമാരുമായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അധികൃതർ കൂടിക്കാഴ്ചകൾ നടത്തി അഴിമതി കേസ് പ്രതികളുമായി ബന്ധമുള്ള കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കി.

വ്യവസായികളെയും നിക്ഷേപകരെയും കുറ്റപ്പെടുത്തുന്നതിന് പകരമായി ബ്യൂറോക്രാറ്റുകള്‍ ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൈക്കൂലി ഈടാക്കുകയായിരുന്നു എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ബ്യൂറോക്രാറ്റുകള്‍ പദ്ധതി കരാര്‍ തുകകള്‍ ഉയര്‍ത്തിയും കൈക്കൂലി സ്വീകരിച്ചും വ്യവസായികളെയും നിക്ഷേപകരെയും ചൂഷണം ചെയ്തു സര്‍ക്കാര്‍ പണം കവരുകയായിരുന്നു. അത്തരക്കാരാണ് അറസ്റ്റിലായത് എന്നാണു ഔദ്യോഗിക സ്ഥിരീകരണം. ഈ നിലപാട് മൂലം രാജ്യത്തെ നടക്കുന്നഅഴിമതി വിരുദ്ധ പേരാട്ടം മൂലം ഒരു കമ്പനിയും പാപ്പരായിട്ടില്ല. ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടവും ഉണ്ടായിട്ടില്ല.

മലയാളികളായ പ്രവാസികളില്ല

അഴിമതിയും കൈക്കൂലിയും നിയമപരമായി ഏതാണ്ട് സമാനമാണെങ്കിലും നസാഹ നടത്തുന്ന ഓപറെഷനുകളില്‍ മലയാളികളായ സൗദി പ്രവാസികള്‍ ഉള്‍പ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഭീമമായ തോതില്‍ കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ സ്വദേശി സമൂഹത്തിലെ ഉന്നതരായ ഒരു ശതമാനം പേര്‍ മാത്രമാണ് അത്തരം നടപടികള്‍ അഭിമുഖീകരിക്കുന്നത്. സൗദിയിലെ കൈക്കൂലി വിരുദ്ധ നിയമ പ്രകാരമുള്ള നടപടികള്‍ ബാധകമാവുന്ന വിധത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികള്‍ ഒട്ടും തന്നെ ഇല്ല എന്ന് തന്നെ പറയാം.

മലയാളികളായ പ്രവാസികള്‍ പിടിയിലാവുന്ന കൃത്യങ്ങള്‍

നസാഹ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന വ്യാപകമായ പരിശോധനകളും നടപടി ക്രമങ്ങളുമെല്ലാം രാജ്യത്തിന്റെ ആഭ്യന്തര വിഷയവുമാണ്‌. അത് കൊണ്ട് തന്നെ സൗദി അറേബ്യയുടെ പൊതുവായ വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ “അറിഞ്ഞിരിക്കുക’ എന്നതിലുപരി പ്രവാസികള്‍ക്കിടയില്‍ അതിനെ കുറിച്ച് ഗഹനമായ ചര്‍ച്ചയുടെ ആവശ്യമില്ല. മലയാളികളായ പ്രവാസികള്‍ പലപ്പോഴും ഉള്‍പ്പെടുന്നത് കൈക്കൂലി സംബന്ധമായ കേസുകളിലാണ്. അതിനാല്‍ ഇത് സംബന്ധിച്ച് പ്രാഥമികമായി പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് അറിഞ്ഞിരിക്കാത്ത പക്ഷം ഒരുപക്ഷെ നിങ്ങളുടെ പ്രവാസ ജീവിതത്തിന് പ്രതീക്ഷിക്കാത്ത അവസാനം വരെ സംഭവിച്ചേക്കാം.

