Connect with us

LATEST

ജവാസാത്, തൊഴില്‍, യാത്ര, സ്വദേശിവല്‍ക്കരണം, പുതിയ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് സൗദി പ്രവാസികള്‍ ഏറ്റവും അധികം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

Published

on

പ്രവാസി കോര്‍ണറിന്റെ നിയമ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് സൗദി പ്രവാസികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രവാസികളെ പൊതുവായി ബാധിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇവിടെ മറുപടി നല്‍കുന്നു. 

  1. സൗദിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ചുമത്തിയ പിഴകള്‍ ഈ മാസം അടക്കുകയാണെങ്കില്‍ 75 ശതമാനം മാത്രം കുറച്ച് അടച്ചാല്‍ മതിയെന്നുള്ള വാര്‍ത്ത ശരിയാണോ?

വാര്‍ത്ത ശരിയല്ല. മുഹറം 20 മുതല്‍ സ്വഫര്‍ 20 വരെയുള്ള ഒരു മാസക്കാലത്ത് സ്വദേശികളുടെയും വിദേശികളുടെയും പേരില്‍ ചുമത്തിയ പിഴകള്‍ അടക്കുമ്പോള്‍ 75 ശതമാനം വരെ കുറവ് ലഭിക്കും എന്ന ഒരു സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു തീരുമാനവും സൗദി ട്രാഫിക് ഡയറകടറേറ്റ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. ഒരു സര്‍ക്കാര്‍ കേന്ദ്രങ്ങളും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഇത്തരം പ്രചാരണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിരവധി തവണ സൗദി ട്രാഫിക് ഡയറകടറേറ്റ് നിഷേധിച്ചിട്ടുള്ളതുമാണ്.

  1. സൗദിയില്‍ പുതിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണ നിബന്ധനകള്‍ എന്ന് മുതലാണ്‌ പ്രാബല്യത്തില്‍ വരുന്നത്?

നാൽപതിനായിരത്തിലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് ലീഗൽ കൺസൾട്ടൻസി -നിയമ സ്ഥാപനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിംഗ് സ്‌കൂളുകൾ, ടെക്‌നിക്കൽ -എൻജിനീയറിംഗ് എന്നീ മേഖലകളിലും തൊഴിലുകളിലും സൗദിവൽക്കരണം പ്രാബല്യത്തില്‍ വരുത്താന്‍ മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇവ ഘട്ടം ഘട്ടമായി നടപ്പിലാക്കും.

എൻജിനീയറിംഗ്, ടെക്‌നിക്കൽ മേഖലകളില്‍ സൗദിവൽക്കരണം 2022 ഡിസംബർ 20 ന് നിലവിൽവരും. ഈ മേഖലകളില്‍ 25 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. 12,000 സ്വദേശികള്‍ക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്‌ഷ്യം. അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുക.

ഡ്രൈവിംഗ് സ്‌കൂളുകളിലെ സൗദിവൽക്കരണം അടുത്ത ഒക്‌ടോബർ മൂന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. നിബന്ധന നിലവില്‍ വരുന്നതോടെ ഡ്രൈവിംഗ് സ്‌കൂളുകളിലെ വിദേശ തൊഴിലാളികൾ ആകെ ജീവനക്കാരുടെ 10 ശതമാനത്തിൽ കൂടാന്‍ പാടില്ല. 8,000 ലേറെ സ്വദേശികൾക്കാണ് ഈ മേഖലയില്‍ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നത്.

ഒക്‌ടോബർ ഒന്നു മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശിവല്‍ക്കരണം നിലവില്‍ വരും. 70 ശതമാനം സൗദിവൽക്കരണം നിര്‍ബന്ധമാകും. 11,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം.

ലീഗൽ കൺസൾട്ടൻസി, നിയമ സ്ഥാപനങ്ങളിൽ സ്വദേശി വല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ 5,000 ലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാകും. രണ്ടു ഘട്ടമായാണ് ഈ മേഖലയില്‍ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കുന്നത്. ആദ്യഘട്ടം സെപ്റ്റംബർ 30 മുതലും രണ്ടാം ഘട്ടം 2022 സെപ്റ്റംബർ 20 മുതലും നിലവിൽ വരും. ആദ്യ ഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തിൽ 70 ശതമാനം സ്വദേശിവൽക്കരണവുമാണ് പാലിക്കേണ്ടത്.

ഒക്‌ടോബർ ഒന്നു മുതല്‍ സിനിമാ മേഖലയിൽ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കും. 3,000 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്‌ഷ്യം.

ഈ വര്‍ഷം ഡിസംബർ 30 മുതല്‍ കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കും. രണ്ടായിരത്തില്‍ അധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം. 70 ശതമാനം സ്വദേശിവൽക്കരണമാണ് ഈ മേഖലയില്‍ മൊത്തത്തില്‍ നടപ്പാക്കേണ്ടത്.

  1. സൗദിയില്‍ ഉള്ള സമയത്ത് രജിസ്റ്റർ ചെയ്ത തവക്കല്‍ന തിരിച്ചു പോകുമ്പോള്‍ ചില രാജ്യങ്ങളില്‍ തുറക്കാന്‍ സാധിക്കില്ല എന്ന് പറയുന്നു. യു.എ.ഇ വഴിയോ മാലി വഴിയോ സൗദിയിലേക്ക് പോകുകയാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തവക്കല്‍ന തുറന്ന് ഉപയോഗിക്കാന്‍ സാധിക്കുമോ?

യു.എ.ഇ വഴിയോ മാലി വഴിയോ പോകുമ്പോഴും തവക്കല്‍ന തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്,ബഹ്റൈൻ, ഖത്തർ, ഒമാൻ, ജോർദാൻ, അൾജീരിയ, സുഡാൻ, സൊമാലിയ, മൊറോക്കോ, ടുണീഷ്യ, ജിബൂട്ടി, പലസ്തീൻ, ലിബിയ, ഈജിപ്ത്, മൗറിറ്റാനിയ, ബോസ്നിയ ഹെർസഗോവിന, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ലെബനൻ, നൈജീരിയ, എറിത്രിയ, എത്യോപ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം, നോർവേ, ഓസ്ട്രിയ, അമേരിക്ക, ജപ്പാൻ, ഗ്രീസ്, സ്പെയിൻ, എസ്റ്റോണിയ, ഇറ്റലി, അൻഡോറ, അയർലൻഡ്, ഐസ്ലാൻഡ്, ബ്രൂണെ, ബെൽജിയം, പോളണ്ട്, ഫെഡറൽ റിപ്പബ്ലിക്ക് ഓഫ്, ജർമ്മനി, റൊമാനിയ, സാൻ മറിനോ, സ്ലൊവാക്യ. സ്ലൊവേനിയ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഫിൻലാൻഡ്, സൈപ്രസ്, കസാക്കിസ്ഥാൻ, ക്രൊയേഷ്യ, കാനഡ, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, ലിച്ചെൻസ്റ്റീൻ, മാൾട്ട, മലേഷ്യ, മൊണാക്കോ, ന്യൂസിലാന്റ്, നെതർലാന്റ്സ്, മോണ്ടിനെഗ്രോ, മാലിദ്വീപ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ തവക്കല്‍ന തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

  1. സൗദിയിലേക്ക് ഖുദൂം പ്ലാറ്റ് ഫോം രജിസ്ട്രേഷന്‍ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ 23 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്നും പറയുന്നത് ശരിയാണോ?

സമൂഹ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എങ്കിലും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര മന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ ഇത്തരമൊരു വാര്‍ത്ത പുറത്തു വിട്ടിട്ടില്ല. മന്ത്രാലയങ്ങള്‍ പുറത്തു വിട്ട സെപ്റ്റംബർ 23 മുതൽ നിലവിൽ വരുന്ന പുതിയ മാർഗ്ഗ നിർദേശങ്ങളില്‍ വിദേശികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല.

