Connect with us

SAUDI LABOUR LAW

ലെവി: ഫ്രീ വിസക്കാര്‍ രണ്ടു തരം, ഒരു വിഭാഗം പാടെ ഇല്ലാതാവും….

Published

on

 

സൗദി തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പുതിയ ലെവി നിയമമനുസരിച്ച് സൗദി ജോലിക്കാരുടെ അനുപാതം 50% താഴെയുള്ള സ്ഥാപനങ്ങളിലെ ഓരോ വിദേശ ജോലിക്കാരന് പ്രതിമാസം 200 റിയാല്‍ എന്ന തോതില്‍ പ്രതിവര്‍ഷം 2400 റിയാല്‍ കൂടുതലായി അടക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇതിലൂടെ മില്ല്യന്‍ കണക്കിന് റിയാല്‍ ആണ് സൗദി സര്‍ക്കാരിന് അധികമായി ലഭിക്കുക. ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക ഫ്രീ വിസയില്‍ വന്നു ജോലി ചെയ്യുന്ന വിദേശികളെയാണ്. മലയാളികളില്‍ നല്ലൊരു പങ്കും ഇങ്ങിനെ ജോലി ചെയ്യുന്നവരാണ്. ഈ ലെവിയുടെ ഫലമായി ഫ്രീ വിസ എന്ന ഇപ്പോള്‍ നിലവിലുള്ള അനധികൃത സംവിധാനം ഗണ്യമായി ഇല്ലാതാകും.

എന്നാല്‍ ഈ ഫ്രീ വിസക്കാരില്‍ തന്നെ രണ്ടു വിഭാഗമാണുള്ളത്. ബാക്കാല, ബൂഫിയ പോലെയുള്ള ചെറുകിട സ്ഥാപനങ്ങളിലും ചെറിയതും വലിയതുമായ കമ്പനികളിലും മറ്റും നിശ്ചിത പ്രതിമാസ ശമ്പളത്തിന് ജോലിയെടുക്കുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍. ഇവരെയാണ് ഈ നിയമം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

മറ്റൊരു കൂട്ടര്‍ വ്യവസായ മേഖലകളില്‍ മാന്‍പവര്‍ കമ്പനികളിലൂടെയും മറ്റും മണിക്കൂര്‍ കണക്കിന് വേതനം പറ്റി പണിയെടുക്കുന്നവരാണ്. ഇവരാണ് യഥാര്‍ത്ഥത്തില്‍ ഫ്രീ വിസയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. കൂടുതല്‍ സമ്പാദന ശേഷിയുള്ളവരും ഇവര്‍ തന്നെ.

മാസശമ്പളാടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ആദ്യ വിഭാഗത്തില്‍ പെടുന്നവര്‍ അധികവും ആദ്യമായി എത്തുന്നവരോ,മറ്റു കൈത്തൊഴിലുകള്‍ ഒന്നും അറിയാത്തവരോ, പരിചയക്കാരുടെയും മറ്റും സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നതിനു വേണ്ടി അവര്‍ നല്‍കുന്ന വിസയില്‍ വന്നെത്തുന്നവരോ ആയിരിക്കും. ഇവരുടെ ജീവിതം ഇപ്പോള്‍ തന്നെ ദുസ്സഹമാണ്. 12 മണിക്കൂറില്‍ അധികം ജോലിയും പരമാവധി 1800 റിയാല്‍ ശമ്പളം പറ്റുന്നവരും ആയിരിക്കും ഇവര്‍. ഈ കൂട്ടര്‍ക്കു ഈ പുതിയ ലെവി താങ്ങാന്‍ സാധിക്കില്ല. ഇതോടെ ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും.

വ്യാവസായിക മേഖലകളില്‍ ജോലിയെടുക്കുന്ന ഫ്രീ വിസക്കാര്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെടാനാണ് സാധ്യത. കാരണം ഇവരില്‍ ബഹുഭൂരിഭാഗവും മണിക്കൂറുകള്‍ കണക്കിന് വേതനം പറ്റുന്നവരാണ്. ഇവര്‍ക്ക് കിട്ടുന്ന വേതനത്തിന്റെ നല്ലൊരു ഭാഗം ഇടത്തട്ടുകാരായ മാന്‍പവര്‍ കമ്പനികളും മറ്റും കൈപെറ്റുന്നു എങ്കിലും താരതമ്യേന തെറ്റില്ലാലാത്ത വരുമാനം അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടത്തട്ടുകാരുടെ ചൂഷണം കഴിഞ്ഞാല്‍ തന്നെയും ഏറ്റവും താഴെക്കിടയിലുള്ള വിഭാഗമായ ലേബര്‍ അല്ലെങ്കില്‍ ഹെല്‍പര്‍ ജോലി എടുക്കുന്നവര്‍ക്ക് പോലും മണിക്കൂറില്‍ 10 മുതല്‍ 12 റിയാല്‍ വരെ ലഭിക്കുന്നുണ്ട്. ഇത് നല്‍കിയാല്‍ പോലും ഈ ജോലിക്കാരെ ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍.

എന്നാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ജോലി ഉണ്ടെങ്കില്‍ മാത്രമാണ് ഇവര്‍ക്ക് ഉയര്‍ന്ന തുക സമ്പാദിക്കാന്‍ സാധിക്കും. അത് തന്നെയാണ് ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം ഫ്രീവിസയുടെ ഏറ്റവും ആകര്‍ഷണീയമായ ഘടകവും. എന്നാല്‍ ജോലിയുള്ളപ്പോള്‍ ഉയര്‍ന്ന പ്രതിഫലം ലഭിക്കുമെന്കിലും എല്ലാ ദിവസവും ഇത്തരക്കാര്‍ക്ക് ജോലി ഉണ്ടായിരിക്കണമെന്നില്ല. പലപ്പോഴും താല്‍ക്കാലികമായ ജോലിയായിരിക്കും ഉണ്ടാവുക. ഒരു പ്ലാന്റിലെയോ കമ്പനിയിലേയോ ജോലി കഴിഞ്ഞാല്‍ ഇവര്‍ക്ക് പുതിയ ജോലി കണ്ടു പിടിക്കേണ്ടാതായി വരുന്നുണ്ട്. ഈ പുതിയ ജോലി കണ്ടു പിടിക്കുന്ന കാലയളവില്‍ വിടവ് കൂടുതലായാല്‍ ഇത്തരക്കാരും കഷ്ടത്തിലാവും. ഒരു മാസത്തില്‍ അധികം തുടര്‍ച്ചയായി ജോലി ലഭിക്കാതെ വനാല്‍ ഇവരുടെ കണക്ക് കൂട്ടലുകള്‍ പാടെ തെറ്റും. അത് പോലെ തന്നെ വര്‍ഷത്തില്‍ പല തവണയായി മൂന്നു മാസത്തില്‍ കൂടുതല്‍ ജോലി ഇല്ലാതെ വെറുതെ ഇരിക്കേണ്ടി വന്നാലും കണക്ക് കൂട്ടലുകള്‍ തെറ്റും.

ഒന്നോര്‍ക്കുക. ഇത്തരക്കാര്‍ അധികമൊന്നുമില്ല സൗദി അറേബ്യയില്‍.സൗദി അറേബ്യയിലെ വ്യാവസായിക നഗരങ്ങളായ ജുബൈലിലും യാന്ബുവിലും ഗവണ്മെന്റിന്റെ വന്‍കിട വികസന പദ്ധതികള്‍ നടക്കുന്ന മറ്റു സ്ഥലങ്ങളിലും മാത്രമേ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം പറ്റുന്ന ഫ്രീവിസക്കാരെ കാണാന്‍ സാധിക്കൂ. മറ്റുള്ളവരില്‍ അധികവും പ്രതിമാസം എന്ന കണക്കിന് ശമ്പളം പറ്റുന്നവരാന്. അവരുടെ എണ്ണമാണ് ഈ ലെവിയുടെ ഫലമായി ഗണ്യമായി കുറയാന്‍ പോകുന്നത്.

 

 

Click to comment

You must be logged in to post a comment Login

Leave a Reply

LATEST

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

Published

on

സൗദി അറേബ്യയില്‍ സാധാരണ ഗതിയില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടണമെങ്കില്‍ തൊഴിലുടമ തൊഴില്‍ നിയമം അനുശാസിക്കുന്ന ചില നടപടി ക്രമങ്ങള്‍ പിന്തുടരണം എന്നുള്ളത് നിര്‍ബന്ധമാണ്‌. തൊഴിലാളിക്ക് മുന്‍‌കൂര്‍ നോട്ടീസ് നല്‍കുക, അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ നടപടി ക്രമങ്ങളിലൂടെ മാത്രമേ ഒരു തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നിയമം അനുവദിക്കുന്നുള്ളൂ.

തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമപരമായ കാരണങ്ങള്‍ ഇല്ലാതെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലാളിയോ തൊഴിലുടമയോ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് നിയമപരമായ പല പ്രശ്നങ്ങളും നേരിടേണ്ടി വരും.

