Connect with us

LATEST

സൗദിയില്‍ എടിഎം ഉപയോഗിക്കുന്ന പ്രവാസികള്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ അറിയുക.

Published

on

ബാങ്ക് അധികൃതരുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും നിരന്തരമായ ബോധവല്‍ക്കരണങ്ങളെ തുടര്‍ന്ന് സൗദിയില്‍ എ.ടി.എം തട്ടിപ്പുകളില്‍ അകപ്പെടുന്ന പ്രവാസികളില്‍ ഗണ്യമായ കുറവ് സമീപ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും പ്രവാസി മലയാളികള്‍ ഇരയാവുന്ന ഒറ്റപ്പെട്ട തട്ടിപ്പ് സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

പ്രധാനമായും എ.ടി.എം കാര്‍ഡുകള്‍ പരസ്പരം മാറ്റിക്കൊണ്ടുള്ള തട്ടിപ്പുകളാണ് എ.ടിഎം കൗണ്ടറുകളില്‍ അധികവും നടക്കുന്നത്. പലരും തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് നിമിഷ നേരത്തെ അശ്രദ്ധ മൂലമോ അന്ധാളിപ്പ് മൂലമോ ആണ്. തട്ടിപ്പുകാരുടെ നീക്കങ്ങള്‍ ദ്രുതഗതിയില്‍ ആകും എന്നതിനാല്‍ സെക്കന്റുകള്‍ മാത്രം നീളുന്ന അശ്രദ്ധക്ക് പോലും നാം വലിയ വില കൊടുക്കേണ്ടി വരും.

സമീപ കാലത്ത് പ്രവാസി മലയാളി ഇരയായ ശ്രദ്ധേയമായ ഒരു തട്ടിപ്പ് റിയാദിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാധാരണ പോലെ തന്നെ എ.ടി.എം കാര്‍ഡ് ഞൊടിയിടയില്‍ മാറ്റിക്കൊണ്ടുള്ള തട്ടിപ്പാണ് നടന്നത് എങ്കിലും ഒ.ടി.പി ഹൈജാക്കിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കനാണ് സാധ്യത എന്ന് സൈബര്‍ വിദഗ്ദര്‍ പറയുന്നു.

കാരണം തട്ടിപ്പിന് ഇരയായ ശേഷം പത്തു മിനിട്ടിനുള്ളില്‍ പണം പിന്‍വലിക്കാനുള്ള ഒ.ടി.പി ഉപയോക്താവിന്റെ മൊബൈലില്‍ വന്നുവെങ്കിലും അതിന്റെ ആവശ്യം ഇല്ലാതെ തന്നെ തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചു എന്നതാണ് ഈ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കൂടാതെ 3400 റിയാലും ഒ.ടി.പി സഹായം ഇല്ലാതെ തന്നെ തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി തട്ടിയെടുക്കുകയും ചെയ്തു.

റിയാദിൽ അൽ അസർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ജയ്‌സനില്‍ നിന്നാണ് എ ടി എം കാർഡ് ഉപയോഗിച്ച് പണം കവർന്നത്. അല്‍ മിയ റോഡിലെ എൻ സി ബി ബാങ്ക് എടിഎമ്മിൽ നിന്നാണ് പണം നഷ്ടമായത്. പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് യുവാവ് രാവിലെ എട്ടു മണിക്ക് എ ടി എമ്മിൽ കയറിയത്. വലിയ തിരക്കില്ലാതിരുന്ന അവിടെ മൂന്ന് എ ടി എം മെഷീനുകള്‍ ഉണ്ടായിരുന്നു.