യൂട്യൂബിലൂടെയും ടിക്ക് ടോക്കിലൂടെയുമാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഖുദൂം പ്ലാറ്റ് ഫോം വിദേശികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനായി വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി പുതുതായി ഉണ്ടാക്കിയ സംവിധാനം എന്ന നിലയിലാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇവ തമ്മില്‍ ബന്ധമില്ല. ഓഗസ്റ്റ് 26 ന് തന്നെ ഖുദൂം പ്ലാറ്റ് ഫോം അബ്ഷിറിൽ ചേർത്തിട്ടുണ്ട്.

  1. എന്റെ കമ്പനി ഒരു ദിവസം പോലും ഉച്ചക്ക് വിശ്രമം അനുവദിച്ചിട്ടില്ല. തുറസ്സായ സ്ഥലത്ത് ചൂടില്‍ തന്നെയാണ് ഞങ്ങളുടെ ജോലി. കഴിഞ്ഞ രണ്ടു മാസത്തില്‍ അധികമായി ഇങ്ങിനെ തന്നെയാണ്. അത്യാവശ്യ സര്‍വീസ് ആയതിനാല്‍ ഇങ്ങിനെ ജോലിയെടുപ്പിക്കുന്നത് നിയമ പ്രകാരമാണ് എന്നാണ് ഞങ്ങളുടെ സൂപ്പര്‍വൈസര്‍ പറയുന്നത്. ഇത് ശരിയാണോ?

നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയും തസ്തികയും ഏതാണെന്ന് വ്യക്തമാക്കാത്തതിനാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തുറസായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് മധ്യാഹ്ന വിശ്രമ നിബന്ധന അധികൃതര്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 15 ന് നിലവില്‍ വന്ന ഈ നിബന്ധന കഴിഞ്ഞ ബുധനാഴ്ചയോടു കൂടി അവസാനിക്കുകയും ചെയ്തു.

അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമായിരുന്നില്ല. നിബന്ധനകളോടെ തൊഴിലാളികളെ ജോലിയെടുപ്പിക്കാനുള്ള അനുവാദം നല്‍കിയിരുന്നു. എങ്കിലും ജോലി ചെയ്യുന്ന സമയങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണ്.

  1. സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ലീവ് അനുവദിച്ചു തരുന്നില്ല. ഈ ദിവസം ജോലി ചെയ്‌താല്‍ എന്റെ നിയമ പരമായ അവധി നഷ്ടമാവുമോ?

സൗദി ദേശീയ ദിനമായി ആഘോഷിക്കുന്ന നവംബര്‍ 23 നിര്‍ബന്ധമായും അവധി ദിനം ആയിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ മേഖലയിലേയും പൊതു മേഖലയിലേയും എല്ലാ തൊഴിലാളികള്‍ക്കും അവധി നല്‍കണം.

ദേശീയ ദിനം അവധി ദിവസങ്ങളില്‍ ആവുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം അവധി നല്‍കണം എന്നാണ് തൊഴില്‍ നിയമം അനുശാസിക്കുന്നത്. ഈ വര്‍ഷം ദേശീയ ദിനം വ്യാഴാഴ്ച ആയതിനാല്‍ അന്ന് തന്നെ അവധി നല്‍കണം.

അവധി ദിവസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ അത്യാവശ്യമായ ജോലികളില്‍ ഏര്‍പ്പെടെണ്ടി വരുന്ന സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ ആ ദിവസം ഓവര്‍ടൈം വേതനം നല്‍കേണ്ടതാണ്. കൂടാതെ മറ്റൊരു ദിവസം തൊഴിലാളിക്ക് അവധിയും നല്‍കണം.

  1. സൗദിയില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് മാറ്റുമെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പറയുന്നത് ശരിയാണോ?

ഭാഗികമായി ശരിയാണ്. ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ പിഴ യഥാസമയം അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് മാറ്റുന്ന പരിഷ്കാരങ്ങളെ കുറിച്ച് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തന്നെ നിയമ ലംഘകനെ കൊണ്ട് പിഴ അടക്കാന്‍ നിര്‍ബന്ധിതനാക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന് പിന്നില്‍. എന്നാല്‍ ഇത് നിലവില്‍ നടപ്പിലായിട്ടില്ല. സമീപ ഭാവിയില്‍ ഈ വ്യ്വവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

  1. എന്റെ കമ്പനി എന്നോട് കരാര്‍ പുതുക്കാന്‍ ആവശ്യപ്പെടുന്നു. കരാര്‍ ഡിജിറ്റല്‍ ആക്കുന്നതിന് വേണ്ടിയാണ് എന്നാണ് പറയുന്നത്. പഴയ കരാറില്‍ ഇല്ലാത്ത ചില പുതിയ നിബന്ധനകള്‍ കൂടി പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്?

രാജ്യത്തെ തൊഴില്‍ മേഖല വ്യവസ്ഥാപിതമാക്കുക, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി-തൊഴിലുടമ തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക, തൊഴില്‍ വിപണി മേല്‍നോട്ടവും നിരീക്ഷണവും കൂടുതല്‍ എളുപ്പമാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തി മന്ത്രാലയം സമീപ കാലത്ത് കൊണ്ട് വന്ന നിരവധി പരിഷ്കാരങ്ങളുടെ ഭാഗമായാണ് തൊഴില്‍ കരാറുകള്‍ എഴുതപ്പെട്ടതെന്ന നിലയില്‍ നിന്നും മാറ്റി ഡിജിറ്റല്‍ ആക്കുന്നത്.

സ്ഥാപനങ്ങള്‍ തൊഴിലാളികളുമായുള്ള തൊഴില്‍ കരാറുകള്‍ ഖിവ പോര്‍ട്ടല്‍ വഴി ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിനായി തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുവാനാണ് മാനവ ശേഷി- സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അടുത്ത വര്‍ഷം (2022) മുതല്‍ കടലാസില്‍ എഴുതപ്പെട്ട തൊഴില്‍ കരാറുകള്‍ ഔദ്യോഗികമായി കണക്കാക്കില്ല. ഇതുമൂലം തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ലേബര്‍ ഓഫീസുകളും കോടതികളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇത്തരം കരാറുകള്‍ അംഗീകരിക്കില്ല.

എന്നാല്‍ തൊഴിലാളികളുടെ സമ്മതം കൂടാതെ നിലവിലുള്ള കരാറില്‍ മാറ്റം വരുത്താനോ പുതിയ വ്യവസ്ഥകള്‍ കൂട്ടി ചേര്‍ക്കാനോ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. പുതിയ കരാറുകള്‍ ഉണ്ടാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. നിലവിലുള്ള കരാറില്‍ മാറ്റം വരുത്തുന്നതിന് തൊഴിലാളിയുടെ രേഖാ മൂലമായ സമ്മതം ആവശ്യമാണ്‌.

  1. സൗദിയില്‍ ക്വാറന്റൈൻ അഞ്ച് ദിവസമാക്കി കുറച്ചു കൊണ്ടുള്ള പുതിയ വ്യവസ്ഥ എന്ന് മുതലാണ്‌ നിലവില്‍ വരുന്നത്?

നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തി അഞ്ചു ദിവസമാക്കിയ ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 മണി മുതൽ പ്രാബല്യത്തില്‍ വരും.

  1. ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ക്വാറന്റീൻ ആവശ്യമുണ്ടോ?

നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം (ഇമ്മ്യൂണ്‍ ആയ) രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിൻ കുത്തിവെപ്പെടുക്കാത്ത 18 വയസിന് താഴെ പ്രായമുള്ള കുട്ടികളിള്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.

ഇങ്ങിനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എട്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് അഞ്ചാമത്തെ ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പ് വരുത്തേണ്ടതാണ്.

  1. ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിന്‍ എടുക്കാത്ത 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ഹോം ക്വാറന്റീൻ മതിയാകുമോ?

മതിയാകില്ല. ഇങ്ങിനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 18 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ള ആശ്രിതർക്ക് മറ്റുള്ളവരെപ്പോലെ അഞ്ച് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനും ആർ.ടി.പി.സി.ആർ പരിശോധനകളും ബാധകമായിരിക്കും.

  1. സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?

സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുക.

നിലവിലെ തൊഴിലുടമ തന്റെ അബ്ഷിർ അക്കൌണ്ട് വഴി സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണം. തൊഴിലാളി തന്റെ അബ്ഷീർ അക്കൗണ്ട് വഴി ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷ അംഗീകരിക്കണം. അതിനു ശേഷം പുതിയ തൊഴിലുടമ തന്റെ അബ്ഷിർ അക്കൗണ്ട് വഴി അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നതോടെ പുതിയ സ്പോണ്‍സറിലെക്കുള്ള സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകും.

സ്പോണ്‍സറുടെ കീഴില്‍ ഒന്നിലധികം ഹൗസ് ഡ്രൈവര്‍മാരോ ഒരേ പ്രൊഫഷനില്‍ കൂടുതല്‍ തൊഴിലാളികളോ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയുള്ള സ്‌പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകില്ല.

  1. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്തിരുന്ന ഐ ടി തസ്തികയില്‍ ജോലി ചെയ്തതിന് പിടിയിലായി തര്‍ഹീല്‍ വഴിയാണ് നാട്ടിലേക്ക് എത്തിയത്. ഇനി എനിക്ക് ഉംറ ചെയ്യാനായി സൗദിയിലേക്ക് വരാന്‍ സാധിക്കുമോ?

നിയമ ലംഘനത്തിന് പിടികൂടി തര്‍ഹീല്‍ വഴിയാണ് നാട് കടത്തിയത് എങ്കിലും ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുവാദമില്ല.

  1. ഞാന്‍ സൗദിയില്‍ നിന്നും ആസ്ട്രസെനക വാക്സിന്‍ ഒരു ഡോസ് എടുത്ത് നാട്ടില്‍ എത്തിയതാണ്. പിന്നീട് നാട്ടില്‍ നിന്നും കോവി ഷീല്‍ഡ് ഒരു ഡോസ് കൂടി എടുത്തു. ഇപ്പോള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആണ്. എനിക്ക് ക്വാറന്റൈന്‍ ഇല്ലാതെ സൗദിയിലേക്ക് നേരിട്ട് വരാന്‍ സാധിക്കുമോ?

ഇല്ല. സൗദിയില്‍ നിന്ന് തന്നെ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് തിരിച്ചെത്താനുള്ള അനുവാദമുള്ളൂ. തവക്കല്‍നയിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് അല്ല ഇവിടെ കണക്കിലെടുക്കുക, സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന കാര്യത്തിനാണ് പ്രഥമ പരിഗണന. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ എടുത്ത് കോവിഡ് മൂലം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

  1. സൗദിയില്‍ ഞാന്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ആ ദിവസം വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ ബുക്കിംഗ് റദ്ദാക്കി മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമോ?

ബുക്കിംഗ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിയാല്‍ മതിയാകും. ഒന്നമാത്തെ ഡോസിന് ഇങ്ങിനെ കാന്‍സല്‍ ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു എങ്കിലും രണ്ടാമത്തെ ഡോസിന് ബുക്കിംഗ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ മറ്റൊരു ദിവസത്തേക്ക് തിയ്യതി മാറ്റി ബുക്ക് ചെയ്യാനുള്ള അനുമതിയുണ്ട്.

  1. എന്റെ റൂമില്‍ താമസിക്കുന്നയാള്‍ക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ അബ്ഷീര്‍ ഇല്ല. എന്റെ മൊബൈല്‍ നമ്പരില്‍ രണ്ടു അബ്ഷീര്‍ അക്കൌണ്ട് എടുക്കാന്‍ സാധിക്കുമോ?

ഇല്ല. ഒരു നമ്പരില്‍ ഒരു അബ്ഷീര്‍ അക്കൌണ്ട് മാത്രമേ തുറക്കാന്‍ സാധിക്കൂ. ഇങ്ങിനെ ഉപയോഗിക്കുന്ന ആ മൊബൈല്‍ നമ്പര്‍ മറ്റൊരാള്‍ അബ്ഷീറിന് വേണ്ടി മുന്‍പ് ഉപയോഗിക്കാത്ത നമ്പര്‍ ആയിരിക്കുകയും വേണം.

  1. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്മ്യൂണ്‍ ആയവരെ കഴിഞ്ഞ ദിവസം ദമ്മാം വിമാന താവളത്തില്‍ നിന്നും 15 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവത്തില്‍ വിമാന കമ്പനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ?

ആ നിര്‍ഭാഗ്യകരമായ സംഭവം വിമാന കമ്പനിയുടെ മാത്രം ജാഗ്രത കുറവ് കൊണ്ടാണെന്ന് വിലയിരുത്താന്‍ സാധിക്കില്ല. യാത്രക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായി എന്ന് വേണം അനുമാനിക്കാന്‍. കാരണം ആര്‍ക്കൊക്കെ ഏതൊക്കെ സാഹചര്യത്തിലാണ് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക എന്ന് വ്യക്തമായി തന്നെ ആഭ്യന്തര മന്ത്രാലയവും ഗാകയും (General Authority of Civil Aviation) വ്യക്തമായി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പരസ്യപ്പെടുത്തിയിടുന്നു. അത് പ്രകാരം സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട വരുന്നതിനുള്ള അനുവാദം നല്‍കിയിട്ടുള്ളൂ.

തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമതായി മാത്രം വരുന്ന ഒരു വിഷയമാണ്. പ്രഥമ പരിഗണന സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കുക എന്ന മാനദണ്ഡത്തിനു മാത്രമാണ്. അതിനാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായതായും അനുമാനിക്കാം.

  1. എന്റെ നാട്ടുകാരന്റെ ബക്കാല നടത്തിപ്പിനായി ഞാന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ നിയമ പ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ബക്കാലയില്‍ വരുത്തേണ്ടത്?

ഒരു ബക്കാല നിയമാനുസൃതമാവണം എങ്കില്‍ പുതിയതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നിഷ്കര്‍ഷിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പൊതുവായ മാനദണ്ഡങ്ങള്‍ക്ക് പുറമേ പ്രത്യേകമായ നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധനകളും വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

പൊതുവായ നിബന്ധനകള്‍ താഴെ കൊടുക്കുന്നു:

  • ബക്കാലയിലെ ബോർഡിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും കാണാവുന്ന തരത്തില്‍ ബോര്‍ഡില്‍ ദൃശ്യമായിരിക്കണം.
  • ബക്കാലയുടെ ലൈസൻസുകൾ എളുപ്പത്തിൽ കാണുന്ന നിലക്ക് സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം.
  • ബക്കാലയില്‍ നടക്കുന്ന വഴിക്ക് 80 സെന്റിമീറ്ററിൽ കുറയാത്ത വീതിയുണ്ടാകണം.
  • ഉൽപന്നങ്ങൾ നിലത്ത് വെച്ച് വില്‍ക്കാന്‍ പാടില്ല. ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള റാക്കുകള്‍ ഉണ്ടായിരിക്കണം. ആ റാക്കുകൾ ലോഹമോ ചില്ലോ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം.
  • ബക്കാലയിലെ കാഷ് മെഷീൻ കംപ്യൂട്ടറുമായും ബാർകോഡ് റീഡറുമായും ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനവുമായും ബന്ധിപ്പിച്ചതാകണം.