സൗദി തൊഴില്‍ നിയമത്തിലെ മൂന്നാം അദ്ധ്യായം വിവരിക്കുന്നത് തൊഴില്‍ കരാറുകളുടെ ടെര്‍മിനേഷന്‍ (കരാര്‍ അവസാനിപ്പിക്കുക, പിരിച്ചു വിടുക) സംബന്ധിച്ച നിയമ വ്യവസ്ഥകളാണ്. അതില്‍ ഏതൊക്കെ സാഹചര്യത്തില്‍ ഒരു തൊഴിലാളിക്കും തൊഴില്‍ ഉടമക്കും നിയമപരമായി തൊഴില്‍ കരാര്‍ എങ്ങിനെ അവസാനിപ്പിക്കാം എന്ന് വിവരിക്കുന്നു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചില പ്രത്യേക സാഹചര്യങ്ങളില്‍ തൊഴിലാളികളെ യാതൊരു ആനുകൂല്യങ്ങളും നല്‍കാതെയും മുന്‍‌കൂര്‍ നോട്ടീസ് നല്‍കാതെയും പിരിച്ചു വിടാനുള്ള അനുവാദം തൊഴില്‍ നിയമം തൊഴിലുടമകള്‍ക്ക് നല്‍കുന്നുണ്ട്. തൊഴിലാളി ഗുരുതരമായ അച്ചടക്ക ലംഘനവും നിയമ ലംഘനവും നടത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തൊഴിലാളിയെ പിരിച്ചു വിടാന്‍ അനിയന്ത്രിതമായ അധികാരങ്ങളും വ്യവസ്ഥകള്‍ ഇല്ലാത്ത അനുവാദവുമാണ് നല്‍കിയിരിക്കുന്നത്.

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഇത്തരം സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ അപരിഹാര്യമായ നഷ്ടങ്ങള്‍ സംഭവിക്കുക തൊഴിലാളിക്കാണ്. സാധാരണ ഗതിയില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഒന്നും തന്നെ ഈ സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ടതില്ല എന്നതാണ് ഇവിടെ തൊഴിലാളികള്‍ക്ക് എതിരായി വരുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഒരു തൊഴിലാളിയെ പിരിച്ചു വിടുമ്പോള്‍ എന്തെല്ലാം അവകാശങ്ങളും ആനുകൂല്യങ്ങളും ഒരു തൊഴിലാളിക്ക് നിഷേധിക്കപ്പെടുന്നു എന്ന് കാണുക:

  • തൊഴിലാളിക്ക് മുൻകൂട്ടി നോട്ടീസ് നല്‍കാതെ തന്നെ പിരിച്ചു വിടാന്‍ തൊഴില്‍ നിയമം അനുവാദം നല്‍കുന്നു.
  • തൊഴില്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യപ്പെടുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ആവശ്യമില്ല.
  • ഇത്തരം സാഹചര്യങ്ങളില്‍ പിരിച്ചു വിടുന്ന തൊഴിലാളികള്‍ക്ക് സർവീസ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല.

തൊഴിലാളിയുടെ മുന്‍‌കൂര്‍ നോട്ടീസ് എന്ന അറിയാനുള്ള അവകാശവും നഷ്ടപരിഹാരവും സർവീസ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന ഗുരുതരമായ നിയമ ലംഘനങ്ങളും സാഹചര്യങ്ങളും താഴ്വെ കൊടുക്കുന്നു.

  1. വ്യാജമായ മാര്‍ഗ്ഗങ്ങളിലൂടെ ജോലി സമ്പാദിക്കുക:

നിര്‍ദ്ദിഷ്ട ജോലിക്ക് ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്ത ഒരാള്‍ ആ ജോലി ലഭിക്കുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിക്കുകയോ രേഖകളില്‍ കൃത്രിമം നടത്തുകയോ ചെയ്തതായി തെളിയുന്ന അവസരങ്ങളില്‍

  1. പദവിയുടെ ദുരുപയോഗം

ഒരു തൊഴിലാളി വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി തന്റെ സ്ഥാനം ദുരുപയോഗം ചെയ്യുകയും അതില്‍ നിന്നും അന്യായമായ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതായി തെളിയുന്ന അവസരങ്ങളില്‍

  1. തൊഴില്‍ രഹസ്യങ്ങള്‍

തൊഴിലുമായി ബന്ധപ്പെട്ട് ഒരു തൊഴിലാളി അറിയാന്‍ ഇട വരുന്ന വ്യവസായ, വാണിജ്യ രഹസ്യങ്ങൾ പുറത്ത് വിട്ടതായി തെളിയുന്ന അവസരങ്ങളില്‍

  1. അക്രമ സ്വഭാവം

ജോലി സ്ഥലത്ത് ജോലി സമയത്ത് തൊഴിലാളി അക്രമ സ്വഭാവം പ്രകടമാക്കുന്നത് സൗദി തൊഴില്‍ നിയമം അത്യന്തം ഗൗരവമായാണ് വീക്ഷിക്കുന്നത്. ജോലിക്കിടെ തന്റെ തൊഴിലുടമ, മേലധികാരികള്‍, മാനേജര്‍, മാനേജര്‍ ഇന്‍ ചാര്‍ജ്ജ് തുടങ്ങിയവരെ തൊഴിലാളി കയ്യേറ്റം ചെയ്യുക, ആക്രമിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍.

  1. ഉത്തരവാദിത്വങ്ങള്‍

തൊഴില്‍ കരാര്‍ നിഷ്കര്‍ഷിക്കുന്ന പ്രകാരം തൊഴിലാളി താന്‍ നിര്‍ബന്ധമായും ചെയ്യേണ്ട ഉത്തരവാദിത്വങ്ങളും കടമകളും ചെയ്യുന്നതില്‍ പരാജയപ്പെടുക.

  1. അച്ചടക്ക ലംഘനം

മേലധികാരികളുടെ നിയമാനുസൃതമായ നിര്‍ദ്ദേശങ്ങളും ആജ്ഞകളും തൊഴിലാളി അനുസരിക്കാതിരിക്കല്‍

  1. സുരക്ഷ പാലിക്കതിരിക്കല്‍

രേഖാ മൂലമായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും മറ്റു തൊഴിലാളികളുടെയോ തന്റെ ജോലിയുടെയോ സുരക്ഷിതത്വം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ മനപ്പൂര്‍വ്വമായ വീഴ്ച വരുത്തുന്ന സന്ദര്‍ഭങ്ങള്‍.

  1. സ്വഭാവ ദൂഷ്യം

തൊഴിലാളിയുടെ സ്വഭാവദൂഷ്യമോ ദുര്‍നടപ്പോ സ്ഥിരീകരിക്കപ്പെടുകയോ, മാന്യതയും വിശ്വാസ്യതയും സത്യസന്ധതയും ലംഘിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യങ്ങള്‍.

  1. മനപ്പൂര്‍വ്വമായ നഷ്ടം

തൊഴിലുടമയുടെ സാധന സാമഗ്രികള്‍ക്ക് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയുള്ള മനപ്പൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ തൊഴിലാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. എന്നാല്‍ ഇത്തരം നിയമ ലംഘനം ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ഇരുപത്തിനാലു മണിക്കൂറിനകം തൊഴിലുടമ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് തൊഴില്‍ നിയമം പ്രത്യേകം വ്യവസ്ഥ ചെയ്യുന്നുണ്ട്.

  1. പ്രൊബേഷന്‍

പ്രസ്തുത തൊഴിലാളിയെ നിയമിച്ചിരിക്കുന്നത് പ്രൊബേഷന്‍ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് എങ്കില്‍ പ്രൊബേഷന്‍ കാലയളവില്‍ അയാളെ പിരിച്ചു വിടുന്ന അവസരങ്ങളില്‍.

  1. ജോലിക്ക് ഹാജരാകാതിരിക്കല്‍

നിയമാനുസൃത കാരണമില്ലാതെ ജോലിയില്‍ നിന്നും ഒരു വർഷത്തിനിടെ വിട്ടു നില്‍ക്കുന്ന അവസരങ്ങള്‍. 30 ദിവസം പല തവണയായി ജോലിയിൽ നിന്ന് വിട്ടു നില്‍ക്കുന്ന അവസരത്തിലും 15 ദിവസം തുടർച്ചയായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസരത്തിലും. എന്നാല്‍ ഈ കാരണങ്ങള്‍ മൂലം പിരിച്ചു വിടുന്നതിനു മുന്‍പായി മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പല തവണയായി 20 ദിവസം ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയോ തുടർച്ചയായി 10 ദിവസം  വിട്ടു നിൽക്കുകയോ ചെയ്യുന്ന സമയത്താണ് പിരിച്ചു വിടുന്നതിനു മുന്‍പായി തൊഴിലാളിക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കേണ്ടത്.