യുവാവ് കയറിയതിന് പിറകെ മൂന്ന് പേർ കൂടി അതിലേക്ക് കയറിയിരുന്നു. ഒരാൾ വലതു വശത്തെ എ ടി എമ്മിലും മറ്റൊരാള്‍ ഇടതു വശത്തെ എ ടി എമ്മിലും മൂന്നമത്തെയാള്‍ ഒരാൾ യുവാവ് ഉപയോഗിച്ചു കൊണ്ടിരുന്ന എ ടി എമ്മിൽ യുവാവിന് പിറകിലായും നിന്നു. അയാൾ യുവാവിന്റെ പിൻ നമ്പറുകൾ ശ്രദ്ധിക്കുണ്ടായിരുന്നു എന്ന് യുവാവ് പറയുന്നു. 9000 റിയാൽ ഡിപ്പോസിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അറുനൂറു റിയാലിന്റെ നോട്ടുകൾ എ ടിഎം മെഷീനിൽ നിന്നും റിജക്റ്റ് ആയതായി യുവാവ് പറയുന്നു.

യുവാവ് ആ നോട്ടുകൾ വീണ്ടും ഡിപ്പോസിറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സമയം കഴിഞ്ഞത് മൂലം എ ടി എം മെഷീനിൽ നിന്ന് കാർഡ് പുറത്തേക്ക് വന്നു. ഉടനെ പുറകിൽ നിന്നിരുന്ന ആൾ കാർഡ് മെഷീനിൽ നിന്ന് എടുക്കുകയും യുവാവിന് കൈമാറുകയും ചെയ്തു. പക്ഷെ യുവാവിന് അയാൾ കൈമാറിയത് മറ്റൊരു കാർഡ് ആയിരുന്നു. അത് ആ സമയത്ത് യുവാവ് മനസ്സിലാക്കിയില്ല.

തുടര്‍ന്ന് യുവാവ് കുറച്ചു മാറി നിന്ന് 600 റിയാല്‍ എണ്ണി തിട്ടപ്പെടുത്തി വീണ്ടും എ.ടി.എം മെഷീന് അരികിലേക്ക് എത്തി. ഇതിനകം തന്നെ മൂന്ന് യുവാക്കളും എ ടി എമ്മിൽ നിന്നും ഇറങ്ങി പോയിരുന്നു. യുവാവ് കാർഡ് വീണ്ടും മെഷീനിൽ ഇട്ട് പിൻ നമ്പർ അടിച്ചെങ്കിലും ഇൻകറക്റ്റ് പിൻനമ്പർ എന്നായിരുന്നു സ്‌ക്രീനിൽ തെളിഞ്ഞത്. അപ്പോഴാണ്‌ മറ്റൊരാളുടെ കാര്‍ഡ് ആയിരുന്നു തട്ടിപ്പുകാര്‍ തനിക്ക് കൈമാറിയതായും താൻ കബളിപ്പിക്കപ്പെട്ടതായും യുവാവിന് മനസ്സിലായത്.

നാല് പെണ്മക്കളുള്ള ഇയാള്‍ നാട്ടിലേക്ക് അയക്കാനായിരുന്നു പണം സ്വരൂപിച്ച് ഏടിഎമ്മില്‍ എത്തിയത്. കബളിപ്പിക്കപ്പെട്ടത്തിന്റെ ആഘാതത്താല്‍ പത്തു മിനിട്ടോളം തനിക്ക് മനസാന്നിധ്യം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നു. അതിനിടയില്‍ എ ടി എമ്മിലേക്ക് ആളുകള്‍ വന്നും പോയും കൊണ്ടിരുന്നെങ്കിലും യുവാവിന് ഒന്നും തന്നെ സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.

ഈ പത്തു മിനിറ്റ് സമയത്തിനിടയില്‍ തട്ടിപ്പ് നടത്തിയവർ യുവാവിന്റെ കാർഡ് ഉപയോഗിച്ച് അക്കൌണ്ടില്‍ നിന്നും അയ്യായിരം റിയാല്‍ പിന്‍വലിച്ചതായും എവിടെ നിന്നാണ് പണം പിന്‍വലിച്ചതെന്ന് തനിക്ക് അറിയില്ലെന്നും യുവാവ് പറയുന്നു. പണം പിൻവലിച്ചതായുള്ള മെസേജുകൾ മൊബൈലിൽ വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ സമ്മർദ്ദത്തിലായ യുവാവ് തിരികെ വീട്ടില്‍ എത്തുകയും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷെ ഈ സമയത്തിനിടയില്‍ യുവാവിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് 3400 റിയാലിന്റെ ഓൺലൈൻ പർച്ചേസ് കൂടി സംഘം നടത്തിയിരുന്നു.