മലയാളികളായ പ്രവാസികള്‍ പലപ്പോഴും പിടിയിലാവുന്നത് താരതമ്യേന ഗുരുതരമല്ലാത്ത കൈക്കൂലി കേസുകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ രണ്ടു മലയാളികള്‍ പോലീസിന്റെ പിടിയിലായത് നാടകീയമായായിരുന്നു. കൊറോണവൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തീര്‍ക്കാനായി വ്യാജമദ്യ വിൽപ്പനയാരംഭിച്ച കണ്ണൂർ സ്വദേശി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 170 കുപ്പി മദ്യം സഹിതം പോലീസ് പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് തന്നെ മോചിപ്പിക്കാനായി അയാള്‍ പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസിന് നല്‍കാനുള്ള കൈക്കൂലിയായ മൂവായിരം റിയാലുമായി പോലിസ് സ്റ്റേഷനിലെത്തി പണം കൈമാറിയ വർക്ക്ഷോപ്പ് ജീവനക്കാരനും കൂട്ടുകാരനായ കോഴിക്കോട് സ്വദേശിയെ കൈക്കൂലിക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു.

പോലീസുകാര്‍ക്ക് മാത്രമല്ല, ബംഗ്ലാദേശ് സ്വദേശിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലും മലയാളിയായ പ്രവാസി ജയിലില്‍ ആയിട്ടുണ്ട്. ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിലെ ജീവനക്കാരനായ ബംഗ്ലാദേശ് സ്വദേശിക്ക് 500 റിയാൽ നല്‍കിയതിനാണ് അൽ കോബാറിലെ സൗദി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന കണ്ണൂർ സ്വദേശി വളപ്പിൽ വീട്ടിൽ ഹസൻ ജയിലായത്.

മാതാവിന് അസുഖം മൂർച്ഛിച്ചതിനാൽ ഫൈനൽ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിനാണ് ഹസൻ ദമാം വിമാനത്താവളത്തിൽ എത്തിയത്. അനുവദനീയമായതിലും അധികം ലഗേജിന്റെ തൂക്കം കൂടിയതിനാല്‍ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ ലഗേജ് നിരസിച്ചു. അപ്പോഴാണ്‌ കുറഞ്ഞ ചാർജിൽ സാധനങ്ങൾ കയറ്റി വിടാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ട്രോളി ജീവനക്കാരനായ ബംഗാളുകാരനും ഒരു നേപ്പാളുകാരനും ഹസന്റെ അരികിലേക്ക് എത്തിയത്.

500 റിയാലാണ് അവര്‍ ആവശ്യപ്പെട്ടത്. അത് ഹസന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരുടെ നീക്കങ്ങൾ വിമാന താവളത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നത് അവര്‍ അറിഞ്ഞിരുന്നില്ല. ബോര്‍ഡിംഗ് പാസുമായി അകത്തു ചെന്ന ഹസനെ ഉദ്യോഗസ്ഥര്‍ പിടികൂടി. തുടര്‍ന്ന് പണം വാങ്ങിയ ബംഗ്ലാദേശ് സ്വദേശിയും പിടിയിലായി. കുറ്റം തെളിഞ്ഞതിനാൽ മൂന്ന് മാസ തടവും 1500 റിയാൽ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം ഹസനെ നാട് കടത്തുകയും ചെയ്തു. കൈകൂലി സ്വീകരിച്ച ബംഗ്ലാദേശ് സ്വദേശിക്കും സമാന ശിക്ഷ ലഭിച്ചു.

പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസുകള്‍ ഈ കോവിഡ് പ്രതിസന്ധിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കര്‍ഫ്യൂ സമയത്ത് കര്‍ഫ്യൂ ലംഘിച്ചതിന് പിടിയിലായ ചില വിദേശികള്‍ ശിക്ഷയില്ലാതെ രക്ഷപ്പെടുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതും പത്രങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുടെ നിയമത്തെ സംബന്ധിച്ചിടത്തോളം ഏതൊക്കെ പ്രവൃത്തികളാണ് കൈക്കൂലി എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക, ഏതൊക്കെ സാഹചര്യങ്ങളാണ് നിയമ ലംഘനത്തിലേക്ക് നയിക്കുക, എന്തൊക്കെയാണ് അതിനുള്ള ശിക്ഷ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ഒരു പ്രാഥമിക അവബോധം സൗദിയിലെ മലയാളികളായ പ്രവാസികള്‍ക്ക് ഉണ്ടാവേണ്ടത് തങ്ങളുടെ പ്രവാസ ജീവിതം സുരക്ഷിതമാക്കാന്‍ ഏറെ സഹായകരമാണ്. ഈ വിഷയത്തില്‍ സൗദിയിലെ പ്രവാസി മലയാളികളുടെ ബോധവല്‍ക്കരണത്തിനു വേണ്ടി ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രസക്തമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ താഴെ നല്‍കുന്നു.