മേല്‍ പറഞ്ഞ സാഹചര്യങ്ങള്‍ എല്ലാം തന്നെ അത്യന്തം ഗുരുതരമായ നിയമ ലംഘനങ്ങളാണ്. ഇത്തരം പ്രവൃത്തികള്‍ ചെയ്തതായി തെളിയുന്ന അവസരങ്ങളില്‍ തൊഴിലാളിക്ക് നേരിടേണ്ടി വരിക കര്‍ശനമായ നിയമ വ്യവസ്ഥകളാണ്. മുൻകൂട്ടി നോട്ടീസ് നൽകാതെയും നഷ്ടപരിഹാരവും സർവീസ് ആനുകൂല്യങ്ങളും നൽകാതെയും തൊഴിലാളികളെ പിരിച്ചുവിടാൻ ഈ സാഹചര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് തൊഴില്‍ നിയമം അനുവാദം നല്‍കുന്നു.

ഓഫ് ടോപിക്: പലരും പലപ്പോഴും ചോദിക്കുന്ന ഒരു കാര്യമാണ് എന്ത് കൊണ്ടാണ് തൊഴില്‍ നിയമങ്ങള്‍ വിവരിക്കുന്ന അവസരത്തില്‍ സ്പോണ്‍സര്‍ എന്ന് പരാമര്‍ശിക്കാതെ തൊഴിലുടമ എന്ന് മാത്രം വിശേഷിപ്പിക്കുന്നത് എന്ന്. സൗദി തൊഴില്‍ നിയമത്തില്‍ എവിടെയും സ്പോണ്‍സര്‍ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. തൊഴിലുടമ എന്നര്‍ത്ഥം വരുന്ന എംപ്ലോയര്‍ എന്ന വാക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്ന വ്യക്തിയെ സൂചിപ്പിക്കാനായി സൗദി തൊഴില്‍ നിയമത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. വായനക്കാര്‍ക്ക് അത് സ്പോണ്‍സര്‍ എന്ന അര്‍ത്ഥത്തില്‍ വായിക്കാവുന്നതാണ്.

സൗദി അറേബ്യയില്‍ തൊഴില്‍ നിയമ പ്രകാരം നിശ്ചിതകാല തൊഴില്‍ കരാര്‍ (Definite Employment Contract), അനിശ്ചിതകാല തൊഴില്‍ കരാര്‍ (Indefinite Employment Contract)എന്നീ രണ്ടു തൊഴില്‍ കരാറുകളെ പറ്റി വിവരിക്കുന്നുണ്ട്. എന്നാല്‍ വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിശ്ചിത തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ മാത്രമാണ് ബാധകമാവുക. കാരണം വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ ഇഖാമയുമായും വര്‍ക്ക്‌ പെര്‍മിറ്റുമായും ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതിനാല്‍ എല്ലായ്പ്പോഴും അത് നിശ്ചിത കാല തൊഴില്‍ കരാറുകള്‍ മാത്രമാണ്. ഇഖാമ കാലാവധിയോ വര്‍ക്ക്‌ പെര്‍മിറ്റ്‌ കാലാവധിയോ അവസാനിക്കുന്ന മുറക്ക് തൊഴില്‍ കരാറും അവസാനിക്കും എന്നുള്ളത് കൊണ്ടാണ് വിദേശികളുടെ തൊഴില്‍ കരാറുകള്‍ എപ്പോഴും നിശ്ചിതകാല തൊഴില്‍ കരാറുകള്‍ ആയി പരിഗണിക്കപ്പെടുന്നത്. അതിനാല്‍ അനിശ്ചിതകാല തൊഴില്‍ കരാര്‍ നിബന്ധനകള്‍ വിദേശ തൊഴിലാളികള്‍ക്ക് ബാധകമാവുന്നില്ല.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/CnxF4f9b1J9GA0Dk8bfAa4

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദിയിലെ ഹൗസ് ഡ്രൈവര്‍മാര്‍ ഇതുവരെ അവരെ പറ്റി അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍

Published

on

സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മിദിലാജ് നാട്ടില്‍ അവധിക്ക് പോയി മൂന്ന് മാസത്തിന് ശേഷം സൗദിയില്‍ തിരിച്ചെത്തി മദീന വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ഒന്നമ്പരന്നു. തന്നെ സ്വീകരിക്കാന്‍ ഏറെ ദൂരത്ത് നിന്നും സ്പോണ്‍സര്‍ കുടുംബത്തോടൊപ്പം വിമാന താവളത്തില്‍ എത്തിയിരിക്കുന്നു. സ്പോണ്‍സറുടെ കുട്ടികള്‍ തനിക്ക് പൂക്കള്‍ നല്‍കി സ്വീകരിക്കുന്നു. പിന്നീട് സ്പോണ്‍സറുടെ കുട്ടികള്‍ മിദിലാജിന്റെ പേരെഴുതിയ കേക്ക് മുറിച്ച് ആഘോഷിക്കുന്നു.

കൂടാതെ മിദിലാജ് താമസിക്കുന്ന സ്ഥലം പുതിയ ഫണ്ണീച്ചറുകള്‍ കൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. മിദിലാജിന്റെ സുഹൃത്തുക്കള്‍ ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെച്ചപ്പോള്‍ അമ്പരന്നു പോയത് സത്യത്തില്‍ മലയാളി പ്രവാസി സമൂഹമാണ്. അനേകം പേരാണ് ഈ വീഡിയോ സത്യമാണോ എന്നറിയുന്നതിനായി പിന്നീടുള്ള ദിവസങ്ങളില്‍ മിദിലാജുമായി ബന്ധപ്പെട്ടത്.

ഹൗസ് ഡ്രൈവര്‍ വിസയിലെത്തി സ്പോണ്‍സറുടെ പീഡനം സഹിക്കാന്‍ കഴിയാതെ ഒളിച്ചോടി മരുഭൂമിയിലൂടെ കിലോമീറ്റരുകളോളം കയ്യില്‍ ഒരു വെള്ളക്കുപ്പിയുമായി മാത്രം നടന്ന് ഒടുവില്‍ വെള്ളം കൊണ്ട് വരുന്ന ലോറിയില്‍ കയറി റിയാദിലെത്തി പോലീസില്‍ കീഴടങ്ങി തര്‍ഹീല്‍ വഴി നാട്ടില്‍ തിരിച്ചെത്തിയ ആലപ്പുഴയില്‍ നിന്നുള്ള മലയാളി യുവാവിന്റെ കഥയും മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

രണ്ടു സംഭവങ്ങളും സൗദിയിലെ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍കാഴ്ചകളല്ല. മിദിലാജിന്റെ സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെങ്കിലും മെച്ചമായ സൗകര്യങ്ങളും പെരുമാറ്റവും ലഭിക്കുന്ന മലയാളികളായ ഹൗസ് ഡ്രൈവര്‍മാര്‍ കുറവല്ല. എന്നാല്‍ സന്തോഷവും ദുരിതരവും കലര്‍ന്ന ഹൗസ് ഡ്രൈവര്‍ ജീവിതങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ ദുരിതം അനുഭവിക്കുന്നവരുടെ തട്ട് എപ്പോഴും താഴ്ന്നു തന്നെ ഇരിക്കും.

സൗദി അറേബ്യയില്‍ 25 ലക്ഷത്തില്‍ അധികം ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്നാണു ഏകദേശ കണക്ക്. ഇതില്‍ 70 ശതമാനത്തോളം പേര്‍ പുരുഷന്മാരാണ്. അതില്‍ തന്നെ പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 ല്‍ സൗദിയിലെ വനിതാ ശാക്തീകരണത്തിന് കുതിച്ചു ചട്ടമെന്നു വിലയിരുത്തപ്പെടുന്ന സ്ത്രീകള്‍ക്കും വാഹനം ഓടിക്കുന്നതിനുള്ള അനുവാദം നല്‍കിയിട്ടും ഈ മേഖലയില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ല.

2013 ലാണ് ഹൗസ് ഡ്രൈവര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം (Resolution No. 310, 07/09/1434 AH) മന്ത്രിസഭ അംഗീകരിക്കുന്നത്. ഈ നിയമത്തില്‍ സ്ത്രീകളും പുരുഷന്മാരുമായ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുന്നു. ഹൗസ് ഡ്രൈവര്‍മാര്‍ കൂടാതെ , വീട്ടു ജോലിക്കാര്‍, പൂന്തോട്ട പരിപാലകര്‍, ഗാര്‍ഹിക ഇടങ്ങളിലെ സുരക്ഷാ ജോലിക്കാര്‍, ഹോം ടൈലര്‍ തുടങ്ങി വീടുകളുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന വിദേശികളെ ബാധിക്കുന്ന ഈ നിയമം ഗാര്‍ഹിക തൊഴിലാളിയുടെ കടമകളും അവകാശങ്ങളും ആനുകൂല്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്നും പിരിയുമ്പോള്‍ തൊഴിലുടമകളില്‍ നിന്നും നിയമ പ്രകാരം ലഭിക്കേണ്ട തുകയെ (സേവനാനന്തര ആനുകൂല്യം – End of Service Benefit) കുറിച്ചുള്ള വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ ഈ ആനുകൂല്യം ഹൗസ് ഡ്രൈവര്‍മാര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലഭ്യമാണോ എന്ന് ചോദിച്ച് ബന്ധപ്പെട്ടിരുന്നു. (ആ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) 

ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമ (Resolution No. 310, 07/09/1434 AH) പ്രകാരം ഹൗസ് ഡ്രൈവര്‍മാര്‍ക്കും സേവനാനന്തര ആനുകൂല്യം ലഭിക്കും. ഒരേ തൊഴിലുടമയുടെ കീഴില്‍ നാല് വര്‍ഷം തുടര്‍ച്ചയായ സര്‍വീസ് ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആ തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണ് സേവനാനന്തര ആനുകൂല്യമായി തൊഴിലുടമ നല്‍കേണ്ടതാണ്. ഓരോ നാല് വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സേവനാനന്തര ആനുകൂല്യമായി ലഭിക്കണം.