ഇത്തരം അവസരങ്ങളിൽ മനസ്സാനിധ്യത്തോടെ പ്രതികരിക്കുകയാണ് വേണ്ടതെന്ന് ബാങ്കിംഗ് വിദഗ്ദര്‍ പറയുന്നു. എ.ടി.എം തട്ടിപ്പിന് ഇരയായാല്‍ പോലീസില്‍ പരാതി കൊടുക്കുന്നത് വരെ കാത്തിരിക്കരുത്. ബാങ്കുമായാണ് തട്ടിപ്പിന് ഇരയായവര്‍ ബന്ധപ്പെടെണ്ടത്. ഇവിടെ ജയ്‌സന്‍ തളര്‍ന്നിരുന്ന പത്തു മിനിട്ട് സമയവും വീട്ടിലേക്ക് തിരിച്ചെത്തി സാമൂഹിക പ്രവര്‍ത്തകരുമൊത്ത് പോലീസ് സ്റ്റേഷനിലേക്ക് പരാതി കൊടുക്കാന്‍ പോയ സമയവും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്.

കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലായ ഉടന്‍ തളർന്നിരിക്കാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് സമയം ഒട്ടും കളയാതെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ഡിസേബിൾ ചെയ്യാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ മൊബൈൽ ആപ്പോ, ഓൺലൈൻ ബാങ്കിങ് വഴിയോ കാർഡ് ഡിസേബിൾ ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ മിച്ചമുണ്ടായിരുന്ന 3400 റിയാല്‍ തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാന്‍ സാധിക്കുമായിരുന്നു. അതിന് ശേഷമായിരുന്നു ഒട്ടും സമയം കളയാതെ പോലീസിൽ പരാതി നൽകേണ്ടിയിരുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ സൗദിയുടെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എടിഎം മുഖേനയുള്ള തട്ടിപ്പുകളില്‍ പിന്‍ നമ്പരുകള്‍ മനസ്സിലാക്കുകയും കാര്‍ഡുകള്‍ മാറ്റി നല്‍കുകയും ചെയ്യുന്ന ഒരേ തന്ത്രം തന്നെയാണ് സ്വീകരിച്ചു വരുന്നത്.

അടുത്ത കാലത്തായി എടിഎമ്മുകളില്‍ ഇത്തരം തട്ടിപ്പ് നടത്തി വയോധികനായ സ്വദേശികളില്‍ നിന്നും പണം തട്ടിയെടുത്ത മൂന്ന് യെമൻ സ്വദശികൾ അടങ്ങിയ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇത്തരത്തിൽ പതിമൂന്നോളം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതുപോലെയുള്ള നിരവധി സംഘങ്ങളെ സമീപ മാസങ്ങളില്‍ അധികൃതര്‍ പിടികൂടിയിരുന്നു.

മക്കയിലെ സംഘം തട്ടിപ്പിന് ഇരയാക്കിയിരുന്നത് വൃദ്ധരായ എ ടി എം ഉപയോക്താക്കളെയാണ്. എ ടി എമ്മുകൾക്ക് സമീപം സഹായിക്കാനെന്ന വ്യാജേന നിൽക്കുന്ന ഇവർ സൂത്രത്തിൽ വൃദ്ധരിൽ നിന്നും പിൻ നമ്പറുകൾ മനസ്സിലാക്കും. പണം ലഭിച്ചു കഴിഞ്ഞാൽ ആ പണം വൃദ്ധർക്ക് കൈമാറിയ ശേഷം മറ്റൊരു കാർഡ് ആയിരിക്കും തിരിച്ചു നൽകുക.