കൂടാതെ പ്രത്യേകമായ നിബന്ധനകള്‍ സ്ഥാപനങ്ങള്‍ക്ക് പൊതുവായി മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നു. ഈ മാറ്റങ്ങള്‍ പ്രായോഗികമാക്കാനായി ആവശ്യത്തിനു സമയവും മന്ത്രാലയം നല്‍കിയിരുന്നു.

രണ്ടു ഘട്ടങ്ങളിലായാണ് ഇങ്ങിനെ സമയം നല്‍കിയത്. ഒന്നാം ഘട്ടം 2020 നവംബർ 22 നും രണ്ടാം ഘട്ടം 2021 ജൂൺ 29 നും അവസാനിച്ചു. ഇനിയും മാനദണ്ഡങ്ങള്‍ പാലിക്കത്തവക്ക് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ആദ്യ ഘട്ടത്തില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നതിനാണ്‌ മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നത്:

  • സ്ഥാപനത്തില്‍ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുക.
  • സ്ഥാപനത്തിലെ എല്ലാ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തുക.
  • സ്ഥാപനത്തില്‍ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തുക.
  • സ്ഥാപനത്തില മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക.

രണ്ടാം ഘട്ടത്തില്‍ കുറച്ചു കൂടി വിപുലമായ മാറ്റങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നത്. മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ താഴെ കൊടുക്കുന്നു:

  • സ്ഥാപനത്തിന്റെ ഉൾവശം കാണാൻ കഴിയുന്ന തരത്തിലുള്ള വലിച്ചു തുറക്കാവുന്ന ഡോർ ഉണ്ടായിരിക്കണം.
  • സ്ഥാപനത്തില്‍ ഇലക്‌ട്രോണിക് ഇൻവോയ്‌സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കണം.
  • സ്ഥാപനത്തിന്റെ മുൻവശം പൂർണമായും സുതാര്യമായിരിക്കണം.
  • സ്ഥാപനത്തിനകത്തു മുഴുവൻ വെളിച്ചം ലഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്തിയിരിക്കണം.
  • സ്ഥാപനത്തിന്റെ തറയും മേൽക്കൂരയും ചുമരുകളും റാക്കുകളും സൂക്ഷിച്ചിരിക്കണം.
  • സ്ഥാപനതിലേക്കുള്ള സാധനങ്ങള്‍ സംഭരിച്ചു വെക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിരിക്കണം.
  • ഭക്ഷ്യവസ്തുക്കളിൽ നിന്ന് സുരക്ഷിതമായ അകലത്തില്‍ ആയിരിക്കണം ശുചീകരണ സാധനങ്ങള്‍ സൂക്ഷിക്കേണ്ടത്.
  • ശീതീകരണ, ഫ്രോസൻ യൂനിറ്റുകളും സമീപ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിചിരിക്കണം.
  • ഫസ്റ്റ് എയിഡ് ബോക്‌സ്, അഗ്നിശമനോപകരണങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം.

ഇത്രയും സംവിധാനങ്ങള്‍ ഒരു ബക്കാലയില്‍ ഉണ്ടായിരിക്കണം. ഈ സജ്ജീകരണങ്ങള്‍ ഒരുക്കാനായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അനുവദിച്ച സമയ പരിധിയും അവസാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇനി പരിശോധനകള്‍ പ്രതീക്ഷിക്കാം. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയനാവേണ്ടി വരും.

  1. ഞാന്‍ റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു. എനിക്ക് എന്റെ സ്പോണ്‍സറുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുമോ?

വ്യക്തികളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മുന്‍പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് നിലവിൽ വ്യക്തികളുടെ പേരിൽ നിന്ന് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മന്ത്രാലയം അനുവാദം നല്‍കുന്നില്ല. ഒരേ തൊഴിലുടമക്കു കീഴിലുള്ള സ്ഥാപനമാണെങ്കിൽ കൂടി ഇതിന് അനുവാദം നല്‍കുന്നില്ല.

  1. സ്വകാര്യ മേഖകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൗദി അറേബ്യയില്‍ തൊഴില്‍ നിയമ പ്രകാരം മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടോ? ട്രേഡിംഗ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന വിദേശ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം എത്രയാണ്?

നിങ്ങളുടെ ശമ്പളം നിങ്ങളും സ്പോണ്‍സാറുമായുള്ള തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. സ്വദേശികളായ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട് എങ്കിലും വിദേശ തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയില്‍ മന്ത്രാലയം മിനിമം വേതനം നിശ്ചയിച്ചിട്ടില്ല. വിദേശികളായ തൊഴിലാളികളുടെ വേതനം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര സമ്മത പ്രകാരം ഒപ്പ് വെച്ച തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

  1. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും ഏതെങ്കിലും തുക പിടിച്ചു വെക്കാനോ പിടിച്ചെടുക്കാനോ തൊഴില്‍ നിയമം തൊഴിലുടമക്ക് അനുവാദം നല്‍കുന്നുണ്ടോ?

തൊഴിലാളിയുടെ തെറ്റ് മൂലമോ തൊഴിലുടമയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമോ തൊഴിലിടത്തിലെ മെഷീനറികള്‍ക്കോ വസ്തു വകകള്‍ക്കോ നാശ നഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ആ നഷ്ടം തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ തൊഴിലുടമയെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്. കേടുപാട് വന്ന മെഷീനറിയുടെയോ വസ്തുവിന്റെയോ, പ്രോഡക്റ്റിന്റെയോ കേടുപാടുകള്‍ നേരെയാക്കാനോ, അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാനോ, പുനസ്ഥാപനത്തിനോ ഉള്ള ചിലവ് തൊഴിലാളിയില്‍ നിന്നും ഈടാക്കാം.

  1. ഇങ്ങിനെ ഈടാക്കിയെടുക്കാനുള്ള ശമ്പളത്തിന്റെ പരിധി എത്രയാണ്?

ഇത്തരത്തില്‍ നഷ്ടം സംഭവിക്കുകയാണെങ്കില്‍ പോലും തൊഴിലാളിയുടെ അഞ്ചു ദിവസത്തില്‍ കൂരുതല്‍ ശമ്പളം ഇങ്ങിനെ ഈടാക്കിയെടുക്കാന്‍ പാടില്ല എന്ന് നിബന്ധനയുണ്ട്.

  1. ഏത് സാഹചര്യത്തിലാണ് തൊഴിലുടമക്ക് ഇത്തരത്തില്‍ തൊഴിലാളിയുടെ ശമ്പളം പിടിച്ചു വക്കാനോ കുറയ്ക്കാനോ സാധിക്കുന്നത്?

തൊഴിലാളിയുടെ മനപ്പൂര്‍വ്വമായ അശ്രദ്ധയോ, തെറ്റോ, തൊഴിലുടമയുടെയൊ പ്രതിനിധിയുടെയോ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമോ ആണ് നഷ്ടങ്ങള്‍ സംഭവിച്ചത് എങ്കില്‍ മാത്രമേ ഇത്തരത്തില്‍ ശമ്പളം പിടിച്ചെടുക്കാനോ കുറയ്ക്കാനോ സാധിക്കൂ. മൂന്നാമതൊരു പാര്‍ട്ടിയുടെ അശ്രദ്ധ മൂലമോ, ഇടപെടല്‍ മൂലമോ, മനുഷ്യ ശക്തിക്ക് അതീതമായ, ആര്‍ക്കും നിയന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കോ തൊഴിലാളിയുടെ വേതനം പിടിച്ചടുക്കാനോ കുറക്കാനോ പാടില്ല.