 1. സൗദിയില്‍ എന്താണ് കൈക്കൂലി

എന്താണ് കൈക്കൂലി എന്ന് കൈക്കൂലി വിരുദ്ധ നിയമത്തില്‍ പ്രത്യക്ഷമായി നിര്‍വ്വചിച്ചിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. 1992 ലാണ് സൗദി അറേബ്യ സര്‍ക്കാര്‍/പൊതു മേഖലയിലെ അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി കൈക്കൂലി വിരുദ്ധ നിയമം (Royal Decree M/36, 29/12/1412H-July 1, 1992) കൊണ്ട് വന്നത്. എന്നാല്‍ സ്വകാര്യ മേഖലയിലെ അഴിമതിയുടെ വ്യാപനം മൂലം 2019 മാര്‍ച്ചില്‍ ഈ നിയമത്തിന്റെ വ്യാപ്തി സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു (Royal Decree 4 of 1440/3-2019). ഇതോടെ സ്വകാര്യ മേഖലയിലും കൈക്കൂലി ഒരു കുറ്റകൃത്യമായി മാറി.

ഒരു വ്യക്തിയുടെ തൊഴില്‍ പരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോ നിര്‍വഹിക്കാതിരിക്കുന്നതിനോ അയാള്‍ സ്വീകരിക്കുകയോ അയാള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുകയോ ചെയ്യുന്ന സമ്മാനമോ, സാമ്പത്തികമോ, മറ്റു രീതികളിലോ ഉള്ള ആനുകൂല്യങ്ങളോ ആകാം. ഇത് നേരിട്ടോ പരോക്ഷമായോ ആകാം.

 1. കൈക്കൂലി നല്‍കിയാലുള്ള ശിക്ഷ

ഈ നിയമ പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണ്. ഈ നിയമ ലംഘനങ്ങളിലാണ് പലപ്പോഴും മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ കുടുങ്ങി പോകുന്നത്. കൈക്കൂലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക്, വാഗ്ദാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൂടി പത്തു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നത്.

പത്ത് വര്‍ഷം തടവാണ് കുറ്റം തെളിഞ്ഞാല്‍ ശിക്ഷയായി ലഭിക്കുക. പരമാവധി പത്ത് മില്യന്‍ റിയാല്‍ വരെ പിഴ ശിക്ഷയും ലഭിക്കാം. കൂടാതെ കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് തെളിയുന്ന സർക്കാർ ഉദ്യോഗസ്ഥരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ഭാവിയിൽ സർക്കാർ ജോലികൾ നിഷേധിക്കുന്നതിനും കൈക്കൂലി വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.

 1. കൈക്കൂലി നല്‍കിയാലും ശിക്ഷയില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാന്‍ സാധിക്കും?

കൈക്കൂലി സംബന്ധമായ ശിക്ഷയില്‍ നിന്നും മറ്റു നിയമ ലംഘനങ്ങളില്‍ നിന്നും ഒഴിവാകുന്നതിനും രക്ഷപ്പെടുന്നതിനും കൈക്കൂലി വിരുദ്ധ നിയമത്തിലെ വകുപ്പ് 16 കൈക്കൂലി നല്‍കിയ വ്യക്തിക്കോ, ഇടനിലക്കാരനോ അവസരം നല്‍കുന്നുണ്ട്. കൈക്കൂലി കേസ് കണ്ടെത്തുന്നതിനോ പുറത്തു വരുന്നതിനോ മുന്‍പായി ഇതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്ന പക്ഷം കൈക്കൂലി നല്‍കിയ ആളെയും ഇതിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച ആളെയും ശിക്ഷകളില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വിരുദ്ധ നിയമത്തിലെ 16-ാം വകുപ്പ് അനുശാസിക്കുന്നു.