ഇര തട്ടിപ്പ് മനസ്സിലാക്കുമ്പോഴേക്കും കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ ഉള്ള പണം മുഴുവൻ പിൻവലിച്ചിട്ടുണ്ടാവും. എ ടി എമ്മിൽ നിന്നും മുഴുവൻ പണം പിൻവലിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ ഇരയുടെ കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് നടത്തി പണം അക്കൗണ്ടിൽ നിന്നും അടക്കും.

ഒരാള്‍ എടിഎം വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ സുരക്ഷിതമായിരിക്കുന്നതിനായി ബാങ്കിംഗ് വിദഗ്ദരും സൈബര്‍ വിദഗ്ദരും നല്‍കുന്ന 20 പ്രധാനപ്പെട്ട മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും താഴെ പറയുന്നു.

1. ഇടപാടുകള്‍ നടത്തുന്നതിന് സുരക്ഷിതമായ എടിഎമ്മുകള്‍ക്ക് മുന്‍ഗണന നല്‍കുക.

2. എ ടി എമ്മിന്റെ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിൽക്കുന്നവരെ ശ്രദ്ധിക്കണം.

3. ജാഗ്രത പാലിച്ചില്ലെങ്കില്‍ താനും ഏതു നിമിഷവും കബളിപ്പിക്കപ്പെടാം എന്ന മനസ്സോടെ ഓരോ ഇടപാടും സൂക്ഷ്മതയോടെ നടത്തുക.

4. എ.ടി.എം മെഷീനുകളില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് പിന്‍ നമ്പര്‍ മനസ്സിലാക്കുക, കാര്‍ഡ് മാറ്റി മറ്റൊന്ന് നല്‍കുക എന്ന തട്ടിപ്പ് രീതിയിലാണ്. ഒരിക്കലും അതിന് ഇരയാവില്ലെന്ന് സ്വയം ഉറപ്പിക്കുക.

5. എ ടി എം ഇടപാടുകള്‍ നടത്തുമ്പോള്‍ പിന്‍ നമ്പര്‍ മറ്റുളളവര്‍ക്ക് കാണാന്‍ കഴിയാത്ത വിധം രഹസ്യമായി എന്റര്‍ ചെയ്യണം. കൂടുതല്‍ മെഷീനുകള്‍ ഉള്ള എടി എം ആണെങ്കില്‍ അവയില്‍ ആളുകള്‍ ഉണ്ടെങ്കില്‍ പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ ഒരു കൈ, ബുക്ക്‌, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ച് കീപാഡ് മറച്ചു പിടിക്കുക.

6. എ ടി എമ്മില്‍ അപരിചിതരില്‍ നിന്നും പണമിടപാട് സംബന്ധിച്ച ഒരു സഹായവും സ്വീകരിക്കരുത്. തട്ടിപ്പുകാര്‍ ഏ.ടി.എമ്മുകള്‍ക്ക് സമീപം കാത്തു നിന്ന് വീക്ഷിച്ച ശേഷമാണ് ഇരകളെ തിരഞ്ഞെടുക്കുന്നത്. നിങ്ങളെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകള്‍ക്ക്‌ തുടക്കം കുറിക്കുന്നതും.