ഹൗസ് ഡ്രൈവര്‍മാരുടെ വിശ്രമം സംബന്ധിച്ചും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ എത്ര മണിക്കൂര്‍ ഒരു ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യണം എന്ന് വ്യക്തമാക്കുന്നതിന് പകരമായി ഒരു തൊഴിലാളിക്ക് ദിവസവും ഏറ്റവും ചുരുങ്ങിയത് ഒന്‍പത് മണിക്കൂര്‍ വിശ്രമം ലഭിക്കുന്ന തരത്തില്‍ വിശ്രമിക്കാന്‍ അനുവദിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

അത് പോലെ തന്നെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ആഴ്ചയില്‍ ഒരു ദിവസം വിശ്രമം ലഭിക്കുന്നതിനു തൊഴിലാളിക്ക്  അര്‍ഹതയുണ്ട്.

കൂടാതെ വാര്‍ഷിക അവധി സംബന്ധിച്ചും നിയമം വ്യക്തമായി പറയുന്നുണ്ട്. തൊഴിലാളിയുടെ തൊഴില്‍ കരാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയും അതിനു ശേഷവും അയാള്‍ അതെ കാലാവധിക്ക് തന്നെ തൊഴില്‍ കരാര്‍ തുടരാന്‍ ആഗ്രഹിക്കുകയുമാണെങ്കില്‍ അയാള്‍ക്ക്‌ ഒരു മാസത്തെ ശമ്പളത്തോട് കൂടിയ അവധി തൊഴിലുടമ നല്‍കേണ്ടതാണ് എന്ന് നിയമം വ്യക്തമാക്കുന്നു.

വാര്‍ഷിക അവധിക്ക് പുറമേ തൊഴിലാളിക്ക് ആരോഗ്യ പരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക്‌ വര്‍ഷത്തില്‍ മുപ്പത് ദിവസം വരെ ശമ്പളത്തോട് കൂടിയ സിക്ക് ലീവ് തൊഴിലുടമ അനുവദിച്ചു നല്‍കേണ്ടതാണ്. കൂടാതെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ തൊഴിലുടമ ഉറപ്പു വരുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. (ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കേന്ദ്ര ബാങ്കിന്റെ സഹകരണത്തോടെ അടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിട്ടുണ്ട്)

നിലവില്‍ ഈ വിഭാഗം ഹൗസ് ഡ്രൈവര്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഏറ്റവും ഭീഷണിയാവുന്നത് പ്രൊബേഷന്‍ കാലാവധിയാണ്. ഈ നിയമ പ്രകാരം തൊഴിലുടമക്ക് ഗാര്‍ഹിക തൊഴിലാളിയെ 90 ദിവസം വരെ പ്രൊബേഷന്‍ കാലാവധിയില്‍ നിലനിര്‍ത്താന്‍ അനുവാദമുണ്ട്. ഈ സമയ പരിധിക്കുള്ളില്‍ തൊഴിലുടമക്ക് തൊഴിലാളിയുടെ തൊഴില്‍ പരമായ വൈദഗ്ദ്യവും വ്യക്തിപരമായ പെരുമാറ്റവും വിലയിരുത്തി പ്രസ്തുത തൊഴിലാളിയെ നിലനിര്‍ത്തണോ എന്ന തീരുമാനം എടുക്കാന്‍ സാധിക്കും.

എന്നാല്‍ ഈ കാല പരിധിക്കുള്ളില്‍ പ്രസ്തുത തൊഴിലാളി ആ തൊഴിലിലേക്ക് അനുയോജ്യനല്ല എന്ന് വിലയിരുത്തല്‍ ഉണ്ടാവുകയാണെങ്കില്‍ തൊഴില്‍ കരാര്‍ റദ്ദാക്കി  തൊഴിലാളിയെ പിരിച്ചു വിടാന്‍  ഈ നിയമം തൊഴിലുടമക്ക് അനുവാദം നല്‍കുന്നു. പ്രൊബേഷന്‍ പിരീഡില്‍ തൊഴിലാളിയെ പിരിച്ചു വിടുന്നത് മൂലം ഈ നിയമ പ്രകാരം തൊഴിലുടമക്ക് യാതൊരു വിധത്തിലുള്ള ബാധ്യതയും ഉണ്ടാകുന്നില്ല.

മുന്‍പ് പറഞ്ഞ പ്രൊബേഷന്‍ കാലാവധിയില്‍ മാറ്റം വരുത്താന്‍ തൊഴിലുടമക്ക് അനുവാദമില്ല. അതി പോലെ തന്നെ ഒരു തൊഴിലാളിയെ ഒന്നിലധികം തവണ പ്രോബേഷനില്‍ നിര്‍ത്തി വിലയിരുത്താന്‍ തൊഴിലുടമക്ക് ഈ നിയമം അനുവാദം നല്‍കുന്നില്ല. എന്നാല്‍ പരസ്പര സമ്മതത്തോട് കൂടി തൊഴിലാളിക്ക് പറഞ്ഞുറപ്പിച്ച ജോലിക്ക് പകരമായി മറ്റേതെങ്കിലും ഉത്തരവാദിത്വം നല്‍കാന്‍ നിയമ പ്രകാരം സാധിക്കും.

ഈ നിയമത്തിലെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം തൊഴില്‍ കരാറുമായി ബന്ധപ്പെട്ടാണ്. തൊഴില്‍ കരാറിന് പരമ പ്രധാനമായ പ്രാധാന്യമാണ് നിയമം നല്‍കുന്നത്. ഗാര്‍ഹിക തൊഴിലാളിയുടെയും അയാളുടെ തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ ബന്ധം ഒരു എഴുതപ്പെട്ട തൊഴില്‍ കരാറിനെ ആശ്രയിച്ചിരിക്കുന്നു. ഇതിന് മൂന്ന് കോപ്പികള്‍ ഉണ്ടായിരിക്കണം. കരാറിന്റെ ഓരോ കോപ്പി തൊഴിലുടമയും തൊഴിലാളിയും കൈവശം കരുതണം. മൂന്നാമത്തെ കോപ്പി ദേശീയ റിക്രൂട്ട്മെന്റ് ഓഫീസിലേക്ക് നല്‍കും.

തൊഴിലാളിക്ക് മനസ്സിലാവുന്ന ഭാഷയിലേക്ക് ആവശ്യമെങ്കില്‍ തൊഴില്‍ കരാര്‍ വിവര്‍ത്തനം ചെയ്യാവുന്നതാണ്. എന്നാല്‍ തൊഴില്‍ കരാറിലെ ഉള്ളടക്കത്തെ സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അറബി ഭാഷയിലുള്ള തൊഴില്‍ കരാറിനാണ് മുന്‍ഗണനയും നിയമ പരമായ സാധുതയും ഉണ്ടാകുക.

തൊഴില്‍ കരാറില്‍ മന്ത്രിസഭ അംഗീകരിച്ച നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ഉണ്ടായിരിക്കണം എന്ന് നിര്‍ബന്ധമാണ്‌. ഗാര്‍ഹിക തൊഴിലാളി ചെയ്യേണ്ട ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉണ്ടായിരിക്കണം. അത് പോലെ തന്നെ പരസ്പരം, അംഗീകരിച്ചതും തൊഴിലുടമ തൊഴിലാളിക്ക് നല്‍കേണ്ടതുമായ ശമ്പളത്തിന്റെ വിവരങ്ങളും, ഇരു കക്ഷികളുടെയും കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ടായിരിക്കണം. കൂടാതെ തൊഴിലാളിയുടെ പ്രൊബേഷന്‍ കാലാവധി സംബന്ധിച്ചുള്ള വിവരങ്ങളും കരാറിന്റെ കാലാവധിയും അത് എങ്ങിനെ ദീര്‍ഘിപ്പിക്കാം എന്നത് സംബന്ധിച്ച വ്യവസ്ഥകളും നിര്‍ബന്ധമായി ഉണ്ടായിരിക്കണം.