  1. സൗദി തൊഴില്‍ നിയമത്തില്‍ ഒരു തൊഴിലാളി തൊഴില്‍ ചെയ്യുന്ന സമയത്തിനിടക്കുള്ള വിശ്രമം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഒരു ദിവസം ജോലി ചെയ്യുന്നതിനിടക്ക് ഒരു തൊഴിലാളിക്ക് അര മണിക്കൂറില്‍ കുറയാത്ത സമയം ഭക്ഷണത്തിനും പ്രാര്‍ത്ഥനക്കും ആയി ചിലവഴിക്കാന്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. ഈ ഇടവേള യഥാര്‍ത്ഥ ജോലി സമയത്തോടൊപ്പം കണക്കാക്കുവാന്‍ പാടില്ല. ഇടവേളയില്ലാതെ ഒരു തൊഴിലാളിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി തൊഴില്‍ എടുപ്പിക്കരുതെന്നും തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

  1. തൊഴിലാളികളുടെ ഓവര്‍ടൈം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

മേല്‍ പറഞ്ഞ നിബന്ധനകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് നിര്‍ബന്ധമായും ഓവര്‍ടൈം വേതനം നല്‍കണം. അതായത് ഒരു ദിവസം എട്ടു മണിക്കൂറില്‍ കൂടുതല്‍ അല്ലെങ്കില്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന നിശ്ചിത മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഓരോ മണിക്കൂറിനും അധിക വേതനം നല്‍കണം. തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പള പ്രകാരം നല്‍കുന്ന ഒരു മണിക്കൂറിന്റെ യഥാര്‍ത്ഥ വേതനത്തിന്റെ 5൦ ശതമാനം കൂടുതലാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്.

  1. അവധി ദിവസം ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് അധിക വേതനം, നല്‍കേണ്ടതുണ്ടോ?

തൊഴില്‍ നിയമ പ്രകാരം ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളിക്ക് നിര്‍ബന്ധമായി അവധി നല്‍കണം. വെള്ളിയാഴ്ചയാണ് അവധി നല്‍കേണ്ടത്. എന്നാല്‍ തൊഴില്‍ സാഹചര്യം അനുസരിച്ചു വെള്ളിയാഴ്ച ജോലി നല്‍കിയ ശേഷം ആഴ്ചയിലെ മറ്റേതെങ്കിലും ദിവസം അവധി നല്‍കാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ ലേബര്‍ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണം എന്ന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങിനെ ആഴ്ചയിലുള്ള അവധി ദിവസം ജോലി ചെയ്യുന്ന തൊഴിലാളിക്ക് ആ ദിവസം ഓവര്‍ടൈം വേതനമായി അധിക വേതനം നല്‍കണം.

  1. ഒരു വര്‍ഷത്തില്‍ ഒരു തൊഴിലാളിക്ക് എത്ര ദിവസം വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്?

ഒരു വര്‍ഷത്തില്‍ 21 ദിവസത്തെ അവധിയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുക. ജോലിയില്‍ അഞ്ചു വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളിക്കാണ് ഇത്രയും അവധി ലഭിക്കുക. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. എന്നാല്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉണ്ടെങ്കില്‍ തൊഴിലാളിക്ക് മുപ്പത് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹത ഉണ്ടായിരിക്കും.

  1. തൊഴില്‍ നിയമ പ്രകാരം ഒരു തൊഴിലാളി നിയമപരമായി ഒരു ദിവസം എത്ര മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരും?

തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസം നിയമ പരമായി ജോലിയെടുക്കേണ്ടത് എട്ടു മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും മാത്രമാണ്. അതില്‍ കൂടുതല്‍ ജോലി ചെയ്യുകയാണെങ്കില്‍ ഓവര്‍ടൈം ആയി അധിക വേതനം നല്‍കണം. ഒരു ദിവസം ഒരു തൊഴിലാളി 12 മണിക്കൂറില്‍ കൂടുതല്‍ ജോലി സ്ഥലത്ത് ചിലവഴിക്കേണ്ടതില്ല.

  1. മേല്‍ പറഞ്ഞ സമയത്തില്‍ കൂടുതലോ കുറവോ ആയി തൊഴിലാളികള്‍ ജോലി ചെയ്യേണ്ട അവസരങ്ങള്‍ തൊഴില്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ടോ?

ഉണ്ട്. തുടര്‍ച്ചയായി ജോലി ചെയ്യേണ്ടതില്ലാത്ത ചില ജോലികളില്‍ തൊഴിലാളികള്‍ ഒന്‍പത് മണിക്കൂര്‍ വരെ ജോലി ചെയ്യുന്നത് നിയമം അനുവദിക്കുന്നു. അത് പോലെ തന്നെ കഠിനവും അപകടകരവുമായ ജോലികള്‍ ചെയ്യേണ്ട ചില മേഖലകളിലും ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത്തരം ജോലികള്‍ ചെയുന്ന തൊഴിലാളികള്‍ ഒരു ദിവസം ഏഴു മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയെന്നും തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മുന്‍പായി തൊഴിലുടമ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്.

  1. റമദാന്‍ മാസത്തില്‍ തൊഴിലാളികളുടെ ജോലി സമയം തൊഴില്‍ നിയമ പ്രകാരം എത്രയാണ്?

റമദാന്‍ മാസത്തില്‍ തൊഴിലാളികളുടെ തൊഴില്‍ സമയം തൊഴില്‍ നിയമ പ്രകാരം കുറക്കുന്നു. ദിവസവും ആറു മണിക്കൂറും ആഴ്ചയില്‍ 36 മണിക്കൂറും മാത്രമാണ് സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ ജോലിയെടുക്കെണ്ടത്.

  1. മേല്‍ പറഞ്ഞ മണിക്കൂര്‍ നിബന്ധനകള്‍ ബാധമല്ലാത്ത വിഭാഗങ്ങള്‍ ഏതൊക്കെയാണ്?

ചില വിഭാഗങ്ങള്‍ക്ക് പ്രതിദിന തൊഴില്‍ മണിക്കൂറുകള്‍ ബാധകമാവില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം തൊഴിലാളികളുടെ മേല്‍ അധികാരവും തീരുമാനവും എടുക്കാന്‍ സാധിക്കുന്ന മാനേജ്മെന്റിലെ ഉന്നത തസ്തികകള്‍ വഹിക്കുന്നവര്‍ക്ക് ദിവസവും ജോലി ചെയ്യേണ്ട നിശ്ചിത മണിക്കൂറുകള്‍ എന്ന നിബന്ധന ബാധകമാവുന്നില്ല. അത് പോലെ തന്നെ ഏറ്റവും താഴയുള്ള തസ്തികകകളില്‍ ജോലി ചെയ്യുന്ന ജാനിറ്റര്‍, ഗാര്‍ഡുകള്‍, സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ക്കും ഈ നിബന്ധന ബാധകമാവുന്നില്ല.

  1. തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഒരു തൊഴിലാളി അയാളെ നിയമിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന തൊഴിലില്‍ എത്രത്തോളം വൈദഗ്ദ്യം ഉള്ളയാളാണോ എന്ന് തിരിച്ചറിയുന്നതിനുള്ള അവസരം തൊഴിലുടമക്ക് ലഭ്യമാവുന്നതിന് വേണ്ടിയാണ് പ്രൊബേഷന്‍ കാലാവധി തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത് പോലെ തന്നെ തൊഴിലാളിക്കും അയാള്‍ ജോലി ചെയ്യേണ്ട തൊഴില്‍ അനുയോജ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും പ്രൊബേഷന്‍ കാലാവധി സഹായിക്കുന്നു.

