Connect with us

LATEST

അടച്ചാക്ഷേപിക്കരുത്…. സൗദിയിലെ എല്ലാ വിദേശികളും ഓടു പൊളിച്ച് കയറി വന്നവരല്ല.

Published

on

സൗദിയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ഒരു പ്രമുഖന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിദേശ തൊഴിലാളികളുടെ ലഭ്യത തൊഴില്‍ വിപണിയില്‍ കുറക്കുന്നതിലൂടെ മാത്രമേ സ്വദേശികള്‍ക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.

ഇതെല്ലം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചിരിയാണ് വരുന്നത്. വിദേശ തൊഴിലാളികളുടെ ലഭ്യത കുറക്കേണ്ടത് ആരാണ്? വിദേശ തൊഴിലാളികളാണോ? അതോ അവരുടെ മാതൃ രാജ്യങ്ങളോ? സൗദി അറേബ്യ വിസ നല്‍കുന്നത് കൊണ്ടാണല്ലോ വിദേശ തൊഴിലാളികള്‍ രാജ്യത്തേക്ക് കടന്നു വരുന്നത്. അത് കൊണ്ട് ആ വിസ കൊടുക്കല്‍ അങ്ങ് നിര്‍ത്തിയാല്‍ പോരെ. എന്താണ് അത് ചെയ്യാത്തത്.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. നല്ലത് മാത്രമല്ല, വിദേശികളായ തൊഴിലാളികള്‍ അനുഭവിക്കുന്ന നല്ലതല്ലാത്ത കാര്യങ്ങള്‍ കൂടി പറയാന്‍ സാധിക്കണം.

ഓരോ ദിവസവും ആയിരക്കണക്കിന് പുതിയ വിദേശ തൊഴിലാളികള്‍ സൗദിയിലേക്ക് കടന്നു വരുന്നുണ്ട്. അവരെല്ലാം വലിഞ്ഞു കയറി വന്നതോ നുഴഞ്ഞു കയറി വന്നവരോ അല്ല. വിസയെടുത്ത്, ടിക്കറ്റെടുത്ത്, ഇഖാമയെടുത്തു, വര്‍ക്ക്‌ പെര്‍മിറ്റ്‌ എടുത്ത്, ഇന്‍ഷുറന്‍സ് എടുത്ത്, ലെവി കൊടുത്ത് രാജ്യത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമാണ്. വലിഞ്ഞു കയറി വന്നവരും നുഴഞ്ഞു കയറി വന്നവരും ചില യെമനികളും, എരിത്രിയക്കാരും, എതോപ്യക്കരുമൊക്കെയാണ്, എല്ലാ വിദേശികളുമല്ല.

രാജ്യത്ത് സ്പോണ്‍സര്‍മാരുടെ കീഴില്‍ ജോലിയില്ലാതെ അലഞ്ഞു നടക്കുന്ന വിദേശ തൊഴിലാളികളുടെ ലഭ്യത കുറക്കാനും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യത്തിലും ആരാണ് തീരുമാനം എടുക്കേണ്ടത്?

സൗദി പൗരന്‍മാര്‍ തന്നെയാണ് അവര്‍ക്കാവശ്യമില്ലത്ത വിസ മന്ത്രാലയത്തില്‍ നിന്നും വാങ്ങി വിദേശത്ത് നിന്നും ആളെ കൊണ്ട് വന്നു മാസക്കൂലി വാങ്ങി പുറത്ത് പണിയെടുക്കാന്‍ വിടുന്നത്. തന്റെ ഒരു തൊഴിലാളിയേയും ഇനി പുറത്തു പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ഓരോ സ്പോണ്‍സര്‍മാരും തീരുമാനിക്കുകയാണെങ്കില്‍ അന്ന് തീരും സൗദിയിലെ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന തൊഴില്‍ നിയമ ലംഘനങ്ങള്‍.

ഓരോ തൊഴിലാളിയും പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ തൊഴിലാളി മാത്രമാണോ കുറ്റക്കാരന്‍? പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നവര്‍ എല്ലാവരും സ്പോണ്‍സറുടെ അടുത്തു നിന്നും ഓടി പോന്നവര്‍ അല്ല. സ്പോണ്‍സറുടെ അറിവോടും സമ്മതത്തോടെയും തന്നെ ജോലി ചെയ്യുന്നവരാണ്.