ഇതിന് പുറമെയായി തൊഴില്‍ കരാറില്‍ തൊഴിലുടമയും തൊഴിലാളിയും പരസ്പരം അംഗീകരിച്ച വ്യവസ്ഥകള്‍ കൂടി ചേര്‍ക്കാവുന്നതാണ്. എന്നാല്‍ ഈ വ്യവസ്ഥകള്‍ മന്ത്രി സഭ അംഗീകരിച്ച നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാവാന്‍ പാടില്ല എന്ന നിബന്ധനയും നിലനില്‍ക്കുന്നുണ്ട്.

തൊഴില്‍ കാരാറിന്റെ നിലനില്‍പ്പ്‌ തൊഴിലാളിയേയും തൊഴിലുടമയേയും ആശ്രയിച്ചിരിക്കുന്നു. ഇവരില്‍ ആരെങ്കിലും ഒരാളുടെ മരണം സംഭവിച്ചാല്‍ ആ തൊഴില്‍ കരാര്‍ അവിടെ അസാധുവാകുന്നു. എന്നാല്‍ മരണപ്പെട്ട തൊഴില്‍ ഉടമയുടെ കുടുംബം ആ തൊഴിലാളിയെ നില നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ കുടുംബത്തിന്റെ പ്രതിനിധി തൊഴിലുടമയുടെ പേര് വിവരങ്ങളില്‍ മാറ്റം വരുത്തി പുതിയ തൊഴിലുടമയുടെ പേരിലാക്കാന്‍ ലേബര്‍ ഓഫീസിനോട് ആവശ്യപ്പെടാം.

തൊഴിലാളിയുടെ തൊഴില്‍ കരാര്‍ തൊഴിലുടമ നിയമപരമല്ലാതെ റദ്ദാക്കുകയാണെങ്കില്‍ ആ തൊഴിലാളിയുടെ നാട്ടിലേക്കുള്ള മടക്ക യാത്രക്കുള്ള ടിക്കറ്റിന്റെ ചിലവ് തൊഴിലുടമ വഹിക്കേണ്ടതാണ്‌. അത് പോലെ തന്നെ തൊഴിലാളി നിയമപരമായി അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ് തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നതെങ്കിലും മടക്കയാത്രയുടെ ടിക്കറ്റ് ചിലവ് തൊഴിലുടമ വഹിക്കണം.

ഒരു ഗാര്‍ഹിക തൊഴിലാളി എങ്ങിനെയാണ് തന്റെ ജോലി ചെയ്യേണ്ടതെന്നും എന്തൊക്കെ ചെയ്യണമെന്നും ചെയ്യരുതെന്നും പൊതുവായി ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജോലിയില്‍ തുടരുമ്പോള്‍ തൊഴിലാളി താഴെ പറയുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

  1. തന്റെ ജോലിക്ക് ആവശ്യമായ ശ്രദ്ധയോടും ഉത്തരവാദിത്വത്തോടും കൂടി തൊഴിലാളി തന്റെ ജോലി നിര്‍വഹിക്കണം.
  2. പരസ്പരം അംഗീകരിച്ച തൊഴില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനായി തൊഴിലുടമയുടെയും അയാളുടെ കുടുംബാംഗങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.
  3. തനിക്ക് ഉത്തരവാദപ്പെട്ട തരത്തില്‍ തൊഴിലുടമയുടെയും അയാളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ സംരക്ഷിക്കണം.
  4. തൊഴിലുടമയുടെ കുടുംബത്തിലെ കുട്ടികള്‍, വയോജനങ്ങള്‍, മറ്റു കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഹാനി വരുത്തുന്ന യാതൊരു പ്രവൃത്തിയും തൊഴിലാളിയില്‍ നിന്നും ഉണ്ടാവരുത്.
  5. തന്റെ ജോലിയുടെ ഭാഗമായി താന്‍ അറിയാന്‍ ഇടവരുന്ന തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും രഹസ്യങ്ങളും സ്വകാര്യ വിവരങ്ങളും തുടങ്ങിയ രഹസ്യമായി സൂക്ഷിക്കുകയും അത് മറ്റുള്ളവരോട് വെളിപ്പെടുത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കെണ്ടാതുമാണ്.
  6. തനിക്ക് തൊഴില്‍ കരാര്‍ പ്രകാരം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ജോലി ചെയ്യുന്നതിന് വിസമ്മതം രേഖപ്പെടുത്തുകയോ അനുവാദമില്ലാതെ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുകയോ ചെയ്യരുത്.
  7. അത് പോലെ തന്നെ സ്വന്തമായി ജോലി ചെയ്യുന്നത് കര്‍ശനമായി വിലക്കപ്പെട്ടിരിക്കുന്നു.
  8. തൊഴിലുടംയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വ്യക്തപരമായ വിഷയങ്ങളിലോ അവര്‍ രഹസ്യമായി സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്ന കാര്യങ്ങളിലോ ഇടെപെടുന്നതില്‍ നിന്നും വിട്ടു നില്‍ക്കണം.
  9. അവരുടെ അഭിമാനത്തിനോ സല്‍ പേരിനോ വിഘാതമുണ്ടാക്കുന്നതായ യാതൊന്നും ചെയ്യരുത്.
  10. രാജ്യത്തിന്റെ ഔദ്യോഗിക മതമായ ഇസ്ലാം മതത്തെ ബഹുമാനിക്കുകയും സൗദി സമൂഹത്തിന്റെ പാരമ്പര്യത്തെയും ആചാരങ്ങളേയും മാനിക്കുകയും വേണം. ഈ കാര്യത്തില്‍ താന്‍ ജോലി ചെയ്യുന്ന കുടുംബത്തിന് ദോഷം വരുത്തുന്ന യാതൊന്നും ചെയ്യാന്‍ പാടില്ല.

തൊഴിലാളി മാത്രമല്ല തൊഴിലുടമ കൂടി അനുസരിക്കുകയും പാലിക്കുകയും ചെയ്യേണ്ടതായ കാര്യങ്ങളും പ്രവൃത്തികളും ഈ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന കാര്യങ്ങള്‍ തൊഴിലുടമയുടെ ഉത്തരവാദിത്വങ്ങളും കടമകളും നിഷ്കര്‍ഷിക്കുന്നവയാണ്.

  1. തൊഴിലാളിയെ അയാള്‍ക്ക് പരസ്പര സമ്മത പ്രകാരം നല്‍കിയിട്ടുള്ള ജോലിക്ക് വിരുദ്ധമായുള്ള മറ്റൊരു ജോലിക്കും നിയോഗിക്കരുത്.
  2. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ഇങ്ങിനെ ചെയ്യാന്‍ നിയമം തൊഴിലുടമക്ക് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ തൊഴിലാളിയെ ഏല്‍പ്പിക്കുന്ന ജോലി അയാളുടെ തൊഴിലിനോട് അടിസ്ഥാന പരമായി ബന്ധപ്പെട്ടു കിടക്കുന്ന ജോലിയായിരിക്കണം എന്ന് നിബന്ധനയുണ്ട്.
  3. തൊഴിലാളിയുടെ അഭിമാനത്തിന് കഷതം തട്ടുന്ന തരത്തിലുള്ള ജോലികളോ, ആരോഗ്യത്തിനു ഹാനീകരമായ ജോലികളോ ആരോഗ്യത്തിനും ജീവനും ഭീഷണി ഉണ്ടാകുന്ന തരത്തിലുള്ള അപകടകരങ്ങളായ ജോലികളോ തൊഴിലുടമ തൊഴിലാളിക്ക് നല്‍കാന്‍ പാടില്ല.
  4. തൊഴിലാളിക്ക് ശമ്പളം കൃത്യമായി നല്‍കണം. അത് പണമായോ ചെക്ക് ആയോ നല്‍കാം. അങ്ങിനെ നല്‍കുമ്പോള്‍ അത് നല്‍കിയതിനു തെളിവായി രേഖ വാങ്ങിയിരിക്കണം.
  5. ഗാര്‍ഹിക തൊഴിലാളി തന്റെ പ്രതിഫലം ഒരു നിശ്ചിത ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അങ്ങിനെ ചെയ്തു കൊടുക്കണം.
  6. തൊഴിലാളിയുടെ ശമ്പളം നിയമപരമല്ലാതെ വെട്ടി കുറയ്ക്കാനോ പിടിച്ചു വെക്കാനോ തൊഴിലുടമക്ക് അനുവാദമില്ല.
  7. എന്നാല്‍ മനപ്പൂര്‍വ്വമായി അശ്രദ്ധ കാണിച്ചതിന്റെ ഫലമായി ഉണ്ടായിട്ടുള്ള നഷ്ടം സംഭവിച്ച തുക ഈടാക്കാന്‍ തൊഴിലുടമക്ക് അനുവാദമുണ്ട്.
  8. തൊഴിലുടമയില്‍ നിന്നും വായ്പയായി മുന്‍‌കൂര്‍ പണം കൈപറ്റിയിട്ടുണ്ടെങ്കില്‍ ഈ പണം ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യാവുന്നതാണ്.
  9. ഏതെങ്കിലും നീതിന്യായപരമോ ഭരണപരമോ ആയ ഉത്തരവിന്റെയോ വിധിന്യായത്തിന്റെയോ അടിസ്ഥാനത്തില്‍ ആ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും ആ തുക കുറവ് ചെയ്യാവുന്നതാണ്.
  10. മേല്‍ പറഞ്ഞ ഏതു സാഹചര്യത്തില്‍ ആയാലും തൊഴിലാളിയുടെ മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ അധികം ഇങ്ങിനെ കുറവ് ചെയ്യാന്‍ പാടില്ലാത്തതാകുന്നു.
  11. തൊഴിലാളിക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ അയാള്‍ക്ക് നല്‍കണം.