7. എ ടി എം കൗണ്ടറിലും കാബിനിലും സംശയകരമായ സാഹചര്യമോ അപരിചിതരോ ഉണ്ടെങ്കില്‍ ഇടപാട് ഉടനെ നടത്താതെ അവര്‍ പോകുന്നത് വരെ കാത്തു നില്‍ക്കുകയാണ് സുരക്ഷിതം. അവര്‍ ഇടപാടുകള്‍ നടത്തി കഴിയുന്നത് വരെ കാത്തു നില്‍ക്കുക. അവര്‍ പുറത്തേക്ക് ഇറങ്ങിയ ശേഷം മാത്രം അകത്തേക്ക് പ്രവേശിക്കുക. ഇടപാട് കഴിഞ്ഞ ശേഷവും അവര്‍ അകത്ത് തന്നെ തുടരുകയാണെങ്കില്‍ അവരോടു പുറത്തേക്കിറങ്ങാന്‍ അഭ്യര്‍ഥിക്കുക. സംശയകരമായ പെരുമാറ്റം ഉണ്ടാവുകയാണെങ്കില്‍, നിങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കാത്ത സാഹചര്യം ആണെങ്കില്‍ ആ എ ടി എം പിന്നെ ഉപയോഗിക്കരുത്.

8. എപ്പോഴും സ്വന്തം കാർഡ് എപ്പോഴും തിരിച്ചറിയാൻ സാധിക്കണം. മേല്‍ പറഞ്ഞ പോലുള്ള സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ നല്‍കുന്ന കാര്‍ഡുകള്‍ പരിശോധിച്ച് സ്വന്തം കാര്‍ഡ് തന്നെയാണെന്ന് ഉറപ്പു വരുത്തുക. ഒരിക്കലും ഇത് പോലുള്ള സന്ദര്‍ഭങ്ങളില്‍ ശ്രദ്ധ മാറി പോകരുത്.

9. യാതൊരു കാരണവശാലും പിന്‍ നമ്പരുകള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതിരിക്കുക.

10. കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ ഇടപാട് കഴിയുമ്പോഴും ബാങ്കില്‍ നിന്നുള്ള ട്രാന്‍സാക്ഷന്‍ അലര്‍ട്ട് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.

11. നിങ്ങളുടെ അക്കൌണ്ടില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അനധികൃതമായ ട്രാന്‍സാക്ഷനുകള്‍ നടന്നതായി സംശയം തോന്നുന്ന സാഹചര്യത്തില്‍ അവ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക.

12. എ ടി എം ഇടപാട് കഴിഞ്ഞാല്‍ മെഷീനില്‍ വെല്‍കം സ്ക്രീന്‍ വന്നതിന് ശേഷം മാത്രം പുറത്തിറങ്ങുക.

13. ഊഹിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പിന്‍ നമ്പരുകള്‍ ഉപയോഗിക്കുക.

14. പിന്‍ നമ്പരുകള്‍ ഒരിക്കലും കാര്‍ഡില്‍ എഴുതി വെക്കാതിരിക്കുക.

15. ഇടയ്ക്കിടെ പിന്‍ നമ്പരുകള്‍ മാറ്റി കൊണ്ടിരിക്കുക.

16. തട്ടിപ്പിന് ഇരയായി എന്ന് ബോധ്യപ്പെട്ടാല്‍ ഉടനെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ഡിസേബിൾ ചെയ്യാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ മൊബൈൽ ആപ്പോ, ഓൺലൈൻ ബാങ്കിങ് വഴിയോ കാർഡ് ഡിസേബിൾ ചെയ്യുകയോ ചെയ്യുക.

17. പോലീസിന് പലപ്പോഴും കുറ്റവാളികളെ പിടികൂടാനാണ് സാധിക്കുക. കുറ്റവാളികളെ പിടികൂടിയാലും പലപ്പോഴും നിങ്ങളുടെ പണം തിരിച്ചു കിട്ടണം എന്നില്ല. അതിനാല്‍ നിങ്ങളുടെ അക്കൌണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാനാണ് നിങ്ങള്‍ മുന്ഗണന നല്‍കേണ്ടത്. അതിനായി എ ടി എം തട്ടിപ്പിന് ഇരയായാല്‍ ഉടനെ പോലീസില്‍ പരാതി നല്‍കി സമയം കളയാതെ ബാങ്കുമായി ബന്ധപ്പെട്ട് ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിക്കുക. അതിനു ശേഷം പോലീസില്‍ പരാതി നല്‍കുക.

18. കാര്‍ഡ് കൈമോശം വന്നാലും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.