ഒരു തൊഴിലാളി തന്റെ ജോലിയില്‍ നിന്നും തുടർച്ചയായി 15 ദിവസം വിട്ടുനിന്നാലും ഒരു വർഷത്തിനിടെ നിയമാനുസൃത കാരണമില്ലാതെ പല തവണയായി ജോലിയിൽ നിന്ന് 30 ദിവസം വിട്ടുനിന്നാലും പിരിച്ചു വിടാം. മുൻകൂട്ടി നോട്ടീസോ, നഷ്ടപരിഹാരമോ, സർവീസ് ആനുകൂല്യങ്ങളോ ഒന്നും തന്നെ നല്‍കേണ്ടതില്ല. ജോലിയില്‍ നിന്നും കാരണമില്ലാതെ വിട്ടു നിന്നാല്‍ അയാളെ ഹുരൂബ് ആക്കാം. തന്റെ കീഴിലുള്ള തൊഴിലാളിയെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവദിക്കുകയോ സ്വന്തമായി ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

മാസക്കൂലി വാങ്ങി തൊഴിലാളിയെ പുറത്തു ജോലിക്ക് വിടുന്ന സ്പോണ്‍സര്‍ക്ക് എന്താണ് നഷ്ടപ്പെടാന്‍ ഉള്ളത്? ലെവി, ഇഖാമ, ഇന്‍ഷുറന്‍സ്, താമസം, ഭക്ഷണം, യാത്ര, വിമാന ടിക്കറ്റ് അങ്ങിനെ എല്ലാം തൊഴിലാളി തന്നെ വഹിക്കണം. കൂലി കഫീലിന് മാസം ഒരു തുക കഫാലയായി കിട്ടും. പിടിച്ചാല്‍ തൊഴിലാളിക്ക് ജയിലും തര്‍ഹീലും നാട് കടത്തലും പിന്നെ ആജീവനാന്ത വിലക്കും.

പക്ഷെ നിയമ ലംഘനം നടത്തിയതിന് വിദേശിയെ പിടിച്ചു കൊണ്ട് പോയി ജയിലിലാക്കി തര്‍ഹീലിലൂടെ നാട്ടിലേക്ക് കയറ്റി വിടുന്നു. ആ കുട്ടത്തില്‍ അവനോളം ഒരു പക്ഷെ അവനെക്കാളേറെ ഉത്തരവാദിയായ അവന്റെ സ്പോണ്‍സര്‍ക്ക് എതിരെ യാതൊരു നടപടികളും ഉണ്ടാവാറില്ല. ഈ വിദഗ്ദര്‍ കാണിക്കുന്ന ജാഗ്രതയുടെ ഒരു ഭാഗം ഉണ്ടായാല്‍ മതി കൂലി കഫീല്‍ ഇടപാട് നിര്‍ത്താന്‍.

അത് പോലെ ഇടയ്ക്കിടെ ഈ സാമ്പത്തിക വിദഗ്ദന്മാരുടെ രോദനം കേള്‍ക്കാം. വിദേശികളുടെ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവ് കൂടി എന്ന്. അതില്‍ ആര്‍ക്കാണ് ചേതം. വിദേശികള്‍ ഇവിടേക്ക് വരുന്നത് ജോലി ചെയ്തു പണം ഉണ്ടാക്കാന്‍ തന്നെയാണ്. അവര്‍ രാജ്യം നിഷ്കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ച്, പണിയെടുത്തു സമ്പാദിക്കുന്ന പണം നാട്ടിലേക്ക് അയക്കുന്നു. അതിനെതാണ് കുഴപ്പം. കട്ടോ മോഷ്ടിച്ചോ ഉണ്ടാക്കുന്ന പണം അല്ലല്ലോ?

അധ്വാനിച്ചുണ്ടാക്കുന്ന പണം വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ചതില്‍ എന്താണ് തെറ്റ്? ജോലി ചെയ്തു ലഭിക്കുന്ന പണം നാട്ടിലേക്കയക്കാന്‍ വിദേശ തൊഴിലാളിക്ക് നിയമപരമായ യാതൊരു വിലക്കും നിലവില്‍ സൗദി അറേബ്യയില്‍ ഇല്ല എന്ന് മാത്രമല്ല അത് ഇവിടുത്തെ സര്‍ക്കാര്‍ അനുവദിച്ചത് തന്നെയാണ്. ഇവിടെ സമ്പാദിക്കുന്ന പണം കൊണ്ട്  ഒരു വിദേശ തൊഴിലാളിക്ക് ബിസിനസ് തുടങ്ങാനോ സ്ഥാവരജംഗമ വസ്തുക്കള്‍ വാങ്ങാനോ നിയമം അനുവദിക്കാത്ത സ്ഥിതിക്ക് പിന്നെ ഈ പണം എന്താണ് ചെയ്യുക?.

വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന റിയാലിന്റെ ബഹുഭൂരിപക്ഷവും സത്യമുള്ള പണം തന്നെയാണ്. അയച്ച പണത്തില്‍ നിയമ വിരുദ്ധമായത് ഉണ്ടെങ്കില്‍ അതാണ് കണ്ടു പിടിക്കേണ്ടത്. അത് കണ്ടു പിടിക്കാന്‍ സാധിക്കാത്തത് ഒരു കോടിയില്‍ അധികം വരുന്ന വിദേശികളില്‍ 90 ലക്ഷത്തോളം വരുന്ന സാധാരണക്കാരായ പ്രവാസികളുടെ കുറ്റമല്ല.