ഗാര്‍ഹിക മേഖലയില്‍ നിരന്തരം സംഭവിക്കുന്നതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ചില നിയമ ലംഘനങ്ങളെ ഈ നിയമത്തില്‍ വ്യക്തമായി വിലക്കിയിട്ടുണ്ട്. സ്വന്തം തൊഴിലാളിയെ മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുന്നത് ഈ നിയമ പ്രകാരം ഗുരുതരമായ ലംഘനമാണ്.  അത് പോലെ തന്നെ തൊഴില്‍ വിസയില്‍ രാജ്യത്തെത്തി മറ്റു തൊഴിലുകള്‍ ചെയ്യുന്ന വിദേശികളും വ്യാപകമായുണ്ട്.

മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിന് സ്വന്തം തൊഴിലാളിയെ വിട്ടു നല്‍കുകയോ സ്വന്തമായി ജോലി ചെയ്യാന്‍ തന്റെ തൊഴിലാളിയെ അനുവദിക്കുകയോ ചെയ്യരുത്. തൊഴിലുടമ അയാളെ മൂന്നമാതോരാള്‍ക്ക് കൈമാറുന്നത് നിരോധിച്ചിരിക്കുന്നു. കൂടാതെ തൊഴില്‍ കരാര്‍ പ്രകാരം പരസ്പരം സമ്മതിച്ചിട്ടുള്ള കടമകള്‍ കൂടാതെ മറ്റു ജോലികള്‍ക്കായി ഗാര്‍ഹിക തൊഴിലാളികളെ നിയോഗിക്കാന്‍ പാടില്ല.

പലപ്പോഴും ഗാര്‍ഹിക മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒന്നാണ് ഒളിച്ചോട്ടവും ഹുറൂബും. തൊഴിലാളി ഒളിച്ചോടിയാല്‍ എങ്ങിനെയാണ് നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടത് എന്ന് നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. തൊഴില്‍ ഉപേക്ഷിക്കുകയാണെങ്കില്‍ തൊഴിലുടമ ഉടനെ തന്നെ അക്കാര്യം ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പോലീസ് ഉടനെ തന്നെ ഇക്കാര്യം ജവാസാതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുകയും ആവശ്യമായ നടപടികള്‍ എടുക്കുന്നതിനു ആവശ്യപ്പെടുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ തൊഴിലാളിക്ക് തൊഴിലുടമക്ക് എതിരായി ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ടോ എന്നുള്ള കാര്യവും ഉറപ്പു വരുത്താന്‍ പോലീസ് ബന്ധപ്പെട്ട ലേബര്‍ ഓഫീസിനോട് ആവശ്യപ്പെടണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

അത് പോലെ തന്നെ തൊഴിലുടമക്ക് തൊഴിലാളിക്ക് എതിരായി ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കും. ഇരു കാര്യത്തിലും സ്ഥിരീകരണം ലഭിച്ച ശേഷം എന്തെങ്കിലും അവകാശം ഇരു കൂട്ടരില്‍ ആര്‍ക്കെങ്കിലും ലഭിക്കാനുണ്ടെങ്കില്‍ അക്കാര്യവും ലേബര്‍ ഓഫീസ് ജവാസതിനെ അറിയിക്കും. അതിനു ശേഷം പോലീസ് പ്രസ്തുത തോഴിലാളി ജോലി ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി വ്യക്തമാക്കുന്ന രേഖ തൊഴിലുടമക്ക് നല്‍കും.

ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന്ന തൊഴിലുടമകള്‍ക്ക് ലഭിക്കേണ്ട ശിക്ഷകള്‍ ഈ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. മറ്റുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാകാത്ത വിധത്തില്‍ രണ്ടായിരം റിയാലില്‍ കൂടുതല്‍ വരുന്ന പിഴ തൊഴിലുടമക്ക് ലഭിക്കാം. കൂടാതെ ഒരു വര്‍ഷം അയാളെ മറ്റൊരു ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തും. രണ്ടും കൂടിയുള്ള ശിക്ഷയും ലഭിക്കാവുന്നതാണ്.

എന്നാല്‍ നിയമ ലംഘനം തൊഴിലുടമ ആവര്‍ത്തിക്കുകയാണെങ്കില്‍ തൊഴിലുടമക്ക് രണ്ടായിരം റിയാലില്‍ കുറയാതെ അയ്യായിരം റിയാലില്‍ കൂടാതെയുള്ള ശിക്ഷ ലഭിക്കേണ്ടതാണ്. കൂടാതെ മൂന്ന് വര്‍ഷം അയാളെ മറ്റൊരു ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കും ഉണ്ടാകും. ആവശ്യമെങ്കില്‍ രണ്ടും കൂടിയുള്ള ശിക്ഷയും ലഭിക്കാവുന്നതാണ്. മൂന്നാമതും തൊഴിലുടമ നിയമ ലംഘനം നടത്തുകയാണെങ്കില്‍ അയാള്‍ക്ക് റിക്രൂട്ട്മെന്റില്‍ നിന്നും പൂര്‍ണ്ണമായും വിലക്ക് കല്‍പ്പിക്കും.

ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലാളികള്‍ക്കും ശിക്ഷ നിഷ്കര്‍ഷിക്കുന്നുണ്ട്. രണ്ടായിരം റിയാലില്‍ കവിയാതെയുള്ള ശിക്ഷയാണ് തൊഴിലാളിക്ക് ലഭിക്കുക. അല്ലെങ്കില്‍ അയാള്‍ക്ക് സൗദിയില്‍ ജോലിയെടുക്കുന്നതിന്നതില്‍ നിന്നും സ്ഥിരമായി വിലക്ക് കല്‍പ്പിക്കുകയും ചെയ്യും. രണ്ടു ശിക്ഷയും കൂടി ഒരുമിച്ചും ലഭിക്കാവുന്നതാണ്. ഓരോ നിയമ ലംഘനം നടത്തുമ്പോഴും പിഴ സംഖ്യ ആനുപാതികമായി ഇരട്ടിയാകും.

അത്തരത്തില്‍ ശിക്ഷ ലഭിക്കുന്ന തൊഴിലാളി അയാളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്കിനുള്ള യാത്രയുടെ ചിലവ് സ്വയം വഹിക്കേണ്ടി വരും. അതിനുള്ള സാമ്പത്തിക ശേഷി അയാള്‍ക്ക് ഇല്ല എങ്കില്‍ രാജ്യത്തിന്റെ ചിലവില്‍ അയാളെ നാട്ടിലേക്ക് അയക്കും. (ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും ലഭിക്കുന്ന പിഴകള്‍ ഒരു പ്രത്യേക ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ തുക സ്ത്രാസ്ത്രീകളായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഭയ സ്ഥാനം ഒരുക്കുന്നതിണോ അവരെ നാട് കടത്താനോ മറ്റു തൊഴിലാളികളെ നാട് കടത്താണോ ആണ് ഉപയോഗിക്കുക.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും പരാതികള്‍ സ്വീകരിക്കുക ബന്ധപ്പെട്ട ലേബര്‍ ഓഫീസുകള്‍ ആയിരിക്കും. ലഭിക്കുന്ന പാരാതികള്‍ പരിശോധിച്ച് നിയമ ലംഘനം നടത്തിയത് ആരാണെന്ന് കണ്ടു പിടിച്ച് ലഭിക്കേണ്ട അവകാശങ്ങളുടെ പട്ടിക സഹിതം ബന്ധപ്പെട്ട കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുക.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അവ രമ്യമായി പരിഹരിക്കാന്‍ കമ്മിറ്റി ശ്രമിക്കും. അഞ്ചു ദിവസമാണ് ഇതിനായി കമ്മിറ്റി എടുക്കുക. അതിനു സാധിച്ചില്ലെങ്കില്‍ അടുത്ത പത്തു ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കും. തീരുമാനം എതിരാകുന്നവര്‍ക്ക് പത്തു ദിവസത്തിനുള്ളില്‍ ലേബര്‍ കോടതിയില്‍ അപ്പീല്‍ പോകാനുള്ള അവസരം ഉണ്ടായിരിക്കും. അപ്പീല്‍ നല്‍കാത്ത പക്ഷം തീരുമാനം അന്തിമമായി കണക്കാക്കും.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J7RfoIaOLXmBBTi86vwmpv

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദിയില്‍ ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത പ്രവാസികളെ ആശങ്കയിലാക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍

Published

on

കഴിഞ്ഞ കുറെ ദിവസങ്ങളിലായി തവക്കൽനയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തത് മൂലം ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്ത പ്രവാസികളെ ആശങ്കയിലാക്കുന്ന സംശയങ്ങളില്‍ പ്രധാനം ഇത് മൂലം തങ്ങളുടെ തൊഴില്‍ കരാറിനോ ആനുകൂല്യങ്ങള്‍ക്കോ എന്തെങ്കിലും കോട്ടം സംഭവിക്കുമോ എന്നതും എന്തൊക്കെ ശിക്ഷ നടപടികളാണ് തങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ സാധിക്കുന്നത് എന്നതുമാണ്‌.