 1. നിയമത്തിന് കീഴില്‍ വരുന്നവര്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സ്ഥിരമായോ താല്‍ക്കാലികമായോ ജോലിയെടുക്കുന്നവര്‍, സര്‍ക്കാരോ നിയമപരമായ ചുമതകളും അധികാരങ്ങലുമുള്ള സ്ഥാപനങ്ങളോ നിയമിക്കുന്ന വിദഗ്ദര്‍, ആര്‍ബിട്രേറ്റര്‍മാര്‍, സൗദി സര്‍ക്കാരിന്റെ പ്രത്യേക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി നിയമിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

 1. സ്വകാര്യ മേഖലക്ക് ഈ നിയമം ബാധകമാണോ?

ഈ നിയമം 2019 ല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തീരുമാനത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ സ്വകാര്യ കമ്പനികളിലെ ജോലിക്കാരും ഈ നിയമത്തിന്റെ പരിധിയില്‍ വന്നു കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍, പൊതുസമൂഹത്തിന് പ്രയോജനങ്ങള്‍ ലഭിക്കുന്ന സ്വകാര്യ സന്നദ്ധ സംഘടനകളുടെ ജീവനക്കാര്‍, സൗദിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിലെയും ഫൗണ്ടേഷനുകളിലെയും ജീവനക്കാര്‍, പ്രൊഫഷനല്‍ സംഘടനകള്‍, പ്രൊഫഷനല്‍ ബോഡികള്‍ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിക്കുല്ലിലായി.

ജോയിന്റ് സ്റ്റോക്ക് കമ്പനികളിലെ ജീവനക്കാര്‍, പൊതു സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലേയും ഇന്‍സ്റ്റിറ്റ്യൂഷനുകളിലേയും ജീവനക്കാര്‍, സര്‍ക്കാര്‍ മൂലധനത്തോട് കൂടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ബാങ്കിംഗ് കമ്പനികള്‍ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയിലാണ്.

ഈ നിയമ പ്രകാരം സ്വകാര്യ സംഘടനയിലോ കമ്പനിയിലോ ജോലി ചെയ്യുന്ന ഒരാളില്‍ നിന്നും തൊഴില്‍ പരമായ കടമ നിര്‍വ്വഹിക്കുന്നതില്‍ നിന്നും വിലക്കുന്നതിനായി സമ്മാനമോ, വാഗ്ദാനമോ, മറ്റെന്തെങ്കിലും ആനുകൂല്യമോ വാഗ്ദാനം ചെയ്യുന്ന വ്യക്തികളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഇങ്ങിനെ ആവശ്യപ്പെടുന്നതും കുറ്റകരമാണ്.

 1. ബ്രാഞ്ച് കൈക്കൂലി നല്‍കിയാല്‍ മാതൃ കമ്പനി കുറ്റക്കരനാകുമോ ?

ഒരു സ്വകാര്യ കമ്പനിയുടെ ഒരു ശാഖയിലെ ഒരു വ്യക്തി കൈക്കൂലി സംബന്ധമായ പ്രവൃത്തികള്‍ ചെയ്‌താല്‍ അത് മാതൃ കമ്പനിയെ ബാധിക്കുമോ എന്നും മാതൃകമ്പനി അതില്‍ കുറ്റക്കാരാവുമോ എന്നുള്ളതും പലപ്പോഴും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ്. പ്രധാന കമ്പനിയുടെ ബ്രാഞ്ച് ആയി സൗദിയില്‍ രൂപീകരിക്കപ്പെട്ട ഒരു ശാഖയുടെ പ്രവൃത്തികള്‍ക്ക്‌ പ്രധാന കമ്പനിക്ക് ഉത്തരവാദിത്വമുണ്ട്.