അത് കൊണ്ട് തന്നെ തൊഴില്‍ സാഹചര്യത്തെ കുറിച്ചും തൊഴിലിടങ്ങളെ കുറിച്ചും തൊഴിലുടമയെ കുറിച്ചും തൊഴിലാളിയുടെ വൈദഗ്ദ്യത്തെ കുറിച്ചും തൊഴിലിലുള്ള അറിവിനെയും താല്‍പ്പര്യത്തെ കുറിച്ചും പരസ്പരം മനസ്സിലാക്കി പ്രസ്തുത തൊഴിലില്‍ തുടരണോ അതോ പിരിയണോ എന്ന് തീരുമാനം എടുക്കാന്‍ പ്രൊബേഷന്‍ പിരീഡ് തൊഴിലുടമയെയും തൊഴിലാളിയും സഹായിക്കുന്നു.

  1. ഒരു വിദേശ തൊഴിലാളിയുടെ പ്രൊബേഷന്‍ കാലാവധി എത്ര മാസം വരെയാകാം?

പ്രൊബേഷന്‍ കാലാവധി നിശ്ചിതമായിരിക്കണം. കാലാവധി സംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ട് എങ്കില്‍ അത് തൊഴില്‍ കരാറില്‍ വ്യക്തമായി കാണിച്ചിരിക്കണം. അത് 9൦ ദിവസം വരെയാകാം. പരസ്പരം അംഗീകരിച്ചു കൊണ്ട് അതില്‍ കൂടുതല്‍ ആകാനും നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്. പ്രൊബേഷന്‍ കാലാവധിയില്‍ സിക്ക് ലീവ്, ഇരു പെരുന്നാളുകളുടെയും അവധികള്‍, എന്നിവ ഉള്‍പ്പെടുത്താന്‍ പാടില്ല. പക്ഷെ പ്രൊബേഷന്‍ കാലാവധി 18൦ ദിവസത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന് തൊഴില്‍ നിയമത്തില്‍ നിബന്ധനയുണ്ട്. എന്നാല്‍ ടീച്ചര്‍മാരുടെ പ്രൊബേഷന്‍ കാലാവധി രണ്ടു വര്‍ഷം വരെയാകാം എന്നു നിയമത്തില്‍ പറയുന്നുണ്ട്.

  1. പ്രൊബേഷന്‍ കാലാവധിയില്‍ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ സാധിക്കുമോ?

ഏതെങ്കിലും ഒരാള്‍ക്ക് മാത്രമാണ് (തൊഴിലാളിക്കോ അതോ തൊഴിലുടമക്കോ) പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള അനുമതി ഉള്ളത് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ ഇരു പാര്‍ട്ടികള്‍ക്കും പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള അനുവാദം തൊഴില്‍ നിയമം നല്‍കുന്നുണ്ട്.

  1. പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ?

പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ തൊഴിലുടമക്കോ തൊഴിലാളിക്കോ നഷ്ട പരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ല.

  1. പ്രൊബേഷന്‍ പിരീഡിലെ ഇ.എസ്.ബി (End of Srvice Benefit) ലഭിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ടോ?

പരസ്പര സമ്മത പ്രകാരമുള്ള തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുന്ന തൊഴിലാളികള്‍ക്ക് ആണ് ഇ.എസ്.ബിക്ക് അര്‍ഹതയുള്ളത്. രണ്ടു വര്‍ഷത്തെ സേവന കാലാവധിയും ബാധകമാണ്. പ്രൊബേഷന്‍ പിരീഡില്‍ പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യമായ ഇ.എസ്.ബി ലഭിക്കാനുള്ള അര്‍ഹത ഇല്ല.

  1. പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കി വിദേശ തൊഴിലാളി നാട്ടിലേക്ക് തിരിക്കുകയാണെങ്കില്‍ ആ ചിലവ് ആരാണ് വഹിക്കേണ്ടത്?

വിദേശ തൊഴിലാളിയാണ് ജോലി രാജി വെച്ച് കരാര്‍ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്നതെങ്കില്‍ തിരിച്ചു പോക്കിനുള്ള മുഴുവന്‍ ചിലവും അയാള്‍ തന്നെ വഹിക്കേണ്ടി വരും. പ്രസ്തുത വിദേശ തൊഴിലാളി ആ ജോലി ചെയ്യുന്നതിന് കാര്യ പ്രാപ്തി ഇല്ലാത്തവനോ യോഗ്യത ഇല്ലാത്തവനോ എന്ന് മനസ്സിലാക്കി തൊഴിലുടമ പ്രൊബേഷന്‍ പിരീഡില്‍ അയാളെ പിരിച്ചു വിടുകയാണെങ്കിലും തിരിച്ചു വരുന്നതിനുള്ള മുഴുവന്‍ ചിലവും വിദേശ തൊഴിലാളി തന്നെ വഹിക്കേണ്ടി വരും.

  1. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ പിരീഡ് നിഷ്കര്‍ഷിക്കുന്നുണ്ടോ?

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്ന 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 9൦ ദിവസം വരെ പ്രൊബേഷന്‍ കാലാവധി നിശ്ചയിക്കാവുന്നതാണ്. ഈ ദിവസ പരിധിക്കുള്ളില്‍ പ്രസ്തുത തൊഴിലാളി ഈ ജോലിക്ക് യോഗ്യനല്ലെന്ന് തൊഴിലുടമക്ക് വ്യക്തമായാല്‍ അയാളെ പിരിച്ചു വിടാന്‍ നിയമം അനുവദിക്കുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളിയുടെ ബാധ്യതകള്‍ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ല.

  1. സൗദി തൊഴില്‍ നിയമത്തില്‍ ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

തൊഴില്‍ കരാറാണ് ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ രംഗത്തെ ഭരണഘടന എന്ന് വേണമെങ്കില്‍ പറയാം. തൊഴില്‍ കരാര്‍ പ്രകാരമാണ് അയാളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എല്ലാം നിര്‍ണ്ണയിക്കപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 21 ന് ദേശീയപരിവര്‍ത്തന പദ്ധതി, വിഷന്‍ 2൦3൦ യുടെ ഭാഗമായികൊണ്ട് വന്ന തൊഴില്‍ നിയമ ഭേദഗതിയിലും തൊഴില്‍ കരാറിന് ഏറ്റവും പ്രധാനമായ ഒരു പങ്കാണ് നിര്‍വചിക്കുന്നത്. സ്പോണ്‍സറുടെ അനുമതി ഇല്ലാതെ ഫൈനല്‍ എക്സിറ്റ് എന്ന പുതിയ ഭേദഗതി പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ കരാറുമായി ബന്ധപ്പെട്ട് കിടക്കുന്നു.

തൊഴില്‍ കരാര്‍ എഴുതപ്പെട്ടതായിരിക്കണം. അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധമായും ഡിജിറ്റല്‍/ഇലക്ട്രോണിക് രൂപത്തില്‍ ഉള്ളതായിരിക്കണം. തൊഴിലാളിയുടേയും തൊഴിലുടമയുടെയും പക്കല്‍ തൊഴില്‍ കരാറിന്റെ ഓരോ കോപ്പിയും ഉണ്ടായിരിക്കണം. അതില്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും പേരുകള്‍, രാജ്യം, പരസ്പരം തീരുമാനിച്ച് ഉറപ്പിച്ച വേതനം, ജോലിയുടെ തരം, ജോലി ചെയ്യേണ്ട ലൊക്കേഷന്‍, ജോലി തുടങ്ങേണ്ട തിയ്യതി, തൊഴില്‍ കരാറിന്റെ കാലാവധി എന്നിവ പൊതുവായി ഉണ്ടാവണം.