പ്രവാസി ഇവിടെ വരുന്നത് പണമുണ്ടാക്കാന്‍ തന്നെയാണ്. ഉറ്റവരെ നാട്ടിലാക്കി ഇവിടെയെത്തി സ്പോണ്സറുമായി കരാറിലാവുന്നതിന്റെ അര്‍ഥം “ഞാന്‍ എന്റെ അദ്ധ്വാനം നല്‍കാം,  പകരം എനിക്ക് പണം തരിക” എന്നാണ്. ജോലി ചെയ്‌താല്‍ പ്രതിഫലം നല്‍കേണ്ടി വരിക സ്വാഭാവികം. അങ്ങിനെ ലഭിക്കുന്ന പണമാണ് വിദേശ തൊഴിലാളികള്‍ നാട്ടിലേക്കയക്കുന്നത്. സാധാരണക്കാരായ പ്രവാസികള്‍ എല്ല് മുറിയെ പണിയെടുത്തു തന്നെയാണ് ഈ പണമുണ്ടാക്കുന്നത്.

ബാക്കി 10 ശതമാനം വരുന്ന പ്രവാസികള്‍ മറ്റു വല്ല രീതിയില്‍ പണമുണ്ടാക്കുന്നുണ്ടോ എന്ന് കണ്ടു പിടിക്കേണ്ടതും ഉണ്ടെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കേണ്ടതും ഇവിടുത്തെ നിയമ വ്യവസ്ഥിതിയാണ്. അത് നിയന്ത്രിക്കാന്‍ വിദേശികള്‍ക്ക് യാതൊരു അധികാരവും ഇവിടെയില്ല. അതിനാല്‍ ന്യൂനപക്ഷമായ ആളുകള്‍ അധാര്‍മികമായി പണമുണ്ടാക്കുന്നു എങ്കില്‍, അത് നാട്ടിലേക്ക് അയക്കുന്നു എങ്കില്‍ 90 ശതമാനം വരുന്ന നല്ല രീതിയില്‍ പണിയെടുത്തു പണമുണ്ടാക്കുന്ന പ്രവാസികള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല.

എന്നാല്‍ നാട്ടിലേക്ക് അയക്കുന്ന ബില്യന്‍ റിയാലിന് പകരം 90 ലക്ഷം വിദേശികള്‍ നല്‍കുന്ന വിയര്‍പ്പിന്റെയും ചോരയുടെയും  ഗന്ധമറിയാതെ പോകുന്നത് വേദന തന്നെയാണ്. അത് പോലെ എത്ര പണം നാട്ടിലേക്ക് അയച്ചു എന്നതിനോടൊപ്പം തന്നെ ഈ തൊഴിലാളികള്‍ ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് എന്ത് സംഭാവന നല്‍കി എന്നത് കൂടി പരിഗണിക്കപ്പെടെണ്ടതാണ്. നല്‍കുന്ന പണത്തേക്കാള്‍ പ്രയോജനമുള്ള സേവനങ്ങള്‍ തിരിച്ചു നല്‍കുന്നുണ്ട് എന്നത് വിസ്മരിക്കപ്പെടരുത്.

എല്ലാ പ്രവാസികളും ഇവിടുത്തെ അനധികൃത താമസക്കാരല്ല. രാജ്യത്തെ എമിഗ്രേഷന്‍ നിയമങ്ങളും മറ്റെല്ലാ നിയമങ്ങളും പാലിച്ചു പൂര്‍ണ്ണ അനുവാദത്തോടെ വന്നവരും ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും. ഇവിടുത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആര്‍ക്കും നിയമപരമായി ഇവിടേയ്ക്ക് വരാന്‍ സാധിക്കില്ല.

രാജ്യം നിയമപ്രകാരം നിശ്ചയിച്ച എല്ലാ ഫീസും പ്രവാസി ഇവിടെ നല്‍കുന്നു. രാജ്യത്തേക്ക് കടക്കാനും പുറത്തേക്കു കടക്കാനും ഫീസ്, താമസ പെര്‍മിറ്റ് എടുക്കുന്നതിനും പുതുക്കുന്നതിനും ഫീസ്, തൊഴില്‍ പെര്‍മിറ്റ്‌ എടുക്കുന്നതിനു പുതുക്കുന്നതിനും ഫീസ്, വര്‍ഷം തോറും ഇന്‍ഷുറന്‍സ്‌ വകയില്‍ ഫീസ്, ഫാമിലി വിസക്ക് ഫീസ്‌, അവസാനം ഇതാ ലെവിയും. ഇതിനെല്ലാം നിശ്ചയിച്ച പണം ഫീസ്‌ ആയി നല്‍കിയാണ് പ്രവാസികള്‍ ഇവിടെ കഴിഞ്ഞു പോരുന്നത്. ആരെങ്കിലും നിയമം ലംഘിച്ചു ഇവിടെ നില്‍ക്കുന്നെങ്കില്‍ അത് കണ്ടു പിടിക്കേണ്ടത് ഇവിടുത്തെ അധികാരികളാണ്. അതില്‍ മറ്റുള്ള പ്രവാസികള്‍ക്ക് യാതൊരു പങ്കുമില്ല.