കൈക്കൂലി സംബന്ധമായ കുറ്റകൃത്യം ചെയ്യുന്നതിന് പ്രധാന കമ്പനി പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടായാലോ, കൈക്കൂലി സംബന്ധമായ കുറ്റകൃത്യം ചെയ്യുന്നതിന് പ്രധാന കമ്പനി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായാലോ, കൈക്കൂലി സംബന്ധമായ കുറ്റകൃത്യം നടക്കുകയും അതില്‍ നിന്നുള്ള നേട്ടങ്ങള്‍ പ്രധാന കമ്പനിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായാലോ, ഇത്തരമൊരു കുട്ടകൃയ്ത്യം നടക്കുന്നു അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രധാന കമ്പനിക്ക് അറിയുനായിരുന്ന സാഹചര്യത്തിലോ, കൈക്കൂലി സംബന്ധമായ ഒരു കുറ്റകൃത്യം നടക്കുന്നു അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രധാന കമ്പനിക്ക് അറിയാമായിരുന്നിട്ടും അത് തടയാനായി യാതൊരു ശ്രമവും നടത്താത്ത സാഹചര്യത്തില്‍ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ബ്രാഞ്ചിന്റെ കൈക്കൂലി നിയമ ലംഘനങ്ങള്‍ക്ക് മാതൃ കമ്പനിയും കുറ്റക്കാരായി മാറുന്നത്.

 1. സന്തോഷത്തിനായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ചെറിയ സമ്മാനങ്ങള്‍ കൈക്കൂലിയാണോ?

പലപ്പോഴും പ്രവാസികള്‍ ചോദിക്കുന്ന ഒരു ചോദ്യം (പ്രത്യേകിച്ചും ബിസിനസ് നടത്തുന്നവരോ, ബിസിനസ് സ്ഥാപനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരോ ആയവര്‍) തങ്ങളുടെ കാര്യങ്ങള്‍ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിന് വേണ്ടി നല്‍കുന്ന ചെറിയ സമ്മാനങ്ങള്‍ കൈക്കൂലി എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമോ എന്നതാണ്. നല്‍കുന്ന തുകയുടെ അളവോ, സമ്മാനത്തിന്റെ മൂല്യമോ അല്ല ഇവിടെ പ്രധാനം. നിശ്ചിതമായ നടപടി ക്രമങ്ങള്‍ നിലവില്‍ ഉള്ളപ്പോള്‍  അത് മറികടന്നു കൊണ്ടുള്ള പെട്ടെന്നുള്ള കാര്യ സാധ്യത്തിനോ വളഞ്ഞ വഴികളിലൂടെ കാര്യങ്ങള്‍ സാധിക്കാനോ നടത്തുന്ന എല്ലാ പ്രവൃത്തികളും നല്‍കുന്ന തുകയുടെയോ സമ്മാനത്തിന്റെയോ മൂല്യം നോക്കാതെ തന്നെ നിയമ ലംഘനമായി കണക്കാക്കപ്പെടും.

 1. കൈക്കൂലി നല്‍കുന്ന വ്യക്തിയല്ലാതെ മറ്റാരൊക്കെയാണ് ഈ നിയമ പ്രകാരം കുറ്റക്കാരാവുക?

കൈക്കൂലി എന്ന കുറ്റത്തിന് കൂട്ടു നില്‍ക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികളും ഈ നിയമത്തിലെ വകുപ്പ് 10 പ്രകാരം കൂട്ടു പ്രതികളായി കുറ്റക്കരാകും. കൈക്കൂലിയാണെന്ന് വ്യക്തമായി അറിഞ്ഞു കൊണ്ട് തന്നെ മറ്റൊരാള്‍ക്ക് വേണ്ടി കൈക്കൂലി സ്വീകരിക്കുകയോ സ്വീകരിക്കാന്‍ നിയോഗിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തിയും കുറ്റക്കാരനാണ്.