19. ഏതെങ്കിലും വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ ആയി പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ഭാവിയിലുള്ള പര്‍ച്ചേസ് ആവശ്യത്തിനായി സേവ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക.

20. ബാങ്ക് അക്കൌണ്ട് സ്റേറ്റ്മെന്റ് എല്ലാ മാസവും സൂക്ഷമമായി പരിശോധിക്കുക. സംശയാസ്പദമായ ട്രാന്‍സാക്ഷന്‍സ് നടന്നതായി കണ്ടാല്‍, അത് എത്ര ചെറിയ തുകയാനെങ്കിലും ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക. ചിലപ്പോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാക്കിയ തട്ടിപ്പുകാര്‍ വലിയ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കിയാ ചെറിയ ഇടപാട് ആയിരിക്കാനുള്ള സാധ്യതയാവാം.

എടിഎമ്മുകളില്‍ നിന്നുള്ള തട്ടിപ്പുകള്‍ കൂടാതെ ഓണ്‍ലൈന്‍ ആയും മൊബൈല്‍ ഫോണ്‍ മുഖേനയും ഒ.ടി.പി, പാസ് വേര്‍ഡ്, ലിങ്ക് തട്ടിപ്പുകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്‌. ഈ സാഹചര്യങ്ങളില്‍ സൗദിയിലെ പ്രവാസികള്‍ പണം നഷ്ടപ്പെടാതിരിക്കാനായി താഴെ പറയുന്ന 10 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

21. സംശയകരങ്ങളായ ഇത്തരം എസ്.എം.എസ്സുകൾ ലഭിച്ചാല്‍ അവ സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ (സി.ഐ.ടി.സി) ടോള്‍ ഫ്രീ നമ്പറായ 330330 ലേക്ക് ഫേര്‍വേഡ് ചെയ്യുക. ഇക്കാര്യം വളരെ പ്രധാനമാണ്. കാരണം തട്ടിപ്പ് സന്ദേശങ്ങള്‍ ആണെന്ന് ഉറപ്പു വരുത്തിയാല്‍ അവ ഉപയോക്താക്കളിൽ എത്തുന്നതിനു മുമ്പായി ബ്ലോക്ക് ചെയ്യുന്ന സ്മാർട്ട് ഫിൽറ്റൽ സംവിധാനം ആക്ടിവേറ്റ് അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം നിങ്ങള്‍ ഒരു തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുന്നതോടൊപ്പം മറ്റു നിരവധി പേര്‍ ഈ ചതിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

22. ഉറവിടമറിയാത്ത എസ്.എം.എസ്സുകളുമായോ ഇ-മെയിലുകളുമായോ പ്രതികരിക്കുകയോ അതില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. വെബ്‌ സൈറ്റ്/ഇമെയില്‍ വഴി ചെയ്യുന്ന ഇടപാടുകളില്‍ യു.ആര്‍.എലും ഇമെയില്‍ അഡ്രസ്സിലെയും ഓരോ വാക്കുകളും സസൂക്ഷ്മം നിരീക്ഷിക്കുക. ഉദാഹരണമായി റിയാദ് ബാങ്കിന്റെ https://www.riyadbank.com എന്ന യു.ആര്‍.എല്‍ ചെറിയ മാറ്റം വരുത്തി https://www.riyadhbank.com എന്നാക്കി മാറ്റിയാല്‍ ഒറ്റനോട്ടത്തില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കില്ല.

23. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് അത് ആവശ്യപ്പെടുന്ന വ്യക്തിയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു സാധിക്കുന്ന സാഹചര്യം അല്ലെങ്കില്‍ അവരെ തിരിച്ചു ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരോ ഇമെയില്‍ ഐഡിയോ ആവശ്യപ്പെടുക. അല്ലെങ്കില്‍ അല്‍പ സമയത്തിനു ശേഷം ബന്ധപ്പെടാന്‍ ആവശ്യപ്പെടുക. ഈ സമയത്തിനിടയില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വിളിച്ചു താങ്കളുമായി ബന്ധപ്പെട്ടവരുടെ ആധികാരികത ഉറപ്പു വരുത്തുക.

24. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലുള്ള വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്. കാരണം നിങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ഒരിക്കലും ഫോണ്‍ വഴി പാസ് വേഡുകളോ എ.ടി.എം പിന്‍ നമ്പറുകളോ ഓ ടി പി യോ ആവശ്യപ്പെടില്ല. തട്ടിപ്പുകാര്‍ എത്ര തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും നിങ്ങളുടെ സാമാന്യ ബുദ്ധിയും സാമാന്യ ബോധവും ഇക്കാര്യത്തില്‍ ഉപയോഗിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, കാര്‍ഡ് നമ്പര്‍, പിന്‍, സിവിവി, അല്ലെങ്കില്‍ പാസ് വേര്‍ഡ് തുടങ്ങിയവ ഒരു കാരണവശാലും നല്‍കാതിരിക്കുക.

25. എപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ രഹസ്യാത്മകത ഉറപ്പു വരുത്തുക. സാമ്പത്തിക കാര്യങ്ങളില്‍ ജനക്കുട്ടത്തെയും അപരിചിതരേയും വിശ്വസിക്കാതിരിക്കുക. അതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ പൊതു വൈ-ഫൈ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് ചെയ്യാതിരിക്കുക. ഓൺലൈൻ ബാങ്ക് ഇടപാടുകൾക്ക് എപ്പോഴും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. ബാങ്കിടപാടുകൾ നടത്തുന്ന ഫോണിലെ വ്യക്തിഗത ഇൻറർനെറ്റ് ഡാറ്റകൾ മറ്റുള്ളവർക്ക് പങ്ക് വെക്കാതിരിക്കുക.

26. സാമ എന്നാല്‍ സൗദിയിലെ സെന്‍ട്രല്‍ ബാങ്കാണ്. ബാങ്കുകളുടെ ബാങ്ക് ആണ്. അത് ഒരിക്കലും വ്യക്തികളുടെ വ്യക്തികളുടെ അക്കൗണ്ട്‌ വിവരങ്ങള്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. അതെല്ലാം ചെയ്യേണ്ടത് ബന്ധപ്പെട്ട ബാങ്കുകള്‍ തന്നെയാണ്. ബാങ്ക് ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാൻ സാമ ഉദ്യോഗസ്ഥർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉപയോക്താക്കളോട് ആവശ്യപ്പെടില്ല. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പുതുക്കൽ സാമ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴിയാണ് പൂർത്തിയാക്കുന്നത്. അത് കൊണ്ട് സാമയില്‍ നിന്നാണെന്നും അക്കൗണ്ട്‌ വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടാല്‍ ഫോണിന്റെ മറു തലപ്പത്ത് ഒരു തട്ടിപ്പുകാരനാണ് എന്ന് മനസിലാക്കുക.

27. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്‌) പേരിൽ നിങ്ങള്‍ക്ക് കോളുകളോ ഇ-മെയിലോ വരികയാണെങ്കില്‍ അത് വ്യാജമായിരിക്കും. കാരണം പിഐഎഫ് വ്യക്‌തികളുമായി ഇടപാടുകൾ നടത്താറില്ല.

28. ഇന്ത്യന്‍ എംബിസിയുടേയും കോണ്‍സുലേറ്റിന്റേയും ഉദ്യോഗസ്ഥരെന്നും പ്രതിനിധികളെന്ന് പരിചയപ്പെടുത്തി സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കുക. അവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുത്. ഇവരുടെ കാര്യത്തിലും നമ്പര്‍ മൂന്നില്‍ പറഞ്ഞ മാര്‍ഗ്ഗം തന്നെ സ്വീകരിക്കുക.

