Connect with us

UAE

എയര്‍ ഇന്ത്യ പൈലറ്റാണ് ഞങ്ങളെ ഹൈജാക്ക് ചെയ്തത്: ഡിംബ്രൈറ്റ് കാദര്‍

Published

on

 

അബുദാബി – കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്തിന് ശേഷം യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് യാത്രക്കാര്‍ നടത്തിയത്.യാത്രക്കാര്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ കൂട്ട് ചേര്‍ന്നപ്പോള്‍ അവിടെ അടിയറവു പറഞ്ഞത് എയര്‍ ഇന്ത്യയുടെ മുഷ്ക്കും നിരുത്തരവാദിത്വവും. ചരിത്രത്തില്‍ ആദ്യമായി എയര്‍ ഇന്ത്യയെ മുട്ട് കുത്തിച്ച ആ പ്രതിഷേധത്തില്‍ പ്രവാസികളായ മുഴുവന്‍ യാത്രക്കാര്‍ക്കും വേണ്ടി മുന്നില്‍ നിന്നു ശബ്ദമുയര്‍ത്തിയ ഡിം ബ്രെയ്റ്റ്‌ കാദര്‍ എന്നറിയപ്പെടുന്ന ശ്രീ. അബ്ദുല്‍ കാദര്‍. അവധിക്കു ശേഷം ഇന്ന് രാവിലെയാണ് അബ്ദുല്‍ കാദര്‍ അബുദാബിയില്‍ തിരിച്ചെത്തിയത്.

അബുദാബി പോലീസിലെ ഫോട്ടോഗ്രാഫര്‍ ആയി ജോലി ചെയ്യുന്ന തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിയായ അബ്ദുല്‍ കാദര്‍ സംഭവത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ‘പ്രവാസി കോര്‍ണര്‍.കോം’ പ്രതിനിധിയുമായി സംസാരിക്കുന്നു.

 

‘എയര്‍ ഇന്ത്യ ഹൈജാക്ക് ഡ്രാമ’ എന്ന് ദേശീയ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ച ആ സംഭവത്തിന്‌ നേതൃത്വം നല്‍കിയ ആളായിരുന്നല്ലോ താങ്കള്‍. എപ്പോഴാണ് യഥാര്‍ത്ഥത്തില്‍ യാത്രക്കാര്‍ പ്രതികരിച്ചു തുടങ്ങിയത് ?

യഥാര്‍ത്ഥത്തില്‍ ഈ ഫ്ലൈറ്റില്‍ ജീവനക്കാര്‍ കുറവായിരുന്നു. കേവലം 5 സ്റ്റാഫിനെ വെച്ച് കൊണ്ടാണ് ഈ ഫ്ലൈറ്റ് ഓപ്പറേറ്റ്‌ ചെയ്തിരുന്നത്. ഞങ്ങള്‍ അബുദാബി എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ തന്നെ ഏതാണ്ട് നൂറു മീറ്ററോളം വരുന്ന മൂന്നു ക്യൂവിലാണ് ആളുകള്‍ നിന്നിരുന്നത്. ഇത്രയും ആളുകളെ മാനേജ് ചെയ്യാന്‍ ഈ അഞ്ചു സ്റ്റാഫിനെ കൊണ്ട് കഴിയില്ല എന്ന കാരണം കൊണ്ടാണ് ഫ്ലൈയ്റ്റ്‌ മൂന്നു മണിക്കൂര്‍ വൈകി അവിടെ നിന്നും പുറപ്പെട്ടത്‌. രാത്രി ഒരു മണി കഴിഞ്ഞിട്ടാണ് ഭക്ഷണം തന്നത്. അപ്പോഴൊന്നും യാത്രക്കാര്‍ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല.

കൊച്ചിയില്‍ വന്നു ഇറക്കാന്‍ ശ്രമിച്ചു, സാധിച്ചില്ല. പിന്നീട് തിരുവനന്തപുരത്ത് വന്നു. കൊച്ചിയില്‍ ഇറക്കാതെ തിരുവനന്തപുരത്തു ഇറക്കിയത് മൂടല്‍ മഞ്ഞു മൂലമാണ്. അത് സുരക്ഷയുടെ ഭാഗമാണ്. പ്രകൃതിയില്‍ ഉണ്ടായ പ്രതിഭാസമാണ്. അത് നമ്മള്‍ അംഗീകരിച്ചേ പറ്റൂ.അത് യാത്രക്കാരെല്ലാവരും അംഗീകരിച്ചതുമാണ്. തിരുവനന്തപുരത്തു വന്നപ്പോള്‍ മറ്റു മൂന്നു ഫ്ലൈറ്റുകള്‍ അവിടെ കിടപ്പുണ്ട്. ഇതേ കാരണത്താല്‍. എത്തിഹാദ്‌, ഖത്തര്‍ എയര്‍വേയ്സ്‌, കിങ്ങ്ഫിഷര്‍ എന്നെ മൂന്നു വിമാനങ്ങളാണ് കൊച്ചിയില്‍ ഇറക്കാന്‍ പറ്റാതെ തിരുവനന്തപുരതു ഇറക്കിയിരുന്നത്. പിന്നീട് ആ മൂന്നു ഫ്ലൈറ്റുകളും അവരുടെ യാത്രക്കാരെ എടുത്തു കൊച്ചിയിലേക്ക് പറന്നു. അപ്പോഴും യാത്രക്കാര്‍ പ്രശ്നമുണ്ടാക്കിയില്ല.

ഒന്നര മണിക്കൂര്‍ കഴിഞ്ഞിട്ടും എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ ഒന്നും പറയാതെ വന്നപ്പോള്‍ അവരോടു ഞങ്ങള്‍ വിവരം അന്വേഷിച്ചു. അപ്പോഴാണ്‌ ഞങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്നും നിങ്ങള്‍ കൊച്ചിയിലേക്ക് ബസ്സില്‍ പോകണമെന്നും അവര്‍ ഞങ്ങളോട് പറഞ്ഞത്. അപ്പോള്‍ മാത്രമാണ്  യാത്രക്കാര്‍ പ്രതികരിക്കുന്നത്. അത് വരെ യാത്രക്കാര്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

യാത്രക്കാരുടെ ആവശ്യം എന്തായിരുന്നു ?

ജീവനക്കാരുടെ ജോലി സമയം അവസാനിച്ചു എങ്കില്‍ അവര്‍ പോയ്ക്കോട്ടെ എന്നും മറ്റൊരു പൈലറ്റിനെ കൊണ്ട് വന്നു ഞങ്ങളെ കൊച്ചിയില്‍ എത്തിക്കണമെന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.ഞങ്ങള്‍ ടിക്കെറ്റ് എടുത്തിരിക്കുന്നത് കൊച്ചിയിലേക്കാണ്. ബസ്സിന്റെ ടിക്കറ്റ് അല്ല. ഫ്ലൈറ്റിന്റെ ടിക്കറ്റ് തന്നെയാണ്. കൊച്ചിയില്‍ എത്തിക്കുക എന്നത് അവരുടെ കടമയും ഞങ്ങളുടെ അവകാശവുമാണ്. ഞങ്ങള്‍ നല്‍കിയ പണത്തിന്റെ സേവനം ഞങ്ങള്‍ക്ക് ലഭിക്കണം. അത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ലഭിച്ചേ മതിയാകൂ. ഇത് മാത്രമേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ പിന്നീട് പറഞ്ഞത് ഇത് യാത്രക്കാരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ് എന്നാണ് . ഇത്രയും സമയം ഫ്ലൈറ്റിനകത്തു പീഡിപ്പിക്കപ്പെട്ട കുട്ടികളും, ഗര്‍ഭിണികളും, പ്രായമായവരും അടങ്ങുന്ന യാത്രകാരുടെ സ്വാഭാവിക പ്രതികരണം.