അതായത് കൈക്കൂലി വാങ്ങുന്നയാള്‍, നല്‍കുന്നയാള്‍, അതിനു ഇടനിലക്കാരനായി നില്‍ക്കുന്ന വ്യക്തികള്‍, ഈ കുറ്റകരമായ കൃത്യത്തിനു കൂട്ടു നില്‍ക്കുന്ന വ്യക്തികള്‍ തുടങ്ങിയവരെല്ലാം ഈ നിയമ പ്രകാരം കുറ്റക്കാരായി മാറും.

 1. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സമ്മാനങ്ങള്‍ നല്‍കിയാല്‍ കൈക്കൂലിയാകുമോ?

നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനു ലഭിക്കുന്ന പണമോ സമ്മാനങ്ങളോ മാത്രമല്ല കൈക്കൂലിയായി കണക്കാക്കുക. നിയമാനുസൃത ജോലിയാണെങ്കില്‍ കൂടി അത് നിര്‍വഹിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും പത്തു വര്‍ഷം വരെ തടവും പത്തു മില്യന്‍ റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് കൈക്കൂലി വിരുദ്ധ നിയമത്തിലെ വകുപ്പ് വ്യക്തമാക്കുന്നു.

നിയമ ലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടുന്ന മേല്‍ പറഞ്ഞ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും പത്ത് മില്യന്‍ റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. അറിഞ്ഞു കൊണ്ട് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 50,000 റിയാല്‍ പിഴ ശിക്ഷയും ലഭിക്കും.

 1. നല്‍കിയ കൈക്കൂലി നിരസിക്കപ്പെട്ടാലും ശിക്ഷ ഉണ്ടാകുമോ?

ഒരു വ്യക്തി കൈക്കൂലി നല്‍കുകയോ കൈക്കൂലി വാഗ്ദാനം ചെയ്യുകയോ ചെയ്യുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ച വ്യക്തി ഈ നിയമ പ്രകാരം പത്തു വര്‍ഷം തടവിനും പരമാവധി പത്ത് മില്യന്‍ റിയാല്‍ വരെ പിഴ ശിക്ഷക്കും അര്‍ഹനാണ്.

 1. പിടിക്കപ്പെട്ടാല്‍ കൈക്കൂലിയായി നല്‍കുന്ന സംഖ്യയും സമ്മാനങ്ങളും എന്ത് ചെയ്യും?

കൈക്കൂലി വിരുദ്ധ നിയമ പ്രകാരമുള്ള എല്ലാ നിയമ ലംഘനങ്ങളിലും കൈക്കൂലിയായി നല്‍കുന്നതോ സ്വീകരിച്ചതോ ആയ സംഖ്യകളും സമ്മാനങ്ങളും തുടങ്ങി എല്ലാം തന്നെ പിടിച്ചെടുക്കും.

 1. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്താണ്?

ഒരിക്കല്‍ ഈ നിയമ പ്രകാരമുള്ള കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും എന്നാല്‍ അതിനു ശേഷം അഞ്ചു വര്‍ഷത്തിനുള്ളി അതേ വ്യക്തി ഈ നിയമ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രസ്തുത കുറ്റത്തിന് ഈ നിയമ പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയില്‍ കൂടുതല്‍ ലഭിക്കും. എന്നാല്‍ ഇരട്ടിയില്‍ അധികം ശിക്ഷ നല്‍കാന്‍ പാടുള്ളതല്ല.

സൗദി കമ്പനികളിലെയോ വിദേശ കമ്പനികളിലെയോ ജീവനക്കാര്‍ കൈക്കൂലി വിരുദ്ധ നിയമ പ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവര്‍  പിന്നീട് പദ്ധതികളുടെ വിഭവ സമാഹരണത്തിലോ (Procurement), നടപ്പാക്കലിലോ പങ്കെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.

 1. പ്രധാനപ്പെട്ട അഴിമതി വിരുദ്ധ സര്‍ക്കാര്‍ ഏജന്‍സി ഏതാണ്?