അത് പോലെ തന്നെ ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായാല്‍ സ്ഥാപനങ്ങളും കമ്പനികളും അടങ്ങുന്ന തൊഴിലുടമകള്‍തിരെ ഏതൊക്കെ ശിക്ഷാനടപടികളാണ് സ്വീകരിക്കാന്‍ സാധിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല. ഇത് സംബന്ധിച്ച തൊഴില്‍ മേഖലയിലെ ശിക്ഷാ നടപടികള്‍ സംബന്ധിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമായ മാഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടില്ല.

വാക്സിനേഷന്‍ നിബന്ധന നിലവില്‍ വന്നത് ഓഗസ്റ്റ് ഒന്ന് മുതല്‍ മാത്രമായതിനാല്‍ ഇത് സംബന്ധിച്ച് തൊഴില്‍ മേഖലയില്‍ നിന്നും യാതൊരു തര്‍ക്കങ്ങളും കേസുകളും ലേബര്‍ ഓഫീസുകളിലോ കോടതികളിലോ എത്തിയിട്ടില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഒരു നിയമ പ്രശ്നം ഉയര്‍ന്നു വന്നു. എന്നാല്‍ അത് നീതിനായ വിഭാഗത്തിലേക്ക് പോകുന്നതിനു മുന്‍പ് തന്നെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇടപെടുകയാണ് ഉണ്ടായത്. ഈ സംഭവത്തില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് വിദേശിയായ ഉന്നത ഉദ്യോഗസ്ഥനും നീതി നിഷേധം തനിക്ക് നേരെ ഉണ്ടായെന്ന് പരാതിപ്പെട്ട വ്യക്തി തൊഴിലാളിയായി ജോലി ചെയ്തു വരുന്ന സ്വദേശിയുമായിരുന്നു.

സ്വകാര്യ കമ്പനിയിൽ ഉന്നത പദവിയിൽ ജോലി ചെയ്യുന്ന ലെബനോന്‍ സ്വദേശിയോട് തവക്കൽന ആപ്പ് പ്രദർശിപ്പിക്കാതെ കമ്പനി ആസ്ഥാനത്തേക്ക് പ്രവേശനം നൽകില്ല എന്ന് അഞ്ചു വർഷമായി ആ കമ്പനിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു വരുന്ന സ്വദേശി പൌരനായ അബുസാലിഹ് നിലപാടെടുത്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. തവക്കൽനാ ആപ്പ് പ്രദർശിപ്പിക്കാൻ വിസമ്മതിച്ച ലെബനോന്‍ പൗരന്‍ ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് മണിക്കൂറുകൾക്കകം അബുസാലിഹിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

രാജ്യത്തെ നിയമം പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് കമ്പനിയില്‍ നിന്നും തന്നെ വിദേശിയായ ഉന്നത ഉദ്യോഗസ്ഥന്‍ നിയമ വിരുദ്ധമായി പിരിച്ചു വിട്ടതെന്നും തനിക്ക് നീതി ലഭിക്കണമെന്നും നിലപാടെടുത്ത അബുസാലിഹ് തുടര്‍ന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു പരാതി നല്‍കി. തുടര്‍ന്ന് പ്രശ്‌നത്തിൽ ഇടപെട്ട മന്ത്രാലയം സംഭവത്തിന്റെ വിശദാംശങ്ങൾ കൈമാറാൻ യുവാവിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ മുഴുവൻ കക്ഷികളുടെയും മൊഴികളെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വക്താവ് സഅദ് ആലുഹമാദ് വ്യക്തമാക്കി കഴിഞ്ഞു.

രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും സ്വദേശി വിദേശി ഭേദമില്ലാതെ ജോലിക്ക് ഹാജരാകുന്നതിന് അനുവാദം ലഭിക്കണമെങ്കില്‍ തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉണ്ടാവണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മേയ് 17 ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് ഒന്ന് മുതല്‍ ഈ നിബന്ധന കര്‍ശനമായി നടപ്പിലാക്കുമെന്ന് മേയ് 18 ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതോടെ ഈ വിഷയത്തില്‍ അധികൃതരുടെ നിലപാട് അര്‍ത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു.

മന്ത്രാലയം വ്യക്തമാക്കിയ നിബന്ധനകളായ ഇമ്മ്യൂണ്‍ ആവുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോ, രോഗ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചതോ ഇമ്മ്യൂണ്‍ അല്ലാത്തതോ ആയവരോട് സ്ഥാപനത്തിലേക്ക് നേരിട്ട് വരുന്നതിനു തൊഴിലുടമകള്‍ അനുവാദം നല്‍കാന്‍ പാടില്ല. അവര്‍ അവരുടെ താമസ സ്ഥലങ്ങളില്‍ തന്നെ കഴിഞ്ഞു കൊണ്ട് ജോലി തുടരാന്‍ ആവശ്യപ്പെടണമെന്നാണ് തൊഴിലുടമകള്‍ക്ക് മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. വിദൂര ജോലി തുടരാന്‍ സാധിക്കാത്ത തസ്തികയില്‍ ഉള്ള തൊഴിലാളി ആണെങ്കില്‍ അയാളോട് ജോലി സ്ഥലത്തീക്ക് പ്രവേശിക്കരുതെന്ന് ആവശ്യപ്പെടുകയും വേണം. അയാള്‍ ഇമ്മ്യൂണ്‍ ആവുന്നത് വരെ ഇങ്ങിനെ ജോലിയില്‍ നിന്നും എത്ര ദിവസം വിട്ടു നില്‍ക്കുന്നുവോ അത്രയും ദിവസങ്ങള്‍ ഒരു തൊഴിലാളിക്ക് ലഭിക്കേണ്ട വാര്‍ഷിക അവധി ദിനങ്ങളില്‍ നിന്നും കുറവ് ചെയ്യും.

അഞ്ചു വര്‍ഷം വരെ സര്‍വീസ് ഉള്ള ഒരു തൊഴിലാളിക്ക് വര്‍ഷത്തില്‍ 21 ദിവസവും അതില്‍ കൂടുതല്‍ വര്‍ഷം ഒരേ തൊഴിലുടമയുടെ കീഴില്‍ സര്‍വീസ് ഉള്ള തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 30 ദിവസവുമാണ് സൗദി തൊഴില്‍ നിയമ പ്രകാരം വാര്‍ഷിക അവധിക്ക് അര്‍ഹതയുള്ളത്. ഇത്രയും ദിവസങ്ങള്‍ മേല്‍ പറഞ്ഞ പ്രകാരം ഒരു തൊഴിലാളിക്ക് ജോലിയില്‍ നിന്നും വിട്ടു നില്‍ക്കാം.

എന്നാല്‍ ഈ വാര്‍ഷിക അവധി ദിനങ്ങള്‍ക്ക് തുല്യമായ അവധി ദിനങ്ങള്‍ കഴിഞ്ഞിട്ടും തൊഴിലാളിക്ക് ജോലി സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള അര്‍ഹത ലഭിക്കുന്നില്ല എങ്കില്‍ അടുത്ത 20 ദിവസം ആ തൊഴിലാളിക്ക് ശമ്പളം ഇല്ലാത്ത അവധിയായി അനുവദിക്കാം. തൊഴിലാളി വാര്‍ഷിക അവധി ദിനങ്ങള്‍ ഉപയോഗിച്ച് താമസ സ്ഥലങ്ങളില്‍ കഴിയുന്ന സമയത്ത് അയാള്‍ ഇമ്മ്യൂണ്‍ ആവുകയോ രോഗ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുകയോ കോവിഡ് ഭേദപ്പെടുകയോ ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക്‌ ജോലിയില്‍ തിരികെ പ്രവേശിക്കാം.

എന്നാല്‍ ശമ്പളമില്ലാതെ 20 ദിവസത്തെ അവധി അനുവദിച്ചിട്ടും തൊഴിലാളിക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളതെങ്കില്‍ അയാളുടെ തൊഴില്‍ കരാര്‍ താല്‍കാലികമായി റദ്ദായതായി കണക്കാക്കപ്പെടും. എന്നാല്‍ ഇവിടെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും പരസ്പര സമ്മതം വളരെ പ്രധാനമാണ്. മറിച്ചാണ് തീരുമാനമെങ്കില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ നിയമം അനുവദിക്കുന്നില്ല.