ഹൈജാക്ക് ചെയ്തുവെന്ന സന്ദേശം ഏതു സാഹചര്യത്തിലായിരുന്നു ? റാഞ്ചുന്നതിന് സമാനമായ സാഹചര്യമുണ്ടായിരുന്നോ?

ഞങ്ങള്‍ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞു പൈലറ്റ് ബട്ടന്‍ അമര്‍ത്തുകയായിരുന്നു.ഹൈജാക്ക് ചെയ്തു എന്ന് പറഞ്ഞു ഫ്ലൈറ്റിലെ കോക്ക്പിറ്റിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും അത് സംബന്ധിച്ച സന്ദേശം പോകും. അതാണവിടെ സംഭവിച്ചത്. പക്ഷെ അതൊന്നും ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല.ഹൈജാക്ക് ചെയ്യണമെങ്കില്‍ ഞങ്ങളുടെ കയ്യില്‍ ഏതെന്കിലും തരത്തിലുള്ള ആയുധം വേണം. ഞങ്ങള്‍ ആരെയെങ്കിലും തടഞ്ഞു വെച്ചിട്ടുണ്ടായിരിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ ഞങ്ങള്‍ കാണിച്ചിട്ടുണ്ടായിരിക്കണം. ഇതൊന്നുമില്ലാതെ ഞങ്ങള്‍ ഫ്ലൈറ്റ് ഹൈജാക്ക് ചെയ്തു എന്ന് പറയുന്നത് അത്രയും നീചമായ പ്രവര്‍ത്തിയാണ്.അതിനെതിരെ പ്രതികരിച്ചതിനാണ് ഞങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിച്ചത്.

ഇവിടെ ഞങ്ങളല്ല വിമാനം ഹൈജാക്ക്‌ ചെയ്തത്. പൈലറ്റ് ആണ് ഞങ്ങളെ ഹൈജാക്ക് ചെയ്തു തിരുവനന്തപുരത്തു കൊണ്ട് ചെന്നിറക്കിയത് എന്നാണു വാസ്തവത്തില്‍ പറയേണ്ടത്.

യാത്രക്കാരില്‍ മൂന്നു പേര്‍ കോക്ക്പിറ്റിനകത്തു കടന്നു പൈലറ്റിനെ ഭീഷണിപ്പെടുത്തി, അവര്‍ക്ക് പിന്തുണയുമായി മറ്റു മൂന്നു പേര്‍ കൂടി എത്തി എന്ന ആരോപണം ഉണ്ടായിരുന്നു ?

ഞങ്ങള്‍ കോക്ക്പിറ്റിനകത്തു കടന്നു എന്ന് പറയുന്നു. കോക്ക്പിറ്റിനകത്തെക്ക് പുറത്തു നിന്ന് ഒരാള്‍ക്കും കടക്കാന്‍ സാധിക്കില്ല. കാരണം അവര്‍ ഡോര്‍ ലോക്ക് ചെയ്‌താല്‍ പിന്നീട് പുറത്തു നിന്നുള്ള ആര്‍ക്കും അത് തുറക്കാന്‍ സാധിക്കില്ല. അത് പുറത്തു നിന്ന് ഒരാള്‍ക്ക്‌ തുറക്കണമെങ്കില്‍ മറ്റൊരു സ്ഥലത്ത് പാസ്‌വേഡ് ഇട്ടു ലോക്ക് ചെയ്തു വെച്ചിരിക്കുന്ന കീ കൊണ്ട് വന്നു വേണം തുറക്കാന്‍.

യഥാര്‍ത്ഥത്തില്‍ പൈലറ്റ് ചെയ്തിരുന്നത്, അവര്‍ ഡോര്‍ തുറന്നു ഞങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുകയായിരുന്നു. ഈ മീറ്റര്‍ ഫ്ലൈറ്റ് സ്റ്റാര്‍ട്ട് ചെയ്തതിനു ശേഷം റണ്‍ ചെയ്യാനുള്ള സമയമാണ്, ആ സമയം അവസാനിച്ചിരിക്കുന്നു, അത് കൊണ്ട് ഇവിടെ നിന്ന് ഇന്ധനം നിറച്ചു തരുന്നില്ല എന്നൊക്കെ.

സാങ്കേതിക കാരണങ്ങളാലാണ് കൊച്ചിയിലേക്ക് നിങ്ങളെ തിരികെ കൊണ്ട് പോകാന്‍ കഴിയാതിരുന്നത് എന്നാണു എയര്‍ ഇന്ത്യയുടെ വാദം ?

ഇതേ പറഞ്ഞ സാങ്കേതികത്വങ്ങളും മറി കടന്നു മറ്റൊരു പൈലറ്റ് വന്നു വിമാനം പറത്തിയിട്ടാണ് ഞങ്ങളെ കൊച്ചിയില്‍ എത്തിച്ചത്. അത് വരെ ഞങ്ങളെ എയര്‍ ഇന്ത്യ വഞ്ചിക്കുകയായിരുന്നു എന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.ആകാശത്ത് വെച്ച് പൈലറ്റിന്റെ സമയം അവസാനിച്ചിരുന്നുവെങ്കില്‍ അവര്‍ പാരച്യൂട്ടിലൂടെ ഇറങ്ങി പോകുമായിരുന്നോ?

യാത്രക്കാരുടെ പ്രധാന ആവശ്യം എന്തായിരുന്നു ?

ഞങ്ങള്‍ പറഞ്ഞത്,ഞങ്ങള്‍ക്ക് സാങ്കേതികത്വം അറിയേണ്ട കാര്യമില്ല. കൊച്ചിയിലേക്ക് ടിക്കെറ്റ് എടുത്താല്‍ ഞങ്ങളെ കൊച്ചിയില്‍ ഇറക്കുക. ഇന്ധനം ഇല്ലെങ്കില്‍ ഇന്ധനം നിറക്കുക. പൈലറ്റിന്റെ സമയം കഴിഞ്ഞു എന്നുണ്ടെങ്കില്‍ പുതിയ പൈലറ്റിനെ കൊണ്ട് വരിക.ഇതൊക്കെ ചെയ്തു നിങ്ങള്‍ ഞങ്ങളെ കൊച്ചിയിലെത്തിക്കണം. ഇത് പറഞ്ഞപ്പോഴാണ് പോലീസിനെ വിളിച്ചും കേന്ദ്ര സേനയെ വിളിച്ചും ഞങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

പൈലറ്റ് രൂപാലി വാഗ്മര്‍ ഒരു ഇന്റെര്‍വ്യൂവില്‍ പറഞ്ഞിരുന്നു യാത്രക്കാര്‍ കുറച്ചു സമയം കൂടി സംയമനം പാലിക്കുകയായിരുന്നെന്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്ന് ?

ഈ പ്രശ്നത്തിന് കാരണം ഈ പൈലറ്റ് തന്നെയാണ്. ഞങ്ങള്‍ ഫ്ലൈറ്റില്‍ നിന്ന് ഇറങ്ങാന്‍ തയാറാകാതിരുന്നതിനാല്‍ അവര്‍ക്കും ഇറങ്ങി പോകാന്‍ സാധിച്ചില്ല. ഫ്ലൈറ്റില്‍ യാത്രക്കാരേക്കാള്‍ ആദ്യം കയറേണ്ടത് ജീവനക്കാര്‍ ആണ്. അവസാനത്തെ  യാത്രക്കാരനും ഇറങ്ങിയതിനു ശേഷം മാത്രമേ അതിലെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കൂ. അത് നിയമമാണ്. മൂന്നു തവണ സ്റ്റാഫിന്റെ സമയം കഴിഞ്ഞതായി അവര്‍ അനൌന്‍സ്‌ ചെയ്തു.പിന്നെയും ഞങ്ങള്‍ പുറത്തിറങ്ങാതായപ്പോള്‍ ഞങ്ങള്‍ ഇറങ്ങി പോകുന്നതിനു വേണ്ടി അവര്‍ ഏ.സി ഓഫ് ചെയ്തു. ഭക്ഷണം തന്നില്ല. വെള്ളം തന്നില്ല. എന്നിങ്ങനെ പരമാവധി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതൊന്നും വക വെക്കാതെ ഞങ്ങള്‍ ഫ്ലൈറ്റില്‍ ഇരുന്നതാണ് തെറ്റ് എന്ന് പറയുന്നത്.