29. കോവിഡ് വാക്‌സിന്‍ വെരിഫിക്കേഷനു വേണ്ടി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ ആരെങ്കിലും ബന്ധപ്പെട്ട് ഓ.ടി.പി ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പയിരിക്കും. ഇങ്ങിനെ ബന്ധപ്പെടുന്നവര്‍ നിങ്ങള്‍ക്ക് എസ്.എം.എസ് ആയി ലഭിച്ച നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുത്. കാരണം ചിലപ്പോള്‍ നിങ്ങള്‍ നല്‍കുന്നത് തട്ടിപ്പുകാരന്‍ നിങ്ങളെ വിളിക്കുന്നതിനു തൊട്ടു മുന്‍പ് ചെയ്തു വെച്ച നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഒ.ടി.പി ആയിരിക്കും.

30. ബാങ്കില്‍ നിന്നോ സൗദി പോസ്റ്റ്‌ പോലുള്ളവയില്‍ നിന്നോ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നെറ്റ് ട്രാന്‍സ്ഫര്‍ വഴിയോ മൊബൈല്‍ വാലറ്റ് വഴിയോ പണം കൈമാറാന്‍ അജ്ഞാതര്‍ ആവശ്യപ്പെടുന്നുവെങ്കില്‍ ചെയ്യരുത്. ഒരിക്കലും ഔദ്യോഗിക സ്ഥാപനങ്ങള്‍ അത്തരത്തില്‍ ആവശ്യപ്പെടാറില്ല.

31. തൊഴിലവസരങ്ങളുള്ളതായി പരസ്യം ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ അഭിമുഖം നടത്തുന്നവര്‍ക്ക് ഒരിക്കലും വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറാതിരിക്കുക. ഇന്ത്യക്കാര്‍ അടങ്ങിയ തട്ടിപ്പ് സംഘങ്ങളെ കഴിഞ്ഞ മാസം റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ അഭിമുഖം നടത്തി സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തുകയാണ് ഈ തട്ടിപ്പ് സംഘങ്ങള്‍ ചെയ്തിരുന്നത്.

32. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന എസ്.എം.എസുകളുടെ/ഇ-മെയിലുകളുടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. യഥാര്‍ത്ഥ വിമാന കമ്പനികളോട് സാമ്യമുള്ള വ്യാജ സൈറ്റുകളില്‍ ആയിരിക്കും പലപ്പോഴും നിങ്ങള്‍ ചെന്നെത്തുക. അവിടെ നിന്നും നിങ്ങള്‍ എടുക്കുന്ന ടിക്കറ്റുകള്‍ പിന്നീട് നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാരുടെ തന്ത്രം. യാത്ര ചെയ്യാനായി വിമാന താവളത്തില്‍ എത്തുമ്പോഴായിരിക്കുയം പലപ്പോഴും നിങ്ങള്‍ തട്ടിപ്പുകള്‍ തിരിച്ചറിയുക. കോവിഡ് പ്രതിസന്ധി മൂലം രൂക്ഷമായ യാത്രാ ദുരിതം അനുഭവപ്പെട്ട സമയത്ത് നിരവധി പ്രവാസികള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്.

33. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മൊബൈല്‍ അല്ലെങ്കില്‍ ഇ-മെയില്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളുടെയും അപ്ഡേറ്റുകളും അലേര്‍ട്ടുകളും ഓരോ ഇടപാട് കഴിയുമ്പോഴും കൃത്യമായി പരിശോധിക്കുക. സംശയകരങ്ങളായ ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ട്‌ ബ്ലോക്ക് ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുകയും തട്ടിപ്പിനെ കുറിച്ച് പരാതിപ്പെടുകയും ചെയ്യുക.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

 1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
 2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
 3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
 4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
 5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
 6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
 2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
 3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
 4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
 5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

 1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
 2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
 3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
 4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
 5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
 6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

 1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
 2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
 3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
 4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
 5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
 6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

 1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
 2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
 3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
 4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
 5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
 6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!