  1. തൊഴിലാളികള്‍ക്ക് എഴുതപ്പെട്ട കരാര്‍ ഇല്ലെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സമാവില്ല എന്ന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ?

തൊഴില്‍ നിയമത്തില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച പൊതു വ്യവസ്ഥകളില്‍ ചില ഒഴിവു കഴിവുകള്‍ നല്‍കുന്നുണ്ട്. ഇത് പ്രകാരം എഴുതപ്പെട്ട തൊഴില്‍ കരാര്‍ ഇല്ലെങ്കിലും തൊഴില്‍ നിയമത്തിലെ പൊതുവായ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് ലഭിക്കും എന്നുണ്ട്. കൂടാതെ ആനുകൂല്യങ്ങളും മറ്റും നിര്‍വചിക്കേണ്ടി വരുമ്പോള്‍ തൊഴിലാളിക്ക് അനുകൂലമായ് അതീരുമാനം എടുക്കണമെന്നും തൊഴില്‍ നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.

കൂടാതെ നിലവില്‍ തൊഴില്‍ കരാര്‍ എഴുതിയിട്ടില്ലെങ്കിലും  തൊഴിലാളിക്കോ തൊഴിലുടമക്കോ ഏതു സമയത്തും തൊഴില്‍ കരാര്‍ എഴുതാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഉണ്ട് എന്നും വ്യവസ്ഥയുണ്ട്. അത് കൊണ്ട് തന്നെ ഇതുവരെ എഴുതപ്പെട്ട കരാര്‍ ഇല്ലെങ്കിലും തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട പൊതുവായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുമായിരുന്നു.

എന്നാല്‍ ഈ മാര്‍ച്ച് 21 ന് നിലവില്‍ വന്ന നിയമ ഭേദഗതി പ്രകാരം തൊഴില്‍ കരാര്‍ എഴുതപ്പെട്ടതും വ്യവസ്ഥകള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടതും ആയിരിക്കണം. പഴയ നിബന്ധനകള്‍ ഭേദഗതി ചെയ്തതായി മന്ത്രാലയം വ്യക്തമക്കിയിട്ടില്ലെങ്കിലും പുതിയ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധം തന്നെയാണ്. പുതിയ തൊഴിലാളി രാജ്യത്തേക്ക് പ്രവേശിക്കുന്നതും തൊഴില്‍ കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.

2022 മുതല്‍ ഇലക്ട്രോണിക് കരാറുകള്‍ മാത്രമേ മാനവശേഷി വികസന മന്ത്രാലയവും ലേബര്‍ ഓഫീസുകളും തൊഴില്‍ കോടതികളും അംഗീകരിക്കുകയുള്ളൂ. തൊഴില്‍ തര്‍ക്കമോ നിയമ നടപടികളോ ഉണ്ടായാല്‍ നിയമ സാധുത ലഭിക്കണമെങ്കില്‍ തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്.

  1. പൊതുമേഖലയിലെ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാണോ?

ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പബ്ലിക് കോര്‍പറേഷനുകളിലും ജോലിയെടുക്കുന്നവര്‍ക്ക്  എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധമല്ല. അവരെ നിയമിക്കുന്നതിനായി ബന്ധപ്പെട്ട അധികാര സ്ഥാപനം നല്‍കിയ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍, അല്ലെങ്കില്‍ നിയമനത്തിന്റെ തീരുമാനം വ്യക്തമാക്കുന്ന രേഖ മാത്രം മതിയാകും.

  1. സൗദിയിലെ നിലവിലെ തൊഴില്‍ നിയമം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമല്ലെങ്കില്‍ ഏതു നിയമ പ്രകാരമാണ് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്നത്?

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്നത് അറബ് വര്‍ഷം 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരമാണ്.

  1. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം അഥവാ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഏത് നിയമത്തിന്റെ പരിധിയില്‍ പെടുന്നു

1434 ലെ 6൦5 നമ്പര്‍ പ്രകാരമുള്ള മന്ത്രി തല തീരുമാനം ചില സാഹചര്യങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള സാഹചര്യങ്ങളും അനുമതിയും വ്യക്തമാക്കുന്നു. 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരമുള്ള രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച നിയമത്തിനോട് അനുബന്ധമായാണ് ഈ വ്യവസ്ഥകള്‍.

  1. സൗദിയിലെ എക്കണോമിക് സോണുകളിലെ കാര്യങ്ങളില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഏതു അധികാര സ്ഥാപനങ്ങളാണ്?

സൗദിയില്‍ തിരഞ്ഞെടുക്കപ്പെട്ട തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ എക്കണോമിക് സിറ്റികളും ഇന്റസ്ട്രിയല്‍ സിറ്റികളും ഉണ്ട്. ഇന്റസ്ട്രിയല്‍ സിറ്റികളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സൗദി ഇന്റസ്ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റിയും എക്കണോമിക് സിറ്റികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് സാഗിയ (സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി) യുമാണ്. വിസ, വിസ പുതുക്കല്‍, വര്‍ക്ക്‌ പെര്‍മിറ്റ്‌, തൊഴില്‍ നിയമങ്ങളുടെ സ്ഥാപനം തുടങ്ങിയ കാര്യങ്ങളില്ലെല്ലാം ഇത് ഒരു ഫാസ്റ്റ് ട്രാക്ക് ഗവര്‍മെന്റ് അധികാര സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.

  1. സൗദിയില്‍ തൊഴില്‍ നിയമ പ്രകാരം നിശ്ചിത കാല തൊഴില്‍ കരാര്‍ (Fixed Term Contracts), അനിശ്ചിത കാല (Indefinite Term) തൊഴില്‍ കരാര്‍ എന്നിങ്ങനെയുള്ള തൊഴില്‍ കരാറുകള്‍ നിലവിലുണ്ടോ?

സൗദിയിലെ തൊഴില്‍ നിയമ പ്രകാരം സാങ്കേതികമായി മേല്‍ പറഞ്ഞ രണ്ടു തരം തൊഴില്‍ കരാറുകള്‍ നിലവിലുണ്ട്. പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കരാറിന്റെ കാലാവധിയുടെ അടിസ്ഥാനത്തിലാണ് ഈ തരം തിരിവ്. പക്ഷെ പുതിയതായി സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളുടെയും തൊഴില്‍ കരാറുകള്‍ സാങ്കേതികമായി നിശ്ചിത കാല തൊഴില്‍ കരാറുകള്‍ തന്നെയാണ്.

ചില അവസരത്തില്‍ തൊഴിലാളി തൊഴില്‍ കരാറിന് ശേഷവും തുടരാന്‍ തീരുമാനിക്കുകയും തൊഴില്‍ കരാര്‍ പുതുക്കാതിരിക്കുകയുമാണെങ്കില്‍ ആ കരാര്‍ അനിശ്ചിത കാല തൊഴില്‍ കരാറായി മാറുകയും ചെയ്യുന്നുണ്ട്. മൂന്ന് തവണയില്‍ അധികം കരാര്‍ തുടര്‍ച്ചയായി  പുതുക്കുകയോ അല്ലെങ്കില്‍ നാലോ അതിലധികമോ  വര്‍ഷത്തില്‍ അധികം തൊഴില്‍ കരാറിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയോ ചെയ്യുന്ന അവസരത്തില്‍ ഒരു നിശ്ചിതകാല തൊഴില്‍ കരാര്‍ അനിശ്ചിത കാല കരാറായി മാറുന്നു.