‘നസാഹ’യാണ് സര്‍ക്കാര്‍ തലത്തിലുള്ള അഴിമതി വിരുദ്ധ സര്‍ക്കാര്‍ ഏജന്‍സി. സർക്കാർ, പൊതു മേഖല കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിവരങ്ങള്‍ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ ആയ സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ ‘നസാഹ’യെ അറിയിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പോലും ഇപ്പോള്‍ നിലവിലുണ്ട്. 2011 ല്‍ സ്ഥാപിതമായ, രാജാവിനോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന നസാഹക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നവരെ സംരക്ഷിക്കാന്‍ 2018 ല്‍ രാജകീയ ഉത്തരവ് പ്രകാരം പ്രത്യേക നിയമം കൊണ്ട് വന്നത് തന്നെ ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നു.

നസാഹയെ പിന്തുണക്കാന്‍ പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ടവര്‍ അടങ്ങുന്ന സുപ്രീം ആന്റി കറപ്ഷന്‍ കമ്മിറ്റിയും 2017ല്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാപിതമായിട്ടുണ്ട്. സൗദി നിയമമനുസരിച്ച് അറ്റോര്‍ണി ജനറലിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കില്ല. രാജാവിനു മാത്രമേ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. എന്നാല്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് രാജാവു തന്നെയാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചിന്തക്ക് വകയില്ല.

 1. മറ്റുള്ള അന്വേഷണ ഏജന്‍സികള്‍ ഏതൊക്കെയാണ്?

സര്‍ക്കാര്‍ ജീവനക്കാര്‍, പട്ടാളക്കാര്‍, പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത്തിനുള്ള അധികാരം കണ്‍ട്രോള്‍ ആന്‍ഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് ആണ്.

എല്ലാ തരത്തിലുമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നതിനുള്ള അധികാരം നല്‍കിയിട്ടുള്ളത് പബ്ലിക് പ്രോസിക്യൂഷനാണ്.

സംശയകരമായി തോന്നുന്ന തരത്തിലുള്ള എല്ലാ വിധ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നത് സൗദിയുടെ കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) ആണ്.

ഭരണപരമായ അഴിമതികള്‍ അന്വേഷിക്കുകയും പുറത്തു കൊണ്ട് വരികയും ചെയ്യേണ്ടത് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ്.

 1. കൈക്കൂലി/അഴിമതി സംഭവങ്ങളെ കുറിച്ച് എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യാം?

കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പരായ 980 എന്ന നമ്പറില്‍ ബന്ധപ്പെട്ടും കമ്മീഷന്റെ മറ്റു ഔദ്യോഗിക ചാനലുകള്‍ വഴിയും അഴിമതികളെയും അധികാര ദുര്‍വിനയോഗങ്ങളെയും കുറിച്ച് സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കമ്മീഷന്‍ സൂക്ഷിക്കുകയും ഇത്തരക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കമ്മീഷന്‍ പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്.

 

സൗദി അറേബ്യയില്‍ മേല്‍ പറഞ്ഞ നിയമപരമല്ലത്തെ ഏതു പ്രവൃത്തിയും ചെയ്യുന്നതിന് മുന്‍പായി രണ്ടു തവണ ആലോചിക്കുക. സൗദി ഉദ്യോഗസ്ഥര്‍ താരതമ്യേന അഭിമാനികളാണ് എന്നത് കൊണ്ടും കൈക്കൂലി വാഗ്ദാനം നിരസിച്ചാല്‍ അവര്‍ക്ക് വലിയ തോതില്‍ സര്‍ക്കാര്‍ ആദരം ലഭിക്കുമെന്നും ഉള്ളത് കൊണ്ട് പോലീസുകാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്ത് കാര്യസാധ്യത്തിനു പുറപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. പലരും കൈക്കൂലി കൊടുക്കുന്നു, അവരുടെ കാര്യങ്ങള്‍ നടക്കുന്നു എന്നത് പൊതുവായ ഒരു ഒഴിവു കഴിവല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ നടന്നത് നിങ്ങളുടെ കാര്യത്തില്‍ നടക്കണമെന്നില്ല. അതിനാല്‍ ഓരോ നീക്കവും ശ്രദ്ധയോടെ മുന്നോട്ടു പോകുക തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected] / 8921190515 (WatsApp) 

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!