പ്രവാസികള്‍ കുറ്റം ചെയ്‌താല്‍ ഇവിടുത്തെ നിയമ പ്രകാരം തന്നെ ശിക്ഷിക്കപ്പെടണം. കുറ്റം ചെയ്തവന്‍ ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് എല്ലാവരുടെയും മനോഭാവം. എന്നാല്‍ ഇവിടുത്തെ നിയമത്തെ ബഹുമാനിച്ചും അനുസരിച്ചും ജീവിക്കുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിപക്ഷവും.

ഒരു പ്രവാസിയേയും ഇവിടുത്തെ നാട്ടുകാരോട് ഉപമിക്കാന്‍ സാധിക്കില്ല എന്നത് ശരി തന്നെയാണ്. പ്രവാസികള്‍ ചുരുങ്ങിയ കാലത്തെക്ക് ധന സമ്പാദനത്തിനായി ഇവിടേയ്ക്ക് വരുന്നവര്‍ മാത്രമാണ്. ഇവിടം ലാഭകരമല്ലെങ്കില്‍ അവര്‍ മറ്റു സ്ഥലങ്ങള്‍ തേടി പോകും. അത് പോലെ തന്നെ ഇവിടം ജീവിതത്തിനു അപകടകരമാണെങ്കിലും അവന്‍ ഇവിടം വിട്ടു പോകും.

അതിനാല്‍ പ്രവാസികളെക്കാള്‍ സ്വദേശികള്‍ക്ക് തന്നെയാണ് തീര്‍ച്ചയായും പ്രാധാന്യം നല്‍കേണ്ടത്. അതില്‍ ഒരു തെറ്റുമില്ല. അവരാണ് മണ്ണിന്റെ മക്കള്‍. സ്വദേശിവല്‍ക്കരണം സ്വാഭാവിക നീതി തന്നെയാണ്. അത് ആ രാജ്യത്തിന്റെ കടമയും കര്‍ത്തവ്യവുമാണ്. അതിനേക്കാള്‍ കൂടുതല്‍ ഒരു പ്രവാസി പ്രതീക്ഷിക്കുകയും അരുത്. എന്നാല്‍ എല്ലാ പ്രവാസികളും കടിച്ചു തൂങ്ങി നില്‍ക്കുന്നവരും തൊഴിലില്ലാതെ അലയുന്നവരും അനധികൃത പണ സമ്പാദകരും അല്ല എന്ന് പറയാനും അവന്‍ ആഗ്രഹിക്കുന്നുണ്ട്, ഈ വിമര്‍ശകരുടെയും വിദഗ്ദന്മാരുടേയും കണക്കുകള്‍ കേള്‍ക്കുമ്പോള്‍.

രാജ്യം ഒന്നും ചെയ്തില്ല എന്ന് പറയാന്‍ ഒരു വിദേശിക്കും സാധിക്കില്ല. ജോലിയും ശമ്പളവും നല്‍കി, താമസിക്കാനുള്ള സൗകര്യം നല്‍കി, വിദേശികള്‍ക്കും അനധികൃത താമസക്കാര്‍ക്കും അടക്കം എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കി. സൗജന്യ ചികിത്സ നല്‍കി, ഇഖാമകള്‍ പുതുക്കി കൊടുത്തു, റീ എന്‍ട്രികള്‍ നീട്ടി കൊടുത്തു. നന്ദിയുണ്ട് എല്ലാറ്റിനും. അന്നം തരുന്ന മണ്ണിനെയും ജോലിയും ശമ്പളവും നല്‍കുന്ന നല്ല കരങ്ങളെയും മറക്കില്ല.

അത് കൊണ്ട് ഇനി കോളമിസ്റ്റുകള്‍ ആയാലും ചിന്തകരായാലും സാമ്പത്തിക വിദഗ്ദരായാലും അവരോട് ഒരു അപേക്ഷയുണ്ട്. വിദേശികളുടെ എണ്ണം കുറക്കണമെന്നോ പുറത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് കുറക്കണമെന്നോ ഇടക്കിടെ നിങ്ങള്‍ ഇങ്ങിനെ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തേണ്ട കാര്യമില്ല.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/CnxF4f9b1J9GA0Dk8bfAa4

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!