എന്നാല്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ കാലാവധി ഇഖാമയുമായും ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നത് ഇഖാമയിലെ കാലാവധി അനുസരിച്ചായിരിക്കും. അതിനാല്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ അനിശ്ചിത കാല കരാറുകള്‍ ആയി കണക്കാക്കപ്പെടില്ല.

  1. പ്രത്യേക പദ്ധതിക്ക് വേണ്ടി കൊണ്ട് വരുന്ന തൊഴിലാളികള്‍ക്ക് കരാറുകളുടെ മേല്‍ പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാണോ?

ഒരു പ്രത്യേക പ്രൊജക്റ്റിനു വേണ്ടി കൊണ്ട് വരുന്ന തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ആ ജോലി പൂര്‍ത്തീകരിക്കുന്നതോട് കൂടി പൂര്‍ത്തിയാകുന്നു. അതോടെ ആ തൊഴില്‍ കരാര്‍ ടെര്‍മിനേറ്റ്‌ ചെയ്യപ്പെടുമെന്നും തൊഴില്‍ നിയമത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

  1. വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കില്‍ ഏതു തിയ്യതിയാണ് കരാര്‍ അവസാനിക്കുന്നതായി കണക്കാക്കുക?

വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ നിശ്ചിതകാല തൊഴില്‍ കരാറുകള്‍ ആണ്. അതില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഉണ്ടായിരിക്കണം. തൊഴില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കില്‍ തൊഴിലാളിയുടെ വര്‍ക്ക്‌ പെര്‍മിറ്റിന്റെ/ഇഖാമയുടെ കാലാവധി അവസാനിക്കുന്നതോട് കൂടി വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതായും നിയമപരമായി കരുതാം.

  1. റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്ന വിദേശ തൊഴിലാളിയുടെ ചിലവുകള്‍ വഹിക്കേണ്ടത് ആരാണ്?

വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്ന വിദേശ തൊഴിലാളിയുടെ ചിലവുകള്‍ വഹിക്കേണ്ടത് തൊഴിലുടയാണെന്ന് തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനുള്ള റിക്രൂട്ട്മെന്റ് ഫീസ്‌, ഇഖാമ എടുക്കുന്നതിനുള്ള ചിലവ്, വര്‍ക്ക്‌ പെര്‍മിറ്റ്‌ എടുക്കുന്നതിനുള്ള ചിലവ്, ഇഖാമയുടെയും വര്‍ക്ക്‌ പെര്‍മിറ്റിന്റെയും പുതുക്കുന്ന കാലാവധി വൈകിയാല്‍ വരുന്ന പിഴ, തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷമുള്ള ഫൈനല്‍ എക്സിറ്റ്, തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷം തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് എന്നിവയും നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം റീ എന്‍ട്രി ഫീസ്‌ വഹിക്കേണ്ടത് ഇപ്പോള്‍ തൊഴിലാളിയാണ്.

  1. ഒരു വിദേശ തൊഴിലാളിയുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ സംബന്ധിച്ച് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഒരു വിദേശ തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇഖാമ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. ഇഖാമ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണെങ്കില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിച്ചു നല്‍കുന്നത് മാനവ ശേഷി, സാമൂഹിക വികസന തൊഴില്‍ മന്ത്രാലയമാണ്. വര്‍ക്ക്‌ പെര്‍മിറ്റ്‌ ഉണ്ടെങ്കില്‍ മാത്രമേ തൊഴില്‍ ചെയ്തു തുടങ്ങാനും വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കിയാല്‍ മാത്രമേ തൊഴിലില്‍ തുടരാനും സാധിക്കൂ എന്നതിനാല്‍ തൊഴിലാളിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ രേഖയായി വര്‍ക്ക്‌ പെര്‍മിറ്റ്‌ മാറുന്നു. കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒരു വിദേശ തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നത്. നിയമപരമായി അംഗീകാരം കിട്ടിയ മാര്‍ഗ്ഗങ്ങളിലൂടെ ഒരു തൊഴില്‍ ചെയ്യുന്നതിനായി രാജ്യത്തേക്ക് നിയമ പരമായി പ്രവേശിക്കുന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിക്കുക.

അതായത്  ഒരു സ്ഥാപനം അതിലേക്ക് ഒരു നിശ്ചിത തൊഴില്‍ ചെയ്യുന്നതിനായി വിദേശത്ത് നിന്നും തൊഴിലാളിയെ റിക്രൂട്ട് ചെയ്യണം എന്നാവശ്യപ്പെട്ടു മന്ത്രാലയത്തെ സമീപിക്കുമ്പോള്‍ മാത്രമാണ് ആ നിശ്ചിത തൊഴിലിലേക്ക് വിദേശത്ത് നിന്നും തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനായി വിസ അനുവദിച്ചു നല്‍കുന്നത്. അതായത് ഈ വിസ ഉപയോഗിച്ചു രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു വിദേശ തൊഴിലാളിക്കാണ് ആ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിനുള്ള വര്‍ക്ക്‌ പെര്‍മിറ്റ്‌ മന്ത്രാലയം അനുവദിച്ചു നല്‍കുന്നത്. ആ നിശ്ചിത തൊഴില്‍ ചെയ്യുന്നതിനുള്ള പ്രൊഫഷനല്‍ യോഗ്യതകള്‍ ആ തൊഴിലാളിക്ക് ഉണ്ടായിരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്‌.

  1. സൗദിയിലെത്തുന്ന ഒരു വിദേശ തൊഴിലാളി പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നത് തൊഴില്‍ നിയമപരമായി എത്രമാത്രം കുറ്റകരമാണ്?

ഒരു തൊഴിലാളിയെ ഏതു തൊഴില്‍ ചെയ്യുന്നതിനാണോ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്, ആ തൊഴില്‍ ചെയ്യാന്‍ മാത്രമേ ആ തൊഴിലാളിക്ക് അനുമതി നല്‍കുന്നുള്ളൂ. വിദേശ തൊഴിലാളിയെ അയാളുടെ പ്രൊഫഷനില്‍ അല്ലാത്ത ജോലി ചെയ്യാന്‍ തൊഴിലുടമ അനുവാദം നല്‍കരുത് എന്ന് തൊഴില്‍ നിയമം പ്രത്യേകം നിഷ്കര്‍ഷിക്കുന്നു. തൊഴിലാളിയും അയാളുടെ പ്രൊഫഷന്‍ അല്ലാത്ത ജോലി ചെയ്യുവാന്‍ പാടുള്ളതല്ല.

തൊഴിലാളിയുടെ പ്രൊഫഷന്‍ ഇഖമയിലും വര്‍ക്ക്‌ പെര്‍മിറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ പ്രൊഫഷനിലുള്ള തൊഴിലിനു വിരുദ്ധമായ തൊഴില്‍ ചെയ്യുകയാണെങ്കില്‍, പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍, തര്‍ഹീല്‍ വഴി നാട് കടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ ആയിരിക്കും അയാള്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ രാജ്യത്തെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുമ്പോള്‍ പിടിയിലാകുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നവരാണ്. ഉദാഹരണമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി മറ്റു തൊഴിലുകള്‍ ചെയ്യുന്ന മലയാളികള്‍ അടക്കം ഒരുപാട് പേര്‍ സമീപ ദിവസങ്ങളില്‍ പിടിയിലായിട്ടുണ്ട്.

പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നതിന് നിയമപരമായ അനുമതിയിള്ള, നിയമ പ്രകാരമുള്ള നടപടികളിലൂടെ പ്രൊഫഷന്‍ മാറുകയാണ് വേണ്ടത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷന്‍ മാറി ജോലി ചെയ്യാം.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.   https://chat.whatsapp.com/J7RfoIaOLXmBBTi86vwmpv

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!