അവര്‍ ഇപ്പോള്‍ പറയുന്നത് ഞങ്ങളെ കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ അവര്‍ തയ്യാറായിരുന്നു എന്നാണു. യാതൊരു കാരണവശാലും കൊച്ചിയിലേക്ക് പോകില്ല എന്ന് അവര്‍ മൂന്നു തവണ അന്ന് ഫ്ലൈറ്റില്‍ അനൌന്‍സ്‌ ചെയ്തതാണ്.

യാത്രക്കാര്‍ പൈലറ്റിനെതിരെ വധ ഭീഷണി മുഴക്കിയെന്നു ആരോപണമുണ്ട് ?

ഫ്ലൈറ്റില്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടായിരുന്നില്ല. ഒരു യാത്രയില്‍ എത്ര ഭക്ഷണമാണ് നമ്മള്‍ ഒരു കുട്ടിക്ക് കരുതുക?ഇതൊന്നും മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ചു നടന്നതല്ലല്ലോ? ഭക്ഷണം തന്നതിന് ശേഷം 22 മണിക്കൂര്‍ കഴിഞ്ഞിരുന്നു അപ്പോള്‍.

ഫ്ലൈറ്റില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കിടന്നിരുന്ന ഒരു കുഞ്ഞിനെ കൊണ്ട് പോയി പൈലറ്റിനു കാണിച്ചു കൊടുത്തിരുന്നു. ആ കുഞ്ഞിനെന്തെന്കിലും സംഭവിച്ചാല്‍ ഞാന്‍ എന്തെങ്കിലും ചെയ്യും എന്ന് ആ കുഞ്ഞിന്റെ പിതാവ് അഷറഫ്‌ പറഞ്ഞതാണ് വധഭീഷണിയായി അവരെടുത്തിരിക്കുന്നത്. ആ പറഞ്ഞതിന്റെ സാഹചര്യം കൂടി നമ്മള്‍ മനസ്സിലാക്കണം. ആ ദമ്പതികള്‍ക്ക് ആദ്യത്തെ പ്രസവത്തില്‍ ഉണ്ടായ ഇരട്ട കുട്ടികളില്‍ രണ്ടു  പേരും മരിച്ചു. പിന്നീടുണ്ടായ ഇരട്ട കുട്ടികളില്‍ ഒരു കുഞ്ഞും മരിച്ചു. അതില്‍ മരിക്കാതെ ലഭിച്ച കുഞ്ഞാണിത്. മൂന്നു മാസം ഇന്ക്യുബേറ്ററില്‍ കിടന്ന ആറു മാസം പ്രായമായ ആ കുട്ടിയുടെ കാര്യത്തില്‍ പിതാവ് വികാരാധീനനാവുക സ്വാഭാവികമാണ്.

ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ 22 മണിക്കൂര്‍ ദുരിതത്തിലാകുമ്പോള്‍ ഏതൊരു മനുഷ്യനും പ്രതികരിക്കില്ലേ? ഞങ്ങളും മനുഷ്യരല്ലേ? ആ സ്വാഭാവിക പ്രതികരണം മാത്രമേ ഞങ്ങളും ചെയ്തിട്ടുള്ളൂ. ഈ സംഭവം തമിഴ്നാട്ടിലോ, യു.പി യിലോ ആയിരുന്നെങ്കില്‍ ഫ്ലൈറ്റ് തന്നെ അവര്‍ കത്തിച്ചു കളഞ്ഞേനെ. പക്ഷെ ഞങ്ങള്‍ അന്തസ്സിന്റെ ഒരു പരിധി പോലും വിട്ടു പെരുമാറിയിട്ടില്ല.

കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കേന്ദ്ര സേനയിലെ ഉദ്യോഗസ്ഥന്‍ ‘മൂത്രം കുടിക്കാന്‍ തരാം’ എന്ന് പറഞ്ഞുവോ ?

എയര്‍ ഇന്ത്യ ജീവനക്കാര്‍ ഭക്ഷണവും വെള്ളവും എല്ലാം തീര്‍ന്നു എന്ന് പറഞ്ഞപ്പോള്‍ തളര്‍ന്നു കിടന്ന കുഞ്ഞിനു കൊടുക്കാനായി വിമാനത്തിന് താഴെ നിന്നിരുന്ന കേന്ദ്ര സേനയിലെ ഒരു ഉദ്യോഗസ്ഥനോട് കുറച്ചു വെള്ളം ചോദിച്ചു. അപ്പോഴാണ്‌ അയാള്‍ പറഞ്ഞത്, ‘വെള്ളമല്ല, കുടിക്കാന്‍ മൂത്രം തരാമെന്നു’. അതുകേട്ടപ്പോള്‍  എല്ലാവരും കൂടി ബഹളമുണ്ടാക്കി. ഉടനെ അയാള്‍ അവിടെ നിന്നും അപ്രത്യക്ഷനായി. പിന്നെ അയാളെ കണ്ടിട്ടില്ല.

പോലീസിന്റെയും കേന്ദ്ര സേനയുടെയും പെരുമാറ്റം എങ്ങിനെയായിരുന്നു ?

ഫ്ലൈറ്റിനകത്തു കയറിയിട്ടാണ് പോലീസ്‌ ഞങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്‌. നിങ്ങളൊക്കെ കണ്ടിട്ടുണ്ടാകും ആ വീഡിയോകള്‍. അതിനകത്ത് കണ്ടതൊക്ക അവിടെ നടന്ന സത്യങ്ങള്‍ ആണ്.

കൊച്ചിയില്‍ വന്നതിനു ശേഷം അവിടെ എയര്‍ ഇന്ത്യക്കാരും കേന്ദ്ര സേനയും ചേര്‍ന്ന് മറ്റൊരു തരത്തില്‍ പീഡിപ്പിക്കുകയായിരുന്നു.ഫ്ലൈറ്റിന്റെ വാതിലില്‍ നിന്ന് എമിഗ്രേഷന്‍ കൌണ്ടര്‍ വരെ നിന്ന കേന്ദ്ര സേനക്കാരുടെ ഇടയിലൂടെയാണ് പത്തു പേര് വീതമായി ഞങ്ങളെ ഇറക്കി കൊണ്ട് വന്നത്. അതില്‍ നിന്നും ഞങ്ങള്‍ ആറു പേരെ തിരഞ്ഞു പിടിച്ചു മാറ്റിയിരുത്തുകയായിരുന്നു. ഞങ്ങളുടെ പാസ്പോര്‍ട്ട് വാങ്ങി വെച്ചു. എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ മിണ്ടിപ്പോകരുത് എന്ന് മാത്രമായിരുന്നു കേന്ദ്ര സേനക്കാരുടെ മറുപടി. ഒന്നും പറയാന്‍ അനുവദിക്കാതെ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു കേന്ദ്ര സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍.  അതിനു മാത്രം എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്. പണം മുടക്കി എടുത്ത ടിക്കെറ്റില്‍ പറഞ്ഞ സ്ഥലത്ത് ഇറക്കി തരണം എന്ന് പറഞ്ഞതോ. അതാണോ തെറ്റ്?

തിരുവനന്തപുരത്തു വെച്ച് മന്ത്രിമാര്‍ ആരെങ്കിലും പ്രശ്നത്തില്‍ ഇടപെട്ടിരുന്നോ ? 

ഇത്രയും സംഭവങ്ങള്‍ അവിടെ നടന്നു. ടീവിയിലൂടെയും, ഇന്റെര്‍നെറ്റിലൂടെയും മറ്റും ലോകം മുഴുവനും ഇത് കണ്ടു കൊണ്ടിരുന്നിട്ടും തിരുവനന്തപുരതുണ്ടായിരുന്ന ഒരു മന്ത്രി പോലും ഞങ്ങള്‍ക്കനുകൂലമായി പറയാനുണ്ടായിരുന്നില്ല എന്നത് വളരെ ദുഖകരമായിരുന്നു. പ്രവാസികളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയുണ്ട് നമുക്ക്, കേരളത്തിലെ പ്രവാസികളുടെ ചുമതലയുള്ള മന്ത്രിയുണ്ട്, ഇവരൊന്നും ഇതിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. പ്രവാസികളുടെ സഹായം വാങ്ങാന്‍ എല്ലാവരുമുണ്ട്. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായെ പറ്റൂ. എത്ര കാലമായി നമ്മളിത് അനുഭവിക്കുന്നു?

എട്ടു ദിവസത്തെ ലീവിന് വന്ന ആള്‍ക്ക് അതില്‍ നാല് ദിവസം പോകുക എന്നത് ദുഖകരമല്ലേ. പെരുന്നാളിന്റെ ലീവിന് വന്ന ആളുകള്‍ ആയിരുന്നു അധികവും. പിതാവ്‌ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരു മകനുണ്ടായിരുന്നു അതില്‍. വന്നതിന്റെ പിറ്റേ ദിവസം ബാപ്പ മരിക്കുന്നു. നഷ്ടപ്പെട്ട സമയത്തെ കുറിച്ച് അയാള്‍ക്കെത്ര വിഷമമുണ്ടാകും.ജോലിക്കായി ഇന്റര്‍വ്യൂവിനു വന്നിരുന്ന ആളുകളുണ്ടായിരുന്നു. കല്യാണത്തിന് വന്നവര്‍, അങ്ങിനെ എത്ര പേര്‍. അതില്‍ കുറച്ചു പേരെ പിന്നീട് മൊഴിയെടുക്കാന്‍ വിളിപ്പിക്കുക, തെളിവെടുപ്പിന് വിളിപ്പിക്കുക, എന്തൊരു അക്രമമാണിത്?

ഈ സംഭവത്തെ തുടര്‍ന്ന് നിങ്ങള്‍ക്കെതിരെ പോലീസ്‌ കേസ്‌ എടുത്തിട്ടുണ്ടോ ?

ഈ കേസിലെ പ്രധാന വിഷയം കേസിനെ സംബന്ധിച്ച ഒന്നും തന്നെ പോലീസ്‌ വെളിപ്പെടുത്തുന്നില്ല എന്നതാണ്. ഞങ്ങള്‍ ചോദിക്കുന്നതിനൊന്നും അവര്‍ വ്യക്തമായി മറുപടി പറയുന്നില്ല. ഞങ്ങള്‍ക്കെതിരെ കേസ്‌ എടുക്കില്ല എന്ന് പറഞ്ഞു. എന്നാല്‍ എഫ്ഫ.ഐ.ആര്‍ ഇട്ടിട്ടുണ്ട്. എഫ.ഐ.ആര്‍ ഇടാത്ത ഒരു കേസിന് ഞങ്ങളെ മൊഴിയെടുക്കാന്‍ വിളിക്കേണ്ട ആവശ്യമില്ല. കേസില്ല എന്ന് പറഞ്ഞു പറഞ്ഞയക്കുന്ന സമയത്ത് അവര്‍ പിന്നെയും ഞങ്ങളുടെ എല്ലാവരുടെയും ഫോട്ടോ എടുത്തു. ഞങ്ങള്‍ ആറു പേരെയും നിരത്തി നിര്‍ത്തിയാണ് ഫോട്ടോ എടുത്തത്‌. പിന്നീട് അത് എന്തിനൊക്കെ ഉപയോഗിച്ച് എന്നറിയില്ല.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതേ നാണയത്തില്‍ തന്നെ നേരിടാം എന്നാണു ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം.

എഫ്.ഐ.ആറിന്റെ കോപ്പി ഞങ്ങള്‍ ചോദിച്ചില്ല. വാക്കാല്‍ മാത്രമേ കേസില്ല എന്ന് പറഞ്ഞിട്ടുള്ളൂ. പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക്‌ നല്‍കിയ പരാതിയില്‍ ഡല്‍ഹിയില്‍ നിന്നും വന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങള്‍ ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞിട്ടാണ് വിളിപ്പിച്ചത്. അപ്പോള്‍ ഞങ്ങള്‍ പോയി മൊഴി കൊടുത്തിരുന്നു.  ആ മൊഴി കൊടുത്തതിന്റെ കോപ്പി ഞങ്ങളുടെ കൈവശമുണ്ട്.

തിരുവനന്തപുരം വലിയതുറ പോലീസ്‌ സ്റേഷനില്‍ പൈലറ്റ് രൂപാലി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈജാക്ക് ചെയ്തു എന്നതിന് ബ്ലാക്ക്‌ ബോക്സ് വിശദാംശങ്ങള്‍ നല്‍കണം. അത ഇത് വരെ കൊടുത്തിട്ടില്ല. അത് കൊടുത്താല്‍ ഞങ്ങള്‍ ചെയ്തത് നൂറു ശതമാനം ശരിയാണ് എന്ന് തെളിയും. അത് കൊണ്ടാണ് കൊടുക്കാത്തത്.

യാത്രക്കാര്‍ മദ്യപിച്ചിരുന്നു എന്ന് പറയുന്നു ?

ഫ്ലൈറ്റില്‍ അന്ന് മദ്യം വിതരണം ചെയ്തിരുന്നില്ല. ഭക്ഷണം തന്നെ വളരെ താമസിച്ചായിരുന്നു നല്‍കിയത്. ഫ്ലൈറ്റില്‍ 185 യാത്രക്കാരോളമുണ്ടായിരുന്നു. അവര്‍ പരസ്പരം അറിയുന്നവരല്ല. എല്ലാം ഒരു പ്ലാനിങ്ങുമില്ലാതെ നടന്നതാണ്. എല്ലാം യാദൃശ്ചികമായിരുന്നു. യാതൊരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. അവിടെ ഓരോരുത്തരുടെയും അവസ്ഥയും വികാരവും അവര്‍ പ്രകടിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കൊണ്ട് വരുമ്പോള്‍ കേസ് ഉണ്ടാവില്ല എന്ന് ഉറപ്പു തന്നിരുന്നോ ?

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് കൊണ്ട് വരുമ്പോള്‍ കേസ് ഉണ്ടാവില്ല എന്ന് ആരും ഉറപ്പു പറഞ്ഞിരുന്നില്ല. അത്തരം പത്രവാര്‍ത്തകളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം കേസില്ല എങ്കില്‍ തിരുവനന്തപുരത്തെ വലിയതുറ പോലീസ്‌ സ്റേഷനില്‍ വെച്ച് മൊഴിയെടുതത്തിനു ശേഷം എന്തിനാണ് ഞങ്ങളുടെ ഫോട്ടോ എടുത്തത്. അതിനാണ്  അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അവിടെ നിരാഹാരമിരുന്നത്. അതിനു അദ്ദേഹത്തിന്റെ പേരിലും കേസുണ്ട്, പോലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്ന പേരില്‍.

കൊച്ചിയിലെത്തിയപ്പോള്‍ കസ്റ്റഡിയിലായ നിങ്ങളെ കൂടാതെ മറ്റു യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങി എന്നും നിങ്ങളുടെ ബന്ധുക്കള്‍ പ്രതികരിച്ചപ്പോഴാനു അവര്‍ നിങ്ങളെ വിട്ടു കിട്ടാന്‍ സമരം തുടങ്ങിയതെന്നും പത്രവാര്‍ത്തയുണ്ടായിരുന്നല്ലോ ?

അത് ശരിയല്ല. ഞങ്ങളെ ആറു പേരെ മാത്രം തടഞ്ഞു വെച്ച്. ബാക്കിയുള്ള എല്ലാവരെയും എമിഗ്രേഷന്‍ കഴിഞ്ഞു താഴേക്കു വിട്ടു. അവര്‍ വന്നു ലഗേജ്‌ എടുത്തു പുറത്തു പോകുന്നതിനു മുന്‍പ് ഈ ആറു പേരയും വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ചു പ്രതികരിച്ചവരാണ്, അവരെ വിട്ടു തരാതെ ഞങ്ങള്‍ പുറത്തു പോവില്ല എന്ന് പറഞ്ഞു യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഉള്ളില്‍ തന്നെ ഇരുന്നു. അങ്ങിനെ ഒന്നര മണിക്കൂറിലധികം ഇരുന്നപ്പോഴാണ് മറ്റു യാതൊരു വഴിയുമില്ലാതെ ഞങ്ങളെ വിട്ടയക്കുന്നത്.

കേന്ദ്ര സേനയിലെ അറുപതോളം ആളുകള്‍ തോക്കുമായി ലഗേജ്‌ എടുക്കുന്ന സ്ഥലത്തുനിന്നും വാഹനം നില്‍ക്കുന്ന സ്ഥലം വരെ വളഞ്ഞാണ് ഞങ്ങളെ കൊണ്ട് പോയത്. എന്തിനാണ് തീവ്രവാദികളെ കൊണ്ട് പോകുന്നത് പോലെ ഞങ്ങളെ കൊണ്ട് പോയത്. ഒരു തെറ്റും ചെയ്യാതെ തീവ്രവാദി എന്ന് മുദ്ര കുത്തുമ്പോള്‍ ഉണടാകുന്ന ഞങ്ങളുടെ അവസ്ഥ നിങ്ങള്ക്ക് ഊഹിക്കാവുന്നതേയുള്ളൂ.

കേരള പോലീസിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു ?

കേരള പോലീസിലെ ഉയര്‍ന്ന രണ്ടു ഉദ്യോഗസ്ഥന്മാരടക്കം ഏതാണ്ട് പതിനഞ്ചു പേര്‍ തിരുവനതപുരത്ത് വെച്ച് ഫ്ലൈറ്റിനടുത്തെക്ക് വന്നു ഞങ്ങളോട് ഉള്ളില്‍ കയ്യറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ ആ സമയത്ത് ഉള്ളില്‍ കയറി ഇരിക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല വിമാനത്തില്‍. ഏ.സി ഓഫ് ചെയ്തിരുന്നു. വെള്ളമില്ലാത്തത് മൂലം അതിനകത്ത് ദുര്‍ഗന്ധം നിറഞ്ഞിരുന്നു. ആ സമയത്ത് കേരള പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാത്രമാണ് ഞങ്ങളോടെ വളരെ മോശമായി പെരുമാറിയത്. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അങ്ങിനെ പെരുമാറിയത്‌ എന്ന് അറിയില്ല.

കൊച്ചിയിലെത്തിയപ്പോള്‍ കേരള പോലീസ്‌ ഏറ്റവും നന്നായാണ് പെരുമാറിയത്. മാത്രമല്ല ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. കുറേക്കാലമായി എയര്‍ ഇന്ത്യ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങളോട് ഇങ്ങിനെ തന്നെയായിരുന്നു പ്രതികരിക്കേണ്ടത് എന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. ഇന്ന് വരെ എയര്‍ ഇന്ത്യ തിരുവന്തപുരത്തു ഇറക്കിയവരെ ഫ്ലൈറ്റില്‍ തന്നെ കൊച്ചിയിലെത്തിച്ചിട്ടില്ല. നിങ്ങളെ കൊണ്ട് അത് സാധിച്ചു എന്ന് പറഞ്ഞു ഉന്നത ഉദ്യോഗസ്ഥര്‍ വരെ വന്നു ഞങ്ങളെ അഭിനന്ദിച്ചിരുന്നു.

സംഭവത്തില്‍ പെട്ട അഷറഫ്, അഗസ്റ്റിന്‍, റാഷിദ്, മനോജ്, തോമസ് മറ്റു അഞ്ചു പേരുടെ അവസ്ഥ എന്താണ് ?

സംഭവത്തില പെട്ടിട്ടുള്ള മറ്റു അഞ്ചു പേരുമായി നിരന്തര സമ്പര്‍ക്കമുണ്ട്. എല്ലാവരും തിരിച്ചെത്തി. എയര്‍പോര്‍ട്ടില്‍ നിന്നും പോലീസ്‌ പിടിച്ചു കൊണ്ട് പോകാന്‍ നോക്കിയ തോംസനൊക്കെ തിരിച്ചെത്തിയപ്പോള്‍ നല്ല സ്വീകരണമാണ് പ്രവാസികള്‍ എയര്‍പോര്‍ട്ടില്‍ വെച്ഗ്  നല്‍കിയത്. 

സംഭവത്തിന്‌ ശേഷമെങ്കിലും മന്ത്രിമാരോ ജനപ്രതിനിധികളോ ബന്ധപ്പെട്ടിരുന്നോ?

ഈ സംഭവത്തിന്‌ ശേഷം മന്ത്രിമാരോ മറ്റുള്ളവരോ ബന്ധപ്പെട്ടിട്ടില്ല. കൊച്ചിയില്‍ മൊഴി കൊടുത്തു മടങ്ങുമ്പോള്‍ കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു. അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ മുഖ്യ മന്ത്രിയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. ഒരു കാരണവശാലും ഞങ്ങള്‍ക്കെതിരെ കേസെടുക്കില്ല എന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറയുന്നത് ഞങ്ങള്‍ കേട്ടിരുന്നു. അതിനു പിറ്റേ ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ്‌ വിളിക്കുന്നത്. അപ്പോള്‍ ആര് പറയുന്നതാണ് വിശ്വസിക്കുക?മുഖ്യമന്ത്രി പറയുന്നത് പോലും നടക്കുന്നില്ല എന്ന അവസ്ഥയാണുള്ളത്. ആരോടാണ് പിന്നെ സങ്കടം പറയുക?

നമുക്ക് പ്രവാസകാര്യത്തിനു മാത്രമായി ഒരു ഒരു കേന്ദ്രമന്ത്രിയില്ലേ?. അദ്ദേഹം ഇത് വരെ ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. പ്രതികരിച്ച ആളുകളെ കമ്മ്യൂണിസ്റ്റ്കാരാക്കി,പെണ്‍വാണിഭക്കാരാക്കി. എന്ത് മോശമാണിതൊക്കെ? നമ്മുടെ പേരിലാണ് അദ്ദേഹം ഈ ലോകം ചുറ്റുന്നത്. ഈ സുഖ സൌകര്യങ്ങളൊക്കെ അനുഭവിക്കുന്നത്.

ഞങ്ങള്‍ക്ക് ഒരു വ്യക്തിയോടും വ്യക്തിപരമായി വൈരാഗ്യമില്ല. എന്നാല്‍ പ്രവാസികളുടെ പേരില്‍ ശമ്പളം വാങ്ങി, മറ്റുള്ള എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന ആളുകള്‍ പ്രവാസികള്‍ക്ക് വേണ്ടി ഒരക്ഷരം പറയാന്‍ തയ്യാറാവുന്നില്ല എന്നറിയുമ്പോള്‍ അതിലും കൂടുതല്‍ സങ്കടം എന്താണുള്ളത്?

പുതിയ മന്ത്രി വേണുഗോപാല്‍ ആദ്യമായി വന്നു.പ്രവാസികള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ തിരിച്ചു പോയത് ആരെങ്കിലും അറിഞ്ഞോ? എന്തെങ്കിലും പ്രസ്താവനയുണ്ടായോ? ഒരു എം.എല്‍.എ വന്നു, ഷാഫി പറമ്പില്‍. ഇവരൊക്കെ വന്നത് മാത്രമേ അറിയുന്നുള്ളൂ. പോയത് ആരും അറിയുന്നില്ല. ഞാനിവിടെ വന്നു, ഒരു പരാതി കിട്ടി, അതിനു ഇന്ന തരത്തിലുള്ള നടപടി ഉണ്ടാവും എന്ന് പറയാന്‍ ഒരു മന്ത്രിക്കു പോലും സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.

നാട്ടുകാരില്‍ നിന്നുള്ള പ്രതികരണം എങ്ങിനെ ആയിരുന്നു ?

നാടുകാരില്‍ നിന്നും നല്ല പ്രതികരണമായിരുന്നു. നാലഞ്ചു ദിവസത്തോളം പത്ര മാധ്യമങ്ങളിലും മറ്റും ഞങ്ങള്‍ നിറഞ്ഞു നിന്നിരുന്ന ഒരു സമയമായിരുന്നു. എല്ലാവരും, പ്രത്യേകിച്ച് പ്രവാസി കുടുംബങ്ങളില്‍ ഉള്ളവര്‍ നിങ്ങള്‍ ചെയ്തത് വളരെ നന്നായി എന്ന രീതിയിലാണ് പ്രതികരിച്ചത്. കാരണം ഒട്ടു മിക്ക പ്രവാസികളും എയര്‍ ഇന്ത്യയില്‍ നിന്ന് ഒരിക്കലെങ്കിലും ഇത്തരം പെരുമാറ്റങ്ങള്‍ ലഭിച്ചവരാണ്.

എയര്‍ ഇന്ത്യയുടെ പ്രതികരണം എങ്ങിനെ ?

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സമരം വിജയിക്കുന്നത്. അതിനാല്‍ എയര്‍ ഇന്ത്യ വിറളി പൂണ്ടിരിക്കുന്നു. എയര്‍ ഇന്ത്യയുടെ പേടി ഈ സംഭവം ഒരു തുടര്‍ച്ചയാകുമോ എന്നാണു. ഇനിയും ഇത്തരം പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ അത് എയര്‍ ഇന്ത്യയുടെ ഉത്തരവാദിത്വമില്ലായ്മക്ക് കൂടുതല്‍ ഭീഷണിയാകും. ഞങ്ങള്‍ പ്രതികരിച്ചതിന്റെ അടുത്ത ദിവസം തന്നെ കോഴിക്കോട്‌ ഇറക്കേണ്ട ഫ്ലൈറ്റ് കൊണ്ട് വന്നു കൊച്ചിയിലിറക്കി. ആളുകളോട് ബസ്സില്‍ പോകാന്‍ പറഞ്ഞു. യാത്രക്കാരെല്ലാവരും പുറത്തിറങ്ങി നിന്നു. ആ അവസ്ഥയില്‍ ഒരു ഫ്ലൈറ്റ് പോലും ഇറക്കാന്‍ സാധിച്ചില്ല. അവസാം അവരെ കോഴികോട് കൊണ്ട് പോയി ഇറക്കി കൊടുത്തു. ഇത് ഒരു തുടര്‍ കഥയാകുമോ എന്ന് എയര്‍ ഇന്ത്യക്ക് പേടിയുണ്ട്. അതുണ്ടാവാതിരിക്കാന്‍ ഞങ്ങളെ പലതും പറഞ്ഞു പേടിപ്പിക്കുകയാണ്.

എയര്‍ ഇന്ത്യക്കെതിരെ നിയമ നടപടിക്ക് ഉദ്ദേശമുണ്ടോ ?

എയര്‍ ഇന്ത്യക്കെതിരെ മാനസിക പീഡനത്തിനും ഉപഭോക്തൃ സംരക്ഷണ നിയമനുസരിച്ചും നടപടി സ്വീകരിക്കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ചു വരികയാണ്. നിയമ വശങ്ങള്‍ മുഴുവന്‍ പഠിച്ച ശേഷം എംബസ്സി മുഖേന പരാതി നല്‍കും.

എയര്‍ ഇന്ത്യ ഇനിയും രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ ?

എന്തൊക്കെ പറഞ്ഞാലും എയര്‍ ഇന്ത്യ തകരണമെന്നോ എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കണമെന്നോ ഉള്ള അഭിപ്രായം എനിക്കില്ല. കാരണം അതു നമ്മുടെ ഓരോരുത്തരുടെയും സ്വത്താണ്. നമ്മള്‍ നാടിലേക്ക് വരാന്‍ ടിക്കെറ്റ് എടുക്കുന്നതിനു വേണ്ടി വെബ്സൈറ്റില്‍ തിരയുമ്പോള്‍ നമ്മുടെ കൈ ആദ്യം പോകുക എയര്‍ ഇന്ത്യ എക്സ്പ്രസ്സിലേക്ക് ആയിരിക്കും. അത് നമ്മുടെ ദേശീയ ബോധം കൊണ്ടാണ്.

അത് നശിപ്പിക്കാന്‍ നമ്മള്‍ കൂട്ട് നില്‍ക്കരുത്. നമ്മളതിനെ നന്നാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്. നന്നാക്കിയെടുക്കാന്‍ ഇപ്പോഴുള്ളവര്‍ക്ക് പറ്റുന്നില്ലെങ്കില്‍ പറ്റുന്നവരെ നിയമിക്കുക. യൂസഫലി പോലുള്ള ആളുകള്‍ അതില്‍ നിന്നും പുറത്തു പോരുമ്പോള്‍, കെടുകാര്യസ്ഥത എത്രയുണ്ടെന്ന് മനസ്സിലാക്കാം. ഈ സ്ഥാപനം നശിപ്പിച്ചിട്ട് അതിനെ വില കുറച്ചു ആര്‍ക്കും വേണ്ടാതാക്കി ഏറ്റെടുക്കാന്‍ ചില ആളുകള്‍ ഒരുങ്ങിയിരിക്കുന്നുണ്ട്.അവര്‍ക്ക് വേണ്ടി മറ്റുള്ളവര്‍ കളിക്കുന്ന കളികളുടെ ഉദാഹരണങ്ങളാണിതൊക്കെ. അല്ലെങ്കില്‍ അജിത്‌ സിംഗിനെ പോലുള്ളവര്‍ ഇങ്ങിനെ സംസാരിക്കുമോ?

പ്രവാസിയുടെ പ്രശ്നം എയര്‍ ഇന്ത്യ മാത്രമാണോ ?

പ്രവാസിക്ക് ഇപ്പോള്‍ എയര്‍ ഇന്ത്യ പ്രശ്നം മാത്രമല്ല ഉള്ളത്. മറ്റു ഒരു പാട് പ്രശ്നങ്ങളുണ്ട്. ഒരാളും ആവശ്യപ്പെടാത്ത ഒന്നാണ് ശ്മശാനം. നമുക്ക് വേണ്ടത് ശ്മശാനമല്ല. മറിച്ച് നമുക്ക് ലഭിക്കേണ്ട ന്യായമായ അവകാശങ്ങളാണ്. കപ്പല്‍ സര്‍വീസ്‌ ഉണ്ടായിരുന്നല്ലോ ഇവിടെ, എന്ത് സൌകര്യമായിരുന്നു, നിരവധി ആളുകള്‍ അതുപയോഗിച്ചിരുന്നില്ലേ? അതൊക്കെ അവസാനിപ്പിച്ചത് സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി മാത്രമാണ്. കൂട്ടായ അവകാശഷങ്ങള്‍ക്ക് വേണ്ടി എല്ലാവരും നിലകൊള്ളണം.

മുഖ്യമന്ത്രിയും മറ്റും പറഞ്ഞിട്ട് നടക്കുന്നില്ല.പ്രവാസികാര്യ മന്ത്രി മിണ്ടുന്നില്ല. ലക്ഷകണക്കിനു വരുന്ന നമ്മുടെ പ്രതിനിധി എന്ന നിലക്ക് ഒരു മന്ത്രി പോലും നമ്മളെ സപ്പോര്‍ട്ട് ചെയ്യാനില്ലാത്ത അവസ്ഥയില്‍  നമ്മള്‍ നമ്മളെ മനസിലാക്കുക.രാഷ്ട്രീയ പാര്‍ട്ടിക്കതീതമായി പ്രവാസികളെ സഹായിക്കുന്നവര്‍ക്ക് വോട്ടു ചെയ്യണമെന്നു നമ്മുടെ കുടുംബങ്ങളോട് ആവശ്യപ്പെടണം.

പ്രവാസികള്‍ ഏതു രീതിയില്‍ പ്രവര്തിക്കനമെന്നാണ് താന്കള്‍ ആഗ്രഹിക്കുന്നത് ?

ഇനിയും നമ്മള്‍ അനുഭവിക്കാനാണ് ആഗ്രഹമെന്കില്‍ ആയിക്കോട്ടെ. അല്ലാത്ത പക്ഷം പ്രവാസി പ്രതികരിക്കണം. കേരളത്തിന്റെ ഒരു വര്‍ഷത്തെ ബജറ്റിനെക്കാള്‍ അധികമാണ് പ്രവാസികള്‍ അയക്കുന്ന പണം. കേരളത്തില്‍ ഇത്രയും വികസനമുണ്ടാവാന്‍ കാരണം പ്രവാസികള്‍ തന്നെയാണ്. ഇവിടെ പ്രവാസി സ്വാധീനമില്ലാത്ത ഒരു കുടുംബത്തിനെ പറയാമോ? അത്രയും സ്വാധീനമുള്ള നമ്മള്‍ ഇത്രയും പീഡനം ഏറ്റു വാങ്ങേണ്ട ആവശ്യമെന്ത്ന്തു? അതിനു നമ്മളൊന്നായേ പറ്റൂ. ചര്‍ച്ചകള്‍ക്കും, പരാതി വാങ്ങാനും എത്തുന്ന നേതാക്കളോട് നമ്മുടെ പ്രശ്നങ്ങള്‍ എഴുതി നല്‍കി പ്രശ്ന പരിഹാരം എഴുതി വാങ്ങിക്കണം.  

ഗള്‍ഫിലെ പ്രവാസി സംഘടനകളുടെ പ്രതികരണം എങ്ങിനെ ആയിരുന്നു ?

ഏറ്റവും നന്നായി പ്രതികരിച്ചവരാണ്  സൗദിയിലെ പ്രവാസികളും, അബുദാബിയിലെ കെ.എം.സി.സിയും. എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. പക്ഷെ നല്ലത് ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ. അബുദാബി കെ.എം.സി.സി ഏറ്റവും നന്നായി പ്രതികരിച്ചു. ഏറ്റവും അധികം ആളുകളെ ഉള്‍പ്പെടുത്തി ചര്‍ച്ചകളും മറ്റും സംഘടിപ്പിച്ചു. ഈ പ്രശ്നത്തില്‍ യു.എ.ഇ യില്‍ മുന്നില്‍ നിന്നത് കെ.എം.സി.സി ആണ്.

സൗദിയിലെ കുറെ കൂട്ടായ്മയിലെ ആളുകള്‍ ഒരു യോഗം വിളിച്ചിരുന്നു. ഞാന്‍ അതില്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഫേസ് ബുക്കിലും മറ്റുമൊക്കെ സൗദി പ്രവാസികള്‍ ഏറ്റവും നന്നായി പ്രതികരിച്ചു, ചര്‍ച്ച ചെയ്തു. എങ്കിലും നമുക്ക് ചര്‍ച്ചകള്‍ക്ക് അപ്പുറം പ്രായോഗികമായി മുന്നോട്ടു പോയേ പറ്റൂ. എപ്പോഴും ചര്‍ച്ചയും സെമിനാറും മാത്രമായാല്‍ ഒന്നും നടക്കില്ല. കുറേക്കാലമായി നമ്മള്‍ ഈ ചര്‍ച്ചകളുമായി നടക്കുന്നു. ഇനി പ്രായോഗികമായി പ്രവര്‍ത്തിക്കേണ്ട സമയമായി.

ഭാവി പരിപാടികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ?

ഞങ്ങള്‍ ഒരു രേജിസ്ട്രെട് സംഘടന ഉണ്ടാക്കാന്‍ പോകുന്നു. അതില്‍ രാഷ്ട്രീയമില്ല. പിരിവുകളില്ല. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി മികച്ച ബന്ധങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് ഉപയോഗപ്പെടുത്തി ഓരോ ഭാഗത്തും നല്ല കൂട്ടായ്മകള്‍ ഉണ്ടാക്കി കൂട്ടായ തീരുമാനങ്ങളെടുക്കുക. നാട്ടിലുള്ള ആളുകളും പ്രവാസികളും പിന്തുണക്കുകയാനെന്കില്‍ എംബസ്സി വഴി പരാതി നല്‍കാന്‍ സാധിക്കും. അങ്ങിനെ പരാതികള്‍ നല്‍കുക. നല്ല അഭിഭാഷകര്‍ അതിലുണ്ട്. അവരെല്ലാം വളരെ താല്പ്പര്യതോട് കൂടി നമ്മളെ പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഒരു സംഘടനയുമായി മുന്നോട്ടു പോയാല്‍ എല്ലാം ശരിയാക്കാം എന്ന് തോന്നുന്നുണ്ടോ?

നമുക്ക് സാധിക്കും. കാരണം വയലാര്‍ രവി പോലുള്ള ഒരു കേന്ദ്രമന്ത്രി വന്നിട്ട് കേവലം അമ്പതു ആളുകളെ പോലും സദസ്സില്‍ തികച്ചു അണിനിരത്താന്‍ കിട്ടിയില്ല എന്നത് ഒരു വലിയ കാര്യം തന്നെയാണ്. ഉള്ളവരില്‍ തന്നെ മുപ്പതു പേരോളം പത്രക്കാരായിരുന്നു. ഈ വികാരം നിലനിര്‍ത്തി കൊണ്ട് മുന്നേറിയാല്‍ പ്രവാസികള്‍ക്ക് പലതും നേടിയെടുക്കാന്‍ സാധിക്കും. അതിന എല്ലാവരും ഒറ്റക്കെട്ടാവണം എന്നാണു എനിക്ക് പറയാനുള്ളത്. ഒരു രാഷ്ട്രീയവും ഇതിലില്ല. ഗ്രൂപ്പും ഇല്ല. പ്രവാസി എന്ന ഒരു ഐക്യ ബോധവും ചിന്തയും മാത്രം.

പ്രവാസം നമ്മെലെന്നു തുടങ്ങിയോ അന്നു മുതലുണ്ട് ഈ പ്രശ്നം. ഇത്രയും കാലം നമ്മളിവരെ തീറ്റിപോറ്റി. ഗള്‍ഫിലേക്ക് വരുന്നവരെ നമ്മള്‍ സുഖിപ്പിച്ചു വിട്ടു. അന്നൊക്കെ അവര്‍ പല വാഗ്ദാനങ്ങളും നല്‍കി. ഇനി അങ്ങിനെ വിട്ടു കൊടുക്കേണ്ടതില്ല. തിരഞ്ഞെടുപ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറുള്ള ആളുകളെ മാത്രമേ നമ്മള്‍ അംഗീകരിക്കൂ എന്ന് പ്രവാസികള്‍ കൂട്ടായി തീരുമാനിക്കുകയാണെങ്കില്‍ ഇവരെല്ലാം വരച്ച വരയില്‍ വരും. ഒരു സംശയവുമില്ല. അതിനായി കൂട്ടായ ചര്‍ച്ചകള്‍ ഇപ്പോള്‍ മീഡിയകളിലൂടെ നടന്നു കൊണ്ടിരിക്കുന്നു.

നമ്മള്‍ പ്രവാസികള്‍ രാഷ്ട്രീയത്തിന് വേണ്ടിയും മതത്തിനു വേണ്ടിയും വളരെയധികം കലഹങ്ങള്‍ ഉണ്ടാക്കുന്നു. ആ കലഹത്തിന് പകരം സ്വന്തം ആവശ്യത്തിന് വേണ്ടി ആരും നില കൊള്ളുന്നില്ല. എന്നാല്‍ നില കൊള്ളുന്ന ഒരു അവസ്ഥയിലേക്ക് ഇപ്പോള്‍ നമ്മള്‍ എത്തിയിട്ടുണ്ട്. ഇത് നില നിര്‍ത്താന്‍ സാധിച്ചാല്‍ പ്രവാസികള്‍ രക്ഷപ്പെട്ടു. 

MIDDLE EAST

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

Published

on

മൂന്നു മാസം വരെ തുടർച്ചയായി ഗതാഗത നിയമ ലംഘനങ്ങൾ നടത്താതിരുന്നാൽ പിഴയിൽ ഇരുപത്തി അഞ്ചു ശതമാനം ഇളവ് ലഭിക്കുമെന്ന് ദുബൈ പോലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിയമ ലംഘനങ്ങൾ ഒഴിവാക്കുന്നത് പ്രേരിപ്പിക്കുകയാണ് കാമ്പയിന്റെ ലക്‌ഷ്യം. സഹിഷ്ണുതാ വർഷത്തോട് അനുബന്ധിച്ചാണ് ട്രാഫിക് ഫൈൻ സെറ്റിൽമെന്റ് എന്ന ഈ പദ്ധതി. ഒന്നര മാസം മുൻപാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ആറു മാസം വരെ തുടർച്ചയായി ഗതാഗത നിയമ ലംഘനങ്ങൾ നടത്താതിരുന്നാൽ പിഴയിൽ അമ്പതു ശതമാനം ഇളവു ലഭിക്കും. ഒൻപതു മാസം ലംഘനം നടത്താതിരുന്നാൽ ഈ ഇളവ് എഴുപത്തി അഞ്ച് ശതമാനമായി വർദ്ധിക്കും.

പന്ത്രണ്ട് മാസം പൂർണ്ണമായി ഗതാഗത നിയമ ലംഘനം നടത്താതിരിക്കുന്ന വാഹന ഉടമകൾക്ക് പിഴ പൂർണ്ണമായും ഒഴിവാക്കി നൽകും.

Continue Reading

CRIME

യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വഞ്ചിച്ചു എന്ന കേസിൽ യുവതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

Published

on

ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വാഗ്ദാനം ചെയ്ത ശമ്പളമോ ജോലിയും നൽകാതെ വഞ്ചിച്ചു എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്യുന്നത് തടയാനായി കണ്ണൂരിലെ ആച്ചിലീസ് സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ഹായാന സഹദേവൻ നൽകിയ മുൻ‌കൂർ ജാമ്യം കോടതി തള്ളി.

ഈ സ്ഥാപനം വഴി ദുബൈയിൽ എത്തി വഞ്ചിക്കപ്പെട്ട മുഴുപ്പിലങ്ങാട് സ്വദേശി നിസാമുദ്ദീൻ തലശ്ശേരി സി.ജെ.എം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തതിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് എടക്കാട് പോലീസ് ഹായാനക്കെതിരെ കേസെടുത്തു അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിൻറെ ഭാഗമായി പോലീസ് ഹായാനയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചു ജില്ലാ കോടതിയെ സമീപിച്ചത്.

എന്നാൽ ഇവർക്കെതിരെ വിസ വാഗ്ദാനം ചെയ്തു നിരവധി പരാതികൾ ഉയർന്നതിനാൽ കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഗൾഫിൽ ഉന്നത ജോലി വാഗ്ദാനം ചെയ്ത് നിരവധി പേർക്ക് വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ച നിരവധി പരാതികൾ ഉയർന്നുവെന്നും അതിനാൽ ഈ സ്ഥാപനത്തെ കുറിച്ച് ആഴത്തിൽ അന്വേഷണം നടത്തണം എന്നായിരുന്നു സ്വകാര്യ അന്യായത്തിൽ പരാതിക്കാരന്റെ ആവശ്യം.

Continue Reading

MIDDLE EAST

യു.എ.ഇ യിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ, ഇന്റർനെറ്റ് കണക്ഷനുകൾ ഒരു മാസത്തെ വാടക നൽകി റദ്ദാക്കാം.

Published

on

പോസ്റ്റ് പെയ്ഡ് മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ കണക്ഷനുകൾ എടുക്കുമ്പോൾ ഉപഭോക്താക്കൾ മൊബൈൽ കമ്പനികളുമായി ഏർപ്പെടുന്ന കരാറിൽ നിന്ന് ഒരു മാസത്തെ വാടക നൽകി പിന്മാറാമെന്ന് യു.എ.ഇ ടെലികോം അതോറിറ്റി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

സാധാരണയായി ഇത്തരം കണക്ഷനുകൾ എടുക്കുമ്പോൾ ഒന്നോ രണ്ടോ വർഷത്തേക്ക് ആയിരിക്കും കമ്പനികൾ ഉപഭോക്താക്കളുടെ കരാറിൽ ഏർപ്പെടുക. ഈ കാലയളവിൽ കരാർ ലംഘിക്കപ്പെടില്ല എന്ന് കരാറിൽ വ്യക്തമാക്കുന്നതിനാൽ കണക്ഷനുകൾ വേണ്ടെന്ന് വെക്കുകയാണെങ്കിൽ കരാർ കാലാവധിയിൽ ബാക്കിയുള്ള മാസത്തെ വാടക തുക കൂടി നൽകേണ്ടി വരും.

നിലവിലുള്ള കരാറുകൾക്കു ഈ വ്യവസ്ഥ ബാധകമാവില്ല. പുതിയ കരാറുകൾക്ക് മാത്രമായിരിക്കും ബാധകമാക്കുക.

അതേ സമയം ഈ വ്യവസ്ഥകൾ നിലവിൽ വരുന്ന സമയം ടെലികോം അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

Continue Reading
MIDDLE EAST2 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN4 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST7 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA8 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA8 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA9 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST11 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST12 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA1 day ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME1 day ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA1 day ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

INDIA2 days ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA4 weeks ago

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

Trending

Copyright © 2019 Pravasi Corner.

error: Content is protected !!