തൊഴില്‍ കരാര്‍ താല്‍ക്കാലികമായി റദ്ദാക്കുന്ന കാര്യത്തില്‍ തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ തൊഴിലുടമ തൊഴിലാളിയുടെ മേല്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും അക്കാര്യം തൊഴിലാളിയെ അറിയിക്കുകയും ചെയ്യണം. ഈ അവസരത്തില്‍ വാക്സിന്‍ സ്വീകരിച്ച് ഇമ്മ്യൂണ്‍ ആകില്ലെന്ന നിലപാട് സ്വീകരിക്കാനും ജോലി രാജി വെക്കാനും തൊഴിലാളിക്ക് തടസ്സങ്ങള്‍ ഇല്ല എങ്കിലും പിന്നീട് സൗദിയിലെ സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ജോലിയെടുക്കാന്‍ ഇയാള്‍ക്ക് അനുവാദം ഉണ്ടാകില്ല.

മേല്‍ പറഞ്ഞ സാഹചര്യത്തില്‍ തൊഴിലുടമക്ക് തൊഴിലാളിയുടെ മേല്‍ തൊഴില്‍ നിയമ സംബന്ധമായി എന്തൊക്കെ തരത്തിലുള്ള അച്ചടക്ക നടപടികളാണ് സ്വീകരിക്കാന്‍ സാധിക്കുക എന്ന് അധികൃതര്‍ പ്രത്യേകമായി വ്യക്തമാക്കാത്ത സാഹചര്യത്തില്‍ നിലവിലുള്ള തൊഴില്‍ നിയമത്തിലെ താഴെ വിവരിക്കുന്ന തരത്തിലുള്ള അച്ചടക്ക നടപടികള്‍ തൊഴിലാളിക്കെതിരെ സ്വീകരിക്കുകയാണ് ചെയ്യാന്‍ സാധിക്കുക.

  1. തൊഴിലാളിക്ക് മുന്നറിയിപ്പ് നല്‍കാം.
  2. തൊഴിലാളിയില്‍ നിന്നും പിഴ ഈടാക്കാം. എന്നാല്‍ ഈ പിഴ തൊഴിലാളിയുടെ ഒരു മാസത്തില്‍ അഞ്ചു ദിവസത്തെ വേതനത്തിന് കൂടുതലാകരുത് എന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.
  3. തൊഴിലാളിയുടെ അര്‍ഹമായ അലവന്‍സുകള്‍ തടഞ്ഞു വെക്കുകയോ നീട്ടി വെക്കുകയോ ചെയ്യാം. എന്നാല്‍ ഒരു വര്‍ഷത്തിലേറെ കാലം ഇങ്ങിനെ നീട്ടി വെക്കുന്നത് നിയമം അംഗീകരിക്കുന്നില്ല.
  4. തൊഴിലാളിക്ക് അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കുന്നത് നീട്ടി വെക്കാം. എന്നാല്‍ ഒരു വര്‍ഷത്തിലേറെ കാലം ഇങ്ങിനെ നീട്ടി വെക്കാന്‍ പാടില്ല.
  5. തൊഴിലാളിയെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാം. അയാളുടെ വേതനം അഞ്ചു ദിവസത്തില്‍ കൂടാത്ത ശമ്പളം തടഞ്ഞു വെക്കാം.
  6. നിയമം അനുശാസിക്കുന്ന രീതിയില്‍ തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചു വിടാം.

ഒരു തൊഴിലാളിയെ ഒരു ആനുകൂല്യവും നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചു വിടാവുന്ന സാഹചര്യങ്ങളാണ് തൊഴില്‍ നിയമത്തിലെ വകുപ്പ് 80 ല്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. ഇങ്ങിനെ പിരിച്ചു വിടുകയാണെങ്കില്‍ ആ തൊഴിലാളിക്ക് മുന്‍കൂട്ടിയുള്ള നോട്ടീസോ, നഷ്ട പരിഹാരമോ, തൊഴില്‍ നിയമ പ്രകാരമുള്ള തുകയോ നല്‍കേണ്ടതില്ല. ഈ വകുപ്പില്‍ ഇങ്ങിനെ പിരിച്ചു വിടാവുന്ന ഒന്‍പത് സാഹചര്യങ്ങളാണ് വിവരിച്ചിട്ടുള്ളത്. അതിലെ ചില വകുപ്പുകള്‍ ഉപയോഗപ്പെടുത്തിയാണ് മേല്‍ പറഞ്ഞ സാഹചര്യത്തില്‍ തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ തൊഴിലുടമക്ക് സാധിക്കുക.

തൊഴില്‍ കരാര്‍ പ്രകാരം തൊഴിലാളി നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുക, തൊഴിലുടമയുടെ നിയമ പ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ മനപ്പൂര്‍വ്വം പാലിക്കാതിരിക്കുക, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അവ പാലിക്കുന്നതില്‍ വീഴ്ച വരുത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലാളിയെ മേല്‍ പറഞ്ഞ വിധം പിരിച്ചു വിടാന്‍ തൊഴിലുടമക്ക് അനുവാദമുണ്ട്.

മേല്‍ പറഞ്ഞ പോലെ തന്നെ ഈ നിബന്ധന സംബന്ധിച്ച ഒരു തര്‍ക്കവും രാജ്യത്തെ ലേബര്‍ കോടതികളില്‍ ഇത് വരെ എത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ മേല്‍ പറഞ്ഞ നിയമങ്ങള്‍ ഉപയോഗപ്പെടുത്തി തൊഴിലാളിയെ പിരിച്ചു വിടുകയോ അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയോ ചെയ്താലും തൊഴിലാളിക്ക് അനുകൂലമായ തീരുമാനങ്ങള്‍ തൊഴില്‍ കോടതികളില്‍ നിന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം വാക്സിനേഷന്‍ നിബന്ധനകള്‍ കര്‍ശനമാക്കിയത് ഭരണകൂടമാണ്‌ തൊഴിലുടമയല്ല. അത് കൊണ്ട് തന്നെ രാജ്യത്തെ നിയമങ്ങളാകുന്ന ഈ നിബന്ധനകള്‍ പാലിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനുമാണ്.

തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കേണ്ടതും ഉണ്ടെങ്കില്‍ തടയേണ്ടതും തൊഴിലുടമയുടെയും/സ്ഥാപനത്തിന്റെ കടമയും ബാധ്യതയുമാണ്. തങ്ങളുടെ സ്ഥാപനത്തില്‍ ഒരു തൊഴിലാളിയുടെ തവക്കല്‍ന പരിശോധിക്കാതെ പ്രവേശിപ്പിക്കുകയോ, നിയമ ലംഘകരായ തൊഴിലാളികളുടെയോ, വിദൂര ജോലി ചെയ്യുന്ന തൊഴിലാളികളുടെയോ മറ്റോ റെക്കോഡുകള്‍ സൂക്ഷിക്കാതിരിക്കുകയോ, വാക്സിന്‍ എടുക്കാത്ത തൊഴിലാളിയെ ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്‌താല്‍ എന്തൊക്കെ ശിക്ഷാ നടപടികളോ പിഴകളോ ചുമത്തണം എന്ന് പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം അധികൃതര്‍ കൃത്യമായി വ്യക്തമാക്കിയിട്ടില്ല.

ശിക്ഷകള്‍ ഇത് സംബധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഇതുവരെ പുറത്തിറക്കുകയും ചെയ്തിട്ടില്ല. അത് കൊണ്ട് തന്നെ തൊഴില്‍ നിയമത്തിലെ പൊതുവായ നിയമ ലംഘനങ്ങള്‍ക്ക് തൊഴില്‍ നിയമം നിഷ്കര്‍ഷിക്കുന്ന ശിക്ഷാ നടപടികള്‍ ആയിരിക്കും അധികൃതര്‍ സ്വീകരിക്കുക. അതായത് ഒരു ലക്ഷം റിയാലില്‍ കൂടാതെയുള്ള പിഴ, 30 ദിവസത്തില്‍ കൂടാതെയുള്ള കാലയളവിലേക്ക് സ്ഥാപനം അടച്ചിടുക, നിയമ ലംഘക സ്ഥാപനം എന്നന്നേക്കുമായി അടച്ചു പൂട്ടുകള്‍ തുടങ്ങിയവയില്‍  ഏതെങ്കിലും നടപടികള്‍ സ്വീകരിക്കാം. എന്നാല്‍ ആദ്യ നിയമ ലംഘനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും പിന്നീട് പിഴകള്‍ ചുമത്തുകയും തെറ്റ് തിരുത്താന്‍ അവസരം നല്‍കുകയും ചെയ്ത ശേഷം വീണ്ടും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെങ്കില്‍ മാത്രമേ അടച്ചു പൂട്ടല്‍ തുടങ്ങിയ കര്‍ശനമായ ശിക്ഷ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുകയുള്ളൂ എന്നാണ് നിയമ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY

വാര്‍ത്തകള്‍ക്കും പരസ്യത്തിനും ബന്ധപ്പെടുക: [email protected] / 8921190515 (WhatsApp)  

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.facebook.com/PravasiCornerOfficial

Continue Reading
INDIA3 months ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!