Connect with us

LATEST

സൗദി പ്രവാസികള്‍ക്ക് ശമ്പളം ലഭിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ തെളിയിക്കാം….

Published

on

 

1

 

പുതിയ വേതന സുരക്ഷാ നിയമം സമ്മിശ്ര പ്രതികരണമാണ് സൗദി അറേബ്യയിലെ പ്രവാസ ലോകത്തു ഉണ്ടാക്കിയിരിക്കുന്നത്.ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുകയാണെങ്കില്‍ സൗദി അറേബ്യയില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ കുറയുകയും തൊഴില്‍ നിലവാരം ഉയരുകയും ചെയ്യും എന്നാണു ഭൂരിഭാഗം പ്രവാസികളുടെയും അഭിപ്രായം .

നിയമപരമായി തങ്ങുന്ന ഫ്രീ വിസക്കാരല്ലാത്ത പ്രവാസികള്‍ വളരെ ആശ്വാസത്തോടെയും സന്തോഷത്തോടെയും ആണ് ഈ തീരുമാനത്തെ എതിരേറ്റത്. അല്‍പ്പം ആശങ്കാകുലരാനെന്കിലും തങ്ങളുടെ ഇവിടുത്തെ നിലനില്‍പ്പ് തങ്ങളുടെ സ്പോന്സര്മാരുടെ കൂടി വരുമാന മാര്‍ഗ്ഗത്തെ ബാധിക്കുമെന്നതിനാല്‍ അവര്‍ ഏതു വിധേനയും ഈ നിയമത്തെ മറികടക്കാനുള്ള ബാങ്ക് അക്കൌണ്ടുകള്‍ തങ്ങള്‍ക്കു ഉണ്ടാക്കി തരുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് ഫ്രീ വിസക്കാരായ പ്രവാസികള്‍. പത്രപാരായണ സ്വഭാവമില്ലാത്തതിനാല്‍ ചില പ്രവാസികള്‍ ഇതൊന്നും അറിഞ്ഞിട്ടു പോലുമില്ല.

അതേ സമയം ബിസിനസ് ലോകത്തു ഈ നിയമം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്പോന്സര്മാരെയാണ് ഇത് ബാധിക്കുന്നതെന്നതിനാല്‍ പലരും സന്തുഷ്ടരല്ല. കൃത്യമായി ശമ്പളം കൊടുത്തു കൊണ്ട് ബിസിനസ് ചെയ്യുന്ന കമ്പനികളും സ്പോന്സര്മാരും ഈ നിയമത്തെ സ്വാഗതം ചെയ്യുന്നു.അതേ സമയം ഫ്രീ വിസക്കാരുടെ സ്പോന്സര്മാരും കൃത്യ സമയത്ത് ശമ്പളം നല്‍കാന്‍ സാധിക്കാതെ വരുന്നവരും മനപ്പൂര്‍വ്വം പറ്റിക്കുന്നവരും വെട്ടില്‍ വീണിരിക്കുകയാണ്.

ഇവിടെ പ്രവാസികളായി ജീവിക്കുന്ന തൊഴിലാളികളുടെ പ്രഥമ പരിഗണന ശമ്പളത്തിന് തന്നെയാണ്. ധനസമ്പാദനത്തിനു  വേണ്ടിയാണ്‌ പ്രവാസി ഇവിടെ എത്തിയിരിക്കുന്നത്. മറ്റെന്തു ന്യൂനതകള്‍ തന്‍റെ തൊഴില്‍ ജീവിതത്തിനുടെന്കിലും അവനു മാസാന്ത്യത്തില്‍ ശമ്പളം കിട്ടിയേ തീരൂ. കാരണം അതും പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുടുംബം നാട്ടിലുണ്ട്.

തൊഴിലാളികള്‍ ഒളിച്ചോടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ യഥാസമയം ശമ്പളം നല്‍കാത്തതും സ്പോന്സര്മാരുടെ ക്രൂരതയുമാണ്. എങ്കിലും യഥാസമയം ശമ്പളം കിട്ടുമെങ്കില്‍ നാട്ടിലെ കുടുംബത്തെയോര്‍ത്തു ഒരു പരിധി വരെയുള്ള പീഡനങ്ങളൊക്കെ ഒരു പ്രവാസി സഹിക്കും. എന്നാല്‍ ശമ്പളമില്ലാത്ത അവസ്ഥയും ക്രൂരതയും ഒരുമിച്ചു അവര്‍ക്ക് സഹിക്കാന്‍ സാധിക്കില്ല. സ്പോണ്സര്‍ നല്ല പെരുമാറ്റത്തിനു  ഉടമയായാല്‍ തന്നെയും  ശമ്പളമില്ലാതെ പിടിച്ചു നില്‍ക്കാന്‍ പ്രവാസിക്കാവില്ല. അതിനാല്‍ ശമ്പളം യഥാസമയ നല്‍കാത്തത് കൊണ്ടാണ് 80ശതമാനം തൊഴിലാളികളും ഓടിപ്പോകുന്നതും, ഹുറൂബാകുന്നതും, എക്സിറ്റ് ആവുന്നതും. 

ശമ്പളത്തെ സംബന്ധിച്ച തൊഴില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത് വരെയുള്ളതെല്ലാം വാക്കുകള്‍ കൊണ്ടുള്ള അഭ്യാസങ്ങളായിരുന്നു.നിയമമറിയാത്ത തന്‍റെ തൊഴിലാളിയെ ഭീഷണിപ്പെടുത്തിയും ചിലപ്പോള്‍ പറ്റിച്ചും വഞ്ചിച്ചും കൈക്കലാക്കുന്ന ഒപ്പുകളുള്ള വെള്ള കടലാസുകള്‍ കൈവശം വെച്ച് കൊണ്ട് ശമ്പളം നല്‍കി എന്ന വ്യാജ തെളിവുകളുണ്ടാക്കി നല്‍കി ഒരുപാട് സ്പോന്സര്മാരും കമ്പനികളും തൊഴില്‍ കോടതിയില്‍ രഷപ്പെട്ടു പോയിട്ടുണ്ട്.

ആശയ വിനിമയ ശേഷിയുടെ കുറവ് കൊണ്ടും ആശ്രയമില്ലാത്തത് കൊണ്ടും മാത്രം തന്‍റെ നെറ്റിയിലെ വിയര്‍പ്പിന്റെ വിലയായ റിയാലുകള്‍ ഇവിടെ ഉപേക്ഷിച്ചു പോയവരും നിരവധി.എന്നാല്‍ ഇനി മുതല്‍ എല്ലാം രേഖാമൂലമുള്ള തെളിവുകളായിരിക്കും. താന്‍ ശമ്പളം കൊടുത്തു എന്ന് ഒരു സ്പോണ്സര്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ അത് സ്വീകരിക്കപ്പെടില്ല. എല്ലാം ഒരു നിലവാരമുള്ള രീതിയിലേക്ക് മാറുന്നു.

തനിക്ക് ശമ്പളം കിട്ടിയിഉല്ലെങ്കില്‍ ഇനി തൊഴിലാളി ലേബര്‍ കോടതിയില്‍ തെളിവുകള്‍ ഹാജരാക്കേണ്ട കാര്യമില്ല. കാരണം പരസ്യമായ തെളിവുകളാണ് അധികൃതരുടെ മുന്നിലുള്ളത്. അത് ശേഖരിക്കാന്‍ അധികം സമയവും പരിശ്രമവും വേണ്ട.ബാങ്കുകള്‍ നല്‍കുന്ന രേഖാമൂലമുള്ള തെളിവുകളായതിനാല്‍ അതിന്‍റെ വിശ്വാസ്യത തെളിയിക്കാനായി സാക്ഷികളുടെയോ മറ്റു സാക്ഷ്യത്തിന്റെയോ ആവശ്യമില്ല.

തൊഴിലാളിക്ക് ശമ്പളം ലഭിച്ചില്ലെങ്കില്‍ ബാങ്കുകള്‍ സ്പോന്സര്‍ക്ക് നല്‍കുന്ന മാസാന്ത്യ സ്റേറ്റ്മെന്റുകളില്‍ കൂടി ആ വിവരം കാണിച്ചിരിക്കണം. അത് ചെയ്യേണ്ടത് ബാങ്കിന്റെ കൂടി കര്‍ത്തവ്യമായതിനാല്‍ തീര്‍ച്ചയായും ബാങ്ക് അത് ചെയ്തേ തീരൂ. പ്രസ്തുത തൊഴിലാളിയുടെ അക്കൌണ്ടില്‍ പണമെത്തിയിട്ടില്ല എന്ന ബാങ്കിന്റെ ആ സ്റേറ്റ്മെന്റു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ആ ഒരൊറ്റ  തെളിവ് മാത്രം മതി ശമ്പളം നല്‍കാത്ത കുറ്റത്തിന് സ്പോന്സരെ ശിക്ഷിക്കാന്‍.

ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതോടെ ഭൂരിഭാഗം തൊഴില്‍ തര്‍ക്കങ്ങള്‍ക്കും  അറുതിയുണ്ടാകുമെന്നു ആശ്വസിക്കാം.

 

error: Content